കഴിഞ്ഞ ദിവസമാണ് ഞങ്ങളുടെ വീട്ടിലെ അലമാരിയിൽ പുസ്തകങ്ങൾ അടുക്കുന്നതിനിടയിൽ എഡ്വേർഡ് സെയ്ദിന്റെ ബുദ്ധിജീവി: പ്രതിനിധാനങ്ങൾ (Representations of the intellectual, ഡി. സി. ബുക്‌സ്, വിവ: ജോർജ്ജ്) എന്ന ചെറിയ, വലിയ പുസ്തകം ഒന്നുകൂടി കണ്ടത്. ഞാനത് കൈയ്യിൽ വെച്ച് കുറച്ചുനേരം അവിടെ ഇരുന്നു.
സെയ്ദ് മരിച്ചിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടാവുന്നു. ഈ പുസ്തകത്തിന്റെ പുതിയ കോപ്പിയ്ക്കുവേണ്ടി സെയ്ദ് 2003ൽ എഴുതിയ അവതാരികയിൽ, ആ വർഷം തന്നെയാണ് അദ്ദേഹം മരിക്കുന്നതും, ഇങ്ങനെയൊരു നിരീക്ഷണമുണ്ട്: ‘അന്യൻ എന്ന നിലയ്ക്കുള്ള ബുദ്ധിജീവിധർമത്തിന് അടിവരയിടുമ്പോൾ സാമൂഹിക അധികാരികതകളുടെ - മാധ്യമങ്ങളുടെയും ഗവൺമെന്റിന്റെയും വൻകിട കമ്പനികളുടെയും - സർവ്വങ്കഷമായ ഒരു വലപ്പരപ്പിനെ അഭിമുഖീകരിക്കുന്ന ഏതൊരാളും എത്ര നിസ്സഹായമായി ഭവിക്കുന്നു എന്നതായിരുന്നു എന്റെ മനസ്സിൽ'.
ചില പ്രസ്താവങ്ങൾ എക്കാലത്തേയ്ക്കുമായി അതിനെ പുതുക്കിവെയ്ക്കുന്നു. സെയ്ദ് പറയുന്ന ‘സാമൂഹിക ആധികാരികത' ഈ നാളുകളിൽ എന്റെ രാജ്യത്ത് ഓരോ ആളെയും ‘സെൻസർ' ചെയ്യുന്നതിന്റെ വ്യാപ്തി എന്താണെന്ന് ഭയപ്പെടുത്തുന്ന വിധം ഈ പ്രസ്താവം ഓർമിപ്പിയ്ക്കുന്നുണ്ടായിരുന്നു. ബുദ്ധിജീവികളുടെയും ഊഴവും മറ്റൊന്നല്ല.
നിങ്ങൾ ഇച്ഛിക്കുന്ന ജനാധിപത്യമുണ്ട്, അതിനെ സംരക്ഷിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട ഭരണഘടനയുണ്ട്, പക്ഷേ അതിന്റെ എല്ലാം നിയന്ത്രണവും നിങ്ങൾ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു.
രണ്ട്
ഏതൊരു ആവിഷ്‌കാരത്തെയും മൂന്നുതവണ സംശയിക്കുന്ന തരത്തിൽ തങ്ങളുടെതന്നെ ഒരു സാമൂഹ്യസ്വത്വത്തിലേക്ക് ഇന്ന് ബുദ്ധിജീവികളും എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും വന്നുപെട്ടിരിക്കുന്നു. അഥവാ, പൗര(യെ) നെന്ന നിലയ്ക്ക് ഒരാളുടെ ഏതൊരാവശ്യത്തിന്മേലും, ആ ആവശ്യങ്ങൾക്കും മുമ്പ്, അതിനെ വിശദീകരിക്കുന്ന ഒരു സാമൂഹിക ആധികാരികത നിലവിൽ വന്നിരിക്കുന്നു. ഭയത്തിന്റെ കാതൽ അതാണ്.
ദില്ലിയിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനോട് ആഭിമുഖ്യമുള്ള ഒരു സർക്കാരിന്റെ ആഗമനത്തോടെ ഇന്ത്യയിൽ നിലവിൽവരുകയും, മാധ്യമങ്ങളിലൂടെയും ഗവൺമെൻറിലൂടെയും വൻകിട കമ്പനികളിലൂടെയും ഉറപ്പിക്കുകയും ചെയ്ത സാമൂഹിക ആധികാരികത പ്രവർത്തിക്കുന്ന ഒരു സെൻസർഷിപ്പും സെൽഫ് സെൻസർഷിപ്പും നമ്മെ നമ്മുടെതന്നെ സ്വാതന്ത്ര്യത്തിനകത്ത് വേറൊരു വിധത്തിൽ കെട്ടിയിട്ടിരിക്കുന്നു. ഭയത്തെ സമീപസ്ഥമാക്കുന്ന അനുഭവം അതാണ്. നിങ്ങൾ ഇച്ഛിക്കുന്ന ജനാധിപത്യമുണ്ട്, അതിനെ സംരക്ഷിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട ഭരണഘടനയുണ്ട്, പക്ഷേ അതിന്റെ എല്ലാം നിയന്ത്രണവും നിങ്ങൾ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു.
ജനാധിപത്യത്തെയും ആവിഷ്‌കാരത്തെയും പ്രഛന്നമാക്കുന്ന സാമൂഹിക ആധികാരികത, തീർച്ചയായും, ഇന്ന് നമുക്കുചുറ്റുമുണ്ട്. നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് മായ്ച്ച (‘erase' ചെയ്ത) ഗുജറാത്ത് കൂട്ടക്കൊല ഒരു ദശകത്തിനും ശേഷം ഒരു വിദേശ മാധ്യമത്തിലൂടെ നമ്മെ സന്ദർശിക്കുമ്പോൾ അതിനെ കാലം തെറ്റിയ വരവ് എന്ന് നാം അല്ലെങ്കിൽ സംശയിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യക്കാരും മലയാളികളും വിലമതിക്കുന്ന ബുദ്ധിജീവിയായ രാഷ്ട്രീയക്കാരൻ, ശശി തരൂർ, തന്റെ ഈ വാചകങ്ങൾകൊണ്ട് പ്രതിനിധീകരിക്കുന്നത് എന്താണ്? ശശി തരൂർ (ഏതാണ്ട്) ഇങ്ങനെ പറയുന്നു: ‘‘ഗുജറാത്ത് കൂട്ടക്കൊല ഇപ്പോൾ ചർച്ച ചെയ്യേണ്ട ഒരു സംഗതിയല്ല.’’
ഭീതിതമായ ഒരു സെൻസർഷിപ്പാണ് അത്, അതിന്റെ എല്ലാ അവസരവാദത്തിനൊപ്പവും. കാരണം, ആർ.എസ്.എസ്- ബി.ജെ.പി ഭരണകൂടം നിലനിൽക്കുന്നതും അതിന്റെ ഭരണത്തുടർച്ചയ്ക്ക് അടിത്തറയാകുന്നതും പ്രസിദ്ധമായ ‘ഗുജറാത്ത് മോഡൽ’ എന്ന ബാനറിലാണ്. ഗുജറാത്ത് മോഡൽ എന്നാൽ വികസനത്തിന്റെ മാത്രം ബാനർ അല്ല; മറിച്ച്, ഹിന്ദു (ബ്രാഹ്മണിക്) സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്റെ മേധാവിത്വവും അതിനെ വിമർശിക്കുന്ന ആരും എന്തും അനഭിമതമാകുന്നതും സെൻസർഷിപ്പിനു വിധേയമാകുന്നതുമായ ഒരു അധികാര നിർമിതിയാണ്. അത് നിങ്ങളെ നുണ പറയിക്കുന്നു. അത് നിങ്ങളെ സത്യം മൂടി വെയ്ക്കാൻ പ്രേരിപ്പിക്കുന്നു. അത് നിങ്ങളെ നിങ്ങളുടെ ഉള്ളിൽത്തന്നെ പിളർത്തുന്നു.
മൂന്ന്
ആവിഷ്‌കാര സ്വാതന്ത്ര്യം തീർച്ചയായും ‘എന്തും പറയാനുള്ള സ്വാതന്ത്ര്യം' തന്നെയാണ്. കാരണം, അത് എന്തും ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രീയ പരിതസ്ഥിതിയിൽ നിന്ന് മുളപൊട്ടുന്ന ഭ്രാന്താണ്. ഭ്രാന്ത്, ചില നാടകങ്ങളിൽ പ്രതിനിധീകരിക്കപ്പെടുന്നതുപോലെ, മർദ്ദനോപാദിയായ അച്ചടക്കത്തെ സ്വൈര്യം കെടുത്തുന്നു.
സത്യം അറിയാതിരിക്കാൻ എല്ലാവരും സ്വയം സെൻസർ ചെയ്യുന്നു. മറക്കണ്ട, അതിൽ നമ്മുടെ ബുദ്ധിജീവികളും എഴുത്തുകാരും അണിനിരക്കുന്നു. ചില കവികൾ തങ്ങളുടെ ഉൾക്കിടിലങ്ങളെ പൂഴ്ത്തിവെയ്ക്കാൻ ഒരിക്കൽക്കൂടി കവികളാകുന്നു.
നാല്
മറ്റൊരു രാഷ്ട്രീയ കാലാവസ്ഥ പരിശോധിച്ചാൽ ഇതേപോലെ വേറെയും അനുഭവങ്ങൾ നമ്മെ സന്ദർശിയ്ക്കും: കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന ‘സ്വർണക്കടത്ത് കേസ്', ആ വാർത്തയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന ഒരു വനിത, ആ കേസിൽ അവർ പ്രതിയായിരിക്കുമ്പോൾ തന്നെ, മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിയുടെ മകൾക്കും ഇതേ കേസിൽ ബന്ധമുണ്ട് എന്ന് പറയുന്നു. മാധ്യമങ്ങൾ അത് ചർച്ചയാക്കുന്ന അതേ വേഗത്തിൽ ആ വാർത്ത പൊതുമണ്ഡലത്തിൽ നിന്ന്പിൻവാങ്ങുന്നു, അതേ ‘ശൂന്യത'യിലേക്ക് തന്റെ പരിശുദ്ധമായ രാഷ്ട്രീയചിത്രം മുഖ്യമന്ത്രി തന്നെ കൊണ്ടുവരുന്നു. എല്ലാ സംശയങ്ങളും വിവാദങ്ങളും ‘മായ്ക്കാൻ', അതെ, erase ചെയ്യാൻ, തന്റെ പാർട്ടിക്കും അണികൾക്കും മീതെ ഒരു രാഷ്ട്രീയ അധിപതിയായി സ്വയം പ്രതിഷ്ഠിക്കുന്നു: ജനാധിപത്യത്തിന്റെ പ്രാഥമികങ്ങളായ എല്ലാ അവകാശങ്ങളും അതോടെ കൊട്ടിയടക്കുന്നു. കേസിലെ വനിത ഒരു പൗര എന്ന നിലയ്ക്കുള്ള തന്റെ അവകാശനിഷേധത്തെ കുറിച്ച്, തന്നെ മാത്രം പ്രതിയാക്കുന്നതിനെപ്പറ്റി, മാധ്യമങ്ങളോട് സംസാരിയ്ക്കുന്നു. പക്ഷെ, കേരളത്തിന്റെ രാഷ്ട്രീയ സമൂഹം, അത് രാഷ്ട്രീയ പാർട്ടികൾ മാത്രമുള്ളതല്ല, അവരോട് വിമുഖരാവുന്നു. സത്യം അറിയാതിരിക്കാൻ എല്ലാവരും സ്വയം സെൻസർ ചെയ്യുന്നു. മറക്കണ്ട, അതിൽ നമ്മുടെ ബുദ്ധിജീവികളും എഴുത്തുകാരും അണി നിരക്കുന്നു. ചില കവികൾ തങ്ങളുടെ ഉൾക്കിടിലങ്ങളെ പൂഴ്ത്തിവെയ്ക്കാൻ ഒരിക്കൽക്കൂടി കവികളാകുന്നു.
അഞ്ച്
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കലയിലേക്കും സാഹിത്യത്തിലേക്കും മാത്രമാക്കി ചുരുക്കുന്നു എന്നാണ് നാം എപ്പോഴും ചെയ്യുന്ന ഒരു അപരാധം. പാപം ചെയ്യാൻ വരിനിൽക്കുന്ന പോലെയാണത്. അല്ലെങ്കിൽ, കലയുടെയും സാഹിത്യത്തിന്റെയും മാത്രം വിഷയമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഏത് അടരും. അത് എപ്പോഴും ഒരു സാമൂഹ്യപ്രശ്‌നമായാണ് പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ അത് ജീർണതയിലേക്ക് വഴി തെറ്റുന്ന രാഷ്ട്രീയത്തെയോ ഭരണവാഴ്ചയെയോ കാണിക്കുന്നു. എന്നാൽ എപ്പോഴും അത് പാരതന്ത്ര്യത്തെ ഓർമിപ്പിക്കുന്നു. അതാത് ‘സാമൂഹിക ആധികാരികത'കളെ വെളിപ്പെടുത്തുന്നു. ▮