പത്രവിശേഷം (ഇൻ എഡിറ്റഡ്); ബി.ആർ.പി നടന്നുതീർത്ത വഴികൾ

‘‘ബലിഷ്ഠമായ ആദർശത്തിന്റെയും വിശ്വാസങ്ങളുടെയും പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിലാണ് ബാബു ഭാസ്കർ നടന്ന വഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്’’- കമൽറാം സജീവ് എഴുതുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ ഇന്ന് അന്തരിച്ചു.

ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ നടന്ന വഴികൾ മലയാളത്തിലെ ഭൂരിപക്ഷം പത്രപ്രവർത്തകർക്കും അപരിചിതമാണ്. റിട്ടയർമെന്റ് പ്രായം കഴിഞ്ഞാലും ചിലപ്പോൾ അനുവദിച്ചുകിട്ടിയേക്കാവുന്ന എക്സ്റ്റൻഷനുകളിൽ കണ്ണുംനട്ട് അതിജീവനത്തിന്റെ അഭ്യാസത്തിലാണ് ഈ ഭൂരിപക്ഷം. ഇത്തരം അതിജീവനത്തിന് അത്യാവശ്യമായ അനുസരണശീലത്തിന്റെ പര്യായമാണ് ഇന്ന് പത്രപ്രവർത്തനം. ഈ പുതിയ മൂശയിലേക്ക് അക്കാദമികൾ വഴി പത്രപ്രവർത്തകർ ഇരച്ചുകയറും മുമ്പ്, പണ്ടുപണ്ട്, ബലിഷ്ഠമായ ആദർശത്തിന്റെയും വിശ്വാസങ്ങളുടെയും പത്രപ്രവർത്തനം ഉണ്ടായിരുന്നത്രേ. ആ ചരിത്രത്തിലാണ് ബാബു ഭാസ്കർ നടന്ന വഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്.

പത്തൊമ്പതാം വയസ്സിൽ മദിരാശിയിൽ ഹിന്ദുവിൽ ജോലിക്ക് കയറുമ്പോഴുള്ള അതേ ആദർശബോധം ഷഷ്ടിപൂർത്തിക്കും വളരെ നാളുകൾക്കുശേഷം ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്റോറിയൽ അഡ്വൈസർ ആയിരിക്കുമ്പോഴും പുലർത്തിയ ബാബുഭാസ്കർ, ചില നിലപാടുകളിലെ വിട്ടുവീഴ്ചകളെക്കാളും ഭേദം, ചെയ്യുന്ന ജോലിയിൽനിന്നു രാജിവച്ചൊഴിയുന്നതാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. പത്രപ്രവർത്തനത്തിലും ഗുരുശിഷ്യബന്ധങ്ങൾ നിലനിന്നിരുന്ന ആദ്യകാലത്ത് എൻ. ബാപ്പുറാവു വിൽനിന്ന് കിട്ടിയ ഉപദേശങ്ങളുമായി ഹിന്ദുവിൽ ചേർന്ന ബാബു ഭാസ്കർ അന്നു കൈക്കൊണ്ട ചില നിലപാടുകൾക്കുപോലും പിന്നീട് സമാനതകൾ ഉണ്ടായിട്ടില്ല.

പത്രപ്രവർത്തകർക്ക് സംഘടനകളോ അവകാശബോധമോ ഉറച്ചുവന്നിട്ടില്ലാത്ത അക്കാലത്ത് ഹിന്ദുവിലും യൂണിയനില്ല. യൂണിയൻ ഉണ്ടാവുന്നതിൽ മാനേജ്മെന്റിന് അശേഷം താത്പര്യവുമില്ല. അങ്ങനെയിരിക്കെ മദ്രാസ് യൂണിയൻ ഓഫ് ജേണലിസ്റ്റിന്റെ ആദ്യത്തെ യൂണിറ്റ് സീനിയർ ജേണലിസ്റ്റായ ആർ. നരസിംഹത്തിന്റെ നേതൃത്വത്തിൽ ഹിന്ദുവിൽ രൂപവൽക്കരിക്കപ്പെട്ടു. നരസിംഹൻ, മാനേജ്മെന്റിന്റെ നോട്ടപ്പുള്ളികളിൽ അതോടെ ഒന്നാമനുമായി. യൂണിയൻ ഉണ്ടാക്കി എന്നതിന്റെ പേരിൽ നരസിംഹനെ ശാസിക്കാനോ ചാടിക്കാനോ നേരിട്ട് പുറപ്പെടുന്നതിലെ അനൗചിത്യം അറിയാവുന്ന മാനേജ്മെന്റ് ബുദ്ധിപൂർവം തന്ത്രം മെനഞ്ഞു. അദ്ദേഹം പത്രത്തിൽ വരുത്തുന്ന, നന്നേ ചെറിയ തെറ്റുകൾപോലും കണ്ടെത്തുക, മെമ്മോ കൊടുക്കുക.

അങ്ങനെ മൂന്നു മെമ്മോകൾ കൊടുത്തശേഷം നരസിംഹനെ ഹിന്ദുവിൽ നിന്നു പിരിച്ചുവിട്ടു. ബാബു ഭാസ്കർ (19) ഉൾപ്പെടെ ഇരുപത്തിയൊന്നുപേരാണ് അന്ന് ഹിന്ദുവിന്റെ ന്യൂസ് ഡെസ്കിൽ. നരസിംഹന്റെ പിരിച്ചുവിടലിനു കാരണം 'യൂണിയൻ' ആണെന്ന് ഈ 21 പേർക്കും നല്ല ബോധ്യം. 21 പേരും മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിക്കുകയും നരസിംഹനുവേണ്ടി കേസ് നടത്താൻ യൂണിയന് പിന്തുണക്കത്ത് കൊടുക്കുകയും ചെയ്തു (അന്നത്തെ നിയമം അനുസരിച്ച് ലേബർ കോടതിയിൽ കേസ് വാദിക്കാൻ യൂണിയനായിരുന്നു അവകാശം).

പത്രാധിപസമിതിയംഗങ്ങൾ യൂണിയന് പിന്തുണക്കത്ത് കൊടുത്ത കാര്യം മാനേജ്മെന്ററിഞ്ഞു. എഡിറ്റർ പത്രാധിപസമിതി യോഗം വിളിച്ചു. നരസിംഹനെ പിരിച്ചയച്ചതിൽ പ്രതികാരനടപടിയൊന്നും ഇല്ലെന്നും അങ്ങനെ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നതായും പത്രാധിപസമിതിയംഗങ്ങൾ എഴുതി ഒപ്പിട്ടു കൊടുക്കണമെന്നും എഡിറ്റർ ആവശ്യപ്പെട്ടു. 21 പേരിൽ 20 പേരും യോഗത്തിൽ വച്ചുതന്നെ ഒപ്പിട്ടു കൊടുത്തു. ഒരാൾ മാത്രം ഒപ്പിട്ടില്ല- ബാബു ഭാസ്കർ.

ഈ പത്രാധിപസമിതി യോഗം, കേസിൽ വലിയൊരു വഴി തിരിവായി. നരസിംഹനെതിരേ കേസ് ജയിക്കാൻ മാനേജ്മെന്റിന് നല്ലൊരു ആയുധമായിരുന്നു പിന്നീട് ഒപ്പുവെപ്പിച്ച സമ്മതപത്രം. അന്ന് മദ്രാസ് യൂനിയൻ ഓഫ് ജേണലിസ്റ്റ്സിന്റെ അഭിഭാഷകർ, പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ ആർ. വെങ്കട്ടരാമനും മോഹൻ കുമരമംഗലവും ആയിരുന്നു. നരസിംഹനു വേണ്ടി കേസ് വാദിക്കുന്നത് കുമരമംഗലം ആയിരുന്നു. 21-ൽ 20 പേരും നിലപാടുമാറ്റിയ സ്ഥിതിക്ക് കേസ്സിന്റെ ഗതി നരസിംഹനെതിരായി നീങ്ങുകയാണെന്ന് അഭിഭാഷകൻ യൂണിയനെ ബോധ്യപ്പെടുത്തി. ഇനി ഒരു രക്ഷയേയുള്ളൂ. സമ്മർദത്തിന്റെ ഫലമായാണ് രണ്ടാമത്തെ കടലാസിൽ പത്രപ്രവർത്തകർ ഒപ്പിട്ടതെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പിരിച്ചുവിടപ്പെട്ട പത്രപ്രവർത്തകന് ഗുണമുണ്ടാകൂ. ഈ സമ്മർദ്ദം തെളിയിക്കാൻ ഒരു വഴിയേ ഉള്ളൂ. ഒപ്പിടാതിരുന്ന വ്യക്തി സാക്ഷിയായി വന്ന് ഇക്കാര്യം കോടതിയിൽ പറയണം. അന്ന് ബാബുഭാസ്കർ പറഞ്ഞു: “ആദ്യത്തെ കടലാസിൽ ഒപ്പിട്ടതും രണ്ടാമത്തേതിൽ ഒപ്പിടാതിരുന്നതും നല്ലപോലെ ആലോചിച്ചുതന്നെയാണ്. ഈ കാര്യം കോടതിയിൽ പറയുന്നതിലും ബുദ്ധിമുട്ടില്ല.

ഹിന്ദുവിന്റെ അഭിഭാഷകൻ ബാബുവിനെ രണ്ടുദിവസം ക്രോസ് വിസ്താരം ചെയ്തു. കോടതി വിധി നരസിംഹന് അനുകൂലമായിട്ടായിരുന്നു. ജഡ്ജി വിധിന്യായത്തിൽ ഇങ്ങനെ പറഞ്ഞു: “ദിസ് വിറ്റ്നസ് ഹാസ് എ ഫോട്ടോഗ്രഫിക്ക് മെമ്മറി. എഡിറ്റർ വിളിച്ചുചേർത്ത യോഗത്തിൽ എന്താണ് നടന്നതെന്ന് അദ്ദേഹം വളരെ വിശദമായിത്തന്നെ കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നു.''
(ഈ കേസിൽ സുപ്രീംകോടതി വരെയുള്ള ഘട്ടങ്ങളിൽ ജേണലിസ്റ്റ് യൂണിയൻ ജയിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പരിഗണനയിലിരിക്കെ കോടതിക്ക് പുറത്തുവച്ചുണ്ടാക്കിയ ഒത്തുതീർപ്പിൽ കേസ് അവസാനിക്കുകയും ചെയ്തു.)

അനീതിക്കെതിരേ, എഴുത്ത് തൊഴിലും ശീലവുമാക്കിയ പത്രപ്രവർത്തകരാരും ഒരു സഹപ്രവർത്തകനെതിരായ മാനേജ്മെന്റിന്റെ അനീതിക്കെതിരേ എന്തെങ്കിലും പറയാൻ കൂട്ടാക്കാത്തതെന്തെന്ന് പത്രപ്രവർത്തനത്തിലെ തുടക്കക്കാരനായ ബാബു അമ്പരന്നു. “എനിക്കേറ്റവും അദ്ഭുതം, തികഞ്ഞ ഭക്തനും സാത്വികനുമായ ചീഫ് സബ് എഡിറ്റർ പി.കെ.ബി. രണ്ടാമത്തെ കടലാസിൽ ഒപ്പിട്ടു എന്നതാണ്.

ന്യൂസ് ഡെസ്കിൽ എത്തിയാൽ, ഒരു കടലാസ് എടുത്ത് ഇരുവശവും "ശ്രീരാമജയം”എന്നെഴുതി കീശയിലിട്ട ശേഷമേ അദ്ദേഹം ദിവസത്തെ ജോലികൾ ആരംഭിക്കൂ. അത്രയ്ക്ക് ഭക്തൻ. “ദൈവഭയമുള്ള, നല്ല മനുഷ്യൻ” എന്ന് യുവത്വത്തിന്റെ യുക്തിവാദത്തിൽ ഒട്ടും കുറവില്ലാതിരുന്ന ബാബു ഇദ്ദേഹത്തെ ഉള്ളിൽ ബഹുമാനിക്കുകയും ചെയ്തു.

“ഇദ്ദേഹം ആദ്യം യൂണിയന് അനുകൂലമായും പിന്നെ മാനേജ്മെന്‍റിന് അനുകൂലമായും ഒപ്പിട്ടു എന്നറിഞ്ഞപ്പോൾ ഞാനാകെ ഞെട്ടിപ്പോയി. ഇത്തരം കാര്യങ്ങളിൽ സത്യസന്ധതയില്ലെങ്കിൽ പിന്നെ എന്തിനാണ് ഭക്തി?

ഏതായാലും ബാബു ഭാസ്കർ പി.കെ.ബിയോട് ഇക്കാര്യം നേരിട്ട് പറഞ്ഞു. അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.
“ഭാര്യയും കുട്ടികളും ഉണ്ടാവുമ്പോൾ ബാബുവിന് ഇക്കാര്യം മനസ്സിലാവും.

എം.പി. നാരായണപിള്ള
എം.പി. നാരായണപിള്ള

കുറച്ചുകാലം കഴിഞ്ഞപ്പോൾ പി.കെ.ബി. പറഞ്ഞതുപോലെ ബാബു ഭാസ്കറിന് ഭാര്യയും കുട്ടികളുമുണ്ടായി. പക്ഷേ കാര്യം മനസ്സിലായില്ല! ഇത്തവണ എടത്തട്ട നാരായണൻ എന്ന "ചരിത്രപുരുഷനായ പത്രാധിപർ ആണ് ബാബു ഭാസ്കറിന്റെ നിലപാടുതറയുടെ ദാർഢ്യം അറിഞ്ഞത്.

ഈ സംഭവത്തെക്കുറിച്ച് എം.പി. നാരായണപിള്ള പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “ബാബുവിന് രാജിവയ്ക്കാൻ പോന്നതാണോ ഈ മൈനർ സംഭവം എന്ന സംശയം അന്നെനിക്കുണ്ടായിരുന്നു. പക്ഷേ, ഇത്തരം ഒരു സംശയം ബാബുവിന് അന്നോ പിന്നീടോ ഉണ്ടായിട്ടില്ല. ഇവിടെ ബാബു ഭാസ്കറിന്റെ രാജിക്ക് നിമിത്തം/ കാരണം എം.പി. നാരായണപിള്ളതന്നെയായിരുന്നു. ഒരു പത്രക്കാരനാവുന്നതിന് എത്രയോ വർഷങ്ങൾക്കുമുമ്പുതന്നെ ഒരു സീനിയർ അസിസ്റ്റന്റ് എഡിറ്ററുടെ ഉദ്യോഗം ഇല്ലാതാക്കാൻ സഹായിക്കുക എന്ന ഭാഗ്യം എന്നാണ് നാരായണപിള്ള ഇതിനെ വിശേഷിപ്പിച്ചത്.

സംഭവം (എം.പി. നാരായണപിള്ള പറയുന്നതുപോലെയാണെങ്കിൽ "മൈനർസംഭവം') ഇങ്ങനെ: തൊഴിലുണ്ടെങ്കിലും എം.പി. നാരായണപിളളയുടെ സഹവാസം പേട്രിയറ്റിലെ അസിസ്റ്റന്റ് എഡിറ്ററായ ബാബു ഭാസ്കറിന്റെ കൂടെയാണ്. ഏതു സന്ദർശകർ വന്നാലും പ്രശ്നമല്ല, തന്റെ ജോലി താൻ ചെയ്യും എന്ന വാശിയിൽ ജോലിചെയ്യുന്ന ബാബു ഭാസ്കറിന്റെ കാബിനിൽ, മറ്റെവിടെയും ദൽഹി നഗരത്തിൽ സുഹൃത്തുക്കൾ ഇല്ലെന്ന കാരണത്താൽ കയറിയിരിക്കുന്ന നാരായണപിളള. “ഒന്നാം പേജിലെ തലക്കെട്ടുകൾപോലും അച്ചടിക്കുന്നതിനുമുമ്പ് സ്വയം കണ്ട് അപ്രൂവ് ചെയ്യുന്ന ഹാൻസ് ഓൺ' പത്രാധിപർ” എടത്തട്ട നാരായണന്റെ രീതികളും കർക്കശമാണ്. ബാബു ഭാസ്കറിന്റെ ചില്ലിട്ട കാബിനിൽ ഏതു നേരത്തും ഒരു അപരിചിതനെ കാണുന്നത് എടത്തട്ടക്കിഷ്ടപ്പെട്ടില്ല. ലിങ്ക് ഹൗസിലെ പേട്രിയറ്റിൽ ബാബു ഭാസ്കറിന്റെ മുറിയിൽ പതിവുപോലെ "അപരിചിതൻ' ഇരിക്കുന്നതു കണ്ട എടത്തട്ട അങ്ങോട്ടു ചെന്ന് അപരിചിതനോടു പറഞ്ഞു: “ആരെയെങ്കിലും കാണണമെങ്കിൽ പുറത്തിരിക്കുന്ന പ്യൂണിന്റെ കൈയിൽ ഒരു ചിറ്റ് കൊടുത്തയക്കണം. അതിനുശേഷം ആ ആളിന്റെ അനുവാദം വാങ്ങിയിട്ടുവേണം അകത്തുകയറാൻ.''

ബാബു ഭാസ്കർ അന്ന് പേട്രിയറ്റിൽ നിന്നിറങ്ങി. രാജിക്കത്തിൽ കാരണം വ്യക്തമായി പറഞ്ഞിരുന്നു സന്ദർശകനായ നാരായണപിള്ള യോടുള്ള എടത്തട്ടയുടെ മോശമായ പെരുമാറ്റം. എടത്തട്ടയുടെ സ്വഭാവത്തെപ്പറ്റി രാജിക്കത്തിൽ "ബൂറിഷ് എന്നാണ് ബാബു ഭാസ്കർ എഴുതിയത്.

"എടത്തട്ടയെ കുലുക്കിയ നഷ്ടം' എന്ന് പിന്നീട് സുഹൃത്തുക്കൾ വിലയിരുത്തിയ ഈ രാജിക്കുശേഷം ബാബു ഭാസ്കർ ഹിന്ദുവിലെ പി.കെ.ബിക്ക് കത്തെഴുതി, ഭാര്യയും കുട്ടിയും ഉണ്ടായിട്ടും മനഃസാക്ഷി യിൽനിന്ന് ഒളിച്ചോടാൻ കഴിയാത്ത ഒരു പത്രപ്രവർത്തകന്റെ മാനസികാവസ്ഥയെക്കുറിച്ച്.

നിലപാടുകളെ, സംഭവങ്ങളുടെ വെളിച്ചത്തിൽ അഭിപ്രായ വോട്ടെടുപ്പിനു വച്ചാൽ തീർച്ചയായും രണ്ടഭിപ്രായങ്ങളുണ്ടാവും. ചിലപ്പോൾ “എക്സിറ്റ് പോൾ' ശൈലിയിൽ വോട്ടുചെയ്തിറങ്ങുന്നവർക്കുപോലും അഭിപ്രായങ്ങളേ ഉണ്ടാവില്ല! ചിലർക്കു സംഭവങ്ങൾ മൈനർ സംഭവങ്ങളാവാം. മറ്റു ചിലർക്ക് മേജർ സംഭവങ്ങളും. എന്നാൽ, ബാബു ഭാസ്കറിന്റെ ഇപ്പോഴത്തെ രാജി, വായനക്കാരനും (പ്രേക്ഷകനും) മാധ്യമപ്രവർത്തകനും ഇരുന്നാലോചിക്കേണ്ട ചില പ്രശ്നങ്ങൾ ഉന്നയിക്കുന്നു. കാരണം, അതു മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. പുതിയൊരു മാധ്യമസംസ്കാരം തന്നെ ലക്ഷ്യമിട്ടു തുടങ്ങിയ, ശശികുമാറിന്റെ ഏഷ്യാനെറ്റിലേക്കാണ് വാർത്താവിഭാഗത്തിന്റെ എഡിറ്റോറിയൽ ഉപദേശകനായി ബാബു ഭാസ്കർ വരുന്നത്. ഡെക്കാൻ ഹെറാൾഡിൽനിന്നു വിരമിച്ചശേഷം മറ്റു സ്ഥിരം ജോലികൾക്കൊന്നും ഇനിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴാണ് മൗലികമായ ചില മാധ്യമചിന്തകളുമായി ശശികുമാർ ബാബു ഭാസ്കറിനെ സമീപിക്കുന്നത്. ഏഷ്യാനെറ്റിലൂടെ കേരളത്തിൽ പുതിയൊരു നവോത്ഥാനത്തിന് കളമൊരുക്കുകയെന്ന വലിയൊരു സ്വപ്നമായിരുന്നു ശശികുമാറിന്റേത് (പക്ഷേ, ഇങ്ങനെയൊന്ന് സൃഷ്ടിക്കാനായില്ലെന്ന് ശശികുമാർ സമ്മതിക്കുന്നു. Asianet was being conjured up as the new renaissance in Kerala (that it did not turn out to be so is another, uncomfortable matter)... എന്നാണ് അദ്ദേഹം ഈയിടെ ഒരു കുറിപ്പിൽ പരാമർശിച്ചത്).

ശശികുമാര്‍
ശശികുമാര്‍

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സജീവമായ മാധ്യമ ഇടപെടലുകളിൽ ജീവിച്ചുപോന്ന മലയാളിയുടെ ഇടയിലേക്ക്, പുതിയതും മൗലികവുമായ വാർത്താപരിപാടികൾ ശശികുമാർ മുന്നോട്ടുവച്ചു. അതിലൊന്നായിരുന്നു പത്രവിശേഷം.

എന്തും വിമർശിക്കപ്പെടാം, പത്രങ്ങളൊഴിച്ച് എന്ന അലിഖിത കീഴ്വഴക്കം നിലനിന്നുപോന്ന മലയാളത്തിൽ അന്നേവരെയുള്ള പ്രധാന വിമർശം മലയാളമനോരമയുടെ ദേശാഭിമാനി വിമർശനവും ദേശാഭിമാനിയുടെ മനോരമ വിമർശനവും മാത്രമായിരുന്നു. ബാബു ഭാസ്കറും സക്കറിയയും മാറിമാറി ഏഷ്യാനെറ്റിൽ പത്രവിശേഷം പറയാൻ തുടങ്ങിയതോടെ പത്രവായനക്കാരായ മലയാളികളിൽ നല്ലൊരു പങ്കും വിമർശബുദ്ധിയോടെത്തന്നെ പത്രം വായന തുടങ്ങി.

പത്രങ്ങളുണ്ടോ വിടുന്നു. എന്തും സൃഷ്ടിക്കാനും തകർക്കാനും കഴിയുന്ന അപൂർവ പ്രതിഭാസമല്ലേ. ചാനലിനുമേൽ സമ്മർദ്ദങ്ങൾ തുടങ്ങി. വിമർശം തീരെ സഹിക്കാൻ കഴിയാത്തത് "മുഖ്യധാരാ പത്രങ്ങൾക്കായിരുന്നു. തങ്ങളെ ലക്ഷ്യം വയ്ക്കുന്നതായി ഈ പത്രങ്ങൾക്ക് തോന്നി. മാതൃഭൂമിയാണ് സമ്മർദ്ദതന്ത്രങ്ങളിൽ മുന്നിൽ നിന്നത്. അക്കാലത്തെ ഏക മലയാളം സാറ്റ് ചാനൽ ആയിരുന്നിട്ടും ഏഷ്യാനെറ്റ് പരിപാടികൾ വളരെക്കാലം പത്രത്തിൽ കൊടുക്കാൻ അവർ തയ്യാറായില്ല. ഇംഗ്ലിഷ് ചാനലുകളുടെ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ മുടങ്ങാതെ കൊടുക്കുകയും ചെയ്തു.

സമ്മർദ്ദങ്ങൾ പലവഴിക്കും ശക്തമായെങ്കിലും ഉടമസ്ഥനായ ശശികുമാർ കുലുങ്ങിയില്ല. പത്രവിശേഷം' എന്തെന്നു ക്രമേണ വിമർശകർക്ക് മനസ്സിലാക്കിക്കൊടുത്തു. പരിപാടിയിൽ ബാബു ഭാസ്കറിനും സക്കറിയയ്ക്കും സർവസമ്പൂർണമായ സ്വാതന്ത്ര്യം ഉടമസ്ഥൻ അനുവദിച്ചുകൊടുക്കുകയും ചെയ്തു.

ഏഷ്യാനെറ്റിന്റെ വാർത്താസംസ്കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ശശികുമാർ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഡോ.റെജിമേനോൻ ചാനലിന്റെ തലവനായി സ്ഥാനമേറ്റു. പുതിയ തലവന്‍റേത് പുതിയ വഴികളായിരുന്നു. "നവോത്ഥാനം' സ്വപ്നം കണ്ട ശശികുമാറിന്റെ രീതികളായിരുന്നില്ല ഡോ. റെജിമേനോന്റേത്. വാർത്താ വിഭാഗത്തിലും നിലപാടുകൾക്ക് മാറ്റം വന്നുകൊണ്ടിരിക്കവെ, പത്രവിശേഷം പരിപാടിയുടെ ഔചിത്യത്തെക്കുറിച്ച് ബാബു ഭാസ്കർ ഒരു പുനരാലോചന നടത്തി. "മാറുന്ന പരിതസ്ഥിതിയിൽ ഇങ്ങനെയൊരു പരിപാടി തുടരുന്നതെന്തിനെന്ന് ഞാൻ ആലോചിച്ചു. ചാനലിന്റെ വിശ്വാസ്യതയും അവതാരകരുടെ വിശ്വാസ്യതയും ഇത്തരമൊരുപരിപാടിക്ക് അത്യന്താപേക്ഷിതമാണ്. "പത്രവിശേഷ'ത്തിലേക്ക് ഒരു വായനക്കാരൻ എഴുതി: “നിങ്ങളുടെ മുതലാളിയല്ലേ ആന്ധ്രയിൽ വണ്ടിച്ചെക്കുകേസ്സിൽ ജയിലിൽ കിടക്കുന്നത്?'' ഇതുതന്നെ വായനക്കാരന്റെ ഭാഗത്തുനിന്നുള്ള ഒരു സൂചനയായിരുന്നു. “ചാനലിന്റെ സ്വഭാവത്തിൽ മാറ്റംവരുകയും വിശ്വാസ്യത അപകടത്തിലാവുകയും ചെയ്തശേഷം പിന്നെ ആ മാധ്യമത്തിൽക്കൂടി "പത്രവിശേഷം' ചെയ്യുന്നതിൽ അർഥമില്ല.” ഇതായിരുന്നു ബാബു ഭാസ്കറിന്റെ ന്യായം. ഇക്കാര്യം ഡോ. റെജിമേനോനെ അദ്ദേഹം അറിയിക്കുകയും ചെയ്തു.

