ആറ് എഡിറ്റർമാർക്ക് കത്തയച്ചു, എന്നിട്ടും തെറ്റിധരിപ്പിക്കുന്ന ആ പരസ്യം പത്രങ്ങൾ പിൻവലിച്ചില്ല

Think

പഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ ആയുർവേദ മരുന്നുകളുടെ നിയമവിരുദ്ധ പരസ്യങ്ങൾ നൽകുന്ന ബാബാ രാംദേവിന്റെ പതഞ്​ജലി ഗ്രൂപ്പിനെതിരെ നിരന്തരമായ നിയമനടപടികൾ നടത്തിയ ഓഫ്താൽമോളജിസ്റ്റും വിവരാവകാശ പ്രവർത്തകനുമായ ഡോ. കെ.വി. ബാബു ആ പോരാട്ട കഥ പറയുകയാണ് ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 122 ൽ.

""2018 മാർച്ചിൽ ട്വിറ്ററിൽ, ഐ ഡ്രോപ്പിന്റെ ഒരു പരസ്യം ശ്രദ്ധയിൽ പെട്ടു. അത് പതഞ്ജലി ആയുർവേദിക് ലിമിറ്റഡിനുകീഴിലുള്ള ദിവ്യ ഫാർമസിയുടേതായിരുന്നു. Glaucoma, Cataract, Double vision, Colour vision, Retinitis, Pigmentosa, Night blindness തുടങ്ങിയവക്കുള്ള മരുന്ന് എന്ന പേരിലായിരുന്നു പരസ്യം. ഈ രോഗങ്ങൾക്കെല്ലാം ഒരേ ഡ്രോപ്സ് തന്നെ ഉപയോഗിക്കാം എന്നത് പ്രാഥമികമായി തന്നെ ഒരു തട്ടിപ്പാണെന്ന് വ്യക്തമായിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് ഗ്ലോക്കോമക്ക് ചികിത്സ ചെയ്തുകൊണ്ടിരുന്ന രണ്ട് രോഗികൾ എന്റെ അടുത്തുവന്നത്. ഒന്നോ രണ്ടോ മാസത്തെ ഇടവേളക്കുശേഷമാണ് അവർ വന്നത്. ഈ സമയത്ത് ചികിത്സ നിർത്തി അവർ ആയുർവേദ ചികിത്സ ചെയ്തു. കുറെ കഴിഞ്ഞാണ് ഞാനത് അറിഞ്ഞത്. രണ്ടുപേരും ഏതാണ്ട് കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിലാണ് വരുന്നത്. അപ്പോഴാണ് ഇത്തരം വ്യാജ മരുന്നുകളെക്കുറിച്ചും പരസ്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കാൻ തുടങ്ങിയത്''

1954ലെ Drugs and Magic Remedies Act അനുസരിച്ച് 54 രോഗങ്ങളുടെ ചികിത്സ, മരുന്ന് എന്നിവ പരസ്യം ചെയ്യുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. നിയമത്തിലെ ഈ വ്യവസ്ഥ പതഞ്ജലി ഗ്രൂപ്പ് 53 തവണ ലംഘിച്ചതായി രാജ്യസഭയിൽ ആയുഷ് മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിൽ മാർച്ച് 28ന് ആയുഷ് മന്ത്രി നൽകിയ മറുപടിയിൽ, സർക്കാർ സംവിധാനം തന്നെ കണ്ടെത്തിയ ഈ നിയമലംഘനത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും, ഈ പരസ്യങ്ങൾ നൽകുന്നത് അവർ നിർത്തിയില്ല. എല്ലാ ശനിയും ഞായറും പത്രങ്ങളിൽ ഈ പരസ്യങ്ങൾ വന്നുകൊണ്ടിരുന്നു. തെറ്റിധാരണാജനകമായ പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആറ് പത്രങ്ങളുടെ എഡിറ്റർമാർക്ക് കത്തയച്ചിരുന്നു. മനോരമ മാത്രമാണ്, വേണ്ടത് ചെയ്യാം എന്നു പറഞ്ഞ് മറുപടി നൽകിയത്. പിന്നെ അവർ പരസ്യം നൽകിയിട്ടുമില്ല. മറ്റു പത്രങ്ങളൊന്നും മറുപടി നൽകിയില്ല, പരസ്യം നൽകുന്നത് തുടരുകയും ചെയ്തു. - ഡോ. കെ.വി. ബാബു പറയുന്നു.

എറ്റവും കൂടുതൽ പരസ്യം നൽകുന്നതും ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നതുമായ കമ്പനി എന്ന നിലയ്ക്കാണ് പതഞ്ജലിക്കെതിരെ തുടർച്ചയായ പരാതി നൽകേണ്ടിവന്നതെന്നും മറ്റു കമ്പനികളുടെ പരസ്യങ്ങൾക്കെതിരെയും താൻ നിയമനടപടി തേടിയിട്ടുണ്ടെന്നും കേരള സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയിൽ ഓർത്തോ ഹെർബിനെതിരെയും തന്റെ പരാതിയുണ്ടെന്നും കെ.വി. ബാബു പറഞ്ഞു.

ഡോ. കെ.വി. ബാബുവുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം

Comments