മീഡിയ ഈ വലിയ സമരം കാണാത്തതെന്ത്?
ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ചോദിക്കുന്നു

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മനുഷ്യ ചങ്ങലയെ കേരളത്തിലെ മാധ്യമങ്ങൾ സമീപിക്കുന്ന രീതിയെ വിമർശിക്കുകയാണ് ഗവേഷകനും ഡി.വൈ.എഫ്.ഐ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ഡി. ശ്രീശാന്ത്.

രു കണ്ണി പോലും മുറിയാതെ ഒരു സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ അവിടുത്തെ യുവാക്കൾ ഒരൊറ്റ മനസ്സോടെ തങ്ങൾ അനുഭവിക്കുന്ന അവഗണനകൾക്കും ദുരിതങ്ങൾക്കും എതിരെ ചങ്ങല തീർക്കുകയോ? അരാഷ്ട്രീയത കൊടികുത്തിവാഴുന്ന ഈ സമകാലിക ഭൂമികയിൽ എവിടെയെങ്കിലും ഇത് സാധ്യമാണോ? എന്നാൽ അത് സാധ്യമാവുകയാണ്. ദിവസം; 2024 ജനുവരി 20, ഏകോപിപ്പിക്കുന്ന സംഘടനയുടെ പേര് ഡി.വൈ.എഫ്ഐ.

ജനുവരി 20ന് ഹെലി ക്യാമുമായി
അവർ ഇറങ്ങുമായിരിക്കും…

1987 ആഗസ്റ്റ് 15നാണ് ഡി.വൈ.എഫ്.ഐ. ഇതിനുമുൻപ് കേരളത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. വിഘടനശക്തികളിൽ നിന്നും ജാതി-മത വർഗീയവാദികളിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഐതിഹാസികമായ ആ മനുഷ്യച്ചങ്ങല. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ വിസ്മരിക്കാനാകാത്ത ഒരു ഏട് തന്നെയായിരുന്നു അത്.

Photos: Badusha Fahad

1987-ൽ നിന്ന് 2024- ലേക്കെത്തുമ്പോൾ ഡി.വൈ.എഫ്.ഐ ഉയർത്തുന്നത് മൂന്ന് പ്രധാന മുദ്രാവാക്യങ്ങളാണ്: 'റെയിൽവേ യാത്ര ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ' എന്നാണത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം മതിലുകളിലും കടലാസ് പോസ്റ്ററുകളിലും ബാനറുകളിലും 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന ചോദ്യമുയരുകയാണ്, കേരളത്തിന്റെ യുവത ഉയർത്തുകയാണ്.

ഈ സത്യാനന്തര കാലത്ത് എത്ര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്? റിപ്പോർട്ട് ചെയ്യാതിരിക്കാൻ മാത്രം ചെറിയ ഒരു പ്രക്ഷോഭമാണോ ഇത്? ഇവിടെ ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യങ്ങൾ അപ്രസക്തമാണോ?
ഉത്തരം ലളിതമാണ്. നിഷ്പക്ഷർ എന്ന് നടിക്കുന്ന മാധ്യമങ്ങളുടെ ഇടതുവിരുദ്ധത. ജനുവരി 20ന് ഹെലി ക്യാമുമായി അവർ ഇറങ്ങുമായിരിക്കും. അതിന്റെ ഉദ്ദേശ്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വന്ദേഭാരതും ലോക്കലും

കേന്ദ്ര സർക്കാർ കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുന്നു. സംഘപരിവാർ പ്രൊഫൈലുകൾ അത് ആഘോഷമാക്കുന്നു. എന്നാൽ വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിടുന്ന മറ്റ് ലോക്കൽ ട്രെയിനുകളിലെ മനുഷ്യരുടെ കിതപ്പും വിയർപ്പും സമയവും അവരുടെ പരിഗണനാവിഷയമേ അല്ല. വിദ്യാർത്ഥികളും ജോലിക്കാരുമായി ഏറനാട്, പരശുറാം, നേത്രാവതി തുടങ്ങിയ ട്രെയിനുകളെ നിത്യേന ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകളാണ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളത്. പല അഭ്യാസങ്ങളും കാണിച്ച് എങ്ങനെയെങ്കിലും ട്രെയിനിൽ കയറിപ്പറ്റിയാൽ ഇറങ്ങുന്നതുവരെ നിന്നയിടത്തുനിന്ന് അനങ്ങാനോ സ്വസ്ഥമായൊന്ന് ശ്വാസം വിടാനോ പറ്റാത്ത ഗതികേടാണ് യാത്രക്കാരനുഭവിക്കുന്നത്.

960 സീറ്റുകളുള്ള വന്ദേഭാരതിൽ മുഴുവൻ ടിക്കറ്റും വിറ്റ് പോയാൽ തന്നെ ഒരു ദിവസം അതിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 4000-ൽ താഴെയാണ്. എന്നാൽ വൈകീട്ട് സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിന്റെ നാല് ജനറൽ കംമ്പാർട്ട്‌മെന്റിൽ അതിനേക്കാൾ ആളുണ്ടാകുമെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. നമ്മുടെ നാട്ടിൽ ബഹുഭൂരിപക്ഷവും മധ്യവർഗമോ അതിൽ താഴെയോ ഉള്ളവരാണ്. അവർക്ക് പഠിപ്പിനും ജോലിക്കും പോകുന്നതിന് അവരവരുടെ സ്റ്റേഷനിൽനിർത്തുന്ന ട്രെയിനുകളാണാവാശ്യം. കയറിയാൽ തിരക്ക് മൂലം ബോധക്കേടോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ വരില്ലെന്ന് ഉറപ്പുള്ള യാത്രാ സൗകര്യങ്ങളാണ് വേണ്ടത്.

മനുഷ്യച്ചങ്ങല മുന്നോട്ടുവക്കുന്ന മുദ്രാവാക്യങ്ങളിൽ ഒന്ന്, കേരള ജനത അർഹിക്കുന്ന ഈ യാത്രാ സൗകര്യം നിഷേധിക്കുന്നതിനെതിരെയാണ്. സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം എ സി കോച്ചുകൾ കൊണ്ടുവരുന്നു. ഇതുകൊണ്ടും അവസാനിക്കുന്നില്ല ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ വക സാധാരണക്കാരന്റെ തലക്കിട്ടുള്ള അടി. 2023 ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30-നും ഇടയിൽ ബുക്ക് ചെയ്തിട്ടും ബർത്ത് ലഭിക്കാത്ത 1.44 കോടി യാത്രക്കാർ. ഇതിൽ നിന്ന് റെയിൽവേക്ക് ലഭിച്ചത്, ഔദ്യോഗിക കണക്ക് പ്രകാരം 83.85 കോടി രൂപ. ഇതെല്ലം ലക്ഷ്യം വക്കുന്നത് റെയിൽവേയുടെ സ്വകാര്യ വത്കരണത്തിലേക്കാണ് എന്ന കാര്യത്തിൽതർക്കമില്ല. ആവശ്യത്തിന് ട്രെയിനുകളോ വൃത്തിയുള്ള ബോഗികളോ തരാതെ കേന്ദ്രം കാണിക്കുന്ന അവഗണനക്ക് ഒരു ബദൽ മാർഗം സംസ്ഥാനം മുന്നോട്ട് വച്ചപ്പോൾ ‘ആർക്കാണ് ഇത്ര ധൃതി’ എന്നു ചോദിച്ച് കേരളത്തിലെ പ്രതിപക്ഷം പോലും കേന്ദ്രസർക്കാരിന് കുടപിച്ചു. മാധ്യമങ്ങൾ മഞ്ഞനിറമുള്ള കുറ്റികൾ പിഴുതുമാറ്റുന്നത് ആഘോഷമാക്കി.

തൊഴിലില്ലായ്മ,
നിയമനനിരോധനം

തൊഴിലില്ലായ്മ എന്നത് ഒരു ദേശീയ പ്രതിസന്ധിയായി മാറുകയാണ്. വിദ്യാഭ്യാസം വഴി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ചേക്കേറാം എന്ന ശരാശരി മനുഷ്യന്റെ സ്വപ്ങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുക മാത്രമല്ല, നിയമനനിരോധനം വഴി അത്തരം സാധ്യതകളെ പൂർണമായി ഇല്ലാതാക്കുക കൂടിയാണ് കേന്ദ്ര സർക്കാർ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി (സി എം ഐ ഇ) പുറത്തുവിട്ട കണക്കുപ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമായി ഉയർന്നു. ഇത് 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഡിസംബറിൽ നാഗരിക മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണമേഖലയിൽ 7.55 ശതമാനവുമാണ്. നവംബറിൽ ഇത് യഥാക്രമം 7.55 ശതമാനവും 7.44 ശതമാനവുമായിരുന്നു. അഗ്‌നിവീർ പദ്ധതി പോലും സൈനികമേഖലയിലെ തൊഴിലിനെ കരാർ വത്കരിക്കുന്നതിലേക്കാണ് നയിച്ചത്. കണക്കനുസരിച്ച് ഇന്ത്യൻ സൈന്യത്തിൽ നികത്താത്ത 1,97,139 ഒഴിവുണ്ട്. ദൽഹി പോലീസിലുള്ളത് പതിനായിരത്തിലേറെ ഒഴിവുകൾ. എസ് എസ് സി, യു പി എസ് സി റിക്രൂട്ട്‌മെന്റുകൾ അപ്രസക്തമാകുന്നു.
ഈ ചങ്ങലക്കണ്ണികളിലെ ഞരമ്പുകളിൽ, അവകാശ നിഷേധത്തിനെതിരെയുള്ള രോഷം രക്തത്തെക്കാൾചുവപ്പോടെ ഒഴുകുമെന്ന് ഉറപ്പാണ്.

കേന്ദ്രം എന്ന തമ്പുരാൻ

ഫെഡറൽ സംവിധാനത്തിന്റെ എല്ലാ മൂല്യങ്ങളെയും കാറ്റിൽ പറത്തുന്ന സാമ്പത്തിക ഉപരോധമാണ് കേരളത്തിനെതിരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. 57,400 കോടി രൂപയാണ് നാളിതുവരെ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തിന് താങ്ങാവുന്നതിനപ്പുറമുള്ള ഈ ഉപരോധം കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങൾ, കേരളം കടക്കെണിയിലാണെന്ന് പാടിനടക്കുന്നു. ഇതുമൂലം അവകാശപ്പെട്ട ഗ്രാന്റുകൾ ലഭിക്കാതെ വിദ്യാർത്ഥികൾ വലയുമ്പോൾ, അവർ കേരളത്തിലെ സർക്കാരിനെതിരെ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ചെവിയോർക്കുകയാണ് കേന്ദ്രത്തിലെ തമ്പുരാക്കന്മാർ. സംഘപരിവാറിന് കിളക്കാൻ പാകത്തിൽ കേരളത്തിലെ മണ്ണ് പാകപ്പെടുന്നില്ല എന്ന ഒറ്റ കാരണമാണ് ഈ അവഗണനക്കുപിന്നിൽ. സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ സർവകലാശാലകളിൽ ഗവർണറെ അടക്കം ഉപയോഗപ്പെടുത്തി അവിടുത്തെ ജനാധിപത്യസംവിധാനത്തിൽ ഇടപെടാൻ ഉള്ള തത്രപ്പാടിലാണ് കേന്ദ്ര സർക്കാർ.

മനുഷ്യ ചങ്ങലയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ഡി വൈ എഫ് ഐ ഹരിപ്പാട് മേഖലാ കമ്മിറ്റി ട്രെയിന്റെ മാതൃകയിൽ നിർമിച്ച സമര കോർണർ

ചങ്ങലയുടെ തലേദിവസം വരെ മാധ്യമങ്ങൾ ഈ പ്രതിഷേധത്തെക്കുറിച്ച് മിണ്ടാനോ അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യാനോ യാതൊരു സാധ്യതയുമില്ല. എങ്കിലും ഈ യുവാക്കൾ കേരളത്തിന്റെ തെരുവിലുണ്ട്. ചുമർ എഴുതിയും പോസ്റ്റർ ഒട്ടിച്ചും വീടുകൾ കയറിയിറങ്ങിയും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചും ലഘുലേഖകൾ വിതരണം ചെയ്തും തങ്ങൾ ഏറ്റെടുത്ത ഈ മഹാശൃംഖലയുടെ മുദ്രാവാക്യങ്ങൾ എല്ലാവരിലും എത്തിച്ചുകൊണ്ടേയിരിക്കുകയാണവർ.

Comments