ഗോമൂത്രത്തിന്റെ ‘കാമകോടി മൂല്യ’വും
മാധ്യമങ്ങളുടെ അനാരോഗ്യ ഒളിഞ്ഞുനോട്ടങ്ങളും

ഗോമൂത്രത്തിന് ‘ഔഷധമൂല്യ'മുണ്ടെന്ന് അവകാശപ്പെടുന്ന മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി. കാമകോടിയുടെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടി. രോഗങ്ങളെക്കുറിച്ചും ആരോഗ്യരംഗത്തെക്കുറിച്ചുമുള്ള മാധ്യമ റിപ്പോർട്ടുകളുടെ അനാരോഗ്യകരമായ ​നറേഷനുകളെയാണ് ഇത്തവണ NEWS BIN വിശകലനം ചെയ്യുന്നത്. ഡോ. ആന്റോ പി. ചീരോതയുടെ കോളം തുടരുന്നു.

NEWS BIN- 6

ത്രങ്ങൾ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളാണ് പലപ്പോഴും പൊതുജനങ്ങൾക്ക് ആരോഗ്യ വിവരങ്ങൾ നേടുന്നതിനുള്ള പ്രധാന ഉറവിടമായി വർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യ വാർത്തകളുടെ വിനിമയത്തിൽ ഡിജിറ്റൽ മധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾക്കും സുപ്രധാന പങ്കുണ്ട്. പൊതുജനം മാധ്യമങ്ങളിലൂടെ ആരോഗ്യ വിവരങ്ങൾ മനസിലാക്കുകയും ഈ ആരോഗ്യവാർത്തകളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. അതിനാൽ പൊതുജനാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമ കവറേജിനേയും ആഖ്യാനങ്ങളേയും സവിശേഷ പ്രാധാന്യത്തോടെയാണ് മെഡിക്കൽ സോഷ്യോളജിസ്റ്റുകൾ നോക്കികാണുന്നത്.

പുതിയ പുതിയ രോഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ നമ്മൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരന്തരം വായിക്കുന്നത്. ചൈനയിൽ Human Metapneumovirus (HMPV) പൊട്ടിപ്പുറപ്പെട്ട റിപ്പോർട്ടുകൾ ഈയിടെ പുറത്തു വന്നിരുന്നു. എന്നാൽ അതിനാനുപാതികമായ അക്കാദമിക- ഗവേഷണ പഠനങ്ങൾ ഡാറ്റാ ബേസുകളായ സ്കോപസ് (Scopus), പബ്മെഡ് (PubMed), വെബ് ഓഫ് സയൻസ് (Web of Science) എന്നിവിടങ്ങളിൽ ലഭ്യമാകുന്നതിന് വളരെ മുൻമ്പ് തന്നെ നമ്മുടെ മാധ്യമങ്ങൾ ‘ശാസ്ത്രീയ വിശദീകരണങ്ങൾ’ നൽകുന്ന പ്രവണത കാണാം.

എവിടെ നിന്നാണ് ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ‘ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങൾ’ നമ്മുടെ മാധ്യമങ്ങൾക്ക് ലഭിക്കുന്നത്? ഹൈപ്പർടെൻഷൻ കുറയ്ക്കാൻ ഇഞ്ചിനീര് കുടിച്ചാൽ മതി, പ്രമേഹത്തിന് കുമ്പളങ്ങ ജ്യൂസ് ബെസ്റ്റാണ്- ഇങ്ങനെ പോകുന്നു ആഖ്യാനങ്ങൾ. ഏറ്റവുമൊടുവിൽ ഗോമൂത്രം കുടിച്ചാൽ രോഗം മാറുമെന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി. കാമകോടി ജനുവരി 15ന് മാട്ടുപൊങ്കൽ ദിനത്തിൽ 'ഗോ സംരക്ഷണ ശാല'യിൽ നടന്ന പരിപാടിയിൽ പറഞ്ഞതിന് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. ഗോമൂത്രത്തിന് 'ഔഷധമൂല്യ'മുണ്ടെന്ന് അവകാശപ്പെടുന്ന കാമകോടിയുടെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടുന്നു.

നമ്മുടെ മാധ്യമങ്ങളിലെ ‘ആരോഗ്യ റിപ്പോർട്ടുകൾക്ക്’ ശാസ്ത്രീയ ആഖ്യാനമുണ്ടോ? ആരോഗ്യത്തെ സംബന്ധിച്ചുള്ള മാധ്യമ ആഖ്യാനങ്ങൾ പരിശോധിച്ചാൽ വിഷയത്തെ വല്ലാതെ ‘ആശങ്കയുടെ വിഷയ’മായി (Subject of Concern) മാത്രം പരിമിതപ്പെടുത്തുന്നുണ്ടോ? എന്തെങ്കിലും തരത്തിലുള്ള അജൻഡകളിലൂന്നിയാണോ ആരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്? ഈ ചോദ്യങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ആരോഗ്യത്തെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിലെ ആഖ്യാനശൈലിയും മറ്റ് അനുബന്ധ പ്രവണതകളുമാണ് പരിശോധിക്കാൻ ശ്രമിക്കുന്നത്.

ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ‘ആരോഗ്യ സംബന്ധിയായ’ വിഷയങ്ങളെ വളരെ ആധികാരികമെന്ന രീതിയിലാണ് ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിൽ അവതരിപ്പിക്കുന്നത്.

ഗൂഗിൾ ന്യൂസ് ഡാറ്റാ ബേസിൽ നിന്ന് 2023 - 2025 കാലയളവിൽ ലഭിച്ച 30 ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്.

‘Health News Reports’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘ആരോഗ്യ റിപ്പോർട്ടുകളിലെ ശാസ്ത്രീയത’ (Scientific Narrative in Health Reports), ‘ആരോഗ്യത്തെ രാഷ്ട്രീയവൽക്കരിക്കുന്ന (Politicizing Health) മാധ്യമ ആഖ്യാനങ്ങൾ’, ‘രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം’, ‘ആരോഗ്യത്തിന്റെ മാധ്യമ അജൻഡയും മീഡിയ ഫ്രയിമിങും’, ‘മാധ്യമങ്ങളുടെ Illness Gaze’ എന്നീ വിശകലന വിഷയങ്ങളിലൂന്നിയാണ് (Theme of Analysis) ആരോഗ്യ മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.

ശാസ്ത്രീയ അടിത്തറയില്ലാത്ത
ഹെൽത്ത് റിപ്പോർട്ടിങ്

വിശകലനം ചെയ്ത പല റിപ്പോർട്ടുകളും വെർച്വൽ ഓട്ടിസമെന്ന (Virtual Autism) ആരോഗ്യ പ്രശ്നത്തെ പ്രതിനിധീകരിക്കുന്നുണ്ട്. സ്ക്രീനുകളിൽ നിന്ന് സംവേദനാത്മക വിദ്യാഭ്യാസ കളികളിലേക്ക് കുട്ടികളുടെ ശ്രദ്ധ വളർത്തിയെടുക്കുന്നതിലൂടെ വെർച്വൽ ഓട്ടിസത്തെ മറികടക്കാൻ സാധിക്കുമെന്ന നിരീക്ഷണം ഇന്ത്യ ടുഡെ ഓൺലൈൻ 19.08.24 ന് Virtual autism is on rise among growing children: Problem and solution എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ വിശദീകരിക്കുന്നുണ്ട്. ബദൽ മാർഗ്ഗമെന്ന നിലയിലാണ് STEM Toys നെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വാർത്തയുടെ ആഖ്യാനത്തിലെവിടേയും ശാസ്ത്രീയ വിവരങ്ങളോ ആ സ്വഭാവത്തിലുള്ള വിദഗ്ദരുടെ അഭിപ്രായങ്ങളോ കാണുന്നില്ല എന്നത് ചർച്ചചെയ്യപ്പെടേണ്ടതാണ്.


(https://www.indiatoday.in/education-today/featurephilia/story/virtual-autism-is-on-rise-among-growing-children-problem-and-solution-2584413-2024-08-19).

STEM കളിപ്പാട്ടങ്ങൾ കുട്ടികളെ ഭൗതിക വസ്തുക്കളുമായി (physical objects) കളിക്കാൻ പ്രചോദിപ്പിക്കുകയും അതുവഴി സംവേദനാത്മക അനുഭവങ്ങൾ (interactive experiences) വളർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് പറയുന്ന നിരവധി പഠനങ്ങൾ സ്കോപസ് (Scopus), പബ്മെഡ് (PubMed), വെബ് ഓഫ് സയൻസ് (Web of Science) ഡാറ്റ ബേസുകളിൽ Free accessible ആയി ലഭ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ആരോഗ്യ റിപ്പോട്ടർമാർ ഇതൊന്നും കാണാതെ പോകുന്നത്. ഉദാഹരണമാണ് പബ്മെഡിലെ Gendered Packaging of a STEM Toy Influences Children's Play, Mechanical Learning, and Mothers' Play Guidance എന്ന പ്രബന്ധവും സ്കോപസ് ഡാറ്റാ ബേസിലെ Promoting STEM Education Through Sustainable Manufacturing: Case Study of Photovoltaic Toys എന്ന പ്രബന്ധവും.

(https://pubmed.ncbi.nlm.nih.gov/30187910/).

സ്കോപസ് (Scopus) ഡാറ്റ ബേസ് സ്ക്രീൻ ഷോട്ട്
സ്കോപസ് (Scopus) ഡാറ്റ ബേസ് സ്ക്രീൻ ഷോട്ട്

റൊമാനിയൻ സൈക്കോളജിസ്റ്റായ മാരിയസ് തിയോഡർ സാംഫിർ (Marius Teodor Zamfir) 2018- ൽ ആവിഷ്കരിച്ച ഒരു വാക്കാണ് വെർച്വൽ ഓട്ടിസം. ദിവസത്തിൽ നാല് മണിക്കൂറിലധികം സ്ക്രീനുകളിൽ നോക്കുന്നത് 0-3 വയസ്സുള്ള കുട്ടികൾക്ക് സെൻസറി-മോട്ടോർ പ്രശ്നങ്ങളും, സാമൂഹിക- വൈകാരിക ഇടങ്ങളിൽ അവർക്ക് ഫലപ്രദമായി ഇടപഴകാൻ കഴിയാതെ വരുന്ന പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് മാരിയസ് നിരീക്ഷിക്കുന്നു. ഇത് ASD (ഓട്ടിസം സ്പെക്ട്രം ഡിസോർഡർ) ഉള്ള കുട്ടികളിൽ കാണപ്പെടുന്നതിന് സമാനമായ പെരുമാറ്റങ്ങളും ഘടകങ്ങളുമാണെന്നും മാരിയസ് വ്യക്തമാക്കി. ദ ഹിന്ദു ഓൺലൈൻ 02.06.23 ന് പ്രസിദ്ധീകരിച്ച What is virtual autism? എന്ന വാർത്തയിൽ മാരിയസ് തിയോഡർ സാംഫിറിന്റെ ഈ നിരീക്ഷണങ്ങൾ വിശദീകരിക്കുന്നുണ്ട്.

(https://www.thehindu.com/sci-tech/health/what-is-virtual-autism/article66922870.ece).

സമീപകാല ക്ലിനിക്കൽ കേസ് പഠനങ്ങൾ പ്രകാരം ടിവി, വീഡിയോ ഗെയിം കൺസോൾ, ഐപാഡ് അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവയുൾപ്പെടെ സ്ക്രീനിന് മുന്നിൽ വളരെയധികം സമയം ചെലവഴിക്കുന്ന നിരവധി കൊച്ചുകുട്ടികൾക്ക് ഓട്ടിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓൺലൈനിൽ 13.01.23 ന് പ്രസിദ്ധീകരിച്ച Virtual Autism: Can too much screen time make your child autistic? Expert take എന്ന പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. എന്നാൽ ഇവിടെയൊന്നും ഒരുതരത്തിലുമുള്ള ശാസ്ത്രീയ സോഴ്സുകളും (Scientific Sources) വിദഗ്ധ അഭിപ്രായങ്ങളും നൽകാതെയുള്ള വാർത്താ ആഖ്യാനങ്ങൾ ഒട്ടും അഭിലഷണീയമായ ഹെൽത്ത് റിപ്പോർട്ടിങ് പ്രാക്ടീസായി കാണാൻ പറ്റില്ല.

(https://www.hindustantimes.com/lifestyle/health/virtual-autism-can-too-much-screen-time-make-you-child-autistic-expert-take-101673598093293.html).

ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ‘ആരോഗ്യ സംബന്ധിയായ’ വിഷയങ്ങളെ വളരെ ആധികാരികമെന്ന രീതിയിലാണ് ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിൽ അവതരിപ്പിക്കുന്നത്. ന്യു ഇന്ത്യ എക്സ്പ്രസ് ഓൺലൈൻ 24.01.24 ന് പ്രസിദ്ധീകരിച്ച The rise of virtual autism in kids എന്ന വാർത്തയിലും ഫ്രീ പ്രസ് ജേർണൽ 04.09.24 ന് പ്രസിദ്ധീകരിച്ച Indore's MY Hospital Gets Monthly 20 Cases Of 'Virtual Autism' Among Children; Experts Warn Of Excessive Screen Time എന്ന വാർത്തയിലും ഈ ഭയപ്പെടുത്തുന്ന ആഖ്യാനം കാണാം. വിശകലനം ചെയ്ത വെർച്വൽ ഓട്ടിസവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഇത്തരം ‘Health Sensationalization’ ഉണ്ടെന്ന് തോന്നാം.

https://www.newindianexpress.com/cities/kochi/2024/Jan/24/the-rise-of-virtual-autism-in-kids

https://www.freepressjournal.in/indore/indores-my-hospital-gets-monthly-20-cases-of-virtual-autism-among-children-experts-warn-of-excessive-screen-time

ഡിജിറ്റൽ മാധ്യമങ്ങളുമായും സാങ്കേതിക വിദ്യകളുമായും അമിതമായി (Over Exposure) സമ്പർക്കം പുലർത്തുന്നതിന്റെ ഫലമായി വ്യക്തികൾ ഓട്ടിസം സ്പെക്ട്രത്തിൽ ഉള്ളവയ്ക്ക് സമാനമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്ന പ്രതിഭാസത്തെയാണ് വെർച്വൽ ഓട്ടിസം (Virtual Autism) സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വെർച്വൽ ഓട്ടിസം എന്നത് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാകേണ്ട വിഷയമാണെന്നത് വസ്തുതയാണ്. ഗൂഗിൾ ട്രൻഡിൽ കഴിഞ്ഞ 2004 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ‘വെർച്വൽ ഓട്ടിസം’ എന്ന താക്കോൽവാക്കിന്റെ പ്രസക്തി എളുപ്പം മനസിലാക്കാം. എന്നാൽ അതിനാനുപാതികമായുള്ള അക്കാദമിക ഗവേഷണ പഠനങ്ങൾ ഡാറ്റ ബേസുകളായ സ്കോപസ്, പബ്മെഡ്, വെബ് ഓഫ് സയൻസ് എന്നിവിടങ്ങളിൽ വളരെ കുറച്ച് മാത്രമാണ് കാണുന്നത്. പിന്നെ എവിടെ നിന്നാണ് ഈ വിഷയത്തെ കുറിച്ചുള്ള ‘ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങൾ’ മാധ്യമങ്ങൾക്ക് ലഭിക്കുന്നത്? അതിനാൽ പ്രസ്തുത വിഷയത്തിൽ നമ്മൾ വായിക്കുന്ന ‘ആരോഗ്യ റിപ്പോർട്ടുകൾ’ അശാസ്ത്രീയമാണെന്ന് തോന്നിയാൽ തെറ്റ് പറയാനാകുമോ? വെർച്വൽ ഓട്ടിസം സംബന്ധിച്ചുള്ള മാധ്യമ ആഖ്യാനങ്ങൾ പരിശോധിച്ചാൽ വിഷയത്തെ വല്ലാതെ ‘ആശങ്കയുടെ വിഷയമായി’ മാത്രം പരിമിതപ്പെടുത്തുന്നതായും തോന്നുന്നുണ്ട്.

https://trends.google.com/trends/explore?date=all&q=virtual%20autism&hl=en

ആരോഗ്യത്തെ രാഷ്ട്രീയവൽക്കരിക്കുന്ന
മാധ്യമ ആഖ്യാനങ്ങൾ

മുഖ്യധാരാ സംവാദത്തിൽ ‘ആരോഗ്യത്തിന്റെ രാഷ്ട്രീയം' (Politics of Health) നിരന്തരം ചർച്ചചെയ്യപ്പെടേണ്ടതാണ് എന്നത് നിസ്തർക്കമാണ്. കാരണം മനുഷ്യജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളെയും പോലെ ‘ആരോഗ്യവും’ രാഷ്ട്രീയ വിഷയം തന്നെയാണ്.

ആരോഗ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ നിർണ്ണായക ഘടകങ്ങൾ രാഷ്ട്രീയ ഇടപെടലുകൾക്ക് വിധേയമാണ്. മാത്രവുമല്ല, രാഷ്ട്രീയ സംവിധാനങ്ങൾ അതിന്റെ മേൽ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നു. സന്തുലിതമായ ആരോഗ്യ സംവിധാനത്തിന് രാഷ്ട്രീയ അവബോധവും രാഷ്ട്രീയ പോരാട്ടവും ആവശ്യമാണെന്നതിനാലും ആത്യന്തികമായി, ആരോഗ്യം രാഷ്ട്രീയമാണ്. എന്നാൽ ‘ആരോഗ്യത്തിന്റെ രാഷ്ട്രീയം' (Politics of Health) ആഖ്യാനിക്കുന്നതിനും ചർച്ചചെയ്യുന്നതിനും പകരം നമ്മുടെ മാധ്യമങ്ങൾ എന്തിനാണ് ആരോഗ്യത്തെ രാഷ്ട്രീയവൽക്കരിക്കുന്ന സംഭവങ്ങൾക്ക് വലിയ കവറേജ് നൽകുന്നത്?

കേരളത്തിൽ പ്രമേഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാത്യഭൂമി ഓൺലൈൻ വാർത്തയിൽ പറയുന്നു. വാർത്തയെ ആധികാരികമാക്കാനുതകുന്ന ശാസ്ത്രീയ സോഴ്സുകൾ റിപ്പോർട്ടിൽ കാണുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

വിശകലനം ചെയ്ത വലിയൊരു ശതമാനം ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിലും ആരോഗ്യത്തേയും ആരോഗ്യ പദ്ധതികളേയും രാഷ്ട്രീയവൽക്കരിക്കുന്ന പ്രസ്താവനകൾക്കും സംഭവങ്ങൾക്കും വലിയ പോസറ്റീവ് ശൈലിയിലുള്ള ആഖ്യാനമാണ് നൽകിയിരിക്കുന്നത്. ദ ഹിന്ദു ഓൺലൈൻ 15.07.24 ന് പ്രസിദ്ധീകരിച്ച Kerala government’s inaction pushing State towards health crisis, says opposition leader എന്ന വാർത്തയിൽ പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാന സർക്കാർ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യവും വാർത്ത മൂല്യവുമുണ്ട്. ഇത് തീർച്ചയായും വാർത്തയാവേണ്ടതു തന്നെയാണ്. എന്നാൽ റിപ്പോർട്ടിന്റെ തുടർ ആഖ്യാനത്തിൽ കേരള സർക്കാരിന്റെ നിഷ്ക്രിയത്വത്തേയും, വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന പ്രതിപക്ഷ ആരോപണങ്ങളും സംസാരിക്കുന്നുണ്ട്. ഇവിടെയാണ് മാധ്യമ ആഖ്യാനങ്ങൾ കുറച്ചു കൂടി ക്രയാത്മകമായി ആരോഗ്യത്തെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രസ്താവനകളെ സമീപിക്കണമെന്ന് തോന്നുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പരസ്പരം കുറ്റപ്പെടുത്തുന്നതിനും രാഷ്ട്രീയ വിരോധം തീർക്കുന്നതിനും ‘ആരോഗ്യത്തെ’ ഉപയോഗപ്പെടുത്തുകയും അതിനുള്ള മാധ്യമ ഇടം (Media Space) അവർക്ക് ലഭിക്കുകയുമാണെന്ന് തോന്നിപ്പോകുന്നുണ്ട്.

(https://www.thehindu.com/news/national/kerala/kerala-governments-inaction-pushing-state-towards-health-crisis-says-opposition-leader/article68405926.ece).

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ ഇടപെടലുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഓൺലൈൻ വാർത്തയിലും (Opposition attacks Kerala govt over food poison deaths; stages walk out in assembly- 06.02.23) നേരത്തെ സൂചിപ്പിച്ച രാഷട്രീയവൽക്കരണത്തിന് മാധ്യമങ്ങൾ കൂട്ടു നിൽക്കുന്നതായി തോന്നാം.

(https://www.newindianexpress.com/states/kerala/2023/Feb/06/opposition-attacks-kerala-govt-over-rising-food-poisoningdeaths-stages-walkout-in-assembly-2544892.html).

ശാരീരിക രോഗമില്ലാത്ത അവസ്ഥ മാത്രമാണ് ‘ആരോഗ്യം’ എന്ന മാധ്യമ ആഖ്യാനം ഉപേക്ഷിക്കണം

ശാരീരിക രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം; മറിച്ച് സമ്പൂർണ്ണ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമമാണ് ആരോഗ്യം (complete physical, mental and social well-being and not merely the absence of disease or infirmity - WHO Constitution 1946). എന്നാൽ നമ്മുടെ സമകാലിക മാധ്യമ ഇടങ്ങളിൽ ‘ആരോഗ്യത്തെ’ എങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണ്. ‘ആരോഗ്യത്തെ’ ശാരീരിക രോഗമില്ലാത്ത അവസ്ഥമാത്രമായി നമ്മുടെ മാധ്യമ ആഖ്യാനങ്ങൾ പരിമിതപ്പെടുത്തുന്നതായി തോന്നുന്നുണ്ട്. വിശകലനം ചെയ്ത വാർത്ത റിപ്പോട്ടുകളിൽ ഒന്നോ രണ്ടോ വാർത്തകളിൽ മാത്രമാണ് മാനസികാരോഗ്യത്തേയും (Mental Health) സാമൂഹികക്ഷേമത്തെ കുറിച്ചും (Social well-being) ബന്ധപ്പെടുത്തുന്നത്.

ഈ അടുത്ത ദിവസങ്ങളിൽ ബെംഗളൂരുവിലെ NIMHANS സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് രാഷ്ട്രപതി, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദ ഹിന്ദു ഓൺലൈൻ 06.01.25 ന് പ്രസിദ്ധീകരിച്ച 50 years of NIMHANS: President Droupadi Murmu underlines need for greater focus on mental health promotion എന്ന വാർത്തയിൽ മാനസികാരോഗ്യത്തിന്റെ സവിശേഷ പ്രാധാന്യം വിശദീകരിക്കുന്നു. മാധ്യമങ്ങൾ മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തുന്ന കൂടുതൽ കൂടുതൽ ശാസ്ത്രീയ സ്വഭാവമുള്ള വാർത്തകൾ നൽകേണ്ടതിന്റെ പ്രാധാന്യവും ഇത് ഓർമപ്പെടുത്തുന്നു.

(https://www.thehindu.com/news/national/karnataka/50-years-of-nimhans-president-droupadi-murmu-underlines-need-for-greater-focus-on-mental-health-promotion/article69057282.ece).

ട്രിബ്യൂൺ ഇന്ത്യ ഡോട്ട് കോം 07.01.25 ന് Mental Health among the Most searched words under wellness in 2024 എന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, നമ്മുടെ ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിൽ ഈ ട്രെന്റ് കാണാനാകുന്നില്ല.

(https://www.tribuneindia.com/news/business/mental-health-among-the-most-searched-words-under-wellness-in-2024/).

വലിയൊരു ശതമാനം വാർത്തകളിലും ജീവിതശൈലീരോഗങ്ങളും ആരോഗ്യസംരക്ഷണച്ചെലവും വർധിക്കുന്ന നിരീക്ഷണങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് 17.11.24 ന് പ്രസിദ്ധീകരിച്ച Life style diseases raise cost of healthcase എന്ന വാർത്തയിൽ കേരളത്തിലെ ആരോഗ്യ സംരക്ഷണ ചെലവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതാണെന്നും ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണെന്നും വിവരിക്കുന്നുണ്ട്. നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സമഗ്ര വാർഷിക മോഡുലാർ സർവേ 2022-23 റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഈ ആഖ്യാനം.

(https://www.newindianexpress.com/editorials/2024/Nov/17/lifestyle-diseases-raise-cost-of-healthcare).

കേരളത്തിൽ പ്രമേഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാത്യഭൂമി ഓൺലൈൻ 14.11.24 ന് പ്രസിദ്ധീകരിച്ച Rising diabetes cases among Malayalis: A concern for Kerala’s health landscape എന്ന വാർത്തയിൽ പറയുന്നത്. പ്രമേഹ നിരക്കിൽ ഗോവ (26.4 ശതമാനം), പുതുച്ചേരി (26.3 ശതമാനം) എന്നിവയ്ക്കുശേഷം കേരളം മൂന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ എവിടെ നിന്നാണ് ഈ കണക്കുകൾ? വാർത്തയെ ആധികാരികമാക്കാൻ ഉതകുന്ന ശാസ്ത്രീയ സോഴ്സുകൾ റിപ്പോർട്ടിൽ കാണുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

(https://english.mathrubhumi.com/lifestyle/health/diabetes-in-kerala-1.10076893).

ജനപ്രിയ ബഹുജന മാധ്യമങ്ങളിലെ ആരോഗ്യ വാർത്തകൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നും ആരോഗ്യത്തെ കുറിച്ചുള്ള മാധ്യമ പ്രാതിനിധ്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ അവലോകനം ലഭിക്കുന്നതിനും The forms of media health (SAGE Publications Ltd, Seale, C., 2002) എന്ന പുസ്തകം ഉപകരിക്കുമെന്ന് തോന്നുന്നു. ആരോഗ്യം, അസുഖം, ആരോഗ്യ സംരക്ഷണം (Health, Illness and Health care) എന്നിവ സംബന്ധിയായ അനുഭവങ്ങളെ മനസിലാക്കുന്നതിൽ ബഹുജനമാധ്യമങ്ങളുടെ പ്രാധാന്യത്തെ ഈ പുസ്തകത്തിൽ വിവിരിക്കുന്നുണ്ട്.

ആരോഗ്യത്തിന്റെ മാധ്യമ അജൻഡയും മീഡിയ ഫ്രെയ്മിങും

രോഗങ്ങളേയോ പൊതുജനാരോഗ്യ സംവിധാനങ്ങളേയോ എങ്ങനെയാണ് നമ്മൾ നമ്മുടെ പൊതു വ്യവഹാരത്തിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതെന്ന് വിശദീകരിക്കാൻ Agend Setting Theory (McCombs and Shaw, 1972)- യിലൂടെ സാധിക്കും. മാധ്യമങ്ങൾ സവിശേഷ ശ്രദ്ധകൊടുക്കുന്ന വിഷയങ്ങൾ (കൂടുതൽ സമയവും ഇടവും കവറേജിലൂടെ നൽകിയാൽ) നമ്മളെ സംബന്ധിച്ച് അവ വലിയ വിഷയങ്ങളാകുമെന്നാണ് ഈ സിദ്ധാന്തം വിശദീകരിക്കുന്നത്. ഉദാഹരണത്തിന്, യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (US Food and Drug Administration) ആദ്യത്തെ എച്ച്.പി.വി വാക്സിൻ (സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള ആദ്യത്തെ വാക്സിൻ) അംഗീകരിച്ചതിനെത്തുടർന്ന്, 2006- ൽ അമേരിക്കൻ മാധ്യമങ്ങൾ ഹ്യൂമൻ പാപ്പിലോമ വൈറസും (HPV vaccine) സെർവിക്കൽ ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ വാർത്ത കവറേജാണ് നൽകിയത്. ബ്രിഡ്ജെറ്റ് ജെ. കെല്ലിയും കൂട്ടരും നടത്തിയതാണ് ഈ പഠനം.

(https://pubmed.ncbi.nlm.nih.gov/19395221/).

അതുപോലെ, പകർച്ചവ്യാധികളെക്കുറിച്ചുള്ള (Infectious Diseases) കവറേജുകൾ പൊതുജനങ്ങൾ ആ രോഗങ്ങളെ എങ്ങനെ കാണുന്നുവെന്നതിനെ വളരെയധികം സ്വാധീനിക്കുമെന്ന് McMaster University 2008- യിൽ നടത്തിയ ഗവേഷണത്തിലും (പബ്ലിക് ലൈബ്രറി ഓഫ് സയൻസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്) വിവരിക്കുന്നുണ്ട്.

HMPV വൈറസ് വ്യപനവുമായി ബന്ധപ്പെട്ട് വലിയ കവറേജാണ് ഇന്ത്യൻ ഓൺലൈൻ മാധ്യമങ്ങൾ നൽകിയിരിക്കുന്നതെന്ന് വിശകലനത്തിൽ വ്യക്തമാണ്. എന്നാൽ വലിയൊരു ശതമാനം HMPV വൈറസ് വാർത്തകളിലും ഒരു ‘ചൈനീസ് അന്യവൽക്കരണം’ (Othering China) കാണാൻ സാധിച്ചേക്കാം. കോവിഡിനുശേഷം വീണ്ടും ‘ചൈനയുടെ ഭീഷണി’ എന്ന തരത്തിലും ആഖ്യാനങ്ങളുണ്ട്.

മാധ്യമ പ്രവർത്തകരും കവറേജും പകർച്ചവ്യാധികളെ 'വിദേശ' ഭീഷണികളായും ‘രാഷ്ട്രീയ' പ്രശ്നങ്ങളായുമാണോ കൂടുതലായും ആഖ്യാനപ്പെടുത്തുന്നത്?. ഇക്കണോമിക് ടൈംസ് 05.01.25 ന് പ്രസിദ്ധീകരിച്ച Viral footage from China raises red flags: Could HMPV be spreading to India? എന്ന വാർത്ത ഉദാഹരണമായി എടുക്കാം. ഇവിടെ നേരത്തെ പറഞ്ഞ ‘Othering’ സുവ്യക്തമാണ്. എന്നാൽ ഇതുപോലുള്ള ആഗോള പ്രശ്നങ്ങൾ ആഗോള സഹകരണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് യുവൽ നോഹ ഹരാരിയുടെ നിരീക്ഷണമാണ് ഇവിടെ പ്രസക്തമാകുന്നത്.

(https://economictimes.indiatimes.com/news/new-updates/viral-footage-from-china-raises-red-flags-could-hmpv-be-spreading-to-india/articleshow/116969179.cms?from=mdr).

ആരോഗ്യ ആശയവിനിമയത്തിൽ നേരിട്ടും (Direct) അല്ലാതെയും (Indirect) മാധ്യമങ്ങൾ വിവിധ മാർഗ്ഗങ്ങളിലൂടെ ഇടപെടുന്നതിനെ സൂചിപ്പിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.

Screen shot: https://www.thelancet.com/journals/langlo/article/PIIS2214-109X(24)00191-8/fulltext

2014-2015 ലെ എബോള (Ebola epidemic) പൊട്ടിപ്പുറപ്പെട്ട സമയത്ത് എങ്ങനെയായിരുന്നു പശ്ചാത്യ മാധ്യമങ്ങളുടെ കവറേജ്? എന്തിനായിരുന്നു അതിന് ഒരു വംശീയ കേന്ദ്രീകൃത അജൻഡ കവറേജിൽ (ethnocentric coverage) നൽകിയത്? Abeysinghe (2016), Basch et al. (2014) എന്നിവരുടെ പഠനത്തിൽ പാശ്ചാത്യ മാധ്യമങ്ങൾ എബോള പൊട്ടിപ്പുറപ്പെടുന്നതിനെ പടിഞ്ഞാറൻ ആഫ്രിക്കൻ സമൂഹങ്ങളുടെ പ്രശ്നമായി ചിത്രീകരിക്കുന്ന അജൻഡയാണ് ആഖ്യാനത്തിൽ നൽകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പകർച്ചവ്യാധികളുടെ മാധ്യമ കവറേജുകൾ സർക്കാർ നയങ്ങളും രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും അവതരിപ്പിക്കപ്പെടുന്ന ഇടമായി മാറുകയാണോ?

ഇന്ത്യൻ എക്സ്പ്രസ് 24.11.2023 ന് പ്രസിദ്ധീകരിച്ച China reports mysterious respiratory illness among children: As WHO raises red flag, how vigilant is India? എന്ന വാർത്തയിലും നേരത്തെ സൂചിപ്പിച്ച ‘China as unhealthy other’ ആഖ്യാനം – അജൻഡ പ്രബലമാണ്.

ഇത് മാധ്യമ കവറേജുകളിൽ ഒരു പുതിയ സംഭവമല്ല. 2019 മുതൽ 2020 വരെയുള്ള കൊറോണ വൈറസിന്റെ കടന്നുവരവും മാധ്യമ കവറേജു പരിശോധിച്ചാൽ ‘ചൈനീസ് കൊറോണ വൈറസ്' എന്ന തരത്തിലായിരുന്നു ആഖ്യാനം.

നമുക്കറിയാം, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ടായിട്ടും പ്രസിഡന്റ് ട്രംപ് ഉൾപ്പെടെ നിരവധി അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയക്കാർ ‘ചൈനീസ് കൊറോണ വൈറസ്' ലേബലിംങ് നടത്തിയിരുന്നു.

(https://indianexpress.com/article/health-wellness/who-flagging-mysterious-respiratory-illness-among-children-in-china-9039537/).

സന്തുലിതവും സുതാര്യവുമായി റിപ്പോർട്ട് ചെയ്യുന്നതിനുപകരം ഒരു പ്രത്യേക കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങളെ നിരീക്ഷിച്ച് വിഷയത്തെ വസ്തുനിഷ്ഠമല്ലാതെ – മുൻവിധിയോടെയാണ് പല ആരോഗ്യ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് Agenda Setting സിദ്ധാന്തത്തിനോടൊപ്പം ചേരുന്ന ഫ്രയിമിങ് തിയറിയുമായി ബന്ധപ്പെടുന്നു. 1972- ൽ ഇംഗ്ലീഷ് നരവംശശാസ്ത്രജ്ഞനായ ഗ്രിഗറി ബേറ്റ്സൺ (Gregory Bateson) ആണ് ഫ്രെയിമിംങ് സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ആശയവിനിമയ രൂപങ്ങളായി പ്രവർത്തിക്കുന്ന “a spatial and temporal bounding of a set of interactive messages” എന്നാണ് ഫ്രെയിമുകളെ നിർവചിച്ചത്.

എന്നാൽ ‘നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന്’ പറയുന്ന ആഖ്യനങ്ങൾ വളരെ കുറവാണ്. ഇവിടെയാണ് അൽ ജസീറ 08.01.25 ന് പ്രസിദ്ധീകരിച്ച What is HMPV, the respiratory virus surging in China? എന്ന വാർത്തയും ദ ഹിന്ദു ഓൺലൈൻ 06.01.25 ന് പ്രസിദ്ധീകരിച്ച Nothing alarming: on China’s HMPV cases എന്ന വാർത്തയും പ്രസക്തമാകുന്നത്.

എന്താണ് HMPV? HMPV എങ്ങനെ പകരുന്നു? HMPV ശരീരത്തിന് എന്തുചെയ്യും? ഏത് രാജ്യങ്ങളിലാണ് HMPV കേസുകൾ വർദ്ധിച്ചത്? ഇത് പകർച്ചവ്യാധിയാണോ അതോ മാരകമാണോ? ആർക്കാണ് കൂടുതൽ അപകടസാധ്യത? എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. ഇത്തരത്തിൽ ‘പേടിപ്പെടുത്താതെ’ അടിസ്ഥാനപരമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ മാധ്യമങ്ങൾക്ക് വളരെ എളുപ്പം ഒരു ഹെൽത്ത് കമ്യൂണിക്കേഷൻ ടൂളായി പ്രവർത്തിക്കാൻ കഴിയും.

https://www.aljazeera.com/news/2025/1/8/what-is-hmpv-the-respiratory-virus-surging-in-china

https://www.thehindu.com/opinion/editorial/nothing-alarming-on-chinas-hmpv-cases/article69064326.ece

കുടിയേറ്റ തൊഴിലാളികളാണ് പുതിയ രോഗങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നാണ് കുറച്ച് നാളുകൾക്ക് മുൻമ്പ് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്തത്. ബിസിനസ് സ്റ്റാന്റേർഡ് 08.07.2015 ന് പ്രസിദ്ധീകരിച്ച Migrant workers bringing in new diseases to Kerala: Minister എന്ന വാർത്തയിലാണ് പുതിയ രോഗങ്ങളിൽ പലതും കുടിയേറ്റ തൊഴിലാളികളാണ് സംസ്ഥാനത്തേക്ക് എത്തിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന ചേർത്തുള്ള ആഖ്യാനം. ആഖ്യാനത്തിൽ കുടിയേറ്റ തൊഴിലാളികളെ ‘ഭീഷണിക്കാരായി’ ചിത്രീകരിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം കുടിയേറ്റ തൊഴിലാളികളാണെന്ന തരത്തിലുള്ള അജൻഡയും ഫ്രയിമിങും ഇതിൽ വ്യക്തമാണ്.

(https://www.business-standard.com/article/pti-stories/migrant-workers-bringing-in-new-diseases-to-kerala-minister-115070800801_1.html).

പടിഞ്ഞാറൻ ആഫ്രിക്കയിൽ 2014-2015- ലെ എബോള പകർച്ചവ്യാധി പൊട്ടിപുറപ്പെട്ടപ്പോൾ അമേരിക്കൻ, ബ്രിട്ടീഷ് പത്രങ്ങളുടെ തലക്കെട്ടുകളിൽ അപകടത്തിന്റെ ഉറവിടങ്ങളായ ആഫ്രിക്കൻ രാജ്യങ്ങളെ 'വിദേശ ഭീഷണികളായുള്ള’ ആഖ്യാനമാണ് നടത്തിയത്. വൈറസുകളുടെ ഉദ്ഭവം ആഫ്രിക്കൻ, ഏഷ്യൻ, അല്ലെങ്കിൽ മധ്യ / തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി മനപ്പൂർവ്വം ബന്ധിപ്പിക്കാനുള്ള തിടുക്കവും, ഈ സ്ഥലങ്ങളെ ‘അപകടത്തിന്റെ ഉറവിടങ്ങൾ' ആയി പ്രതിനിധീകരിക്കുകയും ചെയ്യന്ന തരത്തിലുള്ള ആഖ്യാനങ്ങൾ വളരെ പ്രകടനമായിരുന്നെന്ന് ഹെയ്ൻസ്, 2002; വാൾഡ്, 2008 തങ്ങളുടെ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള മീഡിയ ഫ്രയിമിങ് (Media Framing) ലോകരാഷ്ട്രങ്ങളെ ‘dark’ and ‘light എന്ന ബൈനറിയിലേക്ക് വളരെ എളുപ്പം ചുരുക്കുമെന്ന് ഹെയ്ൻസ് (2002) തന്റെ പഠനത്തിൽ പറയുന്നു. വികസ്വര രാജ്യങ്ങളാണ് (Developing Countries) ആരോഗ്യ പ്രശ്നങ്ങൾ - പകർച്ചവ്യാധികൾ- വികസിത രാജ്യങ്ങളിലേക്ക് ‘പകർത്തുന്നെതെന്ന തരത്തിലാണ് ഈ ആഖ്യാനങ്ങൾ. ഗ്ലോബൽ സൗത്തിൽ നിന്നാണ് എല്ലാ ആരോഗ്യ പ്രശ്നങ്ങളും വരുന്നതെന്ന മാധ്യമ ആഖ്യാനം ചർച്ചചെയ്യപ്പെടേണ്ടതാണ്.

പുതിയ രോഗങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ നമ്മുടെ മാധ്യമങ്ങൾക്ക് എന്തോ പ്രത്യേക താൽപര്യമുള്ളതുപോലെ. വേണ്ടത്ര ശാസ്ത്രീയ നിരീക്ഷണങ്ങൾ വരുന്നതിന് മുൻമ്പേ ‘കഥകൾ’ മെനഞ്ഞാൽ അത് തന്നെ വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറാം.

‘Medical Gaze’ പോലെ മാധ്യമങ്ങൾക്കുണ്ടോ
ഒരു ‘Illness Gaze’?

പുതിയ രോഗങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ നമ്മുടെ മാധ്യമങ്ങൾക്ക് എന്തോ പ്രത്യേക താൽപര്യമുള്ളതുപോലെ വിശകലനത്തിൽ തോന്നി. അത് നല്ലതാണ്. ജേണലിസത്തിൽ inquisitiveness വേണം. എന്നാൽ വേണ്ടത്ര ശാസ്ത്രീയ നിരീക്ഷണങ്ങൾ വരുന്നതിന് മുൻമ്പേ ‘കഥകൾ’ മെനഞ്ഞാൽ അത് തന്നെ വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറാം. ഫ്രഞ്ച് ചരിത്രകാരനും തത്ത്വചിന്തകനുമായ മിഷേൽ ഫൂക്കോ (1926-1984) മുന്നോട്ടുവെച്ച ഒരു ആശയമാണ് Medical Gaze. Medical Gaze എന്നത്. ഡോക്ടർമാർ എങ്ങനെയാണോ ഒരു രോഗിയുടെ വ്യക്തിപരമായ അനുഭവങ്ങളെ / പ്രശ്നങ്ങളെ 'ബയോമെഡിക്കൽ മാതൃകയിലേക്ക്’ ഉൾചേർക്കുന്നതെന്ന് വിവരിക്കുന്നു. ഇതേ പോലെ പുതിയ പുതിയ രോഗങ്ങൾ ഉണ്ടാകുന്ന ആദ്യ ഘട്ടത്തിൽ, ജേണലിസ്റ്റുകൾ തങ്ങൾക്കു ലഭിക്കുന്ന പരിമിതമായ ഉറവിടങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ആ പുതിയ രോഗത്തിൽ ഒട്ടും ശാസ്ത്രീയമല്ലാത്ത ഒരു ‘Illness Gaze’ (പരിമിതമായ ഉറവിടങ്ങളും ജേണലിസ്റ്റുകളുടെ ഇമാജിനേഷനും ചേർത്തുള്ള ഒരു നോട്ടം) രൂപപ്പെടുത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.

ബിസിനസ് സ്റ്റാന്റേർഡ് 14.01.2025 ന് പ്രസിദ്ധീകരിച്ച Mysterious disease claims two more lives in J&K's Rajouri, death toll 14 എന്ന വാർത്തയിൽ ‘Illness Gaze’ പ്രകടമായി തോന്നാം. ‘ഒരു ദുരൂഹ രോഗം’ ബാദൽ ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് ആഖ്യാനം.

(https://www.business-standard.com/india-news/mysterious-disease-claims-16-lives-in-rajouri-38-affected-officials-alert-125011800152_1.html).

അപൂർവ്വവും പുതിയതുമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഈ റിപ്പോർട്ടിങിലെ ആഖ്യാനങ്ങൾ വായനക്കാരെ Panic ആക്കുന്നതായിരിക്കരുത്. റിപ്പോർട്ടിന് ശാസ്ത്രീയ സ്വഭാവം നൽകാൻ സാധിക്കുന്ന ശാസ്ത്രീയ സോഴ്സുകൾ നൽകാൻ ശ്രമിക്കണം. ദ ഹിന്ദു ഓൺലൈൻ 15.10.24 ന് പ്രസിദ്ധീകരിച്ച Kerala man contracts murine typhus: What is this rare disease? എന്ന വാർത്തയിൽ രോഗത്തെ കുറിച്ചുള്ള അറിവ് നൽകുന്ന (Educating readers) ആഖ്യാനം വളരെ നല്ലതായി തോന്നുന്നു. പക്ഷെ ആഖ്യാനം കുറച്ചു കൂടി ശാസ്ത്രീയമാക്കാൻ Expert Staments നിർബന്ധമായി വാർത്തയിൽ ഉൾപ്പെടുത്തണം. ഇതിനായി നമ്മുടെ ആരോഗ്യ റിപ്പോർട്ടർമാർ നിർബന്ധമായും വിഷയവിദഗ്ധരുമായി സംസാരിക്കണം.

(https://www.thehindu.com/sci-tech/health/kerala-man-contracts-murine-typhus-what-is-this-rare-disease/article68755722.ece).

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പൊതുജനാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമ കവറേജിനെക്കുറിച്ചുള്ള പഠനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്ന മാധ്യമ പ്രവർത്തകർക്കിടയിൽ നിർണായക നൈപുണ്യം (Skills in writing health reports) വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നുണ്ട്. ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത്- ഇന്ത്യ (The George Institute for Global Health) നടത്തുന്ന പഠനങ്ങൾ ഇവിടെ പ്രസക്തമാണ്. പുതിയ പുതിയ രോഗങ്ങളെ കുറിച്ച് എഴുതുന്ന മാധ്യമങ്ങൾ അതേ ഉഷാറോടെ അതിനെ സംബന്ധിച്ച Follow-up റിപ്പോർട്ടുകൾക്കും പ്രാധാന്യം നൽകണം. ആരോഗ്യ വാർത്തകൾ ബാലൻസ്ഡായി – ശാസ്ത്രീയ സ്വഭാവത്തോടെ എഴുതുന്നതിന് സഹായിക്കുന്ന ശിൽപശാലകൾ - സെമിനാറുകൾ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കണം.

References:

Abeysinghe S (2016) Ebola at the borders: Newspaper representations and the politics of border control. Third World Quarterly 37(3): 452–467.

Basch CH, Basch CE, Redlener I (2014) Coverage of the Ebola virus disease epidemic in three widely circulated United States newspapers: Implications for preparedness and prevention. Health Promotion Perspectives 4(2): 247–251.

Haynes DM (2002) Still the heart of darkness: The Ebola virus and the meta-narrative of disease in The Hot Zone. Journal of Medical Humanities 23(2): 133–145.

Kelly BJ, Leader AE, Mittermaier DJ, Hornik RC, Cappella JN. The HPV vaccine and the media: how has the topic been covered and what are the effects on knowledge about the virus and cervical cancer? Patient Educ Couns. 2009 Nov;77(2):308-13. doi: 10.1016/j.pec.2009.03.018. Epub 2009 Apr 22. PMID: 19395221; PMCID: PMC4250971.

Wald P (2008) Contagious: Cultures, Carriers, and the Outbreak Narrative. Durham, NC: Duke University Press.

Comments