ഐ.പി.എസ്.എം.എഫിന്റെ (ഇൻഡിപെൻഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ ) ബാംഗ്ലൂർ ഓഫീസിൽ സെപ്റ്റംബർ 7 ന് ബുധനാഴ്ച്ച ഇൻകം ടാക്സ് വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥർ ഒരു "സർവേ " നടത്തുന്നതിനായി എത്തിയിരുന്നു. ഇന്ന് (സെപ്റ്റംബർ 9 ) രാവിലെ 4.30 വരെ അവർ ഓഫീസിൽ ചിലവഴിക്കുകയും ഫൗണ്ടേഷന്റെ രേഖകൾ പരിശോധിക്കുകയും ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. നടപടികളുമായി ഫൗണ്ടേഷൻ സ്റ്റാഫ് പൂർണ്ണമായി സഹകരിച്ചു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. ഓഫിസിലെ മുഴുവൻ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ കൈപ്പറ്റുകയും അവയിലെ വിവരങ്ങൾ പകർത്തിയ ശേഷം, കഴിഞ്ഞ ദിവസം രാത്രി തിരിച്ചു തരികയും ചെയ്തു.
സി.ഇ.ഒ. സുനിൽ രാജശേഖർ ഒഴികെയുള്ള ജീവനക്കാരെ സെപ്റ്റംബർ 7 ന് വൈകീട്ടും രാത്രിയുമായി വീട്ടിൽ പോകാൻ അനുവദിച്ചു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പിറ്റേന്ന് രാവിലെ തിരിച്ചെത്തണമെന്നും നിർദേശിച്ചിരുന്നു. സി.ഇ.ഒ. അന്ന് രാത്രി ഏതാനും മണിക്കൂറുകൾ ഓഫീസിൽ തന്നെയാണ് കിടന്നുറങ്ങിയത്. ദീർഘനേരം നീണ്ടുനിന്ന നടപടിക്രമങ്ങളെ ധീരമായും ആത്മവിശ്വാസത്തോടെയും നേരിട്ടതിന് ഫൗണ്ടേഷൻ സ്റ്റാഫിനെ ഞങ്ങൾ (ബോർഡ് ഓഫ് ട്രസ്റ്റീസ് ) അഭിനന്ദിക്കുന്നു.
സർവേ ജോലികൾക്കിടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ മര്യാദയോടെയാണ് പെരുമാറിയത്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ പൂർണമായും ക്രമപ്രകാരവും സുതാര്യവുമാണ്.
ഇൻകം ടാക്സ് വകുപ്പിന്റെ പരിശോധനയെ വിദേശ ഫണ്ടിങ്ങുമായും , രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നതുമായും ബന്ധപ്പെടുത്തി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫൗണ്ടേഷൻ ഇതുവരെ ഒരു ഘട്ടത്തിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും, മാധ്യമ സ്ഥാപനങ്ങൾക്കു മാത്രമാണ് ഫണ്ട് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സ്വതന്ത്രവും പൊതുതാൽപര്യം ഉയർത്തിപ്പിടിക്കുന്നതുമായ മാധ്യമ പ്രവർത്തനങ്ങളെ സഹായിക്കുകയെന്ന ദൗത്യത്തിലാണ് ഐ.പി.എസ്.എം.എഫ് വിശ്വസിക്കുന്നത്. ആ ദൗത്യം തുടരാനും ഞങ്ങൾ ഉദ്ദേശിക്കുന്നു.