വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു, മാധ്യമ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമെന്ന് The Wire

രാജ്യം സങ്കീർണമായ ഒരു സാഹചര്യത്തിലൂടെ കടന്ന് പോവുമ്പോൾ സത്യസന്ധവും നീതിയുക്തവുമായ ശബ്ദങ്ങളെയും വാർത്താമാധ്യമങ്ങളെയും സെൻസർ ചെയ്യാനുള്ള നടപടിയിൽ പ്രതിഷേധമെന്ന് The Wire.

News Desk

സ്വതന്ത്ര മാധ്യമ സ്ഥാപനമായ ‘ദി വയറി’നെ വിലക്കി കേന്ദ്രസർക്കാർ. തങ്ങളുടെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തുവെന്ന് ദി വയർ വാർത്താക്കുറിപ്പിൽ പറയുന്നു.

“സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ലംഘിച്ച് കൊണ്ട് കേന്ദ്രസർക്കാർ The Wire.in-ലേക്ക് കയറാനുള്ള ആക്സസ് ഇന്ത്യയിലുടനീളം ബ്ലോക്ക് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇൻറർനെറ്റ് സേവനദാതാക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയുന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് സൈറ്റ് ബ്ലോക്ക് ചെയ്തതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. രാജ്യം സങ്കീർണമായ ഒരു സാഹചര്യത്തിലൂടെ കടന്ന് പോവുമ്പോൾ സത്യസന്ധവും നീതിയുക്തവുമായ ശബ്ദങ്ങളെ സെൻസർ ചെയ്യാനുള്ള നടപടിയിൽ പ്രതിഷേധം അറിയിക്കുന്നു,” ദി വയർ വാർത്താക്കുറിപ്പിൽ പറയുന്നു.

നിലവിൽ വെബ്സൈറ്റ് ലഭിക്കുന്നുണ്ട്. വെബ്സൈറ്റിൻെറ ഇംഗ്ലീഷ് വിഭാഗത്തിന് മാത്രമാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഹിന്ദി, ഉർദു വിഭാഗങ്ങൾ ലഭ്യമായിരുന്നു. വയർ വെബ്സൈറ്റിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നിരുന്നു. ഇന്ത്യയിൽ സധൈര്യം സ്വതന്ത്ര്യ മാധ്യമപ്രവർത്തനം കൃത്യമായി ചെയ്യുന്ന വാർത്താമാധ്യമങ്ങളിലൊന്നാണ് ദി വയർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്ത് പല വാർത്താമാധ്യമങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാർത്തകൾ പുറത്ത് വിട്ടിരുന്നു. ഇത്തരം മാധ്യമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാതെയാണ് ദി വയറിന ബ്ലോക്ക് ചെയ്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Comments