“പത്രവിശേഷ'ത്തിന്റെ അവതാരകനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഡോ. റെജിമേനോനെ, ബാബുഭാസ്കർ അറിയിക്കുകയും 1999 ഡിസംബർ 17ന് സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെ പിൻമാറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 17-ാം തീയതി സംപ്രേഷണം ചെയ്യേണ്ട “പത്രവിശേഷം' മുൻകൂട്ടി പരിശോധിച്ച് റെജിമേനോൻ, പരിപാടിയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കാൻ ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റിന് നിർദേശം നൽകുകയും ചെയ്തു. ഇവിടെ, ഉടമസ്ഥനും ബാബുഭാസ്കറും തമ്മിലുള്ള തീക്ഷ്ണമായ അഭിപ്രായ വ്യത്യാസം പുറത്തുവന്നു.

“പത്രവിശേഷ'ത്തിന്റെ ഡിസംബർ 17 എപ്പിസോഡിൽ മാതൃഭൂമിയെക്കുറിച്ച് ഒന്നിലധികം പരാമർശങ്ങൾ ഉണ്ടായത് സുഖകരമായിതോന്നുന്നില്ലെന്നും അവ ഭാഗികമായി എഡിറ്റ് ചെയ്യാൻ കെ. പി. മോഹനന് നിർദേശം നൽകുന്നതായും ഡിസംബർ 16 ന് ഡോ. റെജിമേനോൻ ബാബു ഭാസ്കറിനെ അറിയിക്കുന്നു.

മാതൃഭൂമിയുടെ ഒരു പരിപാടിക്കല്ലെങ്കിൽ മറ്റൊരു പരിപാടിക്ക് പ്രചാരണം നൽകാനോ നൽകാതിരിക്കാനോ ഇതിനുമുമ്പും നിർദ്ദേശം നൽകപ്പെട്ടതു ചൂണ്ടിക്കാണിച്ച്, ഇത്തരം തീരുമാനങ്ങൾ ചാനലിന്റെ പ്രൊഫഷനൽ സ്വഭാവത്തിന് ചേർന്നതല്ലെന്ന് മറുപടിയിൽ ബാബു ഭാസ്കർ ചൂണ്ടിക്കാട്ടി.

പിന്നീടാണ്, ഏഷ്യാനെറ്റിന്റെ പുതിയ നയം പുതിയ ചീഫ് എഡിറ്റർ വ്യക്തമാക്കുന്നത്. പത്രപ്രവർത്തനത്തിലെ പ്രൊഫഷനലിസം എന്നു വിളിക്കപ്പെടുന്നത് കർശനമായി പാലിക്കാൻ നിർവാഹമില്ലെന്ന് ഡോ. റെജിമേനോൻ ബാബു ഭാസ്കറിന് മറുപടി നൽകി. സംസ്ഥാനത്തിലെ മാധ്യമമുഖ്യരുമായി ഇപ്പോൾ നിലനിൽക്കുന്ന സൗമനസ്യവും വ്യാപാരബന്ധങ്ങളും സംബന്ധിച്ച യാഥാർഥ്യങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം ഇ-മെയിലിലൂടെ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റായി കെ.പി. മോഹനനെനിയമിച്ചതിൽ ബാബു ഭാസ്കറിനുള്ള വിയോജിപ്പുകളാണ് പ്രശ്നങ്ങൾക്കു കാരണമെന്നും റെജിമേനോൻ കത്തിൽ സൂചിപ്പിച്ചു. റെജിമേനോന്റെ ഈ പരാമർശം ശരിയല്ലെന്ന് ബാബു ഭാസ്കർ പറഞ്ഞു.

“മോഹനനും ഞാനുമായിട്ട് ഒരു പ്രൊഫഷനൽ ബന്ധം ഉണ്ടായിട്ടില്ല എന്നതു ശരിയാണ്. പക്ഷേ, വൈസ്പ്രസിഡന്റായി മോഹനൻ വന്നത് എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമായിരുന്നില്ല. അതിനിടയിൽ നടന്ന ഒരു കാര്യംകൂടി പറയട്ടെ, ഒരു ദിവസം മോഹനൻ എന്നെ വിളിച്ചു. ദൽഹിക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞ് വരുമെന്നും പറഞ്ഞു. അടുത്ത ദിവസം മോഹനൻ ദൽഹിയിൽനിന്ന് എന്നെ വിളിച്ചു. റെജിമേനോൻ ആന്ധ്രപ്രദേശിൽ ജയിലിലാണ്. അദ്വാനിയെക്കണ്ട് സമ്മർദ്ദം ചെലുത്താൻ വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദം മാത്രം പോരാ, മാധ്യമങ്ങളിലൂടെയും വേണം. അതുകൊണ്ട് ബി.ആർ.പി, ചന്ദ്രബാബു നായിഡുവുമായും മാധ്യമസുഹൃത്തുക്കളുമായും സംസാരിക്കണം. ഞാനിതൊരു മാധ്യമ‌പ്രവർത്തകന്റെ ജോലിയായി കണ്ടില്ല. ഇതിനുശേഷം യഥാർഥത്തിൽ കെ.പി. മോഹനനെ ഒരു പ്രൊഫഷനൽ ആയി കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. റെജി മേനോന്റെ ശിങ്കിടിയായോ കാര്യസ്ഥനായോ മാത്രമേ എനിക്ക് മോഹനനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ.

പ്രൊഫഷനലിസം പാലിക്കാൻ ബാധ്യസ്ഥനല്ലെന്ന നയപ്രഖ്യാപനത്തോടെ എഡിറ്റിങ്ങും മാധ്യമ ഉടമയുടെ സെൻസർഷിപ്പും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞുകൊണ്ട് ബാബു ഭാസ്കർ (67) ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ അഡ്വൈസർ സ്ഥാനം രാജിവച്ചു.

മാധ്യമസ്വാതന്ത്ര്യത്തിന്റെ പുതിയ പരിമിതികൾ വെളിപ്പെടുത്തിക്കൊണ്ട്, ബാബു ഭാസ്കർ ഏഷ്യാനെറ്റ് വിടുമ്പോഴും വിമർശിക്കപ്പെടാൻ പാടില്ലാത്ത സ്ഥാപനങ്ങൾ എന്ന നിലയ്ക്ക് പത്രങ്ങളുയർത്തുന്ന ഭീഷണി ജയിച്ചുതന്നെ നിൽക്കുകയാണ്. ചീഫ് എഡിറ്റർ ഡോ. റെജിമേനോൻ വെട്ടിമാറ്റിയ പത്രവിശേഷ'വും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. വെട്ടിമാറ്റിയ പത്രവിശേഷ'ത്തിന്റെ തൊട്ടുമുമ്പുള്ള എപ്പിസോഡിൽ മൽസരങ്ങളുടെ ഫലമായി പത്രങ്ങളിൽ നല്ല കാര്യവും നടക്കുന്നുണ്ട്, ചീത്ത കാര്യവും നടക്കുന്നുണ്ട് എന്ന പരാമർശത്തോടെ,

നല്ല കാര്യങ്ങൾക്കുദാഹരണമായി മാതൃഭൂമിയുടെ ഒറീസാ ദുരിതാശ്വാസനിധിയെയും മനോരമയുടെ "ഹൃദയപൂർവം' പരിപാടിയെയും ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടുള്ള എപ്പിസോഡിൽ ദേശാഭിമാനിയിൽ മനോരമയ്ക്കെതിരേ (ഹൃദയപൂർവം) വാർത്തകൾ വന്നതായി ഒരു വായനക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

“അവരുടെ നല്ല പരിപാടിയായി ഞാൻ 'ഹൃദയപൂർവ'ത്തെപ്പറ്റിപറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ ഒരാക്ഷേപം വന്ന സ്ഥിതിക്ക് അതു പരാമർശിക്കേണ്ടതാണെന്ന് എനിക്കു തോന്നി. അതുപോലെമാതൃഭൂമിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചും കത്തുവന്നിരുന്നു. മാതൃഭൂമിയിൽ വന്ന ദുരിതാശ്വാസനിധി വാർത്തയോടൊപ്പം “ഒരു സ്ത്രീ സ്വമനസ്സാലെ പിരിവിനിറങ്ങിയിരിക്കുന്നു. ഇങ്ങനെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ മാതൃഭൂമി ദുരിതാശ്വാസനിധി പിരിക്കാൻ സ്വയമേവ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു” എന്ന് പരാമർശമുണ്ടായിരുന്നു. ഇത് വായിച്ച് ബാബു ഭാസ്കർ പറഞ്ഞു:

“പത്രത്തിന്റെ പേരിൽ പണം പിരിക്കാൻ ഇറങ്ങുന്നവരുടെ സദുദ്ദേശ്യം ഉറപ്പാക്കാൻ പത്രത്തിനു കഴിയില്ല. ആ നിലയ്ക്ക് ഇത്തരം പിരിവുകൾ പ്രോൽസാഹിപ്പിക്കാവുന്ന ഒരു പ്രവണതയല്ല.

മാതൃഭൂമിയെക്കുറിച്ചുള്ള ഈ പരാമർശത്തോടൊപ്പം ഒരു പ്രേക്ഷകന്റെ കമന്റും ചീഫ് എഡിറ്റർ സെൻസർ ചെയ്തു. അക്ബറലി കരിങ്ങനാട് എന്ന പ്രേക്ഷകൻ "പത്രവിശേഷ'ത്തിനയച്ച കത്താണ് സെൻസർഷിപ്പിന് വിധേയമായത്. മാതൃഭൂമി, മനോരമയുടെ സർക്കുലേഷൻ പെരുപ്പിച്ചു കാണിച്ചതാണെന്നു വരുത്തിത്തീർക്കാൻ നടത്തിയ പരസ്യ കാംപയിനെ പരാമർശിച്ചുകൊണ്ടായിരുന്നു അക്ബറലിയുടെ കത്ത്. മാതൃഭൂമി, കേരളകൗമുദിയിൽ നൽകിയ പരസ്യം ഉദ്ധരിച്ചായിരുന്നു പ്രേക്ഷകന്റെ കമന്റ് ആരും വാങ്ങാത്ത, ആരും വായിക്കാത്ത പത്രത്തിൽ പരസ്യം കൊടുത്ത് നിങ്ങൾ കാശുകളയണോ എന്ന അർഥത്തിലുള്ള പരസ്യത്തിലെ ചോദ്യം വായിച്ച് കത്തെഴുതിയ ആൾ പറഞ്ഞു: “പരസ്യത്തിന് അധികം ശുചെലവാക്കാവുന്ന ഒരു മാധ്യമമാണ് കേരളകൗമുദി എന്ന് മാതൃഭൂമി അംഗീകരിക്കുന്നുണ്ട്.

“പത്രവിശേഷ'ത്തിന്റെ ഇതുവരെയുള്ള എപ്പിസോഡുകൾ ശ്രദ്ധിച്ചിട്ടുള്ള ആർക്കും, ഇതിലും തീക്ഷ്ണവും ശക്തവുമായ പ്രതികരണങ്ങൾ മാതൃഭൂമിയെക്കുറിച്ചും മറ്റു പത്രങ്ങളെക്കുറിച്ചും പത്രവിശേഷ'ത്തിൽ വന്നതായി ഓർക്കാൻ കഴിയും. പിന്നെ, ഈ പരാമർശങ്ങൾ ചീഫ് എഡിറ്റർക്ക് വെട്ടിമാറ്റണമെന്ന് തോന്നാനുണ്ടായ പ്രത്യേക കാരണങ്ങൾ എന്തൊക്കെയാവാം?

ആർക്കറിയാം സാർ, മാധ്യമങ്ങളിൽ നടക്കുന്നതുണ്ടോ പുറത്തറിയുന്നു!

വായനക്കാർ
മാധ്യമങ്ങളെ
തിരുത്തട്ടെ

ബി.ആർ.പിയുമായി
കമൽറാം സജീവ് നടത്തിയ
അഭിമുഖം

ത്മനിഷ്ഠമായ താത്പര്യങ്ങൾ പത്രത്താളുകളിൽ കൂടിക്കൂടി വരുകയാണ്. മലയാളത്തിലെ പല പത്രങ്ങളും സർക്കുലേഷൻ കേമത്തം കൊട്ടിഘോഷിക്കുമ്പോഴും പത്രത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അശേഷം ചിന്തിക്കുന്നില്ല. ഇതുതന്നെയാണ് ന്യൂസ് ചാനലുകളുടെയും സ്ഥിതി. ചില പത്രങ്ങളിൽ ഉടമസ്ഥരുടെ പടങ്ങൾകൊണ്ടും കുടുംബ വാർത്തകൾകൊണ്ടും ശ്വാസം മുട്ടുന്നത് ഒരു ആകസ്മികതയല്ല. പ്രൊഫഷനലിസത്തിന്റെ അഭാവം പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ജീർണിപ്പിക്കുകയാണെന്ന് ബാബു ഭാസ്കർ പറയുന്നു. തിരുവനന്തപുരത്ത്, ശ്രീകാര്യത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു നടത്തിയ അഭിമുഖത്തിൽനിന്ന്:

കമൽറാം സജീവ്: ശക്തമായ വിയോജിപ്പുകളുണ്ടായാൽ പോലും പത്രപ്രവർത്തകന് പഴയതുപോലെ രാജിവച്ചൊഴിയാനൊക്കെ പറ്റുന്ന സാഹചര്യമാണോ ഇന്നുള്ളത്? സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ പത്രപ്രവർത്തനം തന്നെ പറ്റില്ല എന്ന അവസ്ഥയല്ലേ ഇപ്പോൾ?`

ബി.ആർ.പി. ഭാസ്കർ: വ്യക്തിയുടെ സ്വഭാവത്തെ ആശ്രയിച്ചാണ് ഇത്തരം കാര്യങ്ങളും തീരുമാനങ്ങളും എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. വളരെയധികം അറിയപ്പെടുകയും ബന്ധം പുലർത്തുകയും ചെയ്യുമ്പോഴാണ് സമ്മർദ്ദത്തിനുള്ള വാതിൽ തുറക്കുന്നത്. പത്രപ്രവർത്തനം പേഴ്സണൽ പബ്ലിസിറ്റിയുണ്ടാക്കുവാനുള്ള കാര്യമല്ലെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. റിപ്പോർട്ടർക്ക് ഇത് പലപ്പോഴും സാധ്യമാകണമെന്നില്ല. എന്നാൽ പത്രത്തിനകത്തു പ്രവർത്തിക്കുന്നവർക്ക് അനോനിമിറ്റി അത്യാവശ്യമാണ്. ജീവിതത്തിൽ ഇന്നേവരെ ഒരു മന്ത്രിയും എന്നെ വിളിച്ച് ഇന്നതു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. വ്യക്തി എന്ന നിലയിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് പ്രസക്തം. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് പറയാറില്ലേ? കുനിഞ്ഞുനിൽക്കാൻ പറഞ്ഞാൽ ഇഴയുമായിരുന്നു അന്നത്തെ പത്രക്കാരെന്ന്. അതു തെറ്റാണ്. കുനിയാൻ പറയാതെതന്നെ ഇഴയാൻ അന്നത്തെ പത്രക്കാർ തയ്യാറായിരുന്നു.

ഇത്തരം സമ്മർദ്ദങ്ങൾ മാത്രമല്ല ഇന്നത്തെ പ്രശ്നം. മാധ്യമത്തിൽ, മാധ്യപ്രവർത്തകൻ രണ്ടാംസ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ തള്ളപ്പെടുന്ന പുതിയൊരു ക്രമം ഉരുത്തിരിയുന്നുണ്ട്. മാധ്യമപ്രവർത്തകനെ എങ്ങനെ നിർവചിക്കാം എന്നതുപോലും പ്രശ്നമാണ്.

പ്രൊഫഷനലിസത്തിന്റെ അഭാവമാണ് പ്രശ്നങ്ങളുടെ കാതൽ. ഒരു ഡോക്ടറുടെ പ്രൊഫഷൻ സമൂഹം അംഗീകരിക്കുന്നതുപോലെ ജേണലിസ്റ്റിനെയും കാണാൻ കഴിയണം.

കോഴ്സ് കഴിഞ്ഞ് ഹൗസ് സർജൻസിയൊക്കെ കഴിഞ്ഞാലേ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ പറ്റൂ. ഈ നിബന്ധനകളൊക്കെ പ്രൊഫഷനലിസത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. അതേസമയം പത്രപ്രവർത്തനം ഇത്തരം നിബന്ധനകൾ ആവശ്യമില്ലാത്തതാണ്. അതുകൊണ്ടാണ് വർക്കിങ് ജേണലിസ്റ്റിനെ വേർതിരിച്ചുകാണാൻ ഒരു സംവിധാനം ഉണ്ടാക്കിയത്. പ്രൊഫഷനൽ ജേണലിസ്റ്റിനെയും അല്ലാത്തവരെയും വേർതിരിച്ചുകാണണം. ഉടമസ്ഥനു പത്രാധിപരാകാം. പക്ഷേ, അയാൾ ജേണലിസ്റ്റല്ല. ഒരാൾക്ക് പണം ചെലവാക്കി പത്രം തുടങ്ങാം. അയാൾക്ക് അതിന്റെ നയം തീരുമാനിക്കാം. പക്ഷേ, ഇതിനൊക്കെ അപ്പുറത്തുള്ളതാണ് ഈ പ്രൊഫഷനലിസം എന്നുപറയുന്നത്. എന്താവശ്യത്തിനുവേണ്ടി തുടങ്ങിയാലും പത്രം ചില മൂല്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ ബാധ്യസ്ഥമാണ്.

പത്രപ്രവർത്തനത്തിന്റെ കാര്യത്തിൽ ഇത് എളുപ്പം മനസ്സിലാവില്ല. മറ്റൊരുദാഹരണം നോക്കാം. എനിക്ക് കാശുണ്ടെങ്കിൽ ഒരു ആശുപത്രി സ്ഥാപിക്കാം. ഇന്നത്തെ നിലയിൽ അത് പ്രൊഫഷനൽ അടിസ്ഥാനത്തിൽ തന്നെയാവാം. പണമുണ്ടാക്കാൻ മാത്രമായും. എനിക്ക് ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസർ ആണെന്നു പറയാൻ അവകാശമില്ല. മാത്രമല്ല, ഞാനാണ് ഉടമസ്ഥൻ, അതുകൊണ്ട് ആർക്ക് എന്തു ചികിത്സ കൊടുക്കും എന്ന് ഞാൻ തന്നെ നിശ്ചയിക്കും എന്നും പറയാനാവില്ല. അതുപോലെ, ലാഭമുണ്ടാക്കാനോ ജാതി പ്രചരിപ്പിക്കാനോ എന്തിനു തുടങ്ങിയാലും പത്രം നടത്തുമ്പോൾ പാലിക്കേണ്ട വാല്യൂസിസ്റ്റം നിർണയിക്കേണ്ടത് പത്രപ്രവർത്തകൻ തന്നെയാണ്.

പത്രം ഉടമയാണ് പ്രശ്നക്കാരൻ എന്നാണോ?

പത്രം ഉടമയാണ് പ്രശ്നം എന്നു ഞാൻ കരുതുന്നില്ല. ബിസിനസുകാരൻ ബിസിനസ് എന്ന രീതിയിൽ പത്രം നടത്തുന്നതും കാശുണ്ടാക്കുന്നതും നിയമപരം തന്നെ. പക്ഷേ, പത്രം നടത്തുമ്പോൾ ചില തത്ത്വങ്ങൾ പാലിക്കാൻ തയ്യാറാവുകയെന്നതാണ് ഈ ബിസിനസുകാരന്റെ പ്രൊഫഷനലിസം. ന്യൂയോർക്ക് ടൈംസിന്റെയോ വാഷിങ്ടൺ പോസ്റ്റിന്റെയോ നടത്തിപ്പുകാരൻ പത്രാധിപർ എന്നല്ല വിശേഷിപ്പിക്കുന്നത്, പബ്ലിഷർ എന്നാണ്. പത്രാധിപരായി വയ്ക്കുന്നത് ഒരു പ്രൊഫഷനലിനെ ആണ്.

പത്രം ഉടമതന്നെ പത്രാധിപരാവുന്ന ഒരു രീതിയല്ലേ ഇന്ത്യയിൽ നമ്മൾകണ്ടുവരുന്നത്?

ഇവിടെ, ഉദാഹരണമായി ഹിന്ദു എടുക്കുക. വളരെക്കാലമായി ഉടമയുടെ കുടുംബത്തിൽനിന്നുള്ളവരാണ് പത്രാധിപന്മാരെല്ലാം. പക്ഷേ, അവർ പ്രൊഫഷനൽ പരിശീലനം സിദ്ധിച്ചവരാണ്. എഡിറ്റോറിയൽ ട്രെയിനിങ് കഴിഞ്ഞവരാണ്. പത്രത്തിന്റെ പല പ്രവർത്തനങ്ങളിലും പരിചയം സിദ്ധിച്ചശേഷമാണ് അവർ പത്രാധിപരായെത്തുന്നത്.

മലയാളമനോരമയെക്കുറിച്ച് പല ബിസിനസ് താത്പര്യങ്ങളുമുള്ള പത്രം എന്ന് ആരോപിച്ചു കാണാറുണ്ട്. അതു സത്യവുമാണ്. പക്ഷേ, മനോരമയ്ക്കകത്ത് അവരൊരു പ്രൊഫഷനലൈസേഷൻ കൊണ്ടുവന്നിട്ടുണ്ട്. കെ.എം. മാത്യു തന്നെ വളരെ നേരത്തേ തുടങ്ങിയിട്ടാണ് ചീഫ് എഡിറ്ററാകുന്നത്. ഉടമ എന്നു പറയുന്നയാൾ പ്രൊഫഷനൽ പബ്ലിഷറാവണം. ഉടമസ്ഥന് സ്ഥാപിത താത്പര്യം ഉണ്ടെന്നതോ രാഷ്ട്രീയതാത്പര്യം ഉണ്ടെന്നതോ അല്ല യഥാർഥ പ്രശ്നം.

ഇങ്ങനെ പത്രത്തിന്റെ സ്ട്രെക്ചറിലുള്ള പ്രശ്നം ഒരു വശത്ത്. അതി നെക്കാൾ രൂക്ഷമാണ് പത്രപ്രവർത്തകൻ അന്നന്ന് ദുർബലനാവുന്നു എന്ന സത്യം. ‘ന്യൂസ് എഡിറ്ററുടെ മരണം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിൽ മറ്റു താത്പര്യങ്ങൾ മേൽക്കൈ നേടുകയാണിപ്പോൾ.

ഇത് ഇപ്പോൾ അടുത്തകാലത്തു തുടങ്ങിയ ഒരു പ്രശ്നമാണ്. തുടക്കത്തിൽ പത്രങ്ങളുടെ നിലവാരം നിശ്ചയിച്ചത് ഇംഗ്ലിഷ് പത്രങ്ങളായിരുന്നു. ബ്രിട്ടീഷ് രീതിയിലായിരുന്നു കാര്യങ്ങൾ. രണ്ടാം ലോകയുദ്ധത്തിനുശേഷം മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ജേണലിസത്തിലും അമേരിക്കൻ സ്വാധീനം ശക്തമാവാൻ തുടങ്ങി. ഇതിന്റെ ഇന്ത്യൻരൂപം വളർത്തിയത് ടൈംസ് ഓഫ് ഇന്ത്യയുടെ സമീർ ജെയിൻ ആണ്; ന്യൂസ്പേപ്പർ ഈസ് ജസ്റ്റ് എ പ്രൊഡക്റ്റ് എന്നു പറഞ്ഞ ആൾ. അപ്പോൾ മാർക്കറ്റിങ്ങാണ് കാതലായ വശമെന്ന് ഇന്ത്യയിൽ ആദ്യം പറഞ്ഞതും ജെയിൻ ആണ്. അങ്ങനെ പത്രാധിപരെ ചവിട്ടിത്താഴ്ത്തിയിട്ട് (അതിനുമുമ്പും ഡീവാല്യൂ ചെയ്തിരുന്നു. അത് ഉടമസ്ഥൻ എന്ന നിലയിലായിരുന്നു) മാർക്കറ്റിങ് മാനേജരെ നിയമിക്കുകയാണ്. ഉടമയെ സംബന്ധിച്ചിടത്തോളം വിൽക്കുന്നതെന്തും അയാൾക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ, പത്രം ഒരു ഉത്പന്നം എന്നതിലുപരി സാമൂഹിക സ്ഥാപനം കൂടിയാണ്. ഈ വ്യത്യാസം വായനക്കാരനും അറിയാം. ആഗോളവൽക്കരണത്തിന്റെ ഘട്ടത്തിൽ സംഭവിക്കുന്ന മാറ്റിമറിച്ചിലുകളാണ് ഇപ്പോൾ പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്.

ഇക്കാര്യങ്ങളൊക്കെ കാണിക്കുന്നത് പഴയ പത്രപ്രവർത്തകനിൽനിന്ന് ഒരുപാട് വ്യത്യസ്തനായ പുതിയ പത്രപ്രവർത്തകനെയാണ്.

പഴയ പത്രപ്രവർത്തനത്തിൽനിന്നു പുതിയ പത്രപ്രവർത്തനത്തിലേക്കുള്ള മാറ്റം വളരെ പ്രകടമാണ്. ഈ മാറ്റം തുടങ്ങിയ കാലഘട്ടത്തിൽ ടൈംസ് ഓഫ് ഇന്ത്യയിലെ പഴയ പത്രപ്രവർത്തകൻ ഗിരിലാൽ ജെയിൻ ആയിരുന്നു. സമീർ ജെയിൻ, ഗിരിലാൽ ജെയിനെ ഒഴിവാക്കാതെ കൊണ്ടു നടന്നത് അച്ഛൻ അശോക് ജെയിന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു.

പഴയ പത്രപ്രവർത്തകനെപ്പറ്റി പറയുമ്പോൾ സിനിമകളിലൊക്കെ കാണുന്നതുപോലെ ധീരനായ, ആദർശവാനായ ഒരാളെയാണ് സങ്കല്പിക്കാൻ കഴിയുക.

അത് കാലഘട്ടത്തിന്റെ പ്രശ്നമാണ്. സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലഘട്ടം, യഥാർഥത്തിൽ ഒരു ഏജ് ഓഫ് ഹീറോയിസം പോലെയാണ്. അത് സ്വാതന്ത്ര്യസമരസേനാനികളുടെ മാത്രം ഹീറോയിസമല്ല. ഏതു മേഖലയിലും ധീരമായി പുതിയ വഴി വെട്ടിത്തുറക്കാനുള്ള പ്രവണതയുണ്ടായിരുന്നു. അന്നത്തെ പത്രപ്രവർത്തകനും അങ്ങനെത്തന്നെ ആയിരുന്നെന്നുമാത്രം. മറ്റൊരു കാരണം, നമ്മുടെ എല്ലാ മേഖലകളിലും നായകത്വം ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ മധ്യവർഗത്തിനായിരുന്നു. പുതിയ വാതിലിൽക്കൂടി അറിവ് വരുകയും ചെയ്തു. ട്രെഡീഷനൽ ആയ കാര്യങ്ങൾ നഷ്ടപ്പെട്ടതുമില്ല. സ്വന്തം ഭാഷയെയും സംസ്കാരത്തെയും സമ്പന്നമാക്കുന്നതിനായിരുന്നു ആ തലമുറ ഇംഗ്ലിഷ് വിദ്യാഭ്യാസത്തെ ഉപയോഗിച്ചത്. മൗലികമായ അന്വേഷണങ്ങളും പ്രവർത്തനങ്ങളും രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും നിലനിന്നിരുന്നു. പക്ഷേ, പാശ്ചാത്യസ്വാധീനം അനുകരണമായി പരിണമിക്കാൻ അധിക കാലം വേണ്ടിവന്നില്ല.

പുതിയ പത്രപ്രവർത്തനവുമായി ബന്ധപ്പെടുത്തി പ്രൊഫഷനലിസത്തിന്റെ ഗുണപരമായ വശങ്ങൾ എടുത്തുകാണിക്കുമ്പോൾ മറ്റു ചില വശങ്ങളും വളർന്നുവരുന്നുണ്ട്. ഉദാഹരണമായി, ടി.ജെ.എസ്. ജോർജ് ഒരിക്കൽ പറയുകയുണ്ടായി, മലയാളമനോരമ ഒരു വടവൃക്ഷമാണ്, ഈ വട വൃക്ഷത്തെ കവിഞ്ഞ് വളരാൻ അവർ ജേണലിസ്റ്റുകളെ അനുവദിക്കില്ലെന്ന്.

മനോരമയുടെ കമേഴ്സ്യൽ വശം വളരെ ശക്തമാണ്. മനോരമ ഏർപ്പെട്ടിരിക്കുന്നത് ഏറ്റവും വലിയ പത്രം എന്ന ഖ്യാതിക്കുവേണ്ടിയുള്ള യജ്ഞത്തിലാണ്. ഏറ്റവും വലിയ നല്ല പത്രമെന്ന ഖ്യാതിക്കുവേണ്ടി മനോരമ ആരോടും മത്സരിക്കുന്നില്ല. മലയാള പത്രപ്രവർത്തനത്തിലെ ദുരന്തത്തിന്റെ ഒരു വശമാണിത്. പാശ്ചാത്യലോകത്ത് രണ്ടുധാരകൾ ഉണ്ടായി രുന്നു. ക്വാളിറ്റി ന്യൂസ് പേപ്പേഴ്സും പോപ്പുലർ ന്യൂസ് പേപ്പേഴ്സും. ഈ ‘ക്വാളിറ്റി’ പത്രങ്ങൾക്ക് ഒരിക്കലും പ്രചാരത്തിൽ പോപ്പുലർ പത്രങ്ങളുടെ അടുത്തെങ്ങും എത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ആദ്യത്തേതിന്റെ സ്വാധീനം രണ്ടാമത്തെ വിഭാഗം പത്രങ്ങൾക്കുണ്ടാവില്ല.

മലയാളത്തിലെല്ലാവരും മനോരമയാവാനുള്ള മത്സരത്തിലാണ്.

അതെ, ഇവിടെ ആർക്കും നല്ല പത്രമാവാനുള്ള താത്പര്യമില്ല. ഏറ്റവും വലിയ പത്രമാവാനാണ് താത്പര്യം. ക്വാളിറ്റിയും പ്രചാരവും കടകവിരുദ്ധമായ കാര്യങ്ങളാണെന്നല്ല ഞാൻ പറയുന്നത്. ഗുണപരമായി മുന്നിൽ നിൽക്കുന്ന ഒരു പത്രം പ്രചാരത്തിൽ പിന്നിൽത്തന്നെ ആയിക്കൊള്ളണം എന്നൊന്നുമില്ല. മദ്രാസിൽ ഹിന്ദുവാണ് ഇന്നും മുന്നിൽ.

ബ്രിട്ടീഷ് പത്രപ്രവർത്തനത്തിന്റെ സ്വാധീനത്തിലേക്ക് അമേരിക്കൻ പത്രപ്രവർത്തനം കയറിവന്നതിനെക്കുറിച്ച് ഞാൻ നേരത്തേ പറഞ്ഞു. ഏതാണ്ട് ഈ സമയത്താണ് മലയാളമനോരമയിൽ മോഡേണൈസേഷൻ വരുന്നത്. ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു അമേരിക്കൻ ജേണലിസത്തിന്റെ പ്രചാരകർ. അവരുടെ രീതികൾ പിന്തുടർന്നുകൊണ്ട് പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വന്നു. പിന്നെ മനിലയിലെ പ്രസ് ഫൗണ്ടേഷൻ ഓഫ് ഏഷ്യയും. ഈ സ്ഥാപനങ്ങളൊക്കെ പുതിയ ജേണലിസം പ്രചരിപ്പിക്കാൻ നിരവധി സെമിനാറുകളും വർക്ഷോപ്പുകളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. ഇവിടേക്കൊക്കെ, മനോരമ സ്ഥിരമായി ആളെയയച്ചു. ഏതാണ്ട് അറുപതുകൾ തൊട്ട് ഈ മോഡേണൈസേഷൻ വളരെ ഗൗരവമായിത്തന്നെ എടുത്ത പത്രമാണ് മനോരമ. ഇത്തരം സ്വാധീനങ്ങളിൽ നിന്ന് കിട്ടിയതാണ് മനോരമയുടെ പോപ്പുലിസ്റ്റ് രീതികൾ.

മനോരമയാണല്ലോ ‘ട്രന്റ് സെറ്റർ’. പരസ്യങ്ങളോട് കാണിക്കുന്ന അമിത വിധേയത്വം മനോരമയുടെ സൃഷ്ടിയാണിവിടെ. ചോംസ്കിയൊക്കെ സൂചിപ്പിച്ച രീതിയിൽ വായനക്കാരൻ എന്ന ഉത്പന്നത്തെയുണ്ടാക്കി പരസ്യക്കാരന് വിൽക്കുന്ന രീതി മലയാളത്തിൽ വ്യക്തമായി നടപ്പിലാ ക്കിയതും ഈ പത്രംതന്നെ.

മനോരമ മലയാളിയെ എന്തെല്ലാം രീതിയിൽ മാനിപ്പുലേറ്റ് ചെയ്യാമോ, അങ്ങനെയൊക്കെ ചെയ്യുന്നു. ഇതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് ആശംസാ പരസ്യങ്ങൾ. പുതുവർഷത്തിനായാലും ഓണത്തിനോ ക്രിസ്മസിനോ ആയാലും നിങ്ങൾ നിങ്ങളുടെ വീട്ടിലേക്കുപോലും ആശംസകൾ മനോരമയിൽക്കൂടി അയയ്ക്കുക. ഈ പരസ്യം ബിസിനസ് സ്ഥാപനങ്ങൾ ചെയ്താൽ മനസ്സിലാക്കാം. പക്ഷേ, ഒരു അച്ഛൻ മകന് പത്രത്തിൽകൂടിയാണ് ആശംസ അയയ്ക്കുന്നത് എന്നുവന്നാൽ അതൊരുതരം ഒബ്സീൻ കെന്റ് ഓഫ് കൊമേഴ്സ്യലൈസേഷൻ ആണ്. കുറെക്കഴിയുമ്പോൾ ഇതൊക്കെ ആളുകളുടെ ഒരാവശ്യമായി പത്രം മാറ്റിയെടുക്കും.

നേരിട്ട് പരസ്യങ്ങളായല്ലാതെ വായനയുടെ സ്ഥലം പത്രങ്ങളിൽനിന്ന് എടുത്തുമാറ്റുന്ന പത്രങ്ങളും ഉണ്ട്.

