പ്രമോദ് രാമൻ

അതിസാഹസികമായ ഒരു മുഴുവൻ സമയ
സംപ്രേഷണത്തിന്റെ ഓർമ

‘‘ശശികുമാർ ആങ്കറായി ഏതാണ്ട് നാലുദിവസം നീണ്ടുനിന്ന വോട്ടെണ്ണൽ കവറേജ്. ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നും. അന്ന് പേപ്പർ ബാലറ്റായിരുന്നു. അത് എണ്ണിതീരുന്നതുവരെയുള്ള, അതിസാഹസികമായ മുഴുവൻ സമയ സംപ്രേഷണ പരിപാടിയുടെ പ്രൊഡക്ഷനു പിന്നിൽ ഞാനുണ്ടായിരുന്നു’’- ഇലക്ഷൻ റിപ്പോർട്ടിങ്ങിലെയും ആങ്കറിങ്ങിലെയും അവിസ്മരണീയ അനുഭവങ്ങൾ ഓർക്കുന്നു, ‘മീഡിയ വൺ’ എഡിറ്റർ പ്രമോദ് രാമൻ.

മീഡിയ വണ്ണിന്റെ തെരഞ്ഞെടുപ്പുപരിപാടിയായ ‘ദേശീയ പാത’യിൽ നിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് അനുഭവങ്ങളെ കുറിച്ച് എഴുതണമെന്ന ആവശ്യവുമായി ട്രൂകോപ്പിയിൽ നിന്ന് വിളിവരുന്നത്. അത് യാദൃച്ഛികമായി കാണാനാവില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അല്ലെങ്കിൽ അതിനുള്ള രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവന്നാൽ, പിന്നങ്ങോട്ട് മാധ്യമപ്രവർത്തകരുടെ ഊർജത്തിന്റെ തൊണ്ണൂറ് ശതമാനവും വിനിയോഗിക്കുന്നത് തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായിരിക്കും.

കഴിഞ്ഞ മുപ്പത് വർഷമായുള്ള എന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ അനുഭവവും അതുതന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളും തുടങ്ങി ഏത് തലത്തിലുള്ള തെരഞ്ഞെടുപ്പാണെങ്കിലും മാധ്യമങ്ങളെ സംബന്ധിച്ച് സാധാരണയിൽ കവിഞ്ഞ സമയക്രമം അവയുടെ ദിവസങ്ങളെ നയിക്കാൻ തുടങ്ങും.

മീഡിയ വണ്ണിന്റെ തെരഞ്ഞെടുപ്പുപരിപാടിയായ ‘ദേശീയ പാത’യിൽ പ്രമോദ് രാമനും മഹേഷ് പോലൂരും

എന്റെ ആദ്യ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് 1991-ലായിരുന്നു. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടിയ പാശ്ചാത്തലത്തിൽ ഇ.കെ. നായനാർ സർക്കാർ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടത്തിയ വർഷം. ഓർക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്നത് വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കെ.പി. ഉണ്ണികൃഷ്ണനുവേണ്ടി വി.പി. സിങ് പ്രചാരണത്തിനെത്തിയ സന്ദർഭമാണ്.

ഏഷ്യാനെറ്റ് ചാനൽ 1996 ആകുമ്പോഴേക്കും സിംഗപ്പൂരിലേക്ക് സംപ്രേഷണം മാറ്റിയിരുന്നു. ഞങ്ങൾ കുറച്ചുപേർ സിംഗപ്പൂരിൽ താമസിച്ച് അവിടുത്തെ എസ്.ടി ടെലിപോട്ട് എന്ന സംപ്രേഷണ കേന്ദ്രത്തിൽനിന്ന് വാർത്ത അവതരിപ്പിക്കുന്ന സമയമായിരുന്നു അത്.

ആ കാലത്ത് ഞാൻ ദേശാഭിമാനിയുടെ കോഴിക്കോട് ബ്യൂറോയിലാണ്, ഒരു സാധാരണ റിപ്പോർട്ടറായി. ആദ്യമായി തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് ആ വർഷമാണ് നിയോഗിക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് പ്രസംഗിക്കാനെത്തുന്നുമെന്നുപറഞ്ഞ് അവിടേക്ക് എന്നെ റിപ്പോർട്ടിങ്ങിന് പോയത് എപ്പോഴും ഓർമിക്കുന്ന സന്ദർഭമാണ്.

കോഴിക്കോട്ടുനിന്ന് വടകരയിലേക്ക് ബസിലെത്തിയാണ് അന്ന് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തത്. ജനപ്രവാഹം കൊണ്ട് ബസ് വളരെ അകലെയാണ് അന്ന് നിർത്തിയത്. അവിടെ നിന്ന് നടന്നാണ് പ്രസംഗവേദിയുടെ അരികിലെത്തിയത്. ഇത്തരം പ്രയാസങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും വി.പി. സിങ്ങിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു എന്നത് എപ്പോഴും ഒരു നേട്ടമായി ഓർമിക്കുന്ന കാര്യമാണ്.

വി.പി. സിംഗ്, കെ.പി. ഉണ്ണികൃഷ്ണൻ

അദ്വാനിയുടെ രഥയാത്ര തടഞ്ഞതിന്റെ തുടർച്ചയായി രാജ്യത്ത് ബി.ജെ.പി ഉയർത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് രാജിവെച്ചൊഴിഞ്ഞ വി.പി. സിങ്ങിന് അന്നുണ്ടായിരുന്നത് കേവലം ഒരു നേതാവിന്റെ പ്രതിഛായ മാത്രമായിരുന്നില്ല, ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ രക്ഷകന്റേതുകൂടിയായിരുന്നു. ആ തെരഞ്ഞടുപ്പിലാകട്ടെ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും എൽ.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയെന്നതും ചരിത്രം.

ഇതൊന്നുമായിരുന്നില്ല, ആ തെരഞ്ഞെടുപ്പിന്റെ ഹൈ ലൈറ്റ്. പ്രചാരണം അവസാനിച്ചശേഷം ലീവെടുത്ത് വോട്ട് ചെയ്യുന്നതിന് നാട്ടിലേക്ക് പുറപ്പെട്ട ഞാൻ, 1991 മെയ് 21-ന് രാത്രി ഏതാണ്ട് ഒരു മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലെത്തി. അവിടെ നിന്ന് രാവണേശ്വരത്തേക്കാണ് പോകേണ്ടത്.

വാഹനത്തിനായി കാത്തുനിൽക്കുന്ന സമയത്താണ്, നാടിനെയാകെ പ്രകമ്പനം കൊള്ളിച്ച് ഒരു അനൗൺസ്മെന്റ് ജീപ്പ് കടന്നുവന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.

രാജീവ് ഗാന്ധി ഒരു പ്രചാരണത്തിനിടെ

എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്നോട് ഓട്ടോ ഡ്രൈവർമാരാണ് പറഞ്ഞത്, കഴിയുന്നതും വേഗം വീടു പിടിച്ചോളു, നാളെ ഹർത്താലായിരിക്കും എന്ന്. അങ്ങനെ ഏതോ വാഹനത്തിൽ കയറി വീട്ടിലെത്തി. നാടാകെ സ്തംഭിച്ച ആ ദിനം ഇന്നും മനസ്സിലുണ്ട്.

രാജീവ് ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന പി.വി. നരസിംഹ റാവു സർക്കാർ കാലാവധി പൂർത്തിയാക്കിയതിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് എന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായം. 1996 ആകുമ്പോഴേക്കും പത്രത്തിൽ നിന്ന് ടെലിവിഷനിലേക്ക് മാറിയ എന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്.

ഫിലിപ്പീൻസിൽനിന്ന് 1995-ൽ പ്രവർത്തനം ആരംഭിച്ച ഏഷ്യാനെറ്റ് ചാനൽ 1996 ആകുമ്പോഴേക്കും സിംഗപ്പൂരിലേക്ക് സംപ്രേഷണം മാറ്റിയിരുന്നു. ഞങ്ങൾ കുറച്ചുപേർ സിംഗപ്പൂരിൽ താമസിച്ച് അവിടുത്തെ എസ്.ടി ടെലിപോട്ട് എന്ന സംപ്രേഷണ കേന്ദ്രത്തിൽനിന്ന് വാർത്ത അവതരിപ്പിക്കുന്ന സമയമായിരുന്നു അത്.

1995 സെപ്റ്റംബർ 30ന് ഇന്ത്യയിൽ ആദ്യത്തെ സാറ്റലൈറ്റ് വാർത്താ ചാനലായ ഏഷ്യാനെറ്റിലെ ആദ്യ ബുള്ളറ്റിൻ അവതരിപ്പിക്കുന്ന പ്രമോദ് രാമൻ.

തെരഞ്ഞെടുപ്പുകാലത്ത് സവിശേഷമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനം ഏഷ്യാനെറ്റിന്റെ അന്നത്തെ പ്രസിഡന്റായ ശശികുമാർ എടുക്കുന്നു. പക്ഷെ ന്യൂസ് ഡെസ്‌ക്ക് തിരുവനന്തപുരത്തും സംപ്രേഷണ കേന്ദ്രം സിംഗപ്പൂരിലുമാണ്.

ഈയൊരു പശ്ചാത്തലത്തിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് കവർ ചെയ്യുക എന്നതായിരുന്നു പ്രധാന ചോദ്യം. റിപ്പോർട്ടിങ് രംഗത്തായിരുന്നില്ല, മറിച്ച് ആങ്കറിങ്ങായിരുന്നു അന്ന് ഞാൻ ചെയ്തിരുന്നത്.

ശശികുമാർ ആങ്കറായി ഏതാണ്ട് നാലുദിവസം നീണ്ടുനിന്ന വോട്ടെണ്ണൽ കവറേജാണ് നടന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നും. അന്ന് പേപ്പർ ബാലറ്റായിരുന്നു.

കൗണ്ടിങ് ദിനത്തിലാണ് മുഖ്യമായൊരു സംഗതി നടന്നത്. ശശികുമാറും ടി.എൻ. ഗോപകുമാറും സക്കറിയയും വി.കെ. മാധവൻകുട്ടിയും ബാബു ഭാസ്‌ക്കറും ഉൾപ്പെടുന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘം സിംഗപ്പൂരിലെ സംപ്രേഷണകേന്ദ്രത്തിലെത്തുന്നു.

ശശികുമാർ ആങ്കറായി ഏതാണ്ട് നാലുദിവസം നീണ്ടുനിന്ന വോട്ടെണ്ണൽ കവറേജാണ് നടന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നും. അന്ന് പേപ്പർ ബാലറ്റായിരുന്നു. അത് എണ്ണിതീരുന്നതുവരെയുള്ള, അതിസാഹസികമായ മുഴുവൻ സമയ സംപ്രേഷണ പരിപാടിയുടെ പ്രൊഡക്ഷനു പിന്നിൽ ഞാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നുകൊണ്ടിരിക്കുന്ന സമയത്ത് ആങ്കറായ ശശികുമാറിന് തത്സമയം സംസാരിക്കുന്നതിന് നേതാക്കളുടെ ഫോൺ നമ്പറിലേക്ക് വിളിച്ച് അവരെ കണക്ട് ചെയ്യുക എന്നതായിരുന്നു എന്റെ ജോലി.

ശശികുമാര്‍

കണക്ട് ചെയ്തുകിട്ടുന്ന നേതാവ് ലൈനിലുണ്ടെന്ന് അറിയിക്കുന്നതിന് ഒരു പേപ്പറിൽ നേതാവിന്റെ പേരെഴുതി സ്റ്റുഡിയോയുടെ ഉള്ളിലേക്ക് ആങ്കറിന് കാണാവുന്ന വിധത്തിൽ നീട്ടിക്കാണിക്കുക എന്നതായിരുന്നു ഞാൻ അന്ന് ചെയ്തുകൊണ്ടിരുന്നത്.

യഥാർഥത്തിൽ ഇന്ന് ചിരി വരും. കാരണം ടോക്ബാക്ക് എന്നുപറയുന്ന വളരെ ചെറിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ന് ചെയ്യുന്ന കാര്യമാണത്. ആ സംവിധാനം അന്നില്ലാതിരുന്നതുകൊണ്ടുമാത്രം, വോട്ടെണ്ണൽ സമയമത്രയും, ഏതാണ്ട് 24 മണിക്കൂറെന്ന് പറയാം, ഈ പണി, നിർത്താതെ തുടർന്നു.

നാല് ദിവസത്തോളമുള്ള ആ പ്രക്രിയയിലുടനീളം ഈ പണി തുടർന്നു. ഇന്ത്യൻ മാധ്യമപ്രവർത്തന ചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യത്തിരുന്ന് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യുന്ന അത്യപൂർവമായ ഒരു പ്രക്രിയയാണ് അന്ന് നടന്നത്. അതിന്റെ തുടർച്ചയായി പറയട്ടെ, വോട്ടെണ്ണൽ അവസാനിച്ചശേഷം രാത്രി 12 മണിയോടെ അതേ ഫ്ലോറിൽനിന്ന് വായിക്കേണ്ട ഉത്തരവാദിത്തം എനിക്കുവന്നു.

