നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ രാഷ്ട്രീയം- 12
മാധ്യമമെന്നാല്‍ നാം കരുതും പോലെ പുറംയാഥാര്‍ത്ഥ്യങ്ങള്‍ കാട്ടിത്തരുന്ന ഒരു ജനാലയല്ല, അതൊരു കണ്ണാടിയാണെന്ന് ചരിത്രകാരനും മാധ്യമ ഗവേഷകനുമായ റോബിന്‍ ജെഫ്രി പറയുന്നു. ലോകയാഥാര്‍ത്ഥ്യത്തെ ചില്ലിന്റെ പ്രകൃതമനുസരിച്ചു പ്രതിഫലിപ്പിക്കുന്ന കണ്ണാടി മാത്രമല്ല മാധ്യമം. അത് നമ്മുടെ തന്നെ പ്രതിബിംബത്തെ നോക്കിരസിക്കാനുള്ള ഒരു വിനോദോപാധി കൂടിയാണ്. നവലിബറല്‍ കാലാവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് ആഗോളതലത്തില്‍ വന്ന മാറ്റങ്ങളിലൊന്ന്, അവ സെല്‍ഫികള്‍ പോലെ, നാം നേരിലറിയുന്ന ലോകത്തെ വാര്‍ത്തകളിലൂടെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. 1990- കള്‍ മുതല്‍ നോക്കിയാല്‍ മലയാള പത്രങ്ങളില്‍ പ്രാദേശികപേജുകള്‍ കൂടിക്കൂടി വരുന്നതുകാണാം. ഇത്തരം വാര്‍ത്തകളിലേക്ക് കൊടിയേറ്റവും നാട്ടുപൂരങ്ങളും ബഹുവര്‍ണച്ചിത്രങ്ങളോടെ പ്രത്യക്ഷപ്പെടുകയും നാടിന്റെ ഒരു സെല്‍ഫി പോലെ ആ വാര്‍ത്തകള്‍ മറ്റു വിഭവങ്ങളേക്കാള്‍ നമ്മുടെ ഇഷ്ടവിനോദമാകുകയും ചെയ്തു.
നവ ലിബറലിസം ആഗോളീകരണമായി ലോകത്തെ നമ്മുടെ ഉമ്മറപ്പടിയില്‍ എത്തിച്ചെന്നവകാശപ്പെടുമ്പോള്‍, മാധ്യമങ്ങളിലാകട്ടെ അന്താരാഷ്ട്രരംഗം കുഞ്ഞിക്കുഞ്ഞു വാര്‍ത്തകളായി തല വലിക്കുകയും സമൂഹത്തിന്റെ അക്ഷര / കാഴ്ചാഭിരുചികള്‍ കൂടുതലായും നാട്ടുവര്‍ത്തമാനങ്ങള്‍ തൊട്ടുനുണയുന്നതിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു. ചരക്കുകള്‍ പുതിയ വാണിജ്യക്കരാറുകളുടെ തുറന്ന വാതിലിലൂടെ ആസ്ട്രേലിയന്‍ ആപ്പിളായോ ജര്‍മന്‍ കാറായോ ഒക്കെ വഴിയോരങ്ങളിലെത്തി ലോകം ഒരൊറ്റ മാര്‍ക്കറ്റായപ്പോള്‍, അതിനുള്ള പ്രതികാരമെന്ന പോലെ മാധ്യമങ്ങളില്‍ പ്രാദേശികത അന്തര്‍ദേശീയതയെ അരികിലേക്ക് ആകാവുന്നത്ര തള്ളി മാറ്റിക്കളഞ്ഞു. ഭൗതികാനുഭവം ആഗോളമാകുമ്പോള്‍ ബൗദ്ധികവിചാരം പ്രാദേശികതയില്‍ മാത്രം ചുറ്റിത്തിരിഞ്ഞാല്‍ മതിയെന്ന ശൈശവശാഠ്യമുള്ളവരാക്കി ഉപഭോക്താക്കളെ മാധ്യമങ്ങള്‍ മാറ്റിയിരിക്കുന്നു.
അമേരിക്കയിലെ ദേശീയ പത്രങ്ങളില്‍ വിദേശ വാര്‍ത്തകള്‍ മുന്‍പേജില്‍ വരുന്നത് 1987 നും 2004 നും ഇടയില്‍ പകുതിയായി കുറഞ്ഞു.
അമേരിക്കയിലെ ദേശീയ പത്രങ്ങളില്‍ വിദേശ വാര്‍ത്തകള്‍ മുന്‍പേജില്‍ വരുന്നത് 1987 നും 2004 നും ഇടയില്‍ പകുതിയായി കുറഞ്ഞു. ഇതേ കാലയളവില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് അവിടെ 50 % ഇടിവുണ്ടായി. ബ്രിട്ടണിലും പ്രധാനപ്പെട്ട നാലു പത്രങ്ങളില്‍ 1979 - 2009 കാലയളവില്‍ അന്തര്‍ദേശീയ വിശേഷങ്ങള്‍ 40% ത്തോളം ഇല്ലാതെയായി.
ലളിതവും രസകരവും ബഹുവര്‍ണാഞ്ചിതവും അനായാസകരവുമായ ബാലമാസികാ വിഭവങ്ങള്‍ക്ക് സമാനമായ വിധത്തില്‍ പ്രാദേശിക കൗതുകങ്ങള്‍ താലോലിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട്, നമ്മിലെ കുട്ടിത്തത്തെ മുതിരാതെ പരിപാലിക്കാനുള്ള ജാഗ്രത മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. കുട്ടികളെ തോളിലിരുത്തി ആനയെഴുന്നള്ളുന്ന ഉത്സവം കാണിക്കുന്ന മുതിര്‍ന്നവരെ പോലെയാണീ മാധ്യമ പ്രവര്‍ത്തനം. തോളില്‍നിന്നിറങ്ങി, പ്രാദേശികതക്കപ്പുറം സ്വന്തം കാലില്‍ സഞ്ചരിച്ച്, ആഘോഷങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കാനുള്ള ത്വരയെ മാധ്യമങ്ങള്‍ നിഷേധിക്കുകയും വാര്‍ത്തകളുടെ സ്ഥിരം രക്ഷാകര്‍ത്തൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉപഭോക്താക്കളിലെ കുട്ടിയെ മാത്രം പരിഗണിക്കുക വഴി ലോകത്തിലേക്കു വളരേണ്ട വിമര്‍ശനബുദ്ധിയെ നിര്‍വീര്യമാക്കിക്കളയുന്നു അവര്‍.
ബഹുജനങ്ങളെ പ്രാദേശിക വാര്‍ത്താ കളിക്കോപ്പുകളുമായി സല്ലപിക്കുന്ന കുട്ടികളായി, വളര്‍ച്ച മുരടിപ്പിച്ചു നിര്‍ത്തുന്ന മാധ്യമനയത്തിന്റെ മനഃശാസ്ത്രത്തെ പറ്റി നോം ചോസ്‌കി എഴുതിയിട്ടുണ്ട്. ലിബറലിസത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് 1930- കളിലുണ്ടായ ബുദ്ധിജീവികൂട്ടായ്മയില്‍ സജീവാംഗമായിരുന്ന പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വാള്‍ട്ടര്‍ ലിപ്മാന്റെ (Walter Lippmann) സാമൂഹ്യ കാഴ്ചപ്പാടുകളെ വിമര്‍ശിച്ച് നോം ചോസ്‌കി ഇപ്രകാരം എഴുതുന്നു: ‘ജനങ്ങള്‍ സ്വന്തമായി ഗൗരവമുള്ള കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരാണെന്ന് ലിപ്മാന്‍ പറയുന്നുണ്ട്. അവര്‍ക്കുവേണ്ടി അത്തരം കാര്യങ്ങള്‍ ബുദ്ധിജീവി വര്‍ഗമാണ് ചെയ്യേണ്ടത്. അതായത് സമൂഹത്തിന്റെ സഹജമായ കഴിവില്ലായ്മ തിരിച്ചറിഞ്ഞ്, ഉത്തരവാദിത്വപ്പെട്ട പ്രത്യേക വര്‍ഗം അവരെ നയിക്കണം എന്നതായിരുന്നു വാള്‍ട്ടര്‍ ലിപ്മാന്റെ ആഹ്വാനം. ജനങ്ങള്‍ക്കു വേണ്ടതെന്തെന്ന് ഇവര്‍ ചിന്തിക്കുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും വേണം. ആശയ വ്യക്തതയില്ലാത്ത സമൂഹമാകട്ടെ, ഭരണവര്‍ഗ്ഗം ചെയ്യുന്നത് ചുമ്മാ കാണുന്നവര്‍ മാത്രമാണ്, അവര്‍ക്കവിടെ പങ്കാളിത്തമൊന്നുമില്ല. എന്നാല്‍ അവര്‍ക്ക് ഒരു ചുമതലയുണ്ട്, പ്രത്യേക വിഭാഗത്തില്‍ നിന്ന് അവരുടെ പ്രതിനിധികള്‍ ആരാകണം എന്നു തീരുമാനിക്കാം അവര്‍ക്ക്. കാരണം ഇത് ജനായത്തമാണ്, ഏകാധിപത്യമല്ല.’
സോഷ്യലിസത്തിനും ജനക്ഷേമ ലിബറലിസത്തിനും എതിരെ ശുദ്ധ ലിബറലിസത്തെ പുനഃപ്രതിഷ്ഠിക്കുന്നതിന് 1938- ല്‍ പാരീസില്‍ 26 ബുദ്ധിജീവികള്‍ ചേര്‍ന്നു നടത്തിയ ആദ്യ സെമിനാറില്‍ പ്രധാന പങ്കാളിയായിരുന്നു വാള്‍ട്ടര്‍ ലിപ്മാന്‍. ഈ യോഗത്തില്‍ വെച്ചാണ് 'നവ ലിബറലിസം' എന്ന പേര് നിര്‍ദ്ദേശിക്കപ്പെടുന്നത്. അന്നത്തെ യോഗം അറിയപ്പെടുന്നതു തന്നെ 'വാള്‍ട്ടര്‍ ലിപ്മാന്‍ കൊളോക്വിയം' എന്നത്രേ.
ജനങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുകയും വിമര്‍ശിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന, സ്വാശ്രിതരായി മാറാന്‍ ഒരിക്കലും അനുവദിക്കാത്തതാണ് നവ ലിബറല്‍ മാധ്യമലോകം. ജനങ്ങളുടെ സ്വയംഭരണശേഷിയെ അത് അംഗീകരിക്കുന്നില്ല. പകരം അവരെ വോട്ടുചെയ്യാനുള്ള പരിമിത അവകാശം മാത്രമുള്ള പൗരസമൂഹമായി മാത്രം നിലനിര്‍ത്തുകയും, ഭരണപരമായ എല്ലാ തീരുമാനങ്ങളും ഒരു ചെറുപക്ഷം, ജനായത്തമെന്ന പേരില്‍ ഏറ്റെടുക്കുന്നതിനുള്ള അന്തരീക്ഷം മാധ്യമത്തിന്റെ രൂപഭാവങ്ങളില്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് വാര്‍ത്താനുഭവം, ദൃശ്യങ്ങളും വാക്കുകളും കൊണ്ടുള്ള കൊഞ്ചിക്കലായി വരിക്കാര്‍ക്ക് അനുഭൂതിദായകം കൂടിയാകുന്നു. വാര്‍ത്തയെന്നത് പ്രസിദ്ധരുടെ മരണമോ തെരഞ്ഞെടുപ്പുവിജയമോ ഏതുമാകട്ടെ അവയുടെ തലക്കെട്ടുകള്‍ തന്നെ വിനോദത്തിന്റെ രുചിയുള്ളതാകണം എന്ന നിര്‍ബ്ബന്ധം ഇന്നു മാധ്യമങ്ങള്‍ക്കുണ്ട്. ഇപ്രകാരം മാധ്യമാനുഭവം ഒരു ലാളനയാക്കുന്നതില്‍ മാധ്യമങ്ങള്‍ ബദ്ധശ്രദ്ധരായതിനാല്‍ നവലിബറല്‍ രാഷ്ട്രീയബന്ധങ്ങളിലേയ്ക്ക് ജനശ്രദ്ധ ചെന്നെത്താവുന്ന അന്തര്‍ദേശീയ വാര്‍ത്തകളെ ആകാവുന്നത്ര കുറയ്ക്കാന്‍ ഇവര്‍ ജാഗരൂകരാണ്.
മറ്റു വിഷയങ്ങളില്‍ കുട്ടിയായിരിക്കുകയും എന്നാല്‍ ധനകാര്യത്തില്‍ നല്ലവണ്ണം മുതിര്‍ന്നിരിക്കുകയും ചെയ്യുന്ന പ്രത്യേക ജനുസ്സാണ് നവ ലിബറല്‍ സമൂഹമനസ്സ്.
ധനകാര്യ സംബന്ധിയായ വിശേഷങ്ങളെ മുമ്പില്ലാത്ത വിധം നമ്മുടെ ശ്രദ്ധയില്‍ തളച്ചിടുക എന്നതാണ് മാധ്യമസ്വഭാവത്തില്‍ നവ ലിബറലിസം വരുത്തിയ മറ്റൊരു ഏച്ചുകെട്ട്. സാമ്പത്തിക വളര്‍ച്ചയുടെ വിശകലനം ഒന്നാം പേജില്‍ ഗ്രാഫ് സഹിതം വരുത്തുക, ഇതു സംബന്ധിച്ച ലോകബാങ്ക് / ഐ.എം.എഫ്. അവലോകനങ്ങള്‍ കൂടെക്കൂടെ മുഖ്യവാര്‍ത്തയാക്കുക, ജി.ഡി.പി. വളര്‍ച്ചയെ തൊട്ടടുത്ത രാഷ്ട്രത്തിലെ മുന്നേറ്റവുമായി താരതമ്യം ചെയ്യുക, ജി.ഡി.പി. വളര്‍ച്ച രാഷ്ട്രത്തിന്റെ സകല ദുരിതങ്ങള്‍ക്കുമുള്ള കണ്‍കണ്ട ഔഷധമാണെന്നു വരുത്തിത്തീര്‍ക്കുക, വളര്‍ച്ച നേടാന്‍ വേണ്ട ഘടനാപരമായ കുറുക്കുവഴികള്‍ ഏതൊക്കെയെന്ന ഒത്താശകള്‍ ജനകീയ ശബ്ദമെന്ന രൂപത്തില്‍ അവതരിപ്പിക്കുക, എഡിറ്റോറിയലിലും ലേഖനങ്ങളിലും സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ആവശ്യകത നിഷ്പക്ഷ ഭാവത്തില്‍ ചൂണ്ടിക്കാട്ടുക, റിസര്‍വ്വ് ബാങ്ക് കാലാകാലങ്ങളില്‍ വരുത്തുന്ന പശിലനിരക്ക് വ്യതിയാനങ്ങളെ ഉറക്കെ പറയുക, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുക, കോര്‍പ്പറേറ്റ് മാനേജര്‍മാരുടെ കോടികളുടെ ശമ്പളം വാര്‍ത്തയാക്കുക ഇങ്ങനെ ധനസംബന്ധിയായ വാര്‍ത്തകള്‍ വിടാതെ നല്‍കി, തങ്ങള്‍ സാമ്പത്തികമാത്ര ജീവികളാണെന്ന ബോധം ആളുകളില്‍ മാധ്യമങ്ങള്‍ സജീവമാക്കി നിര്‍ത്തുന്നു. ഇങ്ങനെ മറ്റു വിഷയങ്ങളില്‍ കുട്ടിയായിരിക്കുകയും എന്നാല്‍ ധനകാര്യത്തില്‍ നല്ലവണ്ണം മുതിര്‍ന്നിരിക്കുകയും ചെയ്യുന്ന പ്രത്യേക ജനുസ്സാണ് നവ ലിബറല്‍ സമൂഹമനസ്സ്.
പരോക്ഷമായി തന്നെ ധനലോഭത്തെ മനുഷ്യന്റെ ഏറ്റവും പ്രബലമായ അടിസ്ഥാന ചോദനയാക്കി ഉറപ്പിക്കുകയും ഈ കളിയില്‍ വിജയിച്ചരുളുന്ന അതിസമ്പന്ന സമൂഹത്തെ മാതൃകാമനുഷ്യരായി ആരാധ്യബിംബമാക്കുകയും ചെയ്യുന്നു മാധ്യമങ്ങള്‍. ലോക സമ്പന്നര്‍, ദേശീയ സമ്പന്നര്‍, പ്രാദേശിക സമ്പന്നര്‍ ഇവരുടെ ആസ്തി വിവരം, അതില്‍ സംഭവിക്കുന്ന ഏറ്റിറക്കങ്ങള്‍ എന്നിവയും ഇന്ന് ആഗോള തലത്തില്‍ തന്നെ മാധ്യമങ്ങളുടെ പ്രിയ വര്‍ത്തമാനങ്ങളാണ്. ധനകാര്യത്തെയും ധനികരെയും പൂജാബിംബങ്ങളാക്കുന്നതിലൂടെ അതിരില്ലാത്ത സാമ്പത്തിക അസന്തുലിതത്വത്തിന്റെ അനുയായിവൃന്ദമാക്കി നമ്മളെ മാധ്യമങ്ങള്‍ മാറ്റുന്നുണ്ട്. സിനിമയില്‍ നായകന്‍ നിരവധി പേരെ മല്ലിട്ട് വിജയശ്രീലാളിതനാകുമ്പോള്‍ കാണികള്‍ അതുമായി താദാത്മ്യപ്പെട്ടു കയ്യടിക്കുന്നതുപോലെ, അംബാനിയോ യൂസഫലിയോ കുതിക്കുന്ന വിശേഷങ്ങള്‍ അറിഞ്ഞ്, ഭാരതീയരായും കേരളീയരായും നമ്മുടെ അന്തരംഗം അഭിമാനപൂരിതമാകുകയും ചോര തിളയ്ക്കുകയും ചെയ്യുന്നതിനു ചൂട്ടുകത്തിക്കുകയാണ് ഇവ. അങ്ങനെ സാമ്പത്തികാന്തരം വര്‍ദ്ധിപ്പിച്ച്, അതിസമ്പന്നരുടെ പരിരക്ഷ വഴിയാണ് ‘ശരിയായ’ സാമൂഹ്യക്ഷേമം എത്തിപ്പിടിക്കാനാവുക എന്ന വ്യക്തികേന്ദ്രീകൃത രാഷ്ട്രീയ സന്ദേശമാണ് ധനകാര്യ വാര്‍ത്തകളുടെ കാതല്‍. അതോടെ ഭരണകൂടത്തിന്റെ കടമ മറ്റൊന്നുമല്ല, ഏതാനും മള്‍ട്ടി ബില്യന്‍ ബിസിനസുകാര്‍ക്ക് ആകാവുന്നത്ര ഇളവുകൊടുത്ത് സര്‍വൈശ്വര്യങ്ങളും രാഷ്ട്രത്തിന് നേടിക്കൊടുക്കുക മാത്രമാണെന്നു പൗരജനങ്ങള്‍ ആവശ്യപ്പെടുന്നതിലേക്ക് മാധ്യമ ബോധനം ഉപകരിക്കുന്നു.
ഇപ്രകാരം, അധികാരം മാധ്യമത്തിന്റെ വേഷത്തില്‍ പൗരസമൂഹത്തില്‍ പരകായപ്രവേശം നടത്തി നവ ലിബറല്‍ സ്വയംഭരണ പ്രവിശ്യകളാക്കി പൗരഹൃദയങ്ങളെ വരുതിയില്‍ നിര്‍ത്തുകയാണിന്ന്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി ദയനീയമാണെന്ന് ആവര്‍ത്തിച്ചു അവതരിപ്പിച്ച്, യാതൊരു ആവശ്യങ്ങളും ഉന്നയിച്ച് പാവം സര്‍ക്കാരിനെ ഒരു വിധത്തിലും വേദനിപ്പിക്കാതിരിക്കാനുള്ള മനസ്സലിവ് പൗരഗണങ്ങളില്‍ ഉണ്ടാക്കുക. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നാരെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍, ‘ഗവണ്‍മെന്റ് എന്തു ചെയ്യും, ഖജനാവില്‍ പണം വേണ്ടേ’ എന്നു പറഞ്ഞ് ഭരണകൂടത്തിന്റെ ‘നിഷ്‌ക്കളങ്ക നിസ്സഹായതയ’യെ വാഴ്ത്തുന്ന മനോഭാവം നിര്‍മ്മിക്കുക... ഇതെല്ലാം മാധ്യമങ്ങള്‍ നാമറിയാതെ നമ്മില്‍ വളര്‍ത്തിയ നവ ലിബറല്‍ 'നന്മ'കളത്രേ. മിഷേല്‍ ഫുക്കോ പറയുന്ന ‘ഗവണ്‍മെന്റാലിറ്റി’ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ മാധ്യമ പ്രവര്‍ത്തനം ഉപകരിക്കുന്നതിലൂടെയാണ് നവലിബറലിസം പ്രബലമായി മാറുന്നത്.
വാര്‍ത്തകളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായി വന്ന പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളാണ് ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍.
ജനായത്തത്തിന്റെ എന്നതിനേക്കാള്‍, അധികാരത്തിന്റെ പേശീബലം പരിപോഷിപ്പിക്കുന്ന ഒരവയവത്തോട് മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള സാമ്യം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പച്ചയായി നവ ലിബറലിസം നമുക്കു കാട്ടിത്തരുന്നുണ്ട്. ലിബറല്‍ സാമ്രാജ്യത്വത്തിന്റെ നാനാവിധ അധിനിവേശോപാധികളില്‍ മുഖ്യമായ ഒന്ന് 1860- കളില്‍ ആരംഭിക്കുന്ന ആഗോള വാര്‍ത്താവിതരണ ശൃംഖലകളായിരുന്നു. ടെലഗ്രാഫിന്റെയും ടെലിപ്രിന്ററിന്റെയും വരവോടെ മാധ്യമരംഗം അധികാരത്തോടും സമ്പത്തിനോടും കൈകോര്‍ത്ത് അധിനിവേശത്തെ ആഗോളതലത്തില്‍ ദൃഢപ്പെടുത്തുന്നതിനുള്ള ഉപാധികളായി മാറി.
മാധ്യമം സാമ്രാജ്യത്വത്തിനു പങ്കായമായി മാറുക മാത്രമല്ല, മാധ്യമം തന്നെ സാമ്രാജ്യത്വമായി അന്നു മുതല്‍ മാറി. കാരണം വാര്‍ത്തകളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായി വന്ന പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളാണ് ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍. ലോകതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ശക്തരായ വാര്‍ത്താ ഏജന്‍സികളാല്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്ത വാര്‍ത്തകളാണ് ആഗോളകരണത്തിന്റെ ആദ്യ അനുഭവവേദ്യ സ്രഷ്ടാക്കള്‍. ഇന്നും യൂറോപ്പിലെ, മുമ്പില്‍ നില്‍ക്കുന്ന 500 കമ്പനികളില്‍ ന്യൂസ് ഏജന്‍സിയായ റോയ്ട്ടേഴ്സിന്റെ സ്ഥാനം 48-ാമതായുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ച്ചേഞ്ചില്‍ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ 12-ാം സ്ഥാനം ഇവര്‍ക്കാണ്. ലോകത്താകെ ദൈനംദിന ധനകാര്യമാര്‍ക്കറ്റ് ഇടപാടുകളുടെ അച്ചുതണ്ടാണ് റോയ്ട്ടേഴ്സ്. 150 ലേറെ രാജ്യങ്ങളില്‍ ഇവര്‍ വാര്‍ത്തകള്‍ വിതരണം ചെയ്യുന്നു.
വാര്‍ത്തകളുടെ കേന്ദ്രീകൃത ഉല്പാദനവും മൊത്തവ്യാപാരവും ബഹുരാഷ്ട്ര ബിസിനസാകുന്ന ഈ ഘട്ടം മുതല്‍ കോളനി സാമ്രാജ്യത്വം വര്‍ദ്ധിത വീര്യമുള്ളതായി തീരുന്നു.
വാര്‍ത്തയെന്നാല്‍ ആധുനികത്വത്തിന്റെ പര്യായമാണ്. എന്താണ് രാഷ്ട്രീയ വിശേഷം എന്നൊരു ആന്തരികാര്‍ത്ഥം വാര്‍ത്ത പേറുന്നുണ്ട്. ദേശീയവാദം, കോളനിത്വം, സാമ്രാജ്യത്വം, അന്താരാഷ്ട്ര മാര്‍ക്കറ്റ് ഇവയെല്ലാം വാര്‍ത്തകളാല്‍ വളര്‍ത്തപ്പെട്ടവയാണ്. ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളായി പ്രവര്‍ത്തിക്കുന്ന വ്യാപാരസംഘടന മാത്രമല്ല, സ്ഥലകാലങ്ങളെപ്പറ്റിയുള്ള അറിവും അനുഭവവും ജനിപ്പിക്കുന്നതില്‍ നിര്‍ണായക സ്വാധീനമായിത്തീരുന്ന വാര്‍ത്തകളെ ചരക്കുവല്‍ക്കരിച്ച് ആഗോളതലത്തില്‍ ബോധത്തെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഗ്ലോബല്‍ ന്യൂസ് ഏജന്‍സികള്‍ നടത്തുന്നതെന്ന് ഒളിവര്‍ ബോയ്ഡ് ബെരറ്റും ടെര്‍ലി റെറ്റനനും പറയുന്നു.
ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷമാണ് ദ്രുതഗതിയില്‍ ഭൂലോക വാര്‍ത്താവിതരണ ശൃംഖലകള്‍ വരുന്നതെന്നതും പഠനാര്‍ഹമാണ്. വാര്‍ത്തകളുടെ കേന്ദ്രീകൃത ഉല്പാദനവും മൊത്തവ്യാപാരവും ബഹുരാഷ്ട്ര ബിസിനസാകുന്ന ഈ ഘട്ടം മുതല്‍ കോളനി സാമ്രാജ്യത്വം വര്‍ദ്ധിത വീര്യമുള്ളതായി തീരുന്നു. പാശ്ചാത്യ സാമ്രാജ്യങ്ങള്‍ കൈകള്‍കോര്‍ത്ത ആഫ്രിക്കന്‍ അധിനിവേശമെന്ന രണ്ടാം കോളനിവല്‍ക്കരണത്തിനു തുണയായിത്തീരുന്നതിനും, ഈ കൂട്ടുകെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനും, കോളനിവല്‍ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും, ഭിന്നിപ്പിക്കുന്നതിനും വാര്‍ത്താഏജന്‍സി കമ്പനികള്‍ വലുതായ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം അന്താരാഷ്ട്ര വാര്‍ത്താവിതരണത്തിലെ സാമ്രാജ്യത്വ കുത്തകക്കെതിരെ -സാംസ്‌ക്കാരികമായ അധിനിവേശ രൂപങ്ങള്‍ക്കെതിരെ- 1960 കള്‍ മുതല്‍ മൂന്നാംലോക രാഷ്ട്രങ്ങള്‍ പ്രതികരിച്ചത്.
ജനസമ്മതി പിടിച്ചുപറ്റുന്നതിനുള്ള വശ്യമായ വാക്ചാതുരിയും ചേഷ്ടാവിലാസങ്ങളും പ്രത്യക്ഷമാക്കുന്നതിനുള്ള ഭരണകൂടവേദിയാണ് മുഖ്യധാരാ മാധ്യമം. ജനസമ്മതിക്കുവേണ്ടിയുള്ള ഭരണകൂടത്തിന്റെ പ്രണയഭാഷയാണത്.
നിരന്തരമായി നടന്ന ഈ പ്രക്ഷോഭത്തിന്റെ ഫലമായി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വാര്‍ത്താധിപത്യത്തെ പൊളിച്ചെഴുതുന്നതിന് ചേരിചേരാപ്രസ്ഥാനം, 1970- ല്‍ കൂടിയ 16 -ാമത് യുനെസ്‌കോ കോണ്‍ഗ്രസില്‍ അസമത്വരഹിതമായ ബദല്‍ വാര്‍ത്താ വിതരണ സംവിധാനത്തിന്റെ ആവശ്യകത അവതരിപ്പിച്ചു. 1974 ആയപ്പോള്‍ ‘ന്യൂ വേള്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓര്‍ഡര്‍’ എന്ന പേരില്‍ ഈ ബദല്‍ സാംസ്‌കാരിക സമീപനം മൂന്നാംലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള അന്താരാഷ്ട്ര നയത്തിന്റെ ഭാഗമായി തീര്‍ന്നു. തുടര്‍ന്ന് ലോകതലത്തില്‍ മാധ്യമരംഗത്തു നിലനില്‍ക്കുന്ന അസമത്വവും അനീതിയും അവസാനിപ്പിക്കുന്നതിന്, ഇതേപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്താരാഷ്ട്ര പ്രശസ്തനായ ഐറിഷ് രാഷ്ട്രീയ നേതാവും നോബല്‍ സമ്മാന ജേതാവുമായ സിയാന്‍ മാക്ബ്രൈഡ് (Seán MacBride ) അധ്യക്ഷനായി ഒരു കമ്മറ്റി യുനെസ്‌കോ രൂപികരിച്ചു.
രണ്ടാം ലോകയുദ്ധത്തിനും സ്വാതന്ത്ര്യപ്രാപ്തിക്കുംശേഷം പാശ്ചാത്യ സാമ്രാജ്യങ്ങളുടെ മാധ്യമക്കോയ്മക്കെതിരെ 20 വര്‍ഷമെങ്കിലും അന്താരാഷ്ട്ര സാംസ്‌ക്കാരിക വേദിയായ യുനെസ്‌കോയില്‍ നടത്തിയ ഏറ്റുമുട്ടലിന്റെ പരിണത ഫലമായിരുന്ന സിയാന്‍ മാക്ബ്രൈഡിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ‘പല ശബ്ദം, ഒരു ലോകം’ എന്ന ആഗോള മാധ്യമ (വിമര്‍ശന ) ചരിത്ര റിപ്പോര്‍ട്ട്. 1980- ല്‍ വെളിച്ചം കണ്ട ഈ രേഖ, അധികാരവും മാധ്യമങ്ങളും തമ്മിലുള്ള ആജന്മഅവിഹിതത്തെ തുറന്നുകാട്ടുകയും, മൂന്നാംലോക സ്വയംനിര്‍ണയത്തിന്റെ മുഖ്യോപാധികളില്‍ സുപ്രധാനമായി മാധ്യമാധിനിവേശത്തില്‍ നിന്നുള്ള സാംസ്‌ക്കാരിക വിമോചനത്തെ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, ചേരിചേരാ രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സാമ്രാജ്യത്വ വാര്‍ത്താ ഏജന്‍സികള്‍ക്കെതിരെ, സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വാര്‍ത്താവിനിമയത്തിന്റെ ഒരു മൂന്നാംലോക കൂട്ടായ്മക്ക് 1974- ല്‍ രൂപം കൊടുക്കുകയും അത് 1990 വരെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, രാഷ്ട്രാന്തര വാര്‍ത്താവിനിമയ നീതി നടപ്പിലാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ച യുനെസ്‌കോ മാധ്യമ റിപ്പോര്‍ട്ട് പ്രയോഗത്തില്‍ വരുത്താന്‍ അമേരിക്കയും ബ്രിട്ടനും വിസമ്മതിച്ചുവെന്നു മാത്രമല്ല, ലോകാധിപത്യത്തിന്റെ എന്നത്തെയും തമ്പുരാക്കള്‍ യുനെസ്‌ക്കോയില്‍ നിന്നുതന്നെ അവരുടെ അംഗത്വം 1983- ല്‍ പിന്‍വലിച്ച് അന്തര്‍ദേശീയ മാധ്യമ സമത്വത്തിനായുള്ള ഉണര്‍വിനെ ഞൊടിയിടയില്‍ ഞെരിച്ചമര്‍ത്തുകയും ചെയ്തു.
നിഷ്പക്ഷതയുടെ ഒരു പീഠത്തില്‍ നിന്നുകൊണ്ട്, മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന പ്രതീതി സമൂഹത്തില്‍ നിലനിര്‍ത്തുന്നതിലുള്ള ജാഗ്രതയിലാണ് മാധ്യമങ്ങളുടെ മിടുക്ക് മുഴുവന്‍ പ്രകടമാകുന്നത്.
അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് യുനെസ്‌ക്കോയില്‍ നിന്ന് പിന്മാറുന്നതും അതുവഴി മാധ്യമാധിനിവേശത്തിനെതിരെയുള്ള മൂന്നാംലോക മുന്നേറ്റത്തെ അട്ടിമറിച്ചതും വിരല്‍ചൂണ്ടുന്നത് മറ്റൊന്നുമല്ല, വാര്‍ത്തകളുടെ നിര്‍മ്മാണ കുത്തകയുണ്ടെങ്കിലേ പ്രച്ഛന്നവും അതിസൂക്ഷ്മവുമായ അധികാര പ്രയോഗം സാധ്യമാകൂ എന്നതാണ്. ജനായത്തത്തിന്റെ നാരായവേര് പൗരസമൂഹത്തിന്റെ സമ്മതിദാനമാണ്. ജനസമ്മതി പിടിച്ചുപറ്റുന്നതിനുള്ള വശ്യമായ വാക്ചാതുരിയും ചേഷ്ടാവിലാസങ്ങളും പ്രത്യക്ഷമാക്കുന്നതിനുള്ള ഭരണകൂടവേദിയാണ് മുഖ്യധാരാ മാധ്യമം. ജനസമ്മതിക്കുവേണ്ടിയുള്ള ഭരണകൂടത്തിന്റെ പ്രണയഭാഷയാണത്. 1960- കള്‍ മുതലുള്ള അമേരിക്കന്‍ ആക്രമണങ്ങളെ - വിയറ്റ്നാം, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്രനേഡ്, പനാമ, ഇറാക്ക്, അഫ്ഗാന്‍ - ജനസമ്മതിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ അവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ വഹിച്ച സേവനങ്ങളെ ജെയിംസ് കുറന്‍ എടുത്തുപറയുന്നത് ഉദാഹരണമായി കാണാം. അധിനിവേശത്തെ പിന്തുണയ്ക്കുകയും ഭരണകൂടവുമായി താദാത്മ്യപ്പെടുകയും ചെയ്യുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ ഒരുവിധത്തിലും സ്വയംഭരണ സ്ഥാപനങ്ങളല്ല എന്നും അദ്ദേഹം പറയുന്നു. ഇതിന്റെ അര്‍ത്ഥം മാധ്യമങ്ങള്‍ അധികാരത്തെ വിമര്‍ശിക്കുന്നില്ല എന്നല്ല. വിശാലമായ ഒരു മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടത്തോട് എത്രമാത്രം അകലം പാലിക്കുന്നുണ്ട് മാധ്യമങ്ങള്‍ എന്നതാണ് കാര്യം. അധികാരത്തിനും പൗരസഞ്ചയത്തിനും ഇടയില്‍, നിഷ്പക്ഷതയുടെ ഒരു പീഠത്തില്‍ നിന്നുകൊണ്ട്, മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന പ്രതീതി സമൂഹത്തില്‍ നിലനിര്‍ത്തുന്നതിലുള്ള ജാഗ്രതയിലാണ് മാധ്യമങ്ങളുടെ മിടുക്ക് മുഴുവന്‍ പ്രകടമാകുന്നത്.
