നുണയെഴുതുന്ന മീഡിയയും വലിച്ചു കീറുന്ന സോഷ്യൽ മീഡിയയും

വാർത്താ ഉറവിടങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചു കുഴിയിൽ ചാടിയവർക്ക് ഫൈസർ വിവാദം ഒന്നാന്തരം കേസ് സ്റ്റഡിയാണ്. തങ്ങൾ ആത്മവിശ്വാസത്തോടെ കൊണ്ടാടിയ വാർത്ത പിറ്റേന്ന് തങ്ങളുടെ തന്നെ പത്രസ്ഥാപനം എന്തുകൊണ്ട് ഒരു കോളം സെന്റീമീറ്റർ പോലും വാർത്തയാകാക്കിയില്ല എന്ന് പഠിക്കുക.

മാധ്യമസിൻഡിക്കേറ്റിന് ചരടുവലിക്കുന്നവർക്കും പ്രായത്തിന്റെ അവശതകൾ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കൾക്കും സങ്കടം തോന്നുന്ന അവസ്ഥയിലേയ്ക്ക് അവർക്കും എത്താതെ വയ്യ.

സ്പ്രിംഗ്ളർ വിവാദം നോക്കൂ. സിൻഡിക്കേറ്റിന്റെ അഭ്യാസങ്ങൾ തീരെ ഏൽക്കുന്നില്ല. അമേരിക്കയിലെ ഫൈസർ കമ്പനിയുടെ പേരിൽ കൊണ്ടുവന്ന ബോംബ് പൊട്ടിച്ച സ്ഥലത്തുവെച്ച് ചീറ്റി. ടെലിവിഷൻ സ്‌ക്രീനിൽ മത്തങ്ങാവലിപ്പത്തിൽ തലക്കെട്ടുകൾ, സാധാരണയിൽ കവിഞ്ഞ വലിപ്പത്തിൽ സ്‌ക്രോൾ, ശ്വാസമെടുക്കാതെയുള്ള റിപ്പോർട്ടറുടെ കണ്ഠക്ഷോഭം, ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ബലംപ്രയോഗിച്ച് കൂട്ടിക്കെട്ടുന്നതിന്റെ വെപ്രാളം തുടങ്ങി സിൻഡിക്കേറ്റ് വാർത്തകളുടെ ഉസാഘ തെറ്റിക്കാതെയാണ് ഫൈസർ ബോംബ് ചാനലുകളിൽ പൊട്ടിച്ചത്. പക്ഷേ, ചാനലിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളിൽപ്പോലും ഒരു കോളം സെന്റീമീറ്റർ വാർത്ത വന്നില്ല. ഡെസ്‌കുകളിലെ ഏമാന്മാർക്ക് കൈവിറച്ചു തുടങ്ങിയെന്നർത്ഥം.

നേരത്തെ അതായിരുന്നില്ല സ്ഥിതി. ജനകീയാസൂത്രണ, ലാവലിൻ വിവാദങ്ങൾ ഓർമ്മയുള്ളവർക്കറിയാം. വക്രീകരണം, തമസ്‌കരണം, പെരുപ്പിച്ചു കാണിക്കൽ തുടങ്ങിയ സുകുമാരകലകളിലൂടെ വിവാദം ഏറെക്കാലത്തേയ്ക്കു കത്തിച്ചു നിർത്തിയത് പത്രങ്ങളാണ്. ഫൈസറും സ്പ്രിംക്ലറും തമ്മിലുള്ള ബന്ധം ചാനലുകളിൽ ആഘോഷിച്ച രീതി നോക്കുക. റിച്ചാർഡ് ഫ്രാങ്കി, വൈബ്‌സൈറ്റ്, ലിങ്ക്, സി.ഐ.എ ബന്ധം എന്ന ക്രമത്തിൽ വിവാദം വാറ്റിയെടുത്ത അതേ കോടയും കുക്കറും! പക്ഷേ, കിക്ക് മാത്രമില്ല. പത്രങ്ങൾക്കെങ്കിലും.

ഇതെങ്ങനെ സംഭവിച്ചു? സത്യത്തിൽ മലയാള മാധ്യമമേഖലയിൽ ഒബ്ജക്ടിവിറ്റിയെ അടിസ്ഥാനമാക്കി ഒരു പുതിയ ചേരിതിരിവ് ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ വാർത്താ ചാനലുകൾ പ്രവർത്തിക്കുന്ന രീതി ശ്രദ്ധിച്ചാൽ അറിയാം. 24 ന്യൂസും അതിനു ചുക്കാൻ പിടിക്കുന്ന ശ്രീകണ്ഠൻ നായരും ഡോ. അരുൺകുമാറും ഒരു പടി മുകളിൽ നിൽക്കുന്നു.

മുഖ്യധാരാ മാധ്യമങ്ങളിൽ വസ്തുതയ്ക്കു പ്രാധാന്യം നൽകുന്ന ഒരു പുതിയ വാർത്താസംസ്‌ക്കാരം രൂപപ്പെട്ടിരിക്കുന്നു. ഫൈസർ വിവാദം ന്യൂസ് 18 ഏറ്റെടുത്തില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. 24 ന്യൂസ് ആണെങ്കിൽ, തങ്ങളുടെ വാർത്തകൾക്കു നേരെ ഉയരുന്ന വിമർശനങ്ങളെ സ്റ്റുഡിയോ ഫ്‌ലോറിൽ നിന്ന് പ്രേക്ഷകർക്ക് മുന്നിൽ അഭിമുഖീകരിക്കാൻ തയ്യാറാകുന്നു. തെറ്റു പറ്റിയാൽ തിരുത്തുന്നു, ഏറ്റു പറയുന്നു, വിമർശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നു. അതൊരു ബ്രാൻഡ് വാല്യൂ ആയി വളർത്തിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. തങ്ങളെ അതിനു നിർബന്ധിതരാക്കുന്നത് സോഷ്യൽ മീഡിയയുടെ ശക്തിയാണ് എന്നവർ തുറന്നു സമ്മതിക്കാനും തയ്യാറാകുന്നു. ഇതൊരു മാറ്റമാണ്. ഗുണകരമായ മാറ്റം.

ഇവിടെ ഞാൻ ജനകീയാസൂത്രണ, ലാവലിൻ വിവാദങ്ങളുടെ പശ്ചാത്തലം ഓർമ്മിക്കുകയാണ്. അന്ന്, ദേശാഭിമാനി മാത്രമാണ് ആശ്രയം. ഈ രണ്ടുവിവാദങ്ങളിലെയും മാധ്യമങ്ങളുടെ പങ്കാളിത്തം ആഴത്തിൽ പഠിക്കാൻ ശ്രമിച്ച അനുഭവത്തിൽ നിന്നു പറയാം, എന്തൊരു പിന്തുണയായിരുന്നു യു.ഡി.എഫുകാരുടെ നുണ പ്രചരണത്തിന് മഹാമാധ്യമങ്ങൾ നൽകിയത്. ഞങ്ങളുടെയൊക്കെ പ്രസ്താവനകൾക്കും വിശദീകരണങ്ങൾക്കും വേണ്ടുവോളം എഡിറ്റോറിയൽ ടിപ്പണിയുണ്ടായിരുന്നു. പറഞ്ഞ ഒരുകാര്യവും അതുപോലെ കൊടുത്തിട്ടില്ല. ബാലൻസ് അഭിനയിക്കാൻ ഒരു പത്രം രണ്ടോ മൂന്നോ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങളുടെ പ്രസംഗവും പ്രസ്താവനകളുമൊക്കെ മറ്റു പേജുകളിൽ റിപ്പോർട്ടു ചെയ്തത് അക്ഷരാർത്ഥത്തിൽ എഡിറ്റോറിയൽ വൈകൃതങ്ങളായിരുന്നു. വളച്ചൊടിക്കലും വക്രീകരണവും സി.പി.ഐ.എമ്മിനും പിണറായി വിജയനും. പെരുപ്പിക്കലും പൊലിപ്പിക്കലും യു.ഡി.എഫിന്. അങ്ങനെയാണവർ നിഷ്പക്ഷത വിളമ്പിയത്.

ഈ പ്രചാരവേലയെ നേർക്കുനേർ പ്രതിരോധിച്ചത് ദേശാഭിമാനിയായിരുന്നു. ന്യൂജെൻ ഭാഷയിൽപ്പറഞ്ഞാൽ മാഹാമാധ്യമങ്ങളുടെ നുണകളെല്ലാം ദേശാഭിമാനിയിലെ സഖാക്കൾ പൊളിച്ചടുക്കിയിട്ടുണ്ട്. വേട്ടയാടപ്പെടുന്നവരുടെ ഭാഗത്തു നിൽക്കാനും അവർക്കു പറയാനുള്ളത് സംപ്രേക്ഷണം ചെയ്യാനും പിന്നീട് കൈരളിയും വന്നു. എന്നാൽ ദേശാഭിമാനിയും കൈരളിയും നുണകൾ പൊളിച്ചടുക്കുമ്പോഴും മറുഭാഗത്തിന് കൂസലൊന്നുമുണ്ടായില്ല. വരദാചാരിയുടെ തലക്കറി പാചകം ചെയ്ത് വിളമ്പിയവരൊന്നും ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ലല്ലോ. സർക്കുലേഷന്റെ മസിലും പെരുപ്പിച്ച് പിന്നെയും പെരുംനുണകളുടെ എത്രയോ പൊതുപ്രദർശനങ്ങൾ.

എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. നുണയെഴുതിയാൽ സോഷ്യൽ മീഡിയയിൽ സെക്കൻഡുകൾക്കകം മിഠായി കിട്ടും. ഏതു കൊലകൊമ്പനായ വാർത്താ പ്രമാണിയെയും സർവജ്ഞപീഠത്തിൽ നിന്ന് വലിച്ചിറക്കി കളസം കീറി വിചാരണ ചെയ്യും, പുതിയ തലമുറ. അൽപവിഭവരായ സിൻഡിക്കേറ്റ് ഭൃത്യന്മാരുടെ പടം മടങ്ങുന്നത് സോഷ്യൽ മീഡിയയിലാണ്. അറിവും കഴിവും സാങ്കേതികവിദ്യയിലെ കൈയടക്കവുമായി പുതിയൊരു പ്രേക്ഷകസമൂഹം സോഷ്യൽ മീഡിയയിലുണ്ട്. അവരോട് മുട്ടി നിൽക്കാൻ നിൽക്കാൻ സിൻഡിക്കേറ്റ് പാഠശാലയിലെ അഭ്യാസവും അടവുകളും പോര. നിങ്ങളുടെ പുരഞ്ജയവും സൗഭദ്രവുമൊക്കെ ഫേസ്ബുക്കിലും വാട്‌സാപ്പിലുമിട്ട് ചവിട്ടിക്കൂട്ടും. അതിനു പുറമെയാണ്, വസ്തുതയ്ക്കു പ്രാധാന്യം നൽകാൻ മുന്നോട്ടു വരുന്ന 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ പൊതു മാധ്യമങ്ങളുടെ സാന്നിധ്യം. ഈ സാഹചര്യം സൃഷ്ടിക്കുന്ന സമ്മർദ്ദത്തിൽ മുഖ്യധാരാ നുണ ഫാക്ടറിയ്ക്ക് ഇനി ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെയൊരു മാറ്റം സംഭവിക്കുകയാണ്. അതിനെ സ്വാഗതം ചെയ്യുന്നു.

കൊള്ളാവുന്ന പത്രപ്രവർത്തകരാണ് എന്നു വ്യക്തിപരമായി തോന്നിയ പുതിയതലമുറയിലെ ചില മാധ്യമപ്രവർത്തകരെ അപ്രതീക്ഷിതമായി ഇക്കൂട്ടത്തിൽ കണ്ടു. അവർക്ക് ചെറിയൊരുപദേശം നൽകാം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്കും കുറച്ചുപേരെ എല്ലാക്കാലത്തേയ്ക്കും കബളിപ്പിക്കാം എന്നു തുടങ്ങുന്ന എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ഉദ്ധരണി നിങ്ങളും കേട്ടിട്ടുണ്ടാകും. എല്ലാക്കാലത്തേയ്ക്കും കബളിപ്പിക്കപ്പെടുന്നവരുടെ പട്ടികയിൽ തങ്ങളുണ്ടാവില്ല എന്ന ജാഗ്രതയെങ്കിലും നിങ്ങൾക്കുണ്ടാകണം. സ്ഥിരമായി കബളിപ്പിക്കപ്പെടാൻ നിന്നുകൊടുക്കുന്നവരെ നമുക്കു വിടാം. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർ ഈ മാഫിയയുടെ ഭാഗമാണ്. അവർ അവരുടെ നിലവാരം ഉയരാതെ സൂക്ഷിക്കട്ടെ. നിങ്ങൾക്കൊരു വീണ്ടുവിചാരം വേണം.

ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസിന്റെ കാര്യം പേരെടുത്തു തന്നെ പറയാനാഗ്രഹിക്കുന്നു. എന്നെയും ജിമ്മി പലതവണ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പൊതുവേ മതിപ്പു തോന്നിയ ഒരു ചെറുപ്പക്കാരൻ. സ്പ്രിംഗ്ളർ വിവാദത്തിൽ പക്ഷേ ജിമ്മി എന്താണ് ചെയ്തത്. ഈ മേഖലയിൽ ജിമ്മിയ്ക്ക് ഒരു വൈദഗ്ധ്യവുമില്ലെന്ന് ജിമ്മിയ്ക്കുമറിയാം, ശിവശങ്കരനുമറിയാം, ജിമ്മിയുടെ സഹപ്രവർത്തകർക്കുമറിയാം, കാണുന്നവർക്കുമറിയാം. എന്നിട്ടും എന്തായിരുന്നു ഭാവം? തനിക്കറിയാത്ത ഒരു മേഖലയിൽ കൈവെയ്ക്കുമ്പോൾ, ചുരുങ്ങിയ പക്ഷം മര്യാദയോടെ വേണം ഇടപെടാൻ എന്നെങ്കിലും തോന്നാത്തത് കഷ്ടമാണ്. ചാരക്കേസൊക്കെ ജിമ്മി മനസിരുത്തി പഠിക്കണം. താങ്കളേക്കാൾ എത്രയോ വലിയ മഹാരഥന്മാരാണ് ക്രയോജനിക് സാങ്കേതികവിദ്യയെക്കുറിച്ചും റോക്കറ്റ് എഞ്ചിനീയറിംഗിനെക്കുറിച്ചുമൊക്കെ ബൈലൈൻ സഹിതം ആധികാരികമായി എഴുതിക്കൂട്ടിയത്. ചെയ്തത് തെറ്റായിപ്പോയി എന്ന് പലരും ജേണലിസം ക്ലാസുകളിൽ ഏത്തമിടുകയാണ്. അതിലേയ്‌ക്കൊരു മുതൽക്കൂട്ടാവും, സ്പ്രിംഗ്ളർ വിവാദത്തിൽ ജിമ്മി നടത്തിയ പോയിന്റ് ബ്ലാങ്ക്. ഐടി സെക്രട്ടറി ഒരുതവണയേ വിചാരണയ്ക്കിരുന്നുള്ളൂ. ആ എപ്പിസോഡ് വരും തലമുറകളുടെ വിചാരണയ്ക്ക് ചരിത്രത്തിലേയ്‌ക്കെടുത്തു കഴിഞ്ഞു.

നിങ്ങളിൽ പലരും ചേർന്നാണ് ജിമ്മീ, ഞങ്ങളെയൊക്കെ രാജ്യദ്രോഹികളും അമേരിക്കൻ ചാരന്മാരും ലാവലിൻ കള്ളന്മാരുമൊക്കെയാക്കി അരങ്ങുതകർത്തത്. ആ ഭൂതകാലം മറന്നുകൊണ്ടല്ല നിങ്ങളിൽ പലരെയും അഭിമുഖീകരിക്കുന്നത്. ഒരേ വാർത്താ ഉറവിടം ഒരേ അടവും ഒരു ലക്ഷ്യവുമായി പത്തിരുപതുകൊല്ലമായി നിങ്ങൾക്കു പിന്നാലെയുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതയും ഉറവിടത്തിന്റെ താൽപര്യങ്ങളും ഇനിയെങ്കിലും നന്നായി മനസിലാക്കണം. വാർത്താ ഉറവിടത്തെ സംബന്ധിച്ച പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനപാഠം മുറുകെപ്പിടിക്കണം.

ഒന്നോ രണ്ടോ മൂന്നോ തവണ അബദ്ധം പറ്റുന്നത് മനസിലാക്കാം. പക്ഷേ വികൃതമനസുകളായ വാർത്താ ഉറവിടത്തെ നിരന്തരമായി വിശ്വസിച്ചാൽ, മഞ്ഞപ്പത്രക്കാരൻ എന്നേ ചരിത്രത്തിൽ പേരു വീഴൂ. വീണുപോയവരെ വിട്ടു കളയുക. നിങ്ങളെങ്കിലും അതൊഴിവാക്കാൻ ശ്രമിക്കുക. നിരന്തരമായി വിഡ്ഢികളാക്കപ്പെടാൻ ഒരു വാർത്താ ഉറവിടത്തിനു മുന്നിൽ നിന്നുകൊടുക്കുന്നതല്ല പ്രൊഫഷണൽ വൈദഗ്ധ്യം. ആ വാർത്താ ഉറവിടത്തെപ്പോലും ചോദ്യം ചെയ്യാനുള്ള ശേഷിയും വിവരങ്ങളെ മറുപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ജാഗ്രതയും വേണം. അല്ലെങ്കിൽ ഫൈസർപോലുള്ള നട്ടാൽക്കുരുക്കാത്ത നുണകൾ വിട്ടുപോകാത്ത ജാള്യമായി നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെ വേട്ടയാടും.

സ്പ്രിംഗ്ളർ വിവാദത്തിന് വിവരങ്ങൾ സപ്ലൈ ചെയ്യുന്ന ക്ലൗഡ്‌ സെർവെർ തന്നെയായിരുന്നു ജനകീയാസൂത്രണ വിവാദത്തിലും വാർത്താ ഉറവിടം. അതേ വാർത്താ ഉറവിടം തന്നെയായിരുന്നു ലാവലിൻ വിവാദത്തിനു പിന്നിലും. അവർ മെനഞ്ഞ് നിങ്ങളുടെ തൊട്ടുമുന്നിലുള്ളവർ സംഭ്രമജനകമാക്കി പ്രസിദ്ധീകരിച്ച എത്രയോ ആരോപണങ്ങളുണ്ട്. ബൈലൈൻ ഉടമകളെയൊന്നും ആരും മറന്നിട്ടില്ല. ഈ വിഷയങ്ങളിൽ പേരുവെച്ചെഴുതിയ ഒരാരോപണത്തിലെങ്കിലും ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്ന് പൊതുസമൂഹത്തിൽ തന്റേടത്തോടെ പറയാൻ അവരിലെത്ര പേർക്കു കഴിയും? എത്രയോ കാലമായി ഞങ്ങൾ ആ വെല്ലുവിളി നടത്തുന്നു.

വാർത്തകളുടെയും വിശകലനങ്ങളുടെയും പൊള്ളത്തരം പത്രങ്ങളിൽനിന്നു തന്നെ തുറന്നു കാട്ടി എൻ.പി ചന്ദ്രശേഖരനും ഞാനും ചേർന്ന് വ്യാജസമ്മതിയുടെ നിർമ്മിതി എന്നൊരു പുസ്തകം തന്നെ എഴുതി. ആ പുസ്തകത്തിൽ ഞങ്ങളുയർത്തിയ വെല്ലുവിളി ഇപ്പോഴും പിൻവലിച്ചിട്ടില്ല. പക്ഷേ, അതേറ്റെടുക്കാൻ പഴയ ബൈലൈൻ ശൂരന്മാരൊന്നും ഇതേവരെ അരങ്ങത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല. ഞങ്ങൾക്കെതിരെ ഉയർത്തിയ ഒരു ആരോപണത്തിന്റെ പേരിലും ഞങ്ങളുടെ ഇന്റഗ്രിറ്റി നഷ്ടപ്പെട്ടിട്ടില്ല. കുറച്ചുപേരെ കുറേക്കാലത്തേയ്ക്ക് തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ, കൊണ്ടുവന്നവരുടെ പ്രൊഫഷണൽ ജീവിതത്തിലെ ഇളിഭ്യച്ചിരി മാത്രമായി ആ വിവാദങ്ങൾ ഒടുങ്ങുകയായിരുന്നു.

വാർത്താ ഉറവിടങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചു കുഴിയിൽ ചാടിയവർക്ക് ഫൈസർ വിവാദം ഒന്നാന്തരം കേസ് സ്റ്റഡിയാണ്. തങ്ങൾ ആത്മവിശ്വാസത്തോടെ കൊണ്ടാടിയ വാർത്ത പിറ്റേന്ന് തങ്ങളുടെ തന്നെ പത്രസ്ഥാപനം എന്തുകൊണ്ട് ഒരു കോളം സെന്റീമീറ്റർ പോലും വാർത്തയാകാക്കിയില്ല എന്ന് പഠിക്കുക. പുറത്തു വന്ന് മൂന്നാം മിനിട്ടിൽ സോഷ്യൽ മീഡിയയിൽ വാർത്ത പൊളിഞ്ഞു പോയതുകൊണ്ട് പത്രങ്ങൾ തടി കഴിച്ചിലാക്കിയപ്പോൾ നഷ്ടം ആർക്ക്? മേൽപ്പറഞ്ഞ വാർത്താ ഉറവിടത്തെ കണ്ണുമടച്ചു വിശ്വസിച്ച് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം കളിച്ച നിഷ്‌കളങ്കർക്ക് (അങ്ങനെയൊരു നിഷ്‌കളങ്കത ഉണ്ടെങ്കിൽ)! എന്നേ കരിമ്പട്ടികയിൽപ്പെടുത്തി പുറത്തു കളയേണ്ട ഒരു വാർത്താ ഉറവിടത്തിന്റെ അടിമകളായി സ്വന്തം തൊഴിലിനെ അധ:പ്പതിപ്പിച്ചതിനു ലഭിച്ച ശിക്ഷയാണത്.

ഹൈക്കോടതി വിധി സംബന്ധിച്ച അസംബന്ധവാർത്തകളുടെ സ്രോതസ് മറ്റൊന്നല്ല. ഹൈക്കോടതി പറയാത്ത കാര്യം പറഞ്ഞു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ഒന്നിലധികം വാർത്താ ചാനലുകളിൽ ശ്രമം നടന്നു. കോടതി നടപടികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിതമായ ശ്രമവും നേരത്തെ പലതവണ നാം കണ്ടതാണ്. മോഡസ് ഓപ്പറാണ്ടിയിലൊന്നും ഒരു മാറ്റവുമില്ല.

മുറിയില്ലെന്നറിഞ്ഞിട്ടും അതേ പിച്ചാത്തിയുമായി വെട്ടാൻ നടക്കുന്നവരോട് സഹതപിക്കയല്ലാതെ എന്തു ചെയ്യാൻ. വെട്ടിയിട്ട് മുറിയുന്നില്ല എന്നു തിരിച്ചറിയാനുള്ള ബോധമെങ്കിലും വേണമല്ലോ. എന്നാലല്ലേ വേറെ കത്തി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. ഏതായാലും ഒരുകാര്യം ഉറപ്പിച്ചു. സ്പ്രിംഗ്ളർ വിവാദം കൂടി ഉൾപ്പെടുത്തി വ്യാജസമ്മതിയുടെ നിർമ്മിതിയുടെ പുതിയ പതിപ്പിറക്കും. അന്ന് ടെലിവിഷൻ ചാനലുകളിലെ അസംബന്ധങ്ങൾ ഓർമ്മയിൽ നിന്നെഴുതാനേ കഴിഞ്ഞുള്ളൂ. ഇന്ന് ആ പരിമിതിയില്ല. ഈ തിരക്കൊന്നു കഴിഞ്ഞാൽ അതിന്റെ പണിപ്പുര തുറക്കാം.

ഇതുപറയുന്നതുകൊണ്ട്, സി.പി.ഐ.എമ്മോ സർക്കാരോ വിമർശനത്തിന് അതീതരാണ്, ഞങ്ങൾക്കെതിരെ ഒരു വിമർശനവും പാടില്ല എന്നൊന്നുമല്ല വാദിക്കുന്നത്. വിമർശനത്തെയല്ല, നുണ വാർത്തകൾ സൃഷ്ടിച്ച് തേജോവധം ചെയ്തുകളയാം എന്ന ധാർഷ്ട്യത്തെയാണ് ഇവിടെ പരാമർശിക്കുന്നത്. ക്രിയാത്മക വിമർശനങ്ങൾക്ക് വഴങ്ങാൻ ഒരു മടിയുമില്ല. എന്നുവെച്ച് നുണപ്രളയം സൃഷ്ടിച്ച് ഞങ്ങളുടെ തല കുനിപ്പിക്കാമെന്നൊന്നും ആരും മനക്കോട്ട കെട്ടാൻ സ്ഥാനം നോക്കാനിറങ്ങണ്ട. മഹാരഥൻമാർ കെട്ടിയ കോട്ട പൊളിഞ്ഞിട്ടേയുള്ളൂ. പിന്നെയല്ലേ ഇളമുറ.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതുപോലെ മടിയിൽ കനമില്ലാത്തതുകൊണ്ട് വഴിയിൽ ഒരു പേടിയുമില്ല. ഇല്ലാത്ത കനം ഞങ്ങളുടെ മടിയിൽ കൃത്രിമമായി സൃഷ്ടിച്ചു വെച്ച്, അതിന്റെ പേരിൽ പേടിപ്പിച്ചു കളയാമെന്നാണ് ചിലരുടെ വ്യാമോഹം. പത്തിരുപതു കൊല്ലത്തെ പഴക്കമുള്ള രോഗമാണത്. വിയറ്റ്‌നാം കോളനിയിൽ ശങ്കരാടി കാണിച്ച ആ രേഖ അവർ പല മാധ്യമപ്രവർത്തകരെയും കാണിച്ചിട്ടുണ്ട്. ആ രേഖയും പൊക്കിപ്പിടിച്ച് പലരും ചാനലുകളും പത്രങ്ങളും ഉറഞ്ഞാടിയിട്ടുണ്ട്.

ആ പെരുനാളു കണ്ട് അന്നും ചന്തയ്ക്കു പോയിട്ടില്ല. ഇനിയൊട്ടു പോവുകയുമില്ല.


Summary: വാർത്താ ഉറവിടങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചു കുഴിയിൽ ചാടിയവർക്ക് ഫൈസർ വിവാദം ഒന്നാന്തരം കേസ് സ്റ്റഡിയാണ്. തങ്ങൾ ആത്മവിശ്വാസത്തോടെ കൊണ്ടാടിയ വാർത്ത പിറ്റേന്ന് തങ്ങളുടെ തന്നെ പത്രസ്ഥാപനം എന്തുകൊണ്ട് ഒരു കോളം സെന്റീമീറ്റർ പോലും വാർത്തയാകാക്കിയില്ല എന്ന് പഠിക്കുക.


Comments