ജൂലൈ 29, 2024
അസാധാരണ മഴ,
ബാണാസുരയിൽ നിന്ന് ചൂരൽമലയിലേക്ക്
അന്ന് അസാധാരണമായ മഴപ്പെയ്ത്തായിരുന്നു. മുണ്ടക്കൈയിൽ 2019- ൽ ഉരുൾപൊട്ടിയ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായെന്ന വിവരം കേട്ടാണ് എഴുന്നേൽക്കുന്നതുതന്നെ. ബാണാസുരസാഗർ റൂൾ കർവ് കടക്കാൻ സാധ്യതയുണ്ടെന്നും ഡാം തുറക്കേണ്ടിവരും എന്നുമുള്ള അറിയിപ്പ് വന്നതോടെ അവിടേക്ക് തിരിച്ചു. ഡ്രൈവർ പ്രകാശനായിരുന്നു ഒപ്പം. ക്യാമറാമാൻ മനു പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കോഴിക്കോട് പോയിരിക്കുകയായിരുന്നു. ഉച്ചവരെ ബാണാസുരസാഗർ പരിസരത്ത് തുടർന്നു. മഴ കനക്കുകയാണ്. ഇതിനിടയിൽ മുണ്ടക്കൈ, ചൂരൽമല ഭാഗത്തുനിന്ന് ധാരാളം പേർ വിളിക്കുന്നുണ്ടായിരുന്നു. ചൂരൽമല പുഴ ചുവന്ന് ഒഴുക്കുകയാണെന്ന് വിളിച്ചവർ പറഞ്ഞു.
വയനാട്ടിലെ കാലവസ്ഥാ വിവരങ്ങൾ ചോദിച്ചറിയാറുള്ള രാജീവൻ എരിക്കുളത്തിൽ നിന്നാണ് 29 ന് രാവിലെ 8.30 വരെ അതിതീവ്രമഴ പെയ്ത സ്ഥലങ്ങൾ വയനാട്ടിലാണെന്ന് മനസിലാക്കുന്നത്. അത് പുത്തുമലയും, കള്ളാടിയും ആണെന്ന് ബോധ്യപ്പെട്ടു. വയനാടിന്റെ മറ്റു മേഖലകളിലും തീവ്രമായി മഴ പെയ്യുന്നുണ്ടെന്നും ചാർട്ടിൽ നിന്ന് മനസ്സിലായി. ഇതിനിടയിലും ചൂരൽമല, മുണ്ടക്കൈ മേഖലയിൽ നിന്ന് ആളുകൾ ആശങ്കയോടെ വിളിക്കുന്നുണ്ടായിരുന്നു.
ബാണാസുരസാഗർ തുറക്കില്ലെന്ന് ഉറപ്പാക്കിയതോടെ കൽപറ്റയിലേക്ക് തിരിച്ചു. ബാണാസുരഭാഗത്ത് തുടരുകയായിരുന്ന മാധ്യമ സുഹൃത്തുക്കളോട് ചൂരൽമലയിലേക്കു പോവുകയാണെന്ന് പറഞ്ഞു. കൽപറ്റയിലെത്തി ഭക്ഷണം കഴിച്ച് പ്രകാശനും ദി ഫോർത്തിലെ റിപ്പോർട്ടർ ബ്രിജേഷ് കുമാറിനുമൊപ്പം ചൂരൽമലയിലേക്ക്. ഇടവിട്ടാണ് മഴ പെയ്തിരുന്നതെങ്കിലും അതൊരു വല്ലാത്ത പെയ്ത്തായിരുന്നു. കനം കൂടിയ തുള്ളികൾ കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് കാറിന് മുകളിൽ പതിച്ചിരുന്നത്. ദിവസങ്ങളായി ഈവിധം തന്നെയായിരുന്നു വയനാട്ടിൽ മഴ.
മേപ്പാടി പിന്നിട്ട്
ചൂരൽമലയിലേക്ക്
മേപ്പാടി പിന്നിട്ട് ചൂരൽമല റോഡിലേക്ക് തിരിഞ്ഞു. തേയിലതോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡ് കടന്ന് യാത്ര തുടർന്നു. 900 കണ്ടി റോഡിലെത്തുമ്പോൾ കണ്ടത് കള്ളാടിപ്പുഴ ഭ്രാന്തമായി ഒഴുകുന്നതാണ്. പുത്തുമലയിലേക്ക് തിരിയുമ്പോൾ മുമ്പ് ഉരുൾപൊട്ടിയിരുന്ന പ്രദേശത്ത് കോടമഞ്ഞ് മൂടി നിൽക്കുന്നു. ചൂരൽമലയിലെത്തുമ്പോൾ മഴ കുറഞ്ഞു. ഉടനെ പൾസ് എമർജൻസി ടീമിലെ സാലിമിനെയും ആംബുലൻസ് ഡ്രൈവറും കാരുണ്യ റെസ്ക്യൂ ടീം പ്രവർത്തകനുമായ യൂനാഫിനെയും വിളിച്ചു. സാലിമിനെയാണ് കിട്ടിയത്. പ്രതികരണങ്ങളെടുക്കാൻ ആളുകൾ വേണമെന്ന് പറഞ്ഞു. വെള്ളാർമല സ്കൂളിനടുത്തു കൂടി വല്ലാത്ത ആരവം മുഴക്കി ഒഴുകുന്നുണ്ട്, ചൂരൽമല പുഴ.
ചൂരൽമല ടൗണിൽ മുണ്ടക്കൈയിലേക്കുള്ള പാലം കടത്തി കാർ നിർത്തിയിട്ടു. ഞങ്ങളിറങ്ങി വെള്ളാർമല സ്കൂളിന്റെ ദൃശ്യങ്ങൾ പകർത്തി. ഞാൻ ഫോണിലും ദൃശ്യങ്ങൾ എടുത്തു കൊണ്ടിരുന്നു. പാലത്തിൻ്റെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞത് പ്രകാശൻ കാണിച്ചുതന്നു. ഇതിനിടയിൽ അവിടേക്ക് എത്തിയ ചിലർ അട്ടമല റോഡിൽ കൂറ്റൻ മരം പുഴയിലേക്ക് കടപുഴകി വീണിട്ടുണ്ടെന്ന് പറഞ്ഞു. അട്ടമല റോഡിലെ തേയില കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിക്ക് സമീപം പാടികളുണ്ട്. അതിൻ്റെ തൊട്ടടുത്താണ് മരം പുഴയിലേക്ക് വീണിട്ടുള്ളത്. ഇതിനിടയിൽ സാലിം ഏർപ്പാടാക്കിയവർ ഞങ്ങൾക്കരികിലേക്ക് വന്നു. പാടിയിൽ നിന്ന് സി.പി.ഐ നേതാവായ പ്രശാന്തേട്ടനും എത്തി. ആളുകളുടെ ആശങ്ക പങ്കുവയ്ക്കുന്ന റിപ്പോർട്ടാണ് എടുത്തത്. ഉടൻ ചാനലിൽ എയർ ചെയ്തു.
രമേഷിൻ്റെ വരവും
മുണ്ടക്കൈയിലേക്ക്
ഒപ്പം കൂടിയ ജീപ്പ് സംഘവും
മുണ്ടക്കൈയിലേക്ക് നീങ്ങാനൊരുങ്ങുമ്പോഴാണ് ചൂരൽമല സ്വദേശിയായ രമേഷ് വരുന്നത്. തോട്ടം തൊഴിലാളികളുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട സ്റ്റോറിക്ക് വേണ്ടിയാണ് 24 ചാനലുമായി രമേഷ് ആദ്യം ബന്ധപ്പെടുന്നത്. ‘മുണ്ടക്കൈയിലേക്ക് ഞങ്ങളുമുണ്ട്, ജീപ്പിൽ പോകാം’ എന്ന് രമേഷ് പറഞ്ഞപ്പോൾ ജീപ്പ് വേണ്ടെന്നും കാറിൽ പരമാവധി പോകാമെന്നും അതിനുശേഷം നടക്കാമെന്നും ഞാൻ അങ്ങോട്ടു പറഞ്ഞു. രമേഷ് ഞങ്ങളുടെ കാറിലും ചൂരൽമലയിൽ നിന്ന് കയറിയ ഏഴ് പേർ മുന്നിലെ ജീപ്പിലുമായി യാത്ര തുടങ്ങി.
സെന്റിനന്റൽ റോക്കും തേയില ഫാക്ടറിയും പിന്നിട്ട് തേയിലത്തോട്ടത്തിനിടയിലൂടെയുള്ള യാത്രയ്ക്കിടെ വലതുഭാഗത്ത് ചൂരൽമല പുഴ കാണുന്നുണ്ടായിരുന്നു. മുണ്ടക്കൈ ജംഗ്ഷനുമുമ്പ് സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിൽ എത്രയോ തവണ വന്നിട്ടുണ്ട്. കത്തുന്ന വേനലിൽ തണുത്ത ജലപാതത്തിൽ നീന്തിത്തുടിച്ചിട്ടുണ്ട്. എൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ റീലുകളായി സീതമ്മക്കുണ്ടിനെ നിറച്ചിട്ടുണ്ട്. ഒടുവിൽ യാത്ര ചെയ്തപ്പോൾ ധാരാളം കുട്ടികൾ അവിടെ കുളിക്കുന്നുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് സീതമ്മക്കുണ്ടിലേക്ക് അവർ എടുത്തുചാടി അർമാദിക്കുന്നത് പകർത്തി. പുഞ്ചിരിമട്ടം പോയി മടങ്ങിവരുമ്പോൾ വെള്ളച്ചാട്ടം കൂടി കാണണമെന്ന് പ്രകാശൻ എന്നോട് പറഞ്ഞു. മഴയില്ലെങ്കിൽ ഇറങ്ങാം എന്ന് മറുപടി നൽകി. പുഴയിൽ കുത്തൊഴുക്കെന്ന് രമേഷും ബ്രിജേഷും പറഞ്ഞു.
ചൂരൽമല വിടുമ്പോൾ ഞാൻ പ്രകാശനോടും ബ്രിജേഷിനോടും, എനിക്ക് നെഗറ്റീവ് വൈബ് അടിക്കുന്നെന്നും എന്തോ അപകടം വരാനുള്ള പോലെ തോന്നുന്നു എന്നും പറഞ്ഞു. അവർ മറുപടി പറഞ്ഞില്ല. ഒരു പക്ഷെ മഴ കാണുമ്പോൾ ആ ആശങ്ക അവർക്കും ഉണ്ടായിരുന്നിരിക്കണം.
മുണ്ടക്കൈയിൽ നിന്ന്
പുഞ്ചിരിമട്ടത്തേക്ക്
മുണ്ടക്കൈ ജംഗ്ഷനിൽ മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും റോഡിൻ്റെ ഇടതുഭാഗത്ത് തലയുയർത്തിനിൽപ്പുണ്ട്. മഴ തോർച്ചയുള്ളതിനാൽ ധാരാളം ആളുകളെ ജംഗ്ഷനിൽ കണ്ടു. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് പുഞ്ചിരിമട്ടത്തേക്ക് ജീപ്പ് നീങ്ങി, പിന്നാലെ കാറിൽ ഞങ്ങളും.
പുഞ്ചിരിമട്ടത്തേക്കുള്ള റോഡാകെ അലമ്പാണ്. കുണ്ടും കുഴിയും നിറഞ്ഞ വഴി. ടാർ റോഡ് അവസാനിക്കുന്നിടത്ത് റിസോർട്ടാണ്. ഇംഗ്ലീഷിൽ ക്യാപിറ്റൽ ലെറ്റർ എ എഴുതും പോലെയാണ് മേൽക്കൂര. ഓരത്തുകൂടി ഭീതിപ്പെടുത്തും വിധം ആർത്തലച്ച് ഒഴുകുകയാണ് ചൂരൽമല പുഴ.
ഞങ്ങൾ അവിടെയെത്തുമ്പോൾ മറ്റു ചാനലുകളിലെ സഹപ്രവർത്തകർ ഷൂട്ട് ചെയ്ത് തിരിച്ചിറങ്ങുകയായിരുന്നു. മാതൃഭൂമി ന്യൂസിലെ കമൽ വേഗം ലൈവ് കൊടുത്ത് ഇറങ്ങണം എന്ന് നിർദേശിച്ചു. അവരെല്ലാവരും പോയപ്പോൾ എനിക്കൊപ്പമുള്ള സംഘവും ന്യൂസ് മലയാളത്തിലെ അനഘയും ടീമും മാത്രമാണ് ശേഷിച്ചത്. റോഡിൽ നിന്ന് ഞങ്ങൾ മുന്നോട്ടുനടന്നു. വന റാണി എസ്റ്റേറ്റിലേക്കാണ് വഴി കടന്നുപോകുന്നത്. രണ്ട് കരകളെ ബന്ധിപ്പിക്കുന്നത് കൈവരിയില്ലാത്ത ഒരു സ്ലാബ് പാലമാണ്. അതിനുതാഴെ ചൂരൽമലപ്പുഴ കനത്തൊഴുകുന്നു. നേരത്തെ ഉരുൾപൊട്ടിയ ഇടം പച്ചക്കാട്ടിൽ ചുവന്ന പൊട്ടായി പാലത്തിൽ നിന്ന് കാണാം.
ദൃശ്യങ്ങളെടുത്തു തുടങ്ങുമ്പോൾ രമേഷിനൊപ്പം ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് വിജയനും മുണ്ടക്കൈ പ്രദേശത്തിൻ്റെ വ്ലോഗർ കൂടിയായ കുമാരൻ വയനാടും ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു.
ദൃശ്യങ്ങൾ എടുത്ത ശേഷം ലൈവ് കൊടുത്തു. ആദ്യം മൈക്ക് നീട്ടിയത് കുമാരൻ വയനാടിൻ്റെ മുഖത്തേക്കാണ്. അതിനുശേഷം വിജയൻ്റെയും പ്രതികരണം എടുത്തു. അതുകഴിഞ്ഞ് ഇറങ്ങുന്നതിനുമുമ്പ് ഫോണിൽ കുറച്ച് ദൃശ്യങ്ങൾ വെറുതെ പകർത്തി. പോകുന്നിടത്തെല്ലാം അൽപം ദൃശ്യങ്ങൾ എടുത്തുവയ്ക്കുക ശീലമാണ്. വനറാണി ഏലത്തോട്ടം തുടങ്ങുന്നിടത്ത് പച്ച വല കൊണ്ട് കെട്ടിയ വേലിയും, ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ അടുത്തുവന്നുനിന്ന നായ്ക്കളും, തൊട്ടടുത്ത റിസോർട്ടും വീടും എല്ലാം ഞാൻ വെറുതെ പകർത്തിയ ദൃശ്യത്തിൽ ഉൾപ്പെട്ടു. അവിടെ നിന്നിറങ്ങുമ്പോൾ രമേഷ് കുമാരൻ വയനാടിനെ ഒന്നു കൂടി പരിചയപ്പെടുത്തി. തൊപ്പി വച്ച ഒരു പാവം മനുഷ്യൻ. ഈ നാടിൻ്റെ വ്ലോഗറാണെന്നും 24 ചാനലിൽ കൂടി മൂപ്പരെ ഒന്ന് സപ്പോർട്ട് ചെയ്യണമെന്നും രമേഷ് പറഞ്ഞു. ഉറപ്പായും ഞാൻ വീണ്ടുമെത്തും എന്ന് മറുപടി നൽകി. കുമാരൻ വയനാട് എനിക്ക് കൈ തന്നു. ഞാൻ അദ്ദേഹത്തിൻ്റെ തോളിൽ തട്ടിയപ്പോൾ ഒന്ന് ചിരിച്ചു.
മടങ്ങുമ്പോൾ മുണ്ടക്കൈ ജംഗ്ഷനിൽ രമേഷും സുഹൃത്തുക്കളും ജീപ്പ് നിർത്തി. ചൂരൽമലയിലേക്ക് ഇപ്പോഴില്ല എന്നും മഴ വരുന്നുണ്ട് എന്നും പറഞ്ഞ് അവർ അവിടെ തുടർന്നു. ഞങ്ങൾ താഴേക്കിറങ്ങുമ്പോൾ മുണ്ടക്കൈ പള്ളി പിന്നിട്ട് വെള്ളയും നീലയും നിറമുള്ള കെ.എസ്.ആർ.ടി.സി ബസ് ആളെയിറക്കി തിരികെവരുന്നുണ്ടായിരുന്നു. ചൂരൽമലയിലെത്തുമ്പോൾ മഴ കനത്തു പെയ്തുകൊണ്ടിരുന്നു. മഴയായതിനാൽ സീതമ്മക്കുണ്ടിലേക്ക് പിന്നെ വരാം എന്ന് പ്രകാശനോട് പറഞ്ഞു. ബ്രിജേഷും അത് ശരിവെച്ചു.
‘‘വയനാട്ടിൽ മേപ്പാടിക്കപ്പുറം മഴ കനത്താൽ ആശങ്കയ്ക്ക് ആക്കം കൂടും. പുത്തുമല എന്ന ദുരന്ത സ്മാരകം ഇവിടെയുണ്ട്. വീണ്ടും മഴ പെയ്യുമ്പോൾ ഭീതിയോടെ കഴിയുന്ന മനുഷ്യരുടെ ഇടമാവുകയാണ് പുത്തുമല’’
ചൂരൽമലയിലെ ചായക്കടയും
ഇർഷാന എന്ന പെൺകുട്ടിയും
ചൂരൽമലയിലെത്തുമ്പോൾ ഒരു ചായ കുടി പതിവാണ്. നല്ല മഴ പെയ്യുന്നതിനാൽ ചായ മസ്റ്റെന്ന് ബ്രിജേഷ് പറഞ്ഞു. പാലം കടന്ന് ചൂരൽമല ജംഗ്ഷനിലെത്തുമ്പോൾ മഴ കനക്കുകയാണ്. കാർ ഒതുക്കി ഫ്രണ്ട്സ് ബേക്കറിയിലേക്ക് ഓടിക്കയറി. ക്യാഷ് കൗണ്ടറിൽ നിറചിരിയുമായി ഒരു കൊച്ചു പെൺകുട്ടി. പുറത്ത് കുട ചൂടി ധാരാളം ഇതര സംസ്ഥാനക്കാരായ തോട്ടം തൊഴിലാളിൾ. ഒപ്പം നാട്ടുകാരും. മൂന്ന് ചായ ഓർഡർ ചെയ്തു. താടി വച്ച ഒരു മനുഷ്യനാണ് ചായ നീട്ടിയത്. തോരാ മഴയെ ശപിച്ച് ചായ കുടിച്ചുതീർത്തു. തിരിച്ചിറങ്ങുമ്പോൾ 40 രൂപ ഗൂഗിൾ പേ ചെയ്തു. ആ പെൺകുട്ടി ചിരി മാറാതെ ആ ക്യാഷ് കൗണ്ടറിൽ തുടരുന്നുണ്ടായിരുന്നു. രമേഷിനെ ഫോണിൽ വിളിച്ചു. എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു.
നെഗറ്റീവ് വൈബും
പുത്തുമലയിലെ സൈനോഫും
ചൂരൽമലക്കാരായ യുനാഫ് കോഴിക്കോട്ടേക്ക് ആംബുലൻസുമായി പോയിരിക്കുകയാണെന്നും മടങ്ങിവരേണ്ടേ സമയമായിട്ടുണ്ടെന്നും സാലിം പൾസ് പറഞ്ഞിരുന്നു. ചൂരൽമല വിടുമ്പോൾ ഞാൻ പ്രകാശനോടും ബ്രിജേഷിനോടും, എനിക്ക് നെഗറ്റീവ് വൈബ് അടിക്കുന്നെന്നും എന്തോ അപകടം വരാനുള്ള പോലെ തോന്നുന്നു എന്നും പറഞ്ഞു. അവർ മറുപടി പറഞ്ഞില്ല. ഒരു പക്ഷെ മഴ കാണുമ്പോൾ ആ ആശങ്ക അവർക്കും ഉണ്ടായിരുന്നിരിക്കണം. മഴ നിർത്താതെ പെയ്യുകയാണ്. പുത്തുമല എത്തുമ്പോൾ ഞാൻ വണ്ടി നിർത്താനാവശ്യപ്പെട്ടു. 2019- ലെ ഉരുൾപൊട്ടൽ കാലത്തിന് സമാനമായ മഴ പെയ്ത്തെന്ന് ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ളവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ആളുകൾക്കുള്ള ആശങ്ക വാർത്തയാക്കണം എന്ന തോന്നലിലാണ് വണ്ടി നിർത്താൻ പറഞ്ഞത്. ചീഞ്ഞ മഴയെന്ന് പ്രകാശൻ ആവർത്തിച്ചു. അവിടെയിറങ്ങി മഴ കുറയാൻ കാത്ത് ഞങ്ങൾ പുത്തുമല ഉരുൾപൊട്ടൽ ഭൂമിയിലെ പാതയോരത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു. മഴ തോരാൻ ഭാവമില്ല എന്നതിനാലും ഇരുൾ വീണാൽ ദൃശ്യങ്ങളെടുക്കുക പ്രായോഗികമല്ലാത്തതിനാലും ബ്രിജേഷ് ചൂടിയ കുടക്കുതാഴെ ക്യാമറ വച്ച് പ്രകാശൻ ജോലി തുടങ്ങി.
പെട്ടെന്നാണ് ഒരു ആംബുലൻസ് മേപ്പാടി ഭാഗത്തുനിന്ന് വന്ന് പുത്തുമല കടന്നുപോയത്. അത് ഓടിക്കുന്നത് യുനാഫ് അല്ലേ എന്ന് തോന്നി. വേഗം അവൻ്റെ നമ്പറിൽ ഡയൽ ചെയ്തു. ഫോണെടുത്തപ്പോൾ അവനോട് തിരികെ വരാനാവശ്യപ്പെട്ടു. പുത്തുമല ദുരന്തഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ ഒരാളാണ് യുനാഫ്. അതിനാൽ അവൻ്റെ പ്രതികരണം പ്രധാനമെന്ന് എനിക്ക് തോന്നി. തുറന്നുവച്ച ക്യാമറയ്ക്ക് മുന്നിൽ അവൻ പറഞ്ഞുതുടങ്ങി: “2019- ലെ പുത്തുമല ഉരുൾപൊട്ടലുണ്ടായ കാലത്ത് മഴ ഇങ്ങനെയായിരുന്നു. ഇടവിട്ട് കനത്ത് പെയ്യുന്നത് ആശങ്കയാണ്.”
ആ ദുരന്ത കാലവും രക്ഷാപ്രവർത്തനവും യുനാഫ് ഓർത്ത് പറഞ്ഞു. ഇതിനുശേഷം ഞങ്ങൾ താഴേക്കിറങ്ങി. ഉരുൾപൊട്ടലിനുശേഷം അടിഞ്ഞ കൂറ്റൻ പാറകളും മണ്ണിൽ പുതഞ്ഞുപോയ കെട്ടിട ഭാഗങ്ങളും രണ്ടിടങ്ങളിൽ നിന്നായി കനത്തൊഴുകുന്ന തോടുമെല്ലാം പകർത്തി. ഇതിനിടയിൽ പ്രദേശവാസികളായ കുറെ പേർ മൈക്കിനു മുന്നിലെത്തി ആശങ്ക പറഞ്ഞു. കുത്തിയൊഴുകുന്ന തോടിനുസമീപം നിന്ന് കുട ചൂടി ഞാനൊരു സൈനോഫ് എടുത്തു.
അതിങ്ങനെയായിരുന്നു: “2019- നെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ മഴപ്പെയ്ത്ത്. അതിനാൽ തന്നെ ആശങ്കയുണ്ട് ഇന്നാട്ടുകാർക്ക്. പുത്തുമല ദുരന്തഭൂമിയിൽ നിന്ന് പ്രകാശൻ പള്ളത്തിനൊപ്പം സുർജിത് അയ്യപ്പത്ത്, 24 വയനാട്''
അർദ്ധബോധാവസ്ഥയിൽ പിടഞ്ഞെഴുന്നേറ്റു. ആ മുറിക്കുള്ളിൽ ഞാൻ പരക്കം പാഞ്ഞു. കിട്ടാവുന്ന നമ്പറിലേക്കൊക്കെ വിളിച്ചു. ഫയർഫോഴ്സ് അടക്കം ഫോൺ നമ്പർ എൻഗേജിലാണ്.
കൽപ്പറ്റയിലെ രാത്രിയും
സഹപ്രവർത്തകരുള്ള വാട്സ്ആപ്പ് ഗ്രൂപ്പും
മേപ്പാടിയിൽ നിന്ന് കൽപറ്റയിലേക്കുള്ള യാത്രയ്ക്കിടെ മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. പുത്തൂർവയൽ പ്രദേശത്തൊക്കെ വെള്ളം കയറി തുടങ്ങി. മഴ കനത്ത് തുടർന്നാൽ ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങളാണ് പുത്തൂർവയൽ. ഞങ്ങൾ കൽപ്പറ്റ ടൗണിലെത്തുമ്പോൾ മഴക്ക് കുറവില്ല. പ്രസ് ക്ലബ് റോഡിനടുത്തുള്ള സോണി കോംപ്ലക്സിൽ വിവിധ പത്രം ഓഫീസുകളുണ്ട്. അതിലെ സുഹൃത്തുക്കളെ കാണാൻ ഞാനും ബ്രിജേഷും ഇറങ്ങി. പ്രകാശൻ ഓഫീസിലേക്ക് പോയി. അവിടെയും ചർച്ച മഴയെ കുറിച്ച് തന്നെ. കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് അടക്കമുള്ള വിവരങ്ങൾ പി.ആർ.ഡി ഗ്രൂപ്പിൽ വന്നു തുടങ്ങി. ഇതിനിടയിൽ യൂനാഫിനെ ഒന്നുകൂടി വിളിച്ചു. പുത്തുമല ഭാഗത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെന്ന് യൂനാഫ് പറഞ്ഞു. പതിനൊന്നര വരെ സോണി കോംപ്ലക്സിൽ തുടർന്നു. മഴ കുറഞ്ഞപ്പോൾ ഓഫീസിലേക്ക് പോയി. അടുത്ത ദിവസം മോണിംഗ് ഷോയിലേക്കുള്ള സ്റ്റോറി ടെക്സ്റ്റ് ആക്കി വോയ്സ് അയച്ചു.
ഷെഡ്യൂൾ ചെയ്ത സ്റ്റോറി
പുത്തുമല റെയിൻ പാക്കേജ്
vo - visual - ingest
use File
ഇന്നത്തെ പുഴ Live visual കൂടി ഉപയോഗിക്കുക
വയനാട്ടിൽ മേപ്പാടിക്കപ്പുറം മഴ കനത്താൽ ആശങ്കയ്ക്ക് ആക്കം കൂടും. പുത്തുമല എന്ന ദുരന്ത സ്മാരകം ഇവിടെയുണ്ട്. വീണ്ടും മഴ പെയ്യുമ്പോൾ ഭീതിയോടെ കഴിയുന്ന മനുഷ്യരുടെ ഇടമാവുകയാണ് പുത്തുമല.
വോയ്സ്
hold old visual black and white
PTC 1
ഇവിടെ മരിച്ചത് 17 പേർ.
അഞ്ചുപേർ ഇപ്പോഴും കാണാമറയത്ത്.
byte 1 (യുനാഫ് ചൂരൽമല)
മഴ കനത്തു പെയ്യുന്നുണ്ട് പുത്തുമലയിൽ. പൊട്ടിച്ചിതറി ഒലിച്ച പാറകളും മണ്ണിൽ പുതഞ്ഞ് നിൽക്കുന്ന കൂരകളും ഇപ്പോഴും കാണാം. ജലത്താൽ മുറിവേറ്റ മനുഷ്യർ ഭീതിയോടെ കഴിയുന്നു
ബൈറ്റ്
2019 നെ ഓർമ്മിപ്പിക്കുന്ന മഴപെയ്ത്ത് എന്ന് നാട്ടുകാർ. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം മഴ കഴിഞ്ഞ ദിവസം പെയ്തത് കള്ളാടിയിലും പുത്തുമലയിലും എന്ന് കണക്കുകൾ.
byte 3
നിലമ്പൂരിലേക്ക് പതിക്കുന്ന ചാലിയാറിന്റെ കൈവഴിയായ കള്ളാടി പുഴയും ചൂരൽമല പുഴയും കുത്തിയൊലിച്ച് ഒഴുകുന്നു.
Hold ഇന്നത്തെ Live (visuals)
End PTC
കുത്തിയൊഴുകുന്ന തോടിനുസമീപം നിന്ന് കുട ചൂടി ഞാനൊരു സൈനോഫ് എടുത്തു. അതിങ്ങനെയായിരുന്നു: “2019- നെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ മഴപ്പെയ്ത്ത്. അതിനാൽ തന്നെ ആശങ്കയുണ്ട് ഇന്നാട്ടുകാർക്ക്. പുത്തുമല ദുരന്തഭൂമിയിൽ നിന്ന് പ്രകാശൻ പള്ളത്തിനൊപ്പം സുർജിത് അയ്യപ്പത്ത്, 24 വയനാട്''
ഈ സ്റ്റോറി ഓൺ എയർ പോകേണ്ടിവന്നില്ല. വൻ ദുരന്തമായിരുന്നു കാത്തിരിപ്പുണ്ടായിരുന്നത്.
12.54 ന് ഞാൻ, സഹപ്രവർത്തകരുള്ള ഒരു സൗഹൃദ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു: ഈ സമയം വരെ ഒരു പ്രശ്നവുമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഗ്രൂപ്പ് കോൾ വിളിക്കണം.
പിന്നെ ഉറങ്ങാൻ കിടന്നു.
അപ്പോഴും മഴ തകർത്തുപെയ്യുകയാണ്.
രമേഷിൻ്റെ കോൾ,
മരണം മുന്നിലെന്ന വിലാപം
ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വീഴുകയായിരുന്നു. പെട്ടെന്നാണ് പേഴ്സണൽ നമ്പർ ശബ്ദിച്ചത്. വാരണമായിരം എന്ന തമിഴ് സിനിമയിലെ പ്രിയപ്പെട്ട പാട്ടായിരുന്നു റിംഗ്ടോൺ. അതിനാൽ, കോളുകൾ വരുമ്പോൾ എനിക്കെപ്പോഴും സന്തോഷം കിട്ടാറുണ്ടായിരുന്നു. പക്ഷേ പുലർച്ച വന്ന വിളി എന്നെ ഞെട്ടിത്തരിപ്പിച്ചു. സ്ക്രീനിൽ രമേഷ് മുണ്ടക്കൈ എന്ന പേര് നിറഞ്ഞു:
“സുർജിത്തേട്ടാ, ഇവിടെ ഉരുൾപൊട്ടി. ഞങ്ങൾ ഇപ്പോൾ ഒരു വീടിൻ്റെ ടെറസിലാണ്. ഒന്നും കാണാൻ പറ്റുന്നില്ല. ആകെ ഇരുട്ടാണ്. രക്ഷിക്കണം സുർജിത്തേട്ടാ”
അർദ്ധബോധാവസ്ഥയിൽ പിടഞ്ഞെഴുന്നേറ്റു. ആ മുറിക്കുള്ളിൽ ഞാൻ പരക്കം പാഞ്ഞു. കിട്ടാവുന്ന നമ്പറിലേക്കൊക്കെ വിളിച്ചു. ഫയർഫോഴ്സ് അടക്കം ഫോൺ നമ്പർ എൻഗേജിലാണ്. ഇതിനിടയിലാണ് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയും സുപ്രഭാതം പത്രത്തിൻ്റെ ബ്യൂറോ ചീഫുമായ നിസാം വിളിക്കുന്നത്. ഭയം കലർന്ന ശബ്ദം അപ്പുറത്തുനിന്ന് കേട്ടു. പ്രകാശനെ വിളിച്ചുണർത്തി. ക്യാമറയും മറ്റു സജ്ജീകരണങ്ങളും തയ്യാറാക്കി. രമേഷിനെ ഇടയ്ക്ക് വിളിച്ചുനോക്കി, കിട്ടുന്നില്ല. ബ്രിജേഷിനെ വിളിച്ച്, തയ്യാറായി നിൽക്കാൻ പറഞ്ഞു. ക്യാമറാമാൻ മനു ദാമോദരൻ ചുരവും കടന്ന് വയനാട്ടിലേക്ക് ബൈക്കിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു. ബ്രിജേഷിന്റെ ഓഫീസിലേക്ക് പോകുമ്പോൾ കൽപറ്റയിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലായിരുന്നു. ഇതിനിടയിൽ സഹപ്രവർത്തകരായ ജനയുഗത്തിലെ ജോമോനും സിറാജിലെ ഷമീറും വിളിച്ചു. മലനാടിലെ ഇല്യാസനെ വിളിച്ചു. ഇതിനിടയിൽ ഓഫീസിൽ നിന്ന് വിളികൾ വന്നു തുടങ്ങി. ചൂരൽമല പ്രദേശത്തെ എൻ്റെ കൈവശമുള്ള ആളുകളുടെ നമ്പറുകളിലേക്കെല്ലാം വിളിച്ചുകൊണ്ടിരുന്നു. ഒരാളും ഫോൺ എടുക്കുന്നില്ല. ചില ഫോണുകൾ സ്വിച്ച് ഓഫ് ആണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാരുടെ വണ്ടിയിൽ നിസാം ഉണ്ടെന്ന് പറഞ്ഞു. പുത്തൂർ വയൽ ഭാഗത്ത് റോഡിൽ വെള്ളം കയറിയെന്നും ശ്രദ്ധിച്ചുവരണം എന്നും അവർ അറിയിച്ചു. ഇതിനിടയിൽ മനു എത്തി. കാറുമായി ഞങ്ങൾ കുതിച്ചു. പുത്തൂർവയൽ റോഡ് പുഴയ്ക്ക് സമാനമായിരുന്നു. പ്രകാശന്റെ വാഹനമോടിക്കൽ വൈദഗ്ധ്യം വീണ്ടും അനുഭവിച്ചു. ആ വഴി പോയ പല കാറുകളും റോഡരികിൽ വെള്ളക്കെട്ടിൽ കുടുങ്ങി ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്നു. പുത്തൂർവയലിലെ വെള്ളക്കെട്ടും താണ്ടി മേപ്പാടിയിലെത്തുന്നതിനുമുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന ബോർഡ് വെച്ച സംഷാദ് മരയ്ക്കാരുടെ വണ്ടി പിറകിൽ വന്നിരുന്നു. ഞാൻ ആദ്യം വിളിച്ച ആളുകളിൽ ഒരാൾ സുപ്രഭാതം പത്രത്തിലെ ഷെഫീഖ് മുണ്ടക്കൈ ആണ്. ഷെഫീക്കും മേപ്പാടിയിലെത്തി. ഞങ്ങൾ ഒന്നിച്ചാണ് യാത്ര പിന്നീട് യാത്ര തുടങ്ങിയത്.
ഭീതിയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ
എമർജൻസി എന്ന ഗ്രൂപ്പിൽ പല തരം ഓഡിയോ സന്ദേശങ്ങൾ വന്നുതുടങ്ങി. ഞങ്ങൾ മരിക്കാൻ പോകുന്നെന്നും എല്ലാം തകർന്നുവെന്നുമുള്ള വിലാപങ്ങൾ ചെവിയെ തുളച്ചു. രക്ഷിക്കണമെന്ന ആശങ്ക നിറഞ്ഞ അഭ്യർത്ഥനകൾ.
രണ്ടാഴ്ച മുമ്പ് ആന ചവിട്ടി മെതിച്ച ഒരു തോട്ടത്തിന്റെ വാർത്തയെടുക്കാൻ മേപ്പാടിയിൽ പോയിരുന്നു. ആ കുടുംബത്തിലെ ഒരു പെൺകുട്ടി എനിക്ക് മെസ്സേജ് അയച്ചു: “ചേട്ടാ, വഴിയൊക്കെ ബ്ലോക്ക് ആണ്. ശ്രദ്ധിച്ചു പോകണം. ചുളുക്ക വഴി പോയാൽ മുണ്ടക്കയിലെത്താൻ ഒരു വഴിയുണ്ട്.”
ഇതു പറഞ്ഞശേഷം ചില ഗ്രൂപ്പുകളിൽ വരുന്ന ശബ്ദസന്ദേശങ്ങൾ അവൾ എനിക്ക് ഫോർവേഡ് ചെയ്തു. എല്ലാം ഭീതി നിറഞ്ഞവ. നെഞ്ചടിപ്പിന് ആക്കം കൂടി. ശ്വാസം നിലക്കുന്ന പോലെ. മണിക്കൂറുകൾക്കു മുമ്പ് സഞ്ചരിച്ചിരുന്ന വഴികളിലൊക്കെ വെള്ളം കുതിച്ചൊഴുകുന്നു. 900 കണ്ടി റോഡ് എത്തുമ്പോൾ കള്ളാടിപ്പുഴ തീവ്രമായി ഒഴുകുന്നത് കൂരിരുട്ടിലും കണ്ടു. ആംബുലൻസുകളും വാഹനങ്ങളും ഞങ്ങളെ മറികടന്നും ഞങ്ങൾക്കൊപ്പവും കുതിച്ചു മുന്നോട്ടുപോകുന്നു. പുത്തുമലയും പിന്നിട്ട് ഇരുളിനെ മുറിച്ച് ഞങ്ങൾ ചൂരൽമല ലക്ഷ്യമാക്കി കുതിച്ചു. ഇതിനിടയിൽ വന്ന വാട്സ്ആപ്പ് മെസ്സേജുകൾ ഭീതി പകരുന്നതായിരുന്നു. എമർജൻസി ഗ്രൂപ്പിലെ താഹിർ പിണങ്ങോട് മുണ്ടക്കൈ സ്വദേശിയായ ഒരു സ്ത്രീയുടെ നമ്പറിൽ വിളിച്ചിരുന്നു. ആ സംഭാഷണം അദ്ദേഹം ഗ്രൂപ്പിൽ ഇട്ടു:
ബ്രിജേഷിന്റെ ഓഫീസിലേക്ക് പോകുമ്പോൾ കൽപറ്റയിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലായിരുന്നു. ചൂരൽമല പ്രദേശത്തെ എൻ്റെ കൈവശമുള്ള ആളുകളുടെ നമ്പറുകളിലേക്കെല്ലാം വിളിച്ചുകൊണ്ടിരുന്നു. ഒരാളും ഫോൺ എടുക്കുന്നില്ല.
“ഞാൻ അരക്കൊപ്പം ചെളിയിലാണ് നിൽക്കുന്നത്. എന്റെ മുറിയിലെ കട്ടിലും കടന്ന് ചെളിയും കല്ലും കയറിയിരിക്കുകയാണ്. എന്നെ ഇനി കണ്ടെന്ന് വരില്ല. എനിക്കുവേണ്ടി ദുആ ചെയ്യണം”.
“ഒന്നും വരില്ല നിങ്ങൾ ധൈര്യമായിരിക്കൂ ഇൻഷാ അള്ളാഹ്” - താഹിറിന്റെ മറുപടിയോടെ ഫോൺ കട്ടായി.
നേരം പുലരാതെ ചൂരൽമല;
പുലർന്നപ്പോൾ ഭയാനകം
പുലർച്ചെ നാലു മണിക്കുമുമ്പാണ് ഞങ്ങൾ ചൂരൽമലയിലെത്തുന്നത്. ഇരുൾ മാറിയിരുന്നില്ല. വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നുപോകുന്നു. വെള്ളാർമല സ്കൂളിന്റെ വഴിയിൽ വരെ ചെളി നിറഞ്ഞിരുന്നു. കല്ലും ചെളിയും ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതി. സ്കൂൾ റോഡിന്റെ ഇടതുഭാഗത്ത് വീടുകളും കെട്ടിടങ്ങളും തകർന്ന് തരിപ്പണമായ കാഴ്ച കണ്ടു. സംഷാദ് മരയ്ക്കാർ പറഞ്ഞു; “കയ്യിൽ നിന്ന് പോയിട്ടുണ്ട് കാര്യങ്ങൾ.”
നാലുമണിക്കുശേഷമുള്ള ഉരുൾപൊട്ടൽ;
വീണ്ടും രമേഷിന്റെ കോൾ
ചൂരൽമല ജംഗ്ഷനിൽ തൽസമയ സംപ്രേഷണത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിലാണ് വീണ്ടും ഉരുൾപൊട്ടി എന്നുപറഞ്ഞ് ആളുകൾ ഞാൻ നിന്ന് ഭാഗത്തേക്ക് പാഞ്ഞുവരുന്നത് കണ്ടത്. ആളുകളെല്ലാം ഭയചകിതരായി ഓടുകയാണ്. ഞാൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. എങ്ങോട്ടും മാറാതെ സ്തംഭിച്ച് നിന്നു. ഇതിനിടയിൽ നിസാം വന്നു. എന്താണ് സംഭവം എന്ന് ഫോണിൽ റെക്കോർഡ് ചെയ്യുമ്പോൾ ഞാൻ ചോദിച്ചു. വീണ്ടും ഉരുൾപൊട്ടി എന്നാണ് പറയുന്നത് - മറുപടി ഇങ്ങനെയായിരുന്നു.
രമേഷ് വീണ്ടും വിളിച്ചു; “ചേട്ടാ, മരണം മുഖാമുഖം കണ്ടുനിൽക്കുകയാണ്. ഇവിടെ വീണ്ടും ഉരുൾപൊട്ടി. ഒരു ടെറസിന് മുകളിലാണുള്ളത്. രക്ഷിക്ക് സുർജിത്തേട്ടാ”; രമേഷിൻ്റെ വാക്കുകളിലെ കനം എൻ്റെ നെഞ്ചു തകർത്തു. ഭയം കൊണ്ട് ഞാൻ വിറച്ചു. ഇതിനിടയിൽ 24 ന്യൂസിൽ തൽസമയ സംപ്രേഷണം തുടങ്ങി. വാക്കുകൾ കിട്ടാതെ തൊണ്ട കയ്ച്ചു. വെളിച്ചം വീണപ്പോൾ ഞാൻ വെള്ളാർമല സ്കൂൾ റോഡിലൂടെ തൽസമയ വിവരങ്ങൾ നൽകി മുന്നിലേക്ക് നടന്നു. ചെളിക്കുളമാണ് എല്ലായിടവും. ഒരാന്തലായിരുന്നു ഉള്ളിൽ. വെള്ളാർമല സ്കൂൾ കാണാനില്ല. അവിടെ കൂറ്റൻപാറകളും വൻമരത്തടികളും വന്നടിഞ്ഞിരിക്കുന്നു. സ്കൂൾ ഗ്രൗണ്ടും കടന്ന് കെട്ടിടങ്ങളെയും കൊന്ന് പുഴ ആർത്തലച്ച് ഒഴുകുകയാണ്. ഇതിനിടയിൽ എം.എൽ.എ ടി. സിദ്ദിഖും മേപ്പാടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് സഹദും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി റഫീക്കും തുടങ്ങി പലരെയും കണ്ടു. ഞാൻ വാർത്ത കൊടുത്തുകൊണ്ടേയിരുന്നു.
‘മോണിംഗ് ഷോ’ തുടങ്ങുമ്പോൾ ഞാൻ വെള്ളാർമല സ്കൂൾ റോഡിൻ്റെ പിറകുഭാഗത്ത് എത്തിയിരുന്നു. ശേഷിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ തല മാത്രമാണ് കാണാനുള്ളത്. ബാക്കിയെല്ലാം കൂറ്റൻ പാറകളും മരത്തടികളും ചെളിയും നിറഞ്ഞ അന്തരീക്ഷം. രക്ഷാപ്രവർത്തകർ തലങ്ങും വിലങ്ങും പായുന്നു. മരത്തടികൾക്ക് മുകളിലൂടെ ചിലർ കയറി അകത്തേക്ക് നോക്കുന്നുണ്ട്. പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. ഒരു സ്ത്രീയുടെ മൃതദേഹം പുറത്തെടുക്കുകയാണ്. പുതപ്പുകൊണ്ട് മൂടി രക്ഷാപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. അലറുന്ന ശബ്ദത്തോടെ ആംബുലൻസ് കുതിച്ചു. ആ ഒന്നിൽ നിൽക്കുന്ന ഒന്നായിരുന്നില്ല ആ കാഴ്ച. മൃതദേഹങ്ങൾ ഒന്നിനുപിറകെ ഒന്നായി പുറത്തെടുത്തുകൊണ്ടിരുന്നു. ഓർത്തത് മണിക്കൂറുകൾക്കു മുമ്പ് കണ്ട മനുഷ്യരെയാണ്. തൽസമയ സംപ്രേഷണത്തിനിടയിൽ എനിക്ക് വാക്കുകളിടറി. വാർത്ത മുഴുപ്പിക്കാനാകാതെ ഞാൻ ഉള്ളുകൊണ്ട് കരഞ്ഞു. രമേഷിനെ വിളിച്ചു, യുനാഫിനെ വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. ഇതിനിടയിൽ മറുതലയ്ക്കൽ ലൈവ് നൽകിക്കൊണ്ടിരുന്നു.
കാണുന്നിടത്തെല്ലാം മൃതദേഹങ്ങൾ എടുക്കുകയാണ് രക്ഷാപ്രവർത്തകർ. കുഞ്ഞു തുണിപ്പൊതികളും കൂട്ടത്തിലുണ്ട്. നടുക്കം പകരുന്ന കാഴ്ചകളുടെ പരമ്പര. ഏറ്റവും വലിയ നാശം മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലയിലാണെന്ന് വിവരം വന്നു. അവിടേക്കുള്ള പാലത്തിൻ്റെ സ്ഥാനത്ത് പുഴ കനത്ത് ഒഴുകുകയാണ്.
“ചേട്ടാ, മരണം മുഖാമുഖം കണ്ടുനിൽക്കുകയാണ്. ഇവിടെ വീണ്ടും ഉരുൾപൊട്ടി. ഒരു ടെറസിന് മുകളിലാണുള്ളത്. രക്ഷിക്ക് സുർജിത്തേട്ടാ”; രമേഷിൻ്റെ വാക്കുകളിലെ കനം എൻ്റെ നെഞ്ചു തകർത്തു. ഭയം കൊണ്ട് ഞാൻ വിറച്ചു. ഇതിനിടയിൽ 24 ന്യൂസിൽ തൽസമയ സംപ്രേഷണം തുടങ്ങി. വാക്കുകൾ കിട്ടാതെ തൊണ്ട കയ്ച്ചു.
മറുകരയിലെത്താൻ ഒരു വഴിയുമില്ല. അപകടാവസ്ഥയെ കുറിച്ച് ആർക്കും ഒരു തിട്ടവുമില്ല. സർക്കാർ സംവിധാനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും ഇടപെടൽ എല്ലാം തകർത്ത് ഒഴുകുന്ന പുഴയുടെ ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങി. ക്യാമറാകണ്ണുകളിൽ നടുക്കുന്ന ദൃശ്യങ്ങൾ തുടർച്ചയായി. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, നിലം പൊത്തിയത്, പാതി തകർന്നത്, ചെളിയും കൂറ്റൻ പാറകളും നിറഞ്ഞത്, മരത്തടികൾ വന്നടിഞ്ഞത്. അങ്ങനെയങ്ങനെ കാണാൻ കഴിയാത്ത കാഴ്ചകളുടെ തുടർച്ച. ഇടയ്ക്ക് മൃതദേഹങ്ങൾ എടുക്കുകയും ആംബുലൻസുകളിലേറി പോകുന്നതും കണ്ട് മനസ് മരവിച്ചു.
എവിടെയാകും തലേനാൾ കണ്ടവർ?
ചിലപ്പോൾ സങ്കടമടക്കാൻ കഴിഞ്ഞില്ല. മാറിനിന്ന് ആരും കാണാതെ ഞാൻ പൊട്ടിക്കരഞ്ഞു. തലേന്നാൾ കണ്ട മനുഷ്യർ എവിടെയാകും എന്ന ചിന്ത അലട്ടി. രമേഷ്, യുനാഫ്, വിജയേട്ടൻ, പ്രശാന്തേട്ടൻ, കുമാരൻ വയനാട് അങ്ങനെയങ്ങനെ എനിക്ക് പെട്ടെന്ന് പരിചിതരായ മനുഷ്യർ എവിടെയാകും?
രാവിലെ ഒമ്പതോടെ ഒരു കോൾ വന്നു. ഫോണിന്റെ സ്ക്രീനിൽ രമേഷ് മുണ്ടക്കൈ എന്ന് എഴുതിക്കാട്ടി. എന്റെ നെഞ്ചിൽ ഒരു ആന്തൽ. വേഗം ഫോൺ എടുത്തു. രമേഷ് മറുതലയ്ക്കൽ കരഞ്ഞുകൊണ്ട് പറഞ്ഞു; “രക്ഷപ്പെട്ടു സുർജിത്തേട്ടാ, രക്ഷപ്പെട്ടു. വീട് പോയി. ഒരു ടെറസിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇപ്പോൾ നീലി കാപ്പിലെ ക്യാമ്പിലുണ്ട്’’, അവൻ കരഞ്ഞു. എനിക്ക് അധികം സംസാരിക്കാൻ കഴിഞ്ഞില്ല. മഴ സങ്കടപെയ്ത്തായി തുടരുന്നതിനിടെ രമേഷും കുടുംബവും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം മാത്രം.
വെള്ളാർമല സ്കൂൾ റോഡ് പൂർണമായും തകർന്നിരുന്നു. ദുരന്തം നടന്ന മേഖലയിലൂടെ ഞങ്ങൾ നടന്നു. കൂറ്റൻ പാറകളാണ് വന്നടിഞ്ഞിരിക്കുന്നത്. താഴ്ന്നു പോകുന്ന ചതുപ്പിനെ ഭേദിച്ചാണ് ഞങ്ങളുടെ യാത്ര. അതി സങ്കീർണമായ ദൗത്യമായിരുന്നു, ദൃശ്യങ്ങളും വാർത്തകളും പുറത്തേക്ക് എത്തിക്കൽ. ഇതിനിടെ കൂടുതൽ സഹപ്രവർത്തകർ എത്തിച്ചേർന്നു. പലയിടങ്ങളിൽ നിന്നായി തത്സമയ സംപ്രേഷണം തുടർന്നു. പാലം തകർന്നതിനാൽ അട്ടമലയിലേക്കും മുണ്ടക്കൈയിലേക്കുള്ള വഴി അടഞ്ഞിരുന്നു. ആദ്യദിവസം രക്ഷാപ്രവർത്തകർക്കുപോലും മറുകരയെത്താൻ സാധിച്ചില്ല. ഫയർഫോഴ്സ് കൂലം കുത്തിയൊഴുകുന്ന ചൂരൽമല പുഴക്കു കുറുകെ ഒരുക്കിയ സിപ് ലൈനിലൂടെ മറുകരയിലേക്ക് മരുന്നും ഭക്ഷണവും എത്തിച്ചു. പക്ഷേ മറുകരയിൽ നിന്ന് എത്തിയതെല്ലാം ശവശരീരങ്ങളായിരുന്നു. കുരുന്നുകളുടെ തുണിപ്പൊതികൾ അസഹനീയതയായിരുന്നു. ഞാൻ എൻ്റെ മകനെ ഓർത്തു, മുഖം പൊത്തിക്കരഞ്ഞു. ആരും അത് കാണുന്നില്ല എന്ന് ഉറപ്പുവരുത്തി. നെഞ്ചു പൊട്ടിപ്പോകുന്ന വേദന പ്രകടിപ്പിക്കാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന അവസ്ഥ അനുഭവിക്കുകയായിരുന്നു.
കാൽനടയായി പോകാൻ താൽക്കാലിക പാലം; പ്രതീക്ഷയുടെ ബെയ്ലി പാലം
സൈനികരെത്തിയതോടെ മറുകരയെ ബന്ധിപ്പിക്കാൻ താൽക്കാലിക പാലം സജ്ജമാക്കി. കുത്തിയൊലിക്കുന്ന പുഴയിൽ കാൽനടയായി ഒരു ഭാഗത്തേക്ക് ഒരേസമയം പോകാൻ കഴിയുന്ന പാലം. അതുവഴി ഞങ്ങൾ മാധ്യമപ്രവർത്തകർ മറുകരയിലേക്ക് കടന്നു. കൊച്ചിയിൽ നിന്നുള്ള ശ്രീകാന്ത് എന്ന പ്രവർത്തകനും മലപ്പുറത്തുനിന്നും വന്ന മുനീഫ് എന്ന ക്യാമറാമാനുമൊപ്പമാണ് ഞാൻ മറുകര താണ്ടിയത്.
മൂന്ന് കിലോമീറ്റർ നടക്കാനുണ്ട് മുണ്ടക്കൈയിലേക്ക്. ദുരന്തത്തിന്റെ തലേന്നാൾ സഞ്ചരിച്ച അതേ വഴിയിലൂടെ നടന്നു. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള പാതയുടെ ഒരു ഭാഗം പോറലില്ലാതെ നിൽക്കുന്നു. എന്നാൽ മറുഭാഗമോ, തകർന്നടിഞ്ഞ് തരിപ്പണം. സെന്റിനെൻ്റൽ റോക്കിന് സമീപം വരെ ഉരുൾ കൊണ്ടുപോയിരിക്കുന്നു. അതിനുശേഷമുള്ള പാടികൾ, തേയില ഫാക്ടറിയുടെ ഒരു ഭാഗം, വീടുകൾ ഒന്നും കാണുന്നില്ല. എല്ലായിടത്തും ശോണരേഖയായി ഒഴുകി തിമിർക്കുന്ന ചൂരൽമലപ്പുഴ. അല്പം കൂടി മുന്നോട്ടുനടന്നപ്പോൾ കണ്ടത് പൂർണ്ണമായും തകർന്ന മുണ്ടക്കൈ സ്കൂൾ. അതിന്റെ തൊട്ടടുത്തുനിന്നുവരെ മൃതദേഹങ്ങൾ മാന്തി എടുക്കുന്നുണ്ട്.
സീതമ്മക്കുണ്ട്;
ഓർമ്മകളിലെ വെള്ളച്ചാട്ടം
മുണ്ടക്കൈ സ്കൂൾ പിന്നിടുമ്പോൾ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കാണാനില്ലായിരുന്നു. വെള്ളച്ചാട്ടത്തിനുപകരം അവിടെ കൂറ്റൻപാറകൾ വന്നടിഞ്ഞത് കണ്ടു. ചെളി നിറഞ്ഞിരുന്നു, എല്ലായിടത്തും. നീന്തിത്തുടിച്ച സീതമ്മക്കുണ്ട് അങ്ങനെ ഓർമ മാത്രമായി മാറുകയാണ്. അല്പം കൂടി മുകളിലേക്കെത്തുമ്പോൾ തലേദിവസം കണ്ട മുണ്ടക്കൈ ജംഗ്ഷൻ തകർന്നടിഞ്ഞിരിക്കുന്നു. മുകളിൽ നിന്ന് അടർന്നെത്തിയ കൂറ്റൻപാറ റോഡുണ്ടായിരുന്ന പ്രദേശത്തിന്റെ ഒരറ്റത്ത് ചേർന്ന് നിൽപ്പുണ്ട്. അതിനടുത്ത് പാതി തകർന്ന മുസ്‍ലിം പള്ളി. തൊട്ടുമുന്നിലായി ഏതു നിമിഷവും നിലംപൊത്താൻ നിൽക്കുന്ന അസ്ഥിപഞ്ചരമായ കെട്ടിടങ്ങൾ. മൃതദേഹങ്ങൾ ഒന്നിനു പുറകെ ഒന്നായി കണ്ടെത്തിക്കൊണ്ടിരുന്നു. പുഴ കടന്ന് രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾക്കുമാത്രമാണ് ഇവിടെ എത്താൻ കഴിഞ്ഞിട്ടുള്ളത്.
മുണ്ടക്കൈ ജംഗ്ഷനിൽ നിന്ന് പുഞ്ചിരിമട്ടത്തേക്ക് തലേദിവസം പോയ റോഡ് ഇല്ല. അവിടെയെല്ലാം പാറകളും ചളിയും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. യാത്ര സാധ്യമല്ലാത്ത വിധം ചെളിക്കൂമ്പാരം. മുണ്ടക്കൈയെ പൂർണ്ണമായും ഉരുൾ വിഴുങ്ങി. പാറകളെയും തടികളെയും ചെളിയെയും വഹിച്ച വെള്ളം കുത്തിയൊലിച്ചതിൻ്റെ അടയാളം പുഴക്കരയിൽ കാണാം. എത്ര ഉയരത്തിലാണ് വെള്ളം എത്തിയിരിക്കുന്നത് എന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഏതു വിധേനയും പുഞ്ചിരിമട്ടത്തേക്ക് എത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഉരുൾപൊട്ടിയ പ്രഭവ കേന്ദ്രത്തിന് സമീപത്തെത്തി തത്സമയവിവരങ്ങൾ നൽകണം. അതിനായി ഞങ്ങൾ ട്രീ വാലി റിസോർട്ടിന്റെ വഴിയിലൂടെ പുഞ്ചിരിമട്ടത്തേക്ക് യാത്ര തുടങ്ങി. തേയില തോട്ടങ്ങൾ പിന്നിട്ട് പുഞ്ചിരിമട്ടത്തെത്തുമ്പോൾ പാറകളെ തള്ളി നീക്കി, മരത്തടികൾ മാറ്റി മനുഷ്യരെ തേടുകയായിരുന്നു ചിലർ. ചലനമറ്റ ശരീരങ്ങൾ ഇതിനകം ഇവിടെ നിന്ന് പലകുറി പോയിട്ടുണ്ട്.
തുടച്ചുനീക്കപ്പെട്ട പുഞ്ചിരിമട്ടം;
ശേഷിക്കുന്നത് ഏലത്തോട്ടത്തിലെ
പച്ച വല മതിൽ മാത്രം
പുഞ്ചിരിമട്ടത്ത് എത്തുമ്പോൾ, ഉണ്ടായിരുന്ന അടയാളങ്ങൾ ബാക്കിയില്ല. ട്രീവാലി റിസോർട്ട് റോഡിൽനിന്ന് താഴേക്കിറങ്ങുമ്പോൾ സന്നദ്ധ പ്രവർത്തകർ തിരച്ചിൽ തുടരുകയായിരുന്നു. പുഞ്ചിരിമട്ടം എന്നു പറയാൻ ഒന്നും ശേഷിച്ചിരുന്നില്ല. വീടുകളൊക്കെ ചിന്നിച്ചിതറിയിരുന്നു. ചെളിക്കുളം താണ്ടി യാത്ര തുടർന്നു. ഇടയ്ക്കിടെ തൽസമയ വിവരങ്ങൾ പ്രേക്ഷകർക്കായി കൈമാറി. നിലംപൊത്തിയ വീടുകളുടെ മേൽക്കൂരകളിൽ ചവിട്ടി മുകളിലേക്ക് യാത്ര തുടർന്നു. വലതുഭാഗത്ത് അടർന്നുവീണ കൂറ്റൻപാറകളിൽ തട്ടി ചൂരൽമലപ്പുഴ അട്ടഹസിച്ചൊഴുകുന്നു. ഞങ്ങളുടെ ലക്ഷ്യം ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം തന്നെയായിരുന്നു. നടന്നുനടന്ന് ഒടുവിൽ വനംവകുപ്പിന്റെ സൂചനാ ബോർഡിനു മുന്നിലെത്തി. അതും കഴിഞ്ഞാൽ ഒരു ആദിവാസി സെറ്റിൽമെൻറ് ഉണ്ട്. അവിടെ നടക്കാനുള്ള വഴി അവസാനിക്കുകയാണ്. അവിടെ നിന്നാൽ പൊട്ടിയടർന്ന മല കൃത്യമായി കാണാം. ഞങ്ങൾ അവിടെനിന്ന് തൽസമയം വാർത്ത നൽകി.
ഉരുൾപൊട്ടലുണ്ടായ പ്രഭവകേന്ദ്രത്തിന്റെ ആഴം കാണാനേ കഴിഞ്ഞില്ല. കോടമഞ്ഞ് പൊതിയും മുമ്പ് ഞങ്ങൾ തൽസമയ സംപ്രേഷണം പൂർത്തിയാക്കി. ഇടയ്ക്കുവച്ച് പോലീസ് സംഘം, അവിടെ സുരക്ഷിതമല്ലാത്തതിനാൽ വേഗം ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. മഴ തുടങ്ങിയതോടെ ഞങ്ങൾ വേഗത്തിൽ താഴേക്കിറങ്ങി. പുലർച്ചെ നാലുമണിയോടെ കൽപറ്റ ഓഫീസിൽനിന്ന് ഇറങ്ങും, രാത്രി പതിനൊന്നാകും ഓഫീസിലെത്താൻ. അതിനാൽ തന്നെ മുട്ടറ്റം വരെ എത്തുന്ന ഗം ബൂട്ട് വാങ്ങാൻ സാധിച്ചില്ല. ചെരുപ്പ് ചെളിയിൽ കുടുങ്ങി പലപ്പോഴും വീണുപോകുന്ന അവസ്ഥ ഈ യാത്രയിലുടനീളമുണ്ടായിട്ടുണ്ട്.
പുഞ്ചിരിമട്ടത്തെ സുൽഫിയുടെ വീട്; ഉരുൾപൊട്ടലിനു മണിക്കൂറുകൾക്കുമുമ്പ്
കണ്ട നായ്ക്കൾ
ഉരുൾപൊട്ടലിനെ അതിജീവിച്ച അപൂർവ്വം ചില വീടുകളിൽ ഒന്നാണ് സുൽഫിക്കറിന്റേത്. സന്നദ്ധ പ്രവർത്തകർ നൽകിയ ഉച്ചഭക്ഷണം ആ വീടിന്റെ മുന്നിലിരുന്നാണ് ഞങ്ങൾ കഴിച്ചത്. പുഞ്ചിരിമട്ടത്തെ തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ സുൽഫി എത്തി. ഉരുൾപൊട്ടലിന്റെ തൊട്ടുമുമ്പ് ഞങ്ങൾ ചൂരൽ മലയിലും പുഞ്ചിരിമട്ടത്തുമെത്തിയത് സുൽഫി കണ്ടിരുന്നു. സുൽഫിയുടെ വീടിന്റെ മുന്നിലൂടെയാണ് ഞങ്ങൾ പുഞ്ചിരിമട്ടത്തെ പാലത്തിലെത്തിയത്. തലേദിവസം ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വീണ്ടും നോക്കി. അപ്പോഴാണ് വനറാണി എസ്റ്റേറ്റിന്റെ ഓരത്തുള്ള പച്ച വലമതിൽ കണ്ണിലുടക്കിയത്. പുഞ്ചിരിമട്ടത്തെയും വനറാണി എസ്റ്റേറ്റിനേയും ബന്ധിപ്പിക്കുന്ന പാലം കടന്നുപോകുമ്പോഴാണ് ആ പച്ച വലമതിൽ. ചിതറിത്തെറിച്ച് ചുവന്നു പോയ ഗ്രാമത്തിൻ്റെ ഓരത്ത് ശേഷിക്കുന്നത് ആ വലമതിൽ മാത്രം.
ഇവിടെ ഇങ്ങനെ ഒരു നാട് ഉണ്ടായിരുന്നെന്ന് ഓർമ്മിപ്പിക്കുന്നത് ആ വലമതിൽ മാത്രമായിരുന്നു. തലേദിവസം ഞങ്ങളോട് സംസാരിച്ച സുമേഷ്, കുമാരൻ വയനാട്, അവരുടെ കുടുംബാംഗങ്ങൾ… എല്ലാവരെയും ഉരുൾ കവർന്നു എന്ന് സുൽഫി പറഞ്ഞു. പെട്ടെന്നാണ് ചില നായ്ക്കൾ എൻ്റെ ശ്രദ്ധയിലുടക്കിയത്. വീണ്ടും ഫോൺ പരിശോധിച്ചു. അത് അവർ തന്നെ. സന്നദ്ധ പ്രവർത്തകർ കഴിക്കുന്ന ഭക്ഷണത്തിൻ്റെ പങ്കു പറ്റി നടക്കുന്ന അവർ യജമാനന്മാരെ തിരയുന്നുണ്ടായിരുന്നു. ഇടയ്ക്ക് സങ്കടം തോന്നുന്ന ശബ്ദത്തിൽ തുടർച്ചയായി ഓരി ഇടുന്നു. സുമേഷിന്റെ വീടിനടുത്തുള്ള നായ്ക്കളാണിത് എന്ന് സുൽഫി പറഞ്ഞു. ഇവരായിരുന്നു പുഞ്ചിരിമട്ടത്ത് ഞങ്ങൾ ദൃശ്യങ്ങൾ പകർത്തുമ്പോൾ തൊട്ടരികിൽ വാലാട്ടി വന്നു നിന്നത്. ഇനിയും തിരിച്ചുവരാത്ത മനുഷ്യരെ പ്രതീക്ഷയോടെ തേടുകയാണ് ഈ നായ്ക്കൾ എന്ന് തോന്നി. ഈ ഗ്രാമം ഉണ്ടായിരുന്നു എന്ന് ഓർമ്മിക്കാൻ ഏലക്കാടിനെ വേർതിരിക്കുന്ന വല മതിലും ഈ നായ്ക്കളും മാത്രം ശേഷിക്കുന്നു.
ആ പെൺകുട്ടിയുടെ വാട്സ്ആപ്പ് സന്ദേശം;. ഭർത്താവിനെ കാണുന്നില്ല, വിളിച്ചിട്ട് കിട്ടുന്നില്ല…
ചൂരൽമലയിലേക്കുള്ള റോഡ് ബ്ലോക്കാണെന്നും ചുളുക്ക വഴി അവിടേക്കെത്താം എന്നും പറഞ്ഞ് ആ പെൺകുട്ടി ഇടയ്ക്കിടെ മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നു. അവളുടെ ഭർത്താവിനെയും ഭർത്താവിന്റെ അച്ഛനെയും വിളിച്ചിട്ട് കിട്ടുന്നില്ല എന്നായിരുന്നു അവൾ പറഞ്ഞത്. അവരുടെ ഫോട്ടോകൾ എനിക്ക് അയച്ചു തന്നു. അത് ക്യാമ്പുകളിലേക്ക് നൽകാനാവശ്യപ്പെട്ടു.
എനിക്കറിയാവുന്ന ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ ഷെയർ ചെയ്തു. പക്ഷേ ഒരു വിവരവും ഇല്ല. ഒടുവിൽ അവളുടെ അനിയത്തി എന്നെ വിളിച്ചു, ചേട്ടൻ്റെ മൃതദേഹം ചാലിയാറിൽ നിന്ന് കിട്ടിയെന്നും തിരിച്ചറിഞ്ഞെന്നും പറഞ്ഞ്. ഞാൻ നടുങ്ങി. അന്ന് ആന ഇറങ്ങിയ വിഷയം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അവളുടെ കയ്യിൽ മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞു കുട്ടി ഉണ്ടായിരുന്നു. അതെല്ലാം ഓർത്ത് ഭ്രാന്തമായ അവസ്ഥയിലേക്ക് മാറുകയായിരുന്നു ഞാൻ. ഇതിനിടെ മീഡിയ വണ്ണിൽ നിഷാദ് റാവുത്തർ ഒരു വാർത്ത ചെയ്തു. തെരച്ചിലിനിടെ കണ്ടെത്തിയ ഒരു കത്ത് ആയിരുന്നു അത്.
“എൻ്റെ അവസാനശ്വാസം വരെ നിൻ്റെ പേര് മാഞ്ഞു പോകില്ല” എന്നായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.
മീഡിയ വൺ കത്ത് വെച്ച് ഒരു കാർഡ് ചെയ്തു. ആ കാർഡ് അവൾ എനിക്ക് ഷെയർ ചെയ്തു: “ചേട്ടാ, ഈ കത്തെങ്കിലും എനിക്ക് കിട്ടുമോ, ഇത് ഞങ്ങളുടെ ആണ്.”
ഞാൻ തകർന്നുപോയി. നിഷാദ് റാവുത്തറോട് ചോദിച്ചു. ഒരുപക്ഷേ അത് മഴയിൽ കുതിർന്നു പോകാൻ സാധ്യതയുണ്ടെന്ന് നിഷാദ് പറഞ്ഞു. വീണ്ടെടുക്കാൻ കഴിയാത്തവിധം ആ കത്തും അങ്ങനെ ഓർമ്മയായി. ഇതിനുശേഷം ആ കുട്ടിയുടെ സന്ദേശങ്ങൾ വന്നില്ല. അവൾക്കും കുടുംബത്തിനും അതിജീവിക്കാൻ കഴിയട്ടെ. ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. എങ്ങനെ കണ്ണടച്ചാലും ഓർമ്മകൾ ഇരുമ്പുകയാണ്. ദുഃസ്വപ്നങ്ങളുടെ വേലിയേറ്റം എൻ്റെ മനോനിലയെ തകർക്കുകയാണ്. പിടിച്ചുനിൽക്കാൻ പെടാപ്പാട് പെട്ടു. അടച്ചിട്ട മുറിയിൽ കിടന്ന് ഞാൻ ആർത്തുകരഞ്ഞു.
“എൻ്റെ അവസാനശ്വാസം വരെ നിൻ്റെ പേര് മാഞ്ഞു പോകില്ല” എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.
വിജയൻ, വ്ലോഗർ യുവതി -
അതിജീവന സ്വപ്നങ്ങൾ
ബെയിലി പാലത്തിൻ്റെ നിർമാണം ഇതിനകം സൈന്യം പൂർത്തിയാക്കി. കൂടുതൽ രക്ഷാപ്രവർത്തകരും വാഹനങ്ങളും മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. നിർമാണം പൂർത്തിയായ ആ ദിവസം സന്ധ്യാസമയത്താണ് വിജയനെ കണ്ടുമുട്ടുന്നത്. പുഞ്ചിരിമട്ടത്തെ പാലത്തിനു മുകളിൽ നിന്ന് തലേദിവസം എന്നോട് ആശങ്ക പങ്കുവെച്ച വിജയന് ജീവൻ തിരിച്ചുകിട്ടി. ആ അനുഭവങ്ങൾ വിജയൻ പങ്കുവെച്ചു. എന്നോട് പ്രതികരിച്ച പ്രശാന്ത് സുരക്ഷിതനാണ് എന്നു പറഞ്ഞു. പുഞ്ചിരിമട്ടത്ത് ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ വ്ളോഗറായ ഒരു യുവതിയും ഭർത്താവും ഞങ്ങളെ പകർത്തുന്നുണ്ടായിരുന്നു.
എൻ്റെ നിയന്ത്രണം വിട്ടുപോയി. ആൾക്കൂട്ടത്തെ മാനിക്കാതെ ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു. രമേഷിനെ കെട്ടിപ്പിടിച്ചു. കരച്ചിൽ വറ്റിയ അവൻ നിശ്ശബ്ദനായി എനിക്കു മുന്നിൽ വന്നു നിന്നു.
അവരുടെ വ്ലോഗിൽ ആശങ്ക തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. അവരെക്കുറിച്ച് സിദ്ദിഖ് എന്ന കൽപറ്റ സ്വദേശിയായ യുവാവ് എനിക്ക് വിവരങ്ങൾ തന്നു. അലക്സ് റാം മുഹമ്മദ് അവരെ കുറിച്ച് വാർത്ത ചെയ്തു. തലേദിവസം അവർ എത്തിയത് വ്ലോഗ് ചെയ്യാനായിരുന്നില്ല, അവരുടെ ബന്ധുക്കളെ അപകടസാധ്യത മുന്നിൽക്കണ്ട് മാറ്റുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. വീട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്നെങ്കിലും ബന്ധുക്കളുടെ ജീവൻ രക്ഷിക്കാനായി എന്നതിൽ ആശ്വാസം.
മുന്നിൽ രമേഷ്, ആൾക്കൂട്ടത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഞാൻ…
ചുരൽമല കാരുണ്യ റെസ്ക്യൂ ടീം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയാണ്. അവരുടെ ഓഫീസിൻ്റെ മുകൾഭാഗമാണ് ഞങ്ങൾ ക്യാമ്പ് ഓഫീസാക്കി മാറ്റിയത്. അവിടെനിന്ന് ഒരു വാർത്തയെടുക്കാൻ താഴേക്കിറങ്ങി. ഉച്ച നേരം. പെട്ടെന്നാണ് മുന്നിൽ രമേഷ് എത്തിയത്. തലേദിവസം എന്നെ എല്ലായിടത്തും കൂട്ടിക്കൊണ്ടുപോയ, ഉരുൾപൊട്ടൽ വിവരം ആദ്യമായി അറിയിച്ച, മരണം മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രമേഷ്. എൻ്റെ നിയന്ത്രണം വിട്ടുപോയി. ആൾക്കൂട്ടത്തെ മാനിക്കാതെ ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു. രമേഷിനെ കെട്ടിപ്പിടിച്ചു. കരച്ചിൽ വറ്റിയ അവൻ നിശ്ശബ്ദനായി എനിക്കു മുന്നിൽ വന്നു നിന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ എളംകുളം എത്തിയത്. അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു. ക്യാമറ തുറന്നപ്പോൾ അനുഭവങ്ങൾ ഒന്നൊന്നായി രമേഷ് പറഞ്ഞു. രക്ഷപ്പെടൽ അത്രമാത്രം അത്ഭുതകരമായിരുന്നു. വീണ്ടും ജീവിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഉറ്റവരെല്ലാം പോയി. അടുത്ത സുഹൃത്തുക്കൾ പോയി. വീടുപോയി. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് എങ്ങനെ ജീവിതം തുടങ്ങും എന്ന് പകച്ചുനിൽക്കുന്ന രമേഷിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും.
സൂചിപ്പാറയും ചാലിയാറും; മൃതദേഹങ്ങളൊഴുകുന്ന ജലപ്രവാഹം
സൂചിപ്പാറയിൽ കുടുങ്ങിപ്പോയ രക്ഷാപ്രവർത്തകരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം നടക്കുന്നു എന്നറിഞ്ഞാണ് അവിടേക്ക് പോയത്. വെള്ളച്ചാട്ടത്തിനടുത്തേക്ക് നടന്നു. ചൂരൽമലയിലെ മനുഷ്യരെ കിട്ടിയത് ഈ വെള്ളച്ചാട്ടത്തിനു താഴെ നിന്നാണ്. കാന്തൻപാറയിലും സൂചിപ്പാറയിലും കുത്തൊഴുക്കിൽ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ ചാലിയാറിനെ മൃതവാഹിനിയാക്കി മാറ്റിയിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ചുവന്നൊഴുകി പതിച്ചു കടന്നുപോകുന്ന സൂചിപ്പാറ വെള്ളച്ചാട്ടം ഭീതി നിറയ്ക്കുകയാണ്. വേഗം അവിടെനിന്ന് മുകളിലേക്ക് കയറി. ഇതിനിടയിൽ ഹെലികോപ്റ്ററിൽ രണ്ടുപേരെ എയർ ലിഫ്റ്റ് ചെയ്തു. ഒരാൾ രക്ഷാപ്രവർത്തകർക്കൊപ്പം നടന്ന് സൂചിപാറയ്ക്ക് അടുത്തെത്തി.
ജീവൻ്റെ തുടിപ്പ്, മണ്ണിൽ പരിശോധന; അതിസങ്കീർണമായ റിപ്പോർട്ടിംഗ്
മുണ്ടക്കൈ പള്ളിയുടെ അടുത്തുള്ള വീടിനോടുചേർന്ന് സ്വകാര്യ ഏജൻസി നടത്തിയ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് ഞാനും മനുവും ചൂരൽമലയിൽ നിന്ന് അവിടേക്ക് പാഞ്ഞു. ആ ഏജൻസി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് യന്ത്രസഹായത്താലും അല്ലാതെയും തിരച്ചിൽ തുടരുകയായിരുന്നു. അവിടെയെത്തുമ്പോൾ കാലുകൾ ചെളിയിൽ പൂണ്ടു.
മറ്റൊരാളുടെ സഹായമില്ലാതെ പുറത്തേക്ക് കടക്കാനാവില്ല എന്ന ബോധ്യം വന്നു. ആ പൂണ്ട ചെളിയിൽ നിലയുറപ്പിച്ച് മനു ദൃശ്യങ്ങൾ പകർത്തി. ഞാൻ വിവരങ്ങൾ ലൈവായി നൽകി. വീടിന്റെ പിറകിലുള്ള റോഡിലെ കലുങ്കിലായിരുന്നു പരിശോധന. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കലുങ്കിനടിയിലേക്ക് നൂണ്ടുപോയി പരിശോധന നടത്തുന്നത് കണ്ടു. കൂടുതൽ യന്ത്രങ്ങളെത്തിച്ച് പരിശോധന രാത്രി വരെ തുടർന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ജീവൻ്റെ തുടിപ്പ് ശേഷിക്കുന്നില്ല എന്ന് കാണാതായവരുടെ ബന്ധുക്കൾ തന്നെ തുറന്നുപറഞ്ഞു. ഇതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ചെളി മുട്ടുവരെയെത്തുന്ന ഇടത്തിൽ നിന്ന് കാൽ വലിച്ചൂരിയപ്പോൾ കല്ലുകൾ തറഞ്ഞ് കോറിയിരുന്നു. ചോരയും ചെളിയും കലർന്ന കാൽ വച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ റിപ്പോർട്ടിംഗ്.
പൊതു ചർച്ചകൾ;
അതിജീവിക്കുന്ന വയനാട്
എസ്. വിജയകുമാറും ഗോപീകൃഷ്ണനും ഹാഷ്മി താജ് ഇബ്രാഹിമും ഒക്കെ റിപ്പോർട്ടിങ്ങിനായി ഇവിടെയെത്തിയിരുന്നു. എനിക്ക് അവർ ആശ്വാസമായി. എൻ്റെ കോൺഫിഡൻസ് ലെവൽ താഴ്ന്നുപോകുമ്പോഴൊക്കെ അവരുടെ സാന്നിധ്യം കരുത്തായി. ഞങ്ങൾ ഒന്നിച്ചാണ് ആദ്യദിനങ്ങളിൽ ക്യാമ്പുകളിലേക്ക് പോയത്. അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകുകയായിരുന്നു ഞങ്ങൾ. മഹാസങ്കടങ്ങളുടെ കടലായിരുന്നു ഞങ്ങൾക്കു മുന്നിൽ. ഉറ്റവരെ നഷ്ടപ്പെട്ടവർ, വീടുകൾ നഷ്ടപ്പെട്ടവർ, പണിയിടങ്ങൾ നഷ്ടപ്പെട്ടവർ, ഒറ്റ രാത്രികൊണ്ട് ശൂന്യതയിലായ മനുഷ്യർ. മറുപടി പറയാൻ കഴിയാതെ ഞങ്ങൾ സ്തംഭിച്ചു നിൽക്കേണ്ടിവന്നു. രാത്രി ഏഴ് മുതൽ ഒമ്പത് വരെ മൂന്ന് ദിവസം മേപ്പാടി ടൗണിൽ ഞങ്ങൾ പൊതു ചർച്ച സംഘടിപ്പിച്ചു. അതിൽ വന്ന മനുഷ്യർ അനുഭവങ്ങൾ പറഞ്ഞു. അതിജീവിക്കാനാകാത്ത വിധം എല്ലാം തകർന്നുപോയ മനുഷ്യർക്ക് ഞങ്ങൾ പ്രതീക്ഷ നൽകി. അവർക്ക് ആത്മവിശ്വാസം പകർന്നു
ചൂരൽമലയിലെ ഫ്രണ്ട്സ് ബേക്കറിയും ഇർഷാനയുടെ നിറചിരിയും
എൻ്റെ ലൈവുകളിൽ ചൂരൽമല ജംഗ്ഷനിലുള്ള ബേക്കറിയിൽ നിന്ന് ഉരുൾപൊട്ടലിന്റെ തലേന്ന് ചായ കുടിച്ച വിവരം പങ്കുവെക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന പെൺകുട്ടിയെക്കുറിച്ചും അവളുടെ നിറചിരിയെ കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞുവച്ചു. അല്പം കഴിഞ്ഞപ്പോൾ ഗൂഗിളിൽ എനിക്കൊരു മെസ്സേജ് വന്നു: “സാർ, ഞാൻ ഉബൈദ്. എൻ്റെ കടയിൽ നിന്നാണ് സാർ തലേദിവസം ചായകുടിച്ചത്. കട അപ്പാടെ തകർന്നു. ഞാനും മകളും അങ്ങോട്ട് വരുന്നുണ്ട്. അവിടെ സാറിനെ കാണാൻ പറ്റുമോ” എന്നായിരുന്നു മെസ്സേജ്.
ഉബൈദ് നൽകിയ നമ്പറിൽ തിരിച്ചുവിളിച്ചു. അരമണിക്കൂറിനുള്ളിൽ ഉബൈദും മകൾ ഇർഷാനയും ഉൾപ്പെടെയുള്ളവർ ബേക്കറിക്ക് മുന്നിൽ വന്നു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കടക്കു മുന്നിൽ നിന്ന് അവർ വിങ്ങിപ്പൊട്ടി. ഉബൈദ് ക്യാമറക്കുമുന്നിൽ സങ്കടം പറഞ്ഞു. മൈസൂരുവിൽ ഹോട്ടൽ പണിയെടുത്തുണ്ടാക്കിയ പണം മിച്ചം പിടിച്ച് ഉരുൾപൊട്ടലിന്റെ നാലുനാൾ മുമ്പ് തുടങ്ങിയതാണ് ചൂരൽമലയിൽ ഈ ബേക്കറി. എല്ലാം നശിച്ചു. മകളുടെയും ഭാര്യയുടെയും സ്വർണ്ണമെല്ലാം പണയം വെച്ചു. ഇനിയൊന്നും ശേഷിക്കുന്നില്ല. ഗൂഗിൾ പേ വഴി കിട്ടിയ പൈസ കൊണ്ടാണ് മുന്നോട്ടുപോകുന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 38,000- ത്തോളം രൂപയും ഉരുളെടുത്തു. ഞാൻ ഇർഷാനയ്ക്കുനേരെ മൈക്ക് നീട്ടി. കട പോയതിന്റെ നടുക്കത്തിനൊപ്പം കൂട്ടുകാർ പോയതിന്റെ സങ്കടമാണ് അവൾ ഏറെയും പങ്കുവെച്ചത്:
“ഞാനെങ്ങനെ ഇനി സ്കൂളിലേക്ക് പോകും. ബസിൽ ഞങ്ങൾ ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്. അതിൽ പലരും ഇല്ല. എന്താണ് ഞാൻ പറയേണ്ടത്. എനിക്ക് സഹിക്കാൻ കഴിയുന്നില്ല.”
അവൾ കരയാൻ തുടങ്ങിയതോടെ മൈക്ക് വലിച്ചു. ഇത് വാർത്തയായതിന്റെ മൂന്നാം ദിവസം ബേക്കേഴ്സ് അസോസിയേഷൻ കേരള ഈ കുടുംബത്തെ ചേർത്തുപിടിക്കാൻ തീരുമാനിച്ച വിവരം അറിയിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരാണ്. അഞ്ച് ലക്ഷം രൂപ ഞങ്ങളുടെ സാന്നിധ്യത്തിൽ ഈ കുടുംബത്തിന് അവർ കൈമാറി. ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ ആദ്യ വാർത്ത.
സൈന്യമായി മാറിയ
സന്നദ്ധപ്രവർത്തകർ
സർക്കാർ സംവിധാനങ്ങളുടെ ഭാഗമായ വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകർ നടത്തിയ സേവനം ദുരന്തഭൂമിയിലെ നിറഞ്ഞ കാഴ്ചയായി.
ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് കോൺഗ്രസ് യൂത്ത് കെയർ, വൈറ്റ് ഗാർഡ്, എ.ഐ.വൈ.എഫ്, എസ്.വൈ.എസ് സാന്ത്വനം, എസ്.കെ.എസ്.എസ്.എഫ്, എസ്.ഡി.പി.ഐ, സേവാഭാരതി, എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, തുർക്കി ജീവൻ രക്ഷാസമിതി, കാരുണ്യ റെസ്ക്യൂ ടീം, പൾസ് എമർജൻസി ടീം, പിണങ്ങോട് റെസ്ക്യൂ ടീം, വാളാട് റസ്ക്യൂ ടീം… അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘടനാ പ്രവർത്തകർ ഒരു മനസ്സായി സൈന്യം പോലെ രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്ന കാഴ്ച. ദുർഘടമായ പലയിടങ്ങളിലും അവർ ജീവൻ തേടി അലഞ്ഞു. പാറകൾക്കിടയിലും ചെളിക്കുമ്പാരങ്ങൾക്കിടയിലും, കുറ്റൻ മരത്തടികൾക്കിടയിലും അവർ പരതി. രക്ഷാപ്രവർത്തനം മുതൽ പ്രദേശത്ത് കൂമ്പാരമായി കൊണ്ടിരുന്ന ടൺ കണക്കിന് മാലിന്യങ്ങൾ നീക്കുന്നതിൽ വരെ ഇവരുടെ കയ്യൊപ്പുണ്ടായിരുന്നു.
മരത്തടികൾക്കിടയിൽ ചീഞ്ഞളിഞ്ഞ മൃതദേഹം; മൂക്കിനെ തുളച്ച രൂക്ഷ ഗന്ധം
തിരച്ചിലിന്റെ ആറാം ദിവസം ടീമിനെ ഏകോപിപ്പിക്കുന്നതിലേക്ക് ഞാൻ മാറിയിരുന്നു. അടിയന്തര സാഹചര്യത്തിൽ മാത്രം റിപ്പോർട്ടിങ്ങിനിറങ്ങുകയാണ് ചെയ്തത്. ചൂരൽമല പഴയ വില്ലേജ് ഓഫീസ് പരിസരത്ത് തെരച്ചിലിൽ രണ്ട് മൃതദേഹം കണ്ടെത്തിയെന്ന് ആംബുലൻസ് ഡ്രൈവറായ ഷിനോദാണ് പറഞ്ഞത്. ഇതനുസരിച്ച് ആ വഴിയിലൂടെ നടന്നു. പുഴ വഴിമാറി ഒഴുകി ചെളി നിറഞ്ഞ നിലയിലായിരുന്നു വഴി. പാതി തകർന്ന പകുതിയോളം മണ്ണ് നിറഞ്ഞ വീടിൻ്റെ ചുവരിനോട് ചേർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് തിരച്ചിൽ നടക്കുന്നു. ഫയർഫോഴ്സ് ടീമും സിവിൽ ഡിഫൻസും എൻ.ഡി.ആർ.എഫും ആണ് തെരച്ചിൽ നടത്തിയിരുന്നത്. ചുവരിനോടു ചേർന്ന് മൃതദേഹം അവർക്ക് കാണാൻ കഴിയുന്നുണ്ടെങ്കിലും കൂറ്റൻ മരത്തടികൾ അടിഞ്ഞിരുന്നതിനാൽ അത് മാറ്റാതെ പുറത്തെടുക്കാൻ കഴിയില്ലായിരുന്നു. അവിടെ മറ്റു ചാനലുകൾ എത്തിയിരുന്നില്ല. എൻ്റെ ഒപ്പം ക്യാമറാ ടീമും ഇല്ല. അതിനാൽ ദൃശ്യങ്ങൾ പകർത്തിയിരുന്നത് ഫോണിലാണ്. ഇതിനിടയിൽ ഫയർഫോഴ്സിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
കാതടപ്പിക്കുന്ന ശബ്ദത്തിൽ ചുവന്നൊഴുകി പതിച്ചു കടന്നുപോകുന്ന സൂചിപ്പാറ വെള്ളച്ചാട്ടം ഭീതി നിറയ്ക്കുകയാണ്. വേഗം അവിടെനിന്ന് മുകളിലേക്ക് കയറി. ഇതിനിടയിൽ ഹെലികോപ്റ്ററിൽ രണ്ടുപേരെ എയർ ലിഫ്റ്റ് ചെയ്തു.
മൃതദേഹം കണ്ടെത്തിയ ദൃശ്യങ്ങൾ ഫോൺ വഴി ഡിസ്കിലേക്ക് അയച്ചു. ഉടൻ എന്നെ ടെലി വിളിച്ചു. ഒരു കൈ കൊണ്ട് ദൃശ്യം പകർത്തിക്കൊണ്ടിരുന്നു. മറു കൈയിൽ മറ്റൊരു ഫോണിൽ ടെലി നൽകിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് തടി മാറ്റി മൃതദേഹം പുറത്തെടുത്തത്. ഒരു പുരുഷൻ്റെ മൃതദേഹം. ആ സമയം അനുഭവിച്ച രൂക്ഷഗന്ധം മുൻപൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല. ടെലി നൽകുന്ന ഫോൺ തോളിനും ചെവിക്കുമിടയിൽ തിരുകി കർച്ചീഫ് കൊണ്ട് മുഖം പൊത്തി. ദൃശ്യങ്ങൾ കിട്ടാനായി പരമാവധി ഫോണിൽ മറുകൈ കൊണ്ട് പകർത്തിക്കൊണ്ടിരുന്നു. മൃതദേഹത്തിന് മുകളിലേക്ക് ഫിനോള്‍ ഒഴിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. എൻ്റെ നിസ്സഹായാവസ്ഥ കണ്ട് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൈയ്ക്കു മുകളിലേക്ക് സാനിറ്റൈസർ സ്പ്രേ ചെയ്തു. അത് ശ്വസിക്കാനാവശ്യപ്പെട്ടു. ദുർഗന്ധത്തിൽനിന്ന് അല്പം മോചനം തോന്നിയെങ്കിലും താൽക്കാലികമായിരുന്നു. മൃതദേഹം ബാഗിലാക്കി കൊണ്ടുപോകുന്നതും ആംബുലൻസിൽ കയറ്റുന്നതും വരെയുള്ള ദൃശ്യങ്ങൾ പകർത്തി. ഇതിനിടയിൽ ക്യാമറ ടീമിനെയും റിപ്പോർട്ടർ ശ്രീജിത്തിനെയും ആ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുന്നവരെ അവർ അവിടെ തുടർന്നു. മൃതദേഹത്തിന്റെ രൂക്ഷഗന്ധം ഇപ്പോഴും എന്നെ വേട്ടയാടുകയാണ്.
പുത്തുമല എന്ന ശവപ്പറമ്പ്
പുത്തുമലയിലെ ശ്മശാനം വരെ പോയത് ദിവസങ്ങൾക്കുശേഷമാണ്. സംസ്കാരവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത് സജോ ദേവസ്യയും ഷഹദും ഷഫിദും ദീപക് ധർമ്മടവും രാഹുൽ സുരേഷും അഭിജിത്തും മനേഷ് മൂർത്തിയുമൊക്കെയായിരുന്നു. പ്രധാനമായും ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തുമാണ് ഞാൻ കേന്ദ്രീകരിച്ചിരുന്നത്. ഡി.എൻ.എ പരിശോധനാ ഫലം കാത്തുകിടക്കുന്ന മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും ഉറ്റവരുണ്ടാകട്ടെ. മരിച്ചെന്നുറപ്പിക്കാനെങ്കിലും കഴിയട്ടെ. മൃതദ്ദേഹങ്ങൾക്കുമുകളിലെ ശിലകളിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാരിൻ്റെ പുഷ്പചക്രത്തിലെ പൂക്കൾ വാടി കരിയാൻ തുടങ്ങിയിരിക്കുന്നു. ചിത്രശലഭങ്ങൾ പലയിടത്തും വട്ടമിട്ട് പറക്കുന്നു. എത്രയെത്ര മനുഷ്യരാണ് ഈ വിധം മണ്ണടരുകളിലേക്ക് മാറ്റപ്പെട്ടത്. ദുരന്തത്തിന് തലേന്നാൾ ഞാൻ ചായ കുടിക്കാനിറങ്ങുമ്പോൾ കണ്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് അക്കൗണ്ടബിലിറ്റി ഉണ്ടാകുമോ. അവർ ജീവിച്ചിരിപ്പുണ്ടാകുമോ. ഈ കാണുന്ന കല്ലുകൾക്കുതാഴെ തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ അവരുണ്ടാകുമോ.
ഭ്രാന്തമായ മാനസികാസ്ഥയിലേക്ക് ഞാൻ കൂപ്പു കുത്തുകയാണെന്നും ഇനിയുള്ള രാത്രികൾ എനിക്ക് മുന്നിൽ ഭീതിതമാകുമെന്നും ബോധ്യമുണ്ട്. ആത്യന്തികമായി ഞാനൊരു മാധ്യമപ്രവർത്തകനാണെന്നും ഈ കാലത്തെ അതിജീവിച്ചേ മതിയാകൂ എന്നുമുള്ള ബോധ്യത്തിലേക്ക് എത്തണം. സമയമെടുക്കുമെന്നുററപ്പാണ്.
തെളിമയോടെ മണിക്കൂറുകൾക്കുമുമ്പ് കണ്ട നാട് പൂർണമായും തകർന്നടിഞ്ഞ കാഴ്ച കാണേണ്ടി വരുമെന്ന് കരുതിയതല്ല. കാണാനരുതാത്ത കാഴ്ചകളുടെ അനുഭവങ്ങൾ ഏറെയുണ്ട്. അതിനെ തലച്ചോറിൽ മറവികൾക്കിട്ടുകൊടുക്കട്ടെ. ഈ നാട് അതിജീവിക്കും വരെ ഇവിടെ ശേഷിക്കുന്ന മനുഷ്യർക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ്.