ഗണപതിഹോമവും ചെങ്കോല്‍ പ്രതിഷ്ഠയും കഴിഞ്ഞ് ഇന്ത്യന്‍ ജനാധിപത്യം ‘പുതിയൊരിന്ത്യ’യുടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന ആവേശകരമായ വാര്‍ത്ത തന്നെയാണ് ഇന്ന് മലയാളത്തിലെ വില്‍പനയില്‍ മുന്നിലുള്ള മുഖ്യധാര അവരുടെ അച്ചടി മോര്‍ച്ചറിയില്‍ കുന്തിരിക്കവും പൂജാദ്രവ്യങ്ങളും പുകച്ച് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. മലയാളത്തില്‍ സാധ്യമായ ഏറ്റവും ജീര്‍ണമായ ഭാഷാപ്പൊലിപ്പുകളില്‍ത്തന്നെ കുറച്ചു ദിവസമായി തുടങ്ങിയ റണ്‍ - അപ്പിന്റെ പ്രതീക്ഷിത പരിണാമം.
താന്‍ താന്‍ നിരന്തരം ചെയ്യുന്ന ഈ പ്രവൃത്തികള്‍ കാരണം ഇതിലൊരു പത്രം ‘തീപ്പെട്ടു’, എന്നോ മറ്റേപത്രം ‘കാലം ചെയ്തു’ എന്നോ സ്വന്തം വാളില്‍ കോറിയിടാം നാളെയൊരിക്കല്‍ എന്നാഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയ പണ്ഡിറ്റിനു തെറ്റി. നടത്തിപ്പുകാര്‍അഭിരമിക്കുന്ന രാജാധികാരത്തിന്റെയും ഫ്യൂഡല്‍ മൂല്യ സംരക്ഷണത്തിന്റേയും പ്രിവി പേഴ്‌സിലാണ് മലയാളത്തിലെ വായനക്കാരെ ഈ പത്രങ്ങള്‍ ഇന്നും ബന്ദികളാക്കിയിരിക്കുന്നത്. പകലന്തിയോളം മോഡിക്കെതിരെ കടാപ്പുറത്ത് സോഷ്യലിസം എന്ന പേരിട്ട് മണലപ്പമുണ്ടാക്കി കളിക്കാം, വായനക്കാര്‍ക്ക് പ്രവേശനം സൗജന്യം. പ്രായശ്ചിത്തമെന്നോണം അച്ചടി മുറിയിലേക്ക് കയറി സെന്‍ട്രർ - ലെഫ്റ്റ് ജോക്കി മാറ്റി ഭാരതീയ് പാരമ്പര്യത്തിന്റെ സെങ്കോല്‍ ബ്രാന്‍ഡ് കൗപീനം എടുത്തണിയാം (വായനക്കാര്‍ക്ക് പ്രവേശനമില്ല).
എന്നാലും, മലയാളി വായനക്കാര്‍ അല്ലേ : ജന്‍ഡര്‍ സാക്ഷരത, ഹ്യൂമണ്‍ റൈറ്റ്‌സ് നിരീക്ഷണ പാടവം (അവരവര്‍ക്ക് വേണ്ടതനുസരിച്ച് ), ടെക്കി സാവി, പഴഞ്ചന്‍ ഗള്‍ഫ് സ്വപ്നമൊക്കെ ഉപേക്ഷിച്ച് തരം കിട്ടിയാല്‍ കാനഡയിലേക്കോ ന്യൂസിലന്റിലേക്കോ പറക്കാന്‍ കാത്തിരിക്കുന്ന ലിബറല്‍ യൂത്ത്, എപ്പോഴും എസ് എഫ് ഐ, യൂണിയന്‍ ഭരിക്കുന്ന കോളജുകളും യൂണിവേഴ്‌സിറ്റികളും, അതു കൊണ്ട് പരിവാര സംഘം അത്ര പെട്ടെന്ന് ( ‘ഇത്തവണയും’) കേരളത്തില്‍ ഒരു എം.പി.യെ ഉണ്ടാക്കില്ല എന്ന് വൈകുന്നേരത്തെ എഡിറ്റോറിയല്‍ മീറ്റിംഗിലെ ഡിപ്രഷന്‍, എന്തൊക്കെ ടാഗ് ചെയ്യാവുന്ന മാര്‍ക്കറ്റിംഗ് ടാര്‍ഗറ്റുകള്‍ ആണ്. ഇത് പറഞ്ഞത് മുഖ്യധാരയിലെ സ്ട്രാറ്റജിയില്‍ മുമ്പനായ പത്രത്തിനു വേണ്ടി പരസ്യ കാമ്പൈന്‍ ചെയ്യുന്ന ഒരു തിങ്ക് ടാങ്കാണ്. അതു മറന്ന് എണ്ണ തേച്ചില്ല എന്ന കാര്യത്തില്‍ ഇന്നത്തെ മലയാള മനോരമയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
മനോരമയുടെ ഒന്നാം പേജിന്റെ സംക്ഷിപ്തം ഇങ്ങനെ: ചിത്രവാര്‍ത്തയാണ്, പ്രധാനമന്ത്രിക്കും സ്പീക്കര്‍ ബിര്‍ലയ്ക്കും ചെങ്കോലിനും ഫോക്കസ് നല്‍കുന്ന ഫോട്ടോ വിന്യാസം. ചെങ്കോലിനു മുമ്പില്‍ കമഴ്ന്നുകിടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ‘നേര്‍ക്കാഴ്ച’ക്ക് പേജ് ഒമ്പതിലേക്ക് പോകണം. ഭാഗ്യം, അതെങ്ങാനും ഒന്നാം പേജില്‍ ആയിരുന്നെങ്കില്‍, നല്ലൊരു ലക്ഷം മലയാളികളെങ്കിലും ഇന്ന് സാഷ്ടാംഗ നമസ്‌കാരം ശീലമാക്കിയേനെ. പക്ഷേ, പുതിയ ഇന്ത്യയില്‍ ഇന്നലെ സംഭവിച്ച രണ്ടു പ്രധാന വാര്‍ത്തകള്‍ സത്യസന്ധമായിത്തന്നെ ഒന്നാംപുറത്ത് മനോരമ പറയുന്നുണ്ട്: ഒന്ന്, മണിപ്പൂരില്‍ 40 കുക്കി ഗോത്രക്കാരെ ‘പൊലീസ് വെടിവെച്ചുകൊന്നു’. രണ്ട്, ഗുസ്തി താരങ്ങളെ ‘പൊലീസ് തെരുവില്‍ വലിച്ചിഴച്ചു’. രണ്ടും പുതിയ ഇന്ത്യയില്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായ ജനവിരുദ്ധ നീക്കളുടെ നേര്‍ക്കാഴ്ച. ഇന്നിറങ്ങുന്ന ഒരു പത്രത്തില്‍ പ്രാധാന്യത്തോടെ വരേണ്ട മൂന്നു വാര്‍ത്തകള്‍.
മാതൃഭൂമി തലേ ദിവസം തന്നെ പറഞ്ഞു, ലീഡ് ആയിത്തന്നെ: പുതുചരിത്രം എന്നായിരുന്നു തലവാചകം. ഇന്നത്തെ റിപ്പോര്‍ട്ട് ഇങ്ങനെയും തുടങ്ങുന്നു: രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ‘പുതിയ’ അധ്യായമെഴുതി ‘പുതിയ’ പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടങ്ങള്‍ തുറന്നു. ജനാധിപത്യം പുതിയ തുറസ്സിലേക്ക് വഴിമാറുമ്പോള്‍ അതിനനുസരിച്ചുള്ള മറ്റു വാര്‍ത്തകള്‍ നിര്‍മിച്ചേ തീരൂ. ആ നിര്‍മാണം സെന്‍ട്രല്‍ വിസ്ത റീ-ഡവലപ്‌മെന്റ് പ്രോജക്റ്റ് പോലെ ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പത്രമാണെന്ന് ഉച്ചത്തില്‍ വീണ്ടും പ്രഖ്യാപിക്കുന്നു, മാതൃഭൂമി. ഇന്ന് ഇന്ത്യയില്‍ ഇറങ്ങിയ, നെറ്റില്‍ ലഭ്യമായ പത്രങ്ങള്‍ ഉള്‍പ്പെടെ, പറയാത്ത ഒരു വാര്‍ത്ത മാതൃഭൂമി സൃഷ്ടിച്ചിരിക്കുന്നു. മനോരമ ഉള്‍പ്പെടെ സംശയരഹിതമായി പറയുന്ന മണിപ്പുര്‍ പൊലീസ് വേട്ട മാതൃഭൂമി നല്‍കിയത് നോക്കു : മണിപ്പൂരില്‍ സൈന്യവും കുക്കികളും ഏറ്റുമുട്ടി, രണ്ടു പേര്‍ കൊല്ലപ്പെട്ടു.
ഒരു തമസ്‌കരണം, ഒരു വളച്ചൊടിക്കല്‍. ഇതൊരു ഏറ്റുമുട്ടല്‍ ആയിരുന്നെന്ന് കൊല്ലപ്പെട്ടത് രണ്ടു പേര്‍ ആണെന്ന് മാതൃഭൂമി, പത്രത്തിന്റെ സകല ആധുനിക സങ്കേതങ്ങളുണ്ടായിട്ടും ക്ലെയിം ചെയ്യുന്നു. വളരെ അപകടകരമായ പത്രനിര്‍മാണമാണ് ഇന്നത്തെ മാതൃഭൂമിയുടേത്.
ബ്ലാക്ക് ഹോളുകള്‍ക്കുള്ളില്‍ ഫിസിക്‌സിന്റെ സകല നിയമങ്ങളും റദ്ദാക്കപ്പെടുമെന്ന് പറഞ്ഞ കിപ്പ് തോണ്‍ പോലും അല്‍ഭുതപ്പെടും മലയാളത്തില്‍ പത്രങ്ങളുടെ പേജ് നമ്പര്‍ കാണിക്കുന്ന മാത്തമാറ്റിക്‌സ് കേട്ടാല്‍. ആകെ പേജ് 16 കാണും, എണ്ണിക്കൂട്ടിയാല്‍. ഒന്നാം പേജ് ജാക്കറ്റ് പരസ്യം. അതു കഴിഞ്ഞാല്‍ ഒരു ലീഡ് സ്റ്റോറി വരുന്ന മറ്റൊരു ഒന്നാം പേജ്. പിന്നെ, ഇനിയും പ്രാധാന്യമുണ്ടെങ്കില്‍ വീണ്ടുമൊരു ഒന്നാം പേജ്. ഓണക്കാലത്ത്, കോവിഡിനു മുമ്പൊക്കെ, രണ്ടു മനോരമ കിട്ടിയതുപോലെ വായനക്കാര്‍ക്ക് കിട്ടുന്ന മൂന്ന് ഒന്നാം പേജുകള്‍ . മൂന്നു പേജിലും പത്രത്തിന്റെ പേര് ആദ്യ പേജിലേതുപോലെ മുകളില്‍ കാണാം എന്നതാണ് ഈ മൂന്നു ഒന്നാം പേജുകള്‍ കണ്ടു പിടിക്കാനുള്ള വഴി. പത്രത്തിന് മനോരമയിലെ മാര്‍ക്കറ്റിംഗ് വിഭാഗം പഠിപ്പിച്ചതാണ് രണ്ട് ഒന്നാം പേജുകള്‍ എന്ന സിദ്ധാന്തം.
ഇന്ന്, അവസരത്തിനൊത്ത് ഉയര്‍ന്ന ദേശാഭിമാനി നോക്കൂ. മൂന്ന് ഒന്നാം പേജുകള്‍. പരസ്യത്തിനു വേണ്ടി നടത്തിയ ഒരു കസര്‍ത്ത് മാത്രമല്ല എന്നതുകൊണ്ടുതന്നെ ഈ പേജുകള്‍ ശ്രദ്ധേയമാണ്. മണിപ്പൂരിലേത് ഭരണകൂട ഭീകരതയാണെന്ന് ശക്തമായി പറയുന്ന രണ്ടാമത്തെ ഒന്നാം പേജ്. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങ് കാവിയില്‍ മുക്കി: ഇതല്ല ഇന്ത്യ എന്ന് ഉച്ചൈസ്ഥരം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ഒന്നാം പേജ്. ഇന്നിറങ്ങിയ മലയാള പത്രങ്ങളില്‍ ഉജ്വലമാണ് ദേശാഭിമാനി. ഈ നിലപാട് കൊണ്ടു തന്നെയാണ് ദേശാഭിമാനിയുടെ ഒന്നാം പേജിലെ ജാക്കറ്റ് പരസ്യം ഒരു വില്ലനായി വായനക്കാര്‍ക്ക് തോന്നാത്തതും.
സംഗതികള്‍ ഒക്കെ ഇന്നലെത്തന്നെ അറിഞ്ഞ വായനക്കാര്‍ ഇന്ന് പൊതുദര്‍ശനത്തിനായി എത്തുന്ന അച്ചടിപ്പത്രത്തില്‍ നോക്കുന്നത് നിലപാടാണ്. അത്, ദേശാഭിമാനി ഇന്ന് പ്രൊഫഷണലായി ചെയ്തിരിക്കുന്നു. ടെക്‌നോളജിയിലും സാമര്‍ഥ്യത്തിലും വളരെ മുന്നില്‍ നില്‍ക്കുന്ന ഫ്യൂഡല്‍ പ്രൊഫഷണലിസത്തിനു മേല്‍ ഇന്ന് കാലം ആവശ്യപ്പെടുന്ന സമീപനമാറ്റങ്ങള്‍ വരുത്തിയാല്‍ ഒന്നാമതെത്താവുന്നതേയുള്ളൂ കേരളത്തില്‍ ദേശാഭിമാനിക്ക്. വായനക്കാര്‍ക്ക് പ്രവേശനമുള്ള എഡിറ്റോറിയല്‍ ബുദ്ധി ആള്‍ബലമുള്ള മൂന്നാമത്തെ മുഖ്യധാരയായ ദേശാഭിമാനി പ്രയോഗിച്ചു തുടങ്ങുമ്പോള്‍ എന്തൊക്കെ സംഭവിച്ചു കൂടാ എന്ന് മറ്റേ രണ്ടു മുഖ്യധാരാ പത്രങ്ങളും ചിന്തിച്ചു തുടങ്ങുന്ന ദിവസമായിരിക്കട്ടെ ഇന്ന്.