ഏഷ്യാനെറ്റിലെ ആ മൂന്ന് വാർത്തകളുടെ വസ്തുതയെന്ത് ?

ന്യായീകരിക്കാനുള്ള ശ്രമത്തിൽ നൗഫലാണ് മകളെ കണ്ടതും ഇന്റർവ്യൂ എടുത്തതും എന്ന് അച്ഛൻ ഇന്നലെ പറയുന്നു. അപ്പോൾ ഓഗസ്റ്റ് 10-ന് ലേഡി റിപ്പോർട്ടർ എടുത്ത വിഷ്വലുകൾ വ്യാജമാണോ? ഓഗസ്റ്റ് 10-നു ഇന്റർവ്യൂ ചെയ്തത് നൗഫലാണെങ്കിൽ അദ്ദേഹം മൂന്നുമാസം ആ വാർത്ത പിടിച്ചുവച്ചു നവംബർ പത്തിനാണോ പ്രക്ഷേപണം ചെയ്തത് ? എന്താണ് നടന്നത് എന്ന് തുറന്നു പറയുക എന്നത് ഒരു മാധ്യമം എന്ന നിലയിൽ ഏഷ്യാനെറ്റിന്റെ ഉത്തരവാദിത്തമാണ്

മൂന്ന് വാർത്തകൾ നമ്മുടെ മുൻപിലുണ്ട്.
ഒന്ന്
ഓഗസ്റ്റ് 10, 2022

കണ്ണൂരിൽ സ്‌കൂൾ കുട്ടികൾക്കിടയിലടക്കം പിടിമുറുക്കി ലഹരി മാഫിയ എന്ന റിപ്പോർട്ട് ഏഷ്യാനെറ്റിൽ തുടങ്ങുന്നു. മയക്കുമരുന്ന് സംഘത്തിന്റെ കൈയിൽനിന്നും രക്ഷപ്പെട്ട പെൺകുട്ടി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നു. വാർത്തയ്ക്കു ശേഷം വിഷ്വലുകൾ.

സാനിയോ മിയോമി എന്ന ലേഡി റിപ്പോർട്ടർ ഒരു വശത്തും ഒൻപതാം ക്ലാസുകാരി മറുവശത്തും. ആൺ ശബ്ദമാണ്; ആളെ തിരിച്ചറിയാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് റിപ്പോർട്ടർ പറയുന്നുണ്ട്, പിന്നീട് സ്ക്രീനിൽ എഴുതിക്കാണിക്കുന്നുമുണ്ട്. മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിക്കുന്നതായി ആ ശബ്ദം പറയുന്നു.

ഐ ഗോട്ട് എൻറോൾഡ് ഇൻ സ്‌കൂൾ. ആൻഡ്...
ഒൻപതാം ക്ലാസിൽ ചേർന്നിന്.
എനക്കൊരു ബോയ് യുമായി ഫ്രെണ്ട്ഷിപ്പായി.
ഗോട്ട് ആൻ അഫയർ.
ഹി പ്രോപോസ്ഡ് ടു മി ആൻഡ് ഓൾ.
ആൻഡ് ആഫ്റ്റർ ദാറ്റ് ഐ യൂസ്ഡ് ടു ഗെറ്റ് ഡിപ്രസ്ഡ്.
ബിക്കോസ് ഇവൻ എന്റടുത്തു എന്റടുത്തു ഇന്ട്രഡ്യൂസ്ഡ് ആക്കി.
നിന്റെ ഡിപ്രഷൻ മാറ്റാൻ ഈ സാധനം നല്ലതാണ്
നിന്റെ ഡിപ്രഷൻ കുറയും.
അപ്പൊ അതിന്റായിത്തന്നെ അഡിക്ടായി..
ഹെറ്റക്കുന്ന സ്വഭാവം കാണിച്ചുകൊടുക്കാൻ തുടങ്ങി.
ആഫ്റ്റർ ഹവിങ് റിലേഷൻ വയലന്റ്
സാധനം ഉപയോഗിക്കാൻ ഭയങ്കര കംപെൽ ആക്കും.
വൺസ്‌ ഹി വാസ് സൊ ആംഗ്രി ദാറ്റ് ഹി ലിറ്ററലി എന്നെ കിക്കാക്കി. എന്റെ വയറില്. (വിതുമ്പുന്നു).
ഈ മെന്റൽ ടോർച്ചർ .. ഇവൻ കൊടുത്തിരിക്കുന്ന ആ സാധനം.. ത്തിന്റെ ഭയങ്കര അഡിക്ടായി.
സെക്ഷ്വ...ലി അബ്യൂസാക്കലുണ്ട്. ഭയങ്കര വയലന്റായിപ്പോകും. മോർ ദാൻ ടെൻ ഗേൾസ് ആർ ട്രാപ്പ്ഡ് ലൈക് ദിസ്.

ജൂലൈ 28-നു ഈ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു; ആൺകുട്ടി അറസ്റ്റിലായിരുന്നു, പിന്നെ ജാമ്യവും കിട്ടി.

രണ്ട്
നവംബർ 10, 2022
പി ജി സുരേഷ്‌കുമാർ അവതരിപ്പിക്കുന്ന പരിപാടി. അതിൽ രാസലഹരി ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ട്. മുൻപ് പറഞ്ഞ കേസിനെക്കുറിച്ച് റഫറൻസ് വരുന്നു.

അതിനുശേഷം താനെങ്ങിനെയാണ് ലഹരി ഗ്യാങ്ങിന്റെ കൈയിൽപെട്ടത് എന്നത് ഒരു പതിനാറുകാരൻ നൗഫൽ ബിൻ യൂസുഫ് എന്ന റോവിങ് റിപ്പോർട്ടറോട് പറയുന്നു. വിഷ്വലുകളിൽ നൗഫലിനെ വ്യക്തമായി കാണാം.

അതിനുശേഷം "രാസലഹരി ഉപയോഗിക്കുന്ന കുട്ടികൾക്ക് പിന്നെ എന്താണ് സംഭവിക്കുന്നത്? ക്‌ളാസിലെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരന്റെ സ്വാധീനത്തിൽ ലഹരിയ്ക്കു അടിമയായിപ്പോയ പതിനാലുകാരിയുടെ അനുഭവം കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി' എന്ന് നൗഫൽ പറയുന്നു.

പറഞ്ഞുതീരുമ്പോഴേക്കും ഒരു പെൺകുട്ടിയുടെ ശബ്ദം കേൾക്കുന്നുണ്ട്; പുറം തിരിഞ്ഞു നിൽക്കുന്ന മുടി രണ്ടായി പകുത്തു കെട്ടിവച്ചിരിക്കുന്ന പെൺകുട്ടി സംസാരിക്കുന്നു; പെൺ ശബ്ദം തന്നെ. അത് ശ്രദ്ധിച്ചിരിക്കുന്ന നൗഫലിനെ വിഷ്വലുകളിൽ കാണാം.

ഇനി കുട്ടി പറയുന്നത് കേൾക്കൂ.

ഇവൻ എന്റടുത്തു ഇന്ട്രഡ്യൂസ്ഡ് ആക്കി.
നിന്റെ ഡിപ്രഷൻ മാറ്റാൻ ഈ സാധനം നല്ലതാണ്
നിന്റെ ഡിപ്രഷൻ കുറയും.
അപ്പൊ അതിന്റായിത്തന്നെ അഡിക്ടായി
വൺസ്‌ ഹി വാസ് സൊ ആംഗ്രി ദാറ്റ് ഹി ലിറ്ററലി എന്നെ കിക്കാക്കി. എന്റെ വയറില്. (വിതുമ്പുന്നു).
ഈ മെന്റൽ ടോർച്ചർ ..ഇവാൻ കൊടുത്തിരിക്കുന്ന ആ സാധനം..ത്തിന്റെ ഭയങ്കര അഡിക്ടായി.
സെക്ഷ്വ...ലി അബ്യൂസാക്കലുണ്ട്. ഭയങ്കര വയലന്റായിപ്പോകും. മോർ ദാൻ ടെൻ ഗേൾസ് ആർ ട്രാപ്പ്ഡ് ലൈക് ദിസ്.

മുൻപ് കേട്ട അതെ അഭിമുഖത്തിലെ വാചകങ്ങൾ
(മുഴുവനുമില്ല)
ആദ്യം ശബ്ദം ആൺകുട്ടിയുടേത്, ലേഡി റിപ്പോർട്ടർ.
രണ്ടാമത്തേതിൽ ശബ്ദം പെൺകുട്ടിയുടേത്; പുരുഷ റിപ്പോർട്ടർ.

മൂന്ന്
മാർച്ച് 3, 2023
വാർത്ത:

"ലഹരിമരുന്നിനെതിരായ ഏഷ്യാനെറ്റ് റോവിങ് റിപ്പോർട്ടർ പരമ്പരയിൽ വ്യാജവാർത്തയെന്ന ഇടതുപ്രചരണം തെറ്റെന്നു തെളിയിച്ചു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി സഹപാഠി പീഡിപ്പിച്ചു എന്ന അച്ഛന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷിച്ചെന്നും കുറ്റപത്രം സമർപ്പിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം പരമ്പരയിലെ ഒരു റിപ്പോർട്ട് വ്യാജമാണെന്ന് കണ്ണനൂർ പൊലീസിന് പാനൂർ സ്വദേശി നൽകിയ പരാതിയി അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.

രണ്ടാമത്തെ റിപ്പോർട്ടിൽ പറഞ്ഞ റോവിങ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസുഫുൽ വിഷ്വലിൽ വരുന്നു.

പരമ്പരയെക്കുറിച്ച് വിശദീകരിച്ച ശേഷം അദ്ദേഹം പറയുന്നു:

"ഈ വാർത്തയിൽ കണ്ണൂരിലെ ഒരു സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയെ രാസലഹരി നൽകി സഹപാഠിതന്നെ ചൂഷണം ചെയ്ത സംഭവമാണ് ഞങ്ങൾ വിവരിച്ചത്. എന്നാൽ ഇങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നുമുള്ള തരത്തിൽ സി പി എമ്മുമായി ബന്ധപ്പെട്ട സൈബർ കൂട്ടായ്മകളിൽ ഇപ്പോൾ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ വസ്തുതയെന്താണ് എന്ന് പ്രേക്ഷകരോട് ഞങ്ങൾ പറയാം.

"ഇക്കഴിഞ്ഞ വര്ഷം ജൂലൈ 28-നാണു ഇങ്ങിനെയൊരു പരാതി പെൺകുട്ടിയുടെ മാതാപിതാക്കൾ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത് കോടേരിയ്ക്കായിരുന്നു അന്വേഷണചുമതകളെ. വിശദമായ അന്വേഷണത്തിനുശേഷം സഹപാഠിയ്ക്കെതിരെ പൊലീസ് ഇതിനോടകം തലശ്ശേരി പോക്സോ കോടതിയിൽ കുറ്റപത്രവും നൽകിയിട്ടുണ്ട്."

പുറകെ അദ്ദേഹത്തിൻറെ റോവിങ് റിപോർട്ടറിൽ കാണിച്ച കുട്ടി പറയുന്ന വിഷ്വലുകളും. പിന്നെ വ്യാജ വാർത്തയല്ല എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നതും കാണിക്കുന്നുണ്ട്. അന്ന് ഇന്റർവ്യൂ എടുത്തത് നൗഫലാണ് എന്നും അച്ഛൻ പറയുന്നുണ്ട്.

ഓഗസ്റ്റ് പത്തിന് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്ത രൂപവും ഭാവവും മാറി മൂന്നുമാസത്തിനു ശേഷം വീണ്ടും വരുന്നു. പെൺറിപ്പോർട്ടർ ആൺ റിപോർട്ടറാവുന്നു, ആൺ ശബ്ദം പെൺ ശബ്ദമാവുന്നു.

എന്നുവച്ചാൽ നമ്മൾ പ്രേക്ഷകരെ സംബന്ധിച്ച് വിഷയം ചുരുക്കി ഇങ്ങിനെ പറയാം:

ഒരേ സംഭവത്തെപ്പറ്റി ഒരേ ചാനലിൽ ഒരേ വാചകങ്ങളുമായി രണ്ട് വിഷ്വലുകൾ വരുന്നു.
അതെങ്ങനെ സംഭവിക്കുന്നു?
സാധ്യമായ കാര്യം ഇതാണ്: ആദ്യത്തേത് ശരിയും രണ്ടാമത്തേത് പരമ്പരയ്ക്കുവേണ്ടി റിക്രിയേറ്റു ചെയ്തതും.

അതല്ലേ ശരി?
അതങ്ങു പറഞ്ഞാൽ പോരെ?
അതിനുപകരം ഇപ്പോൾ ചാനൽ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്?

ഒന്ന്: അങ്ങിനെയൊരു സംഭവമേയില്ല എന്ന് സി പി എം സൈബർ സെല്ലുകൾ പ്രചാരണം നടത്തുന്നു എന്ന് ആരോപിക്കുന്നു.

അങ്ങിനെയൊരു ആരോപണമില്ല സാർ. സംഭവം യാഥാർത്ഥമല്ല എന്നാരും പറയില്ല; മറിച്ച് രണ്ടാമത്തെ വാർത്തയിൽ കാണിച്ച കുട്ടി യഥാർത്ഥ കുട്ടിയല്ല; അത് നിങ്ങൾ റിക്രിയേറ്റ് ചെയ്ത ആ വിഷ്വലുകൾ ആണ് എന്നാണ് പറയുന്നത്.

അത് ശരിയല്ലേ?
അത് ശരിയല്ല എങ്കിൽ ഓഗസ്റ്റ് പത്തിന് പ്രക്ഷേപണം ചെയ്ത വാർത്തയിലെ വിഷ്വലുകൾ വ്യാജമാണ് എന്ന് വരില്ലേ?

ഒരേ സംഭവത്തെപ്പറ്റി ഒരേ ചാനൽ പ്രക്ഷേപണം ചെയ്ത രണ്ട് വിഷ്വലുകളിൽ ഏതു വിഷ്വലാണ് ശരി എന്ന് തുറന്നു പറയാതെ സംഭവം നടന്നതാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമെന്ത്?

സംഭവത്തെപ്പറ്റിയല്ല തർക്കം, വിഷ്വലിനെക്കുറിച്ചാണ് എന്ന കാര്യം നിങ്ങള്ക്ക് മനസിലായിട്ടില്ല എന്നാണോ?

രണ്ട്: ന്യായീകരിക്കാനുള്ള ശ്രമത്തിൽ നൗഫലാണ് മകളെ കണ്ടതും ഇന്റർവ്യൂ എടുത്തതും എന്ന് അച്ഛൻ ഇന്നലെ പറയുന്നു. അപ്പോൾ ഓഗസ്റ്റ് 10-ന് ലേഡി റിപ്പോർട്ടർ എടുത്ത വിഷ്വലുകൾ വ്യാജമാണോ?

മൂന്ന്: ഓഗസ്റ്റ് 10-നു ഇന്റർവ്യൂ ചെയ്തത് നൗഫലാണെങ്കിൽ അദ്ദേഹം മൂന്നുമാസം ആ വാർത്ത പിടിച്ചുവച്ചു നവംബർ പത്തിനാണോ പ്രക്ഷേപണം ചെയ്തത്?

എന്താണ് നടന്നത് എന്ന് തുറന്നു പറയുക എന്നത് ഒരു മാധ്യമം എന്ന നിലയിൽ ഏഷ്യാനെറ്റിന്റെ ഉത്തരവാദിത്തമാണ് എന്ന് ഞാൻ കരുതുന്നു.

എഡിറ്റർമാർ അത് ചെയ്യണം.

Comments