മരണം പൊട്ടിയൊഴുകിയ മണ്ണിൽ
മരിക്കാതെ ബാക്കിയായ നന്മകൾ

സുനാമി, ഓഖി, പ്രളയം തുടങ്ങിയ ദുരന്തകാലങ്ങളിൽ കാണാത്ത അത്ര കൃത്യമായ രക്ഷാപ്രവർത്തന മാർഗ്ഗരേഖ ചൂരൽമലയിൽ പ്രകടമായി. ദേശീയ ദുരന്ത പ്രതികരണ സേന, താലൂക്ക് ദുരന്ത നിവാരണസേന, പോലീസ്, ഫയർഫോഴ്‌സ്, വനസംരക്ഷണസേന, അസംഖ്യം രക്ഷാപ്രവർത്തകർ ഇവരൊക്കെ തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത് ദുരന്തമേഖലയിലെ നിത്യകാഴ്ചയായി- മാധ്യമപ്രവർത്തകൻ ജീമോൻ ജേക്കബ് എഴുതുന്നു.

ജൂലൈ 29ന് രാത്രി തോരാമഴയത്ത് ഒഴുകിപ്പോയവർ അനേകരാണ്. പുഞ്ചിരിമട്ടം പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ മുണ്ടക്കൈയും ചൂരൽമലയും തകർത്ത് മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടി. വീടുകൾ തകർന്നു. ഒട്ടേറെപ്പേർ അനാഥരായി. ആഗസ്റ്റ് 14 വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് 231 മൃതദേഹങ്ങളും 210 ശരീരഭാഗങ്ങളും ലഭിച്ചു. 128 പേരെ കാണാതായി. ഇത്രയും ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അത് ഏവരിലും ഏൽപ്പിച്ച ആഘാതം വാക്കുകൾക്കതീതമാണ്.

മരവിച്ച മനസ്സുമായാണ് മേപ്പാടി ഗവൺമെന്റ് ആശുപത്രിയിലെത്തിയത്. ആംബുലൻസുകളുെട നീണ്ടനിര. മോർച്ചറിയിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉറ്റവരുടെ തിരക്ക്. കാണാതായവരെ തെരഞ്ഞെത്തിയ ബന്ധുക്കൾ. അവർക്കിടയിൽ പരക്കംപായുന്ന ആരോഗ്യപ്രവർത്തകർ. പാഞ്ഞുവരുന്ന ആംബുലൻസുകളിൽ തങ്ങളുടെ ഉറ്റവർ ഉണ്ടായിരിക്കാമെന്ന ഭീതി കലർന്ന പ്രതീക്ഷയോടെ, അതിനുചുറ്റും കൂടുന്ന നിസ്സാഹയർ. വിലാപങ്ങളുടെ ഒടുങ്ങാത്ത വിനാഴികകളായിരുന്നു സർക്കാർ ആശുപത്രിക്കു ചുറ്റും.

ഇത്രയും ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അത് ഏൽപ്പിച്ച ആഘാതം വാക്കുകൾക്കതീതമാണ്.
ഇത്രയും ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അത് ഏൽപ്പിച്ച ആഘാതം വാക്കുകൾക്കതീതമാണ്.

എല്ലാവരും ഒരേ കാര്യം ആവർത്തിച്ചു; "പെരുംമഴയായിരുന്നു. രണ്ടു ദിവസമായി ചിലരൊക്കെ മുണ്ടക്കൈയിൽ നിന്ന് ബന്ധുവിട്ടീലേക്ക് പോയിരുന്നു. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. അർധരാത്രി കഴിഞ്ഞ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി. നിലവിളിച്ചും ബഹളംകേട്ടും പുറത്തേയ്ക്ക് നോക്കിയപ്പോൾ ചുറ്റും വെള്ളവും മണ്ണും. ഒരുവിധം ചെളിയിലൂടെ നടന്ന് ഉയർന്ന പ്രദേശത്തെ അയൽവീട്ടിലേക്ക് പോയി. ആരെയൊക്കെ ഉരുൾ കൊണ്ടുപോയെന്ന് ആർക്കുമറിയില്ല. രക്ഷാപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടാമത് വീണ്ടും നാലുമണിയോടെ ഉരുൾപൊട്ടി. അതോടെ മുണ്ടക്കൈയിലെ താഴ്ന്ന പ്രദേശം ഉരുൾകൊണ്ടുപോയി.’’
നേർസാക്ഷ്യങ്ങൾ ദുരന്തത്തിന്റെ നിർവികാരമായ രേഖാചിത്രങ്ങൾ കൂടിയായി മാറി. അപ്പോഴും മേപ്പാടിയിൽ മഴ പെയ്തിറങ്ങുന്നുണ്ടായിരുന്നു.

