‘presstitute’ മുതൽ ‘മാ പ്ര’ വരെ: മാധ്യമങ്ങൾക്കെതിരെ രൂപപ്പെടുന്ന വലതു- ഇടതു സഖ്യം

തീവ്രവലതുപക്ഷ ഭരണകൂടവും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന കക്ഷിയും സര്‍ക്കാരും ഒരേതരം മാധ്യമവിരുദ്ധതയുടെ ആക്രമണതന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഹിംസാത്മകമായ വലതുപക്ഷ രാഷ്ട്രീയവും അതിന്റെ ഭരണകൂട സ്വഭാവവും ഭയാനകമായ ആഴത്തില്‍ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയശരീരത്തിലേക്ക് ഇറങ്ങുന്നതിന്റെ പ്രകടമായ ലക്ഷണമാണ്.

മാധ്യമസ്വാതന്ത്ര്യത്തിനെക്കുറിച്ചുള്ള എല്ലാ സംവാദങ്ങളുടേയും അടിത്തറ ജനാധിപത്യ സമൂഹമെന്ന ആശയമാണ്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ആത്യന്തിക ലക്ഷ്യം അതുകൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തെയും ജനാധിപത്യ സമൂഹത്തെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക എന്നതാണ്​. ജനാധിപത്യം ഒരു സ്വാഭാവിക രാഷ്ട്രീയ, സാമൂഹ്യ പ്രക്രിയയല്ല. അത് മനുഷ്യര്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുക്കുന്ന സാമൂഹ്യ സംവിധാനമാണ്. അതിനെ നിലനിര്‍ത്താനും പുഷ്ടിപ്പെടുത്താനുമുള്ള ബോധപൂര്‍വ്വവും ഗുണപരവുമായ ശ്രമങ്ങള്‍ നിരന്തരം നടക്കുന്നില്ലെങ്കില്‍ ജനാധിപത്യസമൂഹം ശോഷിക്കുകയും സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യും. ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിനുള്ളില്‍ സമഗ്രാധിപത്യ ഭരണകൂടവും അതിനെ സാധ്യമാക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ശക്തിയാര്‍ജ്ജിക്കുന്നത് ജനാധിപത്യപ്രക്രിയയുടെ തന്നെ ഭാഗമാണെന്ന് തോന്നിപ്പിക്കും. അങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ സാധുത അവകാശപ്പെട്ട് ഈ അട്ടിമറിയെ സ്വാഭാവികവത്ക്കരിക്കുന്നത്.

സംഘപരിവാറും അവരുടെ കേന്ദ്ര സര്‍ക്കാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമെന്ന ജനാധിപത്യ ആശയത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കൈപ്പുസ്തകത്തില്‍ നിന്ന്​, ഇടതുപക്ഷം എന്നവകാശപ്പെടുകയും രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിയിലെ മുഖ്യ പങ്കാളിയായി തങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സി.പി. ഐ-എം, സി. പി. ഐ എന്നീ മുഖ്യധാര ഇടതുപക്ഷ കക്ഷികളും അവരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ മാധ്യമവിരുദ്ധതയുടെ പൊതുബോധനിര്‍മ്മിതിയും ഭരണകൂട അടിച്ചമര്‍ത്തലും നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇരട്ടിയാകുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി /സംഘപരിവാര്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുമുതല്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം യാതൊരു മറയുമില്ലാതെ നടത്തുകയാണ്. എല്ലാതരം പ്രതിപക്ഷ, വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുക എന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് ഇതിന്റെ പ്രത്യയശാസ്ത്ര അടിത്തറ. ഈ രാഷ്ട്രീയത്തെ സാധ്യമാക്കും വിധത്തിലുള്ള സമഗ്രാധിപത്യ ഭരണകൂടമാണ് ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതും. രണ്ടു തരത്തിലാണ് മാധ്യമങ്ങളെ മോദി സര്‍ക്കാരും ഹിന്ദുത്വ രാഷ്ട്രീയവും ആക്രമിക്കുന്നത്. ഒന്ന്, മാധ്യമങ്ങളുടെ സ്വതന്ത്ര സ്വഭാവത്തെ (അതിന്റെ വര്‍ഗ്ഗരാഷ്ട്രീയം പ്രകടമാകുമ്പോള്‍ത്തന്നെ) എല്ലാ തരത്തിലും ഇല്ലാതാക്കുക. രണ്ട്, തങ്ങള്‍ക്കെതിരായ അഭിപ്രായങ്ങളും വിശകലനങ്ങളും വാര്‍ത്തകളും നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ നേരിട്ടാക്രമിക്കുക.

മാധ്യമങ്ങളുടെ സ്വതന്ത്രസ്വഭാവത്തെ ഇല്ലാതാക്കുന്നതിന് പലവിധ മാര്‍ഗങ്ങള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍ നീക്കങ്ങളാണ് ഒരു വഴി. ഇത് നേരിട്ട് വാര്‍ത്തയുടെ പേരിലുള്ള നടപടിയായിത്തന്നെ വരണമെന്നില്ല. പല കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ചുകൊണ്ടുള്ള വേട്ടയായിട്ടാണ് ഇത് മിക്കപ്പോഴും പ്രത്യക്ഷപ്പെടുക. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന കലാപം അഥവാ മുസ്​ലിം വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തശേഷം ബി ബി സിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെവിട്ട് പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. കോവിഡ് കാലത്ത് തീര്‍ത്തും പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെയും ബി. ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെയും തുറന്നുകാട്ടിയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനാണ് ദൈനിക് ഭാസ്‌ക്കര്‍ പത്രത്തിന് നേരെ നികുതി വകുപ്പ് എത്തിയത്. രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ജനാധിപത്യവിരുദ്ധമായ രീതികളിലൂടെ, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ ജനങ്ങളെ വലയ്ക്കുക മാത്രമായിരുന്നു കേന്ദ്ര സര്‍ക്കാരും മിക്ക സംസ്ഥാന സര്‍ക്കാരുകളും ചെയ്തത്. കടുത്ത ഭരണകൂട നിയന്ത്രണങ്ങള്‍ക്കുള്ള ഒരവസരമായാണ് ഭരണകൂടം അതിനെ കണ്ടതും. കോവിഡ് കാലത്തെ ഭരണകൂട കടന്നുകയറ്റങ്ങള്‍ അതിനുശേഷവും പല രൂപത്തില്‍ ഇരട്ടി ശക്തിയോടെ നില്‍ക്കുന്നു എന്ന് നാം കാണുന്നുമുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നത് പൊലീസുകാരാണ് എന്ന് വരുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയാണ്. '

ദൈനിക് ഭാസ്‌ക്കറിന്റെ ഭോപ്പാല്‍ പതിപ്പില്‍ ഏപ്രില്‍16-ന്​ ഭോപ്പാലിലെ ഒരു ശ്മശാനത്തില്‍ കത്തിയെരിയുന്ന നിരവധി ചിതകളുടെ ചിത്രം പ്രസിദ്ധീകരിച്ചു. കോവിഡ് മരണങ്ങളെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചുമുള്ള ഭരണകൂടഭാഷ്യങ്ങളെ പൊളിക്കുന്നതായിരുന്നു ഇത്. മേയ് 14-ന്​ 'നിന്ദിക്കപ്പെട്ട ഗംഗ' എന്ന തലക്കെട്ടില്‍ ഗംഗ നദിയില്‍ ഒഴുകി നടക്കുന്ന നൂറുകണക്കിന് മൃതദേഹങ്ങളുടെ ചിത്രവും വാര്‍ത്തയും പത്രം നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം എങ്ങനെയാണ് കോവിഡ് നേരിടുന്നതില്‍ ഭരണകൂടം ദയനീയമായി പരാജയപ്പെടുന്നതെന്നും എങ്ങനെയാണ് ആ വീഴ്ച മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വെളിപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ദൈനിക ഭാസ്‌ക്കറില്‍ അക്കാലത്ത് വന്നു. ജൂലായ് 22-ന്​ ദൈനിക് ഭാസ്‌ക്കറിന്റെ കാര്യാലയങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി.

മോദിയുടെ ഇന്ത്യയില്‍ ഇതൊരു അവിചാരിത സംഭവമല്ല. സര്‍ക്കാരിനും സംഘപരിവാറിനുമെതിരായ വാര്‍ത്തകള്‍ നല്‍കിയാല്‍ നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് വിധേയമാക്കപ്പെടും എന്നാണവസ്ഥ. അത് പലപ്പോഴും നിയമാനുസൃതമായ വഴികളിലൂടെയായിരിക്കും എന്നുപോലുമുണ്ട്. പ്രയോഗത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളാണ് ഇത്തരം നിയമപ്രയോഗങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് എന്നത് തിരിച്ചറിയാതെ, നിയമം നിയമത്തിന്റെ വഴിക്കെന്ന പതിവ് ശ്ലോകം ജപിക്കുന്നത് ഒരുതരം രക്ഷപ്പെടലും ഒഴിഞ്ഞുമാറലുമാണ്.

ദൈനിക് ഭാസ്‌ക്കറിന്റെ ഭോപ്പാല്‍ പതിപ്പില്‍ ഏപ്രില്‍16-ന്​ ഭോപ്പാലിലെ ഒരു ശ്മശാനത്തില്‍ കത്തിയെരിയുന്ന നിരവധി ചിതകളുടെ ചിത്രം പ്രസിദ്ധീകരിച്ചു. കോവിഡ് മരണങ്ങളെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചുമുള്ള ഭരണകൂടഭാഷ്യങ്ങളെ പൊളിക്കുന്നതായിരുന്നു ഇത്.

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ പിണറായി വിജയന്‍ സര്‍ക്കാരും സി പി ഐ-എമ്മും സ്വീകരിക്കുന്നത് ഈ തട്ടിപ്പുന്യായം കൂടിയാണ്. നിയമം നിയമത്തിന്റെ വഴിക്കല്ല, തങ്ങള്‍ക്കെതിരായ വിമതശബ്ദങ്ങളുടെ തൊണ്ടയടപ്പിക്കാനാണ് പോകുന്നതെന്ന് മറ്റെല്ലാവര്‍ക്കും കൃത്യമായി മനസിലാകുമ്പോഴും ഭരണകൂട കടന്നാക്രമണങ്ങളുടെയും പൗരാവകാശ ലംഘനങ്ങളുടെയും ഭരണകൂടനഗ്‌നത മറയ്ക്കാന്‍ ഇത്തരം വിതണ്ഡവാദങ്ങളുടെ അത്തിയിലകള്‍ തേടുകയാണ് കേരള സര്‍ക്കാരും സി.പി.ഐ- എമ്മും.

വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്ത മാധ്യമ പ്രവര്‍ത്തകക്കെതിരെ (ഏഷ്യാനെറ്റ് ലേഖിക അഖില നന്ദകുമാര്‍) കേസെടുത്ത പോലീസ് നടപടി ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. നിരപരാധിയാണെങ്കില്‍ അന്വേഷണത്തില്‍ തെളിയട്ടെ, കോടതിയില്‍ തെളിയിക്കട്ടെ എന്നാണ് സര്‍ക്കാരും പാര്‍ട്ടിനേതൃത്വവും ആവര്‍ത്തിക്കുന്നത്. നാനാവിധ കേസുകളില്‍ കുടുക്കി മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ഒരുതരം അപ്രഖ്യാപിത സ്വശാസിത സെന്‍സര്‍ഷിപ്പിലൂടെ (Cenosrship) കടത്തിവിടുന്ന ഭരണകൂട ഭീകരതയുടെ ആഗോളചരിത്രത്തിലേക്ക് മാത്രമാണ് തങ്ങളുടെ ഈ നടപടി ചേര്‍ന്നുനില്‍ക്കുന്നതെന്ന് അവര്‍ക്കറിയാഞ്ഞിട്ടല്ല, മറിച്ച് അത്തരമൊരു ഭരണകൂട നിയന്ത്രണവും സമഗ്രാധിപത്യ ഭരണകൂടവും അവര്‍ അടിസ്ഥാനപരമായി തങ്ങളുടെ രാഷ്ട്രീയേച്ഛയുടെ ഭാഗമാക്കിയിരിക്കിയിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ് ഇത്തരം നടപടികളും ന്യായീകരണങ്ങളും ഉണ്ടാകുന്നത്.

തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വാര്‍ത്തകള്‍എഴുതുകയും ചെയ്യുന്ന മാധ്യമങ്ങളെയും സംഘടനകളെയും വ്യക്തികളെയും കാലങ്ങളോളം നീളുന്ന നിയമ വ്യവഹാരങ്ങളിലും പണച്ചെലവുള്ള കോടതി നടപടികളിലും തളച്ചിടാന്‍ കോര്‍പ്പറേറ്റുകള്‍'നിയമാനുസൃതമായി' നല്‍കുന്ന SLAPP suits (strategic lawsuit against public participation)-മായാണ് ഇത്തരം നീക്കങ്ങളെ താരതമ്യം ചെയ്യാനാവുക. കോര്‍പ്പറേറ്റുകളില്‍ നിന്നും ഭരണകൂടം നേരിട്ട് ആക്രമിക്കുമ്പോള്‍ അത് ക്രിമിനല്‍ കുറ്റവിചാരണകളിലേക്കും തടവറയിലടക്കുന്നതിലേക്കുമൊക്കെ എളുപ്പം നീങ്ങുന്നു. രണ്ടായാലും ലക്ഷ്യം ഒന്നാണ്, പൗരന്മാരുടെ ജനാധിപത്യ ഇടപെടലുകളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കുക.

അഖില നന്ദകുമാര്‍

മാധ്യമപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നത് പൊലീസുകാരാണ് എന്ന് വരുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയാണ്. 'വ്യാജ വാര്‍ത്തകള്‍' സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അനുബന്ധ തലങ്ങളില്‍ നിന്നും നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന Information Technology (Intermediary Guidelines and Digital Media Ethics Code) Rules- 2021 ഭേദഗതിയില്‍ (ഏപ്രില്‍ 6, 2023) വാര്‍ത്തകളുടെ സത്യാവസ്ഥ തീരുമാനിക്കാനുള്ള സമിതി പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ്. ഇതേ മാതൃകയിലാണ് ഏതെങ്കിലും തരത്തിലുള്ള ആശയവിനിമ രീതികള്‍ വഴിയുള്ള അപവാദ പ്രചാരണങ്ങളും ആക്ഷേപങ്ങളുമൊക്കെ തടയാനെന്ന പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച കേരള പൊലീസ് നിയമത്തിലെ 118 A ഭേദഗതി. വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് ആ ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. എന്താണ് മാനഹാനിയെന്നും ആക്ഷേപമെന്നും പൊലീസിന് തീരുമാനിക്കാനും ആരെയും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനുമൊക്കെ അധികാരം നല്‍കുന്ന ആ ഭേദഗതി വാസ്തവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയും പൗരാവകാശത്തിനെതിരെയും ഒക്കെയുള്ള കേന്ദ്ര സര്‍ക്കാർ നീക്കങ്ങളുടെ അതേ സ്വഭാവമുള്ളതായിരുന്നുവെന്ന് കാണാം. ഒരു ജനാധിപത്യ സമൂഹത്തിലെ സംവാദങ്ങളിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇടപെടാന്‍ കഴിയുന്ന മൂന്നാംകക്ഷിയായി പൊലീസിനെ കൊണ്ടുവരുന്നത് ആരോഗ്യകരമായ ജനാധിപത്യ സംവാദങ്ങളെ അടിച്ചമര്‍ത്താനുള്ള മറ്റൊരു വഴിയായി മാറും.

കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താത്പര്യങ്ങളെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെതിരായ ഏതുതരത്തിലുള്ള മാധ്യമ വിമര്‍ശനത്തെയും ഇല്ലാതാക്കാന്‍ കോര്‍പ്പറേറ്റുകള്‍ത്തന്നെ മുന്നിട്ടിറങ്ങുമെന്നത് എന്‍ ഡി ടി വി ഏറ്റെടുത്ത അദാനിയുടെ നീക്കത്തിലൂടെ നാം കണ്ടു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രപദ്ധതി നടപ്പാക്കുക മാത്രമല്ല, കോര്‍പ്പറേറ്റ് നവലിബറല്‍ കൊള്ളയുടെ കാവല്‍ക്കാരും കൂട്ടാളികളുമായി പ്രവര്‍ത്തിക്കുക കൂടിയാണ് എന്നത് സംശയമില്ലാത്ത സംഗതിയാണ്. നരേന്ദ്ര മോദി അധികാരമേറ്റശേഷം ഗൗതം അദാനിയുടെ സമ്പത്ത് 45%- ത്തോളം വര്‍ധിച്ചതും അയാള്‍ ലോകത്തെ മൂന്നാമത്തെ സമ്പന്നനായി മാറിയതുമൊക്കെ ഫാഷിസ്റ്റ്- കോര്‍പ്പറേറ്റ് കൊള്ളയുടെ ദൃഷ്ടാന്തമാണ്. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റ് കൊള്ളക്കെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് ഇന്ത്യയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ചിന്തിക്കാനാകാത്ത കാര്യമാണ്. കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താത്പര്യങ്ങളെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെതിരായ ഏതുതരത്തിലുള്ള മാധ്യമ വിമര്‍ശനത്തെയും ഇല്ലാതാക്കാന്‍ കോര്‍പ്പറേറ്റുകള്‍ത്തന്നെ മുന്നിട്ടിറങ്ങുമെന്നത് എന്‍ ഡി ടി വി ഏറ്റെടുത്ത അദാനിയുടെ നീക്കത്തിലൂടെ നാം കണ്ടു. ഒന്നുകില്‍ ആക്രമിച്ചില്ലാതാക്കുക, അല്ലെങ്കില്‍ ഭീഷണിയിലൂടെ വരുതിയില്‍ നിര്‍ത്തിക്കുക, അതുമല്ലെങ്കില്‍ കനത്ത സാമ്പത്തിക മൂലധനമുപയോഗിച്ച്​ വിലയ്ക്ക് വാങ്ങുക എന്നതാണ് മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അവരുടെ വഴികള്‍. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ അദാനി തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തിയപ്പോള്‍ അതിന് പിന്നില്‍ ഒമ്പതംഗ സംഘത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് ആളുകളുടെ ചിത്രമടക്കം നല്‍കി വാര്‍ത്ത നല്‍കി സി. പി. ഐ-എം മുഖപത്രമായ ദേശാഭിമാനി. കോര്‍പ്പറേറ്റുകളുടെ കൂലിയെഴുത്തുകാരായി മാധ്യമങ്ങള്‍ മാറുന്നതിന്റെ മികച്ച ഉദാഹരണമാണത്.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ അദാനി തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തിയപ്പോള്‍ അതിന് പിന്നില്‍ ഒമ്പതംഗ സംഘത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് ആളുകളുടെ ചിത്രമടക്കം നല്‍കി വാര്‍ത്ത നല്‍കി സി. പി. ഐ-എം മുഖപത്രമായ ദേശാഭിമാനി. കോര്‍പ്പറേറ്റുകളുടെ കൂലിയെഴുത്തുകാരായി മാധ്യമങ്ങള്‍ മാറുന്നതിന്റെ മികച്ച ഉദാഹരണമാണത്

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ ഫാഷിസ്റ്റ്- കോര്‍പ്പറേറ്റ് കൈപ്പുസ്തകം തങ്ങളുടെ മാധ്യമവിരുദ്ധതയുടെ പ്രയോഗപാഠമായി സ്വീകരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഈ കോര്‍പ്പറേറ്റ് മൂലധന രാഷ്ട്രീയവിധേയത്തമാണ്. ഭരണകൂടത്തിന്റെ ചുമതലയെന്നത് കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട സ്വകാര്യ മൂലധനത്തിനും സുഗമമായി അവരുടെ താത്പര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള വഴിയൊരുക്കലാണെന്നും അത്തരത്തിലുള്ള വികസന മാതൃകയില്‍ ഉപോത്പ്പന്നമായി സാധാരണക്കാരായ മനുഷ്യരുടെ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടുകൊള്ളുമെന്നുമുള്ള മുതലാളിത്തവികസനത്തിന്റെയും നവഉദാരവാദ (neo -liberal) നയങ്ങളുടെയും അനുബന്ധമാണിത്. നവ ഉദാരവാദത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക നയങ്ങള്‍ പിന്‍പറ്റുന്ന ഒരു ഭരണകൂടത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താതിരിക്കാന്‍ കഴിയില്ല. അതിന്റെ രാഷ്ട്രീയയുക്തി മതേതരത്വമോ വലതുപക്ഷമോ എന്നുപോലും അക്കാര്യത്തില്‍ പലപ്പോഴും അപ്രസക്തമാകുന്നത് അതുകൊണ്ടാണ്. വാസ്തവത്തില്‍ നവ- ഉദാരീകരണ കാലത്ത് കോര്‍പ്പറേറ്റുകളും വന്‍കിട സ്വകാര്യ മൂലധനവും ഭരണകൂടങ്ങളെ ആവശ്യപ്പെടുന്നതുതന്നെ ഇത്തരം അടിച്ചമര്‍ത്തലിനാണ്. ഭരണകൂടം ഇടപെടരുത് എന്നാണ് നവ- ഉദാരവാദികള്‍ ആവശ്യപ്പെടുന്നതെങ്കിലും സ്വകാര്യ മൂലധനത്തിന്റെ സുഗമമായ നടത്തിപ്പില്‍ അഥവാ കൊള്ളയില്‍ ഇടപെടരുത് എന്നത് മാത്രമാണ് അതിനര്‍ത്ഥം. സ്വകാര്യ മൂലധനത്തിന്റെയും മുതലാളിത്തത്തിന്റെയും നടത്തിപ്പിന് എന്തെങ്കിലും തടസം നേരിടുമ്പോഴെല്ലാം അത് ഭരണകൂടത്തിന്റെ സജീവമായ ഇടപെടല്‍ ആവശ്യപ്പെടും. വെറും ഇടപെടലല്ല അത്. സാമ്പത്തിക പ്രതിസന്ധികളെ പൊതുപണം ഉപയോഗിച്ച് മറികടക്കുകയും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ആ ഇടപെടലുകള്‍. ഇതുകൂടിയാണ് മോദി സര്‍ക്കാര്‍നടത്തുന്നത്. ഇതുതന്നെയാണ് അദാനി മുതല്‍ ലുലു മാൾ വരെയുള്ള വികസനത്തിന്റെ വണ്ടിയോടിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വഭാവവും.

പിണറായി വിജയന്‍

മാധ്യമസ്വാതന്ത്ര്യം കേവലമായ മാധ്യമപ്രവര്‍ത്തക സ്വാതന്ത്ര്യ പ്രശ്‌നം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശ സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യഘടകമാണ്. അതുകൊണ്ടാണ് ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് എടുത്തുപറയാഞ്ഞിട്ടും അത് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന മൗലികാവകാശത്തില്‍ ഉള്‍പ്പെട്ടതാണെന്ന് സുപ്രീംകോടതി നിരവധി തവണ ഭരണഘടനാ വ്യാഖ്യാന വിധികളിലൂടെ വ്യക്തമാക്കിയത്. ഏറ്റവുമൊടുവില്‍ അനുരാധ ഭാസിന്‍ കേസിലും മീഡിയ വണ്‍ കേസിലും സുപ്രീം കോടതി ഇതെല്ലാം സംശയത്തിനിടയില്ലാത്ത വിധത്തില്‍ പറയുന്നുണ്ട്. അത് പറയാനുള്ള സാഹചര്യമുണ്ടായത് ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കുശേഷം മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള ഏറ്റവും വലിയ കടന്നാക്രമണം മോദി സര്‍ക്കാര്‍ നടത്തുന്ന കാലമായതുകൊണ്ടുകൂടിയാണ്. ഏതു സംഭവത്തെയും അതിന്റെ ചരിത്രപരതയില്‍ കാണുകയും മനസിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നത് മാര്‍ക്‌സിയന്‍ രാഷ്ട്രീയ വിശകലനത്തിന് ഒഴിവാക്കാനാകാത്ത രീതിശാസ്ത്രമാണ്. സംഭവങ്ങളെ ചരിത്രനിരപേക്ഷമായി അവയുടെ കേവലമായ തനിമയില്‍ കാണുന്നത് അതിന്റെ രാഷ്ട്രീയസ്വഭാവത്തെ വക്രീകരിച്ചു കാണിക്കാനുള്ള ഒരു ശ്രമമായി മാത്രമേ മാറുകയുള്ളൂ.

ഭരണകക്ഷിയും പ്രതിപക്ഷകക്ഷികളും മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തേണ്ടൊരു ചര്‍ച്ചയാണ് മാധ്യമസ്വാതന്ത്യമെന്ന് വരുമ്പോള്‍ വിശാല പൊതുസമൂഹത്തിനോ പൗരസമൂഹത്തിനോ അതില്‍ യാതൊരു പങ്കുമില്ലെന്ന് വരുത്തുന്നു. ഈ മൂന്നുകൂട്ടരും കൂടി തീരുമാനിച്ചു പിരിയേണ്ട വിഷയമല്ല ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും.

മാധ്യമസ്വാതന്ത്ര്യം എന്ന വിഷയം, ഇന്ത്യയിലെ ഇന്നത്തെ ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമവിരുദ്ധ വേട്ടകളുടെയും ഇന്ത്യയുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ കാണാതെ, ‘presstitutes’ എന്ന സംഘപരിവാര്‍ വിളികളുടെ പ്രതിധ്വനി പോലെ ‘മാ പ്ര’ എന്ന് വിളിച്ചാര്‍ക്കുന്നവരാണ് ഭരണപക്ഷ ഇടതുപക്ഷ കക്ഷികളെങ്കില്‍, അവര്‍ ജനാധിപത്യ സമൂഹത്തിന്റെ സമരങ്ങളുടെ എതിര്‍വശത്തേക്കാണ് അതിവേഗം സഞ്ചരിക്കുന്നത്. ഇന്ത്യയിലെ നീതിന്യായകോടതികളുടെ വര്‍ഗ്ഗസ്വഭാവം ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും വന്‍കിട ഭൂവുടമകളുടേയും വിശാലാര്‍ത്ഥത്തില്‍ സ്വകാര്യ മൂലധനത്തിന്റെയും താത്പര്യങ്ങളെ സംരക്ഷിക്കുന്നതാണ് എന്ന കാര്യത്തില്‍ മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിലൂടെ അതിനെ വിശകലനം ചെയ്യുന്നവര്‍ക്ക് സംശയമൊന്നുമില്ല. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ ജുഡീഷ്യറിക്കുനേരെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും അവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും നടത്തുന്ന ആക്രമണങ്ങളെ എതിര്‍ക്കാന്‍ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും മുന്നില്‍ നില്‍ക്കുന്നത് കാലത്തിനെ മനസിലാക്കുകയും അതിന്റെ മൂര്‍ത്ത സാഹഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയനയ മുന്‍ഗണനകള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടതിന്റെ ചരിത്രപരമായ ആവശ്യകത അവര്‍ക്കറിയാം എന്നതുകൊണ്ടാണ്. അങ്ങനെ ചെയ്യാത്തതിലൂടെ മുന്‍കാലങ്ങളില്‍ സംഭവിച്ച ദുരന്തസമാനമായ ഭവിഷ്യത്തുകളും ഇപ്പൊള്‍ ചെയ്തില്ലെങ്കില്‍ ഇനിയും സമാനദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയും അവര്‍ക്കറിയാം അല്ലെങ്കില്‍ അവരറിയേണ്ടതുണ്ട് എന്നതുകൊണ്ടാണ്. ഇത്തരത്തില്‍, മാധ്യമസ്വാതന്ത്യമെന്നത് എത്തരത്തിലാണ് ജനാധിപത്യവുമായും ഫാഷിസ്റ്റ് വിരുദ്ധ സമരവുമായും അവിഭാജ്യമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്ന് അതിന്റെ ചരിത്രപരതയില്‍ക്കൂടി തിരിച്ചറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ അത്തരം രാഷ്ട്രീയബോധ്യത്തെ കയ്യൊഴിഞ്ഞതുകൊണ്ടോ ആണ് കേരളത്തിലിപ്പോള്‍ ഇടതുപക്ഷത്തിന്റെ പേരില്‍ നടത്തുന്ന മാധ്യമ വിരുദ്ധതയുടെ പൊതുബോധ നിര്‍മ്മാണം.

'നിങ്ങളെന്തുകൊണ്ട് ഞങ്ങള്‍ക്കെതിരെ പറയുന്നു, അവര്‍ക്കെതിരെ പറയുന്നില്ല', ‘അന്ന് നിങ്ങള്‍ പ്രതികരിച്ചില്ലല്ലോ', ‘നിങ്ങള്‍ക്ക് അവരെ പേടിയല്ലേ ഞങ്ങളെയും പേടിക്കണ്ടേ' എന്ന മട്ടിലുള്ള ആക്രമണവും പ്രതിരോധവുമായി ആവശ്യാനുസരണം മാറുന്ന ന്യായങ്ങളുണ്ടാകുന്നത് ഭരണകക്ഷിയും പ്രതിപക്ഷവും അഥവാ കക്ഷി രാഷ്ട്രീയ എതിരാളികളുമായുള്ള തര്‍ക്കത്തിലെ ഒരു വിഷയം മാത്രമാണ് മാധ്യമസ്വാതന്ത്ര്യമെന്ന് വരുത്തിത്തര്‍ക്കാനുള്ള ശ്രമത്തിലാണ്. തരംപോലെ ചിലപ്പോള്‍ മാധ്യമങ്ങളേയും ഇക്കൂട്ടത്തിലേക്ക് കയറ്റിനിര്‍ത്തും. ജനാധിപത്യത്തെ കക്ഷിരാഷ്ട്രീയത്തിലെ ചക്കളത്തിപ്പോരാട്ടം മാത്രമായി ചുരുക്കുന്ന ജനാധിപത്യ വിരുദ്ധതയില്‍ നിന്നാണ് ഇതുണ്ടാക്കുന്നത്. ജനങ്ങള്‍ക്ക് ദൈനംദിന രാഷ്ട്രീയവ്യവഹാരങ്ങളിലോ ജനാധിപത്യ പ്രക്രിയയിലോ പ്രശ്‌നങ്ങളിലോ ഭരണ പ്രക്രിയയിലോ യാതൊരുവിധ ഇടപെടല്‍ അധികാരവും അവകാശവും ഇല്ല എന്ന ധാരണ ഊട്ടിയുറപ്പിക്കുന്നതിന്റെ മറ്റൊരു വശമാണിത്.

മാധ്യമങ്ങളുടെ വര്‍ഗ്ഗസ്വഭാവത്തെയും അതിന്റെ രാഷ്ട്രീയത്തെയും മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകളെയും എതിര്‍ക്കുന്നത് ജനാധിപത്യ സമൂഹത്തിലെ അനിവാര്യമായ രാഷ്ട്രീയ പ്രക്രിയയാണ്. ഇടതുപക്ഷത്തിനാകട്ടെ ഇടതുപക്ഷ രാഷ്ട്രീയം കൊണ്ടുനടക്കുന്നിടത്തോളം കാലവും ഈ രാഷ്ട്രീയ ചുമതല കയ്യൊഴിയാനുമാകില്ല.

അതായത്, ഭരണകക്ഷിയും പ്രതിപക്ഷകക്ഷികളും മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തേണ്ടൊരു ചര്‍ച്ചയാണ് മാധ്യമസ്വാതന്ത്യമെന്ന് വരുമ്പോള്‍ വിശാല പൊതുസമൂഹത്തിനോ പൗരസമൂഹത്തിനോ അതില്‍ യാതൊരു പങ്കുമില്ലെന്ന് വരുത്തുന്നു. ഈ മൂന്നുകൂട്ടരും കൂടി തീരുമാനിച്ചു പിരിയേണ്ട വിഷയമല്ല ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും. ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളും എതിര്‍രാഷ്ട്രീയകക്ഷികളും പിന്തിരിപ്പന്‍,അവസരവാദ നിലപാടുകള്‍ മുന്കാലങ്ങളില്‍ എടുത്തു എന്നത് ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശത്തിനും നേരെ അടിച്ചമര്‍ത്തല്‍ നടപടികളെടുക്കാനുള്ള ന്യായമോ അധികാരമോ സര്‍ക്കാരിന് തരുന്നില്ല.

മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള അടിച്ചമര്‍ത്തലുകളെ അതിശക്തമായി എതിര്‍ത്ത വലിയൊരു വിഭാഗം ജനങ്ങളെ മുഴുവന്‍ ഒറ്റയടിക്ക് പുറത്താക്കിയാണ് ഈ കണ്ണുപൊത്തിക്കളി സര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യ പൗരസമൂഹത്തോടാണ് സര്‍ക്കാര്‍ ഉത്തരം പറയേണ്ടതും സംവദിക്കേണ്ടതും. തങ്ങള്‍ക്ക് സൗകര്യം പോലെ ഏതെങ്കിലുമൊരു അവസരവാദിയെ ചാരി രക്ഷപ്പെടുന്ന വഷളന്‍ തന്ത്രമല്ല പയറ്റേണ്ടത്.

മാധ്യമങ്ങളുടെ വര്‍ഗ്ഗസ്വഭാവത്തെയും അതിന്റെ രാഷ്ട്രീയത്തെയും മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകളെയും എതിര്‍ക്കുന്നത് ജനാധിപത്യ സമൂഹത്തിലെ അനിവാര്യമായ രാഷ്ട്രീയ പ്രക്രിയയാണ്. ഇടതുപക്ഷത്തിനാകട്ടെ ഇടതുപക്ഷ രാഷ്ട്രീയം കൊണ്ടുനടക്കുന്നിടത്തോളം കാലവും ഈ രാഷ്ട്രീയ ചുമതല കയ്യൊഴിയാനുമാകില്ല. എന്നാല്‍ മാധ്യമങ്ങള്‍ എന്ന ജനാധിപത്യ ഘടകത്തെ ആക്രമിക്കുന്നതും മാധ്യമങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെ എതിര്‍ക്കുന്നതും രണ്ടും രണ്ടാണ്. അത് മാത്രവുമല്ല, ചരിത്രത്തില്‍ എക്കാലത്തും ഒരേതരത്തിലാണ് സാമൂഹ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നത് വളരെ രേഖീയവും ഋജുവുമായ രീതിയില്‍ ചരിത്രത്തെയും കാലത്തേയും വിശകലനം ചെയ്യുമ്പോള്‍ തോന്നുന്ന പ്രമാദമാണ്. ബൂര്‍ഷ്വാ ഉദാര ജനാധിപത്യത്തിനുള്ളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തനം ഈ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള ഒന്നാണ്. മൂലധനത്തിന്റെ, മുതലാളിത്ത വ്യവസ്ഥിതിയെ താങ്ങിനിര്‍ത്തുന്ന സാമൂഹ്യ ശ്രേണീബന്ധങ്ങളെ, പ്രബലമായ പുരുഷാധിപത്യ സാമൂഹ്യഘടനയെ ഒന്നുംതന്നെ ഈ മാധ്യമപ്രവര്‍ത്തനം ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിനുള്ളിലെ ജനാധിപത്യ സംവാദങ്ങള്‍, ഭരണനിര്‍വ്വഹണത്തിലെ കുഴപ്പങ്ങള്‍ എന്നിവക്കെല്ലാമായി മാധ്യമങ്ങള്‍ നിലപാടെടുക്കാറുണ്ട്. അതായത് ബൂര്‍ഷ്വാസിക്കുള്ളില്‍ തങ്ങള്‍ക്കിടയിലുള്ള ജനാധിപത്യം, കേവല ധാര്‍മ്മികത, രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മാധ്യമങ്ങള്‍ സംവാദങ്ങളിലേര്‍പ്പെടുകയും, പലപ്പോഴും വളരെ ശക്തമായ നിലപാടുകളെടുക്കുകയും ചെയ്യും. വാട്ടര്‍ഗേറ്റ് അഴിമതി പുറത്തുകൊണ്ടുവരുന്ന പത്രത്തിനും അഴിമതി നടത്തിയ അമേരിക്കന്‍ ഭരണകൂടത്തിനും ഒരേ വര്‍ഗതാല്‍പര്യം സാധ്യമാണ്.

മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂടത്തിന്റെ ആക്രമണമുണ്ടാകുമ്പോഴും ഭരണകൂട നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന 'മാധ്യമങ്ങളെ' കാണാനാകും. വാസ്തവത്തില്‍ ഇതൊരു കുഴപ്പം പിടിച്ച അവസ്ഥയാണ്.

ഭരണകൂടം തീവ്രവലതുപക്ഷത്തിന്റെ കയ്യിലാവുന്നതോടെ ഇക്കാര്യത്തിലുള്ള വൈരുധ്യം രൂക്ഷമാകും. ബൂര്‍ഷ്വാസിക്കുള്ളില്‍ത്തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളില്‍ കാലങ്ങളായുള്ള സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഭിന്നവാദങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമാവുകയും ചെയ്യും. അത് മൂലധനത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളുടെ തര്‍ക്കം കൂടിയാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി മാധ്യമങ്ങളെ നിശ്ശബ്ദരാക്കിയത് ഇന്ത്യന്‍ മാധ്യമങ്ങളുടെ വര്‍ഗ്ഗതാത്പര്യങ്ങളുടെ പേരിലായിരുന്നില്ല. സാമാന്യമായ ലിബറല്‍ ജനാധിപത്യത്തിനെതിരായിരുന്നു അടിയന്തരാവസ്ഥ എന്നതുകൊണ്ടാണ്. അതായത്, സമാനമായ വര്‍ഗ്ഗതാത്പര്യങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ ജനാധിപത്യത്തിന്റെ ഏതളവുകളിലാണ് സമൂഹം നടന്നുപോകേണ്ടത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടാവുകയും കടുത്ത വൈരുധ്യങ്ങളുണ്ടാവുകയും ചെയ്യും. അതുകൊണ്ട് മാധ്യമവിരുദ്ധത എന്നത് സമഗ്രാധിപത്യ പദ്ധതിയാണ്, ജനാധിപത്യ രാഷ്ട്രീയമല്ല.

ഹിന്ദുത്വ ഫാഷിസം ജനാധിപത്യമെന്ന സങ്കല്പനത്തെയും ഇന്ത്യ എന്ന ബഹുസ്വര ജനാധിപത്യ മതേതര റിപ്പബ്ലിക് എന്ന ആശയത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് ആ രാഷ്ട്രീയ പ്രക്രിയയില്‍ വിവിധ വശങ്ങളില്‍ നില്‍ക്കുന്നതെന്നും എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യം എന്നത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പോരാട്ടത്തിന്റെ ഭാഗമാകുന്നത് എന്നതും തിരിച്ചറിയേണ്ടതുണ്ട്. മതേതര ജനാധിപത്യ സമൂഹമെന്ന അടിസ്ഥാനപരമായ നിലയ്ക്കുവേണ്ടിയുള്ള സമരത്തില്‍ മാധ്യമസ്വാതന്ത്യം ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ഒഴിച്ചുമാറ്റാനാകാത്ത ഘടകമായി മാറുന്നു.

മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂടത്തിന്റെ ആക്രമണമുണ്ടാകുമ്പോഴും ഭരണകൂട നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന 'മാധ്യമങ്ങളെ' കാണാനാകും. വാസ്തവത്തില്‍ ഇതൊരു കുഴപ്പം പിടിച്ച അവസ്ഥയാണ്. സ്വതന്ത്ര മാധ്യമങ്ങളുടെ ലിബറല്‍ ജനാധിപത്യ സ്വഭാവം പോലുമില്ലാത്ത ഈ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയാധികാരത്തിന്റെ നേരിട്ടുള്ള ഭാഗമാണ്. ഇന്ത്യയില്‍ റിപ്പബ്ലിക് ടി വി അടക്കമുള്ള എത്രയോ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രത്യക്ഷമായിത്തന്നെ പൊതുമാധ്യമ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂട സ്ഥാപനങ്ങളാണ്. ഹിന്ദുത്വ-കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പ്രചാരണ ജിഹ്വകളും പൊതുബോധ നിര്‍മ്മിതിക്കുള്ള ഉപാധികളുമാണ് അവ. ഇത്തരം മാധ്യമങ്ങളെ ചൂണ്ടിക്കാട്ടി ജനാധിപത്യ സമൂഹത്തിലും രാഷ്ട്രീയഘടനയിലും മാധ്യമങ്ങളുടെ പങ്കിനേയും മാധ്യമസ്വാതന്ത്ര്യത്തേയും സമ്പൂര്‍ണ്ണമായും നിരാകരിക്കുന്നത് പ്രശ്‌നത്തെ തലതിരിച്ചിടലും ജനാധിപത്യ സാമൂഹ്യപ്രക്രിയയെ ദുര്‍ബ്ബലമാക്കുന്നതുമാണ്.

'വ്യാജ വാര്‍ത്ത' കളാണ് എല്ലാ മാധ്യമങ്ങളും നല്‍കുന്നതെന്നാണ് ലോകത്തെങ്ങുമുള്ള മോദിയടക്കമുള്ള എല്ലാ വലതുപക്ഷ, സമഗ്രാധിപത്യ ഭരണകൂടാധികാരികളും ആവര്‍ത്തിക്കുന്നത്. 'വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ്' കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷ കക്ഷികളും മാധ്യമവിരോധമുയര്‍ത്തുന്നത് എന്നത് യാദൃച്ഛികമല്ല.

സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്കും ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കും തങ്ങള്‍ക്കു വേണ്ട മാധ്യമങ്ങളും വേണ്ടാത്ത മാധ്യമങ്ങളും എന്നുള്ള വേര്തിരിവുള്ള മാധ്യമവ്യവസ്ഥയല്ല ആവശ്യം; അവര്‍ക്ക് ജനാധിപത്യ സംവിധാനത്തിലുള്ളപോലുള്ള ഒരു മാധ്യമത്തിന്റെയും ആവശ്യമില്ല. അവര്‍ക്കുവേണ്ടത് 'പ്രചാരണ മാധ്യമങ്ങള്‍' മാത്രമാണ്. അവ ഉച്ചഭാഷിണികള്‍ മാത്രമാണ്. എങ്ങനെയാണോ ഫാഷിസ്റ്റ് രാഷ്ട്രീയം സമൂഹത്തില്‍ ഹിംസാത്മകമായ രാഷ്ട്രീയാഖ്യാനം രൂപപ്പെടുത്തുന്നത് അതിനുവേണ്ട പൊതുബോധനിര്‍മ്മാണത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണ് പലതരത്തിലുള്ള പരമ്പരാഗത മാധ്യമ രൂപങ്ങളിലുള്ള ഈ പ്രചാരണശാലകള്‍. ഈ പ്രചാരണനിലയങ്ങളുടെ മാധ്യമ മാനദണ്ഡങ്ങളാണ് എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്കും താത്പര്യം. ലോകത്താകെയും ഏതാണ്ടെല്ലാ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളുടെ മൂലധന താല്‍പര്യത്തെ പിന്തുടരുന്നവയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ ലോകത്താകെ കരുത്താര്‍ജ്ജിച്ച തീവ്ര വലതുപക്ഷ രാഷ്ട്രീയവും വലതുപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഭരണകൂടവുമായുള്ള വൈരുദ്ധ്യങ്ങളെ രൂക്ഷമാക്കി. ഇതിന്റെ അടിസ്ഥാനകാരണം ബൂര്‍ഷ്വാ ഉദാര ജനാധിപത്യ സങ്കല്‍പങ്ങളും തീവ്ര വലതുപക്ഷത്തിന്റെ ഫാഷിസ്റ്റ് ഭരണകൂടങ്ങളും തമ്മിലുള്ള ചില വൈരുധ്യങ്ങള്‍ തന്നെയാണ്. ഇത് പ്രധാനമായും ഭരണകൂടത്തിന്റെ ഇടപെടലും അധികാരത്തെയും വ്യക്തികളുടെയും വിപണികളുടെയും സ്വതന്ത്ര വ്യവഹാരത്തില്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തെയും കുറിച്ചാണ്. മഹാഭൂരിപക്ഷം ജനങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക അധികാരത്തെയും നീതിയെയും കുറിച്ച് ഈ വൈരുദ്ധ്യത്തിനുള്ളില്‍ ആശങ്കയൊന്നും ഉണ്ടാകില്ല. പക്ഷെ, ഈ വൈരുദ്ധ്യത്തെ വിശാലമായ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് മാത്രമല്ല, ഇത്തരത്തിലുള്ള ഒരു ജനാധിപത്യ അടിത്തറ നഷ്ടപ്പെടുന്നത് ഒരു ജനതയെ സംബന്ധിച്ച് ആത്മഹത്യാപരം കൂടിയാണ്.

കേന്ദ്രസർക്കാറിന്റെ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന സമരത്തിനിടെ ഗോദി മാധ്യമങ്ങൾക്കെതിരെ കർഷകർ ഉയർത്തിയ പ്ലക്കാർഡ്

എന്നാല്‍, ജനാധിപത്യ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിമിതമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കുക എന്നതാണ് തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെ അജണ്ട. നുണപ്രചാരണങ്ങളിലും വെറുപ്പിലും അപര വിദ്വേഷത്തിലും യുദ്ധവെറിയിലുമൊക്കെ അടിത്തറകെട്ടിയ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സമ്പൂര്‍ണമായ വിധേയത്വമല്ലാത്ത ഒന്നിനെയും അംഗീകരിക്കാനാകില്ല. സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മാധ്യമവിരോധത്തിന്റെ പ്രധാന കാരണമിതാണ്.

തുര്‍ക്കിയില്‍ എര്‍ദോഗാനും ഇന്ത്യയില്‍ നരേന്ദ്ര മോദിയുമെല്ലാം മാധ്യമങ്ങളെ ഒരേ തരത്തില്‍ കൈകാര്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്.

'വ്യാജ വാര്‍ത്ത' കളാണ് എല്ലാ മാധ്യമങ്ങളും നല്‍കുന്നതെന്നാണ് ലോകത്തെങ്ങുമുള്ള മോദിയടക്കമുള്ള എല്ലാ വലതുപക്ഷ, സമഗ്രാധിപത്യ ഭരണകൂടാധികാരികളും ആവര്‍ത്തിക്കുന്നത്. ('വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ്' കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷ കക്ഷികളും മാധ്യമവിരോധമുയര്‍ത്തുന്നത് എന്നത് യാദൃച്ഛികമല്ല. ) ഇത് മാധ്യമങ്ങളുടെ വര്‍ഗ്ഗസ്വഭാവം നോക്കിയുള്ള വിശകലന പ്രശ്നമല്ല. ഇത് ജനാധിപത്യ സമ്പ്രദായത്തില്‍ ഭരണകൂടത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സാമൂഹ്യസ്ഥാപനം എന്ന മാധ്യമ സാധ്യതയോടുള്ള സമഗ്രാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ്. ഇതിനാദ്യം ചെയ്യുന്നത് മാധ്യമങ്ങളെ De -legitimize (അപസാധൂകരണം) ചെയ്യുകയാണ്. ഇവര്‍ നുണയന്മാരാണെന്നും ജനങ്ങളുമായി ഞങ്ങള്‍ നേരിട്ട് സംവദിച്ചോളാം എന്നുമാണ്. ഇതില്‍ ചില പ്രത്യേക മാധ്യമങ്ങള്‍ എന്നില്ല മാധ്യമങ്ങള്‍ എന്ന സാമൂഹ്യസ്ഥാപനത്തെത്തന്നെ തീവ്രവലതുപക്ഷം ഈ തന്ത്രത്തില്‍ തള്ളിക്കളയുന്നു. ഇതല്ലാതെ മറ്റൊരു മാര്‍ഗം മാധ്യമങ്ങളെ തങ്ങളുടെ പ്രചാരണയന്ത്രത്തിന്റെ അനുബന്ധ ഉച്ചഭാഷിണികളാക്കുക എന്നതാണ്. ബൂര്‍ഷ്വാ ഉദാര ജനാധിപത്യത്തിന്റെ വികാസം കുറഞ്ഞ രാജ്യങ്ങളില്‍ ഇതാണ് മിക്കപ്പോഴും അനുവര്‍ത്തിക്കുന്ന രീതി. തങ്ങളെ അനുസരിക്കുന്നവരെ, തങ്ങള്‍ക്ക് വിധേയരാകുന്നവരെ നിലനില്‍ക്കാന്‍ അനുവദിക്കുകയും അല്ലാത്തവരെ അടിച്ചമര്‍ത്തുകയും ചെയ്യുക.

നിരന്തരമായ ആക്രമണഭീഷണി നേരിടുകയാണ് തങ്ങളെന്ന് സമൂഹത്തെ തോന്നിപ്പിച്ചു കൊണ്ടിരിക്കുകയാണ് സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ഒരു രീതി. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് സമൂഹത്തിനു മുകളില്‍ തങ്ങളുടെ രക്ഷാധികാരം പൂര്‍ണ്ണമായും സ്ഥാപിച്ചെടുക്കാനാകൂ. ജനങ്ങളെ അവരുടെ ജനാധിപത്യ പൗരാവകാശങ്ങളില്‍ നിന്നും പൗരന്‍ എന്ന രാഷ്ട്രീയ അസ്തിത്വത്തില്‍ നിന്നും താഴെയിറക്കുകയും സമഗ്രാധിപത്യ ഭരണകൂടത്തിന്റെയും അതിന്റെ സര്‍വ്വാധികാരിയും സര്‍വ്വശക്തനുമായ നേതാവിന്റെയും സംരക്ഷണം ആവശ്യപ്പെടുന്ന കുട്ടികളുമാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തിലുള്ള ശത്രുനിര്‍മ്മിതിയും നിരന്തരഭീതിയും എങ്ങനെയാണ് സംഘപരിവാറും മോദി സര്‍ക്കാരും നടത്തുന്നതെന്ന് നാം ദിനംപ്രതി ഇന്ത്യയില്‍ കാണുകയാണ്. അത് മുസ്​ലിംകൾ മുതല്‍ മതേതരവാദികള്‍ വരെയും ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുതല്‍ ദലിതര്‍ വരെയുമൊക്കെയായി നീണ്ടുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കെതിരായവരെല്ലാം രാജ്യത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ ‘അര്‍ബന്‍ നക്‌സല്‍’ എന്ന പുതിയൊരു ശത്രുനിരയുണ്ടാക്കി തടവിലിടുകയും കൊല്ലുകയും ചെയ്യുന്നു. ഇത് പല രൂപങ്ങളില്‍ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളും ചെയ്യുന്നതാണ്. ഇതിന്റെ ഒരു ഭാഗത്താണ് മതേതര രാഷ്ട്രീയമുള്ള മാധ്യമങ്ങളെയപ്പാടെ 'presstitutes' എന്ന് ആക്ഷേപിച്ച്​ സംഘപരിവാര്‍ പുതിയ ശത്രുവിനെ സൃഷ്ടിച്ചത്.

എങ്ങനെയാണോ ഒരു വിരാട് പുരുഷനും ശക്തിശാലിയുമായ നേതാവായി മോദിയെ അവതരിപ്പിക്കുന്നത് സമാനമായ നേതൃബിംബനിര്‍മ്മാണമാണ് പിണറായി വിജയന്റെ കാര്യത്തില്‍ കേരളത്തിലും നടക്കുന്നത്. അതിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നതുകൂടിയാണ് കേരളത്തിലെ പൊതു മാധ്യമങ്ങളുമായുള്ള ഭരണപക്ഷ ഇടതുപക്ഷത്തിന്റെ ശത്രുതയുടെ കാരണം.

കേരളത്തില്‍ തങ്ങള്‍ക്കെതിരായ മാധ്യമങ്ങളെയൊന്നാകെ ‘മാ പ്ര’കള്‍ എന്ന് വിളിച്ച്​ ഭരണകക്ഷിയായ ഇടതുപക്ഷം നടത്തുന്ന ആക്രമണം സംഘപരിവാറിന്റെ 'presstitutes' വിളിയിലടങ്ങിയ ആക്രമണതന്ത്രത്തിന്റെ മറ്റൊരു പതിപ്പാണ്. മാധ്യമങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെയോ വര്‍ഗ്ഗരാഷ്ട്രീയത്തെയോ അല്ല തങ്ങളുടെ സമ്പൂര്‍ണാധികാരത്തെ അംഗീകരിക്കാതിരിക്കുന്ന സ്വഭാവത്തെയാണ് അവര്‍ക്കിഷ്ടപ്പെടാത്തത്. അദാനിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച അന്നത്തെ സി.പി. ഐ-എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ അതേ അദാനിക്കു വേണ്ടി വിഴിഞ്ഞത്ത് സകല ഭരണകൂട സംവിധാനങ്ങളെയും അഴിച്ചുവിട്ടത് നമ്മള്‍ കണ്ടു. മോദിയും പിണറായി വിജയനും തമ്മില്‍ അദാനിയുടെ കാര്യത്തില്‍ അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. കേരളത്തിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പമാണ്. എന്നാല്‍ സാമാന്യമായ പൗരാവകാശങ്ങള്‍, ജനാധിപത്യാവകാശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള ചെറിയ ശബ്ദങ്ങളുണ്ടാകുന്നത് പോലും ഇഷ്ടപ്പെടാത്തതുകൊണ്ടാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ഈ കടന്നാക്രമണം. എങ്ങനെയാണോ ഒരു വിരാട് പുരുഷനും ശക്തിശാലിയുമായ നേതാവായി മോദിയെ അവതരിപ്പിക്കുന്നത് സമാനമായ നേതൃബിംബനിര്‍മ്മാണമാണ് പിണറായി വിജയന്റെ കാര്യത്തില്‍ കേരളത്തിലും നടക്കുന്നത്. അതിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നതുകൂടിയാണ് കേരളത്തിലെ പൊതു മാധ്യമങ്ങളുമായുള്ള ഭരണപക്ഷ ഇടതുപക്ഷത്തിന്റെ ശത്രുതയുടെ കാരണം. തീവ്രവലതുപക്ഷ ഭരണകൂടവും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന കക്ഷിയും സര്‍ക്കാരും ഒരേതരത്തിലുള്ള മാധ്യമവിരുദ്ധതയുടെ ആക്രമണതന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഹിംസാത്മകമായ വലതുപക്ഷ രാഷ്ട്രീയവും അതിന്റെ ഭരണകൂട സ്വഭാവവും ഭയാനകമായ ആഴത്തില്‍ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയശരീരത്തിലേക്ക് ഇറങ്ങുന്നതിന്റെ പ്രകടമായ ലക്ഷണമാണ്.

സ്വതന്ത്ര സമൂഹത്തിനു നേരെയുള്ള ആക്രമണമാണ് ഈ മാധ്യമവിരുദ്ധതയിലൂടെയും നടക്കുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അവരുടെ ജനാധിപത്യ ഇടപെടലുകളെയും പരമാവധി ചുരുക്കിക്കൊണ്ടുവരികയും ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിനുകീഴിലുള്ള വരിതെറ്റാത്ത,അച്ചടക്കമുള്ള പൗരന്മാരെ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന പരിപാടിയുടെ ഭാഗമാണിത്. നിറഞ്ഞുനില്‍ക്കുന്ന ഹിംസയുടെ അന്തരീക്ഷമാണ് അതുണ്ടാക്കുന്നത്. അര്‍ബന്‍ നക്‌സലുകളെന്ന് വിളിച്ചുകൊണ്ട് ജനാധിപത്യ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ തുടങ്ങിയ അടിച്ചമര്‍ത്തല്‍ വളരെ വേഗത്തില്‍ മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ നേതൃത്വങ്ങളിലേക്ക് വരെ പടരുകയാണ്. ആള്‍ക്കൂട്ടാക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയപരിപാടിയുടെ ഭാഗമാകുന്നത് ഈ ഹിംസാത്മകമായ രാഷ്ട്രീയ നിര്‍മ്മിതിയുടെ ഭാഗമായാണ്. സമൂഹത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളെ മുഴുവന്‍ തീവ്രമായി ഹിംസാത്മകമാക്കുക എന്നതൊരു ഹിന്ദുത്വ, ഫാഷിസ്റ്റ് രാഷ്ട്രീയ പദ്ധതിയാണ്. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം അനുകരിയ്ക്കാന്‍ ശ്രമിക്കുന്നത് ഇതേ പരിപാടിയാണ്. ചരിത്രത്തില്‍ അത് ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നത് പല കാലങ്ങളിലും അതിന്റെതന്നെ ദുരന്തസമാനമായ വീഴ്ചകള്‍ക്ക് കാരണമായ ഈ ദുരധികാര പ്രവണതകളോടാണ് എന്നതാണ് വസ്തുത. കേരളത്തില്‍ പരിസ്ഥിതി രാഷ്ട്രീയത്തിനും മുതലാളിത്ത കൊള്ളയെ എതിര്‍ക്കുന്ന നിലപാടുകള്‍ക്കുമെല്ലാമെതിരെ ആക്രമണോത്സുകമായ നിലപാടെടുക്കുന്നത് വലതുപക്ഷത്തോടൊപ്പം ഭരണപക്ഷ ഇടതുപക്ഷവുമാകുന്നത് ഇതുമൂലമാണ്.

Graphics: Yoshi Sodeoka

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും എല്ലാ അടിസ്ഥാനഘടനകളും ആക്രമിക്കപ്പെടുകയാണ്. അത്തരമൊരു ഘട്ടത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെ വിശാലമായ ജനാധിപത്യ സമരത്തിന്റെ ഭാഗമായി കാണുകയെന്നത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം കൈമോശം വരുന്നത് ജനാധിപത്യ രാഷ്ട്രീയത്തെ കേവലമൊരു മറയാക്കിവെച്ചുകൊണ്ട് ഒരു പുത്തന്‍ വര്‍ഗത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ഒരു വാര്‍ത്ത നല്‍കുമ്പോള്‍, ഒരു അഭിപ്രായം പറയുമ്പോള്‍ അതിനു പിറകെ വരാന്‍ പോകുന്ന ഭരണകൂട അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്കുള്ളില്‍ നിറയ്ക്കുന്നതോടെ എല്ലാവര്‍ക്കുനേരെയും തോക്കു നീട്ടാതെയും തടവറകള്‍ വേണ്ടാതെയും സമൂഹത്തിന്റെ ജനാധിപത്യബോധത്തിനു മേല്‍ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ ആധിപത്യം നേടുന്നു. സൂക്ഷ്മവും സ്ഥൂലവുമായ ഓരോ സാമൂഹ്യവ്യഹാരത്തിലും ഈ ഭയം കരുതലിന്റെയും ജാഗ്രതയുടേയും ഉള്ളില്‍ നിന്നുമുയരുന്ന അബോധശാസനകളുടെയും രൂപത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. മീഡിയ വണ്‍ കേസിലടക്കം മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി ഇതിനെ യു.എസ് കോടതിവിധികളിലൊക്കെ പറയുന്ന 'chilling effect' എന്ന് എടുത്തു പറയുന്നുണ്ട്. ഈ മരവിപ്പിക്കുന്ന ഭീതി മാധ്യമങ്ങള്‍ക്ക് മാത്രമല്ല സമൂഹത്തിലാകെ വ്യാപിപ്പിക്കുകയാണ് ഒരു സമഗ്രാധിപത്യ ഭരണകൂടം ചെയ്യുക. അതിന് നിങ്ങളെ എതിര്‍ക്കുന്ന എല്ലാവരെയും തടവിലിടുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട. ചില മാതൃകകള്‍ കാണിച്ചാല്‍ മതി. ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരേയും ബുദ്ധിജീവികളെയുമൊക്കെ തടവിലിട്ടത് അതിനാണ്. ബി ബി സിക്കെതിരെ നടപടിയെടുത്തത് അതിനാണ്. അതൊരു മാതൃകയാണ്, പാഠമാണ്. അതിനെത്തുടര്‍ന്ന് സമൂഹത്തില്‍ പടരുന്ന ഭീതി ഒരു നിയമത്തിന്റെയും ഭരണകൂട നടപടിയുടെയും തുടരാഖ്യാനങ്ങള്‍ ഇല്ലാതെത്തന്നെ നിശബ്ദമായ നിയന്ത്രണമായി മാറും.

ഭരണകൂടം സമൂഹത്തിനുമേല്‍ വിരിക്കാന്‍ ശ്രമിക്കുന്ന ഈ ഭയത്തിന്റെയും ഭീതിയുടേയും പുതപ്പുകള്‍ സ്വാതന്ത്ര്യബോധത്തിന്റെയും ജനാധിപത്യ രാഷ്ട്രീയത്തിന്റെയും പന്തങ്ങള്‍ക്കൊണ്ട് ചുട്ടെരിക്കുക എന്നതാണ് ഒരു ആധുനിക, ജനാധിപത്യ സമൂഹത്തിന്റെ രാഷ്ട്രീയ ചുമതല. അതിനെ കക്ഷിരാഷ്ട്രീയത്തിന്റെ തര്‍ക്കകുതര്‍ക്കങ്ങളിലേക്ക് ചുരുക്കിക്കൊടുക്കുകയും അധികാരവും ഭരണകൂടവും തങ്ങള്‍ക്ക് തൊടാന്‍ കഴിയാത്ത വിദൂരതയിലാണെന്ന നിസ്സഹായാതാബോധത്തിലെത്തിക്കുകയും ചെയ്താല്‍ അതാണ് ഏതൊരു സമഗ്രാധിപത്യ ഭരണകൂടവും ആ സമൂഹത്തിനുമേല്‍ നേടുന്ന വിജയം. ഭരണകൂടത്തേയും അതിന്റെ ദുരധികാരത്തേയും രാഷ്ട്രീയ,സാമ്പത്തിക താത്പര്യങ്ങളെയും നിരന്തരം ഉലച്ചുകൊണ്ടിരിക്കുകയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് തടയിടുന്ന ഏതൊരു നിയന്ത്രണവും സന്ദേഹരഹിതമായും ജനാധിപത്യവിരുദ്ധമാണ്.

Comments