എൻ.കെ. രവീന്ദ്രന്‍

കാരണം, ചർച്ചകൾ പൂർത്തിയായതിനുശേഷം ഇതെല്ലാം വാർത്താ ബുള്ളറ്റിനായി നൽകേണ്ടിയിരുന്നു. വാർത്ത വായിക്കുന്ന സമയത്ത്, ഇത്രയും ദിവസത്തെ അധ്വാനത്തിന്റെ ക്ഷീണം കൊണ്ട് എനിക്ക് ശാരീരികമായ തളർച്ച നേരിടുകയും ശബ്ദം കിട്ടാതാവുകയും ചെയ്തു. ആ സന്ദർഭത്തിൽ എന്നെ മാറ്റിയിരുത്തി ബുള്ളറ്റിൻ പൂർത്തിയാക്കിയത് ഞങ്ങളുടെ സീനിയർ കൂടിയായ എൻ.കെ. രവീന്ദ്രനായിരുന്നു.

ആ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന എ.ബി. വാജ്പേയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് ഇ.എം.എസിന്റെ മരണവുമുണ്ടായത്. ആ നാളുകളിൽ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ടിവന്ന മറ്റൊരു ചരിത്ര നിയോഗമായിരുന്നു അത്.

ഇ.എം.എസ്.

പിന്നീടിങ്ങോട്ട് രാജ്യത്ത് അസ്ഥിര ഗവൺമെന്റുകളുടെ കാലമായിരുന്നു. 1998-ലും 1999-ലും നടന്ന തെരഞ്ഞടുപ്പുകൾ വലിയ തോതിലുള്ള ജോലിഭാരത്തിന്റെ നാളുകളായിരുന്നില്ല. പ്രത്യേകിച്ച് സ്റ്റുഡിയോയിലിരുന്നുള്ള ജോലിയിൽ ആങ്കറിങ് സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതു മാത്രമായിരുന്നു അന്ന് ചെയ്യാനുണ്ടായിരുന്നത്. എങ്കിലും വോട്ടെണ്ണൽ ദിവസങ്ങൾ മറക്കാനാകാത്തതാണ്.

1999-ലെ തെരഞ്ഞെടുപ്പിലാണ് സോണിയാ ഗാന്ധി കർണാടകയിലെ ബെല്ലാരിയിൽ നിന്ന് മത്സരിക്കുന്നത്. കർണാടകയിൽ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് ഞാൻ നിയോഗിക്കപ്പെട്ടു. അവിടെ റിപ്പോർട്ടിങ് ചെയ്തുകൊണ്ടിരുന്ന സന്ദർഭത്തിലാണ് സോണിയാ ഗാന്ധിക്കെതിരെ സുഷമ സ്വരാജ് മത്സരിക്കാൻ പോകുന്നു എന്ന വിവരം കിട്ടുന്നത്.

സുഷമാ സ്വരാജ് ആ നാളുകളിൽ ബി.ജെ.പിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്നു, മുൻ കേന്ദ്രമന്ത്രിയും. വിവരമറിഞ്ഞയുടൻ ബാംഗ്ലൂരിൽ നിന്ന് ഞങ്ങൾ ബെല്ലാരിയിലേക്ക് പുറപ്പെട്ടു. ദീർഘമായൊരു യാത്ര. ബെല്ലാരിയിലെത്തി സുഷമാ സ്വരാജിന്റെ സൗണ്ട് ബൈറ്റ് ആദ്യമായി മലയാളത്തിൽ എടുക്കുന്നത് ഞങ്ങളാണ്.

അവർ പ്രധാനമായും ഉയർത്തിയ പ്രശ്‌നം സോണിയ ഗാന്ധിയുടെ വിദേശ പൗരത്വമായിരുന്നു. ഇന്ന് അത്ര പ്രാധാന്യത്തോടെ ആരും ഉയർത്തിക്കാട്ടാത്ത ഒരു വിഷയമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചതെന്ന് ഓർക്കുക.

രാജീവ് ഗാന്ധി, സോണിയാ ഗാന്ധി

പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഡെസ്‌ക്കിന്റെ ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന ജോലിയായിരുന്നു. തെരഞ്ഞെടുപ്പിന്റെ പല തലങ്ങളിലും പങ്കാളിയായി. ഏറ്റവും പ്രധാനം ആങ്കറിങ്ങായിരുന്നു. വോട്ടെണ്ണൽ ദിവസത്തെ ആങ്കറിങ് ആവേശകരമായ ഒരു കാര്യമാണ്. ഇന്ന് വോട്ടെണ്ണൽ ദിവസങ്ങളിൽ ആങ്കർമാർ പ്രകടിപ്പിക്കുന്ന ആവേശത്തിന്റെ ഏതാണ്ട് പകുതി മാത്രമേ അന്ന് ടെലിവിഷനിൽ കാണുമായിരുന്നുള്ളൂ എങ്കിലും, ഉള്ളിൽ ആവേശം നിറയ്ക്കുന്ന ഒരു സംഗതി തന്നെയായിരുന്നു.

ഏഷ്യാനെറ്റിൽ ചെയ്ത 1999-ലെ തെരഞ്ഞടുപ്പിലെ ആങ്കറിങ്ങാണ് പ്രധാനമായും ഓർക്കുന്നത്. കൂടാതെ, മനോരമ ന്യൂസിലും ചെയ്തിരുന്നു. ഏഷ്യനെറ്റ് ന്യൂസിലെയും മനോരമ ന്യൂസിലെയും ആങ്കറിങ് ആറോ ഏഴോ മണിക്കൂർ നീളുന്നതായിരുന്നു. അത്രയും സമയം ആങ്കർ സീറ്റിലിരുന്ന് വോട്ടെണ്ണൽ പൂർത്തിയാക്കുന്നതുവരെ ആങ്കറിങ് ചെയ്ത ഓർമയുണ്ട്.

2009-ലെ തെരഞ്ഞെടുപ്പുകാലത്ത് മനോരമ ന്യൂസിന്റെ ‘കൊടിപ്പട’ എന്ന പരിപാടി ചെയ്തതാണ് മറ്റൊരു പ്രധാന ഓർമ. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് വോട്ടർമാരും നേതാക്കന്മാരും പങ്കെടുക്കുന്ന ചർച്ചാപരിപാടി. അതിൽ എപ്പോഴും ഓർക്കുന്ന എപ്പിസോഡ്, പൊന്നാനി മണ്ഡലത്തിലേതായിരുന്നു.

ഇ.ടി. മുഹമ്മദ് ബഷീര്‍, ഹുസൈന്‍ രണ്ടത്താണി

‘കൊടിപ്പട’യുടെ ആദ്യ എപ്പിസോഡ് അവിടെയാണ് ഷൂട്ട് ചെയ്തത്. സ്ഥാനാർഥികൾ ഇ.ടി. മുഹമ്മദ് ബഷീറും ഹുസൈൻ രംഗത്താണിയും. അവരെ തന്നെ ഞങ്ങൾക്ക് അതിഥികളായി ലഭിച്ചു. ആ പരിപാടി ഒരുപക്ഷെ മലയാളത്തിൽ ചാനലുകൾ ഈവിധം നടത്തിയിട്ടുള്ള ചർച്ചാപരിപാടികളിൽ സവിശേഷ സ്ഥാനമുള്ളതായിരുന്നു. മുസ്‍ലിം ലീഗിനെ വർഗീയ പാർട്ടിയായി കാണുന്നു​​ണ്ടോ എന്ന ചോദ്യം ഞാൻ ഹുസൈൻ രണ്ടത്താണിയോട് ഉന്നയിച്ചതുതൊട്ട് പരിപാടിയിൽ ഉയർന്നുവന്ന കോലാഹലങ്ങൾ ചെറുതായിരുന്നില്ല. ഒടുവിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ സംരക്ഷിക്കാൻ എനിക്ക് ശാരീരികമായി തന്നെ ഇടപെടേണ്ടിവന്നു. ആ പരിപാടി ഒരു മണിക്കൂർ നീണ്ട അത്യുഗ്രൻ ചർച്ചയായി പരിണമിക്കുകയും ചെയ്തു.

ഇന്നിപ്പോൾ ഞാൻ സജീവമായ ആങ്കറിങ്ങിലില്ല. പക്ഷെ യാത്രാപരിപാടികൾ നടത്തുന്നു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും അങ്ങനെ ഒന്നാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് മറ്റേതു തെരഞ്ഞെടുപ്പിനെക്കാളും നിർണായകമായിരിക്കെ കേരളത്തിൽ അതിന്റെ സ്പന്ദനങ്ങൾ അറിയാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഓരോ മണ്ഡലങ്ങളിലൂടെയും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു, അതെ,
ഞാൻ ‘ദേശീയപാത’യിലാണ്.


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments