ഇന്ത്യ - പാക് അതിർത്തി സംഘർഷത്തിന്റെ അഞ്ചുദിവസങ്ങൾക്കിടയിൽ പ്രശസ്ത സ്വതന്ത്ര മാധ്യമപ്രവർത്തക ഫ്രെനി മനേക് ഷാ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു:
‘‘മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു ജേണലിസ്റ്റ് അല്ലല്ലോ എന്നതിന് ഓരോ പ്രഭാതത്തിനും ഞാൻ നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു. ഗോറിങ്ങിനെ (നാസി പാർട്ടി നേതാവ് ഹെർമൻ ഗോറിങ്) അഭിമാനപൂരിതനാക്കുന്ന വാർത്തകൾ കൈകാര്യം ചെയ്യേണ്ടിവരുന്നില്ല. നീതി നടപ്പായിരിക്കുന്നുവെന്ന, അവജ്ഞ തോന്നുന്ന തലക്കെട്ട് കൊടുത്ത് ഒന്നാം പേജ് തയ്യാറാക്കേണ്ടിവരുന്ന കോപ്പി എഡിറ്ററായിരിക്കുന്നില്ലല്ലോ. അതിനുതാഴെ ഒരു സിംഗിൾ കോളം വാർത്തയായി പൂഞ്ചിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുവെന്ന് കൊടുക്കേണ്ടി വരുന്നില്ല. അല്ലെങ്കിൽ, സർക്കാരിന്റെ സമ്മർദം മൂലം ഒരു പേജ് അപ്പാടെ പിൻവലിക്കേണ്ടിവരുന്ന ആദരണീയയായ എഡിറ്ററായിരിക്കുന്നില്ലല്ലോ...’’
ഒടുവിലവർ പറയുന്നു: ‘‘ഒരു മുൻ സഹപ്രവർത്തക പറഞ്ഞപോലെ, ഇപ്പോഴത്തെ പോളിസി ഒന്നേയുള്ളൂ. ഞങ്ങൾ അറിയിക്കുന്നതെന്തോ അതുമാത്രം നിങ്ങളറിയുക. ദൈവമേ നന്ദി, ഞാൻ ന്യൂസ് റൂമിന് പുറത്താണല്ലോ. ആമേൻ’’.

Behold, I Shine: Narratives of Kashmiri’s Women and Children എന്ന പുസ്തക ത്തിൻ്റെ രചയിതാവാണ് ഫ്രെനി. രണ്ട് പതിറ്റാണ്ട് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മുഖ്യപത്രങ്ങളിലും മാഗസിനുകളിലും പ്രവർത്തിച്ച അവർക്ക് സ്വതന്ത്ര മാധ്യമപ്രവർത്തകയായതോടെ ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഈ കുറിപ്പ്. ഈ സൈനിക ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യാതിരിക്കാം എന്നതാണ് അവർക്കുള്ള സ്വാതന്ത്ര്യം. വേണ്ടിവന്നാൽ പിന്നീടെപ്പോഴെങ്കിലും ആഴത്തിൽ പഠിച്ച് വിശകലനം ചെയ്ത് എഴുതാം. അതിനും സ്വാതന്ത്ര്യവും സാവകാശവുമുണ്ട്. എന്നാൽ ഈ ഭാഗ്യം നിഷേധിക്കപ്പെട്ട നൂറുകണക്കിന് ന്യൂസ് റൂം ജേണലിസ്റ്റുകളിൽ ഒരാളാണ് ഞാൻ. ഇന്ത്യാ- പാക് അതിർത്തി സംഘർഷത്തിന്റെ അനുനിമിഷമുള്ള വിവരങ്ങൾ തൽസമയം അപഡേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ട 24x7 വാർത്താടെലിവിഷൻ വിഭാഗത്തിൽ പെട്ടവർ. അത് ഏതൊക്കെ തരം സമ്മർദങ്ങൾക്ക് വിധയമായിട്ടാണ് നിർവഹിക്കേണ്ടി വന്നത് എന്നതിലേക്ക് പിന്നീട് വരാം.
ഫ്രെനി മനേക് ഷായുടെ കുറിപ്പിന്റെ മറ്റൊരുവശം കടുത്ത നിരാശ കൂടിയാണ്. യുദ്ധമുറവിളികൾ ദിഗന്തങ്ങൾ ഭേദിക്കുന്ന ന്യൂസ് റൂമുകളെക്കുറിച്ചുള്ള ഇച്ഛാഭംഗം.

‘ഓപറേഷൻ സിന്ദൂർ’ ആരംഭിച്ച മെയ് 7ന് പുലർച്ചെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ മാത്രമല്ല ഇന്ത്യൻ മിസൈലുകൾ വീണത്. ന്യൂസ് റൂമുകളിൽ പേരിനെങ്കിലും ബാക്കിയുണ്ടായിരുന്ന ധാർമികബോധത്തിനുമേൽ കൂടിയാണ്. യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യമാണെങ്കിൽ തൊട്ടുപിറകേ മരിക്കുന്നത് മാധ്യമധാർമികത കൂടിയാണ്. ദേശീയത, രാജ്യസ്നേഹം തുടങ്ങിയ, ഇപ്പോഴും പ്രശ്നവൽകൃതമായി തുടരുന്ന ആശയങ്ങൾ പൊടുന്നനെ ഭ്രാന്തമായ ആവശത്തോടെ ഏകപക്ഷീയമായി അടിച്ചേൽപിക്കപ്പെടുന്ന കാഴ്ച ടെലിവിഷൻ സ്ക്രീനിൽ കാണാകുന്നു. അർണബ് ഗോസ്വാമിയെന്ന ആങ്കർ തന്റെ അതിഥികളെക്കൊണ്ട് ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിപ്പിക്കുന്നു. അത് അനുസരിക്കാത്ത കോൺഗ്രസിന്റെ വക്താവിനെ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തുന്നു. പാകിസ്ഥാൻ വിരോധം മതവിരോധമായി സംക്രമിപ്പിച്ച് മുസ്ലിം ജനസാമാന്യത്തെ ക്ഷമാപണ സ്വരത്തിൽ സംസാരിക്കാൻ ഭീഷണിപ്പെടുത്തുന്നു. യുക്തിഭദ്രമായ ഒന്നും വേണ്ട, എത്രമേൽ യുക്തിരഹിതമായാലും യുദ്ധമാണ് വേണ്ടത്, അതിന് ജയ് വിളിക്കാത്തവരെല്ലാം രാജ്യദ്രോഹികൾ. ഇതാണ് ഈ ദിവസങ്ങളിൽ ഇംഗ്ലീഷ് - ഹിന്ദി മാധ്യമങ്ങളെ മുഴുവൻ ഭരിച്ച ആസ്ഥാനമന്ത്രം. ഇതിന്റെ തുടർച്ചയായാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം താൻ അംഗീകരിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് ഒരു സൂപ്പർസ്റ്റാർസരോജ് കുമാർ മട്ട് കോമാളിത്തത്തിലേക്ക് അർണബ് ഗോസ്വാമി വീണത്. (ഈ വീഡിയോ പിന്നീട് റിപ്പബ്ലിക് ടി.വി മായ്ച്ചുകളഞ്ഞു).
അതേസമയം, മറ്റു ചാനലുകളിലെ ഇയാളുടെ ഈച്ചക്കോപ്പി ആങ്കർമാർ മുഴുവൻ, ‘കൊല്ലൂ പാക്കിസ്ഥാൻകാരെ, ഈ രാത്രി അതിനുള്ളതാണ്, തകർക്കൂ പാകിസ്ഥാനെ’ എന്നൊക്കെയുള്ള ഉന്മത്ത ഘോഷണങ്ങൾ കൊണ്ട് അരങ്ങു തകർക്കുകയായിരുന്നു. ഇക്കൂട്ടങ്ങളുടെ പ്രവൃത്തിയോടുള്ള അമർഷവും അതിൽ താൻ പെടുന്നില്ലല്ലോ എന്ന ആശ്വാസവും കൂടി ഫ്രെനിയുടെ വാക്കുകളിൽ വായിക്കാം.
ആവർത്തിച്ചാവർത്തിച്ച് നമുക്ക് ബോധ്യം വന്ന കാര്യമാണ് ഹിന്ദി- ഇംഗ്ലീഷ് ചാനലുകളിലെ ആങ്കർമാർ (രാജ്ദീപ് സർദേശായിയെപ്പോലെ ഒന്നോ രണ്ടോപേർ ഒഴികെ) ഹിന്ദുത്വ പ്രചാരകരായി തരംതാഴ്ന്നു എന്നത്. ഒട്ടും അതിശയോക്തി തോന്നാത്ത വിധം നമുക്കത് സാധാരണ കാര്യമായി. പക്ഷേ ക്രമാതീതമായ 'രാജ്യസ്നേഹ'ബാധ കേരളത്തിലുൾപ്പെടെ മാധ്യമപ്രവർത്തകരുടെ ഭാഷ മാറ്റിയെന്നത് അത്ര സാധാരണമല്ല. ഈ ദിവസങ്ങളിൽ അവർ സ്വന്തം നിഘണ്ടുവിൽ നിന്ന് പുറത്താക്കിയ വാക്കുകൾക്കൊരു പ്രത്യേകതയുണ്ട്. അവയെല്ലാം ലിബറൽ ജനാധിപത്യ മൂല്യങ്ങളുമായി ചേർന്നുകിടക്കുന്നവയാണ്.

ഉദാഹരണത്തിന് സമാധാനം, മനുഷ്യസ്നേഹം, സഹജീവിസ്നേഹം, മാനവികത തുടങ്ങിയവ. പഹൽഗാമിന്റെ ഏപ്രിൽ 22 ന് ഇന്ത്യ മറുപടി നൽകണമെന്ന അഭിപ്രായം രാജ്യം പൊതുവായി സ്വീകരിക്കുന്ന നിലപാടാണ്. മെയ് 7ന് ആരംഭിച്ച ഓപറേഷൻ സിന്ദൂർ ആ ദൗത്യപൂർത്തീകരണത്തിന് വേണ്ടിയുള്ളതായിരുന്നു താനും. ഭീകരരുടെ താവളങ്ങളിൽ കണിശതയോടെ മിസൈലുകൾ പതിപ്പിച്ചുവെന്ന് പറയുമ്പോൾ ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്യും. എന്നാൽ, കണ്ണുംപൂട്ടി മിസൈലുകളും ഡ്രോണുകളുമയച്ച് പാക്കിസ്ഥാനെ നശിപ്പിക്കണമെന്ന വാദക്കാരായി ഉടനടി ആങ്കർമാരും റിപ്പോർട്ടർമാരും മാറുന്നത് രാജ്യത്തെ ജനങ്ങളുടെ ഇംഗിതം അതായതുകൊണ്ടാണെന്ന് പറയാൻ ശ്രമിക്കരുത്. സമാധാനം എന്ന വാക്ക് ഇപ്പോൾ മിണ്ടുന്നവരോട് യോജിപ്പില്ലെന്നാണ് ഒരു അവതാരകപ്രമുഖ് പ്രഖ്യാപിച്ചത്. നോക്കൂ, മിസൈൽ വീഴുമ്പോഴല്ലേ സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ടത്? ‘Say NO to War’ നമ്മളൊഴികെയുള്ളവർക്ക് വേണ്ടിയുള്ള മുദ്രാവാക്യമാണോ?
രാജ്യത്തെ മഴുവൻ വിമാനത്താവളങ്ങളും അടച്ചുവെന്നും പ്രകാശത്തിന്റെ മൂന്നിരട്ടി വേഗമുള്ള ആയുധമാണ് ഇന്ത്യ പ്രയോഗിച്ചതെന്നും മറ്റുമുള്ള മണ്ടത്തരങ്ങൾ സീനിയർ എഡിറ്റർമാർ തന്നെ ഉദ്ഘോഷിക്കുന്നതിലേക്ക് എത്താൻ അവർക്കൊരു തയാറെടുപ്പും വേണ്ടിവന്നില്ല.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞത് പാക്കിസ്ഥാനെ വെറുതേവിടൂ എന്നല്ല നിരപരാധികളെ കൊല്ലാതിരിക്കൂ എന്നാണ്. നാലുദിവസങ്ങൾ കൊണ്ടുതന്നെ രണ്ടു രാജ്യങ്ങളിലേയും സാധാരണക്കാർ കുറേപേർ മരിച്ചുവെന്നാണല്ലോ റിപ്പോർട്ടുകൾ. മാനവികതയെ കൈക്കൊള്ളുന്നവർക്ക് അതിൽ വേദനയുണ്ടാകും. എന്നാൽ ആ വേദനയ്ക്ക് മാർക്കറ്റുണ്ടാകുന്ന കാലത്ത് ഞങ്ങൾ അത് ഏറ്റുപിടിച്ചുകൊള്ളാം, ഇപ്പോൾ അതിദേശീയ, യുദ്ധഘോഷത്തിനാണ് മാർക്കറ്റ്, അതിനാൽ ഞങ്ങൾ ന്യായീകരിക്കപ്പെടുന്നു എന്നതാണ് ഈ നീലക്കുറുക്കൻമാരുടെ ഉള്ളിലിരിപ്പ്. വാസ്തവത്തിൽ ഇവർ കുറുക്കൻമാരല്ല. ചോര കാത്ത് വാപൊളിച്ചുനിൽക്കുന്ന ടി.വി സ്ക്രീൻ 'സിംഹ'ങ്ങളാണ്. പക്ഷേ ഇത് യഥാർഥ സിംഹങ്ങളെപ്പോലെ പശിയടക്കാൻ വേണ്ടിയുള്ള രക്തദാഹമാണോ?
ഒന്നാമത്തെ പോയൻറായി ഞാൻ പറഞ്ഞ കാര്യം ഇവിടെയാണ് പ്രസക്തമാകുന്നത്. രാജ്യത്തിനു നേർക്ക് അതിർത്തിക്കപ്പുറത്തുനിന്ന് സ്പോൺസർ ചെയ്ത് നടത്തുന്ന ഭീകരാക്രമണങ്ങളെ നേരിടുന്നതിൽ കേന്ദ്ര സർക്കാരിന് പ്രതിപക്ഷമുൾപ്പെടെ പൂർണമായ പിന്തുണയാണ് നൽകിയത്. മാധ്യമങ്ങളും അതേ. അതിൽ തർക്കിക്കാനൊന്നുമില്ല. സവിശേഷ സന്ദർഭങ്ങളിൽ ഒരു ജനത സ്വമേധയാ കൈക്കൊള്ളുന്ന നിലപാടാണത്. നിലവിൽ രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകളിൽ ജീവൻ നഷ്ടമായ നിരപരാധികളായ നൂറുകണക്കിന് മനുഷ്യർക്ക് നീതി കിട്ടിയിട്ടില്ലെങ്കിലും പഹൽഗാമിലെ 26 നിരപരാധികളായ മനുഷ്യർക്ക് നീതികിട്ടണം എന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണ് മതേതര വിശ്വാസികൾ. ഈ നിലപാട് മുന്നിൽവച്ച് രാജ്യത്തിന്റെയാകെ മനോവികാരത്തിനൊപ്പം നിൽക്കുന്നു മാധ്യമങ്ങൾ. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മിസൈലിട്ട് തകർത്താൽ മാത്രം ഈ നീതി വരില്ല.

ഭീകരരെ കണ്ടെത്തി ശിക്ഷിക്കുക കൂടി വേണം. അതും പൊതുവികാരമാണ്. മെയ് ഏഴുമുതലുള്ള നാലുദിവസം കൊണ്ട് ഈ രാജ്യത്ത് ഒരുപക്ഷേ പ്രകടമായത് ഈ വികാരമാണ്. പാക് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ ഫാക്ട് ചെക്കിങ്ങിലൂടെ തുറന്നുകാട്ടിയ മുഹമ്മദ് സുബൈറും പി.ഐ.ബിയുടെ ഫാക്ട് ചെക്കിങ് വിഭാഗവും വസ്തുനിഷ്ഠതയിലൂന്നി മാത്രമാണ് പ്രവർത്തിച്ചത്. ആ വസ്തുനിഷ്ഠത കൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജുജുവിന് പോലും തോന്നിയപോലെ പോസ്റ്റ് ചെയ്ത തന്റെ സമൂഹമാധ്യമ കുറിപ്പ് പിൻവലക്കേണ്ടിവന്നു. ഈയൊരു സമീപനം, അതായത്, വസ്തുതാപരമായ പിഴവ് സംഭവിക്കാതെ ഈ സംഘർഷം രാജ്യമനസ്സ് കൂടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു ന്യൂസ് റൂമിൽ ഞങ്ങളൊക്കെ നേരിട്ട സമ്മർദം. ആ സമ്മർദം ഒരു വ്യാജവാക്കോ ദൃശ്യമോ ഈ ഘട്ടത്തിൽ വരുത്തിവയ്ക്കാവുന്ന അപകടം തിരിച്ചറിഞ്ഞുള്ള ജാഗ്രതയുടേതായിരുന്നു. അതൊരു സ്വയം കരുതലാണ്. മീഡിയവൺ ഈ ദിവസങ്ങളിൽ വാസ്തവപരിശോധനയ്ക്ക് വേണ്ടി പ്രത്യേക ഡെസ്ക് ഡിസൈൻ ചെയ്ത് പ്രവർത്തിക്കുകയാണ് ചെയ്തത്. അതിനാൽ അശ്രദ്ധമൂലം വന്നുപെടാവുന്ന തെറ്റുകൾ പൂജ്യം ശതമാനത്തിന് അടുത്തെത്തിക്കാൻ കഴിഞ്ഞു.
സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകളിൽ ജീവൻ നഷ്ടമായ നിരപരാധികളായ നൂറുകണക്കിന് മനുഷ്യർക്ക് നീതി കിട്ടിയിട്ടില്ലെങ്കിലും പഹൽഗാമിലെ 26 നിരപരാധികളായ മനുഷ്യർക്ക് നീതികിട്ടണം എന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണ് മതേതര വിശ്വാസികൾ.
ഒരുവശത്ത് ഈ ജാഗ്രത ഉൻമിത്തമായി നിൽക്കുമ്പോൾ മറുവശത്ത്, അതായത് സത്യങ്ങൾ പറയുന്നതിനും ഇതേ ജാഗ്രത ഉണ്ടായിരിക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് ആവേശത്തിനോ രോമാഞ്ചത്തിനോ ഒന്നും ഇടനൽകാത്ത വാർത്താവതരണ ശൈലി ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ചിലർ ഇതിൽ ആദ്യത്തേത് ഉറപ്പിച്ചെങ്കിലും രണ്ടാമത്തേതിന് പ്രധാന്യം കൊടുത്തില്ല. ഇന്ത്യയുടെ ആയുധശേഷിയെ പ്രകീർത്തിക്കുന്നതിലോ സർക്കാരിനെ പുകഴ്ത്തുന്നതിലോ ഒരു നിയന്ത്രണത്തിനും നിന്നുകൊടുത്തില്ല അവർ. ഇന്ത്യൻ ഭാഗത്തുനിന്ന് പറയുമ്പോൾ എത്ര കൂടിയാലും കുഴപ്പമില്ലല്ലോ എന്ന സമീപനം. എതിർത്താലാണല്ലോ നടപടിയും വിലക്കും. പുകഴ്ത്താൻ തടസ്സമില്ലല്ലോ. മറ്റു ചിലരാകട്ടെ, രണ്ടു വശത്തും ഒരു ജാഗ്രതയ്ക്കും ഇടം കൊടുത്തില്ല. രാജ്യത്തെ മഴുവൻ വിമാനത്താവളങ്ങളും അടച്ചുവെന്നും പ്രകാശത്തിന്റെ മൂന്നിരട്ടി വേഗമുള്ള ആയുധമാണ് ഇന്ത്യ പ്രയോഗിച്ചതെന്നും മറ്റുമുള്ള മണ്ടത്തരങ്ങൾ സീനിയർ എഡിറ്റർമാർ തന്നെ ഉദ്ഘോഷിക്കുന്നതിലേക്ക് എത്താൻ അവർക്കൊരു തയാറെടുപ്പും വേണ്ടിവന്നില്ല. സൂക്ഷ്മപരിശോധന എന്നത് ജേണലിസത്തിന് ആവശ്യമുള്ള ഒന്നല്ലെന്നതിൽ അവർക്കൊരു സംശയവുമില്ല. ജനറിക് ആയ വിവരമേലങ്കി എടുത്തണിയുക, നിർലജ്ജം ആത്മവിശ്വാസഗോപുരമായി മാറുക. പിന്നല്ല.

ലോകപ്രശസ്ത യുദ്ധലേഖികയും നോവലിസ്റ്റുമായിരുന്ന മാർത്താ ഗെൽഹോൺ (1908-1998) എഴുതിയ ദി ഫേസ് ഓഫ് വാറിനെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത് brillant anti- war book എന്നാണ്.
“War happens to people, one by one. That is really all I have to say and it seems to me I have been saying it forever. Unless they are immediate victims, the majority of mankind behaves as if war was an act of God which could not be prevented; or they behave as if war elsewhere was none of their business. It would be a bitter cosmic joke if we destroy ourselves due to atrophy of the imagination’’- പുസ്തകത്തിൽ അവർ പറയുന്നു.

ഏറ്റവും പ്രശസ്തയായ യുദ്ധലേഖിക യുദ്ധവിരുദ്ധയായിരുന്നു എന്നറിയുക, ചോരയ്ക്കായി വാപിളർന്നുനിൽക്കുന്ന യുദ്ധദാഹികളേ…