സംഘ് ഭക്തിയില്‍ സുഖശയനം ചെയ്യുന്ന മലയാള ടെലിവിഷന്‍ ജേണലിസം

പാചകവാതകവിലയെ മുന്‍നിര്‍ത്തി നിരക്ഷരരായ ഗ്രാമീണസ്ത്രീകള്‍പോലും ഉന്നയിച്ച ഭരണകൂടവിമര്‍ശനം രാജ്ദീപ് സര്‍ദേശായയിലൂടെ നമ്മള്‍ കേള്‍ക്കുകയുണ്ടായി. ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങളൊന്നും കാണാനോ കേള്‍ക്കാനോ നമ്മുടെ സ്വന്തം മാധ്യമപുംഗവന്മാര്‍ക്ക് കണ്ണും കാതുമില്ല.

ര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിനുകാരണം സംസ്ഥാനത്തെ ജാതിസമവാക്യങ്ങളിലുണ്ടായ മാറ്റമാണെന്ന് ലാഘവത്തോടെ വിലയിരുത്തുന്ന മലയാളം ടെലിവിഷന്‍ ചാനലുകളുടെയും അവരുടെ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയനിരീക്ഷകരുടെയും (രാഷ്ട്രീയനിരക്ഷരര്‍!) ബൗദ്ധികനിലവാരം സഹതാപാര്‍ഹമാണെങ്കിലും അതിനുപിന്നിലുള്ള അപായകരമായ സംഘപരിവാര പക്ഷപാതിത്വവും കാണാതിരുന്നുകൂടാ.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സര്‍ക്കാരുകളുടെ ജനാധിപത്യവിരുദ്ധ നടപടികളും കോര്‍പ്പറേറ്റുകളുമായുള്ള പങ്കാളിത്തവും കോടികളുടെ അഴിമതികളും വര്‍ഗ്ഗീയതയും മനുഷ്യാവകാശലംഘനങ്ങളും വിലക്കയറ്റവും അക്രമാസക്തമായ അസഹിഷ്ണുതാപ്രകടനങ്ങളും മൂലം പൗരര്‍ അനുഭവിക്കുന്ന ദുരിതങ്ങളുമൊന്നുമല്ല, ജാതിസമവാക്യങ്ങളാണ് തിരഞ്ഞടുപ്പിനെ നിര്‍ണ്ണയിച്ചതെന്ന മലയാളം ടെലിവിഷന്‍ ചാനലുകളുടെ തത്സമയ നിരീക്ഷണം ജനങ്ങളുടെ, വോട്ടര്‍മാരുടെ വിവേചനശേഷിയെ അപഹസിക്കുന്നതും ഭരണകൂടപാതകങ്ങളെ മറച്ചുവെക്കുന്നതുമാണ്. നിരുപാധികമായ സംഘപരിവാര വിധേയത്വമല്ലെങ്കില്‍ ചിലപ്പോഴത് സാമൂഹിക നിരക്ഷരതയുമാവാം. തിരഞ്ഞെടുത്ത സര്‍ക്കാരിനുകീഴില്‍ തങ്ങളനുഭവിക്കുന്ന ദുരിതങ്ങളെ മുന്‍നിര്‍ത്തിയല്ല, ജാതിസമവാക്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസൃതമായാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ജനങ്ങള്‍ വോട്ടിലൂടെ പുറത്താക്കുന്നതെന്ന ഈ വാദവും ജനവിരുദ്ധമാണ്. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ന്യായീകരിക്കുവാനും പ്രീണിപ്പിക്കുവാനുമുള്ള പരിഹാസ്യശ്രമമാണ് മാധ്യമങ്ങളുടേതെന്ന് വ്യക്തം.

