ദിലീപും ‘മനോരമ’യും തമ്മിലെന്ത്​? രണ്ട്​ മാധ്യമപ്രവർത്തകർ എഴുതുന്നു

Truecopy Webzine

ദിലീപിനെ ഒരു family man ആയി ചിത്രീകരിക്കാനുള്ള, ദിലീപിനെപ്പോലൊരു "കുടുംബസ്ഥന്' ഒരു കുറ്റകൃത്യം നടത്താനോ ഗൂഢാലോചനയിൽ പങ്കാളിയാകാനോ കഴിയില്ല എന്ന പൊതുബോധം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ് വനിതയിലെ കവർ സ്‌റ്റോറിയെന്ന് ദി ന്യൂസ് മിനിറ്റ് കോ ഫൗണ്ടറും എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രൻ.
കോടതിയിൽ നിന്നുള്ള വിലക്കിന്റെ പേരിൽ മനോരമ ഉൾപ്പെടെ എത്രയോ മാധ്യമസ്ഥാപനങ്ങൾ ഈ കേസിന്റെ വിചാരണ കവർ ചെയ്യാതിരിക്കുന്നുണ്ട്. വിചാരണ കവർ ചെയ്യാൻ മടിക്കുന്ന മനോരമ എങ്ങനെയാണ് കേസിലെ തന്റെ ഭാഗം അവതരിപ്പിക്കാൻ ദിലീപിന് മാത്രം അവസരം കൊടുക്കുന്നത്? അപ്പോൾ, വനിതയിലെ ഈ കവർ സ്റ്റോറി പ്രസിദ്ധീകരിച്ച സമയം മാത്രമല്ല, ആ മാധ്യമസ്ഥാപനത്തിന്റെ മൂല്യബോധത്തിന്റെയും ആദർശങ്ങളുടെയും അഭാവവും കൂടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ധന്യ രാജേന്ദ്രൻ ട്രൂകോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

""സത്യം തെളിയിക്കാനുള്ള ദിലീപിന്റെ പോരാട്ടം എന്ന തരത്തിലാണ് വനിത ഈ കവർ സ്റ്റോറിയെ അവതരിപ്പിച്ചിരിക്കുന്നത്. അത് ദിലീപിനുവേണ്ടിയുള്ള വ്യക്തമായ പ്രചരണതന്ത്രം -പി.ആർ. എക്‌സസൈസ്-അല്ലാതെ മറ്റൊന്നുമല്ല. കുറ്റാരോപിതന്റെ സത്യമാണത്രേ സത്യം. ആ സത്യം തെളിയിക്കാൻ അയാൾ എങ്ങനെ പരിശ്രമിക്കുന്നു എന്നാണ് വനിത നമുക്ക് പറഞ്ഞുതരുന്നത്.''

പല പാശ്ചാത്യ രാജ്യങ്ങളിലും ഒരുപാടു കാലമായി നടന്നുവരുന്നൊരു ചർച്ചയാണ്, ഒരു കുറ്റകൃത്യത്തിൽ ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ ആരോപണവിധേയരായാൽ, അല്ലെങ്കിൽ ഒരു കറുത്ത പുരുഷനോ സ്ത്രീയോ സമാനമായൊരു കുറ്റകൃത്യത്തിൽ ആരോപണവിധേയരായാൽ, ഏതുരീതിയിലാണ് മാധ്യമങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നത് എന്ന്. എത്രയോ പേർ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണത്. കറുത്തവർ ഒരു കേസിൽ ആരോപണവിധേയരായാൽ അവരെക്കുറിച്ചുള്ള ഏറ്റവും മോശമായ ചിത്രമാണ് മാധ്യമങ്ങൾ അവതരിപ്പിക്കുക. അവരുടെ മുൻപത്തെ കുറ്റകൃത്യങ്ങൾ വിശദീകരിക്കും. അവർ അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ ഭയന്നിരുന്നു എന്ന് അയൽക്കാരോ കൂടെ പഠിച്ചവരോ ഉദാഹരണങ്ങൾ സഹിതം പറയുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും.

അതേസമയം, ഒരു വെളുത്ത മനുഷ്യനാണ് സമാനമായ കേസിൽ പെടുന്നതെങ്കിൽ ആ വ്യക്തിയുടെ ഏറ്റവും മൃദുവായ വശങ്ങൾ അവതരിപ്പിക്കാനായിരിക്കും മാധ്യമങ്ങളുടെ താൽപര്യം. ഓ, അവനൊരു നല്ല പയ്യനായിരുന്നു, ഞങ്ങൾക്കൊക്കെ അവനെ എന്തു വിശ്വാസമായിരുന്നു, എന്നുപറയുന്ന അയൽക്കാരുടെ അഭിമുഖങ്ങളായിരിക്കും അപ്പോൾ നമ്മൾ മാധ്യമങ്ങളിൽ കാണുക. ഇത്തരം ഘട്ടങ്ങളിൽ മാധ്യമങ്ങൾ എങ്ങനെയാണ് സാമൂഹ്യസംവാദം രൂപപ്പെടുത്തിയെടുക്കുന്നത് എന്ന് നമ്മൾ പലതവണ കണ്ടിട്ടുള്ളതാണ്. വനിത മാസികയുടെ മുഖചിത്രവും കവർസ്റ്റോറിയുമായി നടൻ ദിലീപും കുടുംബവും വന്നതിനെയും അത്തരമൊരു ശ്രമമായാണ് ഞാൻ കാണുന്നത്.

ദിലീപ് എന്ന നടൻ 2017-ൽ ജയിലിൽനിന്ന് പുറത്തുവന്നശേഷം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം മിക്കവാറും എല്ലാ മലയാള മാധ്യമസ്ഥാപനങ്ങളും- മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളെങ്കിലും- ദിലീപിന്റെ അഭിമുഖങ്ങളും ദിലീപിന്റെ സിനിമകളുടെ പ്രചാരണത്തിനുവേണ്ടിയുള്ള വാർത്തകളും തുരുതുരാ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോഴൊന്നും എല്ലാവരും അതിൽ പ്രതിഷേധിക്കാൻ പോയിട്ടില്ല. ഇപ്പോൾ വനിതയിൽ ഈ കവർസ്റ്റോറി വന്നപ്പോൾ എന്തുകൊണ്ടാണ് ആളുകൾ പ്രതിഷേധിച്ചത്? ഒരു എഡിറ്റർ എന്ന നിലയിൽ എനിയ്ക്ക് വനിതയിലെ ഈ കവർസ്റ്റോറിയോട് പ്രതിഷേധമുള്ളതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്.

ലേഖനത്തിന്റെ പൂർണ്ണ രൂപം ട്രൂകോപ്പി വെബ്സീൻ ആപ്പ്ഡൗൺലോഡ് ചെയ്ത്‌സൗജന്യമായി വായിക്കാം -കവർസ്​റ്റോറിയിലൂടെ ‘വനിത’ ദിലീപ്​ എന്ന പ്രതിക്കുവേണ്ടി ചെയ്യുന്നത്​ | ധന്യ രാജേന്ദ്രൻ

ഇന്ത്യയിലെ മെയിൻസ്ട്രീം പത്രമാധ്യമങ്ങൾ സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്ന ഇൻസെൻസിറ്റീവായ, ശരിയും തെറ്റും തിരിച്ചറിയാനാവാത്ത അമോറൽ ആറ്റിറ്റ്യൂഡാണ് വനിതയുടെ എഡിറ്റേഴ്‌സ് കാണിച്ചു കൂട്ടിയതെന്ന് മാധ്യമപ്രവർത്തകൻ ജോസി ജോസഫ്.

""ഇത്തരത്തിലുള്ള ഒരു കവർ ഫോട്ടോ കൊടുത്താൽ വനിതയുടെ സർക്കുലേഷൻ കൂടുമായിരിക്കാം. പക്ഷേ അതൊന്നും ആ എഡിറ്റോറിയൽ തീരുമാനത്തെ ന്യായീകരിക്കുന്നില്ല... പൈസയാണ് ജേണലിസത്തിന്റെ അൾട്ടിമേറ്റ് ലക്ഷ്യം എന്നുണ്ടെങ്കിൽ ഇവരൊക്കെ മാധ്യമ പ്രവർത്തനമൊക്കെ നിർത്തി ഷാംപുവോ സോപ്പോ ഒക്കെ വിൽക്കാൻ പോകുന്നതായിരിക്കും നല്ലത്. കാരണം അത് ജനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള, ഒഴിവാക്കാനാവാത്ത വസ്തുക്കളാണ്. കൂടുതൽ വരുമാനവും കിട്ടും. അതുകൊണ്ട് സാമ്പത്തിക വെല്ലുവിളികൾ മൂലം ഇങ്ങനെയൊരു കവർ ഇട്ടു എന്ന് പറയുന്നതിൽ യാതൊരു എത്തിക്‌സോ കോമൺസെൻസോ ഇല്ല.''

ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാത്ത സ്വാർത്ഥത നിറഞ്ഞ ഒരു സമൂഹത്തിനകത്താണ് ഇങ്ങനെയുള്ള വാർത്തകളിടുന്നത്. പബ്ലിക്കായി പലരും രോഷം പ്രകടിപ്പിക്കുമെങ്കിലും രഹസ്യമായി അതിൽ ഒരു കുളിർമയും സന്തോഷവുമൊക്കെ കണ്ടെത്തുന്ന ഒരു അമോറൽ എലമെൻറ്​ മലയാളി സമൂഹത്തിലുണ്ട്. അതിന് ഒരു പാട് കാരണങ്ങൾ ഉണ്ടാവാം. പല പല കാലഘട്ടങ്ങളിലൂടെ കണ്ടു കൊണ്ടിരുന്ന പല സോഷ്യോ- പൊളിറ്റിക്കൽ റിഫോംസിലൊക്കെ ഉണ്ടായ ജീർണതയാവാം. ഗൾഫ് ബൂമിനൊക്കെ ശേഷം കേരത്തിലുണ്ടായ പൈസയോടുള്ള അമിതമായ അഡിക്ഷനാവാം. എന്തായാലും വനിത കാണിച്ചതും മിഡിൽ ക്ലാസ് സെൻസിബിലിറ്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അത് തള്ളിക്കളയാനാവില്ല. പല കേസുകളിലും, വാളയാർ കുട്ടികളുടെ കേസാവട്ടെ, മറ്റേത് കേസുമാവട്ടെ, നമ്മുടെ സമൂഹത്തിന് ഒരു മോറൽ സ്റ്റാൻറ്​ പോയിൻറ്​ അധികമില്ല. അതല്ലെങ്കിൽ എങ്ങനെയാണ് നമ്മുടെ പള്ളികളിൽ ബിഷപ്പുമാരുമൊക്കെ ഇത്തരം വിവര ദോഷം വിളിച്ചുപറയുകയും അതിനെ പിന്തുണയ്ക്കാനായി വിദ്യാസമ്പന്നരായ ആളുകൾ ഓടിയെത്തുകയും ചെയ്യുന്നത്.?
പൂർണ്ണ രൂപം വായിക്കാം -‘വനിത’യുടേത്​ അമ്പരപ്പിച്ച, ഷോക്കിങ്ങായ ഒരു എഡിറ്റോറിയൽ ഡിസിഷൻ | ജോസി ജോസഫ് / മനില സി. മോഹൻ

Comments