പരസ്യങ്ങൾ പരസ്യങ്ങളായി വരുന്നതിലേറെ അപകടകരമായ ഒരു പ്രവണതയാണിത്. പരസ്യം ചെയ്യുന്നതു കൂടാതെ പരസ്യക്കാർ വാർത്തയുടെ കോളവും കൈയടക്കുകയാണിപ്പോൾ. അടുത്ത കാലത്തായി മാതൃഭൂമി കലോത്സവം നടത്തി. ഇത് കമേഴ്സ്യലി സ്പോൺസേർഡ് ആയിരുന്നു. കാശുമുടക്കുന്നത് ഒരു കമ്പനി. ആ കമ്പനിക്ക് അതിനകത്തുനിന്ന് കിട്ടാനുള്ളത് കിട്ടും. പകരം പത്രം അതിന് കൊടുക്കുന്നത് സ്ഥലമാണ്. പത്രത്തിന്റെ സ്ഥലവും അതിന്റെ ഗുഡ്വില്ലും. ഈ കലോത്സവത്തിന്റെ പേരിൽ മാതൃഭൂമിയുടെ ഒന്നാംപേജിൽ വായനക്കാരനവകാശപ്പെട്ട എത്ര സ്ഥലമാണ് കുറെ ദിവസങ്ങളിൽ നഷ്ടപ്പെട്ടത്. അത്യാവശ്യം അറിയേണ്ട വാർത്തകളുടെ ഒന്നാം പേജ് കലോത്സവത്തിന്റെ ചെലവു വഹിക്കുന്ന കമ്പനിയെ പ്രൊമോട്ട് ചെയ്യാൻ ദാനം ചെയ്യുകയാണിവിടെ. പത്രവും പരസ്യക്കാരനുമായി ചേർന്ന് മത്സരങ്ങളും മറ്റും നടത്തുന്നപോലെത്തന്നെ അപകടകരമാണ് ഈ രീതിയും.

പത്രപ്രവർത്തനത്തിന്റെയോ നിലപാടുകളുടെയോ മേന്മകൊണ്ടല്ല. ഇത്തരം കസർത്തുകളിലൂടെ പ്രചാരം വർധിപ്പിക്കുന്നതെങ്ങനെ എന്നാലോചിച്ച് മുന്നോട്ടു പോകുമ്പോൾ പത്രത്തിലെ വാർത്താവിഭാഗം സെൻസേഷനലിസത്തിന്റേതായ വളച്ചൊടിക്കലുകളിൽ തകരുകയും ചെയ്യുന്നുണ്ട്.

മറ്റു പത്രങ്ങളും മനോരമയെ റോൾ മോഡലാക്കുന്നു. അതേസമയം, മനോരമ പൊതുജനാഭിപ്രായത്തോട് അനുകൂലമായി പ്രതികരിച്ച സന്ദർഭങ്ങളും ഉണ്ട്. വി.ഐ.പികൾ എന്തു കഴിച്ചു എന്ന കാര്യമൊക്കെ റിപ്പോർട്ടുകളിൽ കൊണ്ടുവന്നത് മനോരമയാണ്. എ.കെ. ആന്റണി ട്രെയിനിൽ എന്തു കഴിച്ചു, നായനാർ വീട്ടിൽ എന്തു കഴിച്ചു എന്നൊക്കെ എഴുതാൻ തുടങ്ങിയത് മനോരമയാണ്. ഇപ്പോൾ മനോരമ അവിടെ നിന്നെല്ലാം മുന്നോട്ടുപോയി. പൊതുജനത്തിന് ദഹിക്കാത്ത രീതിയിൽ എന്തെങ്കിലും ചെയ്തു തുടങ്ങുമ്പോൾ പിന്മാറാനുള്ള ഒരു ശ്രമം മനോരമ നടത്തുന്നുണ്ട്.

അങ്ങനെയുണ്ടോ? വായനക്കാരന് പത്രങ്ങളെ ഏതെങ്കിലും രീതിയിൽ തിരുത്താൻ കഴിയുന്നുണ്ടോ?

വായനക്കാരന് പത്രങ്ങളെ തിരുത്താൻ കഴിയും എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. പ്രത്യേകിച്ചും മാർക്കറ്റ് സെൻസിറ്റീവായി നിൽക്കുന്ന ഒരു സ്ഥാപനത്തെ വായനക്കാരന് അങ്ങോട്ട് മാനിപ്പുലേറ്റ് ചെയ്യാൻ കഴിയും. വായനക്കാരൻ മിണ്ടാതിരിക്കുന്നേടത്തോളം ഇതൊക്കെ നമുക്ക് വേണ്ടതുതന്നെ എന്നു പത്രങ്ങളും കരുതും. പക്ഷേ, വായനക്കാരൻ പ്രതികരിക്കാൻ തുടങ്ങിയില്ലെങ്കിലാണ് കുഴപ്പം. പത്രം എന്തെങ്കിലും ചെയ്തുകഴിയുമ്പോഴേക്കും അത് വായനക്കാരനെ സ്വാധീനിക്കും. ഒരു പഥ്യം സ്വീകരിച്ചു കഴിഞ്ഞാൽ വായനക്കാരന് അതു തന്നെ വേണം, ഇതാണ് അപകടം.

വായനക്കാരൻ പത്രാധിപർക്കെഴുതുമ്പോൾ ഉടനെ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിലും ക്രമേണ അത് പത്രത്തിന്റെ നയങ്ങളിൽ സ്വാധീനം ചെലുത്തും. വായനക്കാരന്റെ പ്രതികരണം ഒരു പത്രത്തിനും അവഗണിക്കാനാവില്ല.

വായനക്കാരന്റെ ഇടപെടൽ ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണല്ലോ ‘പത്രവിശേഷം’ തുടങ്ങിയത്. ഇതിനുമുമ്പ് വല്ല മാതൃകകളും ഉണ്ടായിട്ടുണ്ടോ?

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ഇറക്കിയ ഒരു ജേണൽ ഉണ്ടായിരുന്നു ഇന്ത്യൻ പ്രസ് വളരെ നാളൊന്നും നീണ്ടുനിന്നില്ല. അതിൽ ഞാൻ പത്രനിരൂപണം ചെയ്തിരുന്നു. പിന്നീട് ഇന്ത്യാ ടുഡേയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന വെങ്കട്ട് നാരായണനായിരുന്നു ഈ ആശയത്തിനു പിന്നിൽ. ഞാനന്നു കശ്മീരിലായിരുന്നു. കശ്മീരിൽ ഹർത്താൽ ആചരിക്കാനുള്ള പാകിസ്ഥാന്റെ ആഹ്വാനവും ഹർത്താൽ നടന്നില്ലെന്ന ഇന്ത്യയുടെ പ്രചാരണവും പത്രങ്ങൾ കൈകാര്യം ചെയ്ത രീതിയെപ്പറ്റി ഞാനീ കോളത്തിൽ എഴുതിയതായി ഓർക്കുന്നു. ഹർത്താൽ പൂർണമായിരുന്നെങ്കിലും രാജ്യതാത്പര്യം മുൻനിർത്തി അങ്ങനെ റിപ്പോർട്ട് ചെയ്യരുതെന്ന് പത്രങ്ങൾക്ക് നിർദ്ദേശമുണ്ടായിരുന്നു. രാജ്യതാത്പര്യങ്ങൾക്കുവേണ്ടി പ്രൊഫഷനൽ മൂല്യങ്ങൾ പണയപ്പെടുത്തുന്നതിന്റെ അവസ്ഥയാണ് ഞാൻ ഇന്ത്യൻ പ്രസ്സിൽ എഴുതിയത്. അത് കവർസ്റ്റോറിയായി വന്നു. പക്ഷേ, ഇതൊക്കെ മാധ്യമവൃത്തങ്ങളിൽ മാത്രം ചർച്ചചെയ്തുപോന്ന മാധ്യമനിരൂപണങ്ങളായിരുന്നു. ‘പത്രവി ശേഷ’ത്തിൽ വായനക്കാരന്റെ വിശകലനത്തിനായിരുന്നു ഊന്നൽ.

‘പത്രവിശേഷക്കാരൻ’ എന്ന നിലയിൽ തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു?

വളരെ സംതൃപ്തിയുണ്ട്. പിന്നെപ്പിന്നെ ലഭിച്ചുകൊണ്ടിരുന്ന വായനക്കാരുടെ അഭിപ്രായങ്ങൾ പലതും ഒരു പത്രവിശേഷമായിത്തന്നെ അവതരിപ്പിക്കാവുന്ന നിരൂപണങ്ങളാണെന്നത് പരിപാടിയുടെ സ്വാധീനമാണ് ചൂണ്ടിക്കാണിക്കുന്നത്. പത്രത്തിനടുത്ത് നിസ്സഹായനായി പോകുന്ന വായനക്കാരനോട് നിങ്ങൾക്ക് പത്രത്തെക്കുറിച്ച് സംസാരിക്കാൻ കഴിയും എന്നൊരു കാര്യം പറഞ്ഞുകൊടുക്കാൻ കഴിഞ്ഞു എന്നതാണ് ഈ പരിപാടിയുടെ വിജയം. എല്ലാ വായനക്കാരും ബോധവാന്മാരായില്ലെങ്കിലും നല്ലൊരു ശതമാനം വായനക്കാർക്കും ഈ ബോധമുണ്ടായി.

(കമൽറാം സജീവ് എഴുതിയ ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും എന്ന പുസ്തകത്തിൽനിന്ന്)

Comments