ടെലിവിഷൻ കാഴ്ചാ റേറ്റിങ് ഏജൻസിയായ ബാർകിനോട് (BARC) ചാനലുകളുടെ റേറ്റിങ് അടിയന്തരമായി നാലാഴ്ച നിർത്തിവെയ്ക്കാൻ കേന്ദ്ര ഐ ആൻഡ് ബി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തെക്കുറിച്ച് ദൃശ്യമാധ്യമങ്ങൾ ഏറെ സെൻസേഷണലും അഭ്യൂഹം നിറഞ്ഞതുമായ വാർത്തകൾ നൽകുന്നത് ജനങ്ങളിൽ ഭീതിപടർത്തുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണ ഉത്തരവ്. ഗൾഫിലെ പ്രവാസികൾക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ് ദൃശ്യമാധ്യമങ്ങൾ ഉത്തരവാദിത്വരഹിതമായി നൽകുന്ന അഭ്യൂഹാത്മക വാർത്തകൾ. ഡീപ് ഫേക്ക് ദൃശ്യങ്ങളും ഓഗ്മെന്റഡ് റിയാലിറ്റി എന്ന നിലയിൽ തികച്ചും അസത്യജടിലവുമായ വാർത്തകളും നൽകിയാണ് മീഡിയ ഭീതി പടർത്തുന്നത്.
വാർത്തകളെ സെൻസേഷനലൈസ് ചെയ്തും യുദ്ധവാർത്തകളെ പൊലിപ്പിച്ചും അസംബന്ധപൂർണായ അവതരണങ്ങളിലൂടെ തീർത്തും മനുഷ്യവിരുദ്ധമായ മാധ്യമ പ്രവർത്തനമാണ് സ്റ്റുഡിയോ കേന്ദ്രിത ദൃശ്യമാധ്യമങ്ങൾ നടത്തുന്നത്. റേറ്റിങ്ങിനായുള്ള മദമാത്സര്യം കനക്കുമ്പോൾ, യുദ്ധവാർത്തകളെ തീവ്രതരമാക്കി മറ്റു ചാനലുകളെ കടത്തിവെട്ടാൻ ഓരോ ചാനലും ശ്രമിക്കും. ഇത് ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുദ്ധറിപ്പോർട്ടിങ് സവിശേഷമായ പ്രാവീണ്യം വേണ്ട മാധ്യമ പ്രവർത്തനമാണ്. സ്റ്റുഡിയോ സെൻസേഷണലിസത്തിന്റെ അനുകരണമായി റിപ്പോർട്ടിങ്ങിനെയും മാറ്റിയ ദൃശ്യമാധ്യമ സംസ്കാരം യഥാർത്ഥത്തിൽ മാധ്യമ പ്രവർത്തനത്തിൽ അനിവാര്യമായും വേണ്ട നൈതികയും വാർത്താമൂല്യങ്ങളെ സംബന്ധിച്ച ധാരണകളെയും ഉപേക്ഷിച്ചിട്ട് ഏറെക്കാലമായി. ഗൾഫ് യുദ്ധകാലത്ത് CNN അമേരിക്കയ്ക്കുവേണ്ടി നിർവഹിച്ച യുദ്ധപ്രതീതിവാർത്തകൾ മാധ്യമ പ്രവർത്തന സംസ്കാരത്തെ ദുഷിപ്പിച്ചതാണ്. മാധ്യമ പ്രവർത്തനം മനുഷ്യവിരുദ്ധമാകുന്നതിന്റെ തുടക്കങ്ങളിൽ ഒന്നാണത്. അതിന്റെ അശ്ലീല അനുകരണമാകുന്നു സ്റ്റുഡിയോ അടിസ്ഥാനമാക്കിയുള്ള ഡീപ് ഫേക്ക് ദൃശ്യ മാധ്യമ ഭർത്സനം.

സാമൂഹ്യ ഉത്തരവാദിത്വത്തെയും പ്രേക്ഷക സമൂഹവും മാധ്യമങ്ങളും തമ്മിലുള്ള അലിഖിതമായ സാമൂഹ്യകരാറുകളെയാണ് റേറ്റിങ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള മാധ്യമ പ്രവർത്തനം അട്ടിമറിക്കുന്നത്. പൊതുനിരത്തുകളിൽ സമയക്രമം പാലിക്കാനെന്ന വ്യാജേന ചീറിപ്പാഞ്ഞ് മനുഷ്യരെ റോഡുകളിൽ ചതച്ചരയ്ക്കുന്ന വിനാശകരമായ ബസ് മാഫിയകളുടെ പ്രവർത്തനത്തിനു സമാനമായിരിക്കുന്നു റേറ്റിങ് മത്സരാധിഷ്ഠിത മാധ്യമപ്രവർത്തനം. മധ്യേഷ്യയിലെ വിനാശകരമായ യുദ്ധം വിറ്റ് കാശാക്കാനുള്ള ചാനലുകളുടെ മനുഷ്യവിരുദ്ധ പ്രവർത്തനം മാധ്യമമര്യാദയുടെ എല്ലാ അതിരും ലംഘിച്ചതിനാലും ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതിനാലുമാണ് ഐ ആൻഡ് ബി മന്ത്രാലയത്തിന് റേറ്റിങ് നിയന്ത്രിച്ചുകൊണ്ടുള്ള നടപടിയിലേക്ക് നീങ്ങേണ്ടിവന്നത്.
നുണകൾ, പെരും നുണകൾ, അതിശയോക്തികൾ, വ്യാജവാർത്തകൾ, മേമ്പൊടി വാർത്തകൾ, ഭയം പ്രചരിപ്പിക്കുന്ന വാർത്തകൾ എന്നിവ നിറഞ്ഞ ഭീതി ഉൽപാദക യന്ത്രമായി ചാനലുകൾ മാറിയിരിക്കുന്നു. വാർത്തകളെ തുടർച്ചയായി സെൻസേഷനലൈസ് ചെയ്യാൻ നിർബന്ധിതമാക്കുന്ന ദൃശ്യമാധ്യമറേറ്റിങ് എക്കാലത്തേക്കും നിയന്ത്രിക്കാനുള്ള നിയമത്തെക്കുറിച്ച് ആലോചിക്കേണ്ട സമയം കൂടിയാണിത്.
റേറ്റിങ് ഡാറ്റയെ മറികടക്കാൻ യൂട്യൂബിലെ കാഴ്ചാ ഡാറ്റയാണ് ഉപയോഗപ്പെടുത്തുന്നത്. ടി.വി റേറ്റിങ്ങും യുട്യൂബ് ഡാറ്റയും മാനിപ്പുലേറ്റ് ചെയ്ത ഡാറ്റയാണ് എന്നതും ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ്.

മാധ്യമ ധാർമികത എന്നത് മാധ്യമവിദ്യാഭ്യാസത്തിന്റെ മുഖ്യ വിഷയമാണ്. അതിന് മാധ്യമപ്രവർത്തനം പഠിക്കണം. എന്നാൽ, ഇപ്പോൾ പ്രൊഫഷണൽ ജേണലിസ്റ്റുകളല്ല മാധ്യമപ്രവർത്തനം നടത്തുന്നത്. റിപ്പോർട്ടിങ്ങിന്റെയും എഡിറ്റിങ്ങിന്റെയും അടിസ്ഥാനപാഠങ്ങൾ ഇന്ന് ആവശ്യമില്ല എന്നായിരിക്കുന്നു.
മാധ്യമങ്ങളെ മാത്രം പഴിചാരിയിട്ട് കാര്യമില്ല. വലതുപക്ഷവൽക്കരിക്കപ്പെട്ട പ്രേക്ഷകസമൂഹം - അതായത് രാഷ്ട്രീയ സമൂഹത്തിന്റെ പരിച്ഛേദം- കുറെ കാലങ്ങളായി ഈ അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെട്ടിരിക്കുന്നു. നവഫാഷിസ്റ്റ് ഭരണം എന്നെങ്കിലും പഴയ ഭരണകൂടങ്ങളെ പോലെ വധശിക്ഷ പൊതുകാഴ്ചയാക്കുമെന്നാകണം വലതുപക്ഷവൽക്കരിക്കപ്പെട്ട സെൻസേഷണൽ മാധ്യമങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവുക. അപ്പോൾ അവർക്ക് ഇത് ലൈവ് ടെലികാസ്റ്റ് ചെയ്ത് ആവേശ പ്രകമ്പനത്തോടെ എന്തും വിളിച്ചു പറഞ്ഞ് അതിൽ നിന്നും മുതലെടുക്കാമല്ലോ.
ഫ്രാങ്കൻസ്റ്റൈൻ സംസ്കാരം നമ്മുടെ രാഷ്ട്രീയ- മാധ്യമ സമൂഹത്തെ മുഴുവനായും ഗ്രസിച്ചിരിക്കുന്നു. രാഷ്ട്രീയ സമൂഹവും മാധ്യമപ്രവർത്തനവും ഫ്രാങ്കൻസ്റ്റൈനുകളായി പരിണമിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടക്കുരുതി നടത്തുന്നത് നിർമിത ബുദ്ധി കേന്ദ്രിതമായ ഡ്രോൺ മിസൈലുകളാണ്. ഫ്രാങ്കൻസ്റ്റൈൻ യുദ്ധോപകരണങ്ങൾ. നവകേരളത്തിന്റെ മുതലാളിത്ത വികസന സങ്കല്പങ്ങളും ഇതേ ഫ്രാങ്കൻസ്റ്റൈൻ മാതൃക സ്വീകരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഫ്രാങ്കൻസ്റ്റൈൻ മോൺസ്റ്ററിനെ ചിത്രീകരിച്ചുള്ള പിണറായി സർക്കാരിന്റെ വികസന പരസ്യങ്ങൾ. മനുഷ്യത്വം വീണ്ടെടുക്കുക എന്നത് സമകാലിക ലോകത്തെ ഏറ്റവും പ്രധാനമായ അതിജീവനതത്വമാകുന്നു.
