ആ അമ്മയെ
എയർപോർട്ടിൽ
തുറിച്ചുനോക്കിനിന്ന
മീഡിയ ക്യാമറകൾ

സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ അമ്മ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ എന്തൊക്കെയാണ് ‘മീഡിയ ക്യാമറകൾ’ കാണിച്ചുകൂട്ടിയത്. ഡിജിറ്റൽ മീഡിയയുടെ ആവിർഭാവത്തോടെ വിനോദ സംസ്കാരത്തിന്റെ പാതയിലേയ്ക്ക് മാറിയ മാധ്യമ ഉള്ളടക്കത്തെ വിമർശനാത്മകമായി പരിശോധിക്കുന്നു. ഡോ. ആന്റോ പി. ചീരോത എഴുതുന്ന മീഡിയ കോളം NEWS BIN തുടരുന്നു.

NEWS BIN- 12

ഡിജിറ്റൽ പാപ്പരാസികളുടെ ക്യാമറ തുറിച്ചുനോട്ടം ഡിജിറ്റൽ അരാജകത്വത്തിലേയ്ക്ക് (Digital Anarchy) നയിക്കാവുന്ന അന്തരീക്ഷം സ്യഷ്ടിച്ചേക്കാം. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സിനിമാതാരം സാബുമോൻ അബ്ദുസമദ് തന്റെ മുമ്പിലേക്ക് മൊബൈൽ ക്യാമറകളുമായി വന്ന ഡിജിറ്റൽ പാപ്പരാസികളെ തിരിച്ച് തന്റെ മൊബൈലിൽ ഷൂട്ട് ചെയ്തത് വാർത്തയായത്. പലരും മുഖം മറച്ച് ഓടി. ഇവർ നടത്തുന്നത് ‘സ്വതന്ത്ര മാധ്യമപ്രവർത്തന’മാണെങ്കിൽ പിന്നെ എന്തിനാണ് മുഖം മറയ്ക്കുന്നതെന്ന ചിന്തയാണ് ഡിജിറ്റൽ പാപ്പരാസികളുടെ ക്യാമറാനോട്ടങ്ങളെ കുറിച്ച് എഴുതാനുള്ള കാരണം.

കഴിഞ്ഞ ദിവസം തന്നെ പാപ്പരാസികളുടെ ചോദ്യങ്ങൾക്ക് താൻ മറുപടി തരില്ലെന്ന് നടൻ ഗോകുൽ സുരേഷും ശക്തമായി പ്രതികരിയ്ക്കുന്നത് കണ്ടു. പാപ്പരാസികളുടെ ‘ക്യാമറക്കണ്ണിന്’ ഇരയായി കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ ജീവിതം നമ്മുടെ മുന്നിലുണ്ട്. ഡിജിറ്റൽ ഇടത്തിൽ ഇവർ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന് ഒരുപക്ഷെ സാധാരണ ജനങ്ങൾ ചിന്തിച്ചേക്കാം. ഒരുപക്ഷേ കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനത്തേക്കാൾ ഫോളോവേഴ്സ് ഇവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ഉണ്ടാകും. അപ്പോൾ ഈ കൂട്ടർ ഒപ്പീനിയൻ ലീഡേഴ്സാണോ? ഡിജിറ്റൽ പാപ്പരാസികളുടെ ‘ക്യാമറ നോട്ടങ്ങളും’ അവ സൃഷ്ടിയ്ക്കുന്ന സാംസ്കാരിക – മാനസിക പ്രശ്നങ്ങളും അതീവ ഗൗരവത്തോടെ പഠിക്കേണ്ടതല്ലേ? വ്യക്തികളുടെ സ്വകാര്യതയിലേക്ക് തുറന്ന് വെയ്ക്കുന്ന പാപ്പരാസി ക്യാമറകൾ നടത്തുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനമാണോ? മുഖം കാണിക്കാൻ ഭയക്കുന്നവർ മാധ്യമ പ്രവർത്തകരാണോ? ഈ ചോദ്യങ്ങളോടുള്ള അക്കാദമികമായ സമീപനത്തിൽ നിന്നാണ് ഈ എഴുത്ത്.

https://keralakaumudi.com/en/news/news.php?id=1573349&u=knack-for-spotting-wardrobe-malfunctions-actor-sabumons-blitzkrieg-against-malayalam-online-media

https://www.onmanorama.com/entertainment/entertainment-news/2025/07/17/viral-video-gokul-suresh-media-stance-madhav-suresh-jsk-movie.html

എഴുത്തിന്റെ ഭാഗമായി ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്നു വായിച്ച ഓൺലൈൻ വാർത്താ റിപ്പോർട്ടുകളും അക്കാദമിക പഠനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ പ്രശ്നത്തെ വിശദീകരിയ്ക്കാൻ ശ്രമിയ്ക്കുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. ‘Papparazi and News’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്.

 സ്ക്രീൻ ഷോട്ട്: ന്യൂസ് മലയാളം
സ്ക്രീൻ ഷോട്ട്: ന്യൂസ് മലയാളം

1960- ലെ ഫെഡറിക്കോ ഫെല്ലിനി (Federico Fellini) ചിത്രമായ ലാ ഡോൾസ് വിറ്റയിലെ (La Dolce Vita) ഒരു കഥാപാത്രത്തിന്റെ പേരിൽ നിന്നാണ് പാപ്പരാസ്സി എന്ന വാക്ക് ഉരുത്തിരിഞ്ഞതെന്നാണ് ബ്രിട്ടാനിക്ക സോഴ്സിൽനിന്ന് മനസിലാകുന്നത്. ചിത്രത്തിൽ മാർസെല്ലോ (Marcello) എന്ന കഥാപാത്രം തന്റെ സഹപ്രവർത്തകനായ ഫോട്ടോഗ്രാഫർ പാപ്പരാസോയ്ക്കൊപ്പം (Paparazzo) വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നുണ്ട്. സിനിമയിലുടനീളം മാർസെല്ലോ പാപ്പരാസോയെ അഭിസംബോധന ചെയ്യുന്ന രീതി, ‘പാപ്പരാസോ’ എന്ന വാക്ക് വേറിട്ടുനിൽക്കാനും അതിനെ ജേണലിസം – ഫോട്ടോഗ്രാഫി തൊഴിലുമായി ബന്ധിപ്പിക്കാനും സഹായിച്ചിട്ടുണ്ടെന്ന നിരീക്ഷണങ്ങളും വായിച്ചു. 1961- ൽ ടൈം മാഗസിൻ ‘The Press: Paparazzi on the Prowl’ എന്ന ലേഖനത്തിൽ ‘പാപ്പരാസ്സോ’ എന്ന പദത്തിന്റെ ബഹുവചനരൂപമായ ‘പാപ്പരാസി’യിലേക്കും അക്കാദമിക ശ്രദ്ധ ക്ഷണിച്ചതായി പറയുന്നു.

വ്യക്തികളുടെ സ്വകാര്യതയിലേക്ക് തുറന്ന് വെയ്ക്കുന്ന പാപ്പരാസി ക്യാമറകൾ നടത്തുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനമാണോ? മുഖം കാണിക്കാൻ ഭയക്കുന്നവർ മാധ്യമ പ്രവർത്തകരാണോ?

medium.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ 2023 നവംബർ 27-ന് പ്രസിദ്ധീകരിച്ച Paparazzi Culture and Social Media: A Nexus of Attention എന്ന ലേഖനത്തിൽ, സെലിബ്രിറ്റി ഫോട്ടോഗ്രാഫിയിൽ നിന്ന് തുടങ്ങി പാപ്പരാസി സംസ്കാരത്തിന്റെ ബോളിവുഡ് വളർച്ച വിവരിയ്ക്കുന്നുണ്ട്. ഈ റിപ്പോർട്ട് വായിക്കുമ്പോൾ സോഷ്യൽ മീഡിയയുടെ വിശാലമായ വ്യാപ്തിയും പാപ്പരാസി സംസ്കാരത്തെ എങ്ങനെ പുനർനിർവചിച്ചുവെന്നും മനസിലാക്കാം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ‘അനുമതിയില്ലാതെ കടന്നുകയറിയുള്ള’ പാപ്പരാസികളുടെ ഉള്ളടക്കം ഡിജിറ്റൽ മേഖലയിലെ ധാർമ്മിക റിപ്പോർട്ടിങിനെ എങ്ങനെ ബാധിയ്ക്കുമെന്ന വാദങ്ങൾ റിപ്പോർട്ട് ബലപ്പെടുത്തുന്നു.

https://medium.com/@mandeeprajput/paparazzi-culture-and-social-media-a-nexus-of-attention-d9119c379ae1

ദിലീപ് കുമാറിന്റെയും സുശാന്ത് സിംഗ് രജ്പുത്തിന്റെയും ശവസംസ്കാര വേളകളിൽ എന്തൊക്കെയാണ് പാപ്പരാസികൾ കാണിച്ചുകൂട്ടിയത്? മുതിർന്ന ബോളിവുഡ് നടൻ മനോജ് കുമാറിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ അഭിഷേക് ബച്ചൻ പാപ്പരാസികളോട് കയർത്ത് സംസാരിയ്ക്കുന്നത് നമ്മൾ കണ്ടതാണ്. ഇക്കണോമിക് ടൈംസ് ഓൺലൈൻ 2025 ഏപ്രിൽ അഞ്ചിന് പ്രസിദ്ധീകരിച്ച Abhishek Bachan upset with paparaazi at Manoj Kumar’s funeral എന്ന ലേഖനത്തിൽ സംഭവം വിവരിയ്ക്കുന്നുണ്ട്.

ഇവിടെ നടക്കുന്നത് വോയറിസമാണ്. ഫ്രോയിഡിയൻ അല്ലെങ്കിൽ ലക്കാനിയൻ മനഃശ്ശാസ്ത്രപരമായ വീക്ഷണത്തിൽ നിന്നുള്ള പദമായാണ് വോയറിസത്തെ ഇവിടെ കാണുന്നത്. അതായത് മറ്റുള്ളവരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങളെ പകർത്തി കാശാക്കുന്ന, ധാർമ്മികത തൊട്ടുതീണ്ടാത്ത പ്രവൃത്തി.

https://economictimes.indiatimes.com/news/entertainment/abhishek-bachchan-upset-with-paparazzi-at-manoj-kumars-funeral-heres-what-happened-next/articleshow/120017456.cms?from=mdr

കുടുംബങ്ങളുടെ സ്വകാര്യതയെ മാനിയ്ക്കാതെയുള്ള കവറേജിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ അമ്മ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ എന്തൊക്കെയാണ് ‘ക്യാമറകൾ’ കാണിച്ചുകൂട്ടിയത്. അമ്മയുടെ കൂടെ കൂടിയ ‘ക്യാമറകൾ’ വൈകാരിക നിമിഷങ്ങളെ വിറ്റ് കാശാക്കുകയായിരുന്നില്ലേ ചെയ്തത് എന്ന് സംശയിക്കാം. ഇവിടെ മുഖ്യധാരയും ലെഗസി മീഡിയയും എല്ലാം ‘പാപ്പരാസികളാകുന്നുണ്ട്’. ആധുനിക മുതലാളിത്ത സമൂഹങ്ങളിൽ ‘യാഥാർത്ഥ്യം’ ഒരു കാഴ്ചയായി മാറുന്നതായി ഗൈ ഡെബോർഡിന്റെ ‘സൊസൈറ്റി ഓഫ് ദ സ്പെക്ടാക്കിൾ’ (Guy Debord's "Society of the Spectacle" - 1967) സംസാരിയ്ക്കുന്നത് സത്യമായി മാറുന്നത് കാണാം.

സ്ക്രീൻ ഷോട്ട്: മനോരമ ന്യൂസ്
സ്ക്രീൻ ഷോട്ട്: മനോരമ ന്യൂസ്

കുറച്ചുനാൾ മുമ്പ് ഒരു ക്രിക്കറ്റ് മത്സരത്തിനിടെ, അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും മകൾ വാമികയെ സ്റ്റാൻഡുകളിൽ കാണുകയും അവരുടെ മുഖം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തതിനെ നിശിതമായി വിമർശിയ്ക്കുന്നുണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് (സെപ്റ്റംബർ 14, 2024). ഇലക്ട്രോണിക് മാധ്യമയുഗത്തിൽ പൊതുജീവിതവും സ്വകാര്യജീവിതവും തമ്മിലുള്ള അതിർത്തികൾ മങ്ങിയതായി ജോഷ്വ മെയ്റോവിറ്റ്സിനെപ്പോലുള്ള (Joshua Meyrowitz) സാംസ്കാരിക സൈദ്ധാന്തികർ വാദിക്കുന്നത് പ്രസക്തമാണ്. ‘പ്രശസ്തിയുടെ’ പേരിൽ സെലിബ്രിറ്റികൾക്ക് സ്വകാര്യതയ്ക്ക് അവകാശവാദം കുറവാണെന്ന് ന്യായീകരിച്ച് പാപ്പരാസികൾ അവരുടെ നുഴഞ്ഞുകയറ്റത്തെ ന്യായീകരിക്കുന്നു. പൊതുപ്രവർത്തകരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ‘പൊതുതാൽപര്യ’ത്തിൽ കണക്കാക്കപ്പെടുന്നു.

https://timesofindia.indiatimes.com/entertainment/hindi/bollywood/news/varun-dhawan-slams-paparazzi-for-insensitivity-anushka-sharma-virat-kohli-secretly-clicked-in-london-ranbir-kapoors-leaked-pics-from-ramayana-sets-does-indian-paparazzi-culture-need-a-reset/articleshow/113331130.cms

ഡിജിറ്റൽ മീഡിയയുടെ ആവിർഭാവത്തോടെ, മാധ്യമ ഉള്ളടക്കം ഗണ്യമായ പരിവർത്തനത്തിന് വിധേയമാകുകയും വിനോദ സംസ്കാരത്തിന്റെ പാതയിലേയ്ക്ക് വലിയ രീതിയിൽ മാറുകയും ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതങ്ങളേയും നിമിഷങ്ങളേയും മാർക്കറ്റിന്റെ ഭാഗമാക്കാനാണ് പാപ്പരാസി ക്യാമറക്കണ്ണുകളുടെ എപ്പോഴത്തേയും ശ്രമമെന്ന് SAGE ജേണലിൽ വന്ന ‘Taking the extra out of the extraordinary: Papparaazi photography as an online celebrity news genre’ എന്ന പ്രബന്ധത്തിൽ പറയുന്നു.

https://journals.sagepub.com/doi/abs/10.1177/1367877913503425

പാപ്പരാസി സംസ്കാരം ബോളിവുഡിനോ ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്കോ പുതിയതല്ല. എന്നാൽ ഇപ്പോൾ, ഈ വ്യവസായം സെലിബ്രിറ്റി ഗോസിപ്പിൽ തഴച്ചുവളരുന്ന പുതിയ ഡിജിറ്റൽ സംരംഭങ്ങൾക്കും സംസ്കാരങ്ങൾക്കും തുടക്കമിടുന്നതായി കാണാം. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച The Princess & the Paparaazi എന്ന ലേഖനത്തിൽ (ആഗസ്റ്റ് 27, 2017) എങ്ങനെയാണ് പാപ്പരാസികളിൽ നിന്ന് രക്ഷപ്പെട്ട് പാഞ്ഞ ഡയാന രാജകുമാരിയുടെ കാർ ഒരു തൂണിലിടിച്ച് ഡയാനയും പ്രതിശ്രുത വരൻ ദോദി അൽ-ഫയദും കൊല്ലപ്പെട്ടെതെന്ന് പറയുന്നു. 1997 സെപ്റ്റംബറിൽ ഡയാന രാജകുമാരിയുടെ ശവസംസ്കാര വേളയിൽ, സഹോദരൻ ചാൾസ് സ്പെൻസർ തന്റെ സഹോദരിയെ "ആധുനിക യുഗത്തിൽ പാപ്പരാസികൾ ഏറ്റവും വേട്ടയാടിയ വ്യക്തിയായി" വിശേഷിപ്പിച്ചിരുന്നതും റിപ്പോർട്ടിനോടൊപ്പം കൂട്ടിവായിക്കാം.

https://time.com/4914324/princess-diana-anniversary-paparazzi-tabloid-media/

എയർപോർട്ടിൽ തടിച്ചുകൂടിയ പാപ്പരാസി ഫോട്ടോഗ്രാഫർമാർ തന്റെ മക്കളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിനെ ചെറുത്ത ഐശ്വര്യ റായ് ബച്ചൻ, റാണി മുഖർജി എന്നിവർ ഈ സംസ്ക്കാരത്തിന്റെ ഇതിന്റെ ഇന്ത്യൻ പതിപ്പിന്റെ ഇരകളാണ്. NDTV ഓൺലൈൻ പ്രസിദ്ധീകരിച്ച Bollywood Vs Paparazzi – When Cameras Get Too Close എന്ന റിപ്പോർട്ടിൽ ഇത് സൂചിപ്പിയ്ക്കുന്നു (ആഗസ്റ്റ് 16, 2017).

https://www.ndtv.com/blog/bollywood-vs-paparazzi-when-cameras-get-too-close-1738297

എയർപോർട്ടിൽ തടിച്ചുകൂടിയ പാപ്പരാസി ഫോട്ടോഗ്രാഫർമാർ തന്റെ മക്കളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിനെ ചെറുത്ത ഐശ്വര്യ റായ് ബച്ചൻ, റാണി മുഖർജി എന്നിവർ ഈ സംസ്ക്കാരത്തിന്റെ ഇതിന്റെ ഇന്ത്യൻ പതിപ്പിന്റെ ഇരകളാണ്.      സ്ക്രീൻ ഷോട്ട്: എൻഡി ടി.വി
എയർപോർട്ടിൽ തടിച്ചുകൂടിയ പാപ്പരാസി ഫോട്ടോഗ്രാഫർമാർ തന്റെ മക്കളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിനെ ചെറുത്ത ഐശ്വര്യ റായ് ബച്ചൻ, റാണി മുഖർജി എന്നിവർ ഈ സംസ്ക്കാരത്തിന്റെ ഇതിന്റെ ഇന്ത്യൻ പതിപ്പിന്റെ ഇരകളാണ്. സ്ക്രീൻ ഷോട്ട്: എൻഡി ടി.വി

നേരത്തെ സൂചിപ്പിച്ച മുതലാളിത്ത മാധ്യമ സമ്പദ് വ്യവസ്ഥയിൽ, എല്ലാം- സെലിബ്രിറ്റി കുടുംബങ്ങളും കുട്ടികളും പോലും- ഒരു ചരക്കായി (Commodity) മാറുന്നു. മാധ്യമസ്ഥാപനങ്ങൾ വരുമാനമുണ്ടാക്കാൻ താരസന്തതികളെ ചരക്കാക്കി മാറ്റുന്നു. ഇത്തരത്തിലുള്ള മുഖമില്ലാത്ത പാപ്പരാസികൾക്ക് എന്ത് കുട്ടികൾ, എന്ത് കുട്ടികളുടെ അവകാശങ്ങൾ അല്ലേ? കുട്ടികളുടെ ‘നിഷ്കളങ്കത’യെപ്പോലും വിപണിസാധ്യതയാക്കും. മാധ്യമ പ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുള്ളതുപോലെ, വ്യക്തികൾക്ക് (സെലിബ്രിറ്റികൾ ഉൾപ്പെടെ) സ്വകാര്യതയ്ക്കുള്ള മൗലികാവകാശമുണ്ട്. മാധ്യമസ്വാതന്ത്ര്യവും വ്യക്തിയുടെ മൗലിക അവകാശങ്ങളും ചേർന്നുപോകേണ്ടതുമുണ്ട്.

മനുഷ്യന്റെ സ്വകാര്യതയെയും അന്തസ്സിനെയും ബഹുമാനിക്കാത്ത, വെറും സെൻസേഷണൽ ഉള്ളടക്കത്തിലേയ്ക്ക് മാറുന്ന ഡിജിറ്റൽ പാപ്പരാസികളുടെ റിപ്പോർട്ടിങ് രീതി അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ്. പല സെർച്ചുകളിലും ഇവരെ ‘Paparazzi Journalist’കൾ എന്ന് വിളിക്കുന്നത് കണ്ടു. ഈ സവിശേഷ സാഹചര്യത്തിൽ മാധ്യമപ്രവർത്തനവും വോയറിസവും തമ്മിൽ എന്താണ് വ്യത്യാസമെന്ന് മാധ്യമ വിമർശകർ ചോദിക്കും. ഇത് ഒരു തരത്തിലും മാധ്യമ പ്രവർത്തനമല്ല മറിച്ച്, പൊതുതാൽപ്പര്യം (Public Concern) മറച്ചുവെച്ച് വ്യക്തിളുടെ സ്വകാര്യതയെ ഒരു ‘കാഴ്ചയാക്കി’ (Spectacle) മാറ്റുകയാണ്. സ്വകാര്യ നിമിഷങ്ങൾ- പ്രത്യേകിച്ച് കുട്ടികൾ ഉൾപ്പെടുന്നവ- ആക്രമണാത്മകമായി പിന്തുടരുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ സംബന്ധിച്ച അടിയന്തര ധാർമ്മിക ചോദ്യങ്ങൾ ഉയർത്തണം. അത്തരം വോയറിസ്റ്റിക് നുഴഞ്ഞുകയറ്റങ്ങളിലൂടെ വ്യക്തികൾ വലിയ മാനസിക ദുരിതത്തിനും മാനസികാരോഗ്യ വെല്ലുവിളികൾക്കും വിധേയമാകും.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഡിജിറ്റൽ പാപ്പരാസി സംസ്കാരത്തിന്റെ അനിയന്ത്രിതമായ വളർച്ച ജാഗ്രതയോടെ കാണണം. ഇതിന് തിരിച്ചറിയുന്നതിനുവേണ്ട മാധ്യമ സാക്ഷരത നമുക്കാവശ്യമാണ്. ഒപ്പം, ഭരണകൂടവും മാധ്യമ സ്ഥാപനങ്ങളും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മാധ്യമനയങ്ങളിൽ മാറ്റം കൊണ്ടുവരണം. മൗലികമായ മനുഷ്യാവകാശങ്ങളെ അവഗണിക്കുന്ന മാധ്യമ ആവാസവ്യവസ്ഥ ഭീതിജനകമാണ്.

മാധ്യമ റിപ്പോർട്ടിങ് വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

Comments