ജാതിബോധവും മതവികാരവും വര്‍ഗ്ഗീയതയുമെല്ലാം മുതലെടുക്കുവാന്‍ഈ തിരഞ്ഞെടുപ്പിലും ബിജെപിയാണ് ശ്രമിച്ചതെന്ന വാസ്തവവും അവര്‍ മൂടിവെക്കുന്നു. ഒരു വിഭാഗമാളുകള്‍ ആരാധിക്കുന്ന ഇതിഹാസ കഥാപാത്രമായ ഹനുമാന്റെ പേരിലും ചരിത്രപുരുഷനും വിവാദനായകനുമായ ടിപ്പു സുല്‍ത്താന്റെ പേരിലും വര്‍ഗ്ഗീയധ്രുവീകരണമുണ്ടാക്കുവാന്‍ ബിജെപി നടത്തിയ പരസ്യപ്രചരണങ്ങള്‍ക്കേറ്റ തിരിച്ചടികൂടിയാണ് ഈ പരാജയം. കര്‍ണ്ണാടകയിലുണ്ടായ ബിജെപി വിരുദ്ധ വികാരത്തിന്റെ കാരണം സമഗ്രാധിപത്യസ്വാഭാവമുള്ള ബിജെപിയുടെ അഴിമതിനിറഞ്ഞ ദുര്‍ഭരണത്തോടുള്ള സാധാരണക്കാരുടെ പ്രതിഷേധമായിരുന്നുവെന്ന് തിരിച്ചറിയാനുള്ള സാമൂഹികബോധം നിര്‍ഭാഗ്യവശാല്‍ ആള്‍ദൈവ പദവിപോലും ആര്‍ജ്ജിച്ചുകഴിഞ്ഞ കേരളത്തിലെ ടെലിവിഷന്‍ ആങ്കര്‍മാര്‍ക്കില്ലാതെപോയി. ദര്‍ഹിയില്‍നിന്നു വന്ന ഇന്ത്യാ ടുഡേ പോലുള്ള ദേശീയമാധ്യമങ്ങളുടെ ജേര്‍ണലിസ്റ്റുകള്‍ക്കും അവര്‍ക്കുവേണ്ടി സര്‍വ്വേ നടത്തിയ ഏജന്‍സികള്‍ക്കുപോലും നേരത്തേ കാണാന്‍ കഴിഞ്ഞ, സാധാരണ മനുഷ്യരുടെ മനോഭാവവും നിലപാടും എന്തുകൊണ്ട് കര്‍ണ്ണാടകത്തിന്റെ തൊട്ടയല്‍പക്കമായ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസിലാക്കാനാവുന്നില്ല? പാചകവാതകവിലയെ മുന്‍നിര്‍ത്തി നിരക്ഷരരായ ഗ്രാമീണസ്ത്രീകള്‍പോലും ഉന്നയിച്ച ഭരണകൂടവിമര്‍ശനം രാജ്ദീപ് സര്‍ദേശായയിലൂടെ നമ്മള്‍ കേള്‍ക്കുകയുണ്ടായി. ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങളൊന്നും കാണാനോ കേള്‍ക്കാനോ നമ്മുടെ സ്വന്തം മാധ്യമപുംഗവന്മാര്‍ക്ക് കണ്ണും കാതുമില്ല. സാമൂഹികബോധമോ മനുഷ്യപ്പറ്റോ ജനാധിപത്യമര്യാദകളോ ഇല്ലാത്ത, തീര്‍ത്തും നിരുത്തരവാദപരമായ ഒരു ജേര്‍ണലിസമാണ് കേരളത്തിലിപ്പോള്‍ ആധിപത്യംപുലര്‍ത്തുന്നതെന്നതാണ് അതിനുത്തരം.

ഇപ്പോള്‍ കേരളം ഭരിക്കുന്നത് തങ്ങള്‍ക്കിഷ്ടമില്ലാത്ത ഇടതുപക്ഷ സര്‍ക്കാരായതിനാല്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിജെപിയുടെ കേരളത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ സംഗീതംപോലെ ആസ്വാദ്യകരമായിത്തോന്നുന്നുണ്ടാവണം. ആത്മാഭിമാനമുള്ള മലയാളികള്‍ പക്ഷെ, ഈ ആഭാസം കണ്‍തുറന്ന് കാണുന്നുണ്ട്

പല പേരുകളിലുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ അക്രമാസക്തമായ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട വര്‍ഗ്ഗീയവിദ്വേഷത്തിലൂടെയാണ് കര്‍ണ്ണാടകയില്‍ ബിജെപി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുറപ്പിച്ചത്. ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുവാന്‍ പരിശ്രമിക്കുന്ന ബിജെപിയും ആര്‍.എസ്.എസും അവയുടെ വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ മുഖ്യ പരീക്ഷണശാലയായിക്കരുതുന്ന കര്‍ണ്ണാടകം പക്ഷെ, നമ്മളെല്ലാം ഭയപ്പെട്ടിരുന്നതുപോലെ പൂര്‍ണ്ണമായും വര്‍ഗ്ഗീയധ്രുവീകരണത്തിന് വിധേയമായിട്ടില്ലെന്നതിന്റെ തെളിവാണ് ബിജെപിയുടെ തിരഞ്ഞെടുപ്പു പരാജയം. അഥവാ ദേശീയപ്പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയം. ഓപ്പറേഷന്‍ കമല എന്ന പേരില്‍ കുപ്രസിദ്ധമായ അട്ടിമറികളിലൂടെ, നാമമാത്ര ഭൂരിപക്ഷത്തിലൂടെ അധികാരത്തിലേറുന്ന സര്‍ക്കാരുകളെ അട്ടിമറിച്ച് ഭരണം കൈക്കലാക്കാന്‍ മടിയില്ലെന്ന് കര്‍ണ്ണാടകം ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും തെളിയിച്ചുകഴിഞ്ഞ ബിജെപിക്ക് ഇക്കുറി അതിനുള്ള സാദ്ധ്യതക്ക് പഴുതില്ലാത്ത വലിയ ഭൂരിപക്ഷമാണ് കര്‍ണ്ണാടകയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയത്. ഈ വിജയം കോണ്‍ഗ്രസിന് നേടിക്കൊടുത്തത് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും അതിന്റെ വിലക്കയറ്റംപോലുള്ള ജനേേദ്രാഹനയങ്ങള്‍ക്കുമെതിരായ മഹാഭൂരിപക്ഷം സാധാരണക്കാരുടെ പ്രതിഷേധമാണെന്ന് അംഗീകരിക്കുവാന്‍ മാധ്യമങ്ങള്‍ ഭയപ്പെടുകയാണ്. ജാതി സമവാക്യങ്ങളിലെ മാറ്റമല്ല, മാറിയ ജനവികാരത്തിന്റെ പ്രതിഫലമാണ് കര്‍ണ്ണാടകയിലുണ്ടായ രാഷ്ട്രീയമാറ്റത്തിനുകാരണം.

ബിജെപി വിജയിച്ചില്ലെങ്കില്‍ കര്‍ണ്ണാടകം കേരളത്തെപ്പോലെയാകുമെന്ന അമിത്ഷായുടെ ദുരര്‍ത്ഥസൂചകമായ പ്രസംഗത്തോടുപോലും മലയാളമാദ്ധ്യമങ്ങള്‍ക്ക് പ്രതിഷേധമുണ്ടായില്ല.

രാജ്യത്തിന്റെ രക്ഷകനായ ഒരതിമാനുഷനായി ബിജെപി ബിംബവല്‍ക്കരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ആഭ്യന്തരമന്ത്രി അമിത് ഷായും കര്‍ണ്ണാടകത്തിലുടനീളം നടത്തിയ തിരഞ്ഞെടുപ്പു റാലികളുടെയും മുഖ്യലക്ഷ്യം വര്‍ഗ്ഗീയ ധ്രുവീകരണമായിരുന്നുവെന്നോര്‍ക്കുക. മതവികാരമുണര്‍ത്തുന്ന പ്രചരണങ്ങളിലൂടെ വോട്ട് തേടുന്നത് അയോഗ്യതയായി അംഗീകരിച്ച തിരഞ്ഞെടുപ്പു കമ്മിഷന്‍ പക്ഷെ, പ്രധാനമന്ത്രി മോദിയുടെ ബജ്‌റംഗ് ബലി കീ ജയ് വിളിയും അതേക്കുറിച്ച് നടത്തിയ പ്രസംഗങ്ങളും ഒരു പ്രത്യേക വിഭാഗത്തിന്റെ മതവികാരത്തെ ഉത്തേജിപ്പിക്കുവാനായിരുന്നു എന്ന വാസ്തവത്തിന് നേരെ കണ്ണടയ്ക്കുകയായിരുന്നു. മാധ്യമങ്ങളും ബോധപൂര്‍വ്വം അത് കണ്ടില്ലെന്നു നടിച്ചു. മുസ്ലീം വിഭാഗത്തെ പൊതുശത്രുവായി ഉയര്‍ത്തിക്കാട്ടുവാനും കേരളത്തെ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വിളനിലമായി ചിത്രീകരിക്കുവാനുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ഹിന്ദുത്വ പ്രൊപ്പഗാന്‍ഡാ സിനിമയെ ന്യായീകരിച്ച് സംസാരിച്ചതും കര്‍ണ്ണാടക തിരഞ്ഞെടുപ്പുവേളയിലാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു ഭാഷാസംസ്ഥാനത്തെ, തങ്ങളുടേതില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം പിന്തുടരുന്നുവെന്നതിനാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ശത്രുരാജ്യത്തെയെന്നപോലെ ആക്രമിക്കുന്നത് ചരിത്രത്തിലാദ്യമായിരിക്കും. ഫെഡറലിസത്തോടുള്ള ബഹുമാനം പോകട്ടെ, ഇന്ത്യന്‍ പൗരനുണ്ടായിരിക്കേണ്ട സാമാന്യമര്യാദയെങ്കിലും ജനങ്ങള്‍ ഭരണാധികാരികളില്‍നിന്ന് പ്രതീക്ഷിക്കുക സ്വാഭാവികമാണ്. മാധ്യമങ്ങള്‍ പക്ഷെ, അതുപോലും പ്രതീക്ഷിക്കുന്നില്ല.

ബിജെപി വിജയിച്ചില്ലെങ്കില്‍ കര്‍ണ്ണാടകം കേരളത്തെപ്പോലെയാകുമെന്ന അമിത്ഷായുടെ ദുരര്‍ത്ഥസൂചകമായ പ്രസംഗത്തോടുപോലും മലയാളമാദ്ധ്യമങ്ങള്‍ക്ക് പ്രതിഷേധമുണ്ടായില്ല. സംഘപരിവാര രാഷ്ട്രീയത്തെ സ്വാഗതംചെയ്യാത്ത കേരളത്തെ ലോകത്തിലെ ഏറ്റവും ദരിദ്രവും അപരിഷ്‌കൃതവുമായ രാജ്യങ്ങളോട് ഉപമിച്ചുകൊണ്ട് വര്‍ഷങ്ങളായി മലയാളികളെ ലോകത്തിനുമുന്നില്‍ അപമാനിക്കുകയും കള്ളക്കഥകള്‍കൊണ്ട് ഒരു ശത്രുരാജ്യത്തെയെന്നപോലെ കേരളത്തെ ആക്രമിക്കുകയുംചെയ്യുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ ശബ്ദിക്കുവാനും മലയാളമാധ്യമങ്ങള്‍ സന്നദ്ധമല്ല. ആത്മാഭിമാനമുള്ളവര്‍ക്കേ സ്വന്തം നാടിനോട് കൂറുണ്ടാവൂ എന്നതും നേരാണ്. ഇപ്പോള്‍ കേരളം ഭരിക്കുന്നത് തങ്ങള്‍ക്കിഷ്ടമില്ലാത്ത ഇടതുപക്ഷ സര്‍ക്കാരായതിനാല്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിജെപിയുടെ കേരളത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ സംഗീതംപോലെ ആസ്വാദ്യകരമായിത്തോന്നുന്നുണ്ടാവണം. ആത്മാഭിമാനമുള്ള മലയാളികള്‍ പക്ഷെ, ഈ ആഭാസം കണ്‍തുറന്ന് കാണുന്നുണ്ട്. മാധ്യമങ്ങള്‍ അവയുടെ അജണ്ടകള്‍ക്കനുസൃതമായി വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുമ്പോഴും ജനങ്ങള്‍ ജനവിരുദ്ധസര്‍ക്കാരുകളെ തിരിച്ചറിയുകയും ബഹിഷ്‌കരിക്കുകയുംചെയ്യുമെന്ന ചരിത്രമാണ് കര്‍ണ്ണാടകയിലും ആവര്‍ത്തിച്ചത്. കര്‍ണ്ണാടകത്തിലെ ബിജെപിയുടെ പരാജയം കോണ്‍ഗ്രസിന്റെ വിജയമല്ല, കര്‍ണ്ണാടക ജനതയുടെയാകെ വിജയമാണ്. ആ വിജയം സമഗ്രാധിപത്യത്തിലേക്ക് ചുവടുവെക്കുന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ജനാധിപത്യത്തിന്റെ ശക്തിയും പ്രസക്തിയും വ്യക്തമാക്കുന്ന ഗംഭീരമായൊരു ചേഷ്ടയുമാണ്.

ഇന്ത്യയുടെ ചോദ്യംചെയ്യാന്‍ പാടില്ലാത്ത നേതാവും രക്ഷകനുമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോദിയുടെപോലും വാക്കുകളെ കര്‍ണ്ണാടക ജനത വിശ്വാസത്തിലെടുക്കുന്നില്ലെന്നു കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കിയത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍വ്വ സന്നാഹങ്ങളും അളവില്ലാത്ത പണവും മാധ്യമപിന്തുണയും പ്രധാനമന്ത്രി സ്വയം നടത്തിയ കാമ്പെയിനുകളും എന്തുകൊണ്ട് അവര്‍ക്ക് വിജയം നല്‍കിയില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം കേന്ദ്രത്തിലെയും കര്‍ണ്ണാടകത്തിലെയും ബിജെപി സര്‍ക്കാരുകളുടെ ജനവിരുദ്ധ-ജനാധിപത്യവിരുദ്ധ നയങ്ങളിലേക്കാണ് സ്വാഭാവികമായും സാമാന്യബുദ്ധിയുള്ളവരെ നയിക്കുക. എന്നാല്‍, ടെലിവിഷന്‍ ചാനലുകളിലെ അര്‍ദ്ധസാക്ഷര ജേണലിസ്റ്റുകള്‍ക്ക് ആ വാസ്തവത്തിലേക്ക് കണ്ണുതുറക്കാനാവുന്നില്ല. അതുകൊണ്ടാണവര്‍ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ച് ജാതി സമവാക്യങ്ങളുടെ പിന്നാലെ പോകുന്നത്. അവരെ അവരുടെ ഇടുക്കുതൊഴുത്തുകളിലെ ചാണകക്കുഴികളില്‍ സുഖശയനംചെയ്യാന്‍ വിടുകയാണ് ഉചിതവും.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments