ഡിജിറ്റൽ മീഡിയ: പുതിയ കോളനികളും
വിശ്വാസ്യതാ പ്രതിസന്ധികളും

സോഷ്യൽ മീഡിയയുടെ സ്വാധീനം മുഖ്യധാരയിലുണ്ട് എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ വാർത്തകൾ തിരിച്ചറിയുക പ്രയാസമാണ്. വിശ്വാസ്യതയുള്ള കണ്ടൻറ്​ ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷനെ ആശ്രയിക്കേണ്ടിവരും.

ഡിജിറ്റൽ മാധ്യമത്തിന്റെ ആഗോളതലത്തിലുള്ള നിലവിലെ അവസ്ഥയെ കുറിച്ച് റോയിട്ടേഴ്‌സിന്റെ 2021-ലെ മീഡിയ റിപ്പോർട്ട് വന്നിട്ടുണ്ട്. അതുപ്രകാരം, ഇന്ത്യയിൽ വർധിച്ച തോതിൽ സ്മാർട്ട്‌ഫോൺ പെനട്രേഷൻ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ 600 ദശലക്ഷത്തോളമാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. അതിൽ വലിയൊരു വിഭാഗം സ്മാർട്ട്‌ഫോൺ ഉപയോഗിച്ചാണ് ഇന്റർനെറ്റ് ആക്‌സസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, വാർത്തയുടെയും വാർത്താമാധ്യമങ്ങളുടെയും കൺസപ്ഷൻ പാറ്റേണിൽ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ടിൽ പരിഗണിച്ച മറ്റൊരു വിഷയം, വാർത്തകളുടെ വിശ്വാസ്യത ആണ്. 46 രാജ്യങ്ങളുള്ള ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം 31 ആണ്. വാർത്തകളുടെ വിശ്വാസ്യത ഏറ്റവും കുറവുള്ള രാജ്യം യു.എസ് ആണ്. ഈ ഡാറ്റയെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്.

പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ വാർത്തകൾ തിരിച്ചറിയുക പ്രയാസമാണ്. വിശ്വാസ്യതയുള്ള കണ്ടൻറ്​ ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷനെ ആശ്രയിക്കേണ്ടിവരും.

സ്മാർട്ട്‌ഫോൺ കേന്ദ്രീകരിച്ചുള്ള ഒരു ഡീറ്റെയിൽ ന്യൂസ് കൺസപ്ഷനിലേക്കും ഇൻഫർമേഷൻ കൺസപ്ഷനിലേക്കും ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. ഒന്ന്, പ്ലാറ്റ്ഫോം. രണ്ട്, ഹാർഡ് വെയർ. പ്ലാറ്റ്ഫോമിന്റെയും ഹാർഡ് വെയറിന്റെയും തലത്തിൽ നടക്കുന്ന വലിയ തോതിലുള്ള കോൺഗ്ലോമറേഷനും (Conglomeration) കോർപറേറ്റ് ആധിപത്യവും കാണാതിരിക്കാൻ പറ്റില്ല. ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈവിധ്യമാർന്ന മേഖല നമ്മൾ കാണുന്നു. പഴയ മുതലാളിത്തത്തിന്റെ സ്വഭാവമായിരുന്നു ഹോമോജനൈസ് ചെയ്യുക എന്നത്. മക്‌ഡൊണാൾഡൈസേഷൻ, യൂണിഫോമൈസേഷൻ എന്നൊക്കെ പറഞ്ഞിരുന്ന ആ കാലഘട്ടത്തിൽ നിന്നു മാറി, ഇപ്പോൾ ഹോമോജനിറ്റിക്കിന്​ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. ഡൈവേഴ്‌സിറ്റി തന്നെ എങ്ങനെ കമ്മോഡിഫൈ ചെയ്യാൻ പറ്റുമെന്ന തരത്തിലുള്ള ക്യാപിറ്റലിസത്തിന്റെ ഒരു പെനട്രേഷൻ ആണ് നമ്മൾ കാണുന്നത്.

സോഷ്യൽ മീഡിയയുടെ സ്വാധീനം മുഖ്യധാരയിൽ വരുന്ന കാര്യം പലരും ഉന്നയിക്കാറുണ്ട്. മുഖ്യധാര എന്ന് വിളിക്കുന്നതുതന്നെ ഇനിയുള്ള കാലത്ത് എത്ര പ്രസക്തമാകും എന്നത് സംശയമാണ്.

നമുക്കറിയാം, എല്ലാ മേഖലയിലേക്കും ക്യാപിറ്റലിസത്തിന്റെ കോളൊനൈസേഷൻ നടക്കുന്നുണ്ടെന്ന്. ഇപ്പോൾ പുതിയ ടൂറിസത്തിന്റെ പാക്കേജുകൾ നോക്കിയാൽ മതി. അത് വളരെ ലോക്കൽ സെന്റേഡ് ആയ പാക്കേജുകളാണ് കൊണ്ടുവരുന്നത്. അപ്പോൾ യൂണിഫോമൈസേഷൻ എന്ന ആ പഴയ ക്യാപിറ്റൽ സാധനം മാറി ഡൈവേഴ്‌സിറ്റിയെ തന്നെ ക്യാപിറ്റലിസം പ്രെമോട്ട് ചെയ്യുന്നു. അതിനെത്തന്നെ കമ്മോഡിഫൈ ചെയ്ത് എങ്ങനെ ലാഭകരമാക്കിമാറ്റാൻ പറ്റും എന്നാണ് നോക്കുന്നത്. അതുകൊണ്ട്, ഇതിനകത്ത് യൂനിഫിക്കേഷൻ എന്ന തരത്തിൽ ഒരു കേന്ദ്രീകരണം നടക്കുന്നത് പ്ലാറ്റ്ഫോം തലത്തിലും ടെക്‌നോളജിയെ നിയന്ത്രിക്കുന്നത് ആ നിലയ്ക്കുമാണ്.

ഗൂഗിളിന്റെ ഭാഷ കേന്ദ്രീകരിച്ചുള്ള ആധിപത്യമാണ് ലോകത്ത് കാണുന്നത്. വാസ്തവത്തിൽ അവരിലേക്കാണ് ഡാറ്റ മുഴുവൻ എയർ ചെയ്യുന്നത്. അവരാണ് സെർച്ചിങ് നയിക്കുന്നത്.

മറ്റൊന്ന് ഹാർഡ് വെയർ ആണ്. നമുക്ക് ഇതുവരെയായിട്ടും ഹാർഡ് വെയർ മേഖലയിൽ ഒരു തരത്തിലുമുള്ള മാറ്റവും വരുത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ, ഹാർഡ് വെയർ മേഖലയിലുള്ളത് ഒന്നുകിൽ കൊറിയൻ ആധിപത്യമോ അല്ലെങ്കിൽ ആപ്പിൾ പോലുള്ള അമേരിക്കൻ ആധിപത്യമോ ആണ്. ഡിജിറ്റൽ ടെക്‌നോളജിയിൽ വന്ന മാറ്റം വികസ്വര- മൂന്നാം ലോക രാജ്യങ്ങൾക്ക് വലിയ തോതിൽ പ്രതീക്ഷ നൽകുന്നില്ല. ആത്മനിർഭരമെന്ന് പറയുന്നതുതന്നെ ഡിജിറ്റലിന്റെ കാര്യത്തിൽ വ്യാജമായ കാര്യമാണ്. നമ്മൾ ആത്മനിർഭരതയിലേക്കല്ല പോകുന്നത്. മറിച്ച്, നമ്മളെ സംബന്ധിച്ച് ഉള്ളടക്കം വൈവിധ്യവൽക്കരിച്ച് എങ്ങനെ കമ്മോഡിഫൈ ചെയ്യാം എന്നാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നോക്കുന്നത്.

ഇത് പറയുമ്പോൾ ഓർമയിൽ വരുന്ന ഒരു കാര്യം, 1980 കളിലെ മാക് ബ്രൈഡ് കമീഷൻ റിപ്പോർട്ട് (MacBride Commission Report) ആണ്. ലോകത്ത് നടന്ന സമഗ്ര പഠനമാണിത്. കമ്യൂണിക്കേഷൻ വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രധാന പഠന റിപ്പോർട്ട്. യുനെസ്‌കോ നടത്തിയ ‘Many Voices One World' എന്ന് വിളിക്കുന്ന ഈ റിപ്പോർട്ട് വിഭാവനം ചെയ്തത് ഒരു പുതിയ വേൾഡ് ഇൻഫോർമേഷൻ ഓർഡർ (New World Information Order -NWIO) അഥവാ ഏകലോകമാണ്. പക്ഷേ, ഏകലോകത്തിന് ഉള്ളടക്ക തലത്തിലും നമ്മുടെ മാധ്യമ രംഗത്തുമൊക്കെ വൈവിധ്യമാർന്ന, ബഹുസ്വരമായ, കമ്യൂണിക്കേഷൻ സാധ്യതയുള്ള, ‘മെനി വോയ്സസ്' ആയ ഒരു ലോകത്തെയാണവർ കാണുന്നത്. അതിൽ തന്നെ കൂട്ടായ ഫ്രെയിം വർക്കാണ് മാക്‌ബ്രൈഡ് അന്ന് മുന്നോട്ടുവെച്ചത്. പക്ഷെ, അന്ന് ഈ റിപ്പോർട്ട് തള്ളി ആദ്യം പുറത്തുവരുന്നത് യു.എസും യു.കെയുമാണ്. അവരുടെ സാമ്രാജ്യത്വ താൽപര്യങ്ങൾ അന്നേ പ്രകടമായിരുന്നു.

ഷീൻ മാക് ബ്രൈഡ്

എൺപതുകളിൽ ഈ റിപ്പോർട്ട് പുറത്തു വരുന്ന സമയത്തുതന്നെ യുനെസ്‌കോയുടെ ഫണ്ട് അമേരിക്ക നിർത്തലാക്കുന്ന സ്ഥിതിയിലേക്കെത്തി. മാക്‌ബ്രൈഡ് കമീഷൻ അന്ന് മുന്നോട്ടുവെച്ച പുതിയ ലോകക്രമം എന്നുവിളിക്കുന്ന ലോകം, വൈവിധ്യമാർന്നതും വികസ്വര രാജ്യങ്ങൾക്ക് കുറെക്കൂടി മീഡിയ സ്‌പേസ് ഉള്ളതും കുറേക്കൂടി കൊളോബറേറ്റീവ് ആയതുമായ ഒന്നാണ്. ഹോം കമ്പ്യൂട്ടറുകൾ അഥവാ ഡെസ്‌ക്ടോപ് കമ്പ്യൂട്ടിങ് (പി.സി) വ്യാപകമായിട്ടില്ലാത്ത കാലഘട്ടത്തിലാണ് മാക്‌ബ്രൈഡ് കമീഷൻ വരുന്നത്. അതിനുശേഷം ഡെസ്‌ക്​ടോപ്പ്​ കമ്പ്യൂട്ടിങ് വരുന്നു. തൊണ്ണൂറുകളുടെ പകുതിയോടെ ഇന്റർനെറ്റ് പതുക്കെ വരുന്നു, പിന്നീട് വ്യാപകമാകുന്നു. ഇന്റർനെറ്റ് വ്യാപകമാകുന്നത് ടിം ബർനെസ് ലീ (Tim Berners Lee) വിഭാവന ചെയ്ത, സാധാരണക്കാരടക്കം എല്ലാവർക്കും ഉപയോഗിക്കാവുന്ന ഇന്റർനെറ്റിന്റെ പോപ്പുലർ ഫോം വേൾഡ് വൈഡ് വെബ് (www) വരുന്നതോടെയാണ്. പക്ഷെ അതിനു ശേഷമാണ് ഈ കോർപറൈറ്റേഷൻ നടക്കുന്നത്.

ഗൂഗിളിൽ ജനാധിപത്യപരമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഇടപഴകാനും പറ്റും എന്നുപറയുമ്പോഴും ക്യാപിറ്റൽ സെൻട്രലൈസേഷൻ ഒരു ഭാഗത്ത് വൻതോതിൽ നടക്കുന്നുണ്ട്.

1997 ലൊന്നും ആദ്യ ഘട്ടത്തിൽ സെർച്ച് എൻജിൻ കോർപറൈറ്റേഷൻ ചെയ്യപ്പെട്ടിരുന്നില്ല. നിരവധി സെർച്ച് എൻജിനുകൾ ലഭ്യമായിരുന്നു. പിന്നീടാണ് ഇന്നുകാണുന്ന തരത്തിൽ ഗൂഗിളിന്റെ ആഗോള ആധിപത്യം നടക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങളിൽ ഗൂഗിളിന് പ്രവേശനം ഇല്ലാത്തതുകൊണ്ട് മറ്റ് സെർച്ച് എൻജിനുകൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാലും ഗൂഗിളിന്റെ ഭാഷ കേന്ദ്രീകരിച്ചുള്ള ആധിപത്യമാണ് ലോകത്ത് കാണുന്നത്. വാസ്തവത്തിൽ അവരിലേക്കാണ് ഡാറ്റ മുഴുവൻ എയർ ചെയ്യുന്നത്. അവരാണ് സെർച്ചിങ് നയിക്കുന്നത്. തൊട്ടുതാഴെ യാഹൂ വരുന്നു. എന്നാൽ യാഹൂ താരതമ്യേന ആരും ഉപയോഗിക്കുന്നില്ല. ആ നിലക്ക് കോർപറൈറ്റേഷനും സെൻട്രലൈസേഷനും വ്യാപകമായ ഒരു കാലഘട്ടം കൂടിയാണിത്. പൊതുവിൽ ജനാധിപത്യപരമായ ഒരു പ്ലാറ്റ്ഫോം എന്ന് വിഭാവനം ചെയ്യപ്പെട്ട ഐഡന്റിറ്റി കൂടി ഇന്റർനെറ്റിനുണ്ട്. ജനാധിപത്യപരമായി അതിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഇടപഴകാനും പറ്റും എന്നുപറയുമ്പോഴും ഈ ക്യാപിറ്റൽ സെൻട്രലൈസേഷൻ ഒരു ഭാഗത്ത് വൻതോതിൽ നടക്കുന്നുണ്ട്.

ടിം ബർനെസ് ലീ / Photo: CERN

തൊണ്ണൂറുകൾ അവസാനത്തോടെയാണ് ഡോട്ട് കോം വരുന്നത്. പലതരം ഡോട്ട് കോമുകൾ വരുന്നു, വലിയ തോതിൽ ഡോട്ട് കോം വിപ്ലവം ഉണ്ടാക്കുന്നു. ഇ-കോമേഴ്സും ആദ്യം കടന്നുവരുന്നത് ഈ കാലഘട്ടത്തിൽ തന്നെയാണ്. ഇതോടൊപ്പം ധാരാളം ന്യൂസ് സൈറ്റുകളും വരുന്നു. പക്ഷേ, ആ കാലഘട്ടത്തിൽ ഇതിനൊന്നും കൊമേഴ്ഷ്യൽ മോഡൽ ഉണ്ടായിരുന്നില്ല. ഡോട്ട് കോം ഇൻഡസ്ട്രികൾ വ്യാപകമായി, പല തരം ജോബ് പോർട്ടലുകൾ, ന്യൂസ് പോർട്ടലുകൾ, ലാംഗ്വേജ് പോർട്ടലുകൾ തുടങ്ങിയവ വരുന്നു, അങ്ങനെ പല തരം ഡോട്ട് കോം റെവല്യൂഷൻ ഉണ്ടാകുന്നു. ഇതിനൊന്നും വേണ്ടപോലെ ഒരു റവന്യൂ മോഡൽ ഇല്ലാത്തതുകൊണ്ട് 2000 ൽ ഇതിന്റെയൊരു ജനാധിപത്യവൽക്കരണം ആ സമയത്ത് നടന്നിട്ടുണ്ട്.

പക്ഷെ, 2001 ഓടെ കാണുന്നത് ഇന്റർനെറ്റ് ഹിസ്റ്ററിയിൽ ഡോട്ട് കോമിന് വലിയ രീതിയിൽ തകർച്ച ഉണ്ടാകുന്നതാണ്. ഒരുപാട് ഡോട്ട് കോം കമ്പനികൾ അടച്ചുപോകുകയും വൻതോതിലുള്ള പ്രതിസന്ധിയിലേക്ക് ഇൻഡസ്ട്രി കടക്കുകയും ചെയ്തു. ഇതൊരു തരത്തിൽ അതിനകത്തു നടന്ന കോർപറൈറ്റേഷന്റെ ഭാഗമാണ്. കാരണം ക്യാപിറ്റലൈസേഷന് കോർപറേറ്റ് സെൻട്രലൈസേഷൻ ആവശ്യമായിരുന്നു എന്നാണ് എനിക്ക് തോന്നിയ കാര്യം. ഡബ്ല്യു ഡബ്ല്യു ഡബ്ല്യു ഡോട്ടിന്റെ ഒരു പോപ്പുലർ ഫോമിനെ മികവാർന്ന രീതിയിൽ ഉപയോഗപ്പെടുത്തി നടന്ന ഡോട്ട് കോം വിപ്ലവം സ്ട്രാറ്റജിക്കായി പൊളിക്കപ്പെടുകയും, ആ സംവിധാനം മുഴുവൻ പോകുകയും വലിയ പ്രതിസന്ധി വരികയും ചെയ്തു. ഇതിനുശേഷം വീണ്ടും നമ്മൾ കാണുന്ന കോർപറൈറ്റേഷന്റെ ഘട്ടം ഡോട്ട് കോം ഫെസ്റ്റോടുകൂടി, 2004 ൽ സോഷ്യൽ മീഡിയയിലേക്കുള്ള എൻട്രിയാണ്. ഇതിലും നമ്മൾ കാണുന്നത് കോർപറേറ്റിന്റെ പ്ലാറ്റ്ഫോം സെൻട്രലൈസേഷൻ ആണ്. ഈ പുതിയ മോഡൽ രണ്ടു മൂന്ന് തരത്തിലാണ് പ്രവർത്തിക്കുന്നത്.

ആദ്യമായി പർച്ചേസ് ചെയ്യപ്പെട്ട ഡോട്ട് കോം ഡൊമൈൻ വെബ്സൈറ്റ്, Symbolics, 1985

ഒന്ന്, ഉപയോക്താക്കൾ തന്നെ ഉള്ളടക്കം സൃഷ്ടിക്കുന്ന തരത്തിൽ. അതായത് യൂസർ ജനറേറ്റഡ് കണ്ടൻറ്​ എങ്ങനെ വിശദമായി ഉപയോഗപ്പെടുത്താം എന്നതാണ് ഇവരെല്ലാം കൊണ്ടുവന്ന മോഡൽ. രണ്ടുതരത്തിൽ ഇത് ഉപയോഗപ്പെടുത്താം. ഒന്ന് യൂസറിനെക്കൊണ്ട് കണ്ടൻറ്​ ജനറേറ്റ് ചെയ്യാം. അത് പല തരത്തിൽ ഉപയോഗപ്പെടുത്താം. രണ്ടാമത്തേത്, യൂസർ നൽകുന്ന ഓരോ ഉള്ളടക്കവും ജനറേറ്റ് ചെയ്യുന്ന സമയത്തുണ്ടാകുന്ന ഡാറ്റ തന്നെ അവർക്ക് പല രീതിയിൽ വിപണനം ചെയ്യാം. ഇത് വലിയ തോതിലുള്ള സർവൈലെൻസിനു വിധേയമാക്കാം. സർവൈലെൻസിലൂടെ അവർക്ക് വിപണനം കേന്ദ്രീകരിച്ചുള്ള പല കാര്യങ്ങളും ചെയ്യാം.

ഗവണ്മെൻറ്​ തലത്തിലോ ഭരണകൂടതലത്തിലോ അവർ ഡാറ്റ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്നത് ഇപ്പോഴും അവ്യക്തമാണ്. നമുക്ക് പലപ്പോഴും അതിനെക്കുറിച്ചുള്ള സൂചനകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. പലപ്പോഴും അവർ ഗവണ്മെന്റുമായി ഡാറ്റ ഷെയർ ചെയ്യുന്നു എന്ന് വ്യക്തമായ തെളിവോടെ പുറത്തുവന്നിട്ടില്ലെങ്കിലും ഇത് നടക്കുന്നുണ്ട് എന്ന യാഥാർഥ്യം നമുക്കറിയാം. അതോടൊപ്പം വിപണിക്കുള്ള ഡാറ്റാ ഷെയറിങ് വ്യാപകമായി നടക്കുന്നതും അറിയാം. നമ്മുടെയെല്ലാവരുടെയും വ്യക്തിപരമായ അനുഭവം തന്നെയാണിത്- ഇന്റർനെറ്റ് സേവനം ഉപയോഗിക്കുമ്പോഴും ആ ഡാറ്റ അവർ ശേഖരിക്കുന്നുണ്ടെന്ന്. അപ്പോൾ, യൂസർ ജനററേറ്റഡ് ആയ ഉള്ളടക്കം കൊണ്ട് ഇവർക്ക് നിലനിൽക്കാൻ പറ്റുന്നു. അതുകൊണ്ടുതന്നെ ഈ ഡാറ്റ കണ്ടെത്തി വിപണിക്കുവേണ്ടി ഉപയോഗിക്കാൻ പറ്റും. ഇങ്ങനെ ഇതിലൊരു പുതിയ മാതൃക തന്നെ കോർപറൈറ്റേഷൻ കൊണ്ടുവന്നു.

ഇൻഡിപെന്റഡ് പ്ലാറ്റ്ഫോമുകളിലൊക്കെ സബ്‌സ്‌ക്രിപ്ഷൻ മോഡൽ സ്വാഗതാർഹമാണ്. കാരണം ഈ മാധ്യമങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ നിലനിൽക്കാൻ അത് അത്യാവശ്യമാണ്. പ്രത്യേകിച്ചും അപ്പുറത്ത് വിദ്വേഷജനകമായ ഉള്ളടക്കങ്ങൾ ലഭ്യമാകുമ്പോൾ.

ആ സമയത്ത്, ട്രൂ കോപ്പിയെ പോലുള്ള സാമന്തര മാധ്യമങ്ങൾ ഇതിനകത്ത് വേറെ ജനറേറ്റഡ് കണ്ടൻറ്​ ഉപയോഗിക്കുന്നുണ്ട്. യൂട്യൂബ് നമുക്ക് തിരിച്ച് പൈസ തരുന്നുണ്ട്. ഒരുപക്ഷെ, അതിനകത്ത് ഉള്ളടക്കം ജനറേറ്റ് ചെയ്യപ്പെടുന്നതിന് വലിയൊരു വിഹിതം അവർക്ക് കിട്ടുമ്പോൾ ആ ഡാറ്റ ഉപയോഗിക്കുന്നതിന്റെ ഒരു ഷെയറാണ് നമുക്ക് നൽകുന്നത്. അതിലേക്ക് നമ്മൾ വേറൊരു തരത്തിൽ ഫീഡ് ചെയ്തു കൊടുക്കുകയാണ്. എങ്കിലും ഓൾട്ടർനേറ്റീവ് പ്ലാറ്റ്ഫോമുകളിലൊക്കെ ഒരു കേന്ദ്രീകരണം നടക്കുന്നുണ്ട്. ഫ്രാൻസിസ് ഹോഗന്റെ വെളിപ്പെടുത്തലിൽ നിന്ന് മനസ്സിലാകുന്ന ഒരു കാര്യം, നമ്മൾ ഇതിൽ യൂസർ ജനറേറ്റ് ചെയ്യുന്ന ഉള്ളടക്കമുണ്ട്, അതിനകത്ത് ഏത് ഉള്ളടക്കത്തിലേക്കാണ് ശ്രദ്ധ കൊണ്ടുവരേണ്ടതെന്ന് ഫേസ്ബുക്കിന്റെ അൽഗൊരിതമാണ് തീരുമാനിക്കുന്നത്.

വാസ്തവത്തിൽ, നമ്മൾ ഒരു പക്ഷേ പ്രതീക്ഷിക്കുന്നതോ മാറ്റം വരുത്തേണ്ടതോ ആയ നിലയ്ക്കുള്ള ഒന്നും അതിനകത്ത് കാണാതെ വിവാദപരമോ വിദ്വേഷജനകമോ ആയ ഉള്ളടക്കങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നൊരു അൽഗൊരിതം അതിനകത്തുണ്ട്. അത്തരം ഉള്ളടക്കം ആയിരിക്കും ഒരു യൂസർ ബിഹേവിയറിനെ കൂടുതൽ ഉത്തേജിപ്പിക്കുന്നത്. ‘ഹേറ്റർ' (The hater) പോലുള്ള സിനിമയിൽ അത് കാണിക്കുന്നുമുണ്ട്. അത്തരം ഉള്ളടക്കങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നതിൽ വലിയ തരത്തിലുള്ള കോർപറേറ്റ് സെൻട്രലൈസേഷൻ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലുണ്ട്. രണ്ടായിരത്തിന്റെ ഒരു കാലഗണന വെച്ച് നോക്കിയാൽ, 2010 ലൊക്കെ സോഷ്യൽ മീഡിയ പല തരം കൂട്ടായ്മകളുടെ സാധ്യത ഒരുക്കിയിട്ടുണ്ട്. ഇത് വലിയൊരു നെറ്റ്​വർക്കിങ്​ സാധ്യതയാണ്. പക്ഷെ, ഈ നെറ്റ്​വർക്കിങ്​ സാധ്യതയോടൊപ്പം അതിനെ കടത്തിവെട്ടുന്ന വിദ്വേഷജനകമായ ഉള്ളടക്കങ്ങളും, ഒരു ‘റൈറ്റ് വിങ് എക്കോചേമ്പർ’ എന്ന് വിളിക്കുന്ന തരത്തിലുമുള്ള അവസ്ഥയാണ് ഇതിനുള്ളത്.

ദി ഹേറ്റർ പോസ്റ്റർ

മറ്റൊന്നുകൂടി കോർപറൈറ്റേഷനൊപ്പം നടക്കുന്നുണ്ട്. യു.എസിൽ തന്നെ ‘ആന്റി ട്രസ്റ്റ്' നിയമങ്ങൾ ഫോളോ ചെയ്യുന്നവരല്ല ഉള്ളത്. ഈ അടുത്ത് ജർമനിയിൽ ഗൂഗിളിനെതിരെ കോടതി വിധി പറഞ്ഞു. അവിടെ ഷോപ്പിംഗിന് ഗൂഗിളിന്റെ സെർച്ച് എൻജിൻ ഉപയോഗിക്കുന്നതിന് കൂടുതൽ പ്രധാന്യം കൊടുക്കുന്നത് പ്രശ്‌നമുണ്ടാക്കി. ഇത്തരത്തിൽ, കോർപറേറ്റുകൾ എല്ലാ മേഖലയിലും ക്യാപിറ്റലൈസേഷന്റെ ഭാഗമായി കോളൊനൈസേഷൻ നടത്തുന്നുണ്ട്. അവർ തമ്മിലുള്ള മ്യൂച്വൽ എൻഗേജ്‌മെൻറ്സും​ കാണാം. ഇപ്പോൾ ഗൂഗിളും ഫേസ്ബുക്കും തമ്മിൽ പല തരം കൊളോബറൈസേഷൻ കാണാൻ സാധിക്കും. അതോടൊപ്പം അവർ തമ്മിലുള്ള മത്സരവും ഉണ്ടായിരിക്കാം. പക്ഷെ, ഓൾട്ടർനേറ്റിവ് ആയ, സ്വതന്ത്രമായ ഒരു പ്ലാറ്റ്ഫോമിനകത്ത് നിലനിൽക്കാൻ പരിമിതമായ സാധ്യതയാനുള്ളത്.

കോവിഡ് മാധ്യമ മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ ഡിജിറ്റലായി എന്നു പറയാം. പ്രിൻറ്​ മീഡിയയൊക്കെ വലിയ പ്രതിസന്ധി നേരിട്ടു. പ്രത്യേകിച്ചും ഫിസിക്കലായി പ്രിന്റിന്റെ മൂവ്‌മെന്റുകളെ അത് തടഞ്ഞു. ഒപ്പം ജേർണലിസ്റ്റുകളെ പല സ്ഥാപനങ്ങളും വ്യാപകമായി പിരിച്ചുവിട്ടു, ‘ഹിന്ദു' അടക്കം പല പ്രമുഖ മാധ്യമങ്ങളും. വലിയ തോതിൽ ലേ ഓഫ് പത്രങ്ങളെ ബാധിക്കുകയും അത് അവിടെ വരുത്തേണ്ട മറ്റുതരത്തിലുള്ള വേജ് റീഫോമിനെയൊക്കെ തടയുകയും ചെയ്തു. ഡിജിറ്റൽ മീഡിയ കൂടുതൽ വ്യാപകമാകുന്നതും കണ്ടു. അതുവരെ ഫ്രീ ആയി ലഭ്യമായിരുന്ന പല കണ്ടന്റുകളും കോവിഡ് വന്നതോടെ സബ്‌സ്‌ക്രിപ്ഷൻ മോഡലിലേക്ക് മാറി. മുമ്പും ബ്രാന്റഡ് ആയ പല മാധ്യമങ്ങൾക്കും സബ്‌സ്‌ക്രിപ്ഷൻ മോഡൽ ഉണ്ടായിരുന്നതിനോടൊപ്പം പരസ്യം ഉൾപ്പെടുത്തിയുള്ള ഫ്രീ ഉള്ളടക്കവും ലഭ്യമായിരുന്നു. എന്റെ അഭിപ്രായത്തിൽ, ഇൻഡിപെന്റഡ് പ്ലാറ്റ്ഫോമുകളിലൊക്കെ സബ്‌സ്‌ക്രിപ്ഷൻ മോഡൽ സ്വാഗതാർഹമാണ്. കാരണം ഈ മാധ്യമങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ നിലനിൽക്കാൻ അത് അത്യാവശ്യമാണ്. പ്രത്യേകിച്ചും അപ്പുറത്ത് വിദ്വേഷജനകമായ ഉള്ളടക്കങ്ങൾ ലഭ്യമാകുമ്പോൾ. അതിനൊരുപക്ഷേ സബ്‌സ്‌ക്രിപ്ഷൻ ആവശ്യമില്ലായിരിക്കാം.

ഇപ്പോൾ എല്ലാം സബ്‌സ്‌ക്രിപ്ഷൻ മോഡലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സും ആമസോൺ പ്രൈമുമെല്ലാം സബ്‌സ്‌ക്രിപ്ഷൻ മോഡലിലുള്ള പ്ലാറ്റ്ഫോമുകളാണ്. ഇതെല്ലാം ഇന്റർനെറ്റ് ഡൊമൈനിൽ നടക്കുന്ന കാര്യങ്ങളാണ്. ഇതിലെ പ്രശ്‌നം എന്തെന്നാൽ മുമ്പ് നമുക്ക് സബ്‌സ്‌ക്രിപ്ഷന് പരിമിതി ഉണ്ടായിരുന്നു. ഒന്നോ രണ്ടോ വീക്കിലികൾ മാത്രമേ സബ്‌സ്‌ക്രൈബ് ചെയ്യാനുണ്ടായിരുന്നുള്ളു. ഇന്ന് ധാരാളം സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്ഫോമുകൾ വന്നതോടെ അൺലിമിറ്റഡ് ആക്‌സസിബിലിറ്റിയാണ് നമുക്ക് തരുന്നത്. നമുക്കുമുന്നിൽ ധാരാളം ഓപ്ഷനുകൾ വന്നതോടെ സബ്‌സ്‌ക്രിപ്ഷൻ ഒരു പ്രശ്‌നമായി മാറി. ഉദാഹരണത്തിന് സിനിമ കാണണമെങ്കിൽ നിരവധി ഒ.ടി.ടി പ്ലാറ്റ്ഫോമുകളുണ്ട്. ഇതിലൊക്കെ, വ്യത്യസ്തമായ സിനിമകളുമുണ്ട്. അപ്പോൾ ധാരാളം സബ്‌സ്‌ക്രിപ്ഷൻ ആവശ്യമായി വരുന്നു. ഇതിന് പരിഹാരമെന്നോണം ആമസോൺ പുതിയ കൊളാബറേഷനുകൾ തുടങ്ങിയിട്ടുണ്ട്. വളരെ അപകടകരമായ വിധത്തിൽ അത് വരാനുള്ള സാധ്യതയുമുണ്ട്. അപ്പോൾ ഒരു പ്ലാറ്റ്ഫോം തന്നെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള എൻട്രി ആയി മാറുകയും ഒന്ന് സബ്‌സ്‌ക്രൈബ് ചെയ്താൽ മറ്റുള്ളവ ലഭ്യമാകുകയും ചെയ്യും. പക്ഷേ, ഇതും ഒരു പ്രത്യേക തരത്തിൽ സെൻട്രലൈസേഷൻ ചെയ്യപ്പെടാനുള്ള സാധ്യത കാണാതിരിക്കരുത്. ക്യാപിറ്റലിന് അങ്ങനെ മാത്രമേ നിലനിൽക്കാൻ സാധിക്കൂ. ഇത്തരമൊരു പ്രശ്‌നം ഇന്ന് മാധ്യമങ്ങളെല്ലാം അഭിമുഖീകരിക്കുന്നുണ്ട്.

ഡിജിറ്റൽ മീഡിയയുമായും സോഷ്യൽ മീഡിയയും ബന്ധപ്പെട്ട് നമുക്കുമുന്നിലുള്ള പ്രധാനപ്പെട്ട കാര്യം, വിശ്വാസ്യതയുമായി ബന്ധപ്പെട്ട് വന്ന റോയ്‌ട്ടേഴ്‌സ്​റിപ്പോർട്ടാണ്. വാർത്തകളോടുള്ള നമ്മുടെ വിശ്വാസ്യത എങ്ങനെയായിരിക്കും എന്നത്, പ്രത്യേകിച്ചും ‘പോസ്റ്റ് ട്രൂത്ത്' എന്ന വാക്ക് കണ്ടത്തിയതോടെ നമുക്ക് അതിനെ എളുപ്പം നിർവചിക്കാൻ കഴിയുന്നു. വാസ്തവാനന്തരം എന്ന പ്രയോഗം അത്തരമൊരു ട്രിവിലൈസേഷനായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ, ഗൗരവകരമായ വിഷയം എന്തെന്നാൽ, ഈ ഡെമോക്രസിയെ തന്നെ അടിസ്ഥാനപരമായി ഇളക്കുന്ന തരത്തിൽ ഇതിന്റെ വസ്തുത ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി മാറിയത് ഒരു പ്രശ്‌നം തന്നെയാണ്.

ഇന്ന് ധാരാളം സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്ഫോമുകൾ വന്നതോടെ അൺലിമിറ്റഡ് ആക്‌സസിബിലിറ്റിയാണ് നമുക്ക് തരുന്നത്. നമുക്കുമുന്നിൽ ധാരാളം ഓപ്ഷനുകൾ വന്നതോടെ സബ്‌സ്‌ക്രിപ്ഷൻ ഒരു പ്രശ്‌നമായി മാറി.

ഇപ്പോൾ ഏത് ഉള്ളടക്കവും നമ്മൾ ആക്‌സസ് ചെയ്യും എന്ന ബുദ്ധിമുട്ട് നമുക്കുമുന്നിലുണ്ട്. സൗജന്യമായ ഉള്ളടക്കങ്ങൾ ധാരാളം ലഭ്യമാകുന്നു, ഇതിൽ ഏതാണ് വിശ്വാസ്യതയുള്ളതന്ന് മനസ്സിലാക്കുന്നത് ഒരു നിർണായക പ്രശ്‌നമാണ്. ആ ഒരു പ്രശ്‌നം, ഒരു മാധ്യമത്തെ മാത്രമല്ല എല്ലാ മാധ്യമങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. അപ്പോൾ ബ്രാൻഡ് അടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ റിലയബിലിറ്റി ഒക്കെ എത്ര കാലം നീണ്ടുനിൽക്കും എന്നത് സംശയകരമാണ്. കാരണം, ബ്രാൻഡ് എന്നത് ഒരു തലമുറയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്. ഇപ്പോഴത്തെ ജനറേഷൻ ആയിരിക്കില്ല ഇനി വരുന്നത്. ഒരുപക്ഷെ കേരളത്തിൽ അറിയപ്പെടുന്ന പത്രമാധ്യമങ്ങളുടെ ഒരു ബ്രാൻഡ് ഒരു വ്യാജ വാർത്ത കൊടുത്താൽ പോലും അതിന്റെ വായനക്കാർ അത് ക്ഷമിക്കുകയും സ്വീകരിക്കുകയും ചെയ്‌തെന്നു വരും. പക്ഷേ ഇനിവരുന്ന ജനറേഷൻ ആ ഒരു മാധ്യമത്തോട് അത്ര കമ്മിറ്റഡ് ആകണമെന്നില്ല. കാരണം അവർ വേറൊരു എജുക്കേഷൻ സിസ്റ്റത്തിലൂടെ വന്നതുകൊണ്ട് പുതിയ തരം കണ്ടൻറ്​ ആയിരിക്കും നോക്കുന്നത്. അവരൊക്കെ, ഒരു ഡിജിറ്റൽ നേറ്റീവ്‌സ് ആയ ജനറേഷനാണ്. അവരെ സംബന്ധിച്ച് അവരുടെ കണ്ടൻറ്​ ഷെയർ ചെയ്യുന്ന രീതിയും കളക്റ്റ് ചെയ്യുന്ന രീതിയും വേറൊന്നായിരിക്കും. അതിൽ ബ്രാൻഡ് ബിൽഡിംഗ് തീർച്ചയായും നടക്കും. കാരണം അത് ഇതിന്റെയൊരു ഭാഗമാണ്. ഒരു ബ്രാൻഡ് നിലനിൽക്കുന്നതിന് അതിന്റെ ഐഡന്റിഫിക്കേഷൻ കൊണ്ടുവരാനും ശ്രമിക്കും. പക്ഷെ എങ്ങനെയാണ് പുതിയൊരു തരത്തിലുള്ള കണ്ടൻറ്​ ഡിജിറ്റലിനകത്ത് സാധ്യമാകുക എന്നതിനെ കുറിച്ചുള്ള ഒരു നിർണായക ചോദ്യം എല്ലാ മാധ്യമങ്ങളും ചോദിക്കേണ്ടതുണ്ട്. കാരണം, നിലവിൽ പല വാർത്തകളും വിശ്വസയോഗ്യമല്ലാത്ത രീതിയിൽ മാറുന്നു. ശരിയായ വാർത്ത പോലും വിശ്വാസം ജനിപ്പിക്കുന്ന രീതിയിലല്ല എന്ന സാഹചര്യമാണുള്ളത്.

ലോകത്തെ ഏറ്റവും വലിയ ഡെമോക്രസി ആയി സ്വയം കാണുന്ന അമേരിക്കയാണ് ഏറ്റവും കുറവ് വിശ്വാസ്യതയുള്ളതായിട്ട് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്. പക്ഷെ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി അവിടെ ട്രംപിന്റെ ഭരണാധികാരത്തെ ചെറുത്ത പല മാധ്യമങ്ങളും ഉണ്ട്. ന്യൂയോർക്ക്​ ടൈംസ് പോലുള്ള മാധ്യമങ്ങളൊക്കെ ഉണ്ടായിട്ടും അവിടെ കാണുന്നൊരു പ്രവണത, വാർത്തകൾക്ക് വിശ്വാസ്യയോഗ്യത നഷ്ടപ്പെടുന്നു എന്നതാണ്. ആ ഒരു ഡെഫിസിറ്റി എല്ലാ മാധ്യമങ്ങളെയും ബാധിക്കാൻ പോകുന്നൊരു കാര്യമാണ്. മാനസികമായും ശരീരികമായും സാമ്പത്തികമായുമെല്ലാം എല്ലാ തരത്തിലും ഇൻവെസ്റ്റ്‌മെൻറ്​ നടത്തി പ്രവർത്തിക്കുന്ന വിശ്വാസ്യയോഗ്യമായ എല്ലാ മാധ്യമങ്ങളും നേരിടാൻ പോകുന്നൊരു പ്രശ്‌നമാണ്, വിശ്വാസ്യതയോടെ എങ്ങനെ പിടിച്ചു നിൽക്കാം എന്നത്. വിശ്വാസ്യയോഗ്യമായ മാധ്യമങ്ങളായിരിക്കും ഈ പ്രശ്‌നം ഏറ്റവും കൂടുതൽ നേരിടാൻ പോകുന്നത്. ഇന്ന് അധികാരത്തെ ഏറ്റവും പ്രതിരോധിച്ചു നിർത്തുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്. പരമ്പരാഗത മാധ്യമങ്ങൾ അതിനോട് അത്ര താൽപര്യം കാണിക്കുന്നില്ല. ക്രെഡിബിലിറ്റിയോടെ കടന്നുവന്ന പെഗാസസ് പോലുള്ള മാധ്യമങ്ങളൊന്നും പരമ്പരാഗത മാധ്യമങ്ങളല്ല.

കൂടുതൽ ക്രെഡിബിലിറ്റി ഓൺലൈൻ മാധ്യമത്തിനുണ്ടെങ്കിലും ഇവയുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണ്. അവരെ സംബന്ധിച്ച് സ്റ്റേറ്റ് പിന്തുണയോ പരസ്യമോ ലഭിക്കാൻ സാധ്യതയില്ല. കോർപറേറ്റ് പരസ്യങ്ങൾ തന്നെ വളരെ കുറവായിരിക്കും. പിന്നെയുള്ളത് സബ്‌സ്‌ക്രിപ്ഷൻ മോഡലാണ്. അതെത്ര ക്രെഡിബ്ൾ ആയിരിക്കും എന്നത് സംശയകരമാണ്. ഒരു പ്രത്യേക ഘട്ടത്തിലാണ് ഡിജിറ്റൽ മേഖല നിലനിൽക്കുന്നത്. ഇതിനെ മറികടക്കാൻ സോഷ്യൽ- പൊളിറ്റിക്കൽ രീതിയിലുള്ള ഒരു മീഡിയ ലിറ്ററസിയുടെ ആവശ്യമുണ്ട്. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ തന്നെ വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ തൽപരരാണെന്ന് കാണാം. വലിയൊരു പൊളിറ്റിക്കൽ മൂവ്‌മെന്റിന്റെ ഭാഗമാണ് മീഡിയ ലിറ്ററസി. അതിലൂടെ വിശ്വാസ്യതയും ക്രെഡിബിലിറ്റിയുമൊക്കെ നമുക്ക് മനസ്സിലാക്കാനും ആ തരത്തിൽ ആശയവിനിമയം നടത്താനും സാധിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, മീഡിയകൾക്ക് മാത്രമായി അത് സാധിക്കില്ല, വലിയൊരു പൊളിറ്റിക്കൽ മൂവ്‌മെൻറ്​ ആവശ്യമാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനം മുഖ്യധാരയിൽ വരുന്ന കാര്യം പലരും ഉന്നയിക്കാറുണ്ട്. മുഖ്യധാര എന്ന് വിളിക്കുന്നതുതന്നെ ഇനിയുള്ള കാലത്ത് എത്ര പ്രസക്തമാകും എന്നത് സംശയമാണ്. പല മുഖ്യധാരാ മാധ്യമങ്ങളും ഇപ്പാൾ യൂ ട്യൂബിലൂടെയൊക്കെയാണ് പലരും ആക്‌സസ് ചെയ്യുന്നത്.

നേരിടാൻ പോകുന്ന പ്രശ്‌നം വിശ്വാസ്യതയും ക്രെഡിബിലിറ്റിയും ആണ്, പ്രത്യേകിച്ചും വ്യാജവാർത്തകളുടെ കാലത്ത്. ഒരു ഫാക്ടറി പോലെ വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിച്ചു വിടുന്നുണ്ട്. അതിൽ രാഷ്​ട്രീയ പാർട്ടികളും ഉൾപ്പെടുന്നു.

കേരളത്തിൽ തന്നെ വലിയ ഇൻവെസ്റ്റ്മെൻറ്​ ഇറക്കി മുന്നോട്ടുവന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് സോഷ്യൽ മീഡിയയിലേക്ക് ആക്‌സസ് ഉണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കണ്ടന്റുകളായിരിക്കും നാളെ അവരുടെ പ്രധാനവാർത്ത. സോഷ്യൽ മീഡിയ തന്നെ ആയിരിക്കും അവരുടെ പ്രധാന വാർത്താ ഉറവിടവും. ഇവരുടെ തന്നെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്യുന്നു. അപ്പോൾ സോഷ്യൽ മീഡിയയുടെ സ്വാധീനം മുഖ്യധാരയിലുണ്ട് എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇവിടെയൊക്കെ നേരിടാൻ പോകുന്ന പ്രശ്‌നം വിശ്വാസ്യതയും ക്രെഡിബിലിറ്റിയും ആണ്, പ്രത്യേകിച്ചും വ്യാജവാർത്തകളുടെ കാലത്ത്. ഒരു ഫാക്ടറി പോലെ വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിച്ചു വിടുന്നുണ്ട്. അതിൽ രാഷ്​ട്രീയ പാർട്ടികളും ഉൾപ്പെടുന്നു. എങ്ങനെ ഇതിനെ നിയന്ത്രിക്കാൻ കഴിയും എന്നതാണ് വലിയ പ്രശ്‌നം. ഒരുപക്ഷെ, പ്ലാറ്റ്‌ഫോമുകൾ തന്നെ പുതിയ അൽഗൊരിതം വെച്ച് ഇതിനെ നിയന്ത്രിക്കണം. പക്ഷേ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ വാർത്തകൾ തിരിച്ചറിയുക പ്രയാസമാണ്. എന്റെ അഭിപ്രായത്തിൽ വിശ്വാസ്യതയുള്ള കണ്ടൻറ്​ ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷനെ ആശ്രയിക്കേണ്ടിവരും. അതിനകത്ത് പല തരം മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗും ഇൻവെസ്റ്റ്‌മെന്റുകളും റിസ്‌ക്കുകളും ഉണ്ട്. അത് വായിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും ഷെയർ ചെയ്യാനുള്ള ബാധ്യതയുണ്ട്.

നമുക്ക് സബ്‌സ്‌ക്രിപ്ഷൻ മോഡൽ പുതിയൊരു കാര്യമല്ല. കാരണം പ്രിൻറ്​ മീഡിയ സബ്‌സ്‌ക്രിപ്ഷൻ മോഡൽ ആയിരുന്നല്ലോ. പക്ഷേ ഇവിടെയുള്ളൊരു പ്രശ്‌നം, ഡിജിറ്റൽ മീഡിയ നമുക്ക് ഗൂഗിൾ വഴി സൗജന്യമായിട്ടാണ് ആദ്യം ലഭിച്ചിരുന്നത്. അപ്പോൾ സബ്‌സ്‌ക്രിപ്ഷൻ വെക്കാത്തൊരു മോഡലിനെ കുറിച്ച് നമുക്ക് സംശയമുണ്ടായിരുന്നു. രണ്ട്, ഇതിനകത്ത് ഏത് സബ്‌സ്‌ക്രൈബ് ചെയ്യണമെന്നതിന് അൺലിമിറ്റഡ് ആയ ചോയ്‌സുകളുണ്ടായിരുന്നു. വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക്​ ടൈംസും ഗാർഡിയനും ഒക്കെ വരുമ്പോൾ ഇതിൽ ഏത് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ചോദ്യം നമ്മുടെ മുന്നിലുണ്ടാകും. എങ്കിലും നിലവാരമുള്ള കണ്ടൻറിന് യൂസർ സബ്‌സ്‌ക്രിപ്ഷൻ വേണമെന്നാണ് എന്റെ അഭിപ്രായം. മറ്റേ കണ്ടന്റുകൾ ആക്‌സസ് ചെയ്യാനുള്ള താൽപര്യം ആളുകൾക്കുണ്ടായിരിക്കും. എന്നാലും ഇവ തമ്മിൽ താരതമ്യത്തിനുള്ള ഒരു സാധ്യത ഇവിടെ ഇല്ല. അവ വേറൊരു ഡൊമൈൻ വർക്കാണ്. എല്ലാ കാലത്തും ഇത്തരം കണ്ടന്റുകളുണ്ടായിട്ടുണ്ട്. പക്ഷെ ടെലിവിഷനിൽ ഇത്തരം ഉള്ളടക്കങ്ങൾ ഉണ്ടായിട്ടില്ല. കാരണം ടെലിവിഷനിൽ കുറച്ചുകൂടി ഇൻവെസ്റ്റ്‌മെൻറ്​ ഉള്ളതുകൊണ്ട് ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ കൊടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ചീപ്പായി ആക്സസ് ഉള്ളതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി ഉണ്ടാകുന്നു. ക്രെഡിബിളായി ന്യൂസ് വായിക്കാൻ താൽപര്യം ഉള്ളവർ തീർച്ചയായും സബ്‌സ്‌ക്രിപ്ഷൻ മോഡൽ ഉപയോഗിക്കുന്നുണ്ടായിരിക്കും. അതിനാണ് ഇനി സ്‌കോപ്പുള്ളത്. ▮

(ട്രൂ കോപ്പി വെബ്‌സീൻ ഒന്നാം വാർഷിക പ്രഭാഷണം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments