മാധ്യമങ്ങൾ പ്രതിപക്ഷമാണ് ആകേണ്ടത്, ശത്രുക്കളല്ല

ഫാക്റ്റ് ചെക്കിനുള്ള അവസരങ്ങൾ എത്രയുമുണ്ടായിട്ടും മനഃപൂർവ്വം വസ്തുതാ വിരുദ്ധവും അസത്യവുമായ വിവരങ്ങൾ വാർത്താ രൂപത്തിലും വിശകലന രൂപത്തിലും ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്യുന്ന ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും തങ്ങൾ ഏത് മനുഷ്യത്വരഹിത രാഷ്ട്രീയത്തിനാണ് പരവതാനി വിരിച്ചു കൊടുക്കുന്നത് എന്ന് ആത്മവിമർശനം നടത്തുന്നത് നന്നായിരിക്കും

ദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണി നേടിയ വ്യക്തമായ വിജയം കേരളത്തിലെ പ്രിന്റ്- വിഷ്വൽ മീഡിയ ജേണലിസത്തോട് അതിരൂക്ഷമായ ചില മറുപടികൾ പറയുന്നുണ്ട്. അത് പ്രതിപക്ഷമെന്ന വ്യാജേന അന്ധമായ ഇടത് വിരുദ്ധത പേറുന്ന മാധ്യമങ്ങൾക്ക്​ ജനാധിപത്യം നൽകുന്ന മുന്നറിയിപ്പു കൂടിയാണ്.

ഫാക്റ്റ് ചെക്കിനുള്ള അവസരങ്ങൾ എത്രയുമുണ്ടായിട്ടും മനഃപൂർവ്വം വസ്തുതാ വിരുദ്ധവും അസത്യവുമായ വിവരങ്ങൾ വാർത്താ രൂപത്തിലും വിശകലന രൂപത്തിലും ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്യുന്ന ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും തങ്ങൾ ഏത് മനുഷ്യത്വരഹിത രാഷ്ട്രീയത്തിനാണ് പരവതാനി വിരിച്ചു കൊടുക്കുന്നത് എന്ന് ആത്മവിമർശനം നടത്തുന്നത് നന്നായിരിക്കും. ഉദാഹരണങ്ങൾ എത്രയോ ഉണ്ട്.

വിവര ലഭ്യതയ്ക്ക് പത്രങ്ങളേക്കാളും ടെലിവിഷനേക്കാളും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന, ആക്സസ് ചെയ്യാൻ കഴിയുന്ന വഴികൾ നൂറു കണക്കിന് പുറത്തുണ്ട് എന്ന് മനസ്സിലാവാത്തവർ മുഖ്യധാരയിലെ മാധ്യമങ്ങളും ജേണലിസ്റ്റുകളും മാത്രമാവും. അതുകൊണ്ടാണ് ഏഷ്യാനെറ്റും
മനോരമയും മാതൃഭൂമിയും വിചാരിച്ചാൽ മൂന്നരക്കോടി ജനങ്ങളെ സ്വാധീനിക്കാം എന്ന് അവർ മാത്രം തെറ്റിദ്ധരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്​ വിജയം പോലെ പ്രധാനമാണ് യു.ഡി. എഫ്​ പ​രാജയം. ആ പരാജയം പുരോഗമന, രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്ന ഒന്നല്ല. കാരണം യു.ഡി.എഫിനെ ആദേശം ചെയ്യുന്നത് ബി.ജെ.പി.യാണ്. വിഷലിപ്തമായ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയമാണ്. അത് നിസ്സാരമല്ല. ഒട്ടും നിസ്സാരമല്ല. കോൺഗ്രസ്സുകാരും മുസ്​ലിംലീഗുകാരും കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ചേർന്ന് രൂപപ്പെടുത്തിയതാണ് കേരളം ഇന്ന് നേടിയെടുത്തിരിക്കുന്ന എല്ലാത്തരം പുരോഗമന മൂല്യങ്ങളും. അതിൽ ഉറപ്പായും സംഘപരിവാർ രാഷ്ട്രീയത്തിന് ഒരു പങ്കുമില്ല. പക്ഷേ ആ രാഷ്ട്രീയം അതീവ നിശ്ശബ്ദമായി ഇവിടെ താഴെ ലെയറിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ വർഗ്ഗീയ രാഷ്ട്രീയത്തിന് വിസിബിലിറ്റി കിട്ടിയത് ഈ അടുത്ത കാലത്താണ്. ആ വിസിബിലിറ്റിയ്ക്ക് ആധികാരിക ഇരിപ്പിടമിട്ടു കൊടുത്തത് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് എന്നതിൽ ഒരു സംശയവും വേണ്ട.
മുഖങ്ങളില്ലാതിരുന്ന സംഘപരിവാർ വർഗ്ഗീയക്കൂട്ടർക്ക് ലൈറ്റപ്പ് ചെയ്ത സ്റ്റുഡിയോകൾ വഴിയും എഡിറ്റ് പേജിലെ ലേഖനങ്ങൾ വഴിയും കിട്ടിയത് അവർ പോലും പ്രതീക്ഷിക്കാത്ത സ്വീകാര്യതയായിരുന്നു.

എൽ.ഡി. എഫിന്റെ കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഒരു ഭരണ സംവിധാനത്തിന് അത്ര എളുപ്പമുള്ള വർഷങ്ങളായിരുന്നില്ല. ഓഖി കൊടുങ്കാറ്റ്, പ്രളയങ്ങൾ, നിപ്പ, കോവിഡ് തുടങ്ങി നിരവധി കാലാവസ്ഥാ, ആരോഗ്യ പരീക്ഷണങ്ങൾ. ഇത്രയും ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്തിന്, കാലാവസ്ഥാ ദുരന്തങ്ങളുടെ വലിയ ചരിത്രമില്ലാത്ത ഒരു സംസ്ഥാനത്തിന് അതിനെയൊക്കെ ധീരമായി നേരിടാനായി എന്നത് ചെറിയ കാര്യമല്ല. ഒപ്പം ശബരിമല പോലുള്ള രാഷ്ട്രീയ വിഷയങ്ങളും.

ഈ ഘട്ടങ്ങളിലൊക്കെ ഫീൽഡിൽ നടന്നത് എന്ത് എന്ന് കൃത്യമായി അറിയുന്ന വലിയ നെറ്റ് വർക്കുകളുള്ള മുഖ്യധാരാ മാധ്യമങ്ങൾ എൽ.ഡി.എഫ് സർക്കാരിനെതിരെ അന്ധമായ ശത്രുത പുലർത്തി പ്രവർത്തിച്ചതിനു പിന്നിലെ സ്ഥാപിത രാഷ്ട്രീയം കൂറേക്കൂടി ആഴത്തിൽ പഠിക്കപ്പെടേണ്ടതുണ്ട്. അത് പരമ്പരാഗത പിണറായി വിജയൻ ശത്രുത മാത്രമാവില്ല. ആ ശത്രുതയ്ക്ക് ചിരപരിചിതമായ ഒരു പാറ്റേൺ ഉണ്ടായിരുന്നു. ആ പാറ്റേൺ എന്തിലെത്തി നിൽക്കും എന്നും രാഷ്ട്രീയ സൂക്ഷ്മ വായന നടത്തുന്നവർക്ക് പിടി കിട്ടും.

പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിമർശനാതീതനായിരുന്നില്ല ഒരുകാലത്തും. മികച്ച സംഘാടകനെന്നും ക്യാപ്റ്റനെന്നുമൊക്കെ വിളിക്കപ്പെടുമ്പോഴും നയപരമായ തീരുമാനങ്ങളിൽ വന്ന വലിയ പിഴവുകൾ, പൊലീസ് വകുപ്പിനു മേൽ ആഭ്യന്തര മന്ത്രിയ്ക്ക് നഷ്ടപ്പെട്ട കമാന്റിംഗ് പവർ, ഉപദേശകരുടെ ദുരുപദേശങ്ങളിൽ പിഴച്ച തീരുമാനങ്ങൾ ഒക്കെയും പിണറായി വിജയനെന്ന രാഷ്ട്രീയക്കാരന്റെ
പരാജയങ്ങൾ തന്നെയായിരുന്നു. നിശിതവിമർശനത്തിന് അർഹമായ പരാജയങ്ങൾ, വീഴ്ചകൾ. ഒപ്പം പാർട്ടി സെക്രട്ടറിയുടെ കുടുംബാംഗങ്ങളുടെ കേസുകളുൾപ്പെടെ പാർട്ടി നേരിട്ട ന്യായീകരണങ്ങളില്ലാത്ത തെറ്റുകൾ.

പക്ഷേ പിണറായി വിജയനെ മുൻനിർത്തി മാധ്യമങ്ങൾ നടത്തിയ രാഷ്ട്രക്കളി ഒരു തരത്തിലും ജേണലിസത്തിന്റെ രാഷ്ട്രീയക്കളിയായിരുന്നില്ല. അത് വർഗ്ഗീയതയുടെ കോഴ പറ്റിയ, സംഘക്കളിയായിരുന്നു. കോൺഗ്രസിന്റെ
പക്ഷം ചേരുന്നുവെന്ന് തോന്നിപ്പിച്ച് സംഘപരിവാരത്തിന് നിലം കൊടുക്കലായിരുന്നു. അതിൽ നെറിയില്ലാത്ത അഴിമതിയുണ്ട്. വർഗ്ഗീയതയുടെ ശൂലങ്ങളുണ്ട്. ഒരു പക്ഷേ നിലനിൽപിന്റെ ഭയവും കണ്ടേക്കാം.

എന്നിട്ടും കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിന്നു. വിജയിച്ചവരിൽ ബി.ജെ.പി. യുണ്ട് എന്നത് ആശങ്കയോടെ കാണണം. തോറ്റ് പോയത് കോൺഗ്രസ്​ രാഷ്ട്രീയമാണ് എങ്കിൽ പുരോഗമന കേരളം ചരിത്രപാഠങ്ങളിൽ റിവിഷൻ നടത്തണം.

എൽ. ഡി. എഫ് നടപ്പിൽ വരുത്തിയ കഴിഞ്ഞ നാലര വർഷത്തെ വെൽഫെയർ രാഷ്ട്രീയത്തിന്റെ ശരികളെ ഇടതുപക്ഷത്തിന്റെ വിജയത്തോട് ചേർത്ത് വെയ്ക്കുന്നതായിരിക്കും ന്യായം. അത് ഗംഭീര സ്ട്രാറ്റജി തന്നെയാണ്. പക്ഷേ അത് വോട്ട് കൺവെർഷന് സഹായിക്കുന്ന സുസ്ഥിര മോഡലല്ല. അതു കൊണ്ടു തന്നെ അടിസ്ഥാന രാഷ്ട്രീയ പാഠങ്ങളിലേക്ക് ഇടതുപക്ഷം തിരിച്ചു വരേണ്ടതുണ്ട്. ട്വൻറി 20 പോലുള്ള അരാഷ്ട്രീയ രാഷ്ട്രീയത്തിന് കേരളത്തിൽ തുടർച്ചയായി ഇടം കിട്ടുന്നു എന്ന വസ്തുതയും കാണാതിരിക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥ ഒരു ബിസിനസ്സ് നടത്തിപ്പല്ല എന്ന് രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും പോലും ഓർമിപ്പിക്കുന്നില്ല എന്നതാണ് അപകടം.

പരമ്പരാഗത മുഖ്യധാരാ മാധ്യമങ്ങളും അടിസ്ഥാന പാഠങ്ങളിൽ റിവിഷൻ നടത്തുന്നതാണ് നിലനിൽപിന് നല്ലത്. കാരണം സത്യസന്ധത, വസ്തുതകൾ, ക്രോസ് ചെക്കിംഗ്, ജനാധിപത്യം, മതേതരത്വം, ജനങ്ങൾ തുടങ്ങിയ വാക്കുകൾക്കും അതിന്റെ ആശയങ്ങൾക്കും മേൽ മാത്രം പണിതെടുക്കാവുന്ന ഒരു തൊഴിലാണ് ജേണലിസം. ഒറ്റുകൊണ്ടും കൈക്കൂലി കൊണ്ടും താത്കാലിക ലാഭങ്ങൾ കൊണ്ടും വർഗ്ഗീയതകൊണ്ടും വിജയിച്ച ഒരു ജേണലിസം മോഡലും കുറേക്കാലം മുന്നോട്ടു പോവില്ല.

ട്രൂകോപ്പി തിങ്ക് എഡിറ്റർ-ഇൻ-ചീഫ് ആണ് മനില സി. മോഹൻ.


Comments