ഒരു കുടുംബം ഒന്നടങ്കം സദ്യവാങ്ങി കഴിച്ചു. കുറച്ചുകഴിഞ്ഞ് അതിലൊരാൾ കുഴഞ്ഞുവീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുമൂന്നു ദിവസം കഴിഞ്ഞ് മരിച്ചു. കുടുംബത്തിലൊരാൾ ആരോപിക്കുകയാണ്, പാലടപ്രഥമൻ ആണ് മരണകാരണമെന്ന്. അന്നു മാധ്യമങ്ങൾ റിപ്പോർട് ചെയ്യുമോ?
പാലട പ്രഥമൻ കഴിച്ച് പെൺകുട്ടി മരിച്ചു, ഹോട്ടലിനെതിരെ ജനരോഷം എന്ന്?
സാധ്യത കുറവാണ്. ഭക്ഷ്യവിഷബാധ എന്നു സംശയം, യുവതി മരിച്ചു എന്നുവേണമെങ്കിൽ എഴുതും/പറയും. മരണപ്പെട്ട യുവതി മാത്രമേ സദ്യയ്ക്ക് പാലട പ്രഥമൻ കുടിച്ചിരുന്നുള്ളൂ എന്നും അത് കേടായതായിരുന്നു എന്നും വീട്ടുകാർ സംശയിക്കുന്നു എന്നുമുള്ള ഒരു പൊതിഞ്ഞുപറയൽ അവിടെ കാണും. സ്ഥിരീകരണത്തിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു കാത്തിരിക്കുകയാണ് പൊലീസ് എന്നും കൂട്ടിച്ചേർക്കും.
അതേസമയം മാംസഭക്ഷണമാണെങ്കിൽ, അതിൽതന്നെ അറേബ്യൻ ഭക്ഷണമാണെങ്കിൽ അതിനെതിരെ അതൊക്കെ കഴിക്കുന്നവർക്കിടയിൽ തന്നെ ഒരു മുൻവിധി പ്രവർത്തിക്കും. നമ്മുടെയൊക്കെ ചെറുപ്പത്തിൽ വല്ലപ്പോഴുമാണ് കോഴിയിറച്ചി കഴിക്കുക. അന്ന് ബീഫ് എന്ന പറച്ചിലില്ല. ഇറച്ചി എന്നാൽ പോത്തിറച്ചിയാണ്. കോഴിയാവട്ടെ അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന വിശേഷപ്പെട്ട ഭക്ഷണമാണ്. അന്നു ബ്രോയ്ലർ കോഴിയില്ല. വല്ല പ്രധാനപ്പെട്ട വിരുന്നുകാരും വന്നാൽ മാത്രം വീട്ടിൽ വളർത്തുന്ന ഒരു പൂവന്റെ കാര്യം പോക്കാണ്. അന്നും നമ്മൾ പറയും, കോഴിയിറച്ചി ചൂടാണ്, അതു മൂലക്കുരുവിന്റെ അസുഖം ഉണർത്തും എന്നൊക്കെ.
ഇന്നിപ്പോൾ സുലഭമായി കോഴി കിട്ടും. പണ്ട് ഒന്നോ രണ്ടോ കഷ്ണം കഴിച്ചാലായെങ്കിൽ ഇന്നു ഫുൾ കോഴി അമുക്കും. ഏതുഭക്ഷണവും അമിതമായാൽ വിഷമാണ്. നരകക്കോഴിയും ആനചവിട്ടിക്കോഴിയും ഒക്കെ കഴിക്കുമ്പോൾ അളവ് കൂടുന്നതുകൊണ്ട് വയറിനു ചില്ലറ അസ്വസ്ഥതകളൊക്കെയുണ്ടാവാം. ഗ്യാസ് ഉണ്ടാവാം. അതു നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്ന വ്യത്യാസം, കാലാവസ്ഥ, നമ്മുടെ ഫിസിയോളജിക്കലായ പ്രത്യേകതകൾ തുടങ്ങി പലവിധ കാരണങ്ങളാലാവാം.
ഇങ്ങനെയൊരനുഭവം ഉള്ളതുകൊണ്ടു തന്നെ കോഴി അടങ്ങിയ ഭക്ഷണം എന്തോ മോശമാകും എന്ന മുൻധാരണ കിടപ്പുണ്ട്. ആ മുൻധാരണയിലാണ് ഷവായ, ഷവർമ, അൽഫാം, മന്തി, മജ്ബൂസ് തുടങ്ങിയ ഭക്ഷണങ്ങൾ തന്നെ എന്തോ ക്രൈം ആണ് എന്ന മട്ടിൽ അവതരിപ്പിക്കുന്നത്.
അലർജൻറ് ഇനത്തിൽ പെടുന്ന ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. ലാക്ടോസ് ഇൻടോളറൻറായ ആൾക്ക് പാലട പ്രഥമൻ പ്രശ്നമാകാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തേനീച്ച കുത്തിയാൽ ചിലർക്ക് പ്രശ്നമാവാം. കടല മുതൽ ഷെൽഫിഷ് വരെ, ഇരുമ്പമ്പുളി മുതൽ ബീഫ് വരെ ആളുകളിൽ അലർജി ഉണ്ടാക്കാനിടയുണ്ട്. അതൊന്നും ഭക്ഷ്യവിഷബാധയല്ല. പകരം കഴിച്ച ഭക്ഷണം ടോക്സിക്ക് ആണെന്നു കരുതി ശരീരം പ്രതിരോധിക്കാൻ നോക്കുന്നതാണ്. ആ പ്രതിരോധം പരിധികടന്നാൽ ആളു മരിക്കും. അപ്പോഴും നമ്മൾ ഭക്ഷ്യവിഷബാധ എന്നാവും പറയുക. ശരിക്കും ആരെങ്കിലും ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടു സംഭവിക്കുന്നതാണോ അത്?
ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അതു സ്ലോ ആക്റ്റിങ് പോയ്സൺ ആയിരിക്കയും ചെയ്താൽ അക്ഷരാർത്ഥത്തിൽ ആശുപത്രിയിൽ കിടന്നു നരകിച്ചു മരിക്കും. എലിവിഷം കഴിച്ചാൽ ഡീഹൈഡ്രേഷൻ വന്ന് ഊപ്പാടിളകും. അങ്ങനെ മരിച്ച ആ പെൺകുട്ടിയെ വച്ച് ചാനലുകൾ നടത്തിയ ഷോ ദുരന്തപര്യവസായി ആയി. പോസ്റ്റ്മോർട്ടം റിപ്പോർട് വന്നപ്പോൾ വിഷം കഴിച്ചാണ് മരിച്ചതെന്ന് തെളിഞ്ഞു.
അപ്പോൾ വന്നു ന്യായീകരണം: മാധ്യമങ്ങൾ അവരോടു വീട്ടുകാർ പറഞ്ഞതാണ് റിപ്പോർട്ട് ചെയ്തത്. അതുകഴിഞ്ഞ് പോസ്റ്റുമോർട്ടം റിപ്പോർട് വന്നപ്പോൾ അതും റിപ്പോർട്ട് ചെയ്തു. അത് ഒളിച്ചുവച്ചില്ല. പുതിയ വിവരം വന്നപ്പോൾ അതും "വെളിപ്പെടുത്തി'. അതാണ് മാധ്യമധർമം.
അപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്ത സോഴ്സിനെ എന്തേ ആട്രിബ്യൂട്ട് ചെയ്യാഞ്ഞേ?ആ...
അപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്ത കാര്യം എന്തെ സംശയമാണെന്നു പറയാഞ്ഞൂ?
ആ...
അപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്ത കാര്യം എന്തേ സത്യമാണെന്ന മട്ടിൽ അവതരിപ്പിച്ചു?
ആ...
"സൈക്കിൾ വന്നു ബെല്ലടിച്ചു, ഞാൻ പറഞ്ഞു മാറി നിൽക്കാൻ, ആരുമാരും മാറിയില്ല, വണ്ടി മുട്ടി തോട്ടിൽ വീണു, എന്റെ പേരിൽ കുറ്റമില്ല, ക്ലാ, ക്ലീ, ക്ലൂ'.