വോയറിസം അഥവാ ചാനൽ ചേസിങ്​

ചാനലുകളുടെ ‘ചേസിംഗു’കളിൽ അഭിരമിക്കുന്ന എത്ര ശതമാനമുണ്ടാകും നിങ്ങളുടെ പ്രേക്ഷകരിൽ? അത്തരം പ്രേക്ഷകരാണ്​ ഭൂരിപക്ഷവുമെങ്കിൽ, എങ്ങനെയാണ്​ നിങ്ങൾക്ക്​ നേരിനെക്കുറിച്ചും നിലവാരത്തിനെക്കുറിച്ചും നിർഭയത്വത്തിനെക്കുറിച്ചുമെല്ലാം ഒച്ചവെക്കാൻ കഴിയുക?

ജൂലൈ 12 ഞായറാഴ്​ച രാവിലെ മുതൽ ഉച്ചതിരിഞ്ഞ്​ രണ്ടരവരെ പ്രധാന മലയാള ചാനലുകളെല്ലാം വാളയാറിൽനിന്ന്​ കൊച്ചി എൻ.ഐ.എ ഓഫീസ്​ വരെയുള്ള ദേശീയപാതയിൽ ലൈവ്​ റിപ്പോർട്ടിങ്ങിലായിരുന്നു. സ്വർണ കള്ളക്കടത്തുകേസിൽ അറസ്​റ്റിലായ സന്ദീപ്​ നായർ, സ്വപ്​ന സുരേഷ്​ എന്നിവരെയും കൊണ്ട്​ ബംഗളൂരുവിൽനിന്ന്​ വരുന്ന വാഹനത്തിനുപുറകേ, അത്​ ലൈവായി റിപ്പോർട്ടുചെയ്യാനാണ്​ ചാനലുകൾ മണിക്കൂറുകളോളം മൽസരിച്ചത്​. കറുത്ത വസ്​ത്രത്തിൽ തലയടക്കം മൂടിയിരിക്കുന്ന ‘നായിക’യെ പ്രതീക്ഷക്കൊത്ത്​ പ്രദർശിപ്പിക്കാൻ കഴിയാത്തതിലുള്ള ഇച്​ഛാഭംഗം റിപ്പോർട്ടർമാർ നാക്കുകൊണ്ട്​ നക്കിത്തീർത്തു. ‘ഞങ്ങളുടെ ഫ്രെയിമിൽനിന്ന്​ ഒരു നിമിഷംപോലും എൻ.ഐ.എ വാഹനം പുറത്തുപോയിട്ടില്ല’തുടങ്ങിയ അവകാശവാദങ്ങൾ, എൻ.ഐ.എ വാഹനം പിന്തുടരുന്ന ചാനൽ ടീമിനെ അഭിമാനപൂർവം പരിചയപ്പെടുത്തി ‘ചേസിംഗ്​ ടീം’ എന്ന ഒരു ചാനൽ പ്രവർത്തകയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ (പിന്നീട്​ ഈ പ്രയോഗം അപ്രത്യക്ഷമായി), ഇടയ്​ക്ക്​ ആലുവ ജില്ലാ ആശുപത്രിയിലേക്ക്​ എൻ.ഐ.എ വാഹനം മെട്രോസ്​റ്റേഷനോടുചേർന്ന ചെറിയ വഴിയിലൂടെ തിരിഞ്ഞുപോയപ്പോൾ, വാളയാറിൽനിന്നുള്ള തുടർച്ച നഷ്​ടപ്പെട്ടതിലെ നിരാശ... എല്ലാം ചേർന്ന നവരസയാത്ര​.

ഈ സ്​ത്രീയുടെ ലഭ്യമായ ഫോട്ടോകളെല്ലാം സംഘടിപ്പിച്ച്​ വാർത്തയെ വോയറിസമെന്ന വൈകൃതമാക്കി മാറ്റാൻ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൽസരിച്ചു, അതിന്റെ അതിരുവിട്ട പ്രകടനമായിരുന്നു ഈ ‘ചാനൽ ചേസിംഗ്​’

