സൈനുൽ ആബിദ്​

പബ്ലിഷിങ് രംഗത്തെ
​ഡിജിറ്റൽ ബുക്മാർക്കാണ്​
ട്രൂകോപ്പി വെബ്‌സീൻ

വെബ്‌സീൻ എന്ന ഐഡിയ രാഷ്ട്രീയമായും സാങ്കേതികമായും മലയാളികൾ എങ്ങനെ സ്വീകരിക്കും എന്നതിൽ വെബ്‌സീന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് തുടക്ക കാലത്തുണ്ടായിരുന്ന സന്ദേഹങ്ങൾ അസ്ഥാനത്താക്കുന്നതായിരുന്നു, പിന്നീട് വായനക്കാരിൽനിന്ന് ലഭിച്ച വലിയ സ്വീകാര്യതയും ഫീഡ്ബാക്കും.

മനില സി.​ ​മോഹൻ: വെബ്‌സീൻ എന്ന മലയാളത്തിലെ പുതിയ ഓൺലൈൻ ആശയം 100 പാക്കറ്റുകൾ പൂർത്തിയാക്കുകയാണ്. നൂറ് ഒരു ലാൻറ്മാർക്കാണ്. പുതിയ സംരംഭമെന്ന നിലയിൽ ട്രൂകോപ്പിക്കും, എഡിറ്റോറിയൽ ടീമിനും, നൂറ് പാക്കറ്റിന്റെയും കവർ ഡിസൈൻ ചെയ്ത ആബിദിനും. എന്ത് തോന്നുന്നു? നമ്മൾ പൂർത്തിയാക്കിയ നൂറ് ആഴ്ചകളെ നോക്കുമ്പോൾ?

സൈനുൽ ആബിദ്: പബ്ലിഷിങ് രംഗത്ത് വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ളവരാണ് ട്രൂകോപ്പിയുടെ തലപ്പത്തുള്ളവർ. എങ്കിലും വെബ്‌സീൻ എന്ന ഐഡിയ രാഷ്ട്രീയമായും സാങ്കേതികമായും മലയാളികൾ എങ്ങനെ സ്വീകരിക്കും എന്നതിൽ വെബ്‌സീന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് തുടക്ക കാലത്തുണ്ടായിരുന്ന സന്ദേഹങ്ങൾ അസ്ഥാനത്താക്കുന്നതായിരുന്നു, പിന്നീട് വായനക്കാരിൽനിന്ന് ലഭിച്ച വലിയ സ്വീകാര്യതയും ഫീഡ്ബാക്കും.

ഇന്ത്യയിൽത്തന്നെ ഇത്തരമൊരു പ്ലാറ്റ്‌ഫോം ആദ്യമായിട്ടാണ്. ലോങ് ഡിജിറ്റൽ റീഡ് എന്ന് ആശയം വ്യത്യസ്തമായി പാക്കറ്റ് എന്ന രൂപത്തിൽ ആഴ്ചതോറും പുറത്തിറങ്ങി. വെബ്‌സീന്റെ ഡിസൈനും ഫോണ്ടുകളും നിറങ്ങളും രൂപകല്പന ചെയ്തത് Dzain ആണ്; തുടർച്ചയായി നൂറ് പാക്കറ്റുകളുടെ കവർ ഡിസൈനുകളും. മലയാള പബ്ലിഷിങ് രംഗത്തെ ഒരു ഡിജിറ്റൽ ബുക്മാർക്കായി രൂപാന്തരപ്പെട്ട വെബ്‌സീന്റെ പിന്നണിയിൽ ഇങ്ങനെയൊക്കെ പ്രവർത്തിക്കാനായതിൽ ഈ സമയത്ത് വലിയ സന്തോഷം തോന്നുന്നു.

മാസ്റ്റ് ഹെഡും ഡേറ്റ് ലൈനും ഒഴിച്ച് മറ്റൊരു ടെക്​സ്​റ്റും ഇല്ലാതെയാണ് വെബ്‌സീൻ കവറുകൾ ആബിദ് ചെയ്തിട്ടുള്ളത്. പത്തുകവറുകളിൽ ഡിസൈൻ തന്നെയായി ടെക്സ്റ്റ് ഉപയോഗിച്ചിട്ടുണ്ട്. അത് പൊതുവേ പിരിയോഡിക്കൽസ് പരീക്ഷിക്കാത്ത രീതിയാണ്. ന്യൂയോർക്കറിന്റേത് പെയിന്റിംഗ്‌സ് ഉപയോഗിച്ച് ടെക്​സ്​റ്റില്ലാതെ ചെയ്യുന്ന കവറുകളാണ്. എന്നാൽ സോഷ്യോ പൊളിറ്റിക്കൽ കണ്ടന്റ്​ കൈകാര്യം ചെയ്യുന്ന ആനുകാലികങ്ങൾക്ക് അതത്ര എളുപ്പമല്ല. ആ രീതി നിങ്ങൾക്ക് എത്രത്തോളം വെല്ലുവിളിയായിട്ടുണ്ട്?

ഇപ്പോൾ നോക്കുമ്പോൾ അതൊരു ബ്രേവ് ഡിസിഷനായി തോന്നുന്നു. ശക്തമായ എഡിറ്റോറിയൽ സപ്പോർട്ട് ഇല്ലാതെ സിഡൈനർക്ക് ഒറ്റയ്ക്ക് നടപ്പാക്കാൻ പറ്റുന്നതായിരുന്നില്ല അത്. ഉള്ളടക്കത്തിന്റെ ഹൈലൈറ്റ് കവറിൽ കൊടുക്കുക എന്നത് ഒരു പ്രിൻറ്​ രീതിയാണ്. ന്യൂസ് സ്റ്റാന്റുകളിൽ അത് ആവശ്യവുമാണ്. വെബ്‌സീൻ പ്ലാറ്റ്‌ഫോമിൽ മറ്റ് ടെക്​സ്​റ്റ്​ അനാവശ്യമാണെന്നുതോന്നി. മാത്രമല്ല, കവറിൽ കളിക്കാൻ തടസ്സങ്ങളൊന്നും ഇല്ലാതാവുകയും ചെയ്യുമല്ലോ. ഇതുപക്ഷേ, വലിയ ഉത്തരവാദിത്തമാണ് ഡിസൈനർക്ക്. ടൈറ്റിൽ സപ്പോർട്ട് ഇല്ലാതാവുന്നതോടുകൂടി പറയുന്നതിൽ കൂടുതൽ വ്യക്തതയും ലാളിത്യവും ശബ്ദവും ആവശ്യമായി വന്നു.

ന്യൂയോർക്കർ ഒക്കെ ഉള്ളിലെ കണ്ടൻറിനെ റിഫ്ലക്​ട്​ ചെയ്യുന്ന കവർ അല്ല ചെയ്യുന്നത്. അത് പലപ്പോഴും സ്വതന്ത്ര കലാരൂപങ്ങളാണ്. ന്യൂയോർക്കർ കവറുകളിൽ ആർട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ടെക്​സ്​റ്റും വേറെയുണ്ടാവില്ല. ഉള്ളിലെ മെയിൻ സ്റ്റോറിയെ അവലംബിച്ചാണ് ട്രൂകോപ്പിയുടെ കവറുകൾ. ഡ്രോയിങ്ങുകളും പെയിന്റിങ്ങുകളും ഒഴിവാക്കി ഡിജിറ്റൽ ഇമേജിങ്ങിലൂടെയാണ് ട്രൂകോപ്പി ചെയ്യുന്നത്. കവറുകൾ ഓർണമെന്റുകൾ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

നൂറു കണക്കിന് പുസ്തകങ്ങൾക്ക് കവർ ഡിസൈൻ ചെയ്തിട്ടുള്ളയാളാണ് ആബിദ്. അതല്ല വെബ്‌സീൻ കവറുകളുടെ അപ്രോച്ച്. എന്താണ് രണ്ടിന്റേയും അടിസ്ഥാനപരമായ വ്യത്യാസം?

രണ്ടായിരത്തിലധികം പുസ്തകങ്ങൾക്ക് കവർ ഡിസൈൻ ചെയ്തിട്ടുണ്ട്. അതിൽ മഹാഭൂരിപക്ഷവും ഫിക്ഷനുവേണ്ടിയാണ്. അനന്തമായ ഭാവനയ്ക്കുള്ള സാധ്യതകളാണ് ഫിക്ഷൻ ചെയ്യുമ്പോൾ തുറന്നിടുന്നത്. എഴുത്തുകാരൻ/എഴുത്തുകാരി എടുത്ത പരിശ്രമത്തെ വിലമതിച്ച് സ്വതന്ത്രമായ വേറൊരു ആഖ്യാനം അതിന് കൊടുക്കുക എന്നതാണ് സാധാരണ ഗതിയിൽ ചെയ്യുന്നത്. വായനക്കാരെ അതിലേക്ക് ആകർഷിക്കുക എന്ന വാണിജ്യപരതയും കൂടി നിറവേറ്റണം.

വെബ്‌സീൻ കവറുകൾക്ക് പക്ഷേ, ചില അതിരുകളുണ്ട്. വിഷയത്തിൽനിന്ന് വ്യതിചലിച്ചുപോകരുത്, വിഷയം ഒറ്റക്കാഴ്ചയിൽ മനസ്സിലാവണം, ദുർഗ്രാഹ്യമായിരിക്കരുത് തുടങ്ങിയ കാര്യങ്ങൾ ഇതിൽ പ്രധാനമാണ്. രാഷ്ട്രീയം പ്രധാന സബ്ജക്ടായി എല്ലാ കവറുകളിലും വരുന്നതുകൊണ്ട് അത് എങ്ങനെ, ഏത് രീതിയിൽ, എവിടം വരെ ആകാം എന്നതിലൊക്കെ ചില നിയന്ത്രണങ്ങൾ- സെൽഫ് സെൻസറിങ് ആവശ്യമായി വരും.

പ്രിൻറിന് എപ്പോഴും ഒരു നൊസ്റ്റാൾജിയ ഉണ്ടാക്കാൻ കഴിയും എന്ന് പലരും പറയാറുണ്ട്. പഴയൊരു മാഗസിൻ കയ്യിൽ കിട്ടുമ്പോൾ അതിന്റെ കാഴ്ചയും നിറവും സ്‌റ്റൈലുമൊക്കെ ഒരു കാലത്തിന്റെ പ്രതീകമായി പെട്ടെന്ന് മാറും. കടലാസിന്റെ തരവും അതിൽപ്പറ്റിയ പൊടി വരെയും ആ കവറിന്റെ സംവേദനത്തിന്റെ ഭാഗമാണ്. ന്യൂസ് സ്റ്റാന്റിൽ തൂങ്ങിക്കിടക്കുന്ന കവറിന്റെ കാഴ്ചയല്ല, അടുക്കിവെച്ച കെട്ടിലുള്ള കവറിന്റെ കാഴ്ച. ഈ ശീലമുള്ള മലയാളികളിലേക്കാണ് നമ്മൾ കൊറോണക്കാലത്ത് വെബ്‌സീൻ, വെബ്‌സീൻ കവർ എന്ന ഡിജിറ്റൽ ആശയത്തെ അൺലോക്ക് ചെയ്‌തെടുത്തത്. ഈ ഭാവുകത്വ പരിണാമത്തെ ഒരു വായനക്കാരനെന്ന നിലയിലും ഡിസൈൻ എന്ന നിലയിലും എങ്ങനെ കാണുന്നു?

പ്രകൃതിദത്തമായ ഒരു നിർമലവസ്തു എന്ന രീതിയിലാണ് നാം പുസ്തകങ്ങളെ കാണാറുള്ളത്. വിശുദ്ധ ഗ്രന്ഥങ്ങളെ ആധാരമാക്കിയ ജീവിതക്രമമുള്ള ഒരു സൊസൈറ്റിയിൽ ജീവിക്കുന്നതുകൊണ്ടാവാം അത്. പൂർണമായും ടെക്‌നോളജി ബേസ്ഡ് ആയ ഉല്പന്നമാണ് പുസ്തകവും എന്നത് നാം മറന്നുപോകും. ടൈപ്‌സെറ്റിങ്, ലേ- ഔട്ട്, മഷി, പേപ്പർ, പ്രിന്റിങ് തുടങ്ങി പക്കാ ടെക്‌നിക്കലായി നിരവധി സന്നാഹങ്ങളിലൂടെ കയറിയിറങ്ങി ഒരു എൻഡ് പ്രോഡക്ടിനെയാണ്, പൂവ് എന്നതുപോലെ നമ്മൾ നൊസ്റ്റാൾജിയ അടിച്ച് മണത്തുനോക്കുന്നത്. കണ്ണടച്ച് ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നത് അതിലെ ആശയത്തെയാണ്, ജ്ഞാനത്തെയാണ്. പുസ്തകമണത്തേക്കാൾ ഐ പാഡിൽ കൂടുതൽ സൂം ചെയ്തും സ്‌ക്രോൾ ചെയ്തും നാവിഗേറ്റ് ചെയ്യാമെന്നതാണ് എനിക്ക് സൗകര്യപ്രദമായി തോന്നുന്നത്. കൂടുതൽ സൗകര്യങ്ങൾക്കുവേണ്ടിയാണല്ലോ ട്രാൻസിഷനുകളും അപ്‌ഡേഷനുകളും. പരിണാമത്തിന് സമയമെടുക്കും. അതിലുമേറെ സമയമെടുക്കും ഭാവുകത്വ പരിണാമത്തിന്.

ഓരോ കവറും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ പലതരം പ്രതികരണങ്ങൾ വരാറുണ്ട്. വലിയ വിമർശനങ്ങളും അതിലേറെ പ്രോത്സാഹനങ്ങളും കിട്ടാറുണ്ട്. ചിലത് വൈറലാവും. ചില ആഴ്ചകളിൽ ഒരുപാട് പേർ സ്റ്റാറ്റസാക്കാറുണ്ട്. അത്തരത്തിൽ പ്രസിദ്ധീകരണത്തിന്റെയും പ്രതികരണത്തിന്റെയും പുതിയതരം ഇംപാക്റ്റ്. അത് ശ്രദ്ധിക്കാറുണ്ടോ?

ഏത് കലാസൃഷ്ടിയും അത് പൂർണമാവാനെടുക്കുന്ന അവസാനത്തെ സ്‌ട്രോക് വരെയേ കലാകാരർക്ക്​ സ്വന്തമെന്ന് പറയാനുള്ളൂ. അതു കഴിഞ്ഞാൽ, പബ്ലിക്കിലെത്തിയാൽ അതൊരിക്കലും അതേ ആശയത്തിൽ തിരിച്ചെത്തില്ല. ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്, അതിനെ കാണേണ്ടത് ആ രീതിയിലല്ല എന്നൊക്കെ തന്നോട് നിശ്ശബ്ദമായി പറയേണ്ട കാര്യം മാത്രമാവും പിന്നീട്. സോഷ്യൽ മീഡിയാ സ്‌പേസിലെത്തിയാൽ ഇത് വീണ്ടും സങ്കീർണമാകും.

ഞാനുദ്ദേശിക്കുന്ന തരത്തിൽ നിങ്ങൾ എന്റെ ആർട്ടിനെ കാണണമെന്ന് ശഠിക്കുമ്പോൾ അവിടെ ആർട്ട് ഇല്ലാതാവുന്നു.ട്രൂകോപ്പിക്കു വേണ്ടി ചെയ്ത ചില ഡിസൈനുകൾ വലിയ വിമർശനം നേരിട്ടിട്ടുണ്ട്; പ്രത്യേകിച്ച് റിമാ കല്ലിങ്കലിന്റെ കവർ. അതിന്റെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ തന്നെ നടന്നു. എല്ലാ ചർച്ചകളും ശ്രദ്ധിച്ചു. സുഹൃത്തുക്കൾ ആ വിഷ്വലിനെ വിലയിരുത്തിയത് ശ്രദ്ധാപൂർവം കേട്ടു.

ഒരു ഡിസൈനർ എന്ന നിലയ്ക്ക് എനിക്ക് സന്തോഷം തരുന്നത് ഞാൻ ചെയ്ത വർക്കിനെ, ഞാൻ ചെയ്തതോ ഉദ്ദേശിച്ചതോ അല്ലാത്ത അർഥത്തിൽ ഒരാളതിനെ നോക്കിക്കാണുമ്പോഴാണ്. വ്യക്തിപരമായി സന്തോഷമോ സങ്കടമോ എന്ത് നൽകിയാലും കാണുന്നയാൾ അതിനെ വേറെ രീതിയിൽ വായിക്കാൻ ശ്രമിച്ചു, അല്ലെങ്കിൽ അത് അയാളിൽ വേറെ രീതിയിൽ പ്രവർത്തിച്ചു എന്നത് ആ വർക്കിന്റെ വിജയമായിട്ടാണ് ഞാൻ എടുക്കാറുള്ളത്.

കർഷകസമരകാലത്ത് ചെയ്ത ഒരു കവർ, കർഷകന്റെ വിണ്ടുകീറിയ കാൽപ്പാദത്തിനടിയിലൂടെ ഇല നാമ്പെടുത്തുവന്ന വിഷ്വലാണ്. ആ കവറിന്റെ പ്രിന്റൗട്ട് സമരസ്ഥലത്ത് വിതരണം ചെയ്യപ്പെട്ടു എന്നറിഞ്ഞത് വലിയ സന്തോഷം ഉണ്ടാക്കിത്തന്ന കാര്യമാണ്. അതിലെ രാഷ്ട്രീയം മനസ്സിലാക്കപ്പെട്ടു. അതൊരു പ്രചാരണ മെറ്റീരിയൽ ആയി രൂപാന്തരപ്പെട്ടു അവിടെ. ട്രൂകോപ്പി വെബ്‌സീന്റെ 100 പാക്കറ്റുകളിൽ നിന്ന് സൈനുൽ ആബിദ് തെരഞ്ഞെടുത്ത 25 കവറുകൾ ​​​​​​​

സൈനുൽ ആബിദ്​

ഡിസൈനർ. മലയാളത്തിലടക്കം പ്രമുഖ പത്രങ്ങളുടെ രൂപകൽപന നിർവഹിച്ചു. നിരവധി പുസ്തകങ്ങളുടെ കവർ ഡി​സൈനും ചെയ്​തിട്ടുണ്ട്​.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments