നുണയമ്പുകൾ സത്യത്തെ കൊല്ലുന്ന വിധം, മാധ്യമത്തിൽ സംഭവിക്കുന്നത്…

“നിർബന്ധിത കരാർവത്​കരണത്തിനും നിർബന്ധിത രാജിക്കുമുള്ള ചാട്ടവാറായി മാനേജ്​മെൻറ് ശമ്പളത്തെ ഉപയോഗിക്കുന്നു എന്നതാണ് മാധ്യമത്തിലെ ശമ്പള പ്രതിസന്ധിയുടെ ആണിക്കല്ല്​. കരാർ നിയമനത്തിലുള്ളവർക്കും വിരമിച്ചശേഷം സർവീസിൽ തുടരുന്നവർക്കും കൃത്യമായ ശമ്പളം മറ്റുള്ളവർക്ക് എട്ടു മാസത്തെ കുടിശ്ശിക എന്നതാണ് ഇപ്പോഴത്തെ സ്ഥിതി,” മാധ്യമം പത്രത്തിലെ ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന KUWJ സംസ്ഥാന പ്രസിഡണ്ട് കെ.പി. റജി എഴുതുന്നു.

ത്യം പകൽ പോലെ വ്യക്​തമാണെങ്കിലും നുണ കൂമ്പാരങ്ങൾ പൊതിഞ്ഞ കരിമ്പടത്തിന് അതിനു മേൽ കാർമേഘ പടലം തീർക്കാനും അവാസ്തവത്തിൻറെ ആഖ്യാന പ്രതീതി സൃഷ്ടിക്കാനും കഴിയുമെന്നതിൻറെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് എട്ടു മാസത്തെ ശമ്പളം കുടിശ്ശികയായ മാധ്യമം ദിനപത്രത്തിലെ തൊഴിലാളികൾ തുടരുന്ന അനിശ്​ചിതകാല സമരം പൊളിക്കാൻ സൈബറിടങ്ങളിൽ ഒരു കൂട്ടർ അവിരാമം തുടരുന്ന നുണപ്രചാരണത്തിൻറെ ശരമാരി. അണിയറയിൽനിന്നു കിട്ടുന്ന കാപട്യത്തിൻറെ കല്ലുവെച്ച ആയുധമുനകളുമായി കാലാൾപ്പട തുടങ്ങിവെച്ച ആൾക്കൂട്ട ആക്രമണത്തിനു വീര്യം പകരാൻ പടത്തലവൻമാർ നേരിട്ടു കളത്തിലിറങ്ങാൻ തുടങ്ങിയിരിക്കുന്ന എന്നതാണ് ഈ സൈബർ പോർമുഖത്തെ ഒടുവിലത്തെ വിശേഷം.

അനുരാഗാത്മകമായ ഭ്രമം

ശമ്പളമില്ലാത്ത സ്ഥാപനത്തിൽ എന്തിനു കടിച്ചുതൂങ്ങിക്കിടക്കുന്നു, ഇട്ടിട്ടു വേറെ പണിക്ക് പൊയ്​ക്കൂടെ എന്നതാണ് തൊഴിലാളികൾക്കെതിരെ സൈബർ പോരാളികൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. എട്ടുമാസമായി ശമ്പളം കിട്ടാത്ത സ്ഥാപനത്തിൽ പണിയെടുക്കണമെങ്കിൽ ഒന്നുകിൽ ആ സ്ഥാപനത്തോട് അനുരാഗാത്മകമായ ഭ്രമം ഉണ്ടായിരിക്കണം. അല്ലെങ്കിൽ മറ്റെവിടെയും പണി കിട്ടാൻ കോപ്പില്ലാത്തവരാകണം അവർ എന്നാണ് പ്രമുഖ താർക്കിക വിശകലന വിദഗ്​ധൻറെ പരിഷ്കൃതമായ ന്യായവാദം. ജനുവരിയിലെ ശമ്പളം ഭാഗികമായി മാത്രം കൈപ്പറ്റിയിട്ട് സെപ്​റ്റംബർ 18ാം തീയതിയും ശമ്പളം കിട്ടാത്ത അവസ്​ഥയ്ക്കാണ് എട്ടു മാസത്തെ ശമ്പള കുടിശ്ശികയെന്നു പറയുക എന്ന് ഈ ബുദ്ധിജീവികളെ പറഞ്ഞു മനസ്സിലാക്കാൻ എന്തു ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. രാജ്യത്തെ ഓരോ തൊഴിൽ മേഖലയിലും അവിടുത്തെ തൊഴിൽ സാഹചര്യവും ഉൽപാദനത്തിന് അല്ലെങ്കിൽ സേവനത്തിന് വേണ്ടിവരുന്ന തൊഴിൽ വൈദഗ്​ധ്യവും വ്യവസായത്തിൻറെ സാമ്പത്തിക സാഹചര്യവും ഒക്കെ പരിഗണിച്ച് തൊഴിലാളിക്ക് നൽകേണ്ട കുറഞ്ഞ കൂലിക്ക് ഭരണകൂടം ഒരു വ്യവസ്ഥ നിശ്​ചയിച്ചിട്ടുണ്ട്​. ഈ കൂലി അതത് മാസം ഏഴാം തീയതിക്കകം തൊഴിലാളിക്ക് നൽകണമെന്നാണു പേയ്​മെൻറ് ഓഫ് വേജസ് ആക്ട് നിഷ്കർഷിച്ചിരുന്നത്​. ഏഴാം തീയതിക്കകം ശമ്പളം നൽകാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് പുതിയ ലേബർ കോഡുകളുടെ ഭാഗമായ കോഡ് ഓൺ വേജസും അനുശാസിക്കുന്നു. രാജ്യത്തു നിലനിൽക്കുന്ന ഈ നിയമവ്യവസ്ഥ ലംഘിക്കുകയും ജനുവരി ശമ്പളം സെപ്​റ്റംബർ നാലാം വാരത്തിലേക്കു കടക്കുമ്പോഴും വിതരണം ചെയ്യാതിരിക്കുകയും ചെയ്യുന്ന മാനേജ്​മെൻറിൻറെ നിയമലംഘനത്തിനെതിരെയാണ് തൊഴിലാളികൾ പോരാടുന്നത്​. ​

12 മുതൽ 39 വർഷം വരെ സേവനകാലം മാധ്യമത്തിൽ പൂർത്തിയാക്കിയവരാണ് വേല ചെയ്ത കൂലിക്കായി സമരമുഖത്ത് ഇരിക്കാൻ നിർബന്ധിതരായിരിക്കുന്നത്​. ഇവരിൽ മിക്കവരും സൈബറിടത്തിൽ ആക്ഷേപിക്കുന്നതു പോലെ തന്നെ മാധ്യമപ്രവർത്തനത്തോടും മാധ്യമത്തോടും അനുരാഗാത്മകമായ ഭ്രമം ഉള്ളതുകൊണ്ടാണ് മറ്റു പല തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളുമൊക്കെ മുന്നിൽ വന്നിട്ടുപോലും ഈ രംഗത്ത് തുടർന്നത്​. സർക്കാറിലും ഇതര സ്ഥാപനങ്ങളിലുമൊക്കെ മികച്ച അവസരങ്ങൾ വന്നിട്ടുപോലും വേണ്ടെന്നുവെച്ച് മാധ്യമത്തിൽ തുടർന്ന ഒട്ടേറെ പേർ ഈ ആക്ഷേപം കേൾക്കുന്നവരിലുണ്ട്​. ജേർണലിസത്തിൽ ബിരുദാനന്തര യോഗ്യതകളും മറ്റ് ഉന്നത ബിരുദങ്ങളും മികച്ച സാ​ങ്കേതിക പരിജ്ഞാനവുമൊക്കെ ആർജിച്ച് മാധ്യമം നിഷ്കർഷിച്ച മാനദണ്ഡ പ്രകാരം എഴുത്തുപരീക്ഷയും അഭിമുഖവും വിജയകരമായി തരണം ചെയ്​ത് ജോലിയിൽ ​പ്രവേശിക്കുകയും പതിറ്റാണ്ടുകൾ രാവ് പകലാക്കി അത്യധ്വാനം ചെയ്ത് തൊഴിലിൽ മികവ് തെളിയിക്കുകയും ചെയ്തവരാണവർ. ഇവരിൽ പലർക്കും സർക്കാർ സർവീസിൽനിന്ന് ലഭിക്കുമായിരുന്ന പെൻഷൻ തുക മാധ്യമത്തിലെ ഇപ്പോ​ഴത്തെ സാലറി സ്ലിപ്പിൽപോലുമില്ല. വർക്കിങ് ജേർണലിസ്റ്റ് ആക്ട് നിഷ്കർഷിക്കുന്ന ​തൊഴിൽ സമയമായ ആറു മണിക്കൂറിനു പകരം അതിൻറെ ഇരട്ടിയോളം സമയം ജോലി ചെയ്ത് ആൾക്ഷാമത്തിൻറെ കുറവറിയാതെ പത്രം ഇറക്കാൻ മുന്നിൽനിന്നവരാണ് ‘ഈ മ​​റ്റെങ്ങും പണി കിട്ടാത്ത പാവങ്ങൾ’. പരിശീലന കാലം പൂർത്തിയാക്കാൻ കഴിയാതെ ഇട്ടുപോവുകയും അതിനുമപ്പുറമുള്ള യോഗ്യതകളുടെ ബലത്തിൽ ഉന്നതങ്ങളിൽ പ്രതിഷ്ഠ നേടി വിഗ്രഹവത്​കരിക്കപ്പെടുകയും ചെയ്യുന്ന നവ ഉദാരീകരണ കാലത്ത് ഈ അനുരാഗാത്മകമായ ഭ്രമം പുച്​ഛിച്ചു തള്ളേണ്ടതു തന്നെയെന്നതു വേറെ കാര്യം.

രാജ്യത്തെ ഓരോ തൊഴിൽ മേഖലയിലും അവിടുത്തെ തൊഴിൽ സാഹചര്യവും ഉൽപാദനത്തിന് അല്ലെങ്കിൽ സേവനത്തിന് വേണ്ടിവരുന്ന തൊഴിൽ വൈദഗ്​ധ്യവും വ്യവസായത്തിൻറെ സാമ്പത്തിക സാഹചര്യവും ഒക്കെ പരിഗണിച്ച് തൊഴിലാളിക്ക് നൽകേണ്ട കുറഞ്ഞ കൂലിക്ക് ഭരണകൂടം ഒരു വ്യവസ്ഥ നിശ്​ചയിച്ചിട്ടുണ്ട്​.
രാജ്യത്തെ ഓരോ തൊഴിൽ മേഖലയിലും അവിടുത്തെ തൊഴിൽ സാഹചര്യവും ഉൽപാദനത്തിന് അല്ലെങ്കിൽ സേവനത്തിന് വേണ്ടിവരുന്ന തൊഴിൽ വൈദഗ്​ധ്യവും വ്യവസായത്തിൻറെ സാമ്പത്തിക സാഹചര്യവും ഒക്കെ പരിഗണിച്ച് തൊഴിലാളിക്ക് നൽകേണ്ട കുറഞ്ഞ കൂലിക്ക് ഭരണകൂടം ഒരു വ്യവസ്ഥ നിശ്​ചയിച്ചിട്ടുണ്ട്​.

ഓട് പൊളിച്ചിറങ്ങിയവരല്ല തൊഴിലാളികൾ

സാ​​ങ്കേതിക വിദ്യകളുടെ മുന്നേറ്റത്തോടെ മാധ്യമ മേഖലയിൽ പണിയെടുക്കാൻ വളരെ കുറച്ച് ആളുകളുടെ ആവശ്യമേ ഉള്ളൂവെങ്കിലും മാധ്യമത്തിൽ ആളുകൾ അധികമായതാണ് പ്രതിസന്ധിയുണ്ടാക്കി​യതെന്നാണ് മറ്റൊരാഖ്യാനം. അധിക തൊഴിലാളികൾ എന്ന വാദമുയർത്തിയാണല്ലോ കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിലായി ഇരുനൂറോളം പേരെ നിർബന്ധിച്ചു രാജിവെപ്പിച്ചത്​. അവരിൽ നല്ലൊരു പങ്കിനും പിന്നീട് പുനർ നിയമനം നൽകി എന്നു വരുമ്പോൾ അധിക ജീവനക്കാർ എന്ന സ്വന്തം ചിത്രീകരണം തന്നെ പൊളിഞ്ഞുവീഴുകയാണെന്ന് സൈബർ പ്രചാരണത്തിന് കോപ്പ് നൽകുന്നവർ സ്വയം തിരിച്ചറിയേണ്ടതുണ്ട്​. ആരെങ്കിലും പറയുന്ന വിവരങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി സൈബറിടത്തിൽ ഛർദിച്ചുകൂട്ടുന്നവരും യാഥാർഥ്യമെന്തെന്ന് അന്വേഷിച്ച് അറിയുകയെങ്കിലും ചെയ്യണം. വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ പേരെ വീണ്ടും നിയമിച്ചുകൊണ്ടിരിക്കുകയുമാണ്​. മതിയായ തൊഴിലാളികൾ ഇല്ലാത്തതിനാൽ സുഗമമായ പ്രവർത്തനം നടക്കുന്നില്ല എന്നു ബന്ധപ്പെട്ടവർ ആഭ്യന്തര യോഗങ്ങളിൽ തുറന്നു സമ്മതിക്കുന്നുമുണ്ട്. തൊഴിലാളികൾ അധികം എന്നതല്ല, അവർക്ക് കൂലി കൊടുക്കാൻ പറ്റില്ല എന്നതാണു മാനേജ്​മെൻറ് വ്യംഗ്യമായി മുന്നോട്ടുവെക്കുന്നത്​. തന്നെയുമല്ല, തൊഴിലാളികൾ ആരും ഓട് പൊളിച്ചിറങ്ങി സ്വയം അവരുടെ കസേരയിൽ കയറി ഇരിപ്പുറപ്പിച്ചവരല്ല. അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർ നടത്തിയ നിയമനങ്ങളാണിവയെല്ലാം. ആവശ്യമില്ലാതെ നിയമനം നടത്തിയെന്നാണെങ്കിൽ അതിന് ശിക്ഷിക്കപ്പെടേണ്ടത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ്​. അല്ലാതെ തൊഴിലാളികളല്ല.

അറിയാത്ത റിപ്പോർട്ടിൽ ഉള്ളടക്കം പ്രശ്നം

തികഞ്ഞ കെടുകാര്യസ്ഥതയും ഭരണ പാളിച്ചകളും മിസ് മാനേജ്​മെൻറും ഭാവനാ ദാരിദ്ര്യവും തീർത്ത മുരടിപ്പും ജഡത്വവുമാണ് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പത്രം എന്ന നിലയിൽനിന്ന് സ്വന്തം തൊഴിലാളികളെ ശത്രുവായി കാണുന്ന സ്ഥാപനമെന്ന നിലയിലേക്ക് മാധ്യമത്തെ കൂപ്പുകുത്തിച്ചത്​. സ്ഥാപനത്തിനകത്തും പുറത്തും നടത്തിയ വിവിധ തരം പ്രതിഷേധങ്ങളോട് അധികാരികൾ മുഖംതിരിഞ്ഞു നിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം അടക്കം പരിപാടികളുമായി തുടർന്ന സമരം അന്നത്തെ തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി വിളിച്ചുചേർത്ത യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 27ന് നിർത്തിവെച്ചത്​. മാർച്ച് 15നകം ഒരു മാസത്തെയും ഏപ്രിൽ 15നകം ഒരു മാസത്തെയും ശമ്പളം വിതരണം ചെയ്യുക, തൊഴിലാളികൾ ഉന്നയിക്കുന്ന എല്ലാ ​പ്രശ്നങ്ങളും അതിനു മാനേജ്​മെൻറിൻറെ മറുവാദവും പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂസ് പേപ്പർ ഇൻസ്​പെക്ടറുടെ നേതൃത്വത്തിൽ കമ്മീഷനെ നിയമിക്കുക എന്നിവയായിരുന്നു മന്ത്രി മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ. അന്നു നാലു മാസമായിരുന്നു ശമ്പള കുടിശ്ശിക. മാർച്ച് 15നകവും ഏപ്രിൽ 15നകവും ഓരോ മാസത്തെ ശമ്പള വിതരണം നടന്നു. എന്നാൽ, അപ്പോഴേക്കും പുതിയ രണ്ടു മാസത്തെ ശമ്പളത്തിൻറെ സമയമായതിനാൽ കുടിശ്ശികക്ക് കുറവ് വന്നില്ല. മന്ത്രി നിർദേശിച്ച ഏപ്രിൽ 15നു ശേഷം ശമ്പള വിതരണം വീണ്ടും പാടേ താളം തെറ്റുകയായിരുന്നു. ബലി പെരുന്നാൾ പ്രമാണിച്ച് മേയ് 20നകം ഒരു മാസ ശമ്പളം വിതരണം ചെയ്യാമെന്നു മാനേജ്​​മെൻറ് തന്നെ ന്യൂസ്​പേപ്പർ ഇൻസ്​പെക്ടർ മുമ്പാകെ അറിയിച്ചതാണെങ്കിലും അതുണ്ടായില്ല. ഏപ്രിൽ 27ന് ന്യൂസ്​പേപ്പർ ഇൻസ്​പെക്ടർ സർക്കാറിനു സമർപ്പിച്ച റിപ്പോർട്ട് അതതു മാസം കൃത്യമായി ശമ്പള വിതരണം നടക്കണമെന്നും കുടിശ്ശിക ഡിസംബർ 31നകം തീർക്കണമെന്നും നിർദേശിക്കുന്നതായിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ മാനേജ്​മെൻറോ നടപ്പിലാക്കിക്കാൻ സർക്കാറോ ശ്രമിക്കാതിരുന്നതാണ് പ്രതിസന്ധി അതി ഗുരുതര നിലയിലേക്ക് എത്തിച്ചത്​. ഇങ്ങനെയൊരു റിപ്പോർട്ട് സമർപ്പിച്ചതായി അറിയില്ലെന്നാണ് മാനേജ്​മെൻറ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിശദീകരണ കുറിപ്പിലെ അവകാശവാദം. എന്നാൽ, ആഗസ്റ്റ് 18ന് തിരുവനന്തപുരത്ത് ലേബർ കമീഷണറേറ്റിൽ ലേബർ കമീഷണർ വിളിച്ചുചേർത്ത ഒത്തുതീർപ്പ് യോഗത്തിൽ മാനേജ്​മെൻറ് പ്രതിനിധി പറഞ്ഞത് ഇൻഡസ്​ട്രിയിലെ പ്രതിസന്ധിയും മാനേജ്​മെൻറിൻറെ വാദവും പൂർണമായും പ്രതിഫലിപ്പിക്കുന്നതല്ല ന്യൂസ് പേപ്പർ ഇൻസ്​പെക്ടറുടെ റിപ്പോർട്ട് എന്നായിരുന്നു. അറിയാത്ത റിപ്പോർട്ടിലെ ഉള്ളടക്കം അപഗ്രഥിക്കാൻ മാത്രം കൺകെട്ട് വിദ്യ വശമുള്ള വിദഗ്​ധനാണോ ഈ ഉദ്യോഗസ്ഥൻ?

ഏതു സാഹചര്യത്തിലും ഗ്രാറ്റുവിറ്റി നിർബന്ധിതമായ വ്യവസ്​ഥ നിലനിൽക്കുന്ന രാജ്യത്ത് ജോലിയിൽ തുടർന്നാൽ ആ തുക കിട്ടിയേക്കില്ലെന്ന ഭീഷണിയിലൂടെ തൊഴിലാളികളുടെ രാജിക്ക് സമ്മർദം ചെലുത്തുന്നതാണ് യഥാർഥത്തിൽ മാനേജ്​മെൻറ് ഓഫറിൻറെ കാതൽ.
ഏതു സാഹചര്യത്തിലും ഗ്രാറ്റുവിറ്റി നിർബന്ധിതമായ വ്യവസ്​ഥ നിലനിൽക്കുന്ന രാജ്യത്ത് ജോലിയിൽ തുടർന്നാൽ ആ തുക കിട്ടിയേക്കില്ലെന്ന ഭീഷണിയിലൂടെ തൊഴിലാളികളുടെ രാജിക്ക് സമ്മർദം ചെലുത്തുന്നതാണ് യഥാർഥത്തിൽ മാനേജ്​മെൻറ് ഓഫറിൻറെ കാതൽ.

ഓഫറുകളുടെ യാഥാർഥ്യം

ഏറ്റവും മികച്ച മൂന്ന് ഓഫറുകൾ മുന്നോട്ടുവെച്ചിട്ടും രാജിവെച്ചൊഴിയാതെ തൊഴിലാളികൾ കടിച്ചുതൂങ്ങിക്കിടക്കുന്നു എന്നതാണു മറ്റൊരു വ്യാജ പ്രചാരണം. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാൻ മാനേജ്​മെൻറ് തയാറല്ല എന്നതാണ് യഥാർഥ ​പ്രശ്നം. രാജിവെച്ചുപോയാൽ ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയും ആറു മാസം കഴിഞ്ഞു നൽകാമെന്നു മാത്രമാണ് ഇപ്പോഴും 'ഓഫർ'. ഒപ്പം ഡെഫേർഡ് സാലറിയുടെ പകുതി മാത്രവും. ഫലത്തിൽ ഡെഫേർഡ് സാലറിയുടെ പകുതി മാനേജ്‌മെന്റിനു നൽകി പിരിഞ്ഞു പോകാമെന്നു സാരം. രാജിവെച്ചൊഴിയാൻ സ്ഥാപനത്തിനു തുക നൽകേണ്ട ഗതികേടാണ് ഈ ‘ആനുകൂല്യ ഓഫറി’ന്റെ വൈചിത്ര്യം. നിയമാനുസൃതം പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിലും തൊഴിലാളി രാജിവെച്ചുപോകുമ്പോൾ നൽകേണ്ട നിയമപരമായ ബാധ്യത മാത്രമാണ് ചിലർ കൊട്ടിഘോഷിക്കുന്ന ആനൂകൂല്യം. രാജിവെച്ചാൽ ഗ്രാറ്റുവിറ്റിയും ശമ്പള കുടിശ്ശികയും കിട്ടും അല്ലെങ്കിൽ അതുമില്ലാതായേക്കുമെന്നാണു വീണ്ടുമുയരുന്ന പരോക്ഷ ഭീഷണി. ഏതു സാഹചര്യത്തിലും ഗ്രാറ്റുവിറ്റി നിർബന്ധിതമായ വ്യവസ്​ഥ നിലനിൽക്കുന്ന രാജ്യത്ത് ജോലിയിൽ തുടർന്നാൽ ആ തുക കിട്ടിയേക്കില്ലെന്ന ഭീഷണിയിലൂടെ തൊഴിലാളികളുടെ രാജിക്ക് സമ്മർദം ചെലുത്തുന്നതാണ് യഥാർഥത്തിൽ മാനേജ്​മെൻറ് ഓഫറിൻറെ കാതൽ. ഗ്രാറ്റുവിറ്റി കൊടുക്കാതിരിക്കാൻ വഴിയുണ്ടെന്ന തെറ്റായ ഉപദേശം നൽകി സ്ഥാപന നടത്തിപ്പ് ചുമതലയുള്ള ഉന്നതർക്കും ​ട്രസ്റ്റ് അംഗങ്ങൾക്കും കടുത്ത പ്രതിസന്ധിയിലേക്കു വഴി തെളിയിക്കുകയാണ് ശരിക്കുപറഞ്ഞാൽ സി.ഇ.ഒയും നി​യമോപദേശകരും ചെയ്യുന്നത്​. അടുത്തകാലം വരെയും ഇൻഷുറൻസ് ലിങ്ക്​ഡ് ആയിരുന്ന മാധ്യമത്തിലെ ഗ്രാറ്റുവിറ്റി സമ്പ്രദായം അതിൽനിന്നു മാറ്റി കൂടുതൽ സാമ്പത്തികഭാരം വരുത്തിവെച്ചതിൻറെ ഉത്തരവാദിത്തത്തിൽനിന്നും ഇവർക്കു കൈകഴുകി രക്ഷപ്പെടാനാവില്ല.

തികഞ്ഞ കെടുകാര്യസ്ഥതയും ഭരണ പാളിച്ചകളും മിസ് മാനേജ്​മെൻറും ഭാവനാ ദാരിദ്ര്യവും തീർത്ത മുരടിപ്പും ജഡത്വവുമാണ് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പത്രം എന്ന നിലയിൽനിന്ന് സ്വന്തം തൊഴിലാളികളെ ശത്രുവായി കാണുന്ന സ്ഥാപനമെന്ന നിലയിലേക്ക് മാധ്യമത്തെ കൂപ്പുകുത്തിച്ചത്​.

അമിത ശമ്പളമെന്ന നുണക്കഥ

മജീദിയ വേജ് ബോർഡ് ശിപാർശ നടപ്പാക്കി അർഹമായതിലും അമിതമായ ശമ്പളവും ആനൂകൂല്യങ്ങളും നൽകിയതാണ് മാധ്യമത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വേജ്​ബോർഡ് മാനദണ്ഡമോ വ്യവസ്​ഥകളോ അറിയാ​തെ ആരോ പറഞ്ഞുകേട്ട വിവരങ്ങൾ പകർത്തി ചില ചാവേറുകൾ ആഖ്യാനങ്ങൾ ചമയ്ക്കുന്നത്​. കേരളത്തിൽ മാധ്യമം മാത്രമല്ല, വേജ്​ബോർഡ് നടപ്പാക്കിയതെന്ന് ഇവർ ഇനിയെങ്കിലും ഓർക്കുന്നതു നന്നാവും. സംസ്​ഥാനത്ത് ആദ്യമായി ​മജീദിയ വേജ്​ബോർഡ് ശിപാർശ നടപ്പാക്കിയതിൻറെ ക്രഡിറ്റ് മാധ്യമത്തിനു നൽകാമെന്നു മാത്രം.

വാർഷിക വിറ്റുവരവിൻറെ അടിസ്ഥാനത്തിൽ ശമ്പളം നൽകുക എന്നതാണ് വേജ്​ബോർഡ് വ്യവസ്ഥ. ഒരു ബ്രാൻഡിനു കീഴിലുളള എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വരുമാനം ഒരുമിച്ചു കണക്കാക്കി വേണം വാർഷിക വിറ്റുവരവ് നിശ്​ചയിക്കാനെന്നും വേജ്​ബോർഡ് ശുപാർശയിൽ എടുത്തുപറയുന്നുണ്ട്​. എന്നാൽ, അതിസമ്പന്നമായിരുന്ന ​ഗൾഫ് മാധ്യമത്തിൻറെ വിറ്റുവരവ് ശമ്പള നിർണയത്തിൽ പരിഗണന ആയതേയില്ല. 10 കോടി രൂപ വാർഷിക വിറ്റുവരവുള്ള സ്ഥാപനം നൽകേണ്ട ക്ലാസ് അഞ്ച് പരിധിയിലെ വ്യവസ്ഥകൾ പ്രകാരമാണ് മാധ്യമം വേജ്​ബോർഡ് നടപ്പാക്കിയത്​. അന്ന് മാധ്യമത്തിൻറെ കേരളത്തിലെ സർക്കുലേഷൻ വരുമാനം പോലും ഇതിൻറെ ഇരട്ടിയിലധികമായിരുന്നു. രണ്ടു വർഷത്തിനു ശേഷം 50 കോടിക്കും നുറു കോടിക്കുമിടയിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനം നൽകേണ്ട ക്ലാസ് നാലിലേക്ക് ശമ്പളം ഉയർത്തിയതായി കൊട്ടിഘോഷിക്കപ്പെട്ടെങ്കിലൂം അധികമായി ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ പകുതിയും പിടിച്ചുവെച്ചുകൊണ്ടായിരുന്നു ഈ മേനി നടിക്കൽ. ആ ഭാഗിക ക്ലാസ് വർധനയും പിന്നീട് നിയമവിരുദ്ധമായി വെട്ടിക്കുറച്ചു. അഞ്ചാറു വർഷമായി വാർഷിക ഇൻക്രിമെൻറ് പോലുമില്ലാതെയാണ് ഭൂരിപക്ഷം തൊഴിലാളികളും പണിയെടുക്കുന്നത്​. വർധിച്ചുവരുന്ന ജീവിതച്ചെലവുകളിൽ പിടിച്ചുനിൽക്കാൻ സഹായകമായിരുന്ന ഡി.എ വർധന പോലും ഇപ്പോൾ നൽകുന്നില്ല.

സംയുക്​ത ട്രേഡ് യൂണിയൻ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ്​പേപ്പർ എം​േപ്ലായീസ് ഫെഡറേഷനും നേതൃത്വം നൽകുന്നതാണ് ഈ അതിജീവന പ്ര​ക്ഷോഭം.
സംയുക്​ത ട്രേഡ് യൂണിയൻ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ്​പേപ്പർ എം​േപ്ലായീസ് ഫെഡറേഷനും നേതൃത്വം നൽകുന്നതാണ് ഈ അതിജീവന പ്ര​ക്ഷോഭം.

സുപ്രീംകോടതി വേജ്​ബോർഡ് ശിപാർശ ശരിവെച്ചയുടൻ മുൻകാല പ്രാബല്യത്തോടെ മറ്റു മുൻനിര മാധ്യമങ്ങളെല്ലാം അതു നടപ്പാക്കിയിട്ടുണ്ട്​. ഫലത്തിൽ മാധ്യമം നടപ്പാക്കിയ കാലം മുതൽ തന്നെ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അടക്കമുള്ള സ്ഥാപനങ്ങളിലെ ​ജീവനക്കാർക്കും മജീദിയ വേജ്​ബോർഡ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർന്നി​ങ്ങോട്ടും അവർ വേജ്​ബോർഡ് ആനുകൂല്യങ്ങൾ കൃത്യമായി നൽകിവരുന്നു. കേരളത്തിലെ ഏതാണ്ട് എല്ലാ പത്രങ്ങളും വേജ്​ബോർഡ് നടപ്പാക്കിയവരാണ്​. അവർ ഉൾപ്പെടുന്ന വരുമാന പരിധിയുടെ ക്ലാസിൽ ആണെന്നു മാത്രം.

തളരാത്ത പ്രിൻറ് മീഡിയയെ കൊല്ലുന്ന വിധം

വിവര വിനിമയ സ​ങ്കേതങ്ങളിലുണ്ടായ കുതിപ്പ് വെല്ലുവിളികൾ തീർക്കുന്നുണ്ടെങ്കിലും ലാഭത്തിൽ കുറവ് വന്നതല്ലാതെ അത് അച്ചടി മാധ്യമങ്ങളെ ശമ്പളം നൽകാൻ കഴിയാത്ത വിധത്തിലേക്കു തളർത്തി എന്നു പറയുന്നത് സത്യത്തിനും ഡാറ്റകൾക്കും നിരക്കാത്ത വസ്തുതയാണ്​. ഇന്ത്യയിൽ അച്ചടി മാധ്യമങ്ങൾ വളർച്ചയുടെ പാതയിൽ തന്നെയാണെന്നാണ് ഏറ്റവുമൊടുവിലത്തെ കണക്കുകളും വ്യക്​തമാക്കുന്നത്​. മാധ്യമത്തിൻറെ വാർഷിക വിറ്റുവരവിലും നടത്തിപ്പിലെ പാളിച്ചകൾക്ക് ആനുപാതികമായ തളർച്ച ഉണ്ടായിട്ടില്ലെന്ന കണക്ക് അച്ചടിമാധ്യമങ്ങൾക്കു പൊതുവെയും ബ്രാൻഡിൻറെ മൂല്യത്തിലും സ്വീകാര്യതക്കു കുറവുണ്ടായിട്ടില്ലെന്നു തന്നെയാണ് വ്യക്​തമാക്കുന്നത്​. പത്രത്തെ വെറുമൊരു ഇവൻറ് കമ്പനിയാക്കി മാറ്റാൻ നടത്തിയ ശ്രമവും കണക്കിലെ കളികൾ വെച്ചുമുള്ള കാട്ടിക്കൂട്ടലുകളുമാണ് വാസ്​തവത്തിൽ ആ ബ്രാൻഡിന് എന്തെങ്കിലും ഇടിവുണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം. വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് എന്ന നിലയും ആട്ടുന്നവനെ പിടിച്ചു നെയ്യാ​ൻ ഏൽപ്പിച്ചതുമൊക്കെയാണ് യഥാർഥ പ്രശ്നം. ഇഷ്ടക്കാരെ കുഞ്ചിക സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ അമിത വ്യഗ്രതക്കും കാര്യമായ പണിയില്ലാതെ മാനേജർമാർ ചുറ്റിത്തിരിഞ്ഞു വരുത്തിയ ദുർവ്യയത്തിനുമൊക്കെ പരിഹാരം പ്രിൻറ് മീഡിയ മരിച്ചു എന്ന വിലാപകാവ്യമല്ല.

ഈ സമരത്തിനു നിറമില്ല; വിയർപ്പിൻറെ മണം മാത്രം

തൊഴിലാളികളുടെ അതിജീവന സമരത്തെ പ്രത്യേക കള്ളികളിലേക്കു മാറ്റിനിർത്തിയും ഇഷ്ടമില്ലാത്ത പെയിൻറടിച്ചും കൊന്നുതള്ളാനാണ് മ​റ്റൊരു ശ്രമം. സമരത്തിൻറെ ഒരു ഘട്ടം മുതൽ സൈബർ പോരാളികളിലൂടെ പറഞ്ഞുവെച്ചുകൊണ്ടിരുന്ന ആഖ്യാനത്തിന് അടുത്തിടെ ഔദ്യോഗികതയുടെ മേലൊപ്പുമായിട്ടുണ്ട്​. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. തല്ലിക്കൊല്ലാൻ അതാണല്ലോ എളുപ്പം. പേപ്പട്ടിയെ തല്ലിക്കൊന്നാൽ കുറ്റം പറയാൻ ആരുമുണ്ടാവില്ല. അനുയായികൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിഭാഗീയതയുടെ ഏറ്റവും ആപത്​കരമായ കൊടിയ വിഷം തന്നെ കുത്തിവെച്ച് പാവം ആടിനെ കൊല്ലാനാണ് ഇപ്പോൾ ചിലർ മുന്നിട്ടിറങ്ങിയിരിക്കുന്നത്​. അവർക്ക് പ്രയോഗ പരിചയവും ജയസാധ്യതയുമുള്ള ഏക ആയുധം അത് ആയതുകൊണ്ടാവാം അത്​.

ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്കു കടന്നപ്പോൾ ജീവിതത്തിൻറെ രണ്ടറ്റവും മുട്ടിക്കാനാവാതെ ദുരിതക്കയത്തിലായ തൊഴിലാളി അവസാന ജീവശ്വാസത്തിനായി നടത്തുന്ന പോരാട്ടമാണിത്. ചർച്ചയുടെയും അനുരഞ്ജനത്തിൻറെയും എല്ലാ വഴിയും അടഞ്ഞപ്പോൾ ഞങ്ങൾക്ക് ഗത്യന്തരമില്ലാതെ നിർബന്ധിതമായി തെരഞ്ഞെടു​​ക്കേണ്ടിവന്നതാണ് ഈ സമരപാത. അതിൽ ഇടതു, വലത്​, മധ്യ പക്ഷങ്ങളൊന്നുമില്ല. നീതിക്കു വേണ്ടിയുള്ള പക്ഷം മാത്രം. രാജ്യത്തെ സമസ്ത തൊഴിലാളി വിഭാഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഈ സമര വഴികളിലുടനീളമുണ്ട്​. സി.പി.എമ്മിൻറെയും കോൺഗ്രസിൻറെയും സി.പി.ഐയുടെയും മുസ്​ലിം ലീഗിൻറെയും ജനതാദളിൻറെയും മറ്റു സോഷ്യലിസ്റ്റ് പാർട്ടികളുടെയും കേരള കോൺഗ്രസിൻറെയുമെല്ലാം തൊഴിലാളി സംഘടനകൾ കൊടിനിറം നോക്കാതെ തൊഴിലാളി എന്ന ഒറ്റ വികാരത്തിലാണ് ഞങ്ങളോടൊപ്പം ചേർന്നുനിൽക്കുന്നത്​. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറാണ് സമരസഹായ സമിതി ചെയർമാൻ തന്നെ. സംയുക്​ത ട്രേഡ് യൂണിയൻ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ്​പേപ്പർ എം​േപ്ലായീസ് ഫെഡറേഷനും നേതൃത്വം നൽകുന്നതാണ് ഈ അതിജീവന പ്ര​ക്ഷോഭം. മറിച്ചുള്ള പ്രചാരവേലകളെല്ലാം സമരത്തെ നിറം പിടിപ്പിച്ചു തകർക്കാനുള്ള കപട തന്ത്രങ്ങൾ മാത്രം.

പത്രപ്രവർത്തക യൂണിയനും ഗ്രാൻഡ് ഡിസൈനും

യൂണിയനെ നേരിട്ടു പരാമർശിച്ചുകൊണ്ട് മീഡിയ വൺ എഡിറ്റോറിയൽ മേധാവി സി. ദാവൂദ് ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പ് കേരളത്തിലെ വർക്കിങ് ജേർണലിസ്റ്റുകളുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയനു മേൽ പോലും വർഗീയ വിഷം ചീറ്റാൻ നടത്തുന്ന ശ്രമം അദ്ദേഹം എന്താണു ലക്ഷ്യമാക്കുന്നതെന്നതിൻറെ വ്യക്​തമായ സന്ദേശമാണ്​. യൂണിയൻറെ കേസ് നടത്തിപ്പും വക്കീലുമായി ബന്ധപ്പെട്ടതാണ് അതിലെ ഒരു പരാമർശം. വക്കീലിൻറെ കഴിവില്ലായ്മയെ കുറിച്ചുള്ള പരാമർശത്തിന് വക്കീൽ തന്നെ കുറിക്കുകൊള്ളുന്ന മറുപടി നൽകിക്കഴിഞ്ഞതിനാൽ അതിലേക്കു കടക്കുന്നില്ല. കേസിലേക്ക് പോയാലുണ്ടാകുന്ന പ്രശ്നങ്ങൾ തുടക്കത്തിലേ മാധ്യമത്തിൻറെ ഉന്നതാധികാരികളുമായി യൂണിയൻ പലകുറി വിശദമായി ചർച്ച ചെയ്തിട്ടുളളതാണ്​. കേസ് ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അതിനു വഴങ്ങാതെ കേസെങ്കിൽ കേസ് എന്ന നിലപാടിലേക്ക് പോയത് ആരാണെന്ന് ദാവൂദ് അന്വേഷിച്ച് അറിയേണ്ടതാണ്​. കോടതിയിൽ കേസ് നടത്തേണ്ട സാഹചര്യം വന്നാൽ അത് ജയിക്കാൻ പറ്റുന്ന വക്കീലിനെ താങ്ങാൻ പറ്റാവുന്ന ഫീസ് നൽകി ചുമതലപ്പെടുത്തുക എന്നത് കക്ഷിയുടെ അവകാശമാണ്​. അതിന് എതിർ കക്ഷിയുടെ സാക്ഷ്യപത്രം നിർബന്ധമാവുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഗതിയാണ്​. ആർ.എസ്​.എസുകാരായ അഭിഭാഷകരെ വെച്ച് പല കേസും നടത്തിയ മാനേജ്​മെൻറ് നിലപാടിലും ഞങ്ങൾ തെറ്റ് കാണുന്നില്ല.

സി.ദാവൂദ്, മീഡിയ വൺ മാനേജിങ് എഡിറ്റർ
സി.ദാവൂദ്, മീഡിയ വൺ മാനേജിങ് എഡിറ്റർ

പണിയെടുത്ത കൂലി എട്ടു മാസം കുടിശ്ശിക നിൽക്കുന്ന തൊഴിലാളികൾ സമരമുഖത്ത് നിൽക്കുമ്പോൾ തൊഴിലാളിയുടെ വേദന ഒപ്പാൻ സാധ്യമാവുന്നതെല്ലാം ചെയ്യുകയെന്നതാണ് തൊഴിലാളി യൂണിയൻറെ കടമ. ആ പോരാട്ടത്തിൽ മാനേജ്​മെൻറിൻറെ എല്ലാ പരിപാടികളും സുഗമമായി നടന്നുപോകണമെന്നും തൊഴിലാളികൾ തെരുവിൽ പട്ടിണിയിരുന്നുകൊള്ളണമെന്നും ശാഠ്യം പിടിക്കാൻ മുതലാളിക്ക് മാത്രമേ കഴിയൂ. യൂണിയനു സാധ്യമാവില്ല. കഴിഞ്ഞവർഷം മംഗളം ദിനപത്രത്തിൽ ശമ്പള പ്രതിസന്ധിക്കെതിരെ സമരമുഖത്തായിരുന്ന യൂണിയൻ അടൂരിൽ അവർ നടത്തിയ ബിസിനസ് ഇവൻറ് വേദിയിൽ പ്രതിഷേധ ബോർഡ് വെച്ചപ്പോൾ ഉയരാത്ത നിറം ചേർത്ത ആരോപണങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്​. മീഡിയ വണിൻെറ തിരുവനന്തപുരം പരിപാടി ഹയാത്ത് ഹോട്ടലിൽ വൈകുന്നേരം അഞ്ചു മണിക്കാണു തുടങ്ങിയത്​. ആ വിഷയത്തിൽ പത്രപ്രവർത്തക യൂണിയൻറെ ​പ്രസ്താവന ഇറങ്ങിയത് വൈകുന്നേരം മൂന്നരക്കും. ഒന്നര മണിക്കൂർ മുമ്പ് മാത്രം ഇറക്കിയ പ്രസ്താവനയുടെ പേരിൽ യൂണിയനു മേൽ പോലും വിഷലിപ്തതയുടെ മൂടുപടമിടാനാണ് അദ്ദേഹത്തിൻറെ ശ്രമം.

ജമാഅത്തെ ഇസ്​ലാമിയുടെ ഇഫ്​താറിൽ പങ്കെടുക്കരുതെന്നു പറഞ്ഞതാണ് സി. ദാവൂദിനെ വേദനിപ്പിച്ച മറ്റൊരു കാര്യം. ഏതു സാഹചര്യത്തിലാണ് അത്തരമൊരു നിലപാട് സ്വീകരിക്കേണ്ടിവന്നതെന്ന് സൗകര്യപൂർവം മറച്ചുവെക്കുകയാണ് അദ്ദേഹം. ശമ്പള കുടിശ്ശിക മുന്നു മാസം പിന്നിട്ട ഘട്ടത്തിൽ കഴിഞ്ഞ വർഷം ഒക്​ടോബർ ഒടുവിൽ മാധ്യമത്തിലെ തൊഴിലാളികൾ ഒരു സമരം തുടങ്ങിയിരുന്നു. പത്ര നടത്തിപ്പിനെ ബാധിക്കാത്ത വിധത്തിൽ യോഗങ്ങൾ ബഹിഷ്കരിച്ചുകൊണ്ടായിരുന്നു സമരം. പതിവുപോലെ മാനേജ്​മെൻറ് കണ്ട ഭാവം നടിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അര മണിക്കൂർ ഇരിപ്പിടത്തിൽനിന്ന് പുറത്തിറങ്ങി ഓഫീസ് വളപ്പിൽ നിന്നു പ്രതിഷേധിക്കുന്ന രൂപത്തിലേക്കു സമരത്തിൻറെ സ്വഭാവം മാറി. അര മണിക്കൂർ പുറത്തിറങ്ങി നിൽക്കുന്നതിനു പകരമായി അര മണിക്കൂർ അധികം ജോലി ചെയ്തായിരുന്നു സമരം. ഇതും ആരും കണ്ട മട്ടില്ലാതാവുകയും ചെയർമാൻെറ രാജി ആഹ്വാനം വരികയും ചെയ്തതോടെ അര മണിക്കൂർ നിൽപ്പ് സമരം മുദ്രാവാക്യം വിളികളോടെ മുന്നോട്ടുപോയി.

കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും നിയമനിഷേധത്തിന്റെയും നീതികേടിൻറെയും ഏറ്റവും പരിതാപകരമായ അനുഭവമാണ് മാധ്യമത്തിലെ തൊഴിലാളികൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്​.
കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും നിയമനിഷേധത്തിന്റെയും നീതികേടിൻറെയും ഏറ്റവും പരിതാപകരമായ അനുഭവമാണ് മാധ്യമത്തിലെ തൊഴിലാളികൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്​.

മാനേജ്​മെൻറ് അവഗണന തുടരുകയും കുടിശ്ശിക നാലാം മാസത്തിലേക്കു കടക്കുകയും ചെയ്തതിനെ തുടർന്ന് ​ഫെബ്രുവരി 16-ന് കെ.യു.ഡബ്ല്യു.ജെ നേതൃത്വത്തിൽ മാധ്യമത്തിനു മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം നടന്നു. ദിവസങ്ങൾക്കകം റമദാൻ തുടങ്ങിയതോടെ വെറും കഞ്ഞി കുടിച്ചു നോമ്പ് തുറക്കുന്ന രീതിയിലേക്ക് സമരം രൂപം മാറി. ഒരു വിഭാഗത്തിന് നാലും മ​റ്റൊരു കൂട്ടർക്ക് അഞ്ചും മാസമായി വളർന്ന ശമ്പള കുടിശ്ശികയിൽ വിഭവസമൃദ്ധമായ നോമ്പ് തുറക്ക് ഗതിയില്ലാതെ നട്ടം തിരിയുകയായിരുന്നു തൊഴിലാളികൾ. പല മനുഷ്യ സ്​നേഹികളും സംഭാവന നൽകിയ പണം ഉപയോഗിച്ചാണ് ഈ കഞ്ഞി തന്നെ ഉണ്ടാക്കിയത്​. ഇതിനിടെ തുടങ്ങിയ ആഡംബര നോമ്പുതുറകൾ ഒഴിവാക്കണമെന്നത് സമരത്തിൽ അടിയുറച്ചുനിന്ന വിശ്വാസികളായ തൊഴിലാളികളുടെ ആവശ്യമായിരുന്നു. ജമാഅത്തെ ഇസ്​ലാമി അടക്കം വിവിധ മുസ്​ലിം സംഘടനകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും അധികാരികളുടെ ഇഫ്താർ സംഗമങ്ങൾ ബഹിഷ്കരിച്ച് നടത്തിയ പ്രതിഷേധങ്ങൾ ഓർമയിൽ വരുന്നില്ലെങ്കിൽ ലൈബ്രറി പരതുന്നത് നന്നായിരിക്കും. ജമാഅത്തെ ഇസ്​ലാമിക്ക് ഇഫ്താറിനെ സമരായുധമാക്കുന്നതിന് വിശ്വാസ തടസ്സങ്ങൾ ഇല്ലെങ്കിൽ പത്രപ്രവർത്തക യൂണിയന് അതിൻറെ ആവശ്യമുണ്ടെന്ന് ആരും ശഠിക്കേണ്ടതില്ല.

ഏറ്റവും കൊടിയ യാതന അനുഭവിച്ചിട്ടുപോലും സ്ഥാപനത്തിനു ഹാനി തട്ടരുതെന്ന ജാഗ്രതയോടെയാണ് ഞങ്ങൾ ഈ ഘട്ടം വരെ മുന്നോട്ടുപോയിരുന്നത്​. പ്രത്യക്ഷ സമരത്തിൻറെയും പ്രതിഷേധങ്ങളുടെയും സാഹചര്യങ്ങളെ സുദീർഘകാലം ഞങ്ങൾ എല്ലാ വേദനകളും കടിച്ചൊതുക്കി ഒഴിവാക്കിവിടുകയായിരുന്നു.

പത്രപ്രവർത്തക യൂണിയനു ഗ്രാൻഡ് ഡിസൈൻ ഉണ്ടെന്ന ദാവൂദിൻറെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്​. പത്രപ്രവർത്തകൻറെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്ന ഗ്രാൻഡ് ഡിസൈൻ. തൊഴിൽ ഭീഷണി നേരിടുമ്പോൾ, മാധ്യമപ്രവർത്തന സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ, കൂലി നിഷേധിക്കപ്പെടുമ്പോൾ അതിനെതിരായ പോരാട്ടത്തിൻറെ പതാക വാഹകരാവുക എന്നതാണ് ആ ഗ്രാൻഡ് ഡിസൈൻ. മീഡിയ വൺ നിരോധിക്കപ്പെട്ടപ്പോൾ കേരള ഹൈക്കോടതിയിലും ഇന്ത്യയുടെ പരമോന്നത കോടതിയിലും വ്യവഹാരങ്ങൾക്ക് ഇറങ്ങിയതും മീഡിയ വൺ മാനേജിങ് എഡിറ്റർക്കെതിരെ വധഭീഷണി ഉയർത്തി ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നപ്പോൾ അതിനെതിരെ പ്രതിഷേധം ഉയർത്തിയതും ഈ ഗ്രാൻസ് ഡിസൈൻറെ ഭാഗമായായിരുന്നു.

സഹനത്തിൻറെ നെല്ലിപ്പടി

ക്ഷമയുടെയും സഹനത്തിൻറെയും നെല്ലിപ്പടി കണ്ട ശേഷമാണ് പ്രതിഷേധത്തിൻറെ വഴിയിലേക്കു നീങ്ങാൻ തൊഴിലാളികൾ നിർബന്ധിതരായത്​. ഏറ്റവും കൊടിയ യാതന അനുഭവിച്ചിട്ടുപോലും സ്ഥാപനത്തിനു ഹാനി തട്ടരുതെന്ന ജാഗ്രതയോടെയാണ് ഞങ്ങൾ ഈ ഘട്ടം വരെ മുന്നോട്ടുപോയിരുന്നത്​. പ്രത്യക്ഷ സമരത്തിൻറെയും പ്രതിഷേധങ്ങളുടെയും സാഹചര്യങ്ങളെ സുദീർഘകാലം ഞങ്ങൾ എല്ലാ വേദനകളും കടിച്ചൊതുക്കി ഒഴിവാക്കിവിടുകയായിരുന്നു. എന്നാൽ, ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂൻറെ കണ്ണീർ കണ്ടാൽ മതിയെന്ന സമീപനവുമായി ചിലർ കടുംപിടുത്തവും ഗൂഢതന്ത്രങ്ങളും തുടരുമ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റൊരു വഴിയുമില്ലാ​തെയാണ് ഞങ്ങൾ പ്രതിഷേധത്തിനു നിർബന്ധിതരായത്​. അള മുട്ടിയാൽ ചേരയും കടിക്കും എന്ന സ്ഥിതിയിലേക്കു തൊഴിലാളികളെ തള്ളിവിട്ടതു മാനേജ്​മെൻറ് തന്നെയാണ്​.

ഗത്യന്തരമില്ലാതെ അതിജീവന പോരാട്ടം

ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്കു കടന്നതോടെയാണ് മാധ്യമത്തിലെ പത്രപ്രവർത്തക-പത്രപ്രവർ​ത്തകേതര ജീവനക്കാർ സ്​ഥാപനത്തിനു മുന്നിൽ അനിശ്​ചിതകാല സമരം തുടങ്ങാൻ നിർബന്ധിതരായത്​. കുടിശ്ശിക ഏഴാം മാസത്തിലെത്തി നിൽക്കെ ഉത്രാടത്തലേന്ന് ആഗസ്റ്റ് 24ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വിളിച്ച യോഗത്തിൽ മന്ത്രി മുന്നോട്ടുവെച്ച നിർദേശം മാനേജ്​​മെൻറ് തള്ളിയതോടെയാണ് ഫെബ്രുവരിയിൽ നിർത്തിവെച്ച സമരം പുനരാരംഭിക്കുവാൻ തൊഴിലാളികൾ നിർബന്ധിതരായത്​. മൂന്നു മാസത്തെ ശമ്പളം അടിയന്തരമായി തീർക്കുക, ബാക്കി കുടിശ്ശിക അടക്കമുള്ള പ്രശ്നങ്ങൾ പിന്നീട് വിശദമായി ചർച്ച ചെയ്തു ധാരണയിലെത്താം എന്നായിരുന്നു മന്ത്രിയുടെ നിർദേശം. 10,000 രൂപ നൽകാമെന്ന കടുംപിടുത്തത്തിൽ മാനേജ്​മെൻറ് നിന്നതിനെ തുടർന്ന് രണ്ടു മാസത്തെ ശമ്പളമെങ്കിലും നൽകാൻ നിർദേശിച്ച മന്ത്രി ഒടുവിൽ ഓണത്തിൻറെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തെ ശമ്പളമെങ്കിലും ഓണത്തിനു മുമ്പ് നൽകാൻ നിർദേശിച്ചുവെങ്കിലും മാനേജ്​മെൻറ് വഴങ്ങിയില്ല.

ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്കു കടന്നതോടെയാണ് മാധ്യമത്തിലെ പത്രപ്രവർത്തക-പത്രപ്രവർ​ത്തകേതര ജീവനക്കാർ സ്​ഥാപനത്തിനു മുന്നിൽ അനിശ്​ചിതകാല സമരം തുടങ്ങാൻ നിർബന്ധിതരായത്​.
ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്കു കടന്നതോടെയാണ് മാധ്യമത്തിലെ പത്രപ്രവർത്തക-പത്രപ്രവർ​ത്തകേതര ജീവനക്കാർ സ്​ഥാപനത്തിനു മുന്നിൽ അനിശ്​ചിതകാല സമരം തുടങ്ങാൻ നിർബന്ധിതരായത്​.

കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും നിയമനിഷേധത്തിന്റെയും നീതികേടിൻറെയും ഏറ്റവും പരിതാപകരമായ അനുഭവമാണ് മാധ്യമത്തിലെ തൊഴിലാളികൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്​. ആറേഴു വർഷം മുമ്പ് രൂപപ്പെടുകയും ക്രമേണ പെരുകി സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കു വളരുകയും ചെയ്തതാണ് അവരുടെ ജീവിത പ്രതിസന്ധി. ഇതിനെതിരെ ജീവനക്കാർ സ്ഥാപനത്തിനുള്ളിൽ ഒതുങ്ങുന്ന വിവിധ തരം പ്രതിഷേധങ്ങൾ വർഷങ്ങളായി നടത്തിവരികയുമായിരുന്നു. കുടിശ്ശിക മൂന്നാം മാസത്തിലേക്കു കടന്നപ്പോൾ കഴിഞ്ഞ ഒക്​ടോബർ ഒടുവിൽ തുടങ്ങിയ സമരവും സ്ഥാപന വളപ്പിനുള്ളിൽ ഒതുക്കിനിർത്താനാണ് തൊഴിലാളികൾ തുടക്കത്തിൽ ശ്രമിച്ചത്​. എന്നാൽ, സമരത്തെ അവഗണിച്ച് മാനേജ്​മെൻറ് കുടിശ്ശിക കൂട്ടി മുന്നോട്ടുപോയതോടെയാണ് ഫെബ്രുവരിയിൽ സ്ഥാപനത്തിനു മുന്നിൽ 24 മണിക്കൂർ നിരാഹാരം അടക്കം സമരങ്ങൾക്ക് ജീവനക്കാർ നിർബന്ധിതരായത്​. റമദാൻ മാസത്തിൻറെ തുടക്കത്തിൽ കഞ്ഞി കുടിച്ചാണ് തൊഴിലാളികൾക്ക് നോമ്പ് തുറക്കേണ്ടിവന്നത്​

ഫെബ്രുവരി 27ന് അന്നത്തെ തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി വിളിച്ചുചേർത്ത യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സമരം അന്നുതന്നെ നിർത്തിവെച്ചത്​. മാർച്ച് 15നകം ഒരു മാസത്തെയും ഏപ്രിൽ 15നകം ഒരു മാസത്തെയും ശമ്പളം വിതരണം ചെയ്യുക, തൊഴിലാളികൾ ഉന്നയിക്കുന്ന എല്ലാ ​പ്രശ്നങ്ങളും അതിനു മാനേജ്​മെൻറിൻറെ മറുവാദവും പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂസ് പേപ്പർ ഇൻസ്​പെക്ടറുടെ നേതൃത്വത്തിൽ കമീഷനെ നിയമിക്കുക എന്നിവയായിരുന്നു മന്ത്രി മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ. അന്നു നാലു മാസമായിരുന്നു ശമ്പള കുടിശ്ശിക. മാർച്ച് 15നകവും ഏപ്രിൽ 15നകവും ഓരോ മാസത്തെ ശമ്പള വിതരണം നടന്നു. എന്നാൽ, അപ്പോഴേക്കും പുതിയ രണ്ടു മാസത്തെ ശമ്പളത്തിൻറെ സമയമായതിനാൽ കുടിശ്ശികക്ക് കുറവ് വന്നില്ല. മന്ത്രി നിർദേശിച്ച ഏപ്രിൽ 15നു ശേഷം ശമ്പള വിതരണം വീണ്ടും പാടേ താളം തെറ്റുകയായിരുന്നു. ബലി പെരുന്നാൾ പ്രമാണിച്ച് മേയ് 20നകം ഒരു മാസ ശമ്പളം വിതരണം ചെയ്യാമെന്നു മാനേജ്​​മെൻറ് തന്നെ ന്യൂസ്​പേപ്പർ ഇൻസ്​പെക്ടർ മുമ്പാകെ അറിയിച്ചതാണെങ്കിലും അതുണ്ടായില്ല. ഏപ്രിൽ 27ന് ന്യൂസ്​പേപ്പർ ഇൻസ്​പെക്ടർ സർക്കാറിനു സമർപ്പിച്ച റിപ്പോർട്ട് അതതു മാസം കൃത്യമായി ശമ്പള വിതരണം നടക്കണമെന്നും കുടിശ്ശിക ഡിസംബർ 31നകം തീർക്കണമെന്നും നിർദേശിക്കുന്നതായിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ മാനേജ്​മെൻറോ നടപ്പിലാക്കിക്കാൻ സർക്കാറോ ശ്രമിക്കാതിരുന്നതാണ് പ്രതിസന്ധി അതി ഗുരുതര നിലയിലേക്ക് എത്തിച്ചത്​.

ലോൺ ആപ്പിൽ കുടുക്കുന്ന ട്രോമയും മാനസിക വ്യഥയും

പി.എഫിൽ നിന്നും സാധ്യമാവുന്ന ആധികാരിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം കടമെടുത്തു വലഞ്ഞ തൊഴിലാളികളിൽ പലരും ലോൺ ആപ് അടക്കമുള്ള കെണികളിൽ പെട്ടു കിടക്കുകയാണ്​. അക്കൗണ്ടിലേക്ക് പണം എത്താത്തതിനാൽ ബാങ്കുകളിൽനിന്ന് വായ്പ കിട്ടാത്ത സ്ഥിതി. സൗഹൃദങ്ങൾ കുടുതലും സ്ഥാപനത്തിൽ തന്നെയായതിനാൽ വ്യക്​തികളിൽനിന്നും കടം കിട്ടാത്ത അവസ്​ഥ. ഉള്ള സ്വർണമെല്ലാം കടത്തിന് ഈടായി ബാങ്കിൽ. അടിയന്തരവും ഒഴിവാക്കാൻ പറ്റാത്തതുമായി ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഗതിയില്ലാതെ മിക്ക തൊഴിലാളികളും കടുത്ത മാനസിക സമ്മർദ്ദത്തിൻറെ പിടിയിൽ. സമ്മർദ്ദം താങ്ങാനാവാതെ പലരും പലവിധ രോഗങ്ങളുടെ പിടിയിൽ. മാതാപിതാക്കളുടെയും പങ്കാളിയുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങൾക്കു മുന്നിൽപോലും പകച്ചുനിൽക്കേണ്ടിവരുന്നതിൻറെ മാനസികവ്യഥ വാക്കുകൾകൊണ്ടു വിവരിക്കാവുന്നതിലും എത്രയോ അപ്പുറമാണ്​.

രാജിവെച്ച് കരാർ നിയമനം നേടാൻ ശേഷിക്കുന്ന തൊഴിലാളികൾക്കു മേൽ സമ്മർദം തുടരുകയുമാണ്​. ഇങ്ങനെയായാൽ കൃത്യമായി ശമ്പളം ലഭ്യമാക്കാമെന്നാണു വാഗ്ദാനം. നിർബന്ധിത കരാർവത്​കരണവും നിർബന്ധിത രാജിയുമാണ് ശമ്പള നിഷേധത്തിൻറെ ആത്യന്തിക ലക്ഷ്യമെന്ന് ഇതിൽനിന്നു വ്യക്​തം.

വർഷങ്ങൾ പണിയെടുത്തതിനു ന്യായമായും കിട്ടേണ്ട ഗ്രാറ്റുവിറ്റി കിട്ടാതായേക്കുമെന്ന ആശങ്ക സൃഷ്ടിച്ച കടുത്ത മാനസികാഘാതമാണ് ജനുവരിയിൽ പകുതിയോളം തൊഴിലാളികളെ രാജിക്കു നിർബന്ധിതരാക്കിയത്​. മക്കളുടെ വിവാഹ ആവശ്യത്തിനടക്കം മനസ്സിൽ കണക്കുകൂട്ടിവെച്ച തുക നഷ്ടമായേക്കുമെന്ന ഭീതി മിക്കവരുടെയും ഉറക്കം കെടുത്തി. നഷ്ടബോധത്തിലും നിരാശയിലും ദിവസങ്ങളോളം ഉറങ്ങാൻ കഴിയാത്തതിന്റെ വ്യാകുലതകൾ പങ്കുവെച്ചു വിളിച്ചവർ നിരവധിയായിരുന്നു. ഇപ്പോൾ ഇല്ലെങ്കിൽ പിന്നീട് ഉണ്ടായേക്കില്ല എന്ന പരോക്ഷ സന്ദേശങ്ങളും പ്രചരിച്ചു. ഇതോടെ ആളുകൾക്കിടയിൽ പരിഭ്രാന്തി വ്യാപകമാവുകയായിരുന്നു. ജനുവരി 3-നു കൂട്ട രാജിയിലേക്കു നയിച്ചത് ഈ പരിഭ്രാന്തിയായിരുന്നു. 31-നു രാത്രി 11.50ന് ഓഫീസിൽ എത്തി രാജി സമർപ്പിച്ചയാൾ ഈ പരിഭ്രാന്തിയുടെയും ട്രോമയുടെയും ഉത്തമ ഉദാഹരണമായിരുന്നു.

നിർബന്ധിത രാജിക്ക് ശമ്പള ഉപരോധം

എങ്ങനെയും തൊഴിലാളികളെ പുകച്ചു പുറത്തു ചാടിക്കുക എന്ന തന്ത്രമാണ് മാനേജ്​മെൻറ് പയറ്റുന്നത്​. അധിക ജീവനക്കാരാണ് പ്രശ്നമെന്നും രാജിവെച്ചൊഴിയണമെന്നും കഴിഞ്ഞ ഡിസംബറിൽ ട്രസ്​റ്റ് ചെയർമാൻ നടത്തിയ ആഹ്വാനത്തെയും സ്ഥാപനത്തിൽ തുടർന്നാൽ ഗ്രാറ്റുവിറ്റി പോലും കിട്ടിയേക്കില്ലെന്നു പല രൂപത്തിൽ ​പ്രചരിപ്പിച്ച ഭീഷണികളെയും തുടർന്ന് ഇരുനൂറോളം പേർ ജനുവരി 31ഓടെ സ്ഥാപനം വിട്ടിരുന്നു. എന്നാൽ, ഇവരിൽ ഗണ്യമായൊരു വിഭാഗത്തിന് പുനർനിയമനം നൽകിയ മാനേജ്​മെൻറ് അധിക ജീവനക്കാർ എന്ന സ്വന്തം വാദം തന്നെ പൊളിക്കുകയായിരുന്നു. ഇവർക്കു തുടർന്നിങ്ങോട്ടു കൃത്യമായും ശമ്പളം വിതരണം ചെയ്തു വരുന്നുമുണ്ട്. രാജിവെച്ച് കരാർ നിയമനം നേടാൻ ശേഷിക്കുന്ന തൊഴിലാളികൾക്കു മേൽ സമ്മർദം തുടരുകയുമാണ്​. ഇങ്ങനെയായാൽ കൃത്യമായി ശമ്പളം ലഭ്യമാക്കാമെന്നാണു വാഗ്ദാനം. നിർബന്ധിത കരാർവത്​കരണവും നിർബന്ധിത രാജിയുമാണ് ശമ്പള നിഷേധത്തിൻറെ ആത്യന്തിക ലക്ഷ്യമെന്ന് ഇതിൽനിന്നു വ്യക്​തം. തൊഴിലാളികൾക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ജീവിതം നരകതുല്യമാക്കുകയും ഗത്യന്തരമില്ലാതെ അവർ രാജിവെച്ചൊഴിയുന്ന സാഹചര്യം സൃഷ്​ടിക്കുകയുമാണ് മാനേജ്​മെൻറ് തന്ത്രം.

നിർബന്ധിത കരാർവത്​കരണത്തിനും നിർബന്ധിത രാജിക്കുമുള്ള ചാട്ടവാറായി മാനേജ്​മെൻറ് ശമ്പളത്തെ ഉപയോഗിക്കുന്നു എന്നതാണ് മാധ്യമത്തിലെ ശമ്പള പ്രതിസന്ധിയുടെ ആണിക്കല്ല്​. കരാർ നിയമനത്തിലുള്ളവർക്കും വിരമിച്ചശേഷം സർവീസിൽ തുടരുന്നവർക്കും കൃത്യമായ ശമ്പളം മറ്റുള്ളവർക്ക് എട്ടു മാസത്തെ കുടിശ്ശിക എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Comments