വാര്‍ത്താമുറിയിലെ വ്യാജ ദൈവങ്ങള്‍

വാര്‍ത്തകളെയും സാമൂഹിക പ്രശ്‌നങ്ങളെയും രാഷ്ട്രീയമായോ വിപണിക്കുവേണ്ടിയോ ദുരുപയോഗം ചെയ്യുന്നവരുടെ കയ്യിലാണ് ‘ഓഗ്​മെൻറഡ്​ റിയാലിറ്റി’ കിട്ടുന്നതെങ്കില്‍ അതൊരു ദുരന്തമായിരിക്കും. ന്യുസ്റൂമുകള്‍ പ്രേക്ഷകരെ മാനിപുലേറ്റ് ചെയ്യുന്ന വ്യാജന്മാരുടെ കൂടാരമാകും. ഈ പ്രതിസന്ധി ഇപ്പോള്‍ മലയാളത്തില്‍ സംഭവിച്ചിരിക്കുന്നു.

ന്ത്യയിലെ ജനസാമാന്യവും ഈ നാട്ടിലെ ജേണലിസ്റ്റുകളും തമ്മില്‍ അലിഖിതമായ ഒരു ഉടമ്പടിയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകര്‍, സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട ദേശീയ സര്‍ക്കാരുകളുടെയും പ്രാദേശിക സര്‍ക്കാരുകളുടെയും നേര്‍ക്ക് അക്കൗണ്ടബിലിറ്റിയുടെ കണ്ണാടി തിരിച്ചുപിടിക്കാന്‍ നിയുക്തരായി. സ്വാതന്ത്ര്യത്തിനു മുമ്പ് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും, ചിലപ്പോള്‍ സ്തുതികളും, കൊണ്ട് നിറഞ്ഞ മാധ്യമങ്ങള്‍ പൊടുന്നനെ വാര്‍ത്തകളും ജീവിതാനുഭവങ്ങളും വസ്തുതകളും കൊണ്ട് നിറഞ്ഞു. ജനകീയ സര്‍ക്കാരുകളുടെയും അധികാര കേന്ദ്രങ്ങളുടെയും ഇടനാഴികളില്‍ അഴിമതിയും വീഴ്ചകളും തേടി അവര്‍ അലഞ്ഞത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പ്രതിയായിരുന്നു. കോര്‍പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളില്‍ പോലും നല്ലൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിച്ചത് ഭരണനിര്‍വഹണത്തിന്റെ സൂക്ഷ്മപരിശോധന തന്നെയായിരുന്നു.

ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും കോര്‍പറേറ്റുകളുടെയും മറ്റെല്ലാ സ്ഥാപിത താല്പര്യക്കാരുടെയും ദല്ലാളുകളാണ് നിങ്ങള്‍ എന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ പരിണാമം പെട്ടന്ന് സംഭവിച്ചതല്ല.

വ്യാഖാനങ്ങളില്‍ ഭേദമുണ്ടാകാമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പോലും ജേണലിസ്റ്റുകള്‍ വസ്തുതകള്‍ വിട്ടു കളിച്ചില്ല. എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കെടുതികള്‍ക്കും അരങ്ങായ ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍ വല്ലപ്പോഴുമൊക്കെ മാധ്യമപ്രവര്‍ത്തകരുടെ കണ്ണെത്തി. ഭരണകൂടമൊഴികെ മറ്റാരും അവരെ വഴിയില്‍ തടഞ്ഞില്ല. ആരും അവരെ ഉപദ്രവിച്ചില്ല. ജനങ്ങളെ സത്യമറിയിക്കാനുള്ള തീര്‍ത്ഥാടകരായിരുന്നു അവര്‍. ദരിദ്രരും സാധാരണക്കാരുമായ മനുഷ്യരുടെ സ്‌നേഹത്തിന്റെ ഒരു കവചം അവര്‍ അനുഭവിച്ചിരുന്നു.

ആ കവചമാണ് ഊര്‍ന്നുപോയിരിക്കുന്നത്. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും കോര്‍പറേറ്റുകളുടെയും മറ്റെല്ലാ സ്ഥാപിത താല്പര്യക്കാരുടെയും ദല്ലാളുകളാണ് നിങ്ങള്‍ എന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ പരിണാമം പെട്ടന്ന് സംഭവിച്ചതല്ല. 1990 -കളില്‍ത്തന്നെ ആ ഉടമ്പടിയുടെ കെട്ടുകള്‍ അയഞ്ഞുതുടങ്ങിയിരുന്നു. ആഗോളീകരണത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക തുറസ്സ്, സഹസ്രകോടികളുടെ നിക്ഷേപമാണ് മാധ്യമമേഖലയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ ന്യൂസ് ഗാതറിംഗ് ബജറ്റ് വലുതാകുമെന്നും ജേണലിസം തളിര്‍ക്കുമെന്നും പറഞ്ഞവരുണ്ടായിരുന്നു, അക്കാലത്ത്.

കേന്ദ്രസർക്കാറിന്റെ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന സമരത്തിനിടെ സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ കർഷകർ ഉയർത്തിയ പ്ലക്കാർഡ്

ചിന്തയും ക്ഷോഭവും ജനിപ്പിക്കുന്ന വാര്‍ത്തകളും വസ്തുതകളും പതുക്കെ വിനോദസാധ്യതയുള്ള കഥകളായി മാറാന്‍ തുടങ്ങി. ജനങ്ങളെ സത്യമറിയിക്കുക എന്ന ഒന്നാം ധര്‍മം വിസ്മരിക്കപ്പെട്ടു. അറിഞ്ഞേടത്തോളം സത്യത്തെ മുറുകെ പിടിക്കുകയും അറിയാനുള്ളതിനുവേണ്ടി അലയുകയും ചെയ്യുന്ന നിത്യസന്ദേഹിയായ ജേണലിസ്റ്റ് എന്ന ട്രൈബ് നാമാവശേഷമായി. അത്തരക്കാരുടെ ഇടയനായി വര്‍ത്തിക്കുന്ന അദൃശ്യരായ എഡിറ്റര്‍മാരുടെയും കുലമറ്റു തുടങ്ങി.

ദേശീയരാഷ്ട്രീയത്തില്‍ സംഘ്​പരിവാറിന്റെ വളര്‍ച്ചയും മാധ്യമമേഖലയിലെ പ്രതിലോമകരമായ മാറ്റങ്ങളും പരസ്പരം പരിപോഷിപ്പിച്ചു. കെട്ടുകഥകളും നിര്‍മിത വാര്‍ത്തകളും രാഷ്ട്രീയ ആയുധമാകുന്നതിനെ പ്രത്യശാസ്ത്രപരമായിത്തന്നെ പിന്തുണക്കുന്ന ഫാഷിസ്റ്റ്​ ഐഡിയോളജി ദേശീയ രാഷ്ട്രീയം കയ്യടക്കിയതോടെ വസ്തുതകളെ ഒരു വിലങ്ങുതടിയായി കാണാന്‍ തുടങ്ങി. ഹിന്ദുത്വ കഥാകഥനത്തിനു വിഘ്‌നമുണ്ടാക്കുന്ന വസ്തുതകളെ മൂടിവെക്കുന്നവരായി മാധ്യമ പ്രവര്‍ത്തകർ. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ മാത്രമല്ല മലയാളമുള്‍പ്പെടെയുള്ള ഭാഷാമാധ്യമങ്ങളിലും ഈ പാറ്റേണ്‍ കാണാം. മാധ്യമപ്രവര്‍ത്തനം എന്ന തൊഴില്‍മേഖലയും മാധ്യമമെന്ന സാമൂഹിക സ്ഥാപനവും പൂര്‍ണമായും അന്തഃസ്സാരശൂന്യമായി കഴിഞ്ഞു.

Enter caption

ഇത്രയും കാര്യങ്ങളില്‍ തര്‍ക്കമുണ്ടാവില്ല. തര്‍ക്കം, ആരാണ് കാരണക്കാര്‍, എന്താണ് കാരണങ്ങള്‍ എന്ന കാര്യത്തിലായിരിക്കും. രാഷ്​ട്രീയം, സാങ്കേതിക മാറ്റങ്ങള്‍, വിവരവിതരണക്കാര്‍ എന്നതില്‍നിന്ന് ഇമേജ് ഇൻഡസ്​ട്രിയിലേക്കുള്ള പരിണാമം, സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍ഭാവം, ജേണലിസം സ്‌കൂളിംഗ് തുടങ്ങി പല തലങ്ങളില്‍ഈ പ്രതിസന്ധിയുടെ കാരണങ്ങള്‍ പരതേണ്ടതുണ്ട്. മലയാളത്തിലെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ വരവും വളര്‍ച്ചയും പരിണാമങ്ങളും മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്.

ഏഷ്യാനെറ്റും ഇന്ത്യാവിഷനും ചേര്‍ന്നുണ്ടാക്കിയ മതനിരപേക്ഷവും പ്രത്യയശാസ്ത്രബാധ്യതകള്‍ ഇല്ലാത്തതും രാഷ്ട്രീയമായി സ്വതന്ത്രവും മൂലധന സ്വാധീനങ്ങള്‍ ഒരു പരിധിക്കപ്പുറം ഏശാത്തതുമായ മാധ്യമ സാഹചര്യം ഈ മേഖലയില്‍ കൊണ്ടുവന്ന ജനാധിപത്യവത്കരണം ചെറുതായിരുന്നില്ല.

1995 -ല്‍ ഏഷ്യാനെറ്റ് വരുമ്പോള്‍ അതൊരു ദശാസന്ധിയായിരുന്നു. ദീപിക, മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ജനയുഗം, ചന്ദ്രിക, വീക്ഷണം, മാധ്യമം തുടങ്ങി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ക്കിങ്ങോട്ടു മലയാളത്തിലുണ്ടായതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ മാധ്യമ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വന്തമായി ഒരു മതമോ സമുദായമോ രാഷ്ട്രീയ പാര്‍ട്ടിയോ ഉണ്ടായിരുന്നു. അത്തരം അഫിലിയേഷനുകളും ബാധ്യതകളും ഏഷ്യനെറ്റിനു ഉണ്ടായിരുന്നില്ല. ജേണലിസത്തെ തന്നെ ഒരു മതവും വിശ്വാസവും സംസ്‌കാരവുമായി കണ്ടവരായിരുന്നു അതിന്റെ സ്ഥാപകര്‍. 2003 -ല്‍ ഇന്ത്യാവിഷന്‍ തുടങ്ങിയത്, ഗുണപരമായി, ഏഷ്യനെറ്റിന്റെ തുടര്‍ച്ചയായിരുന്നു. മുസ്​ലിം ലീഗ് നേതാവായ ഡോ. എം. കെ. മുനീറായിരുന്നു സ്ഥാപകന്‍. മുനീറിന്റെ പരിചിതവലയത്തിലുള്ള 1600 പേരുടേതായിരുന്നു മൂലധനം. പക്ഷെ, മുനീറിനോ മുനീറിന്റെ പാര്‍ട്ടിക്കോ നിക്ഷേപകര്‍ക്കോ അവരുടെ പ്രാതിനിധ്യമുള്ള ഡയറക്ടര്‍ ബോര്‍ഡിനോ ഒന്നും ഇന്ത്യാവിഷന്റെ കണ്ടന്റില്‍ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. അപൂര്‍വ്വം ചിലപ്പോള്‍മൂലധന താല്പര്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചതുമില്ല.

ഏഷ്യാനെറ്റും ഇന്ത്യാവിഷനും ചേര്‍ന്നുണ്ടാക്കിയ മതനിരപേക്ഷവും പ്രത്യയശാസ്ത്രബാധ്യതകള്‍ ഇല്ലാത്തതും രാഷ്ട്രീയമായി സ്വതന്ത്രവും മൂലധന സ്വാധീനങ്ങള്‍ ഒരു പരിധിക്കപ്പുറം ഏശാത്തതുമായ മാധ്യമ സാഹചര്യം ഈ മേഖലയില്‍ കൊണ്ടുവന്ന ജനാധിപത്യവത്കരണം ചെറുതായിരുന്നില്ല. ദീപിക, മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയത്തോടുണ്ടായിരുന്ന ജനിതകവൈരം ഈ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നില്ല. ന്യുസ്റൂമിലും ഫീല്‍ഡിലും സ്ത്രീകളുടെ പങ്കാളിത്തം പ്രതിഫലിക്കാന്‍ തുടങ്ങിയതും ഈ കാലത്തിനു ശേഷമാണ്.

അവരവരുടെ അനുയായികളാല്‍ വലയം ചെയ്ത സുരക്ഷിതാവസ്ഥയിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. തത്സമയ സംവാദവേദികളില്ല. എതിര്‍ ചോദ്യങ്ങളില്ല. വെല്ലുവിളികളില്ല. ഒരേ ഫ്രെയിമില്‍ ഇരുന്നു സംസാരിക്കാന്‍ പോലും കൂട്ടാക്കാത്ത ആളുകളായിരുന്നു എല്ലാ പാര്‍ട്ടിയിലും. ആ ചര്‍ച്ചാവേദികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തോ ആകട്ടെ, വിവിധ രാഷ്ട്രീയധാരകളില്‍ പെട്ടവര്‍ ഒന്നിച്ചിരുന്ന്​ അഭിപ്രായ വ്യത്യാസങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന സംസ്‌കാരം ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ അങ്ങോട്ട് പഠിപ്പിച്ചതാണ്. ആങ്കര്‍മാര്‍ ജഡ്ജിമാരായി പരിണമിക്കുന്നതിനു മുമ്പ്, ന്യൂസ് അവറുകള്‍ സംവാദത്താകമായിരുന്ന ചെറിയൊരു കാലമുണ്ടായിരുന്നു. വളരെ ചെറിയൊരു കാലം. 2004 ഒക്ടോബറിലെ ഐസ് ക്രീം പാര്‍ലര്‍ കേസ് വലതുപക്ഷത്തേയും 2005 ജൂലൈയിലെ എസ് എന്‍ സി ലാവലിന്‍ കേസ് ഇടതുപക്ഷതെയും വാര്‍ത്താ ചാനലുകളുടെ ശത്രുക്കളാക്കി മാറ്റി.

രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തങ്ങളുടെ മുഖ്യവിഭവമെന്നു ചാനലുകള്‍ തിരിച്ചറിഞ്ഞു

നിത്യവും വൈകുന്നേരങ്ങളില്‍ ചാനല്‍ സ്‌ക്രീനില്‍ തിളച്ചുമറിഞ്ഞ വാക്‌പോരുകള്‍ ആ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം പ്രേക്ഷകരെ ഉണ്ടാക്കുകയാണ് ചെയ്തത്. ജനജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളല്ല, രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തങ്ങളുടെ മുഖ്യവിഭവമെന്നു ചാനലുകള്‍ തിരിച്ചറിഞ്ഞു. റിസര്‍ച്ചു ചെയ്തു വൃത്തിയോടെയുണ്ടാക്കുന്ന പ്രോഗ്രാമുകളില്ല, അന്വേഷിച്ചു കണ്ടെത്തുന്ന വാര്‍ത്തകളില്ല, ജീവിതവും നിലപാടുകളും സത്യസന്ധ്യമായി പ്രതിഫലിപ്പിക്കുന്ന അഭിമുഖങ്ങളില്ല, സദാ തര്‍ക്കം മാത്രം. പൂജ്യത്തില്‍നിന്ന് നിമിഷങ്ങള്‍കൊണ്ട് നൂറിലേക്കു പറപ്പിക്കാവുന്ന ഹൈ എന്‍ഡ് കാറുകളുടെ പരസ്യം പോലെയാണ് ആങ്കര്‍മാരുടെ മാര്‍ക്കറ്റ്. ഫ്ലോര്‍ ഓപ്പണ്‍ ചെയ്താല്‍ മിനുട്ടുകള്‍കൊണ്ട് തര്‍ക്കത്തിലെത്തിക്കണം. അതാണ് ലക്ഷ്യം. ഇത് മലയാളത്തിലെ മാത്രം അവസ്ഥയല്ല, ദേശീയതലത്തിലും ആഗോള തലത്തിലും ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍, ദൃശ്യങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പകരം തര്‍ക്കങ്ങളും വെറുപ്പും സ്‌ക്രീനില്‍ കുത്തിനിറക്കുന്നു. കുറച്ചു കാലം ഈ അന്തരീക്ഷത്തില്‍ പെട്ടുപോകുന്നവര്‍ പിന്നെ അതിന്റെ തടവുകാരായി തീരുന്നു. ശബ്ദഘോഷങ്ങളില്ലാതെ കൊടുക്കുന്ന സത്യസന്ധമായ വാര്‍ത്തകള്‍ കാണാന്‍ ആളില്ലാതെ ഒടുങ്ങുന്നു. ജേര്‍ണലിസം എന്ന തൊഴില്‍തന്നെ മരിക്കുന്നു.

സംവാദത്തിനുപകരം തര്‍ക്കം വിറ്റു ജീവിക്കുന്നവരുടെ കയ്യിലേക്കാണ് വെറുപ്പിന്റെ രാഷ്ട്രീയം എത്തുന്നത്. അവര്‍ക്കതൊരു ചാകരയായിരുന്നു. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും മുതല്‍ സന്ദീപ് വചസ്പതി വരെയുള്ളവര്‍ക്ക് വലിയ സ്‌നേഹവായ്പോടെയാണ് മലയാളത്തിന്റെ ആങ്കര്‍മാര്‍വരവേല്‍പ്പ് നല്‍കിയത്. ടെലിവിഷനില്‍ നിന്ന് മാറ്റിനിര്‍ത്തി തോല്പിക്കാവുന്നതല്ല ഫാഷിസം. എട്ടുമണി / ഒമ്പതുമണി ചര്‍ച്ചകള്‍ക്ക്​ അമേരിക്കന്‍രാഷ്ട്രീയത്തിലെ പോലെ ഒരു പെര്‍മനന്റ് കാമ്പയിനിന്റെ സ്വഭാവം കൈവന്നിട്ടുണ്ട്. എല്ലാ സാമൂഹിക വിഷയങ്ങളെയും രാഷ്ട്രീയമുന്നണികള്‍ക്കിടയിലെ തര്‍ക്കമായി പരിഗണിക്കുകയും, ഇതില്‍ തുല്യമായൊരു സ്ഥാനം ബി ജെ പിക്ക് നല്‍കുകയും ചെയ്യുമ്പോള്‍ അവര്‍ സ്‌ക്രീനില്‍ നിറയുന്നു. ഭരണത്തിലോ പ്രതിപക്ഷത്തോ നിന്ന് ഉത്തരവാദിത്തമൊന്നും നിര്‍വഹിക്കാനില്ലാത്തവര്‍ക്ക് എന്ത് വിടുവായത്തവും പറഞ്ഞ്​ സ്‌ക്രീന്‍ പിടിക്കാന്‍ കഴിയുന്ന അവസ്ഥ.

ഇന്റിവിജ്വല്‍ ജേണലിസ്റ്റുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ മുഖമായി മാറുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതാണ്. അവര്‍ക്ക്​ അവരവരുടെ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ നയങ്ങളെ സ്വാധീനിക്കാവുന്ന മൂലധനവും അസ്സറ്റും ആകാന്‍ കഴിയുന്നു. ഇത് മാനേജ്‌മെന്റിന്റെ കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള കരുത്ത് ന്യുസ്റൂമുകള്‍ക്കു നല്‍കും

രാഷ്ട്രീയവും രാഷ്ട്രീയവാര്‍ത്തയും ഭക്ഷിച്ചു ജീവിക്കുന്ന ഒരു ജനതയുണ്ടിവിടെ. അവര്‍ക്ക്​ വാര്‍ത്ത വിളമ്പുന്നവരില്‍ നല്ലൊരു പങ്കും തികഞ്ഞ അരാഷ്ട്രീയ ജീവികളായിരിക്കുന്നു. വാര്‍ത്താ അവതരണം മാത്രമാണ് ജേണലിസം എന്ന്, ഈ തൊഴില്‍ പഠിക്കാനിറങ്ങുന്ന പുതിയ തലമുറ മാത്രമല്ല, പൊതുസമൂഹവും കരുതി തുടങ്ങിയിരിക്കുന്നു. മലയാളം വാര്‍ത്താചാനലുകളുടെ ഇരുപതു വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ പകുതി ഏഷ്യാനെറ്റും ഇന്ത്യാവിഷനും തമ്മിലുള്ള മത്സരമായിരുന്നു. ഈ രണ്ടു ചാനലുകളും അവ പുറത്തുകൊണ്ടുവന്ന വാര്‍ത്തകളുടെയും കൈകാര്യം ചെയ്ത സാമൂഹിക വിഷയങ്ങളുടെയും പുറത്താണ് ജനങ്ങള്‍ അവ കണ്ടു ശീലമായത്​. അവിടെ വാര്‍ത്താ പരമ്പരകള്‍ അവതാരകരെ സൃഷ്ടിക്കുകയായിരുന്നു.

പിന്നീടുവന്ന മനോരമ ന്യൂസും മാതൃഭൂമിയും മീഡിയ വണ്ണും അതേവഴി തന്നെ പിന്തുടര്‍ന്നു. പക്ഷെ, അപ്പോഴേക്കും ലക്ഷക്കണക്കിന് പ്രേക്ഷകരെ ഒരു ചാനലില്‍ നിന്ന് മറ്റൊരു ചാനലിലേക്ക് കടത്തിക്കൊണ്ടു പോകാവുന്ന അവതാരകര്‍ ജനിച്ചു കഴിഞ്ഞിരുന്നു. ചാനല്‍ മത്സരത്തിലെ തുറുപ്പുചീട്ടുകള്‍ ഈ അവതാരകരായിത്തീര്‍ന്നു.

ഇങ്ങനെ ഇന്റിവിജ്വല്‍ ജേണലിസ്റ്റുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ മുഖമായി മാറുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതാണ്. അവര്‍ക്ക്​ അവരവരുടെ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ നയങ്ങളെ സ്വാധീനിക്കാവുന്ന മൂലധനവും അസ്സറ്റും ആകാന്‍ കഴിയുന്നു. ഇത് മാനേജ്‌മെന്റിന്റെ കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള കരുത്ത് ന്യുസ്റൂമുകള്‍ക്കു നല്‍കും. പക്ഷെ, ഇവിടെ ഒരു പ്രതിസന്ധിയുണ്ട്. ഈ വ്യക്തിഗത അവതാരങ്ങള്‍ ജേണലിസത്തിന്റെ ധാര്‍മിക സംഹിതകള്‍ പാലിക്കാത്തവരും അവയില്‍ വിശ്വസിക്കാത്തവരും ആയാല്‍ എന്ത് സംഭവിക്കും? ഇത്തരം വ്യാജ അവതാരകരുടെ കൈയിലേക്കാണ് ഓഗ്​മെൻറഡ്​ റിയാലിറ്റിയുടെ അനന്ത സാദ്ധ്യതകള്‍ കൂടി എത്തുന്നത്. ടെലിവിഷന്‍ സ്റ്റോറി ടെല്ലിങ്ങില്‍ എ. ആര്‍ സാങ്കേതിക വിദ്യക്ക് വലിയ പങ്കുവഹിക്കാനുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും വാര്‍ത്താഅന്തരീക്ഷത്തില്‍ മുങ്ങിനിവരുന്നതുമായ അനുഭവമുണ്ടാക്കാന്‍ കഴിയും. സ്ഥിതിവിവരകണക്കുകളെ വരണ്ട അക്കങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയും. വാര്‍ത്തകളെയും സാമൂഹിക പ്രശ്‌നങ്ങളെയും രാഷ്ട്രീയമായോ വിപണിക്കുവേണ്ടിയോ ദുരുപയോഗം ചെയ്യുന്നവരുടെ കയ്യിലാണ് എ. ആര്‍ കിട്ടുന്നതെങ്കില്‍ അതൊരു ദുരന്തമായിരിക്കും. ന്യുസ്റൂമുകള്‍ പ്രേക്ഷകരെ മാനിപുലേറ്റ് ചെയ്യുന്ന വ്യാജന്മാരുടെ കൂടാരമാകും. ഈ പ്രതിസന്ധി ഇപ്പോള്‍ മലയാളത്തില്‍ സംഭവിച്ചിരിക്കുന്നു.

Comments