സാവിത്രി ടി. എം

തൂത്തുവാരിയ കെജ്രിവാൾ,
ഭൂപടത്തിലില്ലാത്ത കോളനിവാസികൾ;
‘അ’സാധാരണമായ ചില ഇലക്ഷൻ ബൈറ്റുകൾ

തെരുവിലിറങ്ങി ചൂലും കൊണ്ട് നടന്ന മനുഷ്യനെ ഡൽഹി അവിശ്വസനീയമായ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച കാലം. തോഴിയും അണ്ണാ ഡി എം കെ അണികളും ചേർന്ന്, ഒരു സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷിയെ തകർത്ത് താഴെയിടുന്നത് കണ്ടുനിന്ന നാളുകൾ. ബൊമ്മൈയുടെ സ്വന്തം ഗ്രാമത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ താലമെടുത്ത് നിൽക്കാൻ പോകുന്ന വൃദ്ധ. ഇന്ത്യയിലെ ചില പ്രധാന ദേശീയ തെരഞ്ഞെടുപ്പുകളുടെ റിപ്പോർട്ടിംഗിലെ മറക്കാനാകാത്ത ഓർമകൾ എഴുതുന്നു, ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ സാവിത്രി ടി.എം.

തെരഞ്ഞെടുപ്പുഫലം വരുന്നതിന് തലേന്നത്തെ ന്യൂസ് റൂം, കല്യാണത്തലേന്നത്തെ വീട് പോലെയാണ്; ആരും ഉറങ്ങാത്ത വീട്. എന്തെങ്കിലും വിട്ടുപോയോ, എല്ലാം ശരിയല്ലേ എന്ന് അവസാനമൊരു വട്ടം കൂടി ഓടിച്ചു നോക്കുന്നവരുണ്ടാകും. ജോലികൾ തീർത്ത്, നടു നിവർത്തി ഒരു കസേരയിൽ ചാഞ്ഞ് കണ്ണടച്ച് കിടക്കുന്നവരുണ്ടാകും.

ടൂറിന് പോകാനിരിക്കുന്ന സ്കൂൾ കുട്ടിയുടേതുപോലെ വോട്ടെണ്ണൽ തലേന്ന് പടപടാ എന്നിടിക്കും എന്‍റെയൊക്കെ മനസ്സ്. ഓരോ തെരഞ്ഞെടുപ്പ് യാത്രകളുമോർക്കും. മനുഷ്യരെ കണ്ടതോർക്കും. ഇനിയൊരിക്കൽ കാണുമോ എന്നുപോലുമറിയാത്ത, ഫോൺ നമ്പറുകളില്ലാത്ത, സാധാരണ മനുഷ്യർ പറ‌ഞ്ഞു തന്ന രാഷ്ട്രീയ പാഠങ്ങളോർക്കും.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം സാവിത്രി ടി.എം
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം സാവിത്രി ടി.എം

കണ്ട പുഴയെ ഓർക്കാൻ ഒരു വെള്ളാരങ്കല്ലെടുത്ത് പോക്കറ്റിലിടുംപോലെ, യാത്രപോയ ഓരോ നഗരത്തിന്റെയും ഗ്രാമത്തിന്റെയും ഇടവഴികളുടെയും വീടുകളുടെയും ഒരു കഷ്ണമെടുത്ത് മനസ്സിലിട്ടിരുന്നല്ലോ എന്നോർക്കും.

പിറ്റേന്ന്, ക്ലോക്കിൽ കൃത്യം എട്ട് മണിയടിച്ചാൽ വിവരങ്ങളുടെ പ്രളയമായി. ഘടികാരസൂചി പോലെ കീബോർഡിൽ വേഗത്തിലോടും, അന്ന് ഓരോ മാധ്യമപ്രവ‍ർത്തകരുടെയും വിരലുകൾ. ഒടുക്കം വിജയപ്രഖ്യാപനം വരും. ജനാധിപത്യത്തിൽ അധികാരത്തിന്റെ മറ്റൊരൂഴത്തിലേക്ക് ഒരു രാഷ്ട്രീയപ്രസ്ഥാനം കടക്കുമെന്നുറപ്പാവുന്ന സമയം.

കൊട്ട് ഉച്ചസ്ഥായിയിൽ മുറുകും. പിന്നെ പതുക്കെ കീഴ്സ്ഥായിയിൽ, സമാധാനത്തോടെ, ഒരു ജനവിധിയെ ഇഴകീറാൻ തുടങ്ങുന്ന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോഴേക്ക്, ആ ന്യൂസ് റൂമിൽ ചിതറിക്കിടക്കുന്ന വാർത്തകളും വിവരങ്ങളും അടുക്കിപ്പെറുക്കാൻ തുടങ്ങണം. വൈകിട്ട് വാർത്ത കാണാൻ വരുന്നവർക്കായി ആറ്റിക്കുറുക്കി ഒരു തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ച് പറഞ്ഞുകൊടുക്കണം. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് എന്ന പഴയ യുറീക്കാപ്പുസ്തകം പോലെ കണിശവും സമഗ്രവും ആറ്റിക്കുറുക്കിയതുമാവണം ആ വാർത്ത.

ഒരു കാലത്തെ ഒരു മിനിറ്റിലേക്ക് ചുരുക്കുന്നതെങ്ങനെ?

അക്ഷരം ഉപജീവനമായ ഒരാളെന്ന നിലയിൽ അപ്പോഴാണ് എന്റെ ഭാഷയുടെ കഴിവിലെ പരിമിതിയോർമ വരിക. ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലായ ഒരു തെരഞ്ഞെടുപ്പ് കാലത്തെയാണ് ചുരുക്കിപ്പറയണ്ടത്. ഒരു തെരഞ്ഞെടുപ്പും ചെറുതായിരുന്നില്ലല്ലോ.

കെ.ടി രാമറാവുവിനൊപ്പ സാവിത്രി ടി.എം
കെ.ടി രാമറാവുവിനൊപ്പ സാവിത്രി ടി.എം

യാത്രകളുടെ ഒരു കാലത്തെ, അസംഖ്യം മനുഷ്യരോട് മിണ്ടിയതിനെ, നേതാക്കളോടും അണികളോടുമുള്ള ചോദ്യങ്ങളെ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ തന്ന കാഴ്ചകളെ എങ്ങനെ ഒറ്റ സ്നാപ്പെന്ന പോലെ ഒതുക്കി എഴുതും? 90 സെക്കന്‍റിൽ റീല് കണ്ടുതീർക്കുന്ന തലമുറയോട് കൂടിയാണ് നീ സംസാരിക്കുന്നത്, അതുകൊണ്ട്, ചുരുക്കിപ്പറയണമെന്ന നിർദേശങ്ങൾ തരുന്ന എഡിറ്റോറിയലിനുമറിയാം, അതെളുപ്പമല്ലെന്ന്. പക്ഷേ, ആഴ്ചകളോ മാസങ്ങളോ നീണ്ട യാത്രകൾക്കൊടുവിൽ പരമാവധി 120 സെക്കന്‍റിൽ ഒരു തെരഞ്ഞെടുപ്പ് കാലം ഒതുക്കൽ കൂടിയാണ് എന്റെ ജോലി.

നീണ്ട കഥകൾ പറയാൻ കിട്ടുന്ന സമയം പരമാവധി 20 മിനിറ്റാകും. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു പ്രത്യേക പരിപാടിക്ക്, പരസ്യം മാറ്റി നിർത്തിയാൽ കിട്ടുന്ന സമയമാണത്. ടി.വിയെന്ന ദൃശ്യമാധ്യമത്തിന്‍റെ പരിമിതിയാവാം അത്. ആറ്റിക്കുറുക്കിയ ഭാഷയിൽ ഒരു കാലം വരച്ചുവയ്ക്കുന്ന മനുഷ്യരുമുണ്ട് ഈ രംഗത്ത് എന്നതിനെ, ഞാൻ അസൂയയോടെ കണ്ടുപോന്നു. അതിനോട് നീതി പുലർത്തുംവിധം ഭാഷയെ ചിന്തേരിട്ട് മിനുക്കാമോ എന്ന പഠിത്തമാണിപ്പോഴും തുടരുന്നതും.

‘അ’സാധാരണമനുഷ്യന്റെ
രാഷ്ട്രീയവഴി കണ്ട കാലം

ഡൽഹി കെജ്‍രിവാളിനോട് പ്രണയം പറഞ്ഞ ദിനം എന്ന തലക്കെട്ടോടെ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾ തെല്ലദ്ഭുതത്തോടെ ആഘോഷിച്ചു, 2015-ലെ ആപ് സർക്കാരിന്റെ ഫെബ്രുവരി 14-ന് നടന്ന സത്യപ്രതിജ്ഞ. ‘പാ‌ഞ്ച് സാൽ കെജ്‍രിവാൾ’ എന്ന മുദ്രാവാക്യത്തോടെ തെരുവിലിറങ്ങി ചൂലും കൊണ്ട് നടന്ന മനുഷ്യനെ ഡൽഹി അവിശ്വസനീയമായ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച കാലം, എന്റെ തെരഞ്ഞെടുപ്പ് കാഴ്ചകളിൽ ആദ്യത്തേതും, തീർത്തും പുതിയതുമായിരുന്നു.

ചാർമീനാറിലെ തിരക്ക്
ചാർമീനാറിലെ തിരക്ക്

കേരളത്തിലെ തെരഞ്ഞെടുപ്പ് കണ്ടുമാത്രം പരിചയമുണ്ടായിരുന്ന ഒരു ജൂനിയർ റിപ്പോർട്ടറെ തെരുവിലേക്കിറക്കി വിട്ട് ലോകം കണ്ടുവരാൻ പറഞ്ഞ ഡൽഹി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശം മുതൽ, ഇത്തവണ ‘അരേ, മേരാ തീൻ മഹീനേ കീ ബച്ചീ കോ വോട്ട് ഥീ തോ, വോ ഭീ കെജ്‍രിവാൾ കോ ദേ ദേതേ ഥേ’ (എന്റെ മൂന്ന് മാസക്കാരി കുഞ്ഞിന് വോട്ടുണ്ടായിരുന്നെങ്കിൽ, അതും കെജ്‍രിവാളിന് കൊടുത്തേനെ) എന്നുപറഞ്ഞ, വാൽമീകി നഗർ കോളനിയിലടക്കം ആപ്പിന്റെ ഓരോ പ്രചാരണയോഗങ്ങളും സ്വയം വിളിച്ചുചോദിച്ച് കണ്ടുപിടിച്ച് പോയ ഡ്രൈവർ മനീഷ് ഭയ്യ വരെ കൈ പിടിച്ച് നടത്തിച്ചു, ഇന്ത്യൻ ജനാധിപത്യത്തിൽ അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് കാഴ്ചയിലേക്ക്.

മനുഷ്യരുടെ പ്രശ്നങ്ങൾ ചോദിക്കൂ, അവരുടെ ദുരിതം ചോദിക്കൂ എന്നുതന്നെ പറഞ്ഞാണ്, മുതിർന്നവർ വാർത്തകളുടെ തെരുവിലേക്ക് ഞങ്ങളെ പറഞ്ഞുവിട്ടത്. സ്വകാര്യ കമ്പനികൾ കൊടികുത്തി വാണ വൈദ്യുതി വിതരണരംഗത്ത്, ടാർപ്പായ മറച്ചുകെട്ടിയ ചായ്പ്പിൽ വരെ 2000 രൂപ ബില്ല് വന്നത് മുതൽ, വെള്ളമില്ലാതെ തെരുവുകളിൽ ക്യൂ നിന്ന് വലഞ്ഞ സ്ത്രീകളെയും കുട്ടികളെയും കണ്ട്, സ്വന്തമായി ഭൂമിയില്ലാതെ, ഭൂപടത്തിൽ ഇല്ലാതെ ജീവിച്ച അനധികൃത കോളനികളിലെ മനുഷ്യൻമാരെ കണ്ടാണ് ഒരു തെര‌ഞ്ഞെടുപ്പ് കാലമെന്തെന്ന് പഠിച്ചത്.

കടൽ പോലെ ആ‌ർത്തിരമ്പിയ മനുഷ്യരെ നോക്കി കൈ വീശിയ ആ മനുഷ്യനെ കണ്ടപ്പോൾ, ആളുകളുടെ ആരവങ്ങൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞതോർക്കുന്നു
കടൽ പോലെ ആ‌ർത്തിരമ്പിയ മനുഷ്യരെ നോക്കി കൈ വീശിയ ആ മനുഷ്യനെ കണ്ടപ്പോൾ, ആളുകളുടെ ആരവങ്ങൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞതോർക്കുന്നു

ആഘോഷത്തോടെ അധികാരത്തിലേറിയിട്ടും, ഒരു വർഷത്തിനകം, ‘ചൂല്’ എന്ന ചിഹ്നം സ്വച്ഛ് ഭാരതിനു വേണ്ടി തെരുവ് തൂത്തുവാരിയ ചിത്രം കൊണ്ട് നരേന്ദ്രമോദിക്ക് സ്വന്തമാക്കാനായില്ല. ഒരു തെരഞ്ഞടുപ്പ് കാലത്തല്ല, കെജ്‍രിവാൾ അന്ന് ചൂലെടുത്ത് നടന്നത് എന്നതു തന്നെയായിരുന്നു ആ മിന്നും വിജയത്തിന്റെ കാരണം.

ആഹ്ളാദത്തിര പോലെ അലയടിച്ച ഒരു യുവതയെ കണ്ടു അന്ന്. നടന്നുനടന്ന്, നാട്ടുകാരോട് മിണ്ടി മിണ്ടി വേണം, ഒരു തെരഞ്ഞെടുപ്പിനെ കാണാൻ, പഠിക്കാൻ, അതേക്കുറിച്ച് പറയാൻ എന്ന് പഠിച്ച കാലം. അസാധാരണമാംവിധം അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ഒരു പ്രതിപക്ഷത്തിന് കഴിയും, അത് പ്രതിപക്ഷത്തിന്റെ ജോലി ചെയ്താൽ, എന്ന് തിരിച്ചറിഞ്ഞ കാലം.

വർഷങ്ങളുടെ ഇളപ്പമുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനം അദ്ഭുതങ്ങളുണ്ടാക്കുമോ എന്ന് പല പ്രീ പോൾ സർവേകളും സംശയിച്ച കാലത്ത്, 2015 ഫെബ്രുവരി 10-ന് വോട്ടെണ്ണൽ ദിവസം പുലർച്ചെ ഓഫീസിലേക്ക് തണുപ്പുകോട്ടിട്ട് ഇറങ്ങുമ്പോൾ, ഞങ്ങളുടെ ബ്യൂറോയിലുള്ള ഒരാൾക്കും സംശയങ്ങളുണ്ടായിരുന്നില്ല. ആപ് തൂത്തുവാരും എന്നുതന്നെ എഴുതിവച്ച്, വൈകിട്ടത്തെ സ്റ്റോറിയുടെ വരികൾ നേരത്തേ ആവർത്തിച്ച്, മനസ്സിൽ മിനുക്കിയെടുത്താണ് പ്രിയച്ചേച്ചിയുടെ (പ്രിയ ഇളവള്ളിമഠം) ഒപ്പം ആപ് ഓഫീസിലേക്ക് ഇറങ്ങിയത്.

കടൽ പോലെ ആ‌ർത്തിരമ്പിയ മനുഷ്യരെ നോക്കി കൈ വീശിയ ആ മനുഷ്യനെ കണ്ടപ്പോൾ, ആളുകളുടെ ആരവങ്ങൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞതോർക്കുന്നു. അവിടെ നിന്ന് ഒന്‍പത് കൊല്ലം മുന്നോട്ടുനടന്ന്, മറ്റൊരു കാലത്തിന്റെ ടൈം ലൈനിൽ നിന്ന് പഴയ ദൃശ്യങ്ങളിലേക്ക് നോക്കുമ്പോഴാണ്, ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ, ചരിത്രത്തിന്റെ, അതിന്റെ വൈരുദ്ധ്യങ്ങളുടെ വൈചിത്ര്യത്തെക്കുറിച്ചോർത്ത് അന്തം വിടുക.

കർണാടക മുഖ്യമന്ത്രിയായിരുന്നു ബാസവരാജ് ബൊമ്മൈ
കർണാടക മുഖ്യമന്ത്രിയായിരുന്നു ബാസവരാജ് ബൊമ്മൈ

ഒരു പഴയ കഥയുണ്ട്, ജനങ്ങളുടെ മനസ്സറിയാൻ രാജാക്കൻമാർ വേഷം മാറി വരുമെന്ന കഥ. സീതയുടെ ‘ശുദ്ധി’യെ ഒരു മത്സ്യത്തൊഴിലാളി ചോദ്യം ചെയ്തുവെന്ന വിവരം രാമൻ കേട്ടറിഞ്ഞത് വേഷം മാറിയുള്ള അത്തരമൊരു യാത്രയിലൂടെയാണെന്നാണല്ലോ മിത്ത്. രാജഭരണമവസാനിച്ച്, ജനാധിപത്യം വന്ന കാലത്തും, ഭരണമാളുന്നവർ നിലത്തിറങ്ങി ചെരിപ്പിടാതെ നടന്നിരുന്നോ?

An Insignificant Man - എന്ന ഡോക്യുമെന്‍ററിയുടെ തുടക്കത്തിൽ ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്ന കെജ്‍രിവാളിനെ കാണാം. ദരിദ്ര കർഷകരെ ഭൂമി വീണ്ടെടുക്കാൻ സഹായിച്ചിരുന്ന, അഴിമതി തൊട്ടുതീണ്ടാതിരുന്ന ലാൻഡ് ഓഫീസറായിരുന്ന ബ്രിജ്‍ലാൽ എന്നയാളെ ഭൂമാഫിയ ജീപ്പ് കയറ്റിക്കൊന്നതിനെക്കുറിച്ച് അയാൾ ഫോണിൽ സുപ്രീംകോടതി അഭിഭാഷകരോട് സംസാരിക്കുന്നത് കേൾക്കാം. മരണാനന്തരച്ചടങ്ങുകൾക്കായി മൊട്ടയടിച്ച് വീട്ടിൽ വ്രതമിരിക്കുന്ന മകനോട് കെജ്‍‍രിവാളും സിസോദിയയും നിലത്തിരുന്ന് സംസാരിക്കുന്നത് കാണാം. ശ്രദ്ധയോടെ അയാളെ കേൾക്കുന്നത് കാണാം.

ഇപ്പോഴും നിലനിൽക്കുന്നു എന്ന് പാശ്ചാത്യലോകത്തിനും രാഷ്ട്രീയപഠിതാക്കൾക്കും അവിശ്വസനീയമായ വിശാലമായ ഇന്ത്യൻ ജനാധിപത്യത്തിൽ അടയാളപ്പെടുത്തലുകളുടെ പ്രാധാന്യം, ആ ഡോക്യുമെന്‍ററി കാണുമ്പോൾ നമ്മൾ തിരിച്ചറിയും. ചെറുതെങ്കിലും അന്ന് ജനങ്ങളോട് നടന്ന് മിണ്ടിയ, ജനങ്ങൾക്ക് പറയാനുള്ളത് രേഖപ്പെടുത്തിയ കാലത്തിന്റെ പ്രാധാന്യമറിയും.

 കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

അന്ന് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക് ഒന്നും നോക്കാതെ ഇറങ്ങിപ്പുറപ്പെട്ട, ഓഫീസ് മുറികളിലും വ്യവഹാരത്തിന് കോടതികളിലും കയറിയിറങ്ങിയ, കെജ്‍രിവാളെന്ന ‘അ’സാധാരണ മനുഷ്യൻ, ഇന്ന് പുറത്തിറങ്ങിയിട്ട്, ജനത്തെ കണ്ടിട്ട്, അവരുടെ വീട്ടിലിരുന്നിട്ട്, അവരുടെ വ്യഥകളറിഞ്ഞിട്ട് കാലമെത്രയായിട്ടുണ്ടാകും?

ആ ഡോക്യുമെന്‍ററി പിന്നീടെപ്പോഴെങ്കിലും കെജ്‍രിവാളെന്ന മനുഷ്യൻ വീണ്ടുമെടുത്ത് കണ്ടിരിക്കുമോ? ഏതാണ്ട് പതിറ്റാണ്ട് പിന്നിടാറാകുമ്പോൾ, ഡിസംബറിലെ ഡൽഹിയിലെ തെരുവുകളിലെ തണുപ്പോ, ചൂടുകാലത്തെ ഉഷ്ണക്കാറ്റോ, വിളയുണങ്ങിപ്പോയ കർഷകരുടെ വറ്റിയ കണ്ണീരോ അയാൾക്ക് ഇന്നും ഓർമയുണ്ടാകുമോ? ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടേത് കൂടിയാകുന്നു, രാഷ്ട്രീയവും അതിന്റെ വായനകളും.

പക്ഷേ, രാജ്യതലസ്ഥാനത്ത് അധികാരത്തിലുള്ള പ്രതിപക്ഷപാർട്ടിയെയും, അതിന്റെ ആണിക്കല്ലായി പ്രവർത്തിക്കുന്ന മന്ത്രിമാരെയും ഒന്നൊന്നായി ജയിലിലാക്കിയ അന്വേഷണ ഏജൻസികൾ, ഒടുക്കം ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെത്തന്നെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സമ്പൂർണ വിവരങ്ങൾ പുറത്തുവന്ന അതേ രാത്രി, ഏതാണ്ടതേ സമയത്ത് അറസ്റ്റ് ചെയ്യുമ്പോൾ, കെജ്‍രിവാളിന്റെ രാഷ്ട്രീയയാത്രകൾ വീണ്ടുമോർക്കുന്നു. ദലിതരുടെ വിമോചകയായി ഒരിക്കൽ വാഴ്ത്തപ്പെട്ട ബഹൻജി മായാവതി പോലും മാഞ്ഞുതുടങ്ങുന്ന ഒരു തെരഞ്ഞെടുപ്പ് കാലമാണ്. കെജ്‍രിവാളിന്റെ ഈ അറസ്റ്റ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്നത് തന്നെയാകും നിർണായകമാകുക. ഉറ്റുനോക്കപ്പെടേണ്ടതും.

ഉപതെരഞ്ഞെടുപ്പെന്താ തെരഞ്ഞെടുപ്പല്ലേ?

വ‍ർഷം 2017. മാസം ഡിസംബർ.
അണ്ണാ ഡി എം കെയ്ക്ക് ബദലായി അമ്മ മക്കൾ മുന്നേറ്റ കഴകമുണ്ടാക്കി രാഷ്ട്രീയത്തിലിറങ്ങിയ ശശികലയുടെ ബന്ധു ടി.ടി.വി. ദിനകരന്റെ അഭിമുഖമെടുത്ത സന്തോഷത്തിൽ ഓടിക്കയറി ഓഫീസിൽ വന്ന് അത് ഫയൽ ചെയ്ത എന്നോട് ഡസ്കിൽ നിന്ന്, അതിത്ര വലിയ കാര്യമാണോ എന്ന് ചോദിച്ച സീനിയറോട്, അരിശമാണ് വന്നത്.

രേവന്ത് റെഡ്ഢിയുമായി അഭിമുഖം.
രേവന്ത് റെഡ്ഢിയുമായി അഭിമുഖം.

ഒരു ഉപതെരഞ്ഞെടുപ്പല്ലേ സാവിത്രീ? എന്ന് ചോദിച്ചയാളോട്, അതെന്താ, ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പല്ലേ എന്ന് തർക്കിച്ചു ഞാൻ. ഇപ്പോഴുള്ള ഞാൻ, ഒരിക്കലുമങ്ങനെ ഇനി തർക്കിക്കില്ലല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ ചിരി വരും. അന്ന് തർക്കിച്ച ആ സീനിയറിപ്പോൾ പ്രിയപ്പെട്ട സുഹൃത്ത് കൂടിയാണല്ലോ എന്നോർക്കുമ്പോൾ പ്രത്യേകിച്ച്.

ചെന്നൈയിലെ ഏറ്റവും വലിയ വെർട്ടിക്കൽ ചേരിയാണ് ആർ.കെ. നഗർ. ജയലളിതയുടെ സ്വന്തം മണ്ഡലമായിരുന്നയിടം. അവിടെ ടി.ടി.വി ദിനകരനെന്ന മനുഷ്യൻ, ഒറ്റയ്ക്ക് നിന്ന്, സാമ്പ്രദായിക രാഷ്ട്രീയപാർട്ടികളെ തറ പറ്റിച്ചത്, ജയലളിതയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ടത്, തമിഴ്നാട് രാഷ്ട്രീയത്തിലൊരു കിങ് മേക്കറാകാൻ ശ്രമിച്ചത്, പിന്നീട് നിഴൽ മാത്രമായി ഒതുങ്ങിപ്പോയത് - ദ്രാവിഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഗ്രൗണ്ട് സ്റ്റഡിയായിരുന്നു എനിക്കത്.

ജയലളിതയെന്ന ഒറ്റയാൾ മരമില്ലാതാകുമ്പോൾ പലയിടത്തേക്ക് പരന്ന് പായുകയും തമ്മിലടിക്കുകയും ചെയ്ത തോഴിയും അണ്ണാ ഡി എം കെ അണികളും ചേർന്ന്, ഒരു സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷിയെ തകർത്ത് താഴെയിടുന്നത് കണ്ട് നിന്ന നാളുകൾ. ‘അ’, ‘അമ്മ’ എന്ന് കൂട്ടിച്ചേർത്ത് വായിച്ചതു മുതൽ, ദ്രാവിഡ രാഷ്ട്രീയത്തിൽ ജീവിച്ച് എഴുതുന്ന മനുഷ്യരോട് സംസാരിച്ച പാഠങ്ങൾ വരെ, മറക്കാത്ത നഗരമാകുന്നു, പ്രിയപ്പെട്ട ചെന്നൈ.

കണക്കുകളുടെ അടിസ്ഥാനത്തിൽ വാർഡുകൾ തിരിച്ച് കണക്ക് കൂട്ടാനും, തെര‌ഞ്ഞെടുപ്പിൽ വോട്ടുകൾ എങ്ങനെ എങ്ങോട്ട് മറിഞ്ഞേക്കാം എന്നതിൽ ഒരു ഏകദേശധാരണയുണ്ടാക്കാനും പഠിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ചെറിയ മണ്ഡലമാണ് ആ‌ർ.കെ. നഗർ. പക്ഷേ, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സാമാന്യം വലുതും. ഒരു തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പ്, ജനങ്ങളോട് മിണ്ടുന്നതിനൊപ്പം, മണ്ഡലത്തിലെ ഓരോ വാർഡുകളെയും ഓരോ മൈക്രോ യൂണിറ്റുകളായി തിരിച്ച് പഠിച്ചാലറിയാം. ആര് ആർക്കെല്ലാം എങ്ങനെ വോട്ട് ചെയ്തേക്കാമെന്നത്.

അന്ന് ആ കളം തിരിച്ചുള്ള വിവരശേഖരണത്തിന് എന്നെ സഹായിച്ച സുഹൃത്തിപ്പോൾ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീമിലെ പ്രധാന സ്ട്രാറ്റജിസ്റ്റുകളിലൊരാളാണ്. പേര് പറയാൻ തടസ്സമുണ്ടെങ്കിലും, തെരഞ്ഞെടുപ്പുകളെക്കുറിച്ച് വ്യക്തിപരമായി വിളിച്ച് സംശയം ചോദിക്കാൻ ഇപ്പോഴും എനിക്ക് വിശ്വാസമുള്ളയാൾ.

കറുത്ത മണ്ണിന്റെ നാട്,
കരുനാട്, കർണാട്, കർണാടക

ഡാറ്റ ജേണലിസം, അഥവാ, കണക്കുകൾ പറയുന്ന രാഷ്ട്രീയത്തിന്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് പഠിച്ച് തുടങ്ങുന്ന നാളുകളിലാണ് ബംഗളൂരുവിലേക്ക് വണ്ടി കയറുന്നത്. തീരെ അറിയാത്ത ഭാഷയുടെ എല്ലാ പരിമിതികൾക്കുമിടയിലും മാധ്യമങ്ങളെ തീരെ അകറ്റി നിർത്താത്ത രാഷ്ട്രീയക്കാരുടെ നാടാണിതെന്ന് തെല്ലദ്ഭുതത്തോടെയാണ് കണ്ടത്.

ജാതിസമവാക്യങ്ങളുടെ എഴുതിക്കൂട്ടലുകളെക്കുറിച്ച് വിശാലമായി പഠിച്ച കാലമായിരുന്നു അത്. കർണാടകത്തിലെ പ്രമുഖ ഹിന്ദു ഉപവിഭാഗങ്ങളായ ലിംഗായത്തുകളെക്കുറിച്ചും വൊക്കലിഗകളെക്കുറിച്ചും വിശദമായി പഠിച്ചു
ജാതിസമവാക്യങ്ങളുടെ എഴുതിക്കൂട്ടലുകളെക്കുറിച്ച് വിശാലമായി പഠിച്ച കാലമായിരുന്നു അത്. കർണാടകത്തിലെ പ്രമുഖ ഹിന്ദു ഉപവിഭാഗങ്ങളായ ലിംഗായത്തുകളെക്കുറിച്ചും വൊക്കലിഗകളെക്കുറിച്ചും വിശദമായി പഠിച്ചു

തമിഴ്നാട്ടിൽ പണ്ട് ജയലളിതയും ഇപ്പോൾ സ്റ്റാലിനും, ആന്ധ്രയിൽ ജഗനും, തെലങ്കാനയിൽ കെ.സി.ആറും മാധ്യമങ്ങൾക്ക് അപ്രാപ്യരായി തുടർന്നപ്പോൾ, യെദിയൂരപ്പയും ബൊമ്മൈയും പിന്നീട് സിദ്ധരാമയ്യയും ‍ഡി.കെ. ശിവകുമാറും മാധ്യമങ്ങളെ കണ്ട് മിണ്ടാൻ മടിച്ചില്ല. കേരളത്തിൽ നിന്നാണെന്ന് കരുതി അകറ്റി നിർത്തിയില്ല. മലയാളികളോട് ബഹുമാനമുണ്ടെന്ന് വർത്തമാനങ്ങളിൽ അവർ പറയാതെ പറഞ്ഞു.

ഒരു സംസ്ഥാനത്തിന്റെയാകെ നിയമസഭാ മണ്ഡലങ്ങളിൽ, അതും കർണാടക പോലെ വലിയൊരു സംസ്ഥാനത്തിലെമ്പാടും, ഓടിയെത്തുക പ്രായോഗികമല്ല എന്നറിഞ്ഞും, തെക്കും വടക്കും ഓടിയ മാസങ്ങളായിരുന്നു 2023-ന്റെ ആദ്യപകുതി. കറുത്ത മണ്ണിന്റെ നാടാണ് കർണാടകയെന്ന് പറഞ്ഞുതന്ന സുവർണ ന്യൂസിലെ എഡിറ്റർമാരിലൊരാളായ പ്രശാന്ത് നാഥുവും, ഇടത് രാഷ്ട്രീയത്തിലൂന്നി മാധ്യമപ്രവർത്തനം തുടരുന്ന സുഗത ശ്രീനിവാസരാജുവും അധികം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടില്ലാത്ത കർണാടക രാഷ്ട്രീയത്തിന്റെ സംസാരിക്കുന്ന പുസ്തകങ്ങളായി.

ജാതിസമവാക്യങ്ങളുടെ എഴുതിക്കൂട്ടലുകളെക്കുറിച്ച് വിശാലമായി പഠിച്ച കാലമായിരുന്നു അത്. കർണാടകത്തിലെ പ്രമുഖ ഹിന്ദു ഉപവിഭാഗങ്ങളായ ലിംഗായത്തുകളെക്കുറിച്ചും വൊക്കലിഗകളെക്കുറിച്ചും വിശദമായി പഠിച്ച കാലം. 12-ാം നൂറ്റാണ്ടിൽ സാമൂഹ്യപരിഷ്കർത്താവെന്ന് വിളിക്കാവുന്ന ബസവേശ്വരനാണ് വർണവ്യവസ്ഥയെ വെല്ലുവിളിച്ച് ഉത്തര കർണാടകയിലെ വിജയനഗര സാമ്രാജ്യത്തിലുള്ള പഴയ വീരശൈവരെ ലിംഗായത്തുകളാക്കി മാറ്റിയത്.

വൊക്കലിഗകളാകട്ടെ ദക്ഷിണകർണാടകയിലെ പഴയ മൈസുരു മേഖലയിലെ കർഷകസമൂഹമായിരുന്നു. ജനസംഖ്യയുടെ കാൽഭാഗം വരുന്ന ഇവർ പക്ഷേ, സാമ്പത്തികമായും സാമൂഹികമായും വലിയ സ്വാധീനശേഷിയുള്ളവരാണ്. അൽപസംഖ്യാതരു (ന്യൂനപക്ഷങ്ങൾ), ഹിന്ദുളിദവരു (പിന്നാക്കവിഭാഗങ്ങൾ), ദളിതരു (ദളിത‍ർ) എന്നിവരെയെല്ലാം ചേർത്ത് അഹിന്ദ വിഭാഗങ്ങളെന്ന് പേര് നൽകിയത് മുൻ മുഖ്യമന്ത്രി ദേവരാജ് ഉർസാണ്. ഇവ‍ർ ചേർന്നാൽ ജനസംഖ്യയുടെ 55 ശതമാനമായി. രാഷ്ട്രീയമായി വിലപേശാൻ കഴിവുള്ള വണ്ണം സംഘടിത ശക്തിയല്ല അഹിന്ദ വിഭാഗങ്ങളെന്നത് തന്നെയായിരുന്നു തെരഞ്ഞെടുപ്പിന്റെ ആദ്യമാസങ്ങളിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടാകുമോ എന്ന് സംശയം വരാൻ കാരണം.

നരേന്ദ്ര മോദി പ്രചാരണത്തിനിടെ
നരേന്ദ്ര മോദി പ്രചാരണത്തിനിടെ

ഭരണവിരുദ്ധവികാരം വോട്ടർമാരിലുണ്ടെന്ന് വ്യക്തമായിരുന്നു. പക്ഷേ, അതിനെ വോട്ടായി മാറ്റാൻ വണ്ണമുള്ള സംഘടിതപ്രവർത്തനം കാഴ്ച വയ്ക്കാൻ കോൺഗ്രസിനാകുമോ എന്ന സംശയങ്ങൾ തോന്നി.

രാഹുല്‍ ഗാന്ധി ബാംഗ്ലൂരില്‍
രാഹുല്‍ ഗാന്ധി ബാംഗ്ലൂരില്‍

ആ സംശയങ്ങളില്ലാതാക്കിയ പ്രചാരണതന്ത്രം, ‘ഗ്യാരന്‍റികളു’ടേതായിരുന്നു. ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുക എന്ന ആശയം മുന്നോട്ട് വച്ചത് മോദിയാണെങ്കിലും, വീട്ടിലെ സ്ത്രീകൾക്ക് പണമെത്തിച്ച്, അവർക്ക് സൗജന്യയാത്ര ഉറപ്പ് നൽകി, അങ്ങനെ ഗ്രാമീണസമ്പദ് വ്യവസ്ഥയിൽ പണമിറക്കുകയെന്ന തീരുമാനത്തെ സൗജന്യത്തിന്റെ ഔദാര്യമെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ ഇകഴ്ത്തി. പക്ഷേ, ജനങ്ങൾക്കറിയാമായിരുന്നു അതിന്റെ വിലയെന്തെന്ന്. ആ വാഗ്ദാനങ്ങൾ തന്നെയാണ് കോൺഗ്രസിനെ ജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ചതെന്ന് നിസ്സംശയം പറയാം.

മധുരമുള്ള, തണുത്ത വെള്ളത്തിനൊപ്പം
പകർന്നുകിട്ടിയ രാഷ്ട്രീയപാഠങ്ങൾ

ശിവമൊഗ്ഗയിലെ ഏറ്റവും ഉള്ളിലേതോ ഗ്രാമത്തിലെ ഒരു ഗൂഗിൾ ലൊക്കേഷൻ നോക്കിയാണ് മുഖ്യമന്ത്രിയായിരുന്ന ബൊമ്മൈയെ കാണാൻ പോയത്. ഗൂഗിളിന് പോലും വഴി തെറ്റുന്ന ഇടറോഡുകൾ. ടാറില്ലാത്ത വഴികൾ. ഇടയ്ക്കിടെ കാണുന്ന കുഞ്ഞുവീടുകൾ. ഒരു ആൾക്കൂട്ടം കണ്ടപ്പോൾ വണ്ടി നിർത്തി. ‘ബൊമ്മൈ സർ ബര്ത്തീരാ’ ഡ്രൈവർ അണ്ണൻ ചോദിച്ചു. ഒരു അമ്മൂമ്മ തലയാട്ടി.

ബി.എസ്. യെദ്യൂരപ്പയുമായി അഭിമുഖം
ബി.എസ്. യെദ്യൂരപ്പയുമായി അഭിമുഖം

കത്തുന്ന വെയിലിൽ നിന്ന് പഴയ വരാന്തയുള്ള, നടുമുറ്റമുള്ള ഒരു വീട്ടിലേക്ക് കയറിയപ്പോൾ തണുപ്പ്. ഇരുട്ട്. സാധാരണ കർഷകരുടെ നാടാണ്. സ്നേഹമുള്ള മനുഷ്യരുള്ള ഗ്രാമങ്ങളാണ്.

ഒരു ഗ്ലാസ് വെള്ളം തരട്ടെ. വീട്ടിലെ ഗൃഹനാഥ ചോദിച്ചു. വേനലവധിക്ക് മുത്തശ്ശിയുടെ വീട്ടിൽ വന്ന അഞ്ച് വയസ്സുകാരി പേരക്കുട്ടി തെലുഗിലെന്തോ ചോദിച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ മലയാളത്തിലും, അവൾ തെലുഗിലും ഇങ്ങനെ മിണ്ടിക്കൊണ്ടേയിരുന്നു.

യാത്രകൾക്കിടയിലെ ഇടത്താവളങ്ങളായ വീടുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന വഴിയറിയുന്ന തണുപ്പുള്ള ഒരു മൊന്ത വെള്ളമോ, തണുപ്പ് കാലത്ത് കിട്ടുന്ന ഒരു കപ്പ് ചായയോ കൂടെ പറഞ്ഞുതരുന്ന രാഷ്ട്രീയപാഠങ്ങളുണ്ട്. ഒരു എഴുപത് വയസ്സെങ്കിലുമുള്ള ആ അമ്മൂമ്മ, ബൊമ്മൈയുടെ സ്വന്തം ഗ്രാമത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ താലമെടുത്ത് നിൽക്കാൻ പോകുന്ന വൃദ്ധ, എന്തുകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞത് മുതൽ, ചെറുവർത്തമാനങ്ങൾ തരുന്ന ഗ്രൗണ്ട് പൾസുണ്ടല്ലോ. അതിന്‍റെ സന്തോഷം, ഒരിടത്തിരുന്നാലെങ്ങനെ കിട്ടും?

പഴയ കാലം മെനഞ്ഞ പുതിയ ദേശം

‘പൊടുസ്തുന്ന പൊസ്തുമീണ, നടുസ്തുന്ന കാലമാ, പോരു തെലങ്കാനമാ..’ എന്ന ഗദ്ദർ പാട്ടിൽ വാർന്ന് വീഴും തെലങ്കാനയെന്ന ദേശം. 2018-ലെ എക്സിറ്റ് പോൾ ഫലങ്ങൾ പലതും പാടേ തെറ്റിയിട്ടുണ്ട് തെലങ്കാനയിൽ. ഇത്തവണ കോൺഗ്രസിനൊരു ട്രെൻഡുണ്ടല്ലോ എന്ന് ചോദിക്കുമ്പോഴൊക്കെ, ‘‘All these English speaking journos, hindi walley, what do they know about us and the soil of Telengana? This is the land of KCR gaaru’’ - എന്ന് പല തവണ ബി ആർ എസ്സിലെ പലരും, പല തവണ ഞങ്ങളോട് പറഞ്ഞു.

തെലങ്കാന സെക്രട്ടറിയേറ്റ്
തെലങ്കാന സെക്രട്ടറിയേറ്റ്

പക്ഷേ, ഗ്രൗണ്ടിലിറങ്ങി മനുഷ്യരോട് മിണ്ടുമ്പോഴൊക്കെ, മിക്കവരും കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്നത് കണ്ടു ഞങ്ങൾ. താഴേത്തട്ടിലുള്ളവ‍ർക്ക് ക്ഷേമപദ്ധതികൾ എത്തിക്കുമെന്ന പ്രതീക്ഷ, കർണാടക നൽകിയ പ്രതീക്ഷ, ഇവിടെയും ജനങ്ങൾക്കുണ്ട് എന്ന് എനിക്കുറപ്പായിരുന്നു. അത് കൃത്യം സീറ്റാക്കി മാറ്റാനുള്ള സ്ട്രൈക്ക് റേറ്റ് കോൺഗ്രസിനുണ്ടാകുമോ എന്ന് സത്യമായും പോളിംഗ് ദിവസം വൈകിട്ട് വരെ എനിക്ക് വ്യക്തമായില്ല.

ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ പ്രവചനങ്ങൾ നടത്തുന്നത് ശരിയല്ല എന്ന തോന്നൽ അടിയുറച്ചതായുണ്ട്. വസ്തുത കൊടുത്താൽ മതി ജനങ്ങൾക്ക്, അത് വായിക്കാനുള്ള വിശകലനം ചെയ്യാനുള്ള ബുദ്ധിയുള്ളവരാണ് സാമാന്യജനം എന്ന് തന്നെയും പിന്നെയും സ്വയമോർമിപ്പിക്കാൻ ശ്രമിക്കാറുമുണ്ട്.

ചാർമിനാർ
ചാർമിനാർ

അങ്ങനെ പല പ്രാദേശിക മാധ്യമപ്രവർത്തകരോടും, മുതിർന്ന മാധ്യമപ്രവർത്തകരോടും, എനിക്ക് വലിയ ധാരണയില്ലെന്ന് ആദ്യമേ ഏറ്റുപറഞ്ഞാണ് തെലങ്കാന രാഷ്ട്രീയം ചോദിച്ചു പഠിച്ചത്. ബൈക്കുകളിൽ ട്രൈപോഡും, ബാഗും, ക്യാമറയും, മൈക്കും സകലമാന വസ്തുക്കളും താങ്ങി വെയിലും കൊണ്ട് നാഷണൽ ഹൈവേയിലൂടെ പായുന്ന, ഒരു ചെറിയ നോട്ട് പാഡും അഞ്ച് രൂപയുടെ നടരാജ് പേനയും കൊണ്ട് നടന്ന് വിയർത്ത് വരുന്ന, തീർത്തും സാധാരണക്കാരിൽ സാധാരണക്കാരായ ജേണലിസ്റ്റുകളുണ്ടല്ലോ. സ്ട്രിങ്ങർമാരെന്ന് പലപ്പോഴും വലിയ മാധ്യമപ്രവർത്തകർ വിളിച്ച് ചെറുതാക്കുന്നവർ. അവരാണ് തെലങ്കാനയിലെ എന്‍റെ രാഷ്ട്രീയഗുരുക്കൻമാർ.

ഗദ്ദർ
ഗദ്ദർ

ചെർല അടക്കമുള്ള ട്രൈബൽ മേഖലയിലേക്ക് യാത്ര പോകണമെന്ന് കരുതിയതാണ്. നടന്നില്ല. മൊബൈൽ റേഞ്ചില്ലാത്ത സ്ഥലമാണ്, നടന്ന് തന്നെ കേറണം, ഞാൻ അവിടെ വരെ നിങ്ങടെ കൂടെയുണ്ടാകും എന്നുറപ്പ് തന്ന ഖമ്മത്തെ പ്രസാദെന്ന, നല്ല അസ്സല് ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാരൻ മുതൽ, ഗദ്ദറിന്റെ കൂടെയുള്ള പാട്ടുകാരെക്കുറിച്ച്, ഗദ്ദറിന്റെ പാട്ടുകളെക്കുറിച്ച്, ആ കാലത്തെക്കുറിച്ച് ഒക്കെ വിശദമായി പറഞ്ഞു തന്ന സുനിൽ അണ്ണാ മുതൽ, ഇന്ത്യൻ എക്സ്പ്രസിലെ മുതിർന്ന എഡിറ്റർമാരിലൊരാളായ ശ്രീനിവാസ് ജന്യാല സാറും, ഹിന്ദുവിലെ ശ്രീധർ സാറും വരെ, തന്ന ഉൾക്കാഴ്ചകളുടെ അകക്കാമ്പ് ചെറുതല്ല. ഒരിക്കൽ പോകണം, അവരെയൊക്കെ നേരിട്ട് കാണാൻ.

വീണ്ടുമൊരു കൊല്ലം, തെരഞ്ഞെടുപ്പ് കാലം

കർണാടകയും തെലങ്കാനയും ചേർത്ത ഒരു യാത്രയ്ക്കു കൂടി ഭാണ്ഡം കെട്ടുകയാണ്. പല കാരണങ്ങൾ കൊണ്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്ന് കരുതപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്ത്. ഇതുവരെ വന്ന വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, മുന്നോട്ട് നടക്കാനായുമ്പോൾ, ഭരണഘടനാശിൽപി എഴുതിയ വാക്കുകളോർമ വരുന്നു. മനസ്സിൽ കുറിയ്ക്കുന്നു.

ഡോ. ബി.ആർ. അംബേദ്കർ, ഗദ്ദർ
ഡോ. ബി.ആർ. അംബേദ്കർ, ഗദ്ദർ

For in India, Bhakti or what may be called the path of devotion or hero- worship, plays a part in its politics unequalled in magnitude by the part it plays in the politics of any other country in the world. Bhakti in religion may be a road to the salvation of the soul. But in politics, Bhakti or hero-worship is a sure road to degradation and to eventual dictatorship.
-Ambedkar’s India, Dr. B R Ambedkar

Comments