ഈ സമയത്ത്​ ഇതുമാത്രമാണ്​ വാർത്ത, ലോകത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊന്നും ജനങ്ങളെ അറിയിക്കേണ്ടതില്ല എന്ന്​ തീരുമാനിച്ചുറപ്പിക്കപ്പെട്ടു. ഇത്ര വിപുലമായി മാധ്യമപ്രവർത്തകരെയും സാ​ങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചുള്ള ഈ റിപ്പോർട്ടിംഗ്​, ജേണലിസത്തിന്റെ
എന്തു ധർമമാണ്​ നിറവേറ്റുന്നതെന്ന്​ ഒരു പ്രേക്ഷകന്റെ കാഴ്​ചയിലൂടെ ആലോചിക്കുന്നത്​ രസകരമായിരിക്കും. മണിക്കൂറുകൾ ഈ കാറോട്ടം കണ്ടശേഷം പുറത്തുവന്ന വാർത്ത, രണ്ട്​ പ്രതികളെയും എൻ.ഐ.എ ഓഫീസിൽ കൊണ്ടുവന്നു, അവരെ കോടതിയിൽ ഹാജരാക്കി, പിന്നീട്​ തുടർനടപടികളിലേക്കും പോകും. രാവിലെ മുതൽ വൈകീട്ട്​ നാലുവരെ നടത്തിയ ചേസിന്റെ ഫലശ്രുതിയാണിത്​.

എന്നാൽ, ചാനലുകൾ നമുക്കു നൽകാനുദ്ദേശിച്ച യഥാർഥ വാർത്ത ഇതൊന്നുമല്ല, അത്​ സ്വപ്​ന സുരേഷിന്റെ ദൃശ്യമാണ്​. വാളയാർ മുതൽ എറണാകുളം വരെയുള്ള യാത്രയിൽ, സ്വപ്​ന സുരേഷിന്റെ മുഖം ക്യാമറയിൽ പതിയുന്ന ഒരു നിമിഷത്തിനുവേണ്ടി മാത്രമായിരുന്നു അപകടകരമായ ഈ
അകമ്പടി. ഇത്രയും ദിവസം നിർമിച്ചെടുത്തുകൊണ്ടിരുന്ന സ്വന്തം ചേരുവകൾക്കുചേർന്ന ഒരു സ്ത്രീയെ പ്രദർശിപ്പിക്കാനുള്ള വ്യഗ്രത.

സ്വർണ കള്ളക്കടത്ത്​ റിപ്പോർട്ടുചെയ്യപ്പെട്ട അന്നുമുതൽ സ്വപ്​ന സുരേഷാണ്​, വാർത്തയുടെ ആകർഷണം. ഈ സ്​ത്രീയുടെ ലഭ്യമായ ഫോട്ടോകളെല്ലാം സംഘടിപ്പിച്ച്​ വാർത്തയെ വോയറിസമെന്ന വൈകൃതമാക്കി മാറ്റാൻ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൽസരിച്ചു, അതിന്റെ അതിരുവിട്ട പ്രകടനമായിരുന്നു ഈ
‘ചാനൽ ചേസിംഗ്​’. ഇതുവരെ കാണാമറയത്തായിരുന്ന ‘നായിക’യെ പിടികൂടി പുറത്തുകൊണ്ടുവന്ന്​ അവരെ പ്രദർശിപ്പിക്കുക എന്ന, ഒരുതരം ഞരമ്പുദീനത്തോളം വിലകെട്ട മാധ്യമപ്രവർത്തനം. സ്വപ്​ന സുരേഷിനെക്കുറിച്ച്​ പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വന്ന വാർത്തകളുടെ ഭാഷയും ധ്വനിയും പ്രസന്റേഷനും പ്ലേസിങ്ങുമെല്ലാം ഈ സംഭവത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണമായല്ല വികസിച്ചത്, മറിച്ച്​ അവരെ അശ്ലീലമായ ഒരു ടൂളാക്കി ഉപയോഗിക്കുകയായിരുന്നു നമ്മുടെ മാധ്യമങ്ങൾ. അതുകൊണ്ടാണ്​, ഉന്നത തല ബന്ധങ്ങളും നയതന്ത്ര ചാനലുകളുടെ ദുരുപയോഗവും രാജ്യങ്ങളിലേക്ക്​ നീണ്ടുകിടക്കുന്ന കണ്ണികളും എല്ലാം ചേർന്ന സംഭവബാഹുല്യം ഈ കേസിനുണ്ടായിട്ടും, പണ്ടത്തെ (ഇനിയും തെളിയാത്ത) ചാരക്കേസിലെ ‘കിടപ്പറയിലെ ട്യൂണ’റിപ്പോർട്ടിംഗ്​ അതേപടി ആവർത്തിക്കുന്നത്.

ചാരക്കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിലെ അധാർമികതക്ക്​ ഇനിയും മാധ്യമങ്ങൾ മറുപടി പറഞ്ഞിട്ടില്ലെന്നുമാത്രമല്ല, അത്തരം ​ഏജൻസിഷിപ്പുകൾക്ക് ​ഇന്നും മാധ്യമങ്ങളെ സ്വാധീനിക്കാനാകുന്നുണ്ട്. സോളാർ കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ആരോപണത്തിന്റെ സി.ഡിയും​ തേടി പ്രതിയായ ബിജു രാധാകൃഷ്​ണനെയും കൊണ്ട്​ സോളാർ കമീഷൻ നടത്തിയ കോയമ്പത്തൂർ യാത്രയുടെ ലൈവ്​ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും പ്രതികരണങ്ങൾ നമ്മുടെ മാധ്യമങ്ങളെ ഒന്നും പഠിപ്പിച്ചിട്ടില്ല, അവർ ഒരടി മുന്നോട്ടുപോയിട്ടില്ല എന്നത്​ കേരളത്തി​ലെ മാധ്യമപ്രവർത്തനത്തിന്റെ അധഃപ്പതനമാണ്​.

മാധ്യമപ്രവർത്തനം, ഏകപക്ഷീയമായ റി​പ്പോർട്ടിംഗിൽനിന്ന്​ മാറി ഇന്ററാക്ഷന്റേതായ തലത്തിലേക്ക്​ വികസിച്ചുകൊണ്ടിരിക്കുകയാണ്​. വാർത്തകൾക്കുമേൽ അവിശ്വാസമേറിവരികയാണ്​, ബ്രാൻഡുകളുടെ യഥാർഥ താൽപര്യം വായനക്കാർ തിരിച്ചറിയുന്നു. എന്നിട്ടും തങ്ങളുടെ യഥാർഥ പ്രേക്ഷക ടാർഗറ്റ്​ വൈകാരികമായും യുക്തിരഹിതമായും സംഘംചേരുന്ന ആൾക്കൂട്ടങ്ങളാണെന്ന് ​തീരുമാനിക്കുകയാണ്​ മാധ്യമ മാനേജുമെന്റുകൾ.

സ്വന്തം പ്രേക്ഷകനെക്കുറിച്ചും വായനക്കാരനെക്കുറിച്ചുമുള്ള നമ്മുടെ മാധ്യമങ്ങളുടെ ധാരണ എന്തുമാത്രം അപഹാസ്യമാണ്​ എന്നാണ്​ ഈ
ലൈവുകൾ കാണിക്കുന്നത്​. യഥാർഥ പ്രേക്ഷകനെ തിരിച്ചറിയാൻ കഴിയാത്ത മാധ്യമങ്ങളാണ്​ ജേണലിസത്തെ വലിയ ദുരന്തമാക്കുന്നത്​. ഇത്തരം ‘ചേസിംഗു’കളിൽ അഭിരമിക്കുന്ന എത്ര ശതമാനമുണ്ടാകും നിങ്ങളുടെ പ്രേക്ഷകരിൽ? അത്തരം പ്രേക്ഷകരാണ്​ ഭൂരിപക്ഷവുമെങ്കിൽ, എങ്ങനെയാണ്​ നിങ്ങൾക്ക്​ നേരിനെക്കുറിച്ചും നിലവാരത്തിനെക്കുറിച്ചും നിർഭയത്വത്തിനെക്കുറിച്ചുമെല്ലാം ഒച്ചവെക്കാൻ കഴിയുക? അതല്ല, ഇത്തരം കാഴ്ചകളിലൂടെ, ഇത്തരം പ്രേക്ഷകരെയാണ്​ നിങ്ങൾ സൃഷ്​ടിക്കാൻ ശ്രമിക്കുന്നതെങ്കിൽ, അതിനെ മാധ്യമപ്രവർത്തനം എന്നു വിളിക്കാതിരിക്കുകയെങ്കിലും ചെയ്യുക, അത്​ മറ്റൊരുതരം പ്രവർത്തനമാണ്​.

തെരുവിൽ മാത്രമല്ല, ചാനലുകളുടെ ഇത്തരം അഴിഞ്ഞാട്ടങ്ങൾ, സ്​റ്റുഡിയോവിലുമുണ്ട്​. പ്രൈം ടൈം ചർച്ചകളിലെല്ലാം ദിവസങ്ങളായി ഒരേതരം ചോദ്യങ്ങളാണ്​ ആങ്കർമാർ ചോദിക്കുന്നത്​. യാഥാർഥ്യങ്ങളെ മൂടിവെച്ച്​, ​സെൻസേഷനലായ ഒരു അജണ്ട സെറ്റുചെയ്​തുവെച്ച ശേഷം അതിന്റെ
വ്യാഖ്യാനങ്ങളിലേക്ക്​, ചർച്ചക്കെത്തിയവരെ കൊണ്ടുപോകുന്ന രീതി

തെരുവിൽ മാത്രമല്ല, ചാനലുകളുടെ ഇത്തരം അഴിഞ്ഞാട്ടങ്ങൾ, സ്​റ്റുഡിയോവിലുമുണ്ട്​. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രൈം ടൈം ചർച്ചകളിലെല്ലാം ദിവസങ്ങളായി ഒരേതരം ചോദ്യങ്ങളാണ്​ ആങ്കർമാർ ചോദിക്കുന്നത്​. ഈ സംഭവവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളെ മൂടിവെച്ച്​, ​സെൻസേഷനലായ ഒരു അജണ്ട സെറ്റുചെയ്​തുവെച്ച ശേഷം അതിന്റെ
വ്യാഖ്യാനങ്ങളിലേക്ക്​, ചർച്ചക്കെത്തിയവരെ കൊണ്ടുപോകുന്ന രീതി. തങ്ങളുടെ അഭിമാനപ്രശ്​നമെന്ന നിലക്കാണ്​ വിഷയാവതാരകർ ഈ
വിഷയം അവതരിപ്പിക്കുന്നതുതന്നെ. യുക്തിഭദ്രമായ വാദങ്ങൾ നിരത്തുന്ന രാഷ്ട്രീയപ്രവർത്തകരെപ്പോലും ഏകപക്ഷീയമായി അവർ അടിച്ചിരുത്തുന്നു.

‘മുഖ്യമന്ത്രിയുടെ ഓഫീസി’നെ പ്രതിസ്​ഥാനത്തുനിർത്തി നമ്മുടെ ചാനലുകളിൽ നടക്കുന്ന ചർച്ചകൾ അനന്തമായി നീളുന്നത്​ എന്തുകൊണ്ടാണ്​? അവയെ റിസൾട്ടിലേക്ക്​ എത്തിക്കാനുള്ള വിഭവശേഷി ചാനലുകളിലെ മാധ്യമപ്രവർത്തകർക്കില്ല എന്ന്​ വിശ്വസിക്കുന്നത്​ വിഡ്ഢിത്തമായിരിക്കും. പകരം, അവ നീണ്ടുപോകുന്നതാണ്, അവസാനിക്കാതിരിക്കുന്നതാണ്​​ നല്ലത്​ എന്ന ഒരു എഡിറ്റർഷിപ്പ്​ പ്രവർത്തിക്കുന്നുണ്ടെങ്കിലോ?

