Content
ക്രിയേഷനാകുന്ന
ജേണലിസം,
അസമത്വങ്ങളുടെ
​തൊഴിൽ മേഖല

ജേണലിസവും കോണ്ടന്റ് ക്രിയേഷനും തമ്മിലുള്ള അതിർവരമ്പ് തീർത്തും ഇല്ലാതാവുകയാണോ? മാധ്യമലോകവും ഒപ്പം ജേണലിസം തൊഴിൽ മേഖലയും കടന്നുപോകുന്ന മാറ്റങ്ങളെ വിശകലനം ​ചെയ്യുന്നു, NEWS BIN മീഡിയ കോളത്തിൽ ഡോ. ആന്റോ പി. ചീരോത.

NEWS BIN- 13

ന്ത്യയിലെ തലപ്പൊക്കമുള്ള പല മാധ്യമ സ്ഥാപനങ്ങളും തങ്ങളുടെ ജോലിപ്പരസ്യത്തിൽ ജേണലിസ്റ്റുകളെയല്ല വിളിയ്ക്കുന്നത്, മറിച്ച്, കോണ്ടറ്റ് ക്രിയേറ്റേഴ്സിനെയാണ്. ജേണലിസവും കോണ്ടന്റ് ക്രിയേഷനും തമ്മിലുള്ള അതിർവരമ്പ് തീർത്തും ഇല്ലാതാവുകയാണോ? മാധ്യമലോകവും ഒപ്പം ജേണലിസം തൊഴിൽ മേഖലയും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്.

മാധ്യമമേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളിലായി പുറത്തിറങ്ങിയ അന്താരാഷ്ട്ര റിപ്പോർട്ടുകളിലെ ഡാറ്റ ഉപയോഗപ്പെടുത്തി ഇക്കാര്യം പരിശോധിക്കുകയാണ്. നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ, ഇൻഫ്ലുവെൻസർ കൾച്ചർ, മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള അതിക്രമങ്ങൾ, ജേണലിസം, തൊഴിൽ മേഖലയിലെ ലിംഗഅസമത്വം തുടങ്ങിയ സംഭവവികാസങ്ങൾ എങ്ങനെയാണ് പ്രത്യേകിച്ച് ഇന്ത്യൻ മാധ്യമ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് മനസിലാക്കാൻ ശ്രമിയ്ക്കുന്നു. അതോടോപ്പം മാധ്യമ പ്രവർത്തനത്തിലെ മാറ്റങ്ങൾ ആഗോള തലത്തിൽ ജനങ്ങൾ എങ്ങനെ സ്വീകരിയ്ക്കുന്നുവെന്നും നിരീക്ഷിക്കാം.

ജേണലിസം തൊഴിൽ മേഖലയിലെ
ലിംഗ അസമത്വം

ഇന്ത്യയിലെ ജേണലിസം തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ലിംഗ അസമത്വത്തെ പറ്റി നിരവധി അക്കാദമിക പഠനങ്ങളുണ്ട്. ഇതിനെ ബലപ്പെടുത്തുന്നതാണ് റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴിസിന്റെ 2025- ലെ "Economic Fragility Leading Threat to Press Freedom" എന്ന പഠനം. ഇന്ത്യയിൽ വനിതാ മാധ്യമപ്രവർത്തകർ തൊഴിൽ മേഖലയുടെ ഏകദേശം 26-28% മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നാണ് ഈ പഠനം പറയുന്നത്. പഠനത്തിന്റെ സാമ്പിളിൽ ട്രാൻസ് ജെൻഡർ സമൂഹത്തിൽനിന്ന് ആരും തന്നെയില്ല.

എന്റെ Ph D പഠനത്തിനായി എടുത്ത കേരളത്തിലെ മൊത്തം മാധ്യമപ്രവർത്തകരുടെ 3,941 പോപ്പുലേഷനിൽ വെറും 341 (8.65%) പേരാണ് സ്ത്രീകൾ. കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് 2019-ൽ പ്രസിദ്ധീകരിച്ച ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മാധ്യമപ്രവർത്തകരെയാണ് ഈ പഠനത്തിലെ പോപ്പുലേഷനായി എടുത്തത്. അന്ന് കുറെ അന്വേഷിച്ചെങ്കിലും ട്രാൻസ് ജെൻഡർ സമൂഹത്തിൽ നിന്നും ആരേയും സാമ്പിളായി ലഭിച്ചില്ല. ഇതെല്ലാം ജേണലിസം തൊഴിൽ മേഖലയിലെ ലിംഗ അസമത്വത്തെ സൂചിപ്പിക്കുന്നു.

ശരാശരി 37 വയസ്സും 12 വർഷത്തിലധികം പ്രൊഫഷണൽ പരിചയവുമുള്ള വലിയവിഭാഗം മാധ്യമപ്രവർത്തകരുടെ തൊഴിൽശക്തിയാണ് ഇന്ത്യയിലുള്ളതെന്ന് റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ പഠനത്തിൽ സൂചിപ്പിയ്ക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ മാത്രമുള്ള പ്രതിഭാസമല്ല മറിച്ച് തെക്ക്, മധ്യ, കിഴക്കൻ ഏഷ്യയിലുടനീളമുള്ള പ്രൊഫഷണൽ മാധ്യമപ്രവർത്തന തൊഴിൽ മേഖലയുടെ പോപ്പുലേഷനിൽ ലിംഗഅസമത്വം ശക്തമായി നിലനിൽക്കുന്നതായി മറ്റ് അക്കാദമിക പഠനങ്ങളിലും എടുത്തുപറയുന്നുണ്ട്.

 റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴിസിന്റെ 2025- ലെ "Economic Fragility Leading Threat to Press Freedom" എന്ന പഠനം. ഇന്ത്യയിൽ വനിതാ മാധ്യമപ്രവർത്തകർ തൊഴിൽ മേഖലയുടെ ഏകദേശം 26-28% മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നാണ് ഈ പഠനം പറയുന്നത്.
റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴിസിന്റെ 2025- ലെ "Economic Fragility Leading Threat to Press Freedom" എന്ന പഠനം. ഇന്ത്യയിൽ വനിതാ മാധ്യമപ്രവർത്തകർ തൊഴിൽ മേഖലയുടെ ഏകദേശം 26-28% മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നാണ് ഈ പഠനം പറയുന്നത്.

‘ഡിജിറ്റൽ’ ജേണലിസം
തൊഴിൽ മേഖലയെ
പുനർരൂപകൽപ്പന ചെയ്യുമ്പോൾ

നിർമ്മിത ബുദ്ധിയുൾപ്പടെയുള്ള പുതിയ ഡിജിറ്റൽ ടൂളുകളും പ്ലാറ്റ്ഫോമുകളും മാധ്യമപ്രവർത്തന ഉള്ളടക്കങ്ങളിലും കൈകാര്യം ചെയ്യുന്ന റോളുകളിലും വലിയ പുനർരൂപകൽപ്പന കൊണ്ടുവന്നിരിയ്ക്കുന്നുവെന്നത് സത്യമാണ്. വാർത്താ കണ്ടെത്തലിനും പ്രേക്ഷക ഇടപഴകലിനും സോഷ്യൽ മീഡിയ ഒന്നാമത്തെ കേന്ദ്രമായി മാറിയിരിക്കുന്നത് ഉദാഹരണമാണ്.

ഡിജിറ്റൽ, സോഷ്യൽ മീഡിയ ഉപഭോഗം ഇന്ത്യയിലും ഏഷ്യയിലും മാധ്യമപ്രവർത്തനത്തെ പുനർനിർമ്മിക്കുന്നതായി നിരീക്ഷിക്കാം. ജേണലിസം ക്ലാസുകളിൽ നിങ്ങൾ എവിടെ നിന്നാണ് ഇസ്രായേൽ - പലസ്തീൻ സംഘർത്തെ കുറിച്ച് അറിഞ്ഞതെന്ന് ചോദിക്കുമ്പോൾ വിദ്യാർത്ഥികളുടെ മറുപടി സോഷ്യൽ മീഡിയയിൽ നിന്നാണെന്നാണ്.

50% ഇന്ത്യക്കാരും വാർത്തകൾക്കായി വിവിധ സോഷ്യൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു, പക്ഷേ ചലനാത്മകമായി മാറുന്ന ഡിജിറ്റൽ ലാൻഡ്സ്കേപ്പിനിടയിൽ പ്രേക്ഷകരെ സ്ഥിരമായി ഇടപഴകിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. യൂട്യൂബ്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വീഡിയോ-ഫസ്റ്റ് ഉള്ളടക്കത്തിലൂടെ പ്രസ്തുത ഇടപഴകൽ വർദ്ധിപ്പിക്കുകയാണ്. യുവ പ്രേക്ഷകരെ പിടിച്ചെടുക്കുന്നതിനായി പരമ്പരാഗത ന്യൂസ് റൂമുകൾ ഹ്രസ്വരൂപത്തിലുള്ള വീഡിയോകളിലും തത്സമയ സ്ട്രീമിംഗിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സോഷ്യൽ മീഡിയ ഡിസൈൻ ഏതെല്ലാം വിധത്തിൽ സ്വീകരിക്കാമോ ആ വിധത്തിലെല്ലാം സ്വീകരിച്ച് പരമ്പരാഗത മാധ്യമങ്ങൾ ‘ന്യൂജെൻ’ ആകാനുള്ള ശ്രമമാണ്.

മാധ്യമ സ്വാതന്ത്ര്യത്തിലെ
ഏറ്റക്കറച്ചിലുകൾ

2025- ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 151-ാം സ്ഥാനത്താണ്, 2024- ലെ 159-ാം സ്ഥാനത്തുനിന്നുമാണ് ഒരു നേരിയ പുരോഗതി. 2023-ൽ 161-ാം സ്ഥാനത്തായിരുന്നു. നേരത്തെ സൂചിപ്പിച്ച റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ വേൾഡ് പ്രസ് പ്രീഡം ഇൻഡെക്സ് 2025 അനുസരിച്ച കണക്കാണിത്. ഇതിൽ നിന്ന് റാങ്കിംഗിൽ നേരിയ ഉയർച്ചയുണ്ടായിട്ടും, ഇന്ത്യ "വളരെ ഗുരുതരമായ" മാധ്യമസ്വാതന്ത്ര്യ സംബന്ധിയായ പ്രശ്നങ്ങൾ നേരിടുന്നതായി മനസിലാക്കാം. ഇന്ത്യയിലെ മാധ്യമപ്രവർത്തകർ മിതമായ തലത്തിലുള്ള എഡിറ്റോറിയൽ സ്വയംഭരണവും മാധ്യമ സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ, ഉടമസ്ഥാവകാശ, സാമ്പത്തിക സ്വാധീനങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ വലിയ രീതിയിൽ അഭിമുഖീകരിക്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിൽ നേപ്പാൾ (90), മാലിദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149), ഭൂട്ടാൻ (152) എന്നീ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മുന്നിലാണെന്നത് ഈ ദേശീയ മാധ്യമ ദിനത്തിൽ വിചിന്തനത്തിന് വിധേയമാക്കണം.

