നിഷാദ് റാവുത്തർ

ഇലക്ഷൻ കാലത്തെ ന്യൂസ് റൂമിലെ അദൃശ്യ നയരേഖകൾ

‘‘തെരഞ്ഞെടുപ്പുകാല കവറജ് എങ്ങനെവേണം എന്നതിൽ പോലും അധികാരകക്ഷി വിതരണം ചെയ്യുന്ന അദൃശ്യ നയരേഖ ഓരോ ന്യൂസ് ഡെസ്‌കിലും കിടപ്പുണ്ട്’’- പത്തു വർഷത്തിനിടെ ന്യൂസ് റൂമുകൾക്ക് സംഭവിച്ച മാറ്റം പരിശോധിക്കുന്നു, മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ.

ഴിഞ്ഞ പത്തു വർഷത്തിനിടെ നമ്മുടെ ന്യൂസ് റൂമുകൾക്ക് സംഭവിച്ച ശ്രദ്ധേയ മാറ്റം, അവ വർഗീയതയോടും വൻകിട അഴിമതികളോടുമെല്ലാം വളരെ നിസ്സംഗഭാവിയായിരിക്കുന്നു എന്നതാണ്. ഒരു പതിറ്റാണ്ട് മുമ്പൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നഗ്നമായ ഒരു വർഗീയ പ്രസംഗം കേട്ടാൽ ന്യൂസ് റൂമുകളിൽ അത് ഞെട്ടലുണ്ടാക്കിയിരുന്നു എങ്കിൽ ഇന്നതില്ല. അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന അവ്യക്തമായ സൂചനകൾക്കുപിന്നാലെ പോലും അത്യാവേശത്തോടെ സഞ്ചരിച്ചിരുന്ന മാധ്യമമുറികൾ ഇന്ന് അത്തരം വലിയ സ്കൂപ്പുകളെ മോഹിക്കുന്നില്ല.

നോക്കൂ, കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ പ്രസംഗിച്ചത് തെളിഞ്ഞ വർഗീയതയാണ്. കോൺഗ്രസും ഡി എം കെയുമെല്ലാം ഹിന്ദുക്കൾക്ക് എതിരാണെന്നും ഹൈന്ദവ ആചാരങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും മോദി വിളിച്ചു പറഞ്ഞു. മറ്റ് മതങ്ങളോടാണ് ഇവരുടെ കൂറെന്നും.

രാജ്യത്തിന്റെ ഭരണനായകൻ ഒരു വിഭജനാശയം പ്രസംഗിക്കുമ്പോഴും നമ്മുടെ മാധ്യമങ്ങൾക്ക് അതിൽ കനമുള്ള വാർത്തയൊന്നും കാണാനാകുന്നില്ല.

രാജ്യത്തിന്റെ ഭരണനായകൻ ഇത്തരമൊരു വിഭജനാശയം പ്രസംഗിക്കുമ്പോഴും നമ്മുടെ മാധ്യമങ്ങൾക്ക് അതിൽ കനമുള്ള വാർത്തയൊന്നും കാണാനാകുന്നില്ല. മോദിയുടെ ഹിന്ദുത്വ കാർഡ് എന്ന നോർമലൈസ്ഡ് വാക്കിന്റെ കുടക്കീഴിൽ സകലതിനെയും തമസ്കരിക്കുന്നു ന്യൂസ് റൂമുകൾ.

2014-ലെ തെരഞ്ഞെടുപ്പ് കാലം നമുക്ക് ഓർമയുണ്ട്. രണ്ടാം മൻമോഹൻസിങ് സർക്കാരിനെതിരായി ഉയർന്ന അഴിമതി ആരോപണം കത്തിയാളിച്ചത് രാജ്യത്തെ മാധ്യമങ്ങളായിരുന്നു.

അവരുടെ ജനപക്ഷ ധാർമികത കണ്ട് ലോകം കോരിത്തരിച്ച മാസങ്ങളായിരുന്നു അത്. പക്ഷെ അത് അവസാനത്തെ ആളലായിരുന്നുവെന്ന് നാം നിരാശയോടെ തിരിച്ചറിയുന്നു ഇന്ന്. ആദ്യ അഞ്ച് വർഷത്തിനുശേഷം ഉയർന്നുവന്ന റഫേൽ അഴിമതിക്കഥയിൽ ഒരു ചോദ്യവുമില്ലാതെ നമ്മുടെ മാധ്യമങ്ങൾ സന്ധിയായി.

സുപ്രിംകോടതി തന്നെ ഒരു കൊടിയ അഴിമതി കണ്ടെത്തി നമ്മുടെ മുന്നിലേക്ക് ഇട്ടുതരുന്നു, ഇലക്‌ടറൽ ബോണ്ട്. പക്ഷെ രാജ്യത്തെ പരശതം മാധ്യമങ്ങളിലൊന്നിനും അതിൽ കൊത്താനൊരു കൊതിയുമില്ല.

പത്തു വർഷം പിന്നിടുമ്പോൾ സുപ്രീംകോടതി തന്നെ ഒരു കൊടിയ അഴിമതി കണ്ടെത്തി നമ്മുടെ മുന്നിലേക്ക് ഇട്ടുതരുന്നു, ഇലക്‌ടറൽ ബോണ്ട്. പക്ഷെ രാജ്യത്തെ പരശതം മാധ്യമങ്ങളിലൊന്നിനും അതിൽ കൊത്താനൊരു കൊതിയുമില്ല. സർക്കാരിനെ ഓഡിറ്റ് ചെയ്യുക എന്ന നിർബന്ധിത ബാധ്യതയിൽ നിന്ന് വഴുതിക്കളയുന്നു എന്നതാണ് ഇന്ത്യയിലെ ന്യൂസ് റൂമുകൾ ജേണലിസം എന്ന ആശയത്തോട് ചെയ്യുന്ന വലിയ ചതി.

നോക്കൂ, കോടാനുകോടികൾ കുത്തിയൊഴുക്കുന്ന കുതിരക്കച്ചവടങ്ങളെ പോലും വിമർശനാത്മകമായി നോക്കാനല്ല, ചാണക്യതന്ത്രം എന്ന വാക്കിനോടൊപ്പിച്ച് വിസ്മയിക്കാനാണ് മാധ്യമമുറികൾ പത്താണ്ടുകൊണ്ട് പഠിച്ചത്.

ഭരണനായകൻ ചെയ്യുന്നതും പറയുന്നതുമെല്ലാം ഇടവേളകളില്ലാതെ തത്സമയം കാണിക്കണമെന്നത് തെറ്റിക്കാനാവാത്ത ആചാരം പോലെ ഏറ്റവും ജൂനിയറായ ജേണോയുടെ ഉള്ളിൽ പോലും പതിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പുകാല കവറജ് എങ്ങനെവേണം എന്നതിൽ പോലും അധികാരകക്ഷി വിതരണം ചെയ്യുന്ന അദൃശ്യ നയരേഖ ഓരോ ന്യൂസ് ഡെസ്‌കിലും കിടപ്പുണ്ട്. ഭരണനായകൻ ചെയ്യുന്നതും പറയുന്നതുമെല്ലാം ഇടവേളകളില്ലാതെ തത്സമയം കാണിക്കണമെന്നത് തെറ്റിക്കാനാവാത്ത ആചാരം പോലെ ഏറ്റവും ജൂനിയറായ ജേണോയുടെ ഉള്ളിൽ പോലും പതിഞ്ഞിട്ടുണ്ട്.

വലിയ വിവാദങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയുടെ രണ്ടാം ജോഡോ യാത്ര മണിപ്പൂരിൽ നിന്ന് തുടങ്ങിയത്. രാജ്യത്തെ പ്രധാന ചാനലുകൾ ഒന്നും അത് കണ്ട ഭാവം നടിച്ചില്ല. രാഹുലിന്റെയോ കോൺഗ്രസ് അധ്യക്ഷന്റെയോ പ്രസംഗം തത്സമയം സ്ക്രീനിലെത്തിയില്ല. ശ്രദ്ധിക്കേണ്ട കാര്യം, കേരളത്തിലെ രണ്ട് മുൻനിര ചാനലുകളും അത് സംപ്രേഷണം ചെയ്‌തില്ല.

രാഹുൽ ഗാന്ധി മണിപ്പുരിൽനിന്നാരംഭിച്ച രണ്ടാം ജോഡോ യാത്ര രാജ്യത്തെ പ്രധാന ചാനലുകൾ കണ്ട ഭാവം നടിച്ചില്ല.

കലാപകലുഷിതമായ മണിപ്പൂരിൽ നിന്നുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തരാഹിത്യത്തെ കുറിച്ചും മനുഷ്യരുടെ കെടുതികളെ കുറിച്ചും സംസാരിക്കുമ്പോൾ പ്രസിദ്ധമായ ആരാധനാലയത്തിലെ ഉത്സവ ഒരുക്കങ്ങൾ തത്സമയം കാണിക്കുകയായിരുന്നു ആ ചാനലുകൾ. പുതിയ കാലത്ത് ഏത് അവഗണിക്കണമെന്നും ഏതൊക്കെ കാണിക്കണമെന്നും ആരും പ്രത്യേകമായി ഒന്നും പറയാതെ തന്നെ ന്യൂസ് ഡെസ്കുകൾ പഠിച്ചപോലെ.

ന്യൂസ് റൂമുകളുടെ മാറ്റത്തെ കുറിച്ച് ആലോചിക്കുമ്പോൾ മറ്റൊന്ന്, പണ്ടൊന്നും വിഭജനാശയക്കാരെ ജേണലിസ്റ്റുകളുടെ കുപ്പായത്തിൽ കണ്ടിട്ടേയില്ല എന്നതാണ്. 2014-ൽ പുതിയൊരു നേതാവ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി പല കണ്ണുകളിലും തിളക്കമേറുന്നതായി കാണുന്നത്.

മുഖം മൂടിയിട്ടവരും അല്ലാത്തവരുമായ മതരാഷ്ട്രീയക്കാർ ഒരുദിവസവും ഒഴിവാക്കാനാവാത്ത പാനലിസ്റ്റുകളും എക്സ്‌പേർട്ടുകളുമൊക്കെയായി സ്ക്രീനിൽ നിന്ന് ഒഴിയാതെ നിൽക്കുന്നു.

ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ന്, അവർ വിഭജന രാഷ്ട്രീയത്തിന്റെ വിജയങ്ങൾക്ക് എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നു. അതും സർവാർഥത്തിൽ സാധാരണമാക്കപ്പെട്ടിരിക്കുന്നു. മുഖം മൂടിയിട്ടവരും അല്ലാത്തവരുമായ മതരാഷ്ട്രീയക്കാർ ഒരുദിവസവും ഒഴിവാക്കാനാവാത്ത പാനലിസ്റ്റുകളും എക്സ്‌പേർട്ടുകളുമൊക്കെയായി സ്ക്രീനിൽ നിന്ന് ഒഴിയാതെ നിൽക്കുന്നു.

സമഗ്രവും സത്യസന്ധവുമായ പരിശോധനകൾക്കപ്പുറം എല്ലാവർക്കുമുള്ളത് വീതം വെച്ച് പറയണം എന്ന നില മാധ്യമങ്ങൾ പലതും അവലംബിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കവറേജിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ട്. അത് മൂല്യവത്തായ മാറ്റമാണോ എന്ന് വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനം ടി.വി ന്യൂസ് റൂമുകളിലും പ്രകടമാണ്. ഓരോ ഉള്ളടക്ക ആലോചനയിലും അവയെങ്ങനെ സോഷ്യൽ മീഡിയയുടെ ഹൃദയവുമായി ഒത്തുപോകും എന്ന ആലോചനകൂടി കടന്നു വരുന്നു.

ഇന്നിപ്പോൾ, നമ്മൾ സ്ക്രീനിൽ കാണുന്ന പലതരം നാടകങ്ങൾക്കും പിന്നിലുള്ള ചേതോവികാരം സോഷ്യൽ മീഡിയക്കുവേണ്ടി വ്യതിരിക്തമാവുക എന്നത് കൂടിയാണ്.

തെരഞ്ഞെടുപ്പ് വിശകലന സ്ളോട്ടുകളുടെ കാര്യമെടുക്കുമ്പോഴും ചില പുതിയ പ്രവണതകളുണ്ട്. സമഗ്രവും സത്യസന്ധവുമായ പരിശോധനകൾക്കപ്പുറം എല്ലാവർക്കുമുള്ളത് വീതം വെച്ച് പറയണം എന്ന നില മാധ്യമങ്ങൾ പലതും അവലംബിക്കുന്നുണ്ട്. അർഥരഹിതമായ നിഷ്പക്ഷതയും ഭയവും കച്ചവടവും എല്ലാം അതിലുണ്ടെന്ന് കാണാം

രാഷ്ട്രീയ കക്ഷികൾക്ക് പരമ്പരാഗത മാധ്യമങ്ങളെ പഴയതുപോലെ വേണ്ടാതായിട്ടുണ്ട്

ടെക്‌നോളജിയിലുണ്ടായ മാറ്റവും ശ്രദ്ധേയമാണ്. രാഷ്ട്രീയ കക്ഷികൾക്ക് പരമ്പരാഗത മാധ്യമങ്ങളെ പഴയതുപോലെ വേണ്ടാതായിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ദേശീയ സർക്കാരും പാർട്ടിയും അവരുടെ പദ്ധതികൾക്കെല്ലാം ഉപയോഗിക്കുന്നത് നവമാധ്യമങ്ങളെയാണ്. ടി.വിയെയൊന്നും അവർ ഗൗനിക്കുന്നില്ല. വെറുപ്പും വിദ്വേഷവും വ്യാജങ്ങളും അർധ സത്യങ്ങളും ഒരുവിധ തടസവുമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ കുത്തിയൊഴുക്കുന്ന തെരഞ്ഞെടുപ്പുകാലം.

സത്യത്തിൽ മാധ്യങ്ങൾക്ക് ഒരുപാട് ചെയ്യാനുള്ള വിപത്‌കാലത്തിന്റെ നടുവിലാണ് നിൽപെങ്കിലും വഴിമാറാതെ ഒപ്പമൊഴുകുന്നു ന്യൂസ് റൂമുകൾ. അവഗണിക്കാൻ കഴിയാത്ത എതിർ ശബ്ദമാകേണ്ടതിന് പകരം ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന പുകപടലത്തെ പിൻപറ്റുകയാണ് മാധ്യമങ്ങൾ എന്നതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പുകാല ദുരന്തം.

Comments