കേരളം, കോവിഡിന്റെ അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നു​പോകുമ്പോഴാണ്​, വാർത്തയുടെ പേരിലുള്ള ഇത്തരം അസംബന്ധങ്ങൾ എന്നുകൂടി ഓർക്കണം. ചാനൽ വാനുകൾ സ്വപ്​ന സുരേഷിനെ ചേസ്​ ചെയ്യുന്ന സമയത്തുതന്നെയാണ്​ പൂന്തുറയിൽ ഒരു പ്രധാന സംഭവം നടന്നത്​. ഞായറാഴ്​ച കോവിഡ്​ ഡ്യൂട്ടിക്ക്​ പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്​പവൃഷ്ടി നടത്തി നാട്ടുകാർ സ്വീകരിച്ചു. കഴിഞ്ഞദിവസം, ആരോഗ്യപ്രവർത്തകർടക്കുനേരെയുണ്ടായ മോശം പെരുമാറ്റത്തിനുള്ള ഒരു നാടിന്റെ പരിഹാരമായിരുന്നു അത്​. അത്​ കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന്​ മുഖ്യമന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു. സൂപ്പർ സ്പ്രെഡ്​ ഉണ്ടായിട്ടും വ്യാപനത്തെ തടയാൻ കഴിഞ്ഞ ഒരു പൂന്തുറ മാതൃക നമുക്കുണ്ടെന്ന്​ അഭിമാനത്തോടെ പറയാൻ കഴിയണമെന്ന്​ ആരോഗ്യമന്ത്രിയും പ്രതികരിച്ചു. ​കോവിഡ്​ പ്രതിരോധത്തിലെ സവിശേഷമായ ഒരു സാമൂഹിക സന്ദർഭമായിരുന്നു ഇത്​. പകരം, നമുക്ക്​ കാണാൻ കഴിഞ്ഞതോ? എറണാകുളം എൻ.ഐ.എ ഓഫീസിനുമുന്നിൽ ഒരുവിധ നിയന്ത്രണവുമില്ലാതെ, ഉത്തരവാദിത്തരഹിതമായി സംഘംചേർന്ന്​ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസി​ന്റെയും പ്രവർത്തകർ. മാധ്യമങ്ങളെ ഈ കാഴ്ച ഒട്ടും അ​ലോസരപ്പെടുത്തിയില്ല.

നക്​സലൈറ്റായിരുന്ന കാലത്ത്​ കെ​. അജിതയെ പിടികൂടിയശേഷം ജയിലിൽ അവർ ഒരു പാവാടയും ബ്ലൗസും ധരിച്ചു നിൽക്കുന്ന പടം മനോരമ പ്രസിദ്ധീകരിച്ചിരുന്നു. അത്​ അവരെ അപമാനിക്കാനുള്ള പൊലീസിന്റെ
ഗൂഢപദ്ധതിയുടെ ഭാഗവുമായിരുന്നു. കാട്ടിൽ, ആണുങ്ങൾക്കിടയിൽ ഇങ്ങനെയാണ്​ അജിത കഴിഞ്ഞിരുന്നതെന്ന്​ കാണിച്ചുകൊടുക്കാനുള്ള തന്ത്രത്തി​ന്റെ ഭാഗമായിരുന്നു ആ ഫോട്ടോ. എന്നാൽ, അജിതയുടെ വ്യക്തിത്വവും ജീവിതവും ആ പൊലീസ്​ വോയറിസത്തെ അതിജീവിച്ചു. എന്നാൽ, ചാരക്കേസിൽ മറിയം റഷീദക്കും സോളാർ കേസിൽ സരിതക്കും ആ വോയറിസത്തെ അതിജീവിക്കാനായില്ല. കാരണം, പൊലീസിന്റെയും ബ്യൂറോക്രസിയുടെയും രാഷ്​ട്രീയ ഭരണകൂടത്തിന്റെയും ഇവയെയെല്ലാം നിയന്ത്രിക്കുന്ന മൂലധനതാൽപര്യങ്ങളുടെയും ഉപജാപകത്വം ഈ കാലത്തിനിടയിൽ അത്രമേൽ കരുത്താർജിച്ചിരിക്കുന്നു. ഈ ഉപജാപകത്വത്തി​ന്റെ കൺസൽട്ടന്റുമാർ മാത്രമല്ല, അതിന്റെ നടത്തിപ്പുകാർ തന്നെയായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. എഡിറ്റോറിയൽ സ്പേസിനെ യുക്തിഭദ്രമാക്കാനുള്ള ​ഇടപെടൽ ഇനി എന്നാണ്​?


Summary: ചാനലുകളുടെ ‘ചേസിംഗു’കളിൽ അഭിരമിക്കുന്ന എത്ര ശതമാനമുണ്ടാകും നിങ്ങളുടെ പ്രേക്ഷകരിൽ? അത്തരം പ്രേക്ഷകരാണ്​ ഭൂരിപക്ഷവുമെങ്കിൽ, എങ്ങനെയാണ്​ നിങ്ങൾക്ക്​ നേരിനെക്കുറിച്ചും നിലവാരത്തിനെക്കുറിച്ചും നിർഭയത്വത്തിനെക്കുറിച്ചുമെല്ലാം ഒച്ചവെക്കാൻ കഴിയുക?


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments