‘ആകാശവാണി’ക്ക് ആ പേരിട്ടത് ആര്?
ടാഗോറിന് മാത്രം അവകാശപ്പെട്ടതല്ല,
മൈസൂർ റേഡിയോയുടെ ചരിത്രമറിയണം

ഓൾ ഇന്ത്യ റേഡിയോയ്ക്ക് ആകാശവാണിയെന്ന പേരിട്ടത് രബീന്ദ്രനാഥ ടാഗോറാണ് എന്ന് പറയുന്നതിൽ ചരിത്രപരമായ ചില പിശകുകളുണ്ട്. മൈസൂർ റേഡിയോയുടെ ചരിത്രമറിഞ്ഞാൽ നമ്മുടെ ധാരണകൾ മാറും. ദേശീയ പ്രക്ഷേപണ ദിനത്തിൽ ഡോ. ജൈനിമോൾ കെ.വി എഴുതുന്നു.

‘ഉക്താ ച മധുരം വാണി’ എന്ന് വാത്മീകി രാമായണത്തിൽ പറയുന്നുണ്ട്. മധുരം നിറഞ്ഞ വാക്കുകൾ പറഞ്ഞു കേൾക്കാൻ ഏവർക്കും ഇഷ്ടമാണ്. ആകാശത്തുനിന്നാണ് വാക്കിൻ്റെ വരവെങ്കിൽ അത് ആകാശവാണിയാകും. ആകാശവാണി പക്ഷേ ഓൾ ഇന്ത്യാ റേഡിയോയുടെ നാമമാണ്. ആരായിരിക്കും ഇത്ര അനുയോജ്യമായ ഒരു പേര് AlR-നു നൽകിയിരിക്കുക എന്ന് പലർക്കും അറിയില്ല. കലൈവാണി എന്നു വാണി ജയറാമിനെ വിളിച്ചതുപോലെ ആകാശവാണിയും ഒരാൾ നിർദ്ദേശിച്ചതായിരിക്കുമല്ലോ.

ആകാശം, വാണി എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ‘ആകാശവാണി’ എന്ന വാക്ക് ഉദ്ഭവിക്കുന്നത്. 'ആകാശത്തിൽ നിന്ന് ഒഴുകിയെത്തുന്ന ശബ്ദം' എന്നാണ് അതിന് അർത്ഥം. റേഡിയോയ്ക്ക് ആകാശവാണി എന്ന പേര് നൽകിയത് ആരാണ് എന്നത് സംബന്ധിച്ച് തർക്കവിതർക്കങ്ങൾ ധാരാളമുണ്ട്. രബീന്ദ്രനാഥ ടാഗോറാണ് ഈ പേര് സംഭാവന ചെയ്തത് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റിംഗ് സർവീസ് (ഐ എസ് ബി എസ്) ഓൾ ഇന്ത്യ റേഡിയോ എന്ന് പുനർനാമകരണം ചെയ്‌തപ്പോൾ കൊൽക്കത്തയിലെ ഷോർട്ട് വേവ് സേവനത്തിന്റെ ഉദ്ഘാടനത്തിനായി എഴുതിയ കവിതയിലൂടെ രബീന്ദ്രനാഥ ടാഗോർ അതിനെ ആകാശവാണി എന്ന് പുനർനാമകരണം ചെയ്തു എന്നാണ് വിക്കിപീഡിയയിലും മറ്റും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എ.ഐ.ആറിന് ആകാശവാണി എന്ന പേര് നൽകിയത് ടാഗോറാണെന്നത് ചരിത്രപരമായ ഒരു പിഴവാണോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

 എ.ഐ.ആറിന് ആകാശവാണി എന്ന പേര് നൽകിയത് ടാഗോറാണെന്നത് ചരിത്രപരമായ ഒരു പിഴവാണോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്.
എ.ഐ.ആറിന് ആകാശവാണി എന്ന പേര് നൽകിയത് ടാഗോറാണെന്നത് ചരിത്രപരമായ ഒരു പിഴവാണോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

ആകാശവാണി എന്ന പദത്തിൻ്റെ ഉത്ഭവചരിത്രത്തിലേക്ക് പോയാൽ അത് മൈസൂർ റേഡിയോയിലാണ് ചെന്നെത്തുക. പ്രക്ഷേപണ കലയ്ക്ക് നാട്ടുരാജ്യങ്ങൾ നൽകിയ സംഭാവനകൾ പരിശോധിച്ചാലും മൈസൂർ റേഡിയോ നിലയത്തെ പരാമർശിക്കാതെ മുന്നോട്ടു പോവാനാവില്ല. വോഡയാർ ഭരണാധികാരികളുടെ കീഴിലുള്ള മൈസൂർ സംസ്ഥാനം വിദ്യാഭ്യാസം, കല, സംസ്കാരം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു.

നൽവാടി കൃഷ്ണരാജ വോഡയാർ (1884-1940) എന്ന രാജാവിന് നിരവധി സംഗീതോപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്നു. അദ്ദേഹം സംഗീതജ്ഞർ, നർത്തകർ, എഴുത്തുകാർ, കവികൾ എന്നിവരെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖ സംഗീതജ്ഞർക്കും മൈസൂർ രാജാവുമായി അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പിൻഗാമി ജയചാമരാജേന്ദ്ര വോഡയാറും കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയ ആളായിരുന്നു. വോഡയാർ രാജാക്കന്മാരാണ് മൈസൂരിൽ മഹാരാജാസ് കോളേജ് സ്ഥാപിച്ചത്. 1899-ൽ ചാമരാജേന്ദ്ര വോഡയാർ പത്താമൻ്റെ ഭരണകാലത്ത് സ്ഥാപിതമായ ഈ കോളേജ് രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിലൊന്നാണ്. ഈ കോളേജിൽ എം .വി ഗോപാലസ്വാമി സൈക്കോളജി പ്രൊഫസറായി എത്തിച്ചേർന്നതോടെ മൈസൂരിലെ പ്രക്ഷേപണ യുഗത്തിന് തുടക്കം കുറിച്ചു.

എം.വി. ഗോപാലസ്വാമി
എം.വി. ഗോപാലസ്വാമി

എം.വി. ഗോപാലസ്വാമി വൊണ്ടി കൊപ്പലിലെ വിത്തല വിഹാർ (Vitthala vihar) എന്ന വസതിയിലാണ് താമസിച്ചത്. റേഡിയോ സ്റ്റേഷൻ്റെ ആദ്യകാല ആശയങ്ങൾ പ്രയോഗത്തിൽ വന്നത് ഇവിടെയാണ്. മുപ്പത് വാട്ട് ഫിലിപ്സ് ട്രാൻസ്മിറ്റർ ഉപയോഗിച്ച് അദ്ദേഹം ഒരു ചെറിയ പരീക്ഷണ റേഡിയോ സ്ഥാപിച്ചു. 1935 സെപ്തംബർ 10ന് ഗോപാലസ്വാമിയും അദ്ദേഹത്തിൻ്റെ ഏതാനും സുഹൃത്തുക്കളും മുൻകയ്യെടുത്ത് സ്റ്റേഷൻ്റെ പ്രവർത്തനം ആരംഭിച്ചു.

കന്നഡ സംസ്കാരവും സാഹിത്യവും പ്രോത്സാഹിപ്പിക്കുക, ധാരാളം വിദ്യാഭ്യാസ പരിപാടികൾ അവതരിപ്പിക്കുക എന്നിവയായിരുന്നു സ്റ്റേഷൻ്റെ ലക്ഷ്യം. ഇതിഹാസ കർണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ മൈസൂർ വാസുദേവാചാര്യയുടെ സംഗീതകച്ചേരിയോടെ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. എച്ച്.വി. രാമറാവു വയലിനും വെങ്കിടേഷ് ദേവർ മൃദംഗവും വായിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ റേഡിയോ സംഗീത പരിപാടിയായി ഇത് മാറി.

ആറ് വർഷത്തോളം ഗോപാലസ്വാമി സ്വന്തമായി റേഡിയോ സ്റ്റേഷൻ നടത്തി. അത് നിലനിർത്താൻ സ്വന്തം സ്വകാര്യധനം പോലും അദ്ദേഹത്തിന് ചെലവഴിക്കേണ്ടിവന്നു. റേഡിയോയോടുള്ള അഭിനിവേശവും പ്രതിബദ്ധതയുമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. എന്നാൽ സാമ്പത്തിക സമ്മർദ്ദം രൂക്ഷമായപ്പോൾ അദ്ദേഹം സ്റ്റേഷൻ്റെ ഭരണം മൈസൂർ സിറ്റി മുനിസിപ്പാലിറ്റിക്ക് കൈമാറി. 1942-ൽ മഹാരാജാസിൻ്റെ ഓഫീസ് ഇത് ഏറ്റെടുത്തു.

വിജയഹരൻ എഴുതിയതു പോലെ മൈസൂർ റേഡിയോ ആണ് ഇന്ത്യൻ റേഡിയോയ്ക്ക് ആകാശവാണി എന്ന പദം സംഭാവന ചെയ്തത്. AlR-നുപകരമായി ഈ പദം ഉപയോഗിക്കാനുള്ള തീരുമാനം ടാഗോറിൻ്റെ ശ്രമഫലമായിട്ടാകാം.
വിജയഹരൻ എഴുതിയതു പോലെ മൈസൂർ റേഡിയോ ആണ് ഇന്ത്യൻ റേഡിയോയ്ക്ക് ആകാശവാണി എന്ന പദം സംഭാവന ചെയ്തത്. AlR-നുപകരമായി ഈ പദം ഉപയോഗിക്കാനുള്ള തീരുമാനം ടാഗോറിൻ്റെ ശ്രമഫലമായിട്ടാകാം.

എന്നാൽ ഗോപാലസ്വാമി ഡയറക്ടർ സ്ഥാനത്ത് തുടർന്നു. 1943-ൽ അദ്ദേഹം വിരമിച്ചശേഷം നാരായണ കസ്തൂരി (1897-1987) സ്റ്റേഷൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി. എഴുത്തുകാരനും പത്രപ്രവർത്തകനും മഹാരാജാസ് കോളേജിലെ അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ആകാശവാണി എന്ന നാമവുമായി ബന്ധപ്പെട്ട ഉത്ഭവ കഥകൾ ധാരാളം ഉണ്ടെങ്കിലും, ഏറ്റവും പ്രചാരമുള്ളവയിൽ ഒന്ന് നാരായണ കസ്തൂരിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അത് ഇങ്ങനെയാണ്: ഗോപാലസ്വാമി ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി കസ്തൂരി സ്റ്റേഷന് അനുയോജ്യമായ ഇന്ത്യൻ പേര് അന്വേഷിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ അമ്മ ഇവരുടെ സംഭാഷണം കേട്ട് 'ആകാശവാണി' എന്ന് മറുപടി നൽകി എന്നാണ് ആ കഥ.

'ആകാശവാണി' അല്ലെങ്കിൽ 'ആകാശത്തിൽനിന്നുള്ള ശബ്ദം'- അവിടെയുള്ള എല്ലാവരും ഈ പേര് ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നും ഈ പേര് ഔപചാരികമാക്കാനുള്ള എല്ലാ ശ്രമങ്ങളും കസ്തൂരി മുൻകയ്യെടുത്ത് നടത്തുകയും ചെയ്തു എന്നുമാണ് കഥ. അങ്ങനെയാണ് മൈസൂർ റേഡിയോ സ്റ്റേഷന് ആകാശവാണി എന്ന പേര് ലഭിക്കുന്നത് . പിന്നീട് 1957-ൽ ആകാശവാണി എന്നത് ഓൾ ഇന്ത്യ റേഡിയോയുടെ ഓൺ എയർ നാമമായി മാറി.

പണ്ഡിറ്റ് നരേന്ദ്രശർമ്മ
പണ്ഡിറ്റ് നരേന്ദ്രശർമ്മ

പണ്ഡിറ്റ് നരേന്ദ്രശർമ്മയാണ് ആകാശവാണി എന്ന പേര് നിർദ്ദേശിച്ചത് എന്നാണ് മറ്റൊരു വാദം. ദേശീയ പ്രാധാന്യമുള്ള മിക്കവാറും എല്ലാ കലാകാരരും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും മൈസൂർ സ്റ്റേഷനിൽ സന്ദർശിക്കുകയും ഫീച്ചർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ പണ്ഡിറ്റ് നരേന്ദ്ര ശർമ്മ അവിടം സന്ദർശിക്കുകയും അനുയോജ്യമായ പേര് നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. വിക്കിപീഡിയയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

അനുരാധ ഗിരിരാവു എന്ന ഉഡുപ്പി സ്വദേശിയുടെ വാദം തൻ്റെ പിതാവും മംഗളൂരുവിലെ മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ഹൊസ്ബെറ്റ് രാമറാവുവാണ് ആദ്യമായി 'ആകാശവാണി’ എന്ന പേര് ഉപയോഗിച്ചത് എന്നാണ്. തൻ്റെ പിതാവ് 1932-ൽ ‘ആകാശവാണി’ എന്ന തലക്കെട്ടിൽ 15-20 പേജുള്ള ഒരു ലഘുപുസ്തകം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് അവർ അവകാശപ്പെടുന്നത്.

അനുരാധ ഗിരിറാവു ഇന്ത്യൻ എക്സ്പ്രസിന് കൊടുത്ത അഭിമുഖത്തിൽ ഇപ്രകാരം പറയുന്നു: “രാമറാവു ബാംഗ്ലൂർ ഗവൺമെൻറ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത് അവിടുത്തെ പ്രിൻസിപ്പലായ ഡോ. സാവൂറിന്റെ നിർദ്ദേശപ്രകാരം എഴുതിയ പുസ്തകത്തിന്റെ പേരാണ് ‘ആകാശവാണി’. റേഡിയോ എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള പുസ്തകമായിരുന്നു അത്. പുരാണത്തിലെ കംസനുമായി ബന്ധപ്പെട്ട പുരാവൃത്തത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആകാശവാണി എന്ന പേരിലേക്കെത്തുന്നത്. ദേവലോകത്തുനിന്നുണ്ടായ അശരീരിയിലൂടെ കംസവധം പ്രവചിക്കപ്പെട്ടിരുന്നു എന്നാണല്ലോ കഥ.”

അനുരാധ ഗിരിരാവു എന്ന ഉഡുപ്പി സ്വദേശിയുടെ വാദം തൻ്റെ പിതാവും മംഗളൂരുവിലെ മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ഹൊസ്ബെറ്റ് രാമറാവുവാണ് ആദ്യമായി 'ആകാശവാണി’ എന്ന പേര് ഉപയോഗിച്ചത് എന്നാണ്.
അനുരാധ ഗിരിരാവു എന്ന ഉഡുപ്പി സ്വദേശിയുടെ വാദം തൻ്റെ പിതാവും മംഗളൂരുവിലെ മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ഹൊസ്ബെറ്റ് രാമറാവുവാണ് ആദ്യമായി 'ആകാശവാണി’ എന്ന പേര് ഉപയോഗിച്ചത് എന്നാണ്.

ആകാശത്തുനിന്ന് പ്രവഹിക്കുന്ന ശബ്ദം അതായത് സ്വർഗീയശബ്ദം എന്ന അർത്ഥത്തിലാണ് ആകാശവാണി എന്ന പദത്തെ രാമറാവു കണ്ടെടുത്തത്. എഴുത്തുകാരനായി അറിയപ്പെടണം എന്ന് ആഗ്രഹിച്ച രാമറാവു ബ്രിട്ടീഷ് ഗവൺമെൻ്റിനെ ഭയന്ന് റേഡിയോയെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ തന്റെ പേര് ചേർത്തില്ല. ഈ പുസ്തകം പിന്നീട് കർണാടകയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാവുകയും സാധാരണക്കാർ പോലും വ്യാപകമായി ഏറ്റെടുക്കുകയും ചെയ്തു .1941-ലും 45-ലുമായി രണ്ടുതവണ പുസ്തകം അച്ചടിച്ചു. 1977 ഫെബ്രുവരി 18ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഇക്കാര്യങ്ങൾ വാർത്തയാവുകയും ചെയ്തു: “The well researched editorial written on the occasion of the diamond jubilee of akashvani had pointed out that the name was taken from an article by an unknown writer.”
അജ്ഞാതനായ ആ എഴുത്തുകാരൻ തന്റെ പിതാവ് ഹൊസ്ബെറ്റ് രാമറാവു ആണെന്നും അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കണമെന്നുമാണ് അനുരാധ ഗിരിറാവുവിന്റെ ആവശ്യം.

 കുവെമ്പുന്റെ ആത്മകഥ - ‘നെന പിനധോണിയല്ലി’
കുവെമ്പുന്റെ ആത്മകഥ - ‘നെന പിനധോണിയല്ലി’

കന്നഡ സാഹിത്യത്തിലെ വിഖ്യാത കവിയും മൈസൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കുവെമ്പുവാണ് (കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ) ആകാശവാണി എന്ന പേര് നൽകിയത് എന്ന് ചില പുസ്തകങ്ങളിൽ രേഖപ്പെടുത്തി കാണുന്നുണ്ട്. തൻ്റെ ആത്മകഥയായ ‘നെന പിനധോണിയല്ലി’ (‘ഓർമ്മയുടെ വള്ളത്തിൽ’) എന്ന പുസ്തകത്തിൽ ഡോ.എം.വി. ഗോപാലസ്വാമി റേഡിയോയ്ക്ക് ഒരു പേര് നിർദ്ദേശിക്കാൻ തന്നെ സമീപിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ആകാശവാണി’ എന്ന പേര് ഗോപാലസ്വാമിയിൽ തൃപ്തിയുളവാക്കി എന്നും അദ്ദേഹം എഴുതി. കുവെമ്പുവിൻ്റെ രചനകളിലും കത്തുകളിലും ആകാശവാണി എന്ന പേരിടുന്നതിലുള്ള അദ്ദേഹത്തിൻ്റെ പങ്കാളിത്തം പരാമർശിക്കുന്നുണ്ട്. മൈസൂർ ആകാശവാണിയോട് സവിശേഷബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കുവെമ്പു. കന്നഡ സാഹിത്യം റേഡിയോയിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ ഈ മാധ്യമത്തോട് അടുപ്പിച്ചത്.

കന്നഡ സാഹിത്യത്തിലെ വിഖ്യാത കവിയും  മൈസൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കുവെമ്പുവാണ് (കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ) ആകാശവാണി എന്ന പേര് നൽകിയത് എന്ന് ചില പുസ്തകങ്ങളിൽ രേഖപ്പെടുത്തി കാണുന്നുണ്ട്.
കന്നഡ സാഹിത്യത്തിലെ വിഖ്യാത കവിയും മൈസൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കുവെമ്പുവാണ് (കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ) ആകാശവാണി എന്ന പേര് നൽകിയത് എന്ന് ചില പുസ്തകങ്ങളിൽ രേഖപ്പെടുത്തി കാണുന്നുണ്ട്.

മൈസൂർ സ്റ്റേഷൻ്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് ആകാശവാണി മൈസൂർ 406 പേജുള്ള സുവനീർ പുറത്തിറക്കിയിരുന്നു. അതിൻ്റെ എഡിറ്റോറിയലിൽ, മൈസൂരിലെ സ്റ്റേഷൻ ഡയറക്ടറായിരുന്ന ഡോ. എം.എസ്. വിജയഹരൻ ആകാശവാണി എന്ന പേരുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ നടത്തുന്നുണ്ട്. അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്:

“ആറു വർഷമായി ഡോ. ഗോപാലസ്വാമി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് എ.ഐ.ആർ ഒറ്റയ്‌ക്ക് ഓടിച്ചു. സാമ്പത്തിക ഞെരുക്കം കാരണം അദ്ദേഹം ഭരണം മൈസൂർ സിറ്റി മുനിസിപ്പാലിറ്റിക്ക് കൈമാറി. പിന്നീട് 1942 ജനുവരി 1 മുതൽ മഹാരാജാസിൻ്റെ പ്രവിശ്യാസർക്കാർ സംഘടനയുടെ നടത്തിപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അപ്പോഴും ഡോ. എം. വി. ഗോപാലസ്വാമി ഡയറക്ടറായി തുടർന്നു (1943 ഓഗസ്റ്റ് 2 വരെ). അതിനുശേഷം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനായ പ്രൊഫ. എൻ. കസ്തൂരിയെ 'അസിസ്റ്റൻ്റ് സ്റ്റേഷൻ സൂപ്രണ്ട്' എന്ന പദവിയോടെ മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ചു. കസ്തൂരിയുടെ കീഴിലാണ് റേഡിയോസ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് 'ആകാശവാണി' എന്ന പേര് നിർദ്ദേശിക്കപ്പെടുന്നത്. ഈ പേര് റേഡിയോ സ്റ്റേഷന് ഏറ്റവും ഉചിതമാണ്. ‘ആകാശവാണി മൈസൂർ' എന്ന പേര് എങ്ങും വിളംബരം ചെയ്തു. അത് തിരമാലകൾ പോലെ അലയടിക്കുകയും ശ്രോതാക്കളുടെ ഹൃദയത്തിലെത്തുകയും അവർക്ക് മങ്ങാത്ത ആനന്ദം നൽകുകയും ചെയ്തു. പിന്നീട്, ആകാശവാണി ഇന്ത്യൻ സർക്കാരിൻ്റെ ഭരണത്തിൻ കീഴിലായപ്പോൾ റേഡിയോ സ്റ്റേഷനുകൾ ആകാശവാണി എന്ന പേര് തുടർന്നു. ഈ സുന്ദരമായ പേര് രാജ്യത്തെ എല്ലാ റേഡിയോ സ്റ്റേഷനുകൾക്കും കടം കൊടുത്തതിൻ്റെ ക്രെഡിറ്റ് മൈസൂർ ആകാശവാണിക്ക് അവകാശപ്പെട്ടതാണ്’’.

വിജയഹരൻ്റെ എഡിറ്റോറിയലിൽ എം.വി ഗോപാലസ്വാമി ആകാശവാണി എന്ന് പേരിട്ടുവെന്ന് പറയുന്നില്ല. അതിനാൽ തന്നെ ആകാശവാണി എന്ന് പേരിടുന്നതിൽ പ്രൊഫ. ഗോപാലസ്വാമിയുടെ പങ്ക് എന്തെന്ന് വ്യക്തമാവാതെ കിടക്കുന്നു. എൻ. കസ്തൂരിയുടെ നേതൃത്വത്തിലാണ് ആകാശവാണി എന്ന പേര് പരിണമിച്ചതെങ്കിൽ, കസ്തൂരി സ്വന്തം നിലയ്ക്കായിരിക്കുമോ ആ പേര് ആലോചിച്ചത്? അതുമല്ല, മംഗലാപുരത്തുള്ള ഒരു അക്കാദമിക് വിദഗ്ധൻ്റെ പുസ്തകത്തിൽ നിന്ന് ഗോപാലസ്വാമി പ്രചോദനമുൾക്കൊണ്ടുവെന്ന് പറയാൻ സാധിക്കുമോ?

എൻ. കസ്തൂരി
എൻ. കസ്തൂരി

റേഡിയോ സ്റ്റേഷൻ എന്ന ആശയം നടപ്പിൽ വരുത്താൻ ഗോപാലസ്വാമിയോടൊപ്പം ചേർന്ന സുഹൃത്തുക്കളിൽ ഹൊസ്ബെറ്റ് രാമറാവു ഉണ്ടായിരുന്നോ? ‘നെനപിനധോണിയല്ലി’ എന്ന ആത്മകഥയിൽ രേഖപ്പെടുത്തി കാണുന്നതുപോലെ കുവെമ്പുവിൻ്റെ സംഭാവനയായിരിക്കുമോ ആകാശവാണി എന്ന പദം? കർണ്ണാടകയിലെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കർത്താവും രാഷ്ട്രകവിയുമായ കുവെമ്പുവിന് ആകാശവാണി എന്ന പദത്തിൻ്റെ ക്രെഡിറ്റ് കള്ളം പറഞ്ഞ് നേടിയെടുക്കേണ്ട കാര്യമുണ്ടാവില്ലല്ലോ. എന്തായാലും ഒരു കാര്യം തീർച്ചപ്പെടുത്താനാവും. ആകാശവാണി എന്ന പേര് റേഡിയോയ്ക്ക് നൽകിയത് ഡോ. എം.വി ഗോപാലസ്വാമിയുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ്.

വിജയഹരൻ എഴുതിയതു പോലെ മൈസൂർ റേഡിയോ ആണ് ഇന്ത്യൻ റേഡിയോയ്ക്ക് ആകാശവാണി എന്ന പദം സംഭാവന ചെയ്തത്. AlR-നുപകരമായി ഈ പദം ഉപയോഗിക്കാനുള്ള തീരുമാനം ടാഗോറിൻ്റെ ശ്രമഫലമായിട്ടാകാം. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന കവിയും ദേശീയ ബിംബവുമായ രബീന്ദ്രനാഥ ടാഗോറിൻ്റെ അന്നത്തെ ജനപ്രീതിയും ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും സംഭാവനകളും കണക്കിലെടുത്തായിരിക്കാം ആകാശവാണി എന്ന പേര് നൽകിയതിൻ്റെ ക്രെഡിറ്റ് ടാഗോറിൽ മാത്രം ചാർത്തിക്കൊടുക്കാൻ കാരണം.

Comments