യുദ്ധസമാനമായ സാഹചര്യത്തിലും ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾ തനിസ്വരൂപം കാണിച്ചു എന്നുപറയാം. 26 പേരുടെ ജീവനെടുത്ത, ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുന്നത് മെയ് ഏഴിന് പുലർച്ചെയാണ്. അതുകഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ നുണകളും അർദ്ധസത്യങ്ങളും മാത്രമുള്ള എക്കോ ചേംബറുകളിൽ ഇന്ത്യൻ മാധ്യമങ്ങൾ നമ്മളെ കുടുക്കിയിടുകയായിരുന്നു. മെയ് 8ന് രാത്രി ഇന്ത്യ- പാകിസ്താൻ ഏറ്റുമുട്ടൽ നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ടെലിവിഷൻ സ്റ്റുഡിയോകളിലും പടക്കോപ്പുകൾ തയ്യാറായി. സമൂഹമാധ്യമങ്ങളിൽ വന്ന വ്യാജവാർത്തകളും ക്ലിപ്പുകളും സത്യമെന്ന രീതിയിൽ അടുക്കിവച്ച് ന്യൂസ് റൂമുകൾ യുദ്ധം പ്രഖ്യാപിച്ചു.
കാർഗിൽ ഉൾപ്പെടെയുള്ള മിലിറ്ററി എസ്കലേഷനുകൾ കണ്ടിട്ടുണ്ടെന്ന് വീരസ്യം പറയുന്ന മലയാളി മാധ്യമപ്രവർത്തകരും ആധികാരികതയുടെ മൈക്കുമായി തട്ടിൽ കയറി. ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് പോലെ ഓരോ നിമിഷവും ബ്രേക്കിങ് വാർത്തകൾ വരുന്ന സ്ഥലമല്ല യുദ്ധഭൂമി എന്ന തിരിച്ചറിവെങ്കിലും അവർക്ക് വേണ്ടതായിരുന്നു. ഇസ്ലാമാബാദും കറാച്ചിയുമുൾപ്പെടെയുള്ള സഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്നും, പാക് പ്രധാനമന്ത്രി ഔദ്യോഗിക വസതി വിട്ട് ബങ്കറുകളിൽ ഒളിച്ചു എന്നും, പാക് സൈനിക തലവൻ അസിം മുനീറിനെ അറസ്റ്റു ചെയ്തു എന്നും ദേശീയ മാധ്യമങ്ങളും എക്സ് ഫീഡുകളും നോക്കി മലയാളം മാധ്യമങ്ങൾ തട്ടിവിട്ടു.

മലയാളം മാധ്യമങ്ങളിൽ റിപ്പോർട്ടർ ടി.വി നടത്തിയ ലൈവ് ഷോ അക്ഷരാർഥത്തിൽ വസ്തുതകളുടെ ആവശ്യമേതുമില്ലാത്ത കഥാപ്രസംഗമായി പരിണമിച്ചു. കലയാകുമ്പോൾ അതിൽ മനോധർമ്മവുമുണ്ടാകുമല്ലോ. തന്നിഷ്ടപ്രകാരം ചില കൂട്ടലും കുറയ്ക്കലും. യുദ്ധസമാനമായ സാഹചര്യമാണ്, വിവരങ്ങൾ അത്രവേഗം കിട്ടില്ല എന്ന് മനസിലാക്കിയ മേൽപ്പറഞ്ഞ മാധ്യമം ഫ്ലൈറ്റ് റഡാർ തുറന്നുവച്ചാണ് മനോധർമ്മം എടുത്തു വീശിയത്. ഇന്റർനെറ്റിൽ ഫ്ലൈറ്റ് റഡാർ തുറന്നാൽ ലോകത്തെല്ലായിടത്തോട്ടും പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങൾ ആർക്കും കാണാൻ സാധിക്കും. എന്നാൽ ബുദ്ധിമതികളായ ചില മാധ്യമപ്രവർത്തകർ ഫ്ലൈറ്റ് റഡാർ നോക്കി പാകിസ്ഥാനിൽ നിന്നും മുതിർന്ന മിലിട്ടറി ഉദ്യോഗസ്ഥർ ഉൾപ്പെടെ നാടുവിടുകയാണെന്നും തുർക്കിയിൽ നിന്നെത്തിയ കാർഗോ വിമാനത്തിൽ ആയുധശേഖരമാകാമെന്നും ഇടംവലം നോക്കാതെ പറഞ്ഞു. ഒരു തുർക്കിഷ് വിമാനം ലാൻഡ് ചെയ്തു എന്ന കാര്യം റഡാറിൽ നിന്ന് മനസിലാക്കി എന്ന് കരുതാം. എന്നാൽ അത് ആയുധങ്ങളുമായി വന്ന വിമാനമാണെന്ന് റിപ്പോർട്ടർ ടി.വി എങ്ങനെ സ്ഥിരീകരിച്ചു? രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചു എന്ന, ജനങ്ങളെ മുഴുവൻ ആശങ്കപ്പെടുത്തുന്ന വാർത്ത നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അറിയിപ്പുണ്ടോ എന്ന് പരിശോധിക്കാനുള്ള വിവേകം പോലും TRP മാത്രം കൊതിച്ച മാധ്യമങ്ങൾക്കില്ലാതെ പോയി.
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഖാരി മുഹമ്മദ് ഇഖ്‌ബാൽ എന്ന അധ്യാപകനെ യുദ്ധക്കൊതിയുടെ പരകോടിയിൽ ലഷ്കറെ ത്വയ്യിബ തീവ്രവാദിയായി റിപ്പബ്ലിക്ക്, സീ ന്യൂസ്, ന്യൂസ് 18 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രഖ്യാപിച്ചു.
'വാർ എക്സ്ട്ര' ഉണ്ടാക്കുക എന്നതുമാത്രമായിരുന്നു മാധ്യമങ്ങളുടെ ലക്ഷ്യം. 1898-ൽ നടന്ന സ്പാനിഷ്- അമേരിക്കൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട വാക്കാണ് ‘വാർ എക്സ്ട്ര.' യുദ്ധ സമയത്ത് പൊടിപ്പും തൊങ്ങലും വച്ച് നിർമിച്ചെടുക്കുന്ന വാർത്തകളിലൂടെ കൂടുതൽ എഡിഷനുകൾ വിൽക്കുകയെന്ന മാധ്യമങ്ങളുടെ തന്ത്രമാണ് വാർ എക്സ്ട്ര. ഇന്ത്യനോപൊളിസ് ജേർണലിൽ ഒരു വാർ എക്സ്ട്ര വാർത്ത എങ്ങനെ തയ്യാറാക്കാമെന്ന കുറിപ്പ് സ്പാനിഷ്- അമേരിക്കൻ യുദ്ധസമയത്ത് പ്രസിദ്ധീകരിച്ചിരുന്നു. അതിങ്ങനെയാണ്: ‘‘നിങ്ങൾ ഒരു വസ്തുതയോ കെട്ടുകഥയോ എടുക്കുക, അതിനുശേഷം അതിലേക്ക് നിങ്ങളുടെ ഭാവനയുടെ കാർബോണിക് ആസിഡ് ഗ്യാസ് നിറച്ച് മൂന്നു കൊളമാക്കുക. ശേഷം പാതിവെന്ത ഒരു തലവാചകവും ചേർക്കുക’’.
‘പാക് പട്ടാള മേധാവി അറസ്റ്റിൽ' എന്നത് ലക്ഷണമൊത്ത പാതിവെന്ത തലക്കെട്ടായി കണക്കാക്കാം.
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഖാരി മുഹമ്മദ് ഇഖ്‌ബാൽ എന്ന അധ്യാപകനെ യുദ്ധക്കൊതിയുടെ പരകോടിയിൽ ലഷ്കറെ ത്വയ്യിബ തീവ്രവാദിയായി റിപ്പബ്ലിക്ക്, സീ ന്യൂസ്, ന്യൂസ് 18 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രഖ്യാപിച്ചു. സത്യം മനസിലാക്കിയാൽ പശ്ചാത്തപിക്കുക എന്നത് സത്യാനന്തരകാലത്ത് മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത്, അതവർ ചെയ്യില്ല.

താരതമ്യം സാധ്യമാകാത്ത തരത്തിൽ കള്ളവാർത്തകൾ പ്രചരിപ്പിക്കാൻ ഇന്ത്യൻ മാധ്യമങ്ങൾ തയ്യാറായത് എങ്ങനെയാണ്? പ്രളയ കാലത്തും കോവിഡ് സമയത്തും താരതമ്യേന ജാഗ്രത പുലർത്തിയ മലയാളം മാധ്യമങ്ങൾ യുദ്ധം നടക്കാൻ പോകുന്നു എന്ന സാഹചര്യത്തിൽ അത് ആവശ്യമില്ല എന്ന് തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും? യുദ്ധം എന്നത് രണ്ടു ദിവസങ്ങൾക്കപ്പുറം അവസാനിക്കുന്നതല്ല എന്നും അത് നീണ്ടുനിൽക്കുന്നിടത്തോളം കാലം തങ്ങളെ ആരും ചോദ്യം ചെയ്യില്ല എന്നുമുള്ള അമിതാത്മവിശ്വാസമാണ് അതിന്റെ അടിസ്ഥാനം. AR VR യുദ്ധഭൂമിയിൽ പടക്കോപ്പുകളുമായി തയ്യാറെടുത്ത് നിന്ന മാധ്യമങ്ങൾക്കുമേൽ ഇടിത്തീപോലെയാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്. യുദ്ധസമാനമായ സാഹചര്യം തുടരുകയാണെങ്കിൽ, ‘രാജ്യതാല്പര്യത്തിനുവേണ്ടി നിൽക്കുന്ന ഞങ്ങളെ ക്രൂശിക്കരുതെ’ന്ന മുന്നറിയിപ്പുമായി മാധ്യമങ്ങൾ നുണപ്രചാരണം തുടർന്നേനെ.
കറാച്ചി തുറമുഖം ആക്രമിക്കുന്നതിന്റേത് എന്ന പേരിൽ മലയാളം മാധ്യമങ്ങൾ അടക്കം കാണിച്ച വീഡിയോകൾ വ്യാജമാണെന്ന് തുറന്നു കാട്ടിയത് മുഹമ്മദ് സുബൈറും ആൾട്ട് ന്യൂസുമുൾപ്പെടെയുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളുമാണ്.
ഓരോ നിമിഷവും പുതിയ വാർത്തകൾ ബ്രേക്ക് ചെയ്യുക എന്നതാണ് ന്യൂസ് ഡെസ്കിൽ നിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് ഉന്മാദം നൽകുന്ന കാര്യം. ദൗർഭാഗ്യവശാൽ അതിർത്തിയിൽ നിന്ന് പ്രതിനിമിഷം പുതിയ വാർത്തകൾ വന്നില്ല. എന്നാൽ വർത്തകളില്ലാത്തതിന്റെ വിടവ് സ്വയം സൃഷ്ടിച്ച വാർത്തകൾ കൊണ്ട് അവർ നികത്തി. വ്യാജവാർത്തകൾ അധികമായി പ്രചരിക്കുന്നതിനെ കുറിച്ച് അമേരിക്കൻ എക്കണോമിസ്റ്റ് ആയ റോബർട്ട് ഷില്ലർ ‘നറേറ്റീവ് എക്കണോമിക്സ്: ഹൗ സ്റ്റോറീസ് ഗോ വൈറൽ ആൻഡ് ഡ്രൈവ് മേജർ ഇക്കണോമിക് ഇവന്റ്' എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്: "ആളുകൾ എല്ലായിപ്പോഴും പുതിയ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ത്വരയിലാണ്. മറ്റൊരുതരത്തിൽ പുതിയ വിവരങ്ങളിലൂടെ ആളുകളെ അത്ഭുതപ്പെടുത്താൻ എല്ലാവരും കൊതിക്കുന്നു’’. ഇനി ഒരു വാർത്ത തെറ്റാണെന്ന് അറിയാമെങ്കിലും ഇതുവരെ ആരും അറിയാത്ത ഒരു വിവരം പങ്കുവയ്ക്കുന്നതിന്റെ സന്തോഷത്തിൽ ആളുകൾ അത് പ്രചരിപ്പിക്കുമെന്നും റോബർട്ട് ഷില്ലർ പറയുന്നു.

വ്യാജവാർത്തകൾ മാത്രം പ്രക്ഷേപണം ചെയ്യുന്ന ഒരു എക്കോ ചേംബറിൽ എന്തുസംഭവിക്കുമെന്ന് നമ്മൾ മെയ് 8ന് രാത്രി ടെലിവിഷൻ സ്‌ക്രീനുകളിൽ കണ്ടതാണ്. ഇത്തരം സമയങ്ങളിൽ നിങ്ങൾ രാഷ്ട്രീയ ബോധ്യമുള്ള ഒരു വ്യക്തിയാണെങ്കിൽ പോലും ഏതാണ് വ്യാജവാർത്ത, എന്താണ് യാഥാർഥ്യം എന്നൊന്നും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാകും. ഡീപ് ഫേക്ക് എന്ന എ ഐ സാങ്കേതികവിദ്യ വന്നപ്പോൾ കള്ളക്കഥകൾ സത്യമായി അവതരിപ്പിക്കുന്ന നിരവധി ഡീപ് ഫേക്ക് വിഡിയോകൾ പ്രചരിക്കപ്പെട്ടിരുന്നു. ഇന്നും പ്രചരിക്കുന്നു. ഇന്ത്യയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നിർമിക്കപ്പെടുന്ന ഡീപ് ഫേക്ക് വിഡിയോകൾ വർധിക്കുന്നതിലൂടെ തങ്ങളുടെ മുന്നിൽ വരുന്ന വിഡിയോകൾ ഡീപ് ഫേക്ക് ആണോ അല്ലയോ എന്ന് മനസിലാകാതിരിക്കുന്ന 'ഡീപ് ഫേക്ക് ഡിലമ'യിലേക്ക് ജനങ്ങൾ എത്തുന്നു എന്ന് ‘ദി ഇന്ത്യൻ ഡീപ് ഫേക്കർ’ എന്നറിയപ്പെടുന്ന ദിവ്യാൻഡ്ര സിങ് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെ അത്തരമൊരു അവസ്ഥയിലേക്കാണ് ‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിലൂടെ മുഖ്യധാരാ മാധ്യമങ്ങൾ എത്തിച്ചത്.

വ്യാജവാർത്തകളുടെ എക്കോ ചേംബറിനെ കുറിച്ച് നൊബേൽ ജേതാവായ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ലോയും ചേർന്നെഴുതിയ 'ഗുഡ് എക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ്' എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്: "The problem with echo chambers is not just that we are only exposed to ideas we like; we are also exposed to them again and again and again, endlessly."
സത്യം മനസിലാക്കാൻ സാധിക്കാതെ നിന്ന ഒരു ജനതയ്ക്കു മുന്നിൽ മുഹമ്മദ് സുബൈറിനെ പോലുള്ള ഫാക്ട് ചെക്കർമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. കറാച്ചി തുറമുഖം ആക്രമിക്കുന്നതിന്റേത് എന്ന പേരിൽ മലയാളം മാധ്യമങ്ങൾ അടക്കം കാണിച്ച വീഡിയോകൾ വ്യാജമാണെന്ന് തുറന്നു കാട്ടിയത് മുഹമ്മദ് സുബൈറും ആൾട്ട് ന്യൂസുമുൾപ്പെടെയുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളുമാണ്. അതേസമയം രാജ്യസുരക്ഷ ഉയർത്തിക്കാണിച്ച് 8000 എക്സ് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്രസർക്കാർ ഇത്തരത്തിൽ വ്യാജവാർത്തകളിലൂടെ യുദ്ധഭീതി പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ യാതൊരു നടപടിയും എടുത്തില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഐ.ടി ആക്ട് അനുസരിച്ച് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ എക്‌സിനു നിർദേശം നൽകിയ കേന്ദ്രസർക്കാർ അതിനു തക്കതായ കാരണം ബോധ്യപ്പെടുത്തിയിട്ടില്ല എന്ന് എക്സ് തന്നെ പിന്നീട് അറിയിച്ചു. ഈ അക്കൗണ്ടുകളിൽ നിന്ന് പുറത്തുവന്ന ഏതെങ്കിലും അടിസ്ഥാനരഹിതമായ പോസ്റ്റുകൾ സർക്കാർ ചൂണ്ടിക്കാണിച്ചിട്ടില്ല എന്ന് മാത്രമല്ല മരവിപ്പിച്ചതിൽ ഔട്ട്ലുക്ക് ഇന്ത്യ, മക്തൂബ് എന്നീ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ഉണ്ടായിരുന്നു.

ഹിലാൽ മിർ എന്ന കാശ്മീരി മാധ്യമപ്രവർത്തകനെ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിൽ പരിഭ്രാന്തി സൃഷിടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. കാശ്മീരി മാധ്യമപ്രവർത്തകരായ മുസാമിൽ ജലീൽ, അനുരാധ ഭാസിൻ എന്നിവരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. ഇന്ത്യയുടെ റഫേൽ യുദ്ധവിമാനം വെടിവച്ചിട്ടു എന്ന പാകിസ്താന്റെ അവകാശവാദം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രമുഖ ഇംഗ്ലീഷ് പോർട്ടലായ ദ വയറിന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടു. അപ്പോഴും നോയിഡയിലെയും കൊച്ചിയിലെയും ടെലിവിഷൻ സ്റ്റുഡിയോകളിൽ യുദ്ധത്തിനായുള്ള മുറവിളി ഉയർന്നുകൊണ്ടേയിരിന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും സർക്കാർ നിയന്ത്രണങ്ങളും നടപടികളും നേരിട്ടപ്പോൾ യുദ്ധക്കൊതി മാത്രം പ്രസരിപ്പിച്ച മാധ്യമങ്ങൾക്ക് ഇനിയുമുറക്കെ അത് ചെയ്യാനുള്ള സ്വാതന്ത്ര്യവും ധൈര്യവും ലഭിച്ചു. അതോടെ കള്ളക്കഥ പറയുന്നതിൽ പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിച്ചു ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾ.

കേരളത്തിലേത് രാഷ്ട്രീയ ബോധ്യമുള്ള കാഴ്ചക്കാരാണ് എന്നും അതുകൊണ്ട് ഒരു പരിധിക്കപ്പുറം മലയാളം മാധ്യമങ്ങൾ പോകില്ല എന്നും കരുതിയിരുന്നവർ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു എന്ന യാഥാർഥ്യം ഇതിനോടകം തിരിച്ചറിഞ്ഞിരിക്കും. മെയ് 8ന് രാത്രി നടത്തിയ കോലാഹലത്തിൽ ഒരു ഏറ്റുപറച്ചിലും നടത്താതെ തങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് എന്ന് ആവർത്തിച്ച് പറഞ്ഞ് ന്യായീകരിക്കുന്നതിലൂടെ ഒരു പൂർണ പ്രൊപ്പഗാണ്ട മെഷീൻ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം മലയാളം ടെലിവിഷൻ ചാനലുകൾ അനുസ്യുതം തുടരുകയാണ്.
യുദ്ധസാഹചര്യം നിലനിൽക്കുമ്പോൾ സർക്കാർ തലത്തിൽ വ്യക്തത വരുത്തേണ്ട കാര്യങ്ങൾ ചോദിക്കേണ്ട ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ ഈ സാഹചര്യത്തിൽ സർക്കാരിനോട് ഞങ്ങൾ ചോദ്യങ്ങളൊന്നും ഉയർത്തില്ല എന്ന് പ്രഖ്യാപിച്ചു എന്നുമാത്രമല്ല വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ആ ചോദ്യങ്ങൾ ചോദിക്കാൻ അവർ തയാറായില്ല. യുദ്ധസമാനമായ സമയത്ത് രാഷ്ട്രീയം പറയരുത് എന്ന് പറയുമ്പോൾ തന്നെ മുൻപ്രധാനമന്ത്രി മൻമോഹൻ സിങിനെ പരിഹസിച്ചുകൊണ്ട് ബി ജെ പി ഔദ്യോഗിക ഹാൻഡിൽ തന്നെ രംഗത്തെത്തി. രാഷ്ട്രീയം പറയരുതെന്ന് പറഞ്ഞ മാധ്യമങ്ങൾക്ക് യാതൊരു ദണ്ഡവുമുണ്ടായില്ല. യുദ്ധം പോലെ ഒരു അടയന്തര സാഹചര്യത്തിലാണ് മാധ്യമപ്രവർത്തനം എന്ന വാക്കിന് സാമൂഹികപ്രതിബദ്ധതയിലൂന്നി നിരവധി അർത്ഥതലങ്ങളുണ്ടാകുന്നത്. എന്നാൽ രാജ്യം ആശങ്കാമുനമ്പിൽ നിന്ന നിർണായക സന്ധിയിൽ മലയാളത്തിലേതുൾപ്പെടെയുള്ള ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും രാഷ്ട്രീയപാർട്ടികളുടെ ഐ.ടി സെൽ പോരാളികളോളം ചുരുങ്ങി എന്ന് ചരിത്രം രേഖപ്പെടുത്തും. മാത്രമല്ല പറഞ്ഞ കള്ളം ജാള്യതയൊന്നുമില്ലാതെ ന്യായീകരിച്ച മാധ്യമപ്രവർത്തകർ പൊതുമധ്യത്തിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.