മാധ്യമരംഗത്ത് സാങ്കേതികവിദ്യ കൂടതല്‍ സങ്കീര്‍ണവും കേന്ദ്രീകൃതവും മൂലധനാധിഷ്ഠിതവുമാകുന്തോറും അവ ജനകീയവും ജനയാത്തപരവുമാണെന്ന വ്യാമോഹം സൃഷ്ടിക്കപ്പെടുന്നതിനുതകുന്നു. ടി.വി ഷോകളിലെ ഫോണ്‍ -ഇന്‍ പരിപാടികളും ബഹുജന ഗാലറി സംവാദങ്ങളും റിയാലിറ്റി ഷോകളും സാമൂഹ്യമാധ്യമങ്ങളിലെ ആവിഷ്‌ക്കാര സ്വതന്ത്രലോകവുമെല്ലാം ജനായത്ത ആഘോഷത്തിമര്‍പ്പുകളായും ജനാധികാര മാധ്യമശബ്ദമായും വിലയിരുത്താമെങ്കിലും, പരമാത്മാവിനെ പോലെ എല്ലാമറിയുന്ന അരൂപിയും സര്‍വ്വശക്തനുമായ പബ്ലിഷറുടെ അധികാര ബാന്ധവത്തിന് ദഹിക്കാത്തവയെല്ലാം ആ ബഹുസ്വരസ്വര്‍ഗത്തില്‍ നിന്നും തല്‍ക്ഷണം റദ്ദാക്കപ്പെടും. പത്രസ്വാതന്ത്ര്യമെന്നാല്‍, അത് അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഉടമയുടെ മാത്രം സ്വാതന്ത്ര്യമായി കരുതിയാല്‍ മതിയെന്ന് ഒരമേരിക്കന്‍ പത്രപ്രവര്‍ത്തന്‍ ചൂണ്ടിക്കാട്ടിയത് ഫെയ്സ് ബുക്ക് നല്ലവണ്ണം പ്രാവര്‍ത്തികമാക്കുന്നുണ്ടല്ലോ. അതിനാല്‍ ചോദ്യമിതാണ്: പൊതുജന മുന്‍കൈ സാക്ഷാത്കൃതമായ സാമൂഹ്യമാധ്യമയുഗത്തില്‍ അതിനൊത്ത് ജനായത്തം പ്രബലമാകുന്നുണ്ടോ?
കാരണം, നവ ലിബറലിസം അതിന്റെ ആഗോളവല വിരിക്കുന്നത് ഉപഗ്രഹ സംപ്രേക്ഷണ വിദ്യയും തുടര്‍ന്ന് ഇന്റര്‍നെറ്റ് ശൃംഖലകളും വാര്‍ത്താവിനിമയത്തില്‍ നവതരംഗം തീര്‍ക്കുന്നതിനൊപ്പമത്രേ. ബ്രിട്ടീഷ് ഇന്ത്യയില്‍ റെയില്‍ ഗതാഗതം വന്നപ്പോള്‍, ചരക്കുകടത്ത് സുഗമമായതിനൊത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെട്ടുവെന്നാണ് കരുതിയിരുന്നതെങ്കില്‍, അധിനിവേശഭരണം റെയില്‍വേ സംവിധാനത്തെ ജനക്ഷേമകരമാക്കി ഉപയുക്തമാക്കുകയല്ല ചെയ്തത്. പകരം, മുക്കിലും മൂലയിലുമുള്ള ധാന്യങ്ങള്‍ വേഗത്തില്‍ സംഭരിച്ച്, അവ തീവണ്ടികളില്‍ കയറ്റി, തുറമുഖങ്ങളില്‍ സമാഹരിച്ച് ഇംഗ്ലണ്ടിലേക്കും മറ്റും കയറ്റുമതി ചെയ്തതോടെ, ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും പണ്ടത്തേതിനേക്കാള്‍ വഷളായി തീര്‍ന്നു ഇവിടെ. 1980- കള്‍ മുതല്‍ നവ ലിബറല്‍ അരിയിട്ടുവാഴ്ചക്കൊപ്പം, ഉണ്ണിക്കണ്ണനെപ്പോലെ വാ തുറന്നെത്തിയ മുപ്പത്തുമുക്കോടി ചാനലുകളുടെയും ഇന്റര്‍നെറ്റ് മാധ്യമ വൈവിധ്യ ഘോഷയാത്രയുടെയും ദശകങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കാണാം, ഇന്ത്യന്‍ ക്ഷാമകാല ഫോട്ടോകളിലെ എല്ലുന്തിയ മനുഷ്യരൂപങ്ങള്‍ക്കുതുല്യം ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ജനായത്തം അത്യന്തം അവശനിലയിലാണെന്ന്.
ഇന്ത്യന്‍ സമൂഹത്തിന്റെ പഞ്ചേന്ദ്രിയങ്ങള്‍ നവ ലിബറല്‍ മതാധിപത്യ വാഴ്ചയുടെ വ്യാജചരക്കുകള്‍ മാത്രം ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങളായി മാറുകയാണ്.
ഇന്ത്യയില്‍ നവലിബറല്‍ പ്രത്യയശാസ്ത്രവും മതാധിപത്യ രാഷ്ട്രീയവും ചടുലമാകുന്നത് ദൃശ്യമാധ്യമങ്ങള്‍ വീടുവിടാന്തരം കയറിക്കൂടുന്നതിന്റെ താളത്തിനൊപ്പിച്ചാണല്ലോ. 1992- ല്‍ ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ കളര്‍ വീഡിയോ അന്നുമുതല്‍ പലകുറി നാം കാണുന്നു എന്നതൊഴികെ, അത്തരം ദൃശ്യങ്ങള്‍ ഇന്ത്യന്‍ ജനായത്തത്തെ എത്രമാത്രം മുമ്പോട്ടു കൊണ്ടുപോയി? നേരേ പിടിച്ചാല്‍ കൊല്ലാന്‍ വരുന്ന മുഖത്തിന്റെ പടം, തലതിരിച്ചു നോക്കിയാല്‍ പാല്‍പ്പുഞ്ചിരി തൂകുന്ന ചിത്രരചനാ കൗശലം പോലെ, കുറ്റവാളി അരക്ഷണത്തില്‍ രാഷ്ട്രസ്നേഹിയായി മാറ്റപ്പെടുമ്പോള്‍ ന്യൂസ് വീഡിയോ ആര്‍ക്കൈവുകള്‍ അയാളുടെ കാല്‍ക്കല്‍ പൂജാപുഷ്പങ്ങളായി മാറുന്നു. സമൂഹമനസ്സിനെ, ഒരിക്കലും ഒത്തുചേരാത്ത പലതരം പരിഷ്‌കൃത ഗോത്രങ്ങളായി -ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ള സാംസ്‌ക്കാരിക ഹിംസാലുക്കളായി- ഛിന്നഭിന്നമാക്കുന്നതില്‍ നവ (ലിബറല്‍) മാധ്യമങ്ങളുടെ മിടുക്ക് അവയുടെ എല്ലാ വിമോചക മുഖങ്ങളെയും നിഷ്പ്രഭമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം, ലൈക്കു കൂടുന്നതിനൊത്ത് വാര്‍ത്ത വൈറലാക്കുന്ന ശൈലി എന്നിങ്ങനെ പലതരം ഫെയ്സ്ബുക്ക് ഘടന തന്നെ, സത്യം, ന്യായം, നീതി എന്നിവയെ തെളിവിന്റെ ഒരു പൊടി പോലും അവശേഷിപ്പിക്കാതെ ഒരിക്കലും കണ്ടെത്താനാവാത്തവിധം കുഴിച്ചുമൂടുന്നതിനുള്ള അതിന്റെ നവ വൈഭവത്തിന്റെ തെളിവല്ലേ? സര്‍വ്വവ്യാപിയായ ഇത്തരം മാധ്യമ പരമാത്മാക്കള്‍ക്ക് ആകെയുള്ള ലക്ഷ്യം അവരുടെ വാണിജ്യ സാന്നിദ്ധ്യത്തെ പൂട്ടിക്കാത്ത ഏകാധിപത്യ ഭരണകൂടങ്ങളെ താങ്ങി നിര്‍ത്തുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.
ഇന്ത്യയില്‍ ന്യൂഡല്‍ഹി ടെലിവിഷന്‍ ചാനലിന്റെ (എന്‍.ഡി.ടി.വി ) 1980-കള്‍ മുതല്‍ ഇങ്ങോളമുള്ള ചരിത്രം പരിശോധിച്ചാല്‍, മാധ്യമവും അധികാരവും നവലിബറല്‍ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയും തമ്മില്‍, ഒന്നു മറ്റൊന്നായി ലയിച്ചുചേരുന്ന പ്രതിഭാസം അത്രമേല്‍ സ്വാഭാവികമായിരിക്കുന്നു. ദൂരദര്‍ശനുവേണ്ടി പ്രോഗ്രാമുകള്‍ കരാറെടുത്ത്, പിന്നീട് വഴിവിട്ട അധികാര ബന്ധങ്ങള്‍ വഴിയും മാധ്യമരംഗത്തെ ഉദാരവല്‍ക്കരണ ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയും സാമ്രാജ്യമായി മാറിയ എന്‍. ഡി.ടി.വിയെ ഇന്ന് അദാനി കോര്‍പ്പറേഷന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഇന്ത്യന്‍ സമൂഹത്തിന്റെ പഞ്ചേന്ദ്രിയങ്ങള്‍ നവ ലിബറല്‍ മതാധിപത്യ വാഴ്ചയുടെ വ്യാജചരക്കുകള്‍ മാത്രം ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങളായി മാറുകയാണ്. മാധ്യമത്തിന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ അവയവങ്ങളിലും അതിന്റെ സര്‍ക്യൂട്ടുകളിലും വിവേകത്തിലും സര്‍ഗാത്മകതയിലും കോര്‍പ്പറേറ്റിസം നാലുനേരം തീറ്റയായി കൊടുക്കാതെ നവലിബറലിസം ഒരു നിമിഷം ജീവിക്കില്ല.
(തുടരും)