നൊബേലിനാൽ അംഗീകരിക്കപ്പെടുമ്പോഴും ഏറ്റവും അപകടം പിടിച്ച പണിയായി തുടരുകയാണ്​ മാധ്യമപ്രവർത്തനം

‘റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ്’ എന്ന രാജ്യാന്തര മാധ്യമ സംഘടനയുടെ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്​. ഈ സാഹചര്യത്തിലാണ്​ മാധ്യമസ്വാതന്ത്ര്യത്തിന് പോരാടുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് ലഭിച്ച ​നൊബേൽ സമ്മാനം പ്രസക്തമാകുന്നത്​

വർഷത്തെ നൊബേൽ സമാധാന പുരസ്‌കാരം മാധ്യമ സ്വാതന്ത്ര്യത്തിനാണ് -എന്തുകൊണ്ടും. മരിയ ആഞ്ചലിറ്റ റെസ്സ എന്ന ഫിലിപ്പിനോ- അമേരിക്കൻ മാധ്യമപ്രവർത്തകയും ദിമിത്രി ആൻഡ്രീവിച്ച് മുരടോവ് എന്ന റഷ്യൻ മാധ്യമപ്രവർത്തകനും സമാധാന നൊബേൽ പങ്കിടുമ്പോൾ ആദരിക്കപ്പെടുന്നത് അറിയാനുള്ള അവകാശം കൂടിയാണ്. സമ്മാനത്തുകയായ ഒരു കോടി സ്വീഡിഷ് ക്രോണർ (ഏകദേശം 8.43 കോടി രൂപ) ഇവർ വീതിച്ചെടുക്കും.
മരിയ ആഞ്ചലിറ്റ റെസ്സ പ്രമുഖ എഴുത്തുകാരിയുമാണ്. റാപ്ലറിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമാണ്. സി.എൻ.എന്നിനായി തെക്കുകിഴക്കൻ ഏഷ്യയിലെ അന്വേഷണത്മക റിപ്പോർട്ടറായി ഏകദേശം രണ്ടു പതിറ്റാണ്ട് മരിയ ചെലവഴിച്ചു.

റഷ്യൻ പത്രമായ നൊവായ ഗസറ്റയുടെ ചീഫ് എഡിറ്ററാണ് ദിമിത്രി ആൻഡ്രീവിച്ച് മുരടോവ്. 1995-നും 2017-നും ഇടയിൽ അദ്ദേഹം ഈ പത്രത്തിൽ വിവിധ പദവികൾ അലങ്കരിച്ചു. പത്രപ്രവർത്തകരെ സംരക്ഷിക്കുന്ന സമിതി "ഇന്ന് റഷ്യയിൽ ദേശീയ സ്വാധീനമുള്ള ഒരേയൊരു യഥാർഥ നിർണായക പത്രം' എന്ന് നൊവായ ഗസറ്റയെ വിളിക്കുന്നു. സർക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസറ്റ. ചെച്‌ന്യൻ, കോക്ഷിൻ മനുഷ്യവകാശ പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി അടരാടിയതിന് മരിയ റെസ്സയ്ക്ക് ഫിലിപ്പൈൻസിൽ കിട്ടിയത് തുറങ്കലായിരുന്നു. ഈ അമ്പത്തെട്ടുകാരി തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലെ ഓൺലൈൻ മാധ്യമപ്രവർത്തനത്തിന്റെ മുൻനിരക്കാരി കൂടിയാണ്. റാപ്ലറിലൂടെ ഭരണകൂടത്തെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ മരിയ റെസ്സ നേരിടേണ്ടിവന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. പ്രിൻസിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമെടുത്ത മരിയ റെസ്സ ഫുൾ ബ്രൈറ്റ് അവാർഡ് ജേതാവ് കൂടിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരിൽ ഫിലിപ്പീൻസിൽ ആറുവർഷം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തനമെന്നാൽ വിവരവിനിമയ പ്രവാഹത്തിൽ പങ്കാളികളാകുന്ന ഓരോരുത്തരും എന്നതാണ് ഇന്നുള്ള വിവക്ഷ. മാധ്യമപ്രവർത്തകരെന്നാൽ കേവലം അച്ചടി മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല, ഇലക്ട്രോണിക് മാധ്യമങ്ങളായ ടെലിവിഷൻ, റേഡിയോ (എഫ്.എം. ഉൾപ്പെടെ), കമ്പ്യൂട്ടർ, ഇൻർനെറ്റ്, ബ്ലോഗ്, സാമൂഹിക മാധ്യമങ്ങൾ എന്തിനേറെ സിറ്റിസൻ ജേണലിസ്റ്റ് എന്ന ഓരോ പൗരനും വരെ മാധ്യമപ്രവർത്തകരുടെ വിശാല കൂട്ടായ്മകളിൽ അംഗങ്ങളാണ്.

അതുകൊണ്ടുതന്നെ സ്വതന്ത്ര വിവരവിനിമയ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതെന്തും പൗരാവകാശത്തിന് നേരെ തന്നെയുള്ള വെല്ലുവിളിയാണ്. ഫ്രാൻസിലെ പാരിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ആഗോള കൂട്ടായ്മയായ Reporters without Border ഒരു കാവൽനായയെ പോലെ മാധ്യമധ്വംസനങ്ങൾക്കെതിരെ കാതോർത്തിരിക്കുകയാണ്. 2002 മുതൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ പഠിച്ച് വാർഷിക റിപ്പോർട്ടായ Press Freedom Index അവർ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്.
ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ ഇക്കുറിയും താഴോട്ടുപോയില്ല; 180-ൽ 142-ാം സ്ഥാനം നിലനിർത്തി! വളരെ പരിതാപകരമായ ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം നമ്മൾ ആചരിക്കുന്നത്. 2021-ലെ സൂചിക തയാറാക്കിയ ‘റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ്’ എന്ന രാജ്യാന്തര മാധ്യമ സംഘടനയുടെ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നമ്മുടെ രാജ്യം. ഇന്ത്യയുടെ കൂടെ അയൽരാജ്യങ്ങളായ ചൈന (177), പാകിസ്ഥാൻ (145), ബംഗ്ലദേശ് (152), മ്യാൻമർ (140) എന്നിവയുമുണ്ട് എന്നതാണ് ആശ്വാസം. നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവയാണ് മുൻപത്തേതുപോലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്. ഏറ്റവും താഴെ എരിത്രിയ. തൊട്ടുമുകളിൽ ഉത്തര കൊറിയ (179), തുർക്ക്‌മെനിസ്ഥാൻ (178) എന്നിവയും. 73% രാജ്യങ്ങളിലും മാധ്യമപ്രവർത്തനത്തിനു പൂർണമായയോ ഭാഗികമായോ വിലക്കുണ്ടെന്നും 7% രാജ്യങ്ങളിൽ മാത്രമേ പൂർണ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്നുള്ളൂവെന്നും മാധ്യമസ്വതന്ത്ര്യ സൂചിക പറയുന്നു. 16-ാമതായി ജർമനിയും, 40-ാമതായി ബ്രിട്ടനും ഉണ്ട്. അമേരിക്ക 43-ാം റാങ്കിലാണ്. അതായത് ശരാശരി മാത്രം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ഇന്നത്തെ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരകാലത്ത് (Facebook, Whatsapp, Twitter etc.) ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി സോഷ്യൽ മീഡിയയെയും കണ്ടുവരുന്നുണ്ട്. അതുകൊണ്ട് ബ്ലോഗർമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന ഭീഷണി ജനാധിപത്യ പ്രക്രിയയെ തന്നെ തടസ്സപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. തുർക്കിയിൽ അടുത്തിടെ ജനകീയ എൻസൈക്ലോപ്പീഡിയ ആയ വിക്കിപീഡിയക്ക് നിരോധനം ഏർപ്പെടുത്തിയത് ഭരണകൂട ഭീകരതയായാണ് വിവരാവകാശ പ്രവർത്തകർ കാണുന്നത്. ഇന്ത്യയിൽ ജമ്മു കശ്മീരിൽ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലും മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് ജമ്മു കശ്മീർ മാധ്യമപ്രവർത്തകർ ഇക്കൊല്ലം അന്തർദേശീയ പത്രസ്വാതന്ത്ര്യ ദിനാചരണം ബഹിഷ്‌കരിച്ചാണ് പ്രതിഷേധിക്കുന്നത്.

ലോകത്ത് ഏറെ രാജ്യങ്ങളും മാധ്യമസ്വാതന്ത്ര്യം മാനിക്കുന്നില്ല. 2006 മുതൽ 2020 വരെ ഏതാണ്ട് 1000 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നമ്മുടെ തൊട്ടയൽപ്പക്ക രാജ്യങ്ങളായ ബംഗ്ലാദേശിലും മാലിദ്വീപിലും ബ്ലോഗർമാർ നിരന്തരം വധിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മതതീവ്രവാദികൾ സ്വാതന്ത്ര മാധ്യമപ്രവർത്തനത്തിന് തികച്ചും എതിരാണ്. അതുകൊണ്ടുതന്നെയാണ് 2020-ലെ Press Freedom Index ൽ 180 രാജ്യങ്ങളിലെ കണക്കെടുത്തപ്പോൾ ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഏറെ പിന്നിലായതും. നമ്മുടെ മറ്റൊരു അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിൽ അരാജകത്വം മൂലം അവിടെ നിന്നുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ മനസ്സിലാക്കുവാൻ പോലും സാധിക്കുന്നില്ല.

ഏകാധിപത്യമോ പരമാധിപത്യമോ പുലർത്തുന്ന വടക്കൻ കൊറിയ, ചൈന, സിറിയ, വിയറ്റ്നാം, ക്യൂബ, ലാവോസ് എന്നിവയാകട്ടെ മാധ്യമസ്വാതന്ത്ര്യം ഒട്ടുംതന്നെ വിലമതിക്കാത്ത രാജ്യങ്ങളാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമുള്ള ചൈനയിൽ ഒരു വാർത്താ ഏജൻസിയേ ഉള്ളൂ... സിൻഹുവ (Xinhua). ഒരു പത്രവും, National people daily. ഒരു ചാനലും ccctv. ലോക ജനസംഖ്യയിൽ 42 ശതമാനം പേർക്ക് മാത്രമേ ഭാഗികമായെങ്കിലും സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്റെ രുചിയറിയാൻ സാധിക്കുന്നുള്ളൂ. 13 ശതമാനം വരുന്ന വരേണ്യവർഗം എല്ലാ മാധ്യമസ്വാതന്ത്ര്യവും അനുഭവിക്കുന്നു. എന്നാൽ 45 ശതമാനം ലോകജനങ്ങൾ മാധ്യമസ്വാതന്ത്ര്യം എന്തെന്ന് പോലും അറിയുന്നില്ല.
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ 19-ാം അനുഛേദത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 19 ൽ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് പ്രഖ്യാപിക്കുന്നത്. അല്ലാതെ പ്രസ് ഫ്രീഡം എന്ന വാക്ക് ലോകത്തെ ഏറ്റവും വലിയ ഭരണഘടനയായ നമ്മുടേതിൽ എവിടെയും പറയുന്നില്ല. അതുകൊണ്ടുതന്നെ പത്രമാരണ നിയമങ്ങൾ നടപ്പിലാക്കാൻ ഭരണാധികാരികൾ കാലാകാലങ്ങളിൽ ശ്രമിക്കാറുണ്ട്. 1975-ൽ അടിയന്തരാവസ്ഥയുടെ ചുടവടുപിടിച്ചുകൊണ്ട് ഇന്ദിരാഗാന്ധി സെൻസർഷിപ്പ് ഏർപ്പെടുത്തിയത് ഇതിന്റെ ഉദാത്ത ഉദാഹരണമാണ്.

തങ്ങൾക്ക് ലഭിച്ചിട്ടുള്ള അമിത സ്വാതന്ത്ര്യം മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഹണി ട്രാപ്, പെയ്ഡ് ന്യൂസ്, എംബഡഡ് ജേർണലിസം, സിന്റിക്കേറ്റ് ജേർണലിസം എന്നീ ദുഷ്പ്രവണതകൾ മാധ്യമ നൈതികതക്ക് ഒട്ടുംതന്നെ ചേർന്നതല്ല. റഷ്യയും അതിന്റെ നേതാവ് പുടിനും നിരന്തര പ്രചാരണത്തിലൂടെ (propaganda) പുതിയൊരു പത്രപ്രവർത്തന ശൈലി മുന്നോട്ട് വയ്ക്കുന്നുണ്ട്. ട്രംപും കൂട്ടരും അതിദേശീയത ഉയർത്തിപ്പിടിച്ച പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര ലോകക്രമം തുടരുക തന്നെയാണ്.
ലോകത്ത് 21 രാജ്യങ്ങളിൽ മാധ്യമസ്വാതന്ത്ര്യം അതീവ ദുഷ്‌കരമായി തുടരുന്നു. 51 രാജ്യങ്ങളിൽ പൊതുവിൽ നല്ല അവസ്ഥയിലല്ല കാര്യങ്ങൾ. എഡ്മണ്ട് ബർക്ക് വിളിപ്പേര് ചൊല്ലിയ നാലാംതൂണും, അഞ്ചാം തൂണും സുതാര്യ ജനാധിപത്യത്തിന് അത്യന്താപേക്ഷിതം തന്നെയാണ്.
ലോകത്താകമാനം പത്രപ്രവർത്തകർ വെല്ലുവിളികളിലൂടെ കടന്നു പോകുകയാണ്. എന്തുകൊണ്ടും ഇത്തവണത്തെ നോബൽ സമാധാന പുരസ്‌കാരം അന്വഷണ പത്രപ്രവർത്തിന് ആവേശം പകരുന്ന ഒന്നാണ്.


Summary: ‘റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ്’ എന്ന രാജ്യാന്തര മാധ്യമ സംഘടനയുടെ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്​. ഈ സാഹചര്യത്തിലാണ്​ മാധ്യമസ്വാതന്ത്ര്യത്തിന് പോരാടുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് ലഭിച്ച ​നൊബേൽ സമ്മാനം പ്രസക്തമാകുന്നത്​


ഡോ. സന്തോഷ് മാത്യു

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്​സിറ്റിയിലെ സെൻറർ ഫോർ സൗത്ത്​ ഏഷ്യൻ സ്​റ്റഡിയിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Comments