50% ഇന്ത്യക്കാരും വാർത്തകൾക്കായി വിവിധ സോഷ്യൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു, പക്ഷേ ചലനാത്മകമായി മാറുന്ന ഡിജിറ്റൽ ലാൻഡ്സ്കേപ്പിനിടയിൽ പ്രേക്ഷകരെ സ്ഥിരമായി ഇടപഴകിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
50% ഇന്ത്യക്കാരും വാർത്തകൾക്കായി വിവിധ സോഷ്യൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു, പക്ഷേ ചലനാത്മകമായി മാറുന്ന ഡിജിറ്റൽ ലാൻഡ്സ്കേപ്പിനിടയിൽ പ്രേക്ഷകരെ സ്ഥിരമായി ഇടപഴകിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

രാഷ്ട്രീയ ഐ.ടി സെല്ലുകൾ പ്രചരിപ്പിക്കുന്ന നിയമപരമായ പീഡനം, അപകീർത്തിപ്പെടുത്തൽ, രാജ്യദ്രോഹനിയമങ്ങൾ, തെറ്റായ വിവരങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾ എന്നിവ ഇന്ത്യയുടെ മാധ്യമ അന്തരീക്ഷത്തെ പരിമിതപ്പെടുത്തിയിരിക്കുന്നതായി 23-ാമത് വാർഷിക ദക്ഷിണേഷ്യൻ പ്രസ് ഫ്രീഡം റിപ്പോർട്ട് 2024-25 ൽ ഗൗരവകരമായി പറയുന്നുണ്ട്.

മാധ്യമസ്വാതന്ത്ര്യത്തിന് ആഗോളതലത്തിൽ പ്രധാന ഭീഷണിയായി സാമ്പത്തിക ദുർബലതയെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. നിരവധി മാധ്യമങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ന്യൂസ് റൂം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. വാർത്താ വിതരണത്തിൽ ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ ആധിപത്യം മാധ്യമ വൈവിധ്യത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ്, രാഷ്ട്രീയ സ്വാധീനങ്ങൾ ഇന്ത്യയുടെ മാധ്യമ ഭൂപ്രകൃതിയെ സാരമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നത്.

‘ഇൻഫ്ലുവൻസർ കൾച്ചർ’

ഈ വിഭാഗത്തിൽ എടുത്തു പറയാവുന്ന രണ്ട് വ്യക്തികളാണ് രവീഷ് കുമാറും, ധ്രുവ് റാത്തിയും. രണ്ട് പേരുടേയും യൂട്യൂബ് ചാനൽ സംരഭത്തിന്റെ സബ്സ്ക്രൈബർ എണ്ണമെടുത്താൽ അത് മുന്തിയ ചാനൽ ഭീമൻമാരുടേതിനേക്കാൾ മൂന്നുനാല് മടങ്ങ് ഇരട്ടിയാണ്. സ്വതന്ത്ര കവറേജിനായാണ് രവീഷ് കുമാർ ഉൾപ്പടെയുള്ള പരിചയസമ്പന്നരായ മാധ്യമപ്രവർത്തകർ ‘മുഖ്യധാരയിൽ’ നിന്ന് പുറത്തിറങ്ങി തങ്ങളുടേതായ യൂട്യൂബ് ചാനലുകളും മറ്റ് ബദൽ മോഡലുകളും ആരംഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് യുവ പ്രേക്ഷകർക്കിടയിൽ, ഇവരുടെ വ്യക്തി കേന്ദ്രീക്രത മാസ്കമ്യൂണിക്കേഷൻ മോഡലുകൾക്ക് (Individual Centric Mass Communication Models)
പരമ്പരാഗത വാർത്താ ബ്രാൻഡുകളെക്കാൾ ശക്തമായ സ്വീധീനമുണ്ട്. വലിയൊരു ശതമാനം പ്രേക്ഷകരും തങ്ങളുടെ പ്രാഥമിക വാർത്താ ഉറവിടമായി ഇൻഫ്ലുവെൻസർമാരുടെ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതായി റൂയിട്ടേഴ്സിന്റെ “Mapping News Creators and Influencers in Social and Video Networks” എന്ന തലക്കെട്ടിലെ ഏററവും പുതിയ പഠനങ്ങളിലൊന്നിൽ വ്യക്തമാക്കുന്നുണ്ട്.

യു.എസിലെ ജോ റോഗൻ, ടക്കർ കാൾസൺ, ബ്രസീലിലെ ലിയോ ഡയസ്, യു.കെയിലെ ഡിലൻ പേജ് പോലുള്ള വമ്പൻ ജനപ്രിയ 'ഇൻഫ്ലൂവെൻസർമാരുടെ' കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള രവീഷ് കുമാർ, ആകാശ് ബാനർജി, ധ്രുവ് രതീ, ഷാം ശർമ, നിതീഷ് രജ്പുത്, റൻവീർ അലഹബാദിയുടെ (ബിയർബൈസെപ്സ്) എന്നിവരുടെ പേരുകളും റൂയിട്ടേഴ്സ് റിപ്പോർട്ടിലുണ്ട്. ഇന്ത്യയുൾപ്പെടുന്ന ഏഷ്യ- പസഫിക്ക് ഇടത്തിലെ മാധ്യമ ആവാസവ്യവസ്ഥയിൽ, 18 നും 35 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾ പരമ്പരാഗത വാർത്താ ബ്രാൻഡുകളേക്കാൾ ഫോളോ ചെയ്യുന്നത് മേൽ സൂചിപ്പിച്ച കോണ്ടന്റ് ക്രിയേറ്റേഴ്സിന്റെ പ്ലാറ്റ്ഫോമുകളാണെന്നതാണ് റിപ്പോർട്ട് വായിച്ചപ്പോൾ മനസിലായത്. ഇത് വാർത്തയുടെ ഉപഭോഗത്തിലേയും വാർത്ത സംസ്ക്കാരത്തിലേയും ഒരു തലമുറ മാറ്റമായി (Generational Paradigm Shift) കാണാവുന്നതാണ്.

 ഇൻഫ്ലുവൻസർ കൾച്ചർ വിഭാഗത്തിൽ  എടുത്തു പറയാവുന്ന രണ്ട് വ്യക്തികളാണ് രവീഷ് കുമാറും, ധ്രുവ് റാത്തിയും. രണ്ട് പേരുടേയും യൂട്യൂബ് ചാനൽ സംരഭത്തിന്റെ സബ്സ്ക്രൈബർ എണ്ണമെടുത്താൽ അത് മുന്തിയ ചാനൽ ഭീമൻമാരുടേതിനേക്കാൾ മൂന്നുനാല് മടങ്ങ് ഇരട്ടിയാണ്.
ഇൻഫ്ലുവൻസർ കൾച്ചർ വിഭാഗത്തിൽ എടുത്തു പറയാവുന്ന രണ്ട് വ്യക്തികളാണ് രവീഷ് കുമാറും, ധ്രുവ് റാത്തിയും. രണ്ട് പേരുടേയും യൂട്യൂബ് ചാനൽ സംരഭത്തിന്റെ സബ്സ്ക്രൈബർ എണ്ണമെടുത്താൽ അത് മുന്തിയ ചാനൽ ഭീമൻമാരുടേതിനേക്കാൾ മൂന്നുനാല് മടങ്ങ് ഇരട്ടിയാണ്.

ജേണലിസ്റ്റുകളുടെ
മാനസികാരോഗ്യം

ഇന്ത്യയിലെ മാധ്യപ്രവർത്തനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ മാധ്യമപ്രവർത്തകർ പലപ്പോഴും ആഴ്ചയിൽ 50 മണിക്കൂറിലധികം ജോലി ചെയ്യുന്നതായി പറയുന്നു. തൊഴിൽ അരക്ഷിതാവസ്ഥ, മൾട്ടി ടാസ്കിംഗിനുള്ള ആവശ്യങ്ങൾ എന്നിവയാൽ നയിക്കപ്പെടുന്ന ഉയർന്ന തോതിലുള്ള തൊഴിൽ സമ്മർദ്ദം വെളിപ്പെടുത്തുന്നതാണ് പഠനങ്ങൾ.

വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യം, സാമ്പത്തിക അസ്ഥിരത, ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, സാമൂഹിക വെല്ലുവിളികളിൽ നിന്ന് ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തനം കാര്യമായ സമ്മർദ്ദത്തിലാണെന്ന് 2025- ലെ "Worlds of Journalism Study Report’’ (Wave 3: 2021–2025) സൂചിപ്പിക്കുന്നു. ഇന്ത്യയിലെ മാധ്യമപ്രവർത്തകർ മാനസിക സമ്മർദ്ദം, ഡിജിറ്റൽ നിരീക്ഷണം, ശാരീരിക ഭീഷണികൾ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതകൾ അനുഭവിക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ News habits and media: Trends in news consumption and public attitudes - 2025 എന്ന റിപ്പോർട്ടിലും എടുത്തുപറയുന്നു. ഈ നിരീക്ഷണങ്ങൾ ജേണലിസ്റ്റുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.

മാധ്യമപ്രവർത്തകരുടെ സുരക്ഷ, മാധ്യമസ്വാതന്ത്ര്യം, എഡിറ്റോറിയൽ സ്വയംഭരണാധികാരം എന്നിവയിൽ പ്രാദേശിക അസമത്വങ്ങൾ പ്രകടമാണ്, ഏഷ്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ ഗ്ലോബൽ സൌത്ത് കൂടുതൽ അപകടസാധ്യതകളും പരിമിതികളും അനുഭവിക്കുന്നതായും "Worlds of Journalism Study 2025 Report” വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകൾ 75 രാജ്യങ്ങളിലായി 32,000-ത്തിലധികം മാധ്യമപ്രവർത്തകരിൽ നിന്ന് ശേഖരിച്ച ഡാറ്റ അടിസ്ഥാനപ്പെടുത്തിയാണ്. റിപ്പോർട്ടിൽ ഏഷ്യൻ മാധ്യമ ഭൂപ്രകൃതിയിൽ ഇന്ത്യയെ ഒരു പ്രധാന കേസായി സ്റ്റഡിയായി കണ്ട് ഇന്ത്യയിലെ ജേണലിസം മേഖലയിലെ വെല്ലുവിളികൾ, പ്രതിരോധം, മാധ്യമപ്രവർത്തനത്തിലെ മാറ്റങ്ങൾ എന്നിവ എടുത്തുകാണിക്കുന്നു.

നിർമ്മിതബുദ്ധിയും
ജേണലിസ്റ്റുകളുടെ ബുദ്ധിയും

നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ജേണലിസം തൊഴിൽ മേഖലയിൽ വിപ്ലവകരമായി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇതിനെ ജേണലിസ്റ്റുകൾ ഭയപ്പാടോടെ കാണേണ്ട. നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ‘മനുഷ്യ മാധ്യമപ്രവർത്തകരെ’ മാറ്റിസ്ഥാപിക്കുകയില്ല, മറിച്ച് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയെ യഥാവിധം സ്ട്രാറ്റജിക്കലായി ഉപയോഗിയ്ക്കാനറിയാത്ത മാധ്യമപ്രവർത്തകരുടെ നിലനിൽപ്പ് പ്രശ്നത്തിലാകും. ചുരുക്കത്തിൽ ഹാർവാർഡ് ബിസിനസ് റിവ്യൂവിലെ AI Won’t Replace Humans — But Humans With AI Will Replace Humans Without AI എന്ന തലക്കെട്ടും 04.08.2023 ന് അവർ പ്രസിദ്ധീകരിച്ച വാർത്തയും വായിച്ചാൽ കൂടുതൽ വ്യക്തതയുണ്ടാകും.

ദ ഹിന്ദു പോലുള്ള ഇന്ത്യൻ വാർത്താ പ്രസാധകർ ന്യൂസ് റൂം കാര്യക്ഷമത, ഉപയോക്തൃ ഇടപഴകൽ, ഉള്ളടക്കങ്ങൾ വ്യക്തിഗതമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിന് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നുതായി വാൻ-ഇഫ്ര "WAN-IFRA's 6th AI report: Publishers' perspective on the AI value equation" എന്ന തലക്കെട്ടിലെ AI റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആധുനിക ന്യൂസ് റൂമുകളിൽ AI-യുടെ പങ്കിനെക്കുറിച്ചുള്ള യാഥാർത്ഥ്യബോധമുള്ളതും പ്രായോഗികവുമായ കാഴ്ചപ്പാടിന് ഊന്നൽ നൽകണം. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളെ മനുഷ്യരുടെ ജോലി തട്ടിയെടുക്കാൻ വന്ന ഭീകരൻമാരായി കണ്ടുളള ആഖ്യാനങ്ങൾ പ്രശ്നകരമാണ്. എന്നാൽ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളെ സ്വീകരിക്കുന്നതിൽ ഇന്ത്യയിലെ പ്രാദേശിക ന്യൂസ് റൂമുകൾ വലിയ മാത്യകയാണെന്നുളള പഠനങ്ങൾ വായിച്ചു. അതേ സമയം നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളുടെ വരവ് സ്യഷ്ടിക്കുന്ന തെറ്റായ വിവരങ്ങൾ, തൊഴിൽ സുരക്ഷ, ഓട്ടോമേഷനും എഡിറ്റോറിയൽ സ്വയംഭരണവും തമ്മിലുള്ള കൈമാറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നു.

വാർത്താമുറികളിൽ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകളെ സ്ട്രാറ്റജിക്കലായി ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ ന്യൂസ് റൂമുകൾ നിലനിൽപ്പിന്റെ പ്രശ്നം (Existential Crisis) നേരിടുമെന്നത് ഉറപ്പാണ്. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളും മനുഷ്യ മാധ്യമപ്രവർത്തകരും കൈകോർത്ത് മാധ്യമ മേഖലയെ കൂടുതൽ കൂടുതൽ ആഴത്തിലുള്ള ഡാറ്റ റിപ്പോർട്ടുകളിലൂടെ സന്തുലിതമാക്കണം.

കഴിഞ്ഞ സെപ്റ്റംബറിൽ ഗ്ലോബൽ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ് വർക്ക് (GIJN) എ.ഐ സൃഷ്ടിച്ച ഉള്ളടക്കം കണ്ടെത്തുന്നതിനുള്ള ഒരു സമഗ്ര ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. അത് ഇവിടെ മോഡലാക്കാവുന്നതാണ്.

ദ ഹിന്ദു പോലുള്ള ഇന്ത്യൻ വാർത്താ പ്രസാധകർ ന്യൂസ് റൂം കാര്യക്ഷമത, ഉപയോക്തൃ ഇടപഴകൽ, ഉള്ളടക്കങ്ങൾ വ്യക്തിഗതമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിന് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നുതായി വാൻ-ഇഫ്ര "WAN-IFRA's 6th AI report: Publishers' perspective on the AI value equation" എന്ന തലക്കെട്ടിലെ AI റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദ ഹിന്ദു പോലുള്ള ഇന്ത്യൻ വാർത്താ പ്രസാധകർ ന്യൂസ് റൂം കാര്യക്ഷമത, ഉപയോക്തൃ ഇടപഴകൽ, ഉള്ളടക്കങ്ങൾ വ്യക്തിഗതമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിന് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നുതായി വാൻ-ഇഫ്ര "WAN-IFRA's 6th AI report: Publishers' perspective on the AI value equation" എന്ന തലക്കെട്ടിലെ AI റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും ഡിജിറ്റൽ മാധ്യമങ്ങളുടെ വ്യാപ്തി വ്യാപിപ്പിക്കുകയും മാറുന്ന ഉപഭോക്തൃ ശീലങ്ങളും ചേർത്ത് അഗാധമായ പരിവർത്തനത്തിന്റെ നിമിഷത്തിലാണ് 2025-ൽ ഇന്ത്യയുടെ മാധ്യമ ആവാസവ്യവസ്ഥ നിലകൊള്ളുന്നത്. ഡിജിറ്റൽ മാധ്യമങ്ങൾ രാജ്യത്തെ പ്രബലമായ പ്രാഥമിക വാർത്ത ഉറവിടമായി മാറിയിരിക്കുന്നു. സ്മാർട്ട്ഫോൺ വ്യാപനം, താങ്ങാനാവുന്ന ഡാറ്റ, വർദ്ധിച്ചുവരുന്ന യുവ പ്രേക്ഷകർ എന്നിവ ചേർന്ന് ഡിജിറ്റൽ ലോകത്ത് വൈവിധ്യമാർന്ന കഥപറച്ചിലിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഡിജിറ്റലിലേക്കുള്ള മാറ്റം തെറ്റായ വിവരങ്ങൾ, ക്ലിക്ക്ബൈറ്റ്, ധാർമ്മിക പത്രപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു. ഇത് എല്ലാ മേഖലകളിലുമുള്ള ശക്തമായ വസ്തുതാ പരിശോധനയുടെയും മാധ്യമ സാക്ഷരതയുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നു.

ഡിജിറ്റൽ- ഫസ്റ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള മത്സരത്തിനിടയിൽ പരമ്പരാഗത മാധ്യമങ്ങൾ അസ്തിത്വപരമായ ഭീഷണികൾ നേരിടുന്നുവെന്നത് യാഥാർത്ഥ്യമാണ്. അതേസമയം നിരവധി ചെറിയ ബദൽമാധ്യമ സങ്കേതങ്ങളും സുസ്ഥിരതയ്ക്കായി പാടുപെടുന്നു. ഏത് മാധ്യമ ബിസിനസ് മോഡൽ പിന്തുടരണം? കൈയിൽ നിന്ന് പൈസ കൊടുത്ത് പ്രേക്ഷകർ മികച്ച ഉള്ളടക്കങ്ങൾ പ്ലാറ്റഫോമുകളിൽ നിന്ന് സ്വന്തമാക്കുന്നത് ഒരു ശുഭ സൂചനയായാണ് വ്യക്തിപരമായി കാണുന്നത്. ബ്രാൻഡ് ഉൽപന്നങ്ങൾക്ക് മാത്രമല്ല, വാർത്തയ്ക്കും ആ ബ്രാൻഡ് വേണം. വാർത്തയും വിനോദപരിപാടികളും നമ്മുടെ മാനസികാരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കും എന്ന തിരിച്ചറിവിലാകണം പ്രേക്ഷകരുടെ മാറ്റം.

മാധ്യമ റിപ്പോർട്ടിങ് വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

References:

  1. Reporters Without Borders. (2025). World Press Freedom Index 2025: Economic fragility leading threat to press freedom. RSF. https://rsf.org/en/rsf-world-press-freedom-index-2025-economic-fragility-leading-threat-press-freedom

  2. WAN-IFRA. (2025). WAN-IFRA's 6th AI report: Publishers' perspective on the AI value equation. WAN-IFRA. https://wan-ifra.org/insight/the-age-of-ai-in-the-newsroom/

  3. Newman, N., Arguedas, A. R., Mukherjee, M., & Fletcher, R. (2025). Mapping news creators and influencers in social and video networks. Reuters Institute for the Study of Journalism. [PDF attached as Reuters-report.pdf]

  4. Hanitzsch, T., Hanusch, F., Lauerer, C., & Slavtcheva-Petkova, V. (Eds.). (2025). Journalism under duress: Worlds of journalism study report (Wave 3: 2021–2025). WJS Center. [PDF attached as world-of-journalism-report.pdf]

  5. Pew Research Center. (2024-2025). News habits & media: Trends in news consumption and public attitudes. Pew Research Center. https://www.pewresearch.org/topic/news-habits-media/


Comments