ഒ.കെ. ജോണി

കുതിരപ്പുറത്തേറുന്ന ഷോ ബിസിനസ്

‘‘പാർലമെന്റ് തിരഞ്ഞെടുപ്പിൽപ്പോലും ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സംഗതികളെ സംബന്ധിച്ച ചോദ്യങ്ങളുന്നയിക്കാനും ജനഹിതം അറിയാനുമുള്ള താൽപര്യമോ പ്രാപ്തിയോ ഉള്ളവരാണ് നമ്മുടെ ന്യൂസ് റൂമുകളിലും ഫീൽഡിലുമുള്ള ജേണലിസ്റ്റുകൾ എന്നതിന്റെ യാതൊരു ലക്ഷണവും കേരളത്തിലും പുറത്തും കാണാനില്ല’’- ഒ.കെ. ജോണി എഴുതുന്നു.

മനില സി.മോഹൻ: ഒരു ഇലക്ഷൻ കാലത്തിലൂടെ വീണ്ടും കടന്നുപോവുകയാണ്. ഒരു ജേണലിസ്റ്റിനെ സംബന്ധിച്ച് അത് കണക്കുകളിലേക്കും ചരിത്രത്തിലേക്കും ഓരോ മണ്ഡലങ്ങളിലേക്കുമുള്ള റീ വിസിറ്റ് കൂടിയാണ്. ന്യൂസ് റൂമുകൾ എങ്ങനെയൊക്കെയാണ് ഓരോ തെരഞ്ഞെടുപ്പു കാലത്തും മാറുന്നത്?

ഒ.കെ. ജോണി: തെരഞ്ഞെടുപ്പു കാലത്താണ്, വോട്ടുവേട്ടക്കാരായ രാഷട്രീയ നേതാക്കളെപ്പോലെതന്നെ ടി.ആർ.പി വേട്ടക്കാരായ ദൃശ്യമാദ്ധ്യമ പ്രവർത്തകരും ആപ്പീസുകൾ വിട്ട് നാട്ടിലിറങ്ങുന്നത്. പ്രിന്റ് ജേണലിസ്റ്റുകൾ നേതാവിന്റെ പിന്നാലെ പോവുകയല്ലാതെ, നേരിട്ട് ജനങ്ങളുടെയടുക്കൽ പോകുന്ന പതിവുമില്ല.

ടെലിവിഷൻകാർക്ക് വിഷ്വൽ അനിവാര്യമായതുകൊണ്ട് അവർക്ക് പുറത്തിറങ്ങാതെ വയ്യാത്തതുകൊണ്ടാണ് കേരളത്തിലെ മനുഷ്യരെ ചാനലുകളിൽ കാണാനാവുന്നത്, സ്‌കൂൾ കുട്ടികൾ എക്‌സ്‌കർഷനിറങ്ങുമ്പോലെ. മണ്ഡലങ്ങൾ തോറും സഞ്ചരിച്ച് വോട്ടർമാരുമായി കൊച്ചുവർത്തമാനങ്ങളിലേർപ്പെട്ടും അവരുടെ അടുക്കളയിൽക്കയറി ഭക്ഷണമുണ്ടാക്കിയുമെല്ലാം നേതാക്കളെപ്പോലെ ജനങ്ങളോടൊപ്പമാണെന്ന് വരുത്തിത്തീർക്കാൻ ടെലിവിഷൻ ആങ്കർമാർ മത്സരിക്കുന്ന 'മണ്ഡലകാല'മാണിത്.

വികസനത്തെക്കുറിച്ചാണ് അവരുടെ ചോദ്യങ്ങൾ, ജനാധിപത്യത്തെക്കുറിച്ചോ മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചോ അല്ലെന്നതാണ് ശ്രദ്ധേയം. റോഡ്, പാലം, വിമാനത്താവളം, നാലുവരിപ്പാത, തുരങ്കം, തുറമുഖം, ടൂറിസം ഇത്യാദി കാര്യങ്ങളേയുള്ളൂ അവരുടെ തെരഞ്ഞെടുപ്പുകാല അജണ്ടകൾ.

മാദ്ധ്യമപ്രവർത്തകർ ബോധപൂർവ്വമാണോ അജ്ഞത കൊണ്ടാണോ ഒരു ജനാധിപത്യ മതേതര രാജ്യം ഫാഷിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത് കാണാതെ പോകുന്നതെന്ന് മനസിലാകുന്നില്ല.

പാർലമെന്റ് തെരഞ്ഞെടുപ്പിൽപ്പോലും ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സംഗതികളെ സംബന്ധിച്ച ചോദ്യങ്ങളുന്നയിക്കാനും ജനഹിതം അറിയാനുമുള്ള താൽപര്യമോ പ്രാപ്തിയോ ഉള്ളവരാണ് നമ്മുടെ ന്യൂസ് റൂമുകളിലും ഫീൽഡിലുമുള്ള ജേണലിസ്റ്റുകൾ എന്നതിന്റെ യാതൊരു ലക്ഷണവും കേരളത്തിലും പുറത്തും കാണാനില്ല.

സിനിമാതാരങ്ങളെ ആൾദൈവങ്ങളായിക്കാണുന്ന സാധാരണക്കാരെപ്പോലെ, ജീവിതമാകെ ഫോട്ടോ ഷൂട്ട് അവസരമായിക്കാണുന്ന എകാധിപതികളും ആത്മാനുരാഗികളുമായ നേതാക്കളുടെ പിന്നാലെ വാ പൊളിച്ച് നടക്കുന്ന ബുദ്ധിപാകമില്ലാത്ത നമ്മുടെ മാദ്ധ്യമപ്രവർത്തകർ, ബോധപൂർവ്വമാണോ അജ്ഞത കൊണ്ടാണോ, ഒരു ജനാധിപത്യ മതേതര രാജ്യം ഫാഷിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത് കാണാതെ പോകുന്നതെന്ന് മനസിലാകുന്നില്ല.

അത്തരം ചോദ്യങ്ങളും വിമർശനങ്ങളും ഉയരേണ്ട ഇന്നത്തെ അടിയന്തര സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ ജനങ്ങളെ തെരഞ്ഞെടുപ്പുകാലത്തും യാഥാർത്ഥ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുവാനാണ് നിർബ്ബന്ധിക്കുന്നത്. വിശേഷിച്ച്, ഭരണഘടന തന്നെ റദ്ദായിപ്പോകുമോ എന്ന് ജനാധിപത്യപ്രേമികൾ ഭയപ്പെടുന്ന ഇന്നത്തെ ഭയാനകമായ അവസ്ഥയിൽ.

ആണ്ടുതോറും ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്ന അതേ മട്ടിൽ തിരഞ്ഞെടുപ്പുകാലവും ബാലിശമായ ക്ലീഷേകളിലൂടെ ആഘോഷിക്കുന്ന മാദ്ധ്യമങ്ങൾ, ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പുകളെന്ന ചൊല്ലിന്റെ പൊരുൾ മനസ്സിലാക്കിയവരല്ല. അറിയലും അറിയിക്കലുമാണ് മാദ്ധ്യമധർമ്മം എന്നു പോലും അവരോർക്കുന്നില്ല.

കുതിരപ്പുറത്തുമാത്രമല്ല, രാമായണകാലത്തെ അസ്സൽ പുഷ്പകവിമാനത്തിലും ഗണപതിയുടെ വാഹനത്തിലുംവരെ അവർ ജനങ്ങൾക്കുമുന്നിൽ വന്നിറങ്ങും.

കുതിരപ്പുറത്ത് സഞ്ചരിച്ച് തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് നടത്തുന്ന കാലം കൂടിയാണ്. ആ റിപ്പോർട്ടിംഗ് ശൈലി, ടെലിവിഷൻ ജേണലിസത്തിൻ്റെ ദൃശ്യഭാഷ ഇക്കാലയളവിൽ പരിണമിച്ചുവന്നത് കൗതുകത്തോടെ കാണാൻ പറ്റുന്ന ഒന്നാണ്. ഒരു വശത്ത് ടെക്നോളജിയുടെ ക്രിയാത്മക ഉപയോഗം, മറുവശത്ത് കുതിരപ്പുറത്തെ സഞ്ചാരം. ടെലിവിഷൻ ഉപയോഗിക്കുന്ന ദൃശ്യഭാഷയുടെ പ്രാധാന്യം, സ്വാധീനം എത്രത്തോളമാണ്.

ടെലിവിഷൻ ജേണലിസം ഷോ ബിസിനസിന്റെ അതേ ജനപ്രിയ സംസ്‌കാരമാണ് പിന്തുടരുന്നത്. എന്ത് കോമാളിത്തം കാണിച്ചിട്ടായിട്ടായാലും പ്രേക്ഷകരെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ഒരു ചാനൽ ചെയ്യുന്ന കോമാളിത്തത്തെ വേറൊരു കോമാളിത്തം കൊണ്ട് മത്സരിച്ച് തോൽപ്പിക്കാനുള്ള ശ്രമത്തിനിടയിൽ കുതിരപ്പുറത്തു മാത്രമല്ല, രാമായണകാലത്തെ അസ്സൽ പുഷ്പക വിമാനത്തിലും ഗണപതിയുടെ വാഹനത്തിലും വരെ അവർ ജനങ്ങൾക്കുമുന്നിൽ വന്നിറങ്ങും.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഗ്മെന്റല്‍ റിയാലിറ്റിയില്‍ സൃഷ്ടിച്ച ഹെലികോപ്റ്റര്‍

പോസ്റ്റ് മോഡേണിസ്റ്റ് ചാനൽ അവതാരകർ പോലും കൗബോയ് വേഷത്തിൽ കുതിരപ്പുറത്തു വരുന്നുവെന്നത് നമ്മുടെ ന്യൂസ് ടെലിവിഷൻ എത്രമാത്രം ബാലിശവും അശ്ലീലവുമായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ഒരു സൂചന മാത്രമാണ്. (ചോദ്യത്തിൽ സൂചിപ്പിച്ചയാൾ പക്ഷെ, അക്കാദമികമായ പക്വതയും സാമൂഹികബോധവും ജനാധിപത്യമര്യാദയുമുള്ള നല്ലൊരു ജേണലിസ്റ്റുമാണെന്നതും സമ്മതിക്കണം.)

സാങ്കേതിക സൗകര്യങ്ങൾ വർദ്ധിച്ചതോടെ ഒരു സ്ഥലത്തുപോകാതെ തന്നെ ന്യൂസ് ചാനലുകൾ ആ സ്ഥലം യാഥാർഥ്യ പ്രതീതിയോടെ കൃത്രിമമായി നിർമിക്കാനും (സിന്തെറ്റിക് ലാൻഡ്‌സ്‌കേപ്പ്) കഴിയും. റിയാലിറ്റിയല്ല, വെർച്വൽ റിയാലിറ്റിയാണ് അവരുടെ വിഭവങ്ങൾ. അത് തങ്ങളുടെ ചാനലിന്റെ മേന്മയായി വാർത്താചാനലുകൾ സ്വയം ഉയർത്തിക്കാട്ടുകയും ചെയ്യുന്നുവെന്നതാണ് തമാശ.

യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിൽ ഒരു റിസ്‌കുണ്ട്. അതുകൊണ്ട് ഒരു അപായരഹിതമേഖലയായി വാർത്താ മാദ്ധ്യമമണ്ഡലം മാറിയിരിക്കുന്നു.

പ്രതീതിനിർമാണം വാർത്താവിതരണവും സംവാദവുമാകുമോ? എന്റർടെയ്ൻമെന്റ് ചാനലുകളും ന്യൂസ് ചാനലുകളും ഒരുപോലെ പ്രക്ഷകരെ ഉന്മാദത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിക്കുന്നു. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിൽ ഒരു റിസ്‌കുണ്ട്. അതുകൊണ്ട് ഒരു അപായരഹിതമേഖലയായി വാർത്താ മാദ്ധ്യമ മണ്ഡലം മാറിയിരിക്കുന്നു. മാദ്ധ്യമസൃഷ്ടിയെന്ന ഒരു പ്രയോഗം തന്നെ ഭാഷയിലാവിർഭവിച്ചത് വെറുതെയല്ല.

അരുൺ ഷൂരി അടിയന്തരാവസ്ഥക്കാലം മുതൽ ഇപ്പോഴും ഉദ്ധരിക്കുന്ന ഒരു സുളു പഴമൊഴിയുണ്ട്;  എല്ലിൻ കഷണം വായിലിരിക്കുന്ന പട്ടി കുരയ്ക്കുകയില്ലെന്ന്. കാവൽ നായ്ക്കളാകേണ്ട മാദ്ധ്യമങ്ങളുടെ അവസ്ഥ അതാണ്, കൂടാതെ മോദിപ്പേടിയും.

അരുണ്‍ ഷൂരി

കേന്ദ്ര സർക്കാരിനെതിരായ വാർത്തകൾ തമസ്‌കരിക്കുവാനോ മയപ്പെടുത്തുവാനോ മാദ്ധ്യമങ്ങളെ നിർബ്ബന്ധിക്കുന്നതും വാലാട്ടിപ്പട്ടികളാക്കുന്നതും ഈ ഭയവും കൂടിയാണ്. ഒരു നിയമസഭാ പ്രതിനിധിപോലും ഇല്ലാതിരുന്ന കേരളത്തിലെ ചാനലുകൾ കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും പ്രീണിപ്പിക്കുവാനായി ആരുമറിയാത്ത ബി ജെ പി നേതാക്കളെ ചർച്ചകളിൽ വിളിച്ചിരുത്തി വർഗ്ഗീയവിഷം ചീറ്റാൻ അവസരം കൊടുത്തുകൊണ്ടാണ് കേരളത്തിൽ വർഗ്ഗീയതക്ക് വലിയൊരളവിൽ സ്വീകാര്യതയുണ്ടായത്.

ആ പ്രീണനം ഇപ്പോൾ പേടിയായി മാറി. തങ്ങൾ നൽകുന്ന ഏത് വാർത്തയുടെയും സംഘപരിവാര ഭാഷ്യം കൂടി നൽകുവാനായി അവരുടെ ഒരു അനൗദ്യോഗിക വക്താവിനെത്തന്നെ എഡിറ്റോറിയൽ ബോർഡിൽ നിയമിക്കുവാൻപോലും വാർത്താചാനലുകൾ നിർബ്ബന്ധിതമായിരിക്കുന്നു. മാദ്ധ്യമരംഗത്തെ പൈമ്പികവൃത്തിയിൽക്കുറഞ്ഞ ഒന്നുമല്ല ഇതെന്ന് അവരൊഴികെ മറ്റെല്ലാവർക്കുമറിയാം.

മലയാള മാദ്ധ്യമങ്ങളിലെ സർവ്വേകൾ യാതൊരു സാമൂഹികബോധവും ഉത്തരവാദിത്വവുമില്ലാത്ത വെറും കരിയറിസ്റ്റുകളായ ജേർണലിസ്റ്റുകളുടെ ആഗ്രഹപ്രകടനങ്ങൾ മാത്രമായിക്കലാശിക്കുന്നതാണ് കാണുന്നത്.

പല തരത്തിലുള്ള സർവ്വേകളെ ടെലിവിഷൻ ജേണലിസം ഉപയോഗപ്പെടുത്താറുണ്ട്. പ്രീപോൾ എക്സിറ്റ് പോൾ തുടങ്ങി പലതും. ജനാധിപത്യ പ്രക്രിയയിൻ അടിമുടി ആഴ്ന്നിറങ്ങി പ്രവർത്തിക്കും ഓരോ ന്യൂസ് റൂമും. പോളുകളുടെ രാഷ്ട്രീയം എന്താണ്?

അഭിപ്രായ സർവ്വേകൾ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരേകദേശ ധാരണയുണ്ടാക്കുവാൻ സഹായികമാവാറുണ്ടെന്നത് നേരാണ്. എന്നാൽ, കണിശമായ രാഷ്ട്രീയ പക്ഷപാതിത്വവും അജണ്ടയുമുള്ള നമ്മുടെ ചാനലുകളും പത്രങ്ങളും നടത്തുന്ന സർവ്വേകളുടെ ഉദ്ദേശ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി തങ്ങളുടെ രാഷ്ട്രീയത്തിന് അനുകൂലമാക്കുക എന്നതുതന്നെയാണ്.

എങ്കിലും, ഇന്ത്യാ ടുഡേ പോലുള്ള അപൂർവ്വം ചാനലുകൾ വിദഗ്ദ്ധരെ ഉപയോഗിച്ച് ശാസ്ത്രീയമായി നടത്തുന്ന സർവ്വേകൾ പലപ്പോഴും ശരിയാകാറുമുണ്ട്. അവരുടെ കാമ്പയിൻ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയതുകൊണ്ടല്ല, ജനഹിതം തിരിച്ചറിയാൻ അവർക്ക് നേരത്തേ കഴിഞ്ഞതുകൊണ്ടാണ്. എന്നാൽ, മലയാള മാദ്ധ്യമങ്ങളിലെ സർവ്വേകൾ യാതൊരു സാമൂഹികബോധവും ഉത്തരവാദിത്വവുമില്ലാത്ത വെറും കരിയറിസ്റ്റുകളായ ജേർണലിസ്റ്റുകളുടെ ആഗ്രഹപ്രകടനങ്ങൾ മാത്രമായി കലാശിക്കുന്നതാണ് കാണുന്നത്.

ഇൻഫർമേഷൻ നല്കുക, വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുക, ചരിത്രം ഓർമപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കപ്പുറത്ത് മാനിപ്പുലേഷന് കൂടി സാധ്യതയുള്ള സ്പേസാണ് ജേണലിസം. മാധ്യങ്ങളുടെ തെരഞ്ഞെടുപ്പു ചരിത്രം തെരഞ്ഞെടുപ്പിലെ സ്വാധീനമായി മാറുന്നതിൻ്റെ ചരിത്രത്തെ വിലയിരുത്താമോ?

വാർത്താ ചാനലുകൾ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് തിരഞ്ഞെടുപ്പുകാലത്തെ സർവ്വേകളിലൂടെയോ സംവാദങ്ങളിലൂടെയോ ഒന്നുമല്ല. അവർ നിരന്തരം നിർദ്ദോഷമെന്നും നിഷ്പക്ഷമെന്നുമുള്ള വ്യാജേന സൃഷ്ടിക്കുന്ന വ്യാജവാർത്തകളിലൂടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന പൊയ് വിശ്വാസങ്ങൾ തെരഞ്ഞൈടുപ്പിനെ നിശ്ചയമായും സ്വാധീനിക്കും.

രജ്ദീപ് സര്‍ദേശായ്, രവീഷ് കുമാര്‍, കരണ്‍ ഥാപ്പര്‍

ചെങ്കോലും കിരീടവുമായി സംഘപരിവാരം സിംഹാസനാരൂഢരായതോടെ മാദ്ധ്യമങ്ങൾ അവരുടെ പ്രത്യയശാസ്ത്രവുമായി താദാത്മ്യം പ്രാപിച്ച ഇന്നത്തെ അവസ്ഥയിൽ നിരന്തരം പ്രേക്ഷകരെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമാക്കുക എന്ന ദൗത്യമാണ് മാദ്ധ്യമങ്ങൾ പൊതുവെ നിർവ്വഹിക്കുന്നത്. ദേശീയതലത്തിൽ രാജ്ദീപ് സർദേശായിയെയും രവീഷ് കുമാറിനെയും കരൺ താപ്പറിനെയും മറ്റും പോലുള്ള ഒറ്റപ്പെട്ട നല്ല മാദ്ധ്യമപ്രവർത്തകരും ദ വയർ, ന്യൂസ് ലോൺട്രി എന്നിവ പോലുള്ള അപൂർവം മാദ്ധ്യമസ്ഥാപനങ്ങളും ഉണ്ടെങ്കിലും കേരളത്തിൽ അത്തരം മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും എത്രയുണ്ടെന്ന അന്വേഷണവും അനിവാര്യമാണ്. വേറൊരവസരത്തിൽ പേരു മറച്ചുവെയ്ക്കാതെതന്നെ നമുക്ക് അതേക്കുറിച്ച് സംസാരിക്കാം, സംസാരിക്കേണ്ടതുമാണ്.

പഴയ ചരിത്രമൊന്നും ഓർമിപ്പിച്ചില്ലെങ്കിലും ഇന്നു നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കുവാൻ മാദ്ധ്യമങ്ങൾ ബോധപൂർവ്വം കഛിനയത്‌നം നടത്തേണ്ട അതീവ പ്രാധാന്യമുള്ള ഒരു സന്ദർഭമാണിത്. പക്ഷെ, തങ്ങളുടെ ഇടുങ്ങിയ നിക്ഷിപ്ത താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമങ്ങളല്ലാതെ വർത്തമാനകാലത്തെ സംബന്ധിച്ച യഥാർത്ഥചിത്രം നൽകുവാൻ മാദ്ധ്യമങ്ങൾ സന്നദ്ധമല്ലെന്നതാണ് ഭയജനകമായ യാഥാർത്ഥ്യം. ഒട്ടും ശുഭസൂചകമല്ല മാദ്ധ്യമങ്ങളുടെ വർത്തമാനം.  

Comments