ഒട്ടനവധി രക്ഷാപ്രവർത്തകർ, അതോടൊപ്പം ദുരന്തം ബാക്കിവച്ച നാട്ടുകാരും. ആയിരത്തിലേറെ പോലീസുകാർ, ഉന്നത ഉദ്യോഗസ്ഥർ. രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഓഫ്റോഡ് ഡ്രൈവർമാർ സ്വന്തം വണ്ടികളുമായി പരക്കംപായുന്നു. എല്ലാവർക്കും ഓരോ ചുമതല നിറവേറ്റാനുണ്ട്.

മേപ്പാടിയിൽനിന്ന് ചൂരൽമലയിലേക്ക് പോയി. 900 കൗണ്ടിക് തിരിയുന്ന വഴിയെത്തുംമുൻപേ വമ്പൻ റിസോർട്ടുകളുടെ ആകർഷകമായ പരസ്യബോർഡുകൾ, ഗേറ്റ്. അതിനിടെ ഓരോ ജംഗ്ഷനിലും ഹോംസ്റ്റേകളിലേയ്ക്കുള്ള വിരൽചൂണ്ടികൾ. ശശിയേട്ടന്റെ ചായക്കടയിൽ ഇപ്പോഴും നല്ല തിരക്ക്. രക്ഷാപ്രവർത്തകരിൽ ചിലർ ഇപ്പോൾ ഭക്ഷണം തേടി എത്തിയതാണ്. ഭക്ഷണം ആസ്വദിക്കാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടിരുന്നു. രണ്ട് ഗ്രാമങ്ങൾ മരണവീടുകളായി മാറിയ ഒരു രാത്രിയുടെ ഓർമ്മ കാർ ഡ്രൈവർ അഭിലാഷിനെയും അസ്വസ്ഥനാക്കി. അയാൾ വേഗം കുറച്ചാണ് വണ്ടിയോടിച്ചിരുന്നത്; "കുറേ കുട്ടികൾ മരിച്ചുകാണും അല്ലേ സാറേ?" അഭിലാഷ് ചോദിച്ചു.
"അറിയില്ല, അങ്ങനെയാവാതിരിക്കട്ടെ’’, മറുപടി ചുരുക്കി.

പുത്തുമലയുടെ ചെരിവിലെത്തി. 2019-ൽ ഉരുൾപൊട്ടി 17 പേർ മരിച്ച ഇടം. അന്നും ഇവിടെ വന്നിരുന്നു. ആ തേയിലത്തോട്ടത്തിൽ ആരുടെയൊക്കയോ നിലയ്ക്കാത്ത തേങ്ങലുകൾ കേൾക്കുന്നപോലെ. അവരുടെ സ്വപ്നങ്ങൾക്ക് തേയിലക്കാടിന്റെ നിറമായിരുന്നോ? അറിയില്ല. പുത്തുമല കഴിഞ്ഞ് ഒരു കിലോമീറ്റർ പോയില്ല, പോലീസ് ചെക്ക്പോസ്റ്റ്. വളരെ മാന്യമായി പെരുമാറി സിവിൽ പോലീസ് ഓഫീസർ. ശബ്ദം താഴ്ത്തി പറഞ്ഞു. "വണ്ടിയിൽ പോകാനാവില്ല. അടുത്ത ചെക്ക് പോയിന്റിൽ നിന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അവിടെ പാർക്കിംഗ് സൗകര്യം പരിമിതമാണ്. സഹകരിക്കണം.’

ജീമോൻ ജേക്കബ് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ
ജീമോൻ ജേക്കബ് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ

അതിനിടയിൽ റിലീഫ് ബോർഡ് വെച്ച കാറിലെത്തിയ നാല് യുവാക്കളെ തടഞ്ഞ് തിരിച്ചുവിട്ടു. അവർ ദുരന്തസ്ഥലം കാണാനെത്തിയ ടൂറിസ്റ്റുകളാണ്. അടുത്ത പോയിന്റിൽ കാറിൽ നിന്നിറങ്ങിനടന്നു, ചൂരൽമലയിലേക്ക്. ഐ.ഡി.കാർഡ് കാട്ടി പോലീസ് ചെക്ക് പോയിന്റ് കടന്നു.

ഒട്ടനവധി രക്ഷാപ്രവർത്തകർ, അതോടൊപ്പം ദുരന്തം ബാക്കിവച്ച നാട്ടുകാരും. കൺട്രോൾറൂമിൽ എല്ലാവരും തിരക്കിൽ. ആയിരത്തിലേറെ പോലീസുകാർ, നിരവധി ഉയർന്ന ഉദ്യോഗസ്ഥർ. രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഓഫ്റോഡ് ഡ്രൈവർമാർ സ്വന്തം വണ്ടികളുമായി പരക്കംപായുന്നു. എല്ലാവർക്കും ഓരോ ചുമതല നിറവേറ്റാനുണ്ട്. എല്ലാവരുടെയും മനസ്സിൽ മണ്ണിലും കൂറ്റൻ പാറകൾക്കിടയിലും മറഞ്ഞുപോയ ഒരുപറ്റം നിർഭാഗ്യവാൻമാരോടുള്ള കരുതലായിരുന്നു. ആ ദുരന്തഭൂമിയിൽ കണ്ട മാധ്യമപ്രവർത്തകരുടെ മുഖങ്ങൾപോലും ഇരുൾ വീണതായിരുന്നു.

കാട്ടിലെ പാറയിടുക്കിൽ ആദിവാസി കുട്ടികളെ അതിസാഹസികമായി രക്ഷിച്ച് സംരക്ഷിച്ചത് ഉദാത്തമാതൃകയാണ്. ഓരോ ദുരന്തങ്ങൾ വേണ്ടിവരുന്നു, നമുക്ക് ഇത്തരം ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തരിച്ചറിയാൻ.

അടുക്കും ചിട്ടയോടെയുമായിരുന്നു ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം. അത് ഏറ്റവും ശ്രദ്ധേയമായ വസ്തുത കൂടിയായിരുന്നു. സുനാമിത്തിര വിഴുങ്ങിയപ്പോഴോ ഓഖി ചുഴലി ക‌ടലാഴങ്ങളിൽ മരണമുഖപുസ്തകം തുറന്നപ്പഴോ പ്രളയം വിഴുങ്ങിയപ്പോഴോ കാണാത്ത കൃത്യമായ രക്ഷാപ്രവർത്തന മാർഗ്ഗരേഖ ചൂരൽമലയിൽ പ്രകടമായി. ദേശീയ ദുരന്ത പ്രതികരണ സേന, താലൂക്ക് ദുരന്ത നിവാരണസേന, പോലീസ്, ഫയർഫോഴ്‌സ്, വനസംരക്ഷണസേന, അസംഖ്യം രക്ഷാപ്രവർത്തകർ ഇവരൊക്കെ ചൂരൽമലയിൽ തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത് ദുരന്തമേഖലയിലെ നിത്യകാഴ്ചയായി. ജീവൻ മറന്നുള്ള അവരുടെ പ്രവർത്തനം ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും.

 ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം.
ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം.

ദുരന്തത്തിന്റെ നിർണായക മണിക്കൂറിൽ ചൂരൽമലയിൽ കുതിച്ചെത്തിയത് മാവോയിസ്റ്റ് വേട്ടയിൽ പ്രാവീണ്യം നേടിയ തണ്ടർബോൾട്ട് സംഘമാണ്. അവരാണ് ഒലിച്ചുപോയ പാലത്തിനു കുറുകെ വടംകെട്ടി നാട്ടുകാരോടൊപ്പം മുണ്ടക്കൈയിലേക്ക് എത്തിയത്. അവരും നാട്ടുകാരും ചേർന്നാണ് കഴുത്തറ്റം ചെളിയിൽ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. ഒപ്പം, വനസംരക്ഷണസേനയിലെ ഉദ്യോഗസ്ഥരും. കാട്ടിലെ പാറയിടുക്കിൽ ആദിവാസി കുട്ടികളെ അതിസാഹസികമായി രക്ഷിച്ച് സംരക്ഷിച്ചതും ഉദാത്തമാതൃകയാണ്. ഓരോ ദുരന്തങ്ങൾ വേണ്ടിവരുന്നു, നമുക്ക് ഇത്തരം ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തിരിച്ചറിയാൻ.

രാപകൽ ചായയും പലഹാരങ്ങളും നൽകിയ ചൂരൽമല നിവാസിയായ ഒരു മനുഷ്യസ്നേഹിയുണ്ട്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആ മനുഷ്യൻ, തന്റെ മുന്നിലൂടെ കടന്നുപോയവരെയെല്ലാം വിളിച്ചുനിർത്തി ചായ നൽകി.

36 മണിക്കൂർ കൊണ്ട് 190 അടി നീളമുള്ള ബെയ്‌‌ലി പാലം ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് തീർത്തത് മദ്രാസ് എൻജിനിയേഴ്സ് ഗ്രൂപ്പിലെ ജനറൽ ഓഫീസർ കമാന്റിംഗ് മേജ‌ർ ജനറൽ വി.ടി. മാത്യൂസും സഹപ്രവർത്തകരുമാണ്. മുണ്ടക്കൈയിലെ ഒരു കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്താൻ ഒരു മണിക്കൂറോളമാണ് ദുരന്തപ്രതികരണസേനാ അംഗങ്ങൾ നീക്കിവച്ചത്. ചൂരൽമലയിലെ പോലീസ് കൺട്രോൾ റൂമിനോടുചേർന്ന് ഉദ്യോഗസ്ഥർക്കും രക്ഷാപ്രവർത്തകർക്കും രാപകൽ ചായയും പലഹാരങ്ങളും നൽകിയ ചൂരൽമല നിവാസിയായ ഒരു മനുഷ്യസ്നേഹിയുണ്ട്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആ മനുഷ്യൻ, തന്റെ മുന്നിലൂടെ കടന്നുപോയവരെയെല്ലാം വിളിച്ചുനിർത്തി ചായ നൽകി. ഈ സേവനം മാധ്യമശ്രദ്ധ ആകർഷിക്കാനായിരുന്നില്ല. സ്വന്തം നാട്ടുകാരെ സഹായിക്കാനായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയവർ തളരുമ്പോൾ അവർക്ക് അൽപം ആശ്വാസം പകരാൻ മാത്രമായിരുന്നു.

ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് തീർത്ത ബെയ്‌‌ലി പാലം.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് തീർത്ത ബെയ്‌‌ലി പാലം.

ദുരന്തങ്ങൾ എപ്പോഴും നല്ല മാതൃകകൾ സൃഷ്ടിക്കും. അത് ചിലപ്പോൾ ഭരണാധികാരികളെ ഒരുനിമിഷംകൊണ്ട് ജനപ്രിയരാക്കും, മറ്റു ചിലപ്പോൾ അവരെ ‘വിശുദ്ധരും’.

പിറ്റേന്നായിരുന്നു മുണ്ടക്കൈയിലേക്കുള്ള യാത്ര. പുഞ്ചിരിമട്ടത്തിന്റെ അടിവാരത്തേക്ക്. അവിടെയാണ് ഉരുൾപൊട്ടിയതിന്റെ പ്രഭവസ്ഥാനം. വെള്ളിരേഖപോലെ പുഞ്ചിരിമട്ടം തെളിഞ്ഞുനിന്നു. മൂന്നായി ഒഴുകിയ പുഴ അപ്പോൾ ഒരു നീർച്ചാലുമാത്രം. മനുഷ്യവാസമുണ്ടായിരുന്ന ആ പ്രദേശം മുഴുവൻ പാറകൾ വന്നടിഞ്ഞുകിടക്കുന്നു. കെട്ടിടങ്ങളുടെ അസ്ഥാവാരംപോലും അവശേഷിച്ചിരുന്നില്ല.

"ഉരുൾപൊട്ടി മണ്ണും പാറയും മരങ്ങളും ഒഴുകിയെത്തിയത് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ടായിരുന്ന ഈ ഭാഗത്താണ്. മണ്ണിടിച്ചിലിൽ അവ വന്നടിഞ്ഞപ്പോൾ ഒരു തടയണയായി മാറുകയും അണക്കെട്ട് പ്രതിഭാസത്തിന് വഴിയൊരുക്കുകയും പുഴ പിന്നീട് ഗതിമാറി മൂന്നായി പിളരുകയും ചെയ്തു. അതുകൊണ്ടാണ് ചൂരൽമലയിൽ മഹാനാശവും ആളപായവും ഉണ്ടായത്” - ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള, ക്രമസമാധാനത്തിന്റെ ചുമതലയുള്ള അഡീഷണൽ ഡി.ജി.പി എം.ആർ. അജിത്‌കുമാർ വിശദീകരിച്ചു.

ഉരുൾപൊട്ടി മണ്ണും പാറയും മരങ്ങളും ഒഴുകിയെത്തിയത് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ടായിരുന്ന ഭാഗത്താണ്. മണ്ണിടിച്ചിലിൽ അവ വന്നടിഞ്ഞപ്പോൾ ഒരു തടയണയായി മാറുകയും അണക്കെട്ട് പ്രതിഭാസത്തിന് വഴിയൊരുക്കുകയും പുഴ പിന്നീട് ഗതിമാറി മൂന്നായി പിളരുകയും ചെയ്തു.
ഉരുൾപൊട്ടി മണ്ണും പാറയും മരങ്ങളും ഒഴുകിയെത്തിയത് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ടായിരുന്ന ഭാഗത്താണ്. മണ്ണിടിച്ചിലിൽ അവ വന്നടിഞ്ഞപ്പോൾ ഒരു തടയണയായി മാറുകയും അണക്കെട്ട് പ്രതിഭാസത്തിന് വഴിയൊരുക്കുകയും പുഴ പിന്നീട് ഗതിമാറി മൂന്നായി പിളരുകയും ചെയ്തു.

17 ദിവസം പിന്നിട്ടിട്ടും മൃതദേഹങ്ങൾക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ തുടർന്നു. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ബന്ധുവീടുകളിലേയ്ക്ക് പോയിക്കഴിഞ്ഞു. മറ്റുള്ളവർ ജില്ലാ അധികൃതർ ഏർപ്പാടാക്കിയ വാടകവീടുകളിൽ ചേക്കേറാനൊരുങ്ങുകയാണ്. സംസ്ഥാന സർക്കാർ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് ആറ് ലക്ഷംരൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മുണ്ടക്കൈയിൽ ഉരുൾപൊട്ടലിലേക്ക് നയിച്ച ശാസ്ത്രീയ നിഗമനത്തിനായി ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിൽ പഠനസംഘം ദുരന്തമേഖല സന്ദർശിച്ചിട്ടുണ്ട്. അത്തരം പഠനങ്ങൾക്ക് സാക്ഷരകേരളം ചെവികൊടുക്കാറില്ല. അടുത്ത ദുരന്തത്തിൽ മാത്രമേ ഈ പഠനറിപ്പോർട്ടുകൾ ഉയർത്തെഴുന്നേൽക്കാറുള്ളു.

 17 ദിവസം പിന്നിട്ടിട്ടും മൃതദേഹങ്ങൾക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ തുടർന്നു. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ബന്ധുവീടുകളിലേയ്ക്ക് പോയിക്കഴിഞ്ഞു.
17 ദിവസം പിന്നിട്ടിട്ടും മൃതദേഹങ്ങൾക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ തുടർന്നു. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ബന്ധുവീടുകളിലേയ്ക്ക് പോയിക്കഴിഞ്ഞു.

ജനാധിപത്യവ്യവസ്ഥിതിയിൽ ഗവൺമെന്റിന് പ്രാഥമികമായ ഒരു കടമയുണ്ട്. പൗരരു​ടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കൽ. ആഗോളതാപനകാലത്ത് പ്രകൃതിദുരുന്തങ്ങളുടെ ആഘാതം കുറയ്ക്കുക എന്നതും ഗവൺമെന്റിനെ നയിക്കുന്നവരുടെയും ക്രിയാത്മക പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. അത് നി​റവേറ്റുന്നതിൽ നിർമ്മിക്കുന്നതിൽ ഗവൺമെന്റും പ്രതിപക്ഷവും ഇവിടെ പരാജയപ്പെട്ടുവെന്ന് ഈ ദുരന്തം സാക്ഷ്യപ്പെടുത്തുന്നു.

ജീവനോപാധികൾ ഒരുക്കി മാറ്റിപ്പാർപ്പിക്കാൻ കഴിയണം. അല്ലാതെ ദുരന്തങ്ങൾക്കുശേഷം ആശ്രിതർക്ക് സഹായം നൽകലും നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുത്തുകൊടുക്കലും ശാശ്വത പരിഹാരമായി കാണാനാകില്ല.

മലഞ്ചെരുവികളിൽ താമസിക്കുന്നവരുടെ കണക്ക് സർക്കാറിന്റെ പക്കലുണ്ട്. പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ തരംതിരിച്ചുള്ള മാപ്പിംഗ് ഇതിനകം നടത്തിയിട്ടുമുണ്ട്. പിന്നെ വേണ്ടത് ക്രിയാത്മകമായ സമീപനമാണ്. അവർക്ക് ജീവനോപാധികൾ ഒരുക്കി മാറ്റിപ്പാർപ്പിക്കാൻ കഴിയണം. കൃത്യമായ പദ്ധതി ആസൂത്രണവും പണസമാഹരണവും ഇതിനായി വേണ്ടിവരും. അല്ലാതെ ദുരന്തങ്ങൾക്കുശേഷം ആശ്രിതർക്ക് സഹായം നൽകലും നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുത്തുകൊടുക്കലും ശാശ്വത പരിഹാരമായി കാണാനാകില്ല. ദുരന്തങ്ങളുടെ ഗുരുതര പ്രത്യാഘാതങ്ങളും അവ ആവർത്തിക്കാനുള്ള സാധ്യതയും ഇനിയുമുണ്ട്. അപ്പോൾ ഇത്തരം കരുതലുകൾക്കും ജാഗ്രതയ്ക്കും പ്രസക്തിയുണ്ട്.

അതോടൊപ്പം, ഭൂവിനിയോഗത്തിൽ വരുന്ന മാറ്റങ്ങൾ പ്രധാനമാണ്. ഈ മാറ്റം ഭൂമിയുടെ ഘടനയേയും അരുവികളുടെ ഒഴുക്കിനേയും ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം മാറ്റങ്ങൾക്ക് കാരണമാകുന്നവരെ സംസ്ഥാനത്തിന്റെ പൊതുശത്രുവായി കാണുന്നതിനും അവർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനും ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതൃത്വം തയ്യാറാവണം.

Comments