‘‘ഈ മനോരമക്കാരു കൊണ്ടുവന്ന ചാരക്കേസ് അവസാനം ചീറ്റിപ്പോയില്ലേ?''
‘‘നമ്പി നാരായണൻ എന്ന ഒരു പ്രശസ്ത ശാസ്ത്രജ്ഞന്റെ ജീവിതം പാഴാക്കിയില്ലേ ഈ മനോരമ?''
‘‘നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ആത്മവീര്യം നശിപ്പിച്ചത് മനോരമ പടച്ചുണ്ടാക്കിയ ചാരക്കേസാണ്''.
‘‘സർക്കുലേഷൻ വർധിപ്പിക്കാൻ മറ്റൊരു മാർഗവും ഇല്ലാത്തപ്പോൾ മനോരമ തിരക്കഥയും സംവിധാനവും നിർവഹിച്ച ഒരു ത്രില്ലറല്ലേ ചാരക്കേസ്''.
‘‘മനോരമക്കാർ പണ്ടു കൊണ്ടുവന്ന ചാരക്കേസ് പോലെയൊന്നാണോ ഇത്?''
ഞാൻ മനോരമയിൽ നിന്നു പിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കേൾക്കുന്ന ചില പാഴ്വാക്കുകളാണിത്. ഇപ്പറയുന്ന എല്ലാവരുടെയും മനസ്സിൽ 1994ലെ ഐ.എസ്.ആർ.ഒ. ചാരക്കേസ് മനോരമയുടെ സൃഷ്ടിയാണ്. മറ്റൊരു പത്രവും അതേപ്പറ്റി എഴുതിയത് അവരുടെ മനസ്സിൽ പതിഞ്ഞിട്ടില്ല.
പ്രചാരത്തിൽ വളരെ മുന്നിട്ടുനിൽക്കുന്ന ഏതു പത്രത്തിന്റെയും ഗതികേടാണിത്. മറ്റുള്ളവരുടെ വിഴിപ്പുകെട്ടുകൂടി നമ്മുടെ തലയിൽ കേറ്റിവെയ്ക്കും നാട്ടുകാർ, അല്ലെങ്കിൽ ദേഹത്തു ചാരിവെക്കും.
പ്രചാരത്തിൽ വളരെ മുന്നിട്ടുനിൽക്കുന്ന ഏതു പത്രത്തിന്റെയും ഗതികേടാണിത്. മറ്റുള്ളവരുടെ വിഴിപ്പുകെട്ടുകൂടി നമ്മുടെ തലയിൽ കേറ്റിവെയ്ക്കും നാട്ടുകാർ, അല്ലെങ്കിൽ ദേഹത്തു ചാരിവെക്കും.
ഐ.എസ്.ആർ.ഒ. ചാരക്കേസ് മനോരമയുടെ സൃഷ്ടി ആയിരുന്നില്ല. ഈ ചാരക്കേസുമായി ആദ്യം രംഗത്തെത്തിയത് ‘ദേശാഭിമാനി'യാണ്. ആ ദിവസംതന്നെ മറ്റൊരു പത്രവും ഇവർക്ക് കൂട്ടിനുണ്ടായിരുന്നു; തനിനിറം.
കേന്ദ്ര ഇന്റലിജൻസ് ഈ ആരോപണത്തിൽ വലിയ കഴമ്പുകാണുന്നില്ല എന്നൊരു റിപ്പോർട്ട് അടുത്ത ദിവസങ്ങളിലൊന്നിൽ മനോരമയിൽ വന്നു. ഇതൊഴിച്ചാൽ ആദ്യത്തെ രണ്ടാഴ്ച മനോരമ ഈ വിഷയം തൊട്ടിരുന്നതേയില്ല. മറ്റു പത്രങ്ങൾ കഥകളുമായി മുന്നേറിയപ്പോൾ ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും പ്രതികരണങ്ങളും കൊണ്ട് കാലക്ഷേപം കഴിക്കുകയായിരുന്നു മനോരമ.
രാജ്യാന്തരതലത്തിലുള്ള ഒരു ഇന്റലിജൻസ് പ്രവർത്തനവും വിവരശേഖരണവുമാണെങ്കിൽ അതു കണ്ടുപിടിക്കാനും തെളിയിക്കാനുമൊക്കെയുള്ള പ്രയാസങ്ങളാണ് മനോരമയെ പിടിച്ചുനിർത്തിയത്.
പക്ഷേ അപ്പോഴേക്ക് മറ്റുപത്രങ്ങൾ ഇതു വലിയൊരു സംഭവമാക്കിക്കഴിഞ്ഞിരുന്നു. മനോരമയ്ക്ക് എന്തോ സ്ഥാപിതതാൽപര്യം ഉള്ളതുകൊണ്ട് മാറി നിൽക്കുകയാണെന്ന് കുശുകുശുപ്പുണ്ടായി. നിങ്ങളുടെ പത്രത്തിൽ എന്താ ചാരക്കേസ് ഇല്ലാത്തത് എന്നു ചില വായനക്കാർ ചോദിക്കുന്നുവെന്ന് പത്ര ഏജന്റുമാർ പറഞ്ഞു.
ആ രണ്ടാഴ്ച മറ്റെല്ലാ പത്രങ്ങളിലും വന്ന എല്ലാ കഥകളെപ്പറ്റിയും അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോർട്ടോടെ രംഗത്തിറങ്ങാൻ തീരുമാനിച്ചു. പുതിയ വിവരങ്ങൾ തേടാൻ തിരുവനന്തപുരത്ത് ഒരു ടീമിനെ സംഘടിപ്പിച്ചു.
ചാരക്കേസിൽ കുറ്റാരോപിതരായ മാലെ വനിതകളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയും അന്വേഷിക്കാൻ മാലെയിലേക്ക് ഒരാളെ അയയ്ക്കാൻ തീരുമാനിച്ചു.
ചാരക്കേസിൽ കുറ്റാരോപിതരായ മാലെ വനിതകളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയും അന്വേഷിക്കാൻ മാലെയിലേക്ക് ഒരാളെ അയയ്ക്കാൻ തീരുമാനിച്ചു.
മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, മംഗളം തുടങ്ങി എല്ലാ പത്രങ്ങളുടെയും രണ്ടാഴ്ചത്തെ ലക്കങ്ങൾ അരിച്ചുപെറുക്കി വായിച്ചു. അവയിൽ പലതിലും വന്നിരുന്നത് രണ്ടു പ്രധാന സംഭവങ്ങളായിരുന്നു.
ഒന്ന്: തിരുനൽവേലിക്കടുത്ത് നമ്പി നാരായണന് വലിയൊരു ഫാമും ഫാംഹൗസും ഉണ്ട്. വലിയൊരു കുളമുള്ളതാണ് ഫാമിന്റെ ആകർഷണീയത. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രരഹസ്യങ്ങൾ നിറച്ച അനേകം കണ്ടെയ്‌നറുകൾ ഈ കുളത്തിനടിയിൽ കുഴിച്ചിട്ടിരിക്കുന്നു.
രണ്ട്: നമ്പി നാരായണന് വിതുരയിൽ വിജനമായ പ്രദേശത്ത് ഒരു എസ്റ്റേറ്റുണ്ട്. അവിടേക്ക് പോകുന്ന പരിചയക്കാർക്കുപോലും വഴിതെറ്റും. ആ എസ്റ്റേറ്റിൽ അദ്ദേഹം ഡിഷുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡിഷുകൾ വഴിയാണ് രഹസ്യവിവരങ്ങൾ വിദേശരാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്നത്.
ഈ സ്ഥലങ്ങളിലേക്കെല്ലാം ഞങ്ങൾ അന്വേഷണസംഘത്തെ അയച്ചു. തിരുനൽവേലിയിൽ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിയുന്നത് പാലക്കാട്ടു നിന്നുള്ള ടീമിനാണോ തിരുവനന്തപുരത്തുനിന്നുള്ള ടീമിനാണോ എന്ന് തീർച്ചയില്ലാത്തതിനാൽ രണ്ടിടത്തുനിന്നും ഓരോ സംഘത്തെ അയച്ചു.
കൈവിട്ടുപോയ ഒരു വാർത്ത തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ ചെലവ് ഒരു തടസ്സമാകരുതല്ലോ.
തിരുവനന്തപുരത്തുനിന്ന് ഒരു സംഘത്തെ വിതുരയിലേക്കും വിട്ടു. മൂന്നു നാലു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനൽവേലിയിലെ ഒരു സംഘം വിളിച്ചു. അവിടെയെങ്ങും നമ്പി നാരായണന് ഫാംഹൗസോ കുളമോ ഒന്നുമില്ലെന്ന് അവർ അറിയിച്ചു. സ്വന്തം പേരിൽ ആ സ്ഥലം വാങ്ങാൻ നമ്പി നാരായണൻ മണ്ടനാണോ, ബിനാമി പേരിലായിരിക്കില്ലേ എന്നു ഞാൻ ചോദിച്ചതു സൗമ്യമായിട്ടാണെങ്കിലും അവർക്കു പൊള്ളി. അവർ വീണ്ടും വലവിരിക്കാൻ പോയി.
തിരുനൽവേലിയിലെ രണ്ടാമത്തെ ടീമിനും രണ്ടാമത് വല വാങ്ങേണ്ടിവന്നു. വിതുരയിൽ നിന്നുള്ള റിപ്പോർട്ടിലും ആശയ്ക്കു വഴിയുണ്ടായിരുന്നില്ല. നമ്പി നാരായണന് എസ്റ്റേറ്റുമില്ല, ആ പ്രദേശത്തെങ്ങും ഡിഷും ഇല്ല.
സ്വന്തം പേരിൽ ആ സ്ഥലം വാങ്ങാൻ നമ്പി നാരായണൻ മണ്ടനാണോ, ബിനാമി പേരിലായിരിക്കില്ലേ എന്നു ഞാൻ ചോദിച്ചതു സൗമ്യമായിട്ടാണെങ്കിലും അവർക്കു പൊള്ളി. അവർ വീണ്ടും വലവിരിക്കാൻ പോയി.
കൂടുതൽ അന്വേഷണത്തിന് അവരെ എസ്റ്റേറ്റ് പാതകളിലേക്കു വീണ്ടും ഇറക്കിവിടുക മാത്രമല്ല ചെയ്തത്. എനിക്കു ബന്ധം സ്ഥാപിക്കാവുന്ന ഒരു എസ്റ്റേറ്റുണ്ട് വിതുരയിൽ. രണ്ടാം തലമുറ പ്ലാന്റർമാർ. അവരുടെ നമ്പരൊന്നു സംഘടിപ്പിച്ചു തന്നാൽ മതി, നമ്പിയുടെ എസ്റ്റേറ്റ് കണ്ടുപിടിച്ചുതരാം എന്ന് ഞാൻ പറഞ്ഞപ്പോൾ ഗമ അൽപം കൂടിപ്പോയെന്നു പിന്നീടു തോന്നി. കഥ കിട്ടുമ്പോൾ ആ തോന്നൽ മാറിക്കൊള്ളുമെന്നു സമാധാനിച്ചു.
നമ്പർ കിട്ടിയപ്പോഴാണ് കഥയെല്ലാം തകിടം മറിഞ്ഞത്. ഡിഷിന്റെ കഥകൾ ചില പത്രങ്ങളിൽ വായിച്ച് അവർ തലയറഞ്ഞു ചിരിച്ചതാണെന്നും അവിടെയൊക്കെ കാറിന്റെ ഡിഷ് മാത്രമേയുള്ളുവെന്നും അവർ പറഞ്ഞു.
ഇനി രംഗത്തിറങ്ങാൻ പുതിയൊരു കഥ എവിടെനിന്നു കിട്ടുമെന്നു വിഷാദിച്ചിരിക്കുമ്പോഴാണ് മാലദ്വീപിൽ നിന്ന് തിരുവനന്തപുരം ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ ഫോൺ. ഐ.എസ്.ആർ.ഒ. ചാരക്കേസിൽ തിരുവനന്തപുരം പൊലീസ് പിടികൂടി ജയിലിലടച്ച മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും വിവരങ്ങളുമായാണ് ജോണിന്റെ വിളി.
മാലദ്വീപിലെത്തിയ ജോൺ വളരെ ബുദ്ധിമുട്ടിയാണ് മറിയം റഷീദയുടെ വീടു കണ്ടുപിടിച്ചത്. മറിയത്തിന്റെ അമ്മയാണ് ആ വീട്ടിൽ. അവരുടെ സഹായത്തിന് അവിടെയുള്ളത് മറിയത്തിന്റെ ഒരു മുൻ ഭർത്താവ്. അയാൾക്ക് ആ വീട്ടുകാരോട് അലോഹ്യമൊന്നുമില്ല. നാലോ അഞ്ചോ വിവാഹം കഴിച്ചിട്ടുണ്ട് മറിയം. അവരെല്ലാം ഇപ്പോൾ മുൻ ഭർത്താക്കന്മാരാണ്. മാലദ്വീപ് പൊലീസിലെ ഒരു താൽക്കാലിക നിയമനക്കാരിയോ പുറം വാതിൽ നിയമനക്കാരിയോ മറ്റോ ആണ് മറിയം.
മറിയം റഷീദയുടെ ഏതാനും ചിത്രങ്ങൾ ആ വീട്ടിൽ അമ്മ ഒരു കവറിലിട്ടു സൂക്ഷിച്ചിരുന്നു. അവയിലെ നല്ല ചിത്രങ്ങൾ ജോൺ എടുത്തു. അതിലൊന്ന് യൗവനത്വം തുടിക്കുന്ന മറിയത്തിന്റെ ഒരു പൂർണകായ ചിത്രമായിരുന്നു.
ചാരനായിക എന്ന് മറ്റു പത്രങ്ങൾ വിശേഷിപ്പിച്ചിരുന്ന ആ യുവതിയുടെ വലിയ സൈസിലുള്ള ഒരു പടവുമായി ഇറങ്ങിയ മനോരമയ്ക്കു പിടിച്ചുപറിയായിരുന്നു. ഫൗസിയ ഹസെന്റ പടവും ആ പത്രത്തിലുണ്ടായിരുന്നുവെന്നതൊന്നും ആരും ശ്രദ്ധിച്ചില്ല.
മറിയം റഷീദയെപ്പറ്റിയുള്ള വിവരങ്ങളുമായി ഒരു പരമ്പര മാലിയിൽനിന്നുതന്നെ ജോൺ തുടങ്ങി. ചിത്രങ്ങൾ ജോൺ വന്നപ്പോൾ മാത്രമേ കൊണ്ടുവരാൻ പറ്റിയുള്ളൂ എന്നതിനാൽ മറിയത്തിന്റെ പടം പരമ്പരയുടെ അവസാന ലക്കത്തോടൊപ്പമാണ് ചേർത്തത്. യഥാർഥ കേസന്വേഷണ വിവരങ്ങളുമായി തിരുവനന്തപുരം, ഡൽഹി ബ്യൂറോകളും സജീവമായി. മറിയത്തിന്റെ ചിത്രം വന്നതോടെ മറ്റു പത്രങ്ങളുടെ വരിക്കാർ കൂടി മനോരമ തേടിപ്പിടിച്ചു വായിക്കുന്ന സ്ഥിതിയായി. മനോരമയ്ക്ക് ഇങ്ങനെയൊരു ലീഡ് കൈവന്നതോടെ മറ്റു പത്രങ്ങളും ഉഷാറായി.
വീണ്ടും പറയട്ടെ, ചാരക്കേസ് കൊണ്ടുവന്നത് മനോരമയല്ല. രണ്ടാഴ്ച കാത്തിരുന്നശേഷം അന്വേഷണം മാലദ്വീപിലേക്കു വ്യാപിപ്പിക്കുകമാത്രമാണ് മനോരമ ചെയ്തത്.
വീണ്ടും പറയട്ടെ, ചാരക്കേസ് കൊണ്ടുവന്നത് മനോരമയല്ല. രണ്ടാഴ്ച കാത്തിരുന്നശേഷം അന്വേഷണം മാലദ്വീപിലേക്കു വ്യാപിപ്പിക്കുകമാത്രമാണ് മനോരമ ചെയ്തത്. തിരുനൽവേലിയിലേക്കും മറ്റും അന്വേഷണ സംഘങ്ങളെ അയച്ച മറ്റേതു പത്രത്തിനും അത്രയും കാശു കൊണ്ട് ചെയ്യാവുന്ന ഒരന്വേഷണമായിരുന്നു അത്. അവരോ കേരള പൊലീസോ അന്ന് മാലദ്വീപിലേക്ക് ഒരാളെ വിടാഞ്ഞതെന്തെന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്നു.
പ്രചാരവും സംസ്ഥാനത്തുടനീളമുള്ള വിതരണശൃംഖലയും കൊണ്ടാണ് ചാരക്കേസ് സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളുടെയും പിതൃത്വം മനോരമയുടെ മേൽ കെട്ടിവയ്ക്കപ്പെടുന്നതെന്നു മനസ്സിലാക്കുമ്പോഴും ഒരെണ്ണം വേദനിപ്പിക്കുന്നതായിരുന്നു. മനോരമയിൽ വന്ന പടം കണ്ട് ചില പത്രക്കാർ രതിവർണനയിലേക്കു പോയി. കോട്ടയത്തെ മംഗളം പത്രത്തിന്റെ പ്രയോഗം ‘കിടക്കയിൽ ട്യൂണ മത്സ്യത്തെപ്പോലെ പിടയുന്ന' എന്നായിരുന്നു. ആ വാചകം എഴുതിയത് ‘മനോരമ'ക്കാരാണെന്ന് പിന്നീട് ഒരാൾ എഴുതിക്കളഞ്ഞു!.
2020 ഏപ്രിൽ എട്ടിന് ട്രൂ കോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് രൂപം