മനില സി. മോഹൻ: കേരളത്തിലെ ടെലിവിഷൻ ദൃശ്യമാധ്യമ സംസ്കാരത്തിന്റെ നിലവാരം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. വർഗ്ഗീയത, ലൈംഗികത, അപകടങ്ങൾ, മരണങ്ങൾ, ആത്മഹത്യകൾ എന്നിവയാണ് മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ മുഖ്യ ഉള്ളടക്കം. ക്രൈം വാർത്തകളാണ് ബ്രേക്കിംഗും ബിഗ്ബ്രേക്കിങ്ങും. വഴിയരികുകളിലെ സി.സി. ടി വി ദൃശ്യങ്ങളാണ് ഒരു പ്രധാന കണ്ടൻ്റ്. ഒരുതരം ന്യൂസ് പോൺ. ടെലിവിഷനിലും ടെലിവിഷന്റെ ഓൺലൈൻ പ്രക്ഷേപണങ്ങളിലും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളുമാണ് കാഴ്ചക്കാർ. മനുഷ്യരുടെ സ്വകാര്യതയെ മാനിക്കാതെ, മരണവീടുകളിലെ കരച്ചിലുകളും ശവസംസ്കാരം വരെയുള്ള നിരന്തര ദൃശ്യങ്ങളുമാണ് ദിവസങ്ങൾ നീളുന്ന റിപ്പോർട്ടിംഗ്. ‘വാർത്താ ചാനലുകൾ’ എന്ന പേരിൽ ഷോ ബിസിനസ്സ് നടത്തുന്ന ചില ചാനലുകൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ന്യൂസ് പോൺ സംസ്കാരത്തിനൊപ്പമെത്താൻ കിതയ്ക്കുകയാണ് മറ്റ് മുഖ്യധാരാ വാർത്താചാനലുകൾ. ഈ സാംസ്കാരികാപചയം എന്താണ് കേരളത്തിലെ, മലയാളത്തിലെ ദൃശ്യബോധത്തിൽ ദൃശ്യരാഷ്ട്രീയത്തിൽ ബാക്കിയാക്കുക?
ഒ.കെ. ജോണി: വിനോദ മാദ്ധ്യമങ്ങളെ ന്നറിയപ്പെടുന്ന ജനപ്രിയ ടെലിവിഷൻ ചാനലുകളും, ദിനവൃത്താന്തങ്ങളുടെയും വാസ്തവിക ലോകത്തിന്റെയും കണ്ണാടിയായിക്കരുതപ്പെടുന്ന മുഴുവൻ സമയ വാർത്താചാനലുകളും തമ്മിലുള്ള വ്യത്യാസമില്ലാതായി എന്നത് നേരാണ്. പൗരരുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനിൽപ്പിനെ നേരിട്ടു ബാധിക്കുന്ന സംഭവങ്ങളും വാർത്തകളും, അത്യാഹിതങ്ങൾപോലും ഷോ ബിസിനസിനെ കൊഴുപ്പിക്കാനുള്ള വെറും അസംസ്കൃത വിഭവമായി. വാർത്താവതാരകർ പ്രവാചക പരിവേഷമുള്ള ഷോമാൻമാരായി. അത്തരമാളുകളുടെ സ്റ്റേജ് ഷോകളിലൂടെ പ്രച്ഛന്നവേഷാഭിനയപ്രവീണനായ ഒരേകാധിപതിയെ വിശ്വഗുരുവായി പ്രതിഷ്ഠിക്കുവാൻ പോലും കഴിഞ്ഞുവെന്നത് നിസ്സാരമല്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും എന്തിന്, മനുഷ്യമര്യാദകൾക്കുപോലും ഇടമില്ലാത്ത ഒരു റിപ്പബ്ലിക്ക് സ്വപ്നം കാണുന്ന ഉന്മാദികളുടെ ദേശീയ വക്താവായ അർണാബ് ഗോസ്വാമിയെപ്പോലുള്ള താരപരിവേഷമുള്ള മൂന്നാംകിട വാർത്താവതാരകരാവട്ടെ, അക്രമാസക്തരായ വർഗ്ഗീയോന്മാദികളുടെ കൺകണ്ട അവതാരങ്ങളായി വേഷപ്പകർച്ച നേടുകയും ഭരണകൂടത്തിന്റെ കാവൽമാലാഖമാരായി അംഗീകരിക്കപ്പെടുകയുംചെയ്തു.

തങ്ങൾ രക്ഷിതാവും രക്ഷകനുമായിക്കാണുന്ന ഒരു വിശ്വഗുരുവിന്റെ പാദസേവകരാവുകയല്ലാതെ മാർഗ്ഗമില്ലെന്ന് ഭീഷണിയുടെ സ്വരത്തിൽ മുന്നറിയിപ്പുനൽകുന്ന വാർത്താചാനലുകളുടെയും ദിനപത്രങ്ങളുടെയും നടുവിലാണ് ഇന്ത്യക്കാരും പുരോഗമന കേരളത്തിലെ വലിയൊരു വിഭാഗം മലയാളികളുമിപ്പോൾ. പൊയ്ക്കാലിൽ അഭ്യാസികളായിനിന്ന് മേലാളരായി അഹങ്കരിക്കുന്ന മലയാളം വാർത്താചാനലുകളുടെ ഉത്തരം താങ്ങുന്ന പാവംപിടിച്ച റിപ്പോർട്ടർമാരും അർദ്ധസാക്ഷരർ പോലുമായ വാർത്താവതാരകരും എഡിറ്റർമാരും ഈ തിയട്രിക്കൽ പെർഫോർമൻസിന്റെ അനുകർത്താക്കളായത് ഗതികേടു കൊണ്ടാണോ സംഘപ്രതിബദ്ധത കൊണ്ടാണോ എന്ന് തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. എന്നാലിതൊന്നും കേവലം യാദൃച്ഛികമോ നിഷ്‌കളങ്കമോ ആയ സ്വാഭാവിക പരിണാമമല്ല.
വാർത്തകളുടെയും യാഥാർത്ഥ്യത്തിന്റെ തന്നെയും വക്രീകരണവും നിസ്സാരവൽക്കരണവും അത്യുക്തികൊണ്ടുള്ള നാടകീയവൽക്കരണവും, എതിരായ വസ്തുതകളുടെ തമസ്കരണവും ശൂന്യതയിൽനിന്നുള്ള വ്യജവാർത്താനിർമ്മിതിയുമൊന്നും മാദ്ധ്യമക്കമ്പോളത്തിൽ സാധാരണമായ കച്ചവടമത്സരത്തിലെ കളിനിയമങ്ങളുടെ നിർബ്ബന്ധം കൊണ്ടുമാത്രം സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമല്ല. അതിന് കണിശമായ രാഷ്ട്രീയതാൽപ്പര്യങ്ങളുണ്ട്. യാഥാർത്ഥ്യത്തെ വക്രീകരിക്കുകയെന്ന (അഥവാ, ചരിത്രത്തെ തിരുത്തിയെഴുതുകയെന്ന) രാഷ്ട്രീയലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അധീശവരേണ്യ പ്രത്യയശാസ്ത്രത്തിന്റെ സ്വാഭാവിക പ്രതിഫലനമാണിത്. ഭരണകൂട- മുതലാളിത്ത- വർഗ്ഗീയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പ്രത്യയശാസ്ത്രമാണ് അതിൽ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടുകളിൽ ലിറ്റിൽമാഗസിനുകളും സമാന്തര സിനിമാ പ്രസ്ഥാനവും നിർവ്വഹിച്ച അതേ ദൗത്യമാണ് ഇന്നത്തെ സമാന്തര ഡിജിറ്റൽ ന്യൂസ് മീഡിയയും നിർവ്വഹിക്കുന്നത്.
പൊളിറ്റിക്കൽ വാർത്തകൾ, അന്താരാഷ്ട്ര - ദേശീയ സംസ്ഥാന വാർത്തകൾ, ജനകീയ പ്രശ്നങ്ങൾ, ഗ്രൗണ്ട് റിപ്പോർട്ടിംഗ്, എൻ്റർടെയിൻമെൻ്റ് - സ്പോർട്സ് വാർത്തകൾ തുടങ്ങി സമഗ്ര പാക്കേജ് ആയിരുന്നു ആദ്യകാല ടെലിവിഷൻ ബുള്ളറ്റിനുകൾ. കാലത്തിനനുസരിച്ച് ആ പാക്കേജുകളെ ക്രിയാത്മകമായി നവീകരിക്കുന്നതിനുപകരം അത്തരം വാർത്തകളെ ചോർത്തിക്കളയുകയോ വികലമാക്കുകയോ ഒക്കെ ചെയ്യുകയാണ് ടെലിവിഷൻ വാർത്തകൾ. വാർത്തയും വിശകലനങ്ങളും അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് സമഗ്രതയെ ദുർബലമാക്കുകയും നിസ്സാരതകളെ ഭീമവത്കരിക്കുകയും വ്യക്തിപരതയെയും സദാചാര വിഷയങ്ങളെയും ദുരന്തങ്ങളെയും ആഘോഷിക്കുകയും ചെയ്യുന്ന രീതിയ്ക്ക് പ്രാമുഖ്യം കിട്ടുന്നു. ആത്മവിമർശനത്തിനും സ്വയം നവീകരണത്തിനും ടെലിവിഷൻ ചാനലുകൾ അടിയന്തരമായി തയ്യാറാവേണ്ടതില്ലേ?
പോപ്പുലർ സിനിമകളെപ്പോലെ പ്രേക്ഷകരെ യാഥാർത്ഥ്യത്തിൽനിന്ന് വിമുക്തരാക്കി അവരുടെ നിത്യജീവിതത്തിൽ അസാദ്ധ്യമായ സ്വപ്നങ്ങളിലും മോഹകൗതുകങ്ങളിലും അഭിരമിക്കുവാൻ ക്ഷണിക്കുക എന്നതാണല്ലോ വിനോദചാനലുകളിലെ ജനപ്രിയ പരിപാടികളുടെ ദൗത്യം. ഇന്ത്യയിലെ നാനൂറോളം വരുന്ന പ്രാദേശിക-ദേശീയ വാർത്താ നലുകളും വേറൊരു രീതിയിൽ നിർവ്വഹിക്കുന്നത് ഇതേ ദൗത്യമാണ്. വിനോദചാനലുകളെപ്പോലെ വ്യക്തികളുടെ സ്വകാര്യ ഫാന്റസികളെയല്ല, സമൂഹത്തിന്റെയാകെ നിത്യജീവിതയാഥാർത്ഥ്യങ്ങളെ മുൻനിർത്തിയാണ് വാർത്താചാനലുകളുടെ മിത്തുനിർമ്മാണം എന്നതാണ് വ്യത്യാസം. കുടുംബം, ദാമ്പത്യം, ഭരണകൂടം, സ്ത്രീകളുടെ പദവി, മതം, സാമുഹിക-രാഷ്ട്രീയ ചലനങ്ങൾ, ആചാരങ്ങൾ, ജനാധിപത്യ-പൗരാവകാശ മൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിനോദചാനലുകളിലെ കൽപ്പിതകഥാ സീരിയലുകളും ചർച്ചകളുമെല്ലാം പ്രത്യക്ഷമായും പരോക്ഷമായും ആവർത്തനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് പകരുന്ന ധാരണകളാണ് സമൂഹത്തിന്റെ പൊതുബോധത്തെ വലിയൊരളവിൽ നിർണ്ണയിക്കുന്നത്. ഒരു സമൂഹം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രവണതകളിലേക്ക് മുതിരുന്നത് ഇത്തരം വിനോദവിഭവങ്ങളുടെകൂടി സ്വാധീനത്തിലാണ്.

തിരിച്ച്, നിലനിൽക്കുന്ന പൊതുബോധത്തെ ഈ സീരിയലുകൾ അവലംബിക്കുകയും പുനരാവിഷ്‌കരിക്കുകയും ചെയ്യാറുമുണ്ട്. സീരിയൽക്കഥകളുടെ നിലവാരത്തിൽ രാഷ്ട്രീയത്തെ പരിചരിക്കുവാനാണ് വാർത്താചാനലുകൾ (പത്രങ്ങളും) കുറേക്കാലമായി ഉത്സാഹിക്കുന്നത്. രണ്ട് വ്യത്യസ്ത മുന്നണികളിലെ രണ്ട് മുഖ്യമന്ത്രിമാരെയും രണ്ട് സ്ത്രീകളെയും മുൻനിർത്തി മാസങ്ങളോളം നീണ്ട അശ്ലീല- അപവാദ കഥകൾ പ്രചരിപ്പിച്ച കേരളത്തിലെ മാദ്ധ്യങ്ങളുടെ സമീപകാല ഉദാഹരണം ഇതിന്റെ ഒരു മാതൃകയാണ്. പൈമ്പികവൃത്തിയേക്കാൾ മ്ലേച്ഛമായ ആ അശ്ലീല സംസ്കാരം അവർക്കിന്ന് ഒരലങ്കാരമാണ്. ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ മറവിൽ പാവപ്പെട്ട രണ്ട് മാലിക്കാരികളെയും രാജ്യത്തിലെ ഏതാനും വലിയ ശാസ്ത്രജ്ഞന്മാരെയും കുറിച്ച് കേരള പൊലീസിലെ ചില ക്രിമിനലുകൾക്കും രാഷ്ട്രീയക്കാർക്കും വേണ്ടി വർഷങ്ങളോളം അശ്ലീലകഥകളെഴുതിക്കൊണ്ടിരുന്ന മലയാള പത്രങ്ങളുടെ ശരിയായ പിൻഗാമികൾതന്നെയാണ് ഇവിടുത്തെ (തരംതാണ) മുൻനിര വാർത്താ ചാനലുകളും.
കേരളത്തിലെന്നപോലെ ഇന്ത്യൻ ഭാഷകളിലെല്ലാം മാദ്ധ്യമങ്ങളുടെ പൊതുവായ ആഭിമുഖ്യം വലതുപക്ഷത്തോടായിരുന്നു.
നിലവാരവും നിലപാടുകളും എന്തുതന്നെയായാലും ബഹുസ്വരതയുടെ വേദിയായിരുന്ന നെഹ്രുവിയൻ ഇന്ത്യയിലെ മാദ്ധ്യമമേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ് സംഘപരിവാരത്തിന്റെ കുടക്കീഴിൽ ഒരുമിച്ചണിനിരക്കാൻ നിർബ്ബന്ധിതമായത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കുനിയാനാവശ്യപ്പെട്ടപ്പോഴേക്കും മുട്ടിലിഴയാൻ ഒരു വിഭാഗം മാദ്ധ്യമങ്ങൾ തയ്യാറായെങ്കിലും ഇന്ത്യൻ എക്‌സ്പ്രസ് പോലുള്ള അപൂർവ്വം കോർപ്പറേറ്റ് ദിനപത്രങ്ങൾ ശിരസ്സുയർത്തി നിൽക്കാനുണ്ടായിരുന്നു. അടിയന്തരാവസ്ഥ നൽകിയ പാഠങ്ങളാണ് പിൽക്കാലത്ത് ഇന്ത്യയിലെ വൃത്താന്ത മാദ്ധ്യമങ്ങളെ ഉത്തരവാദിത്വ ബോധത്തിലേക്കും പ്രൊഫഷനലിസത്തിലേക്കും ഉണർത്തിയത്. എങ്കിലും കേരളത്തിലെന്നപോലെ ഇന്ത്യൻ ഭാഷകളിലെല്ലാം മാദ്ധ്യമങ്ങളുടെ പൊതുവായ ആഭിമുഖ്യം വലതുപക്ഷത്തോടായിരുന്നു.

എൺപതുകളോടെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തോട് കൂറുള്ള ജേർണലിസ്റ്റുകളെ പ്രമുഖ മലയാള മാദ്ധ്യമങ്ങളിൽ പ്രതിഷ്ഠിക്കുവാനുള്ള സംഘപരിവാരത്തിന്റെ ആസൂത്രിത ശ്രമങ്ങളാരംഭിച്ചത്. അതിപ്പോഴും തുടരുന്നുമുണ്ട്. മികച്ച പ്രൊഫഷനലായി അറിയപ്പെടുന്ന അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ വി.എം. കൊറാത്തിനെപ്പോലുള്ളവരായിരുന്നു ആ പദ്ധതി വിജയകരമായി നടപ്പാക്കിയത്. എന്നാൽ ടെലിവിഷൻ ചാനലുകളുടെ വരവോടെ മാത്രമാണ് സംഘപരിവാർ സംഘടനകൾക്കും വക്താക്കൾക്കും അവരുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തെ പൊതുമണ്ഡലത്തിൽ നിസ്സങ്കോചം പ്രചരിപ്പിക്കുവാൻ അവസരം കിട്ടിയത്. ബി.ജെ.പിക്കും ഇതര മത- മൗലികവാദ സംഘടനകൾക്കും വേദിയൊരുക്കിക്കൊണ്ട് കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുപാകുന്നതിൽ മുഖ്യ പങ്കുവഹിച്ചത് മലയാളം വാർത്താചാനലുകളാണ്. ഏത് വിഷയത്തെക്കുറിച്ചായാലും ബി.ജെ.പി വക്താക്കളില്ലാത്ത ചർച്ച അസാദ്ധ്യമാണെന്ന് തീരുമാനിച്ചത് ചാനലുകളാണ്.
ടെലിവിഷനിലെ സംഘപരിവാര മാദ്ധ്യമപ്രവർത്തകരെ ആർക്കും തിരിച്ചറിയാനാകുമെങ്കിലും ദിനപത്രങ്ങളുടെ പത്രാധിപസമിതിയിലെ സംഘമിത്രങ്ങൾ അദൃശ്യരാണ്. അത്തരക്കാരെ മുഖ്യ എഡിറ്റോറിയൽ പദവികളിലിരുത്തുവാൻ നിർബ്ബന്ധിതരായ കോർപ്പറേറ്റ് മാദ്ധ്യമങ്ങളുടെ ഭീരുത്വവും നിസ്സഹായതയും സഹതാപർഹമാണ്.
മോദി അധികാരത്തിലേറിയതോടെ സംഘപരിവാരത്തിന്റെ പ്രതിനിധികൾക്ക് പ്രാധാന്യം കൂടുക മാത്രമല്ല, എഡിറ്റോറിയൽ ബോർഡിലും അവർക്കുവേണ്ടി വാദിക്കുന്ന വർഗ്ഗീയവാദികളെ നിയമിക്കേണ്ട അവസ്ഥയിലേക്കത് പരിണമിച്ചുകഴിഞ്ഞു. ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്തും ടൈംസ് നൗവിലെ നവികാ കുമാറും റിപ്പോർട്ടർ ടി.വിയിലെ സുജയ പാർവ്വതിയുമെല്ലാം (ഈ പട്ടിക വളരെ നീണ്ടതാണ്) അതത് ചാനലുകളുടെ പേ റോളിലുള്ള ജേണലിസ്റ്റുകളാണെങ്കിലും സംഘപരിവാരത്തിന്റെ വക്താക്കളായിട്ടാണ് അവർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു കാണുന്നത്. അർണാബ് ഗോസ്വാമിയുടെ ക്ലോണുകളാണ് മിക്ക ഇന്ത്യൻ ചാനലുകളിലുമിരുന്ന് അലറിവിളിക്കുന്നത്. സ്വതന്ത്ര മാദ്ധ്യമങ്ങളെന്ന് നിർല്ലജ്ജം സ്വയം വിശേഷിപ്പിക്കുന്ന മലയാള മാദ്ധ്യമങ്ങളുടെ കാവിവൽക്കരണത്തിനു പിന്നിൽ ഭരണകൂടത്തോടും ഭരണകക്ഷിയോടുമുള്ള പ്രത്യയശാസ്ത്രവിധേയത്വം മാത്രമല്ല, പേടിയുമുണ്ട്. ടെലിവിഷനിലെ സംഘപരിവാര മാദ്ധ്യമപ്രവർത്തകരെ ആർക്കും തിരിച്ചറിയാനാകുമെങ്കിലും ദിനപത്രങ്ങളുടെ പത്രാധിപസമിതിയിലെ സംഘമിത്രങ്ങൾ അദൃശ്യരാണ്. അത്തരക്കാരെ മുഖ്യ എഡിറ്റോറിയൽ പദവികളിലിരുത്തുവാൻ നിർബ്ബന്ധിതരായ കോർപ്പറേറ്റ് മാദ്ധ്യമങ്ങളുടെ ഭീരുത്വവും നിസ്സഹായതയും സഹതാപർഹമാണ്.

അന്താരാഷ്ട്ര തലത്തിൽത്തന്നെ ഭരണകൂടങ്ങൾ വലതുപക്ഷവും തീവ്രവലതുപക്ഷവുമായി മാറിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമുണ്ട് വർത്തമാനകാലത്തിന്. വലതുവത്കരിക്കപ്പെട്ട ആ ബോധത്തിലെ കൂട്ടുകച്ചവടക്കാർ എന്ന നിലയിലേക്ക്, മാധ്യമങ്ങളും മാറിയിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ പ്രത്യക്ഷ വലതുവത്കരണവും വടക്കേയിന്ത്യൻ മാതൃകയിലെ സംഘപരിവാർ ചങ്ങാത്തവും എങ്ങനെയാണ് പ്രതിഫലിക്കുന്നത്?
പ്രച്ഛന്നരൂപത്തിൽ വീണ്ടും വന്ന, മുമ്പത്തേക്കാൾ അപായകരമായ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ഒരൊറ്റ നേതാവിന്റെ മൻകീ ബാത്ത് പലമട്ടിൽ റിലേ ചെയ്യുന്ന റോബോട്ടുകളായി മഹാഭൂരിപക്ഷം മാദ്ധ്യമങ്ങളും മാറിക്കഴിഞ്ഞുവല്ലോ. തെളിച്ചുപറഞ്ഞാൽ, മദ്ധ്യകാല മതാന്ധതകളുടെ പ്രാകൃത സംസ്കാരത്തിൽ വേരാഴ്ത്തിയ സംഘപരിവാരത്തിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെ സാധൂകരിക്കുക മാത്രമായി അവയുടെ ദൗത്യം. ഉത്തർപ്രദേശുപോലൊരു അവികസിത സംസ്ഥാനത്തു മാത്രമല്ല, സന്യാസവേഷമണിഞ്ഞ വർഗ്ഗീയവാദികളുടെ രാജ്യഭാരം ഇന്ത്യയിൽ തീർത്തും സ്വാഭാവികമായ ഒരു ഭാരതീയ സാംസ്കാരിക പുനരുത്ഥാനമായി വിലയിരുത്തപ്പെടുന്ന ഇതുപോലൊരു ഇരുണ്ട കാലത്തിലേക്ക് നമ്മെ നയിക്കുന്നതിൽ ഇവിടുത്തെ മീഡിയക്കും വലിയൊരു റോളുണ്ട്. അടിസ്ഥാന മാദ്ധ്യമധർമ്മങ്ങളായി കരുതപ്പെടുന്ന വാർത്താവിതരണമോ പൊതുജനാഭിപ്രായ രൂപീകരണമോ അല്ല; ഏകപക്ഷീയമായ പ്രത്യയശാസ്ത്രപ്രചാരണമോ ഭരണകൂടതാൽപ്പര്യങ്ങളുടെ അടിച്ചേൽപ്പിക്കലോ ജനഹിതത്തിന്റെ തമസ്കരണമോ ആണ് ഇപ്പോൾ മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെ നടക്കുന്നത്. ഇന്ത്യയിലെയും പുരോഗമന കേരളത്തിലെയും മാദ്ധ്യമപ്രവർത്തകരെല്ലാം അതാണ് ചെയ്യുന്നതെന്ന ഒരു സാമാന്യവൽക്കരണവും ശരിയാവുകയില്ല. മറിച്ച്, മുഖ്യധാരാ മാദ്ധ്യമസ്ഥാപനങ്ങളിൽ ഏറിയ പങ്കും അറിഞ്ഞുമറിയാതെയും അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാത്രമാണ് ഇപ്പറഞ്ഞതിനർത്ഥം.
ചാനൽ ചർച്ചകളിൽ അതിഥികളായെത്തുന്ന രാഷ്ട്രീയപ്പാർട്ടികളുടെ വക്താക്കൾ തന്നെ തത്സമയപരിപാടികളിൽ ചർച്ച നയിക്കുന്ന വനിതാ ജേണലിസ്റ്റുകളെ അപമാനിക്കുന്നത് പതിവായിരിക്കുന്നു.
ജനപ്രിയ സംസ്കാരത്തിന്റെ നിർമ്മിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന വിനോദ കലാരൂപങ്ങളെപ്പോലെ തന്നെ നിത്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന സാമൂഹിക- രാഷ്ട്രീയ സമസ്യകളെയും വക്രീകരിക്കുകയോ അമൂർത്തവൽക്കരിക്കുകയോ തമസ്കരിക്കുകയോ ചെയ്തുകൊണ്ടാണ് വാർത്താ മാദ്ധ്യമങ്ങളും പ്രേക്ഷകരെ യാഥാർത്ഥ്യത്തിൽനിന്ന് അകറ്റിക്കൊണ്ടുപോകുന്നത്. യാഥാർത്ഥ്യത്തിന്റെ ഈ വക്രീകരണവും തമസ്കരണവും രാഷ്ട്രീയ നിരപേക്ഷവുമല്ല. അതിന്റെ രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. അതാകട്ടെ, ഇന്നത്തെ ഇന്ത്യയിൽ ഭരണകൂട ഫാഷിസത്തിന്റെ സാംസ്കാരിക- രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സാധൂകരണത്തിനായാണ് വിനിയോഗിക്കപ്പെടുന്നതെന്നതാണ് പ്രധാനം.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജിഹ്വകളായി മാറിയ ഇന്ത്യയിലെ മഹാഭൂരിപക്ഷം വാർത്താ ചാനലുകളിൽനിന്നും കേരളത്തിലെ സ്വതന്ത്രമെന്ന് സ്വയം അവകാശപ്പെടുന്ന കോർപ്പറേറ്റ് വാർത്താ മാദ്ധ്യമങ്ങളും വളരെയൊന്നും വ്യത്യസ്തമല്ല. അവയുടെ നിഷ്പക്ഷതാനാട്യംതന്നെ സംഘപരിവാര രാഷ്ട്രീയത്തിന് സാധൂകരണം നൽകാൻ വേണ്ടിയുള്ളതാണ്. കേരളത്തിൽ മാറിമാറി അധികാരത്തിൽ വരാറുള്ള രണ്ട് മുന്നണികളും ഒരുപോലെ കൊള്ളരുതാത്തവരാണെന്ന് സ്ഥാപിച്ചുകൊണ്ട് ബി.ജെ.പിയെ ശരിയായ മൂന്നാം ബദലായി ഉയർത്തിക്കാട്ടുകയെന്ന ഗൂഢതന്ത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മുൻനിര ടിവി ചാനലുകളും അച്ചടി മാദ്ധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. അതിലവർ വലിയൊരളവിൽ വിജയിച്ചിട്ടുമുണ്ട്. ഭരണകൂട-മുതലാളിത്ത കൂട്ടുകെട്ടിന്റെ പ്രത്യയശാസ്ത്രമാണ് കോർപ്പറേറ്റ് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്ന് എടുത്തുപറയേണ്ട കാര്യവുമല്ല. കണിശമായ രാഷ്ട്രീയലാക്കുള്ള ഒരു പ്രത്യയശാസ്ത്രത്തെയാണ് നിഷ്പക്ഷമെന്നും അരാഷ്ട്രീയമെന്നും വിശേഷിപ്പിച്ചുകൊണ്ട് ഈ മാദ്ധ്യമങ്ങൾ സേവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷവിരുദ്ധത മാത്രമല്ല, ജനാധിപത്യ വിരുദ്ധതയും അതിന്റെ മുഖമുദ്രയാണ്.
മാധ്യമപ്രവർത്തകർ രാഷ്ട്രീയ പാർട്ടികളുടെ സൈബർ അണികളാൽ നിരന്തരം ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് കുറച്ചുകാലമായി തുടരുന്ന ഒന്നാണ്. എന്നാലതിന്റെ സകല സീമകളും ലംഘിക്കപ്പെടുന്നതാണ് വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ. തൊഴിലിടത്തിലെ പീഡനം എന്ന രീതിയിൽത്തന്നെ കണക്കാക്കാവുന്ന ഒന്ന്. അതിൽ സംഘപരിവാർ സൈബർ ഗുണ്ടകളും ഇടതുപക്ഷ സൈബർ ഗുണ്ടകളും യു.ഡി.എഫ് സൈബർ ഗുണ്ടകളും തമ്മിൽ പ്രയോഗരീതിയിലോ ഭാഷാരീതിയിലോ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അളവിലോ ഒരു വ്യത്യാസവുമില്ല. ടാർജറ്റ് ചെയ്യുക, കൂട്ടമായി ആക്രമിക്കുക എന്നതാണ് രീതി. സർക്കാരും നിയമസംവിധാനങ്ങളും ഇത്തരം ആക്രമണങ്ങളെ തടയാൻ ഒന്നും ചെയ്യുന്നുമില്ല. എവിടെയാണ് മാറ്റം വരേണ്ടത്?
തങ്ങൾക്ക് അഹിതകരമായ വാർത്തകളും വിമർശനങ്ങളും കൊണ്ടുവരുന്ന മാദ്ധ്യമപ്രവർത്തകർക്കുനേരെയുള്ള സൈബർ ആക്രമണങ്ങൾ കേരളത്തിലും കൂടിവരികയാണ്. വനിതാ മാദ്ധ്യമപ്രവർത്തകരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം മാനസിക പീഡനങ്ങൾക്കിരകളാകേണ്ടിവരുന്നത്. ചാനൽ ചർച്ചകളിൽ അതിഥികളായെത്തുന്ന രാഷ്ട്രീയപ്പാർട്ടികളുടെ വക്താക്കൾ തന്നെ തത്സമയപരിപാടികളിൽ ചർച്ച നയിക്കുന്ന വനിതാ ജേണലിസ്റ്റുകളെ അപമാനിക്കുന്നതും പതിവായിരിക്കുന്നു. സംസ്കാരശൂന്യരരെന്ന് സ്വയം വെളിപ്പെടുത്താൻ മടിയില്ലാത്ത പി.സി. ജോർജ്ജിനെപ്പോലുള്ളവരുടെ അശ്ലീലഭാഷണം കേൾക്കാൻ പ്രേക്ഷകരെ നിർബ്ബന്ധിക്കുന്ന ചാനലുകൾ തന്നെയാണ് കുറ്റക്കാർ. വനിതാ ജേണലിസ്റ്റുകളെയും വനിതാ മന്ത്രിമാരെയും ആക്രമിച്ചുകൊണ്ട് അവരുടെ ആത്മവീര്യം തകർക്കാനുള്ള ശ്രമങ്ങൾക്കുപിന്നിൽ മലയാളിയുടെ ഒളിച്ചുവെക്കാൻ ശ്രമിക്കുന്ന സ്ത്രീവിരുദ്ധ മനോഭാവവുമുണ്ട്.

ദേശീയതലത്തിലെ ‘ഗോദി മീഡിയ’യെപ്പോലെ കേരളത്തിലും അധികാര രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം കൂടിവരികയാണ്. ചെയ്യുന്നത് പി.ആർ ജേണലിസമാണ് എന്ന് പറയാതെയും പറഞ്ഞും ചെയ്യുന്ന എംബഡഡ് ജേണലിസ്റ്റുകൾ. ജേണലിസം എന്ന തൊഴിലിന്റെ ഒരുതരം ധാർമികതയും പുലർത്താതെ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷവക്താക്കളായി ടെലിവിഷൻ ന്യൂസ് ഡസ്കുകളിൽ ജേണലിസ്റ്റ് / എഡിറ്റർ പേരുകളിൽ ഒച്ചയുണ്ടാക്കലാണ് ഇവർ ചെയ്യുന്ന മാധ്യമപ്രവർത്തനം. സോഷ്യൽ മീഡിയ റീച്ചിനും അതുവഴിയുള്ള മാർക്കറ്റ് / പണം ലഭിക്കുന്നതിനും വേണ്ടി നടത്തുന്ന അർണാബ് ഗോസ്വാമി മോഡൽ മാധ്യമപ്രവർത്തനം. അതിന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വലുതാണ്. സോഷ്യൽ മീഡിയയാൽ പലതരത്തിൽ നിയന്ത്രിക്കപ്പെടുന്ന തരത്തിലേക്ക് മാറുമ്പോൾ അത്തരത്തിലുള്ള ടെലിവിഷൻ ജേണലിസം ജേണലിസത്തിന്റെ മൂല്യബോധത്തെത്തന്നെ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്?
ഒരു പതിറ്റാണ്ടിലേറെക്കാലമായി തുടർച്ചയായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി മുന്നണിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സുരക്ഷാകവചത്തിനുള്ളിൽ ശക്തി പ്രാപിക്കുകയും അഴിഞ്ഞാടുകയുംചെയ്യുന്ന വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന എണ്ണമറ്റ സംഘപരിവാര സംഘടനകളാണ് രാജ്യത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. ഇന്നത്തെ ഇന്ത്യയിൽ സാഹചര്യത്തിൽ ദേശീയ- പ്രാദേശിക മുഖ്യധാരാ മാദ്ധ്യമങ്ങളും മർദ്ദനോപകരണങ്ങളായി മാറിയിരിക്കുന്നു. ‘ഇനി നമ്മൾ അമ്പലങ്ങൾക്ക് തീക്കൊളുത്തുക’ എന്ന് വി.ടി. ഭട്ടതിരിപ്പാട് എഴുതിയത് അമ്പലങ്ങൾ നശിപ്പിക്കണം എന്ന അർത്ഥത്തിലായിരുന്നില്ലല്ലോ. അവയെ മറയാക്കി വളരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചാമ്പലാക്കുകയെന്നതായിരുന്നു വി.ടിയുടെ ലക്ഷ്യം. മാദ്ധ്യമങ്ങളുടെ കാര്യത്തിലും ഇത്തരമൊരു മുദ്രാവാക്യം ഉയരേണ്ട അടിയന്തര സന്ദർഭമാണിത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം മാത്രമല്ല, നിലനിൽപ്പിനെ സംബന്ധിച്ച സഹജമായ ഭയവും ഇതിന് കാരണമാണ്. ഇതിന് ബദലായി ഉയർന്നുവരുന്ന ചെറുത്തുനിൽപ്പുകളെയും ചെറുകിട ഡിജിറ്റൽ മാദ്ധ്യമങ്ങളെയുമെല്ലാം പിന്തുണച്ചുകൊണ്ടേ ഭരണഘടനയേയും അത് വാഗ്ദാനം ചെയ്യുന്ന മതേതര ജനാധിപത്യത്തെയും സംരക്ഷിക്കാനാവൂ എന്ന് ഇനിയും ബോദ്ധ്യമായിട്ടില്ലാത്ത ഒരു സാക്ഷരസമൂഹത്തിന്റെ നിസ്സംഗതയെയും പേടിക്കാതെവയ്യ. ഫാഷിസത്തിന്റെ വിളനിലമാണ് അത്തരമൊരു നിസ്സംഗ സമൂഹം. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ലിറ്റിൽമാഗസിനുകളും സമാന്തര സിനിമാ പ്രസ്ഥാനവും നിർവ്വഹിച്ച അതേ ദൗത്യമാണ് ഇന്നത്തെ സമാന്തര ഡിജിറ്റൽ ന്യൂസ് മീഡിയയും നിർവ്വഹിക്കുന്നത്. ഈ അനുസ്യൂതിയെക്കുറിച്ചാലോചിച്ചാൽ നിരാശാഭരിതരാവേണ്ടതുമില്ല. ഇത് ചരിത്രം വണ്ടിയിറങ്ങുന്ന അവസാനത്തെ ബസ് സ്റ്റോപ്പുമായിരിക്കില്ല.
