മാധ്യമങ്ങൾക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധതക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കും; കെ.യു.ഡബ്ല്യു.ജെ.

Think

മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ഉടൻ തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. രാജ്യത്തു കുറച്ചു കാലമായി മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ.

ജനാധിപത്യം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തി വെക്കുന്നതാണു കേന്ദ്ര നടപടി. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം ഇന്ത്യൻ ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ജനപക്ഷ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ കൂചുവിലങ്ങ് ഇടാൻ ശ്രമിക്കുന്നതിലൂടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുകയാണ്.

മീഡിയ വൺ ചാനലിന് വീണ്ടും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര ഭരണകൂടത്തിന്റെ മാധ്യമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഒരിക്കൽക്കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശനങ്ങൾ എന്നു മാത്രം പറഞ്ഞാണ് ചാനലിനെ വിലക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്? സുരക്ഷാ വിഷയത്തിൽ എന്നു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത്? എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.

ചാനലിന്റെ വിലക്ക് അടിയന്തരമായി നീക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും അയച്ച നിവേദനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കുമെന്ന് അവർ അറിയിച്ചു.

Comments