മീഡിയ വൺ വിലക്ക്; കോടതി വിധിയുടെ പൂർണരൂപം

Think

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹെെക്കോടതി ചൊവ്വാഴ്ച ശരിവച്ചു. സംപ്രേഷണം വിലക്കി ജനുവരി 31-ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ്ങ് ലിമിറ്റഡ് നൽകിയ റിട്ട്​ ഹർജി പരിഗണിച്ച് ഉത്തരവ് നടപ്പാക്കുന്നതിന് രണ്ടു ദിവസം ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു.

അന്തിമ വിധിയോടെ മീഡിയ വൺ സംപ്രേക്ഷണം വീണ്ടും താൽകാലികമായി നിർത്തിവെച്ചു. സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു കൂടി ഇന്നലെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ഫയലുകൾ പരിശോധിച്ച ശേഷം, ചാനലിന് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ന്യായമുണ്ടെന്ന് വിധി പറഞ്ഞ ജസ്റ്റിസ് എൻ. നഗരേഷ് അഭിപ്രായപ്പെട്ടു. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ ചാനൽ രണ്ട് ദിവസം സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

""മന്ത്രാലയം ഇന്റലിജൻസിന്റെ (മീഡിയ വണിന് സുരക്ഷ ക്ലിയറൻസ് നൽകുന്നതിന്) അഭിപ്രായം തേടിയതായി ഫയലുകൾ പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലായി. കമ്മിറ്റിയിലേയും ആഭ്യന്തരമന്ത്രാലയത്തിലെയും ഉത്തരവാദിത്തപ്പെട്ട ഓഫീസർമാരുടെ നിഗമനങ്ങളും, നാഷനൽ സെക്യൂരിറ്റി ക്ലിയറൻസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച അപേക്ഷ പരിഗണിക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഫയലിലുണ്ടായിരുന്നത്. ഇന്റലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്മിറ്റി അംഗങ്ങൾ സുരക്ഷാ ക്ലിയറൻസ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കമ്മിറ്റിയുടെ തീരുമാനം മന്ത്രാലയം അംഗീകരിച്ചു. സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കുന്നതാണ് ഈ വിവരങ്ങൾ. അതിനാൽ ഈ റിറ്റ് പെറ്റീഷൻ അസാധുവാകുയും അതിനെ ഒഴിവാക്കുകയും ചെയ്യുന്നു.'' ജസ്റ്റിസ് എൻ. നഗരേഷ് വിധിയിൽ പറയുന്നു.

മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനെ കൂടാതെ ചാനൽ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരും ഹർജിയിൽ പങ്കു ചേർന്നിരുന്നു. നിയമപോരാട്ടം തുടരുമെന്നും ഹെെക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.

വിധിയുടെ പൂർണരൂപം വായിക്കാം

Comments