മഹാ കുംഭമേള ആഘോഷമായി പര്യവസാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന ഉത്സവമായി വിശേഷിപ്പിക്കുന്ന മഹാ കുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് നടന്നത്. മാധ്യമ ആഖ്യാനങ്ങളിലൂടെ മഹാ കുംഭമേളയെ ‘മഹാ’ ആഘോഷമാക്കിയതിൽ മാധ്യമ ആഖ്യാനങ്ങൾക്ക് വലിയ പങ്കുണ്ട്.
വിശ്വാസികളുടെ ആഘോഷമാണ്, അത് ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ്. അതിന് വലിയ മാധ്യമ ശ്രദ്ധ കിട്ടുന്നത് സ്വാഭാവികവും. എന്നാൽ ആഘോഷത്തെ ഒരു രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പ്രചാരണ ഉപകരണമായി (Propaganda tool) ഭരണകൂടം കാണുകയും അതിന് മാധ്യമ ആഖ്യാനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടോ?
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തവണ 30 തീർത്ഥാടകർ തിക്കിലും തിരക്കിലും മരിക്കുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ മരണങ്ങളും ഇത്ര വലിയ ആഘോഷത്തിന്റെ പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളും വേണ്ട പ്രാധാന്യത്തോടെ മാധ്യമ റിപ്പോർട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ടോ? മഹാ കുംഭമേളയെ ഇന്ത്യൻ ദേശീയതയുമായി പോലും ബോധപൂർവം ബന്ധപ്പെടുത്തി നിക്ഷിപ്ത ചരിത്ര നിർമിതിയ്ക്ക് മാധ്യമ ആഖ്യാനങ്ങൾ കൂട്ടു നിൽക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
‘കഥ പറച്ചിൽ’ (Storytelling) എങ്ങനെ മനുഷ്യസമൂഹത്തിന്റെ പ്രധാന വിനിമയ ഉപകരണമായി തുടരുന്നുവെന്ന് മഹാ കുംഭമേളയുടെ മാധ്യമ ആഖ്യാനത്തിലൂടെ പരിശോധിക്കാം. എങ്ങനെയാണ് മതപരവും സാംസ്കാരികവുമായ ‘കഥകളുടെ’ മാധ്യമ ആഖ്യാനങ്ങൾ ആധുനിക കുംഭമേളകൾ പോലുള്ള നിർമ്മിത യഥാർഥ്യങ്ങളെ (Constructed realities) രൂപപ്പെടുത്തുന്നതെന്നും ചർച്ച ചെയ്യുന്നു.
ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് 2024 ഡിസംബർ– 2025 ഫെബ്രുവരി മാസങ്ങളിലെ കാലയളവിലെ മഹാ കുംഭമേളയുമായി ബന്ധപ്പെട്ട 30 ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. ഇവയിൽ ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. ‘Maha Kumbh Mela’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘ഹിന്ദുത്വ അജൻഡയെ പ്രോൽസാഹിപ്പിക്കുന്ന മാധ്യമ ആഖ്യാനങ്ങൾ’, ‘മഹാ കുംഭമേളയും ദേശീയതയും തമ്മിലുള്ള ബന്ധം’, ‘മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്ന മഹാ മാധ്യമ ആഖ്യാനങ്ങൾ’, ‘കുംഭമേള സ്യഷ്ടിച്ച പരിസ്തിഥി പ്രശ്നങ്ങൾ, മരണങ്ങൾ’ എന്നീ വിശകലന വിഷയങ്ങളിലൂന്നിയാണ് (Theme of Analysis) റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.
മതപരമായ ഒത്തുചേരലുകളെ പിന്നാക്കം- പുരോഗമനപരം അല്ലെങ്കിൽ അന്ധവിശ്വാസം- ശാസ്ത്രീയം എന്നീ ബൈനറികളിലേക്ക് ചേർക്കാതെ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സഹവർത്തിത്വത്തെ എടുത്തുകാണിക്കാനുള്ള അവസരങ്ങളാക്കി എങ്ങനെ മാറ്റാം എന്ന് പരീക്ഷിക്കാവുന്നതാണ്.
മഹാ കുംഭമേള എന്ന
Propaganda tool
മഹാ കുംഭമേളയുമായി ബന്ധപ്പെടുത്തി കോടിക്കണക്കിന് വരുന്ന വിശ്വാസിസമൂഹത്തെ ചേർത്തുനിർത്താനുള്ള ആഖ്യാനങ്ങൾ, ടൂറിസം സാധ്യതകൾ, മറ്റ് അനുബന്ധ സാമ്പത്തിക വികാസം എന്നിവ ചർച്ച ചെയ്യുന്നതാണ് വലിയൊരു ശതമാനം ഓൺലൈൻ വാർത്തകളും. എന്നാൽ ഈ ആഖ്യാനങ്ങളെ സൂക്ഷ്മമായി നോക്കിയാൽ അതിൽ മഹാ കുംഭമേളയെ ഒരു പ്രചരണ ഉപാധിയായി (Propaganda tool) കണ്ട്, മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള സാമൂഹിക നിർമ്മിതിക്കായുള്ള (Social Construction of Hindutuva Ideology) ശ്രമമായി തോന്നിയാൽ തെറ്റ് പറയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും മഹാ കുംഭമേളയെ ഒരു മാർക്കറ്റിങ് ടൂളായി ഉപയോഗപ്പെടുത്തിയെന്ന പ്രബല ആഖ്യാനം The divine, the digital and the political at humanity’s largest gathering എന്ന തലക്കെട്ടിൽ ന്യൂയോർക്ക് ടൈംസ് 02.02.2025 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വായിക്കാം.
പീറ്റർ എൽ. ബെർഗറും തോമസ് ലുക്മാനും എഴുതിയ The Social Construction of Reality: A Treatise in the Sociology of Knowledge (Peter L. Berger and Thomas Luckmann- 1966) എന്ന പുസ്തകത്തിലെ സിദ്ധാന്തത്തിലൂടെയും മഹാ കുംഭമേളയെ വിശകലനം ചെയ്യാവുന്നതാണ്. മനുഷ്യരുടെ ഇടപെടൽ (human interaction), സ്ഥാപനവൽക്കരണം (institutionalization), ശീലവൽക്കരണം (habitualization) എന്നിവയിലൂടെയാണ് യാഥാർത്ഥ്യം സാമൂഹികമായി നിർമ്മിക്കപ്പെടുന്നതെന്ന് ബെർഗറും ലക്മാനും വാദിക്കുന്നു. സമൂഹം സ്വതന്ത്രമായി നിലനിൽക്കുന്നില്ലെങ്കിലും പങ്കിട്ട വിശ്വാസങ്ങളിലൂടെയും ഭാഷയിലൂടെയും ആചാരങ്ങളിലൂടെയും തുടർച്ചയായി സൃഷ്ടിക്കപ്പെടുകയും ശക്തിപ്പെടുത്തപ്പെടുകയും ചെയ്യുന്നുവെന്നും അവർ വാദിക്കുന്നുണ്ട്.
കുംഭമേളയ്ക്ക് സോഷ്യൽ മീഡിയയിലടക്കം ലഭിക്കുന്ന വാർത്താ കവറേജ്, ഡോക്യുമെന്ററികൾ തുടങ്ങിയവ, ഇത് തീർച്ചയായും പങ്കെടുക്കേണ്ടതായ (must-attend event) പരിപാടിയാണെന്ന പ്രത്യശാസ്ത്രം ഊട്ടിയുറപ്പിക്കുന്നു.
മഹാ കുംഭമേള സ്വമേധയാ നടക്കുന്ന മതസമ്മേളനമല്ല. മറിച്ച് വിശ്വാസസംവിധാനങ്ങൾ, സ്ഥാപനഘടനകൾ, മാധ്യമ വിവരണങ്ങൾ എന്നിവ നിലനിർത്തുന്ന, സാമൂഹികമായി നിർമ്മിച്ച യാഥാർത്ഥ്യമാണ്. കുംഭമേളയിൽ നദിയിൽ കുളിക്കുന്നത്, പാപങ്ങൾ കഴുകിക്കളയാമെന്ന വിശ്വാസം, മതപരമായ വിവരണങ്ങൾ എന്നിവ വിശ്വാസികൾക്കിടയിൽ തലമുറകളിലൂടെ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമായി മാറുകയാണ്. സംസ്ഥാന സർക്കാരുകളും സുരക്ഷാസേനയും, മറ്റ് അനുബന്ധ സാമ്പത്തിക കച്ചവടങ്ങളും ചേർന്നുള്ള ഘടനാപരമായ സ്ഥാപനമായി (structured institution) വർഷങ്ങളായി കുംഭമേള മാറിയിരിക്കുന്നതായി നിരീക്ഷിക്കാം. കുംഭമേളയ്ക്ക് സോഷ്യൽ മീഡിയയിലടക്കം ലഭിക്കുന്ന വാർത്താ കവറേജ്, ഡോക്യുമെന്ററികൾ തുടങ്ങിയവ, ഇത് തീർച്ചയായും പങ്കെടുക്കേണ്ടതായ (must-attend event) പരിപാടിയാണെന്ന പ്രത്യശാസ്ത്രം ഊട്ടിയുറപ്പിക്കുന്നു.
‘വിശ്വാസത്തെ’ പ്രചാരണ ഉപാധിയായി എടുത്ത് മഹാ കുംഭമേളയെ കുറിച്ച് വിശ്വാസിസമൂഹത്തിൽ തെറ്റായ പരിപ്രക്ഷ്യം (Fake perspective) ഉണ്ടാക്കിയെടുക്കുന്നതിനുള്ള തീവ്രശ്രമം കാണാനാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ വിമർശനാത്മകമായി വിശദീകരിക്കുന്നുണ്ട്. ‘മഹത്തായ ഹിന്ദു സംസ്കാരത്തെയും മതപരമായ അതിന്റെ ഭൂതകാലത്തെയും’ പ്രോത്സാഹിപ്പിക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ പരിപാടിയിൽ ഇടപെടുന്നത് എന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്.
https://www.nytimes.com/2025/02/02/world/asia/india-maha-kumbh-mela.html

തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി എങ്ങനെ ശക്തമായ ആഖ്യാനഘടന സൃഷ്ടിക്കാൻ കഴിയുമെന്ന് ബി. ജെ. പിക്ക് മഹാ കുംഭമേളക്ക് വളരെ മുമ്പേ നന്നായി അറിയാം. ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ച വാർത്തയുടെ ആഖ്യാനത്തിൽ ഇത് വ്യക്തമാണ് (Politics in the time of Maha Kumbh, 31.01.2025).

ഈ വർഷത്തെ മഹാ കുംഭത്തിന്റെ രാഷ്ട്രീയവൽക്കരണം (Politicisation of Maha Kumb) അഭൂതപൂർവമായ തലത്തിലെത്തിയെന്നാണ് ദ വയർ പ്രസിദ്ധീകരിച്ച വാർത്തയുടെ (The politicisation of Maha Kumb: Where it will end, 26.01.2025) ആഖ്യാനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ ക്രിഷ്ണ പ്രാതാപ് സിങ് അഭിപ്രായപ്പെടുന്നത്. ഈ രാഷ്ട്രീയവൽക്കരണം അതിന്റെ എല്ലാ പരിധികളും മറികടന്നതായി ലേഖനത്തിന്റെ ഭാഗമായുള്ള റിപ്പോർട്ടുകളുടെ ഉള്ളടക്ക വിശകലനത്തിലും വ്യക്തമാണ്.
https://thewire.in/religion/the-politicisation-of-maha-kumbh-where-will-it-end

രാഷ്ട്രീയമായി നിർണായകമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രമാണുള്ളത്. ഈ പാശ്ചാത്തലത്തിൽ മഹാ കുംഭത്തിനെ എടുത്ത് പ്രയോഗിക്കുകയാണ് എന്ന ആഖ്യാനമാണ് ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ച വാർത്തയുടെ ആഖ്യാനത്തിലുള്ളത് (Maha Kumbh: A religious gathering with political overtones, 22.12.2024). തീവ്ര ഹിന്ദുത്വയുടെ ‘പോസ്റ്റർ ബോയ്’ ആയി കണക്കാക്കപ്പെടുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മഹാ കുംഭമേളയിലൂടെ കിട്ടുന്ന പൊളിറ്റിക്കൽ മൈലേജും റിപ്പോർട്ടിൽ പറയുന്നു.

മഹാ കുംഭമേളയും
ദേശീയതയും തമ്മിൽ?
അടിമത്ത മനോഭാവത്തിന്റെ ചങ്ങലകൾ തകർത്ത് സ്വതന്ത്രമായി ശ്വസിക്കുന്ന ഒരു രാഷ്ട്രത്തിന്റെ ബോധത്തെ കുംഭമേള ഉണർത്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് (How Opposition fell short on Maha Kumbh narrative: Absent Gandhis; Mamata, Lalu’s remarks, 28.02.2025) തുടങ്ങുന്നതുതന്നെ ഈ പ്രസ്താവനയിലാണ്. കുംഭമേള രാഷ്ട്രബോധത്തെ ഉണർത്തിയെന്ന (awakened the consciousness of a nation) പ്രധാനമന്ത്രിയുടെ ആഖ്യാനം പ്രബലപ്പെടുത്താൻ ശ്രമിക്കുന്നത് മഹാ കുംഭമേളയും ഇന്ത്യൻ ദേശീയതയും തമ്മിലുള്ള ഒരു തെറ്റായ ഓർമ്മ (False memory) നിലനിർത്താനാണ്. ആഖ്യാനങ്ങൾക്ക് തെറ്റായ ഓർമ്മകൾ നിർമ്മിക്കാനാകും.

മാധ്യമങ്ങളിലൂടെയുള്ള കെട്ടിചമച്ച കഥപറച്ചിൽ, സാമൂഹിക ഇടപെടലുകൾ (fabricated through mediated storytelling and social interactions) എന്നിവയിലൂടെ എങ്ങനെയാണ് കൂട്ടായ തെറ്റായ ഓർമ്മ (collective memory) രൂപപ്പെടുത്തുന്നത് എന്നത് കൗതുകകരവും ഭയപ്പെടുത്തുന്നതുമാണ്.
നാലിടങ്ങളിൽ ദിവ്യ അമൃത് (divine nectar amrit) വീണുവെന്ന് വിശ്വസിക്കപ്പെടുന്ന സമുദ്രമഥനം (myth of Samudra Manthan) എന്ന ഐതിഹ്യത്തിലാണ് കുംഭമേള ആഴത്തിൽ വേരൂന്നിയിരിക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സങ്കൽപ്പം മാത്രമാണിത്, ചരിത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകളൊന്നും ഈ കഥയ്ക്കു പുറകിലില്ല. എങ്കിലും കഥകൾ എങ്ങനെ യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്നുവെന്ന് കാണിക്കുന്ന ഈ വിവരണത്തെ ദശലക്ഷക്കണക്കിന് ആളുകൾ സത്യമെന്ന നിലയിൽ വിശ്വസിക്കുന്നു.
മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന പലരും അത്ഭുതങ്ങൾ, ദൈവിക സാന്നിധ്യം (divine encounters) അല്ലെങ്കിൽ ആത്മീയ പരിവർത്തനങ്ങൾ എന്നിവയുടെ അനുഭവങ്ങൾ പങ്കിടുന്നു. കാലക്രമേണ, ഈ കഥകൾ ഒരു വലിയ സാംസ്കാരിക ഓർമ്മയുടെ ഭാഗമായി മാറുകയും കുംഭമേളയുടെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. വലിയ രീതിയിലുള്ള മാധ്യമ എക്സ്പോഷർ / കവറേജ് എന്നിവ തെറ്റായ ഓർമ്മകൾ- വളച്ചൊടിക്കപ്പെട്ടതോ പൂർണ്ണമായും കെട്ടിച്ചമച്ചതോ ആയ ഓർമ്മകൾ- ഉണ്ടാക്കാം. കുംഭമേളയുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ആളുകൾ ഗംഗയിൽ കുളിക്കുന്നത്, സന്യാസിമാർ ആചാരങ്ങൾ നടത്തുന്നത്- ‘മെമ്മറി ഇംപ്ലാന്റേഷനിലേക്ക്’ (memory implantation) നയിച്ചേക്കാം.
മഹാ കുംഭമേളയെ ഇന്ത്യൻ സംസ്ക്കാരവും എന്തിനേറെ ദേശീയതയുമായും ചേർത്തുനിർത്തിയുള്ള നിരവധി ആഖ്യാനങ്ങൾ കാണാം.
സംഭവത്തിനുശേഷമുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എക്സ്പോഷർ ചെയ്യുന്നത് ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ഓർമ്മയെ മാറ്റിമറിക്കുമെന്ന് എലിസബത്ത് ലോഫ്റ്റസ് (Elizabeth Loftus) തെളിയിച്ചു. അതിശയോക്തിപരമോ വളച്ചൊടിച്ചതോ ആയ വിവരണങ്ങൾ ആളുകൾ കേൾക്കുമ്പോൾ, അവർ അബോധപൂർവ്വം അവയെ അവരുടെ സ്വന്തം ഓർമ്മകളുമായി സംയോജിപ്പിക്കുന്നു. വികാരഭരിതമായ റിപ്പോർട്ടുകൾക്ക് (ഉദാഹരണമായി മഹാ കുംഭമേളയിലെ അത്ഭുതകരമായ രോഗശാന്തികളുടെ അവകാശവാദങ്ങൾ, ദിവ്യദർശനങ്ങൾ) കൂട്ടായതും തെറ്റായതുമായ ഓർമ്മകൾ സൃഷ്ടിക്കാൻ കഴിയും. തീർത്ഥാടകർ പിന്നീട്, അവർ യഥാർത്ഥത്തിൽ കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി ഓർമ്മിച്ചേക്കാം.
കാലക്രമേണ, മറ്റുള്ളവരുടെ അതിശയോക്തിപരമോ കെട്ടിച്ചമച്ചതോ ആയ വിവരണങ്ങൾ കേൾക്കുന്നതിലൂടെ കുംഭമേളയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ഓർമ്മകൾ അബോധപൂർവ്വം മാറ്റാൻ കഴിയും. മെമ്മറി ഡിസ്റ്റോർഷനെക്കുറിച്ചുള്ള എലിസബത്ത് ലോഫ്റ്റസിന്റെ (Elizabeth Loftus’s research on memory distortion) ഗവേഷണവുമായി ഇത് യോജിക്കുന്നു. ഓരോ 12 വർഷത്തിലും ഈ സംഭവം നടക്കുന്നതിനാൽ, മുൻകാല അനുഭവങ്ങളുടെ ഓർമ്മകൾ വർത്തമാനകാലവുമായി കൂടിച്ചേരുകയും തുടർച്ചയുടെ മിഥ്യാധാരണ സൃഷ്ടിക്കുകയും ദീർഘകാലത്തെ കെട്ടുകഥകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ആഖ്യാനവും സ്കീമ സിദ്ധാന്തവും (ബാർട്ട്ലെറ്റ്, 1932), സോഷ്യൽ കോണ്ടാജിയൻ ഓഫ് മെമ്മറി (റോഡിഗർ, മീഡ്, & ബെർഗ്മാൻ, 2001), സോഴ്സ് മോണിറ്ററിംഗ് എറേഴ്സ് (ജോൺസൺ, ഹാഷ്ട്രോഡി, & ലിൻഡ്സെ, 1993), ഫാൾസ് മെമ്മറി സിൻഡ്രോം (ലോഫ്റ്റസ്, 1993) എന്നീ സൈദ്ധാന്തിക നിരീക്ഷണങ്ങൾ മഹാ കുംഭമേളയുടെ ആഖ്യാനവുമായി ചേർത്തു വായിക്കാം. മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ മതപരമായ അനുഭവങ്ങൾ (religious experiences), വലിയ കൂട്ടങ്ങൾ രൂപപ്പെടുന്നത് (mass gatherings), മാധ്യമ സ്വാധീനം എന്നിവ എങ്ങനെ കൂട്ടായ ഓർമ്മയെ രൂപപ്പെടുത്തുകയും മാറ്റുകയും ചെയ്യുന്നുവെന്ന് മനസിലാക്കാൻ ഈ സിദ്ധാന്തങ്ങൾ സഹായിക്കുന്നു.
മഹാ കുംഭമേളയെ ഇന്ത്യൻ സംസ്ക്കാരവും എന്തിനേറെ ദേശീയതയുമായും ചേർത്തുനിർത്തിയുള്ള നിരവധി ആഖ്യാനങ്ങൾ കാണാം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിക്കുന്ന സന്ദർഭത്തിൽ വൈസ്രോയി ലോർഡ് കാനിംഗ്, മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ലെന്നും മതം ആചരിക്കുന്നതിൽ ഇന്ത്യക്കാരുടെ സ്വയംഭരണാധികാരം നിലനിർത്തുമെന്നും വാഗ്ദാനം നൽകിയിരുന്നതായുള്ള ലീഡ് ആഖ്യാനം ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിലുണ്ട് (How Kumbh Mela became a platform for nationalism during Independence movement, 09.01.2025).
1858- നുശേഷം എങ്ങനെയാണ് അലഹബാദ് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയത് എന്നും മതപരമായ പ്രവർത്തനങ്ങളിലൂടെ ദേശീയ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി കുംഭമേള മാറിയത് എങ്ങനെയെന്നും വിശദീകരിക്കുന്നു.

എന്നാൽ ഇതേ റിപ്പോർട്ടിൽ തന്നെ കുംഭമേളയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ചരിത്രകാരിയായ കാമ മക്ലീനിന്റെ (Kama Maclean) പ്രസ്താവന ചേർത്ത് റിപ്പോർട്ട് ബാലൻസ്ഡ് ആക്കാൻ ശ്രമിക്കുന്നുണ്ട്. ‘കാലാതീതമായ’ (very idea of timelessness) എന്തോ ഒന്ന് എന്ന തോന്നലാണ് കുംഭമേളയ്ക്ക് അനുയായികളുടെ കണ്ണിൽ വിശുദ്ധി നൽകുന്നതെന്ന് അവരുടെ കൃതികളിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുംഭമേളയുടെ ഇപ്പോഴത്തെ സ്വഭാവം 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ മാത്രം രൂപപ്പെട്ട സമീപകാല സംഭവവികാസമാണെന്ന് അഭിപ്രായപ്പെടുന്ന ഒരു കൂട്ടം ചരിത്രകാരരിൽ ഒരാളാണ് മക്ലീൻ. അതായത് മാധ്യമങ്ങൾ ഇപ്പോൾ എടുത്തിട്ട് പൊലിപ്പിക്കുന്ന ഇന്ത്യൻ ദേശീയതയും കുംഭമേളയുടെ ചരിത്രവും തമ്മിൽ ബന്ധപ്പെടുത്തിയുള്ള ആഖ്യാനങ്ങളിൽ വസ്തുതാപരമായ തെറ്റുണ്ട് എന്ന് അനുമാനിക്കാം.
മിത്തുകളുടെ ചരിത്രവൽക്കരണം
‘‘Large numbers of strangers can cooperate successfully by believing in common myths’’.
- Yuval Noah Harari.
പങ്കിട്ട കഥകൾ (Shared stories) വലിയ തോതിൽ മനുഷ്യർ തമ്മിലുള്ള സഹകരണത്തെ എങ്ങനെ സാധ്യമാക്കുന്നു എന്നതിന്റെ ഇന്ത്യൻ കേസ് സ്റ്റഡിയാണ് മഹാകുംഭമേളയെന്ന് തോന്നുന്നു. പ്രയാഗ് രാജ് ജില്ലയുടേയും മഹാ കുംഭമേളയുടേയും ഔദ്യോഗിക വെബ്സൈറ്റുകളിൽ എവിടേയും 144 വർഷങ്ങൾക്കുശേഷം നടക്കുന്ന പരിപാടിയായി മഹാ കുംഭമേളയെ പരാമർശിക്കുന്നില്ല. പിന്നെ എവിടെ നിന്നാണ് ഈ പഴയ കഥയും 144 വർഷത്തിന്റെ ആഖ്യാനവും?.
ഹരാരിയുടെ (Yuval Noah Harari) വീക്ഷണകോണിൽ, മതപരമായ കെട്ടുകഥകളിലൂടെ പങ്കിടുന്ന വിശ്വാസം വളരെ എളുപ്പം വലിയ കൂട്ടം മനുഷ്യർ തമ്മിലുള്ള സഹകണത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്. കുംഭമേളയെ ഇതിന്റെ ഉദാഹരണമായി എടുക്കാം. അതായത് പൊതുവായ കെട്ടുകഥകളിൽ വിശ്വസിക്കുന്നതിലൂടെ ഒരു പരിചയവുമില്ലാത്ത നിരവധി ആളുകൾക്ക് വിജയകരമായി ഒത്തുചേരാൻ കഴിയുന്നു. പരസ്പരം വ്യക്തിപരമായി അറിയില്ലെങ്കിലും, സർക്കാരുകളും സുരക്ഷാസേനയും കച്ചവടക്കാരും ഭക്തരും ഘടനാപരമായ രീതിയിൽ സഹകരിക്കുന്നു. എന്താണ് ഈ ഏകോപനത്തെ (Cooperation) നയിക്കുന്നത്?
കുംഭമേളയുടെ മതപരമായ ആചാരങ്ങൾ (ഉദാ: ഗംഗയിൽ കുളിക്കുന്നത്) മാധ്യമ ആഖ്യാനങ്ങളിലൂടെ ആത്മീയ ശുദ്ധീകരണത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും ഒരു വലിയ കെട്ടുകഥയായി മാറ്റപ്പെടുന്നു.
മാധ്യമങ്ങൾ സാംസ്കാരിക ചിഹ്നങ്ങളെ ‘കെട്ടുകഥകളാക്കി’ പരിവർത്തനം ചെയ്യുന്നുവെന്നും അത് പൊതുബോധത്തെ രൂപപ്പെടുത്തുകയും പ്രബലമായ പ്രത്യയശാസ്ത്രങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും റോളൻഡ് ബാർതസ് വാദിക്കുന്നത് ഇവിടെ പ്രസക്തമായി തോന്നുന്നു.
കുംഭമേളയുടെ മതപരമായ ആചാരങ്ങൾ (ഉദാ: ഗംഗയിൽ കുളിക്കുന്നത്) മാധ്യമ ആഖ്യാനങ്ങളിലൂടെ ആത്മീയ ശുദ്ധീകരണത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും ഒരു വലിയ കെട്ടുകഥയായി മാറ്റപ്പെടുന്നു. സാങ്കേതിക വിദ്യയിലൂന്നിയുള്ള ആധുനിക മാധ്യമ കവറേജിലൂടെ ഡ്രോൺ ഷോട്ടുകൾ, സോഷ്യൽ മീഡിയ ആംപ്ലിഫിക്കേഷൻ, സിനിമാറ്റിക് ഫ്രെയിമിംഗ് എന്നിവ അതിശയോക്തിപരമായ ഒരു ‘മഹാ കുംഭകാഴ്ച’ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ജീൻ ബൌഡ്രില്ലാർഡിന്റെ (Baudrillard, J. 1994) ഭാഷയിൽ കുംഭമേളയുടെ ഹൈപ്പർറിയൽ പതിപ്പ് നൽകുന്നു. VR അനുഭവങ്ങളുടെയും ഡിജിറ്റൽ കഥ പറച്ചിലിന്റെയും ഉപയോഗം മേളയെ ആഗോള പ്രേക്ഷകർക്ക് പ്രാപ്യമാക്കുന്നു. അതുവഴി, മതപരമായ അനുഭവത്തേക്കാൾ മാധ്യമ ഇടപെടലുകളോടെയുള്ള കെട്ടുകഥ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്ര രൂപവത്കരണം വളരെ എളുപ്പം സാധ്യമാക്കുകയും ചെയ്യുന്നു.
വിശകലനം ചെയ്ത വലിയൊരു ശതമാനം വാർത്തകളിലും 144 വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ഒരു ‘മഹാ’ പരിപാടിയായി 2025-ലെ മഹാ കുംഭമേളയെ ബി. ജെ. പി സർക്കാർ വിപണനം (Market) ചെയ്തതായി എളുപ്പം മനസിലാക്കാം. അത് ശരിയാണെങ്കിൽ, അതിനർത്ഥം ഇത്തരത്തിലുള്ള അവസാനത്തെ സംഭവം നടന്നത് 1881- ലാണ്. ദ വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Is 2025 Maha Kumbh really a ‘rare’ event held after 144 years, 11.02.2025) ഈ കെട്ടുകഥയെ നിശിതമായി വിമർശിക്കുന്നുണ്ട്.
https://thewire.in/politics/is-2025-maha-kumbh-really-a-rare-event-held-after-144-years

2013-ലെ കുംഭമേളയുടെ CAG പെർഫോമൻസ് ഓഡിറ്റിൽ ആ വർഷം ജനുവരി 14 മുതൽ മാർച്ച് 10 വരെ 55 ദിവസം നീണ്ടുനിന്ന കുംഭമേളയെ ‘മഹാ കുംഭമേളയായി’ പരാമർശിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013- ലെ മഹാ കുംഭമേളയെക്കുറിച്ച് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ‘Kumbh Mela-Mapping the Ephemeral Mega City’ എന്ന ഇന്റർ ഡിസിപ്ലിനറി പുസ്തകത്തിൽ 144 വർഷങ്ങൾക്കുശേഷം നടന്നത് 2001-ലെ മഹാ കുംഭമേളയാണെന്നാണ് പറയുന്നത്. മുതിർന്ന ബ്രിട്ടീഷ് പത്രപ്രവർത്തകനായ മാർക്ക് ടല്ലി (Mark Tully) കുംഭമേളയെ കുറിച്ചുള്ള തന്റെ ഹ്രസ്വ പുസ്തകത്തിൽ, 1989-ൽ അലഹബാദിൽ നടന്ന മഹാ കുംഭമേള റിപ്പോർട്ട് ചെയ്തതിന്റെ അനുഭവം രേഖപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ ശരിക്കും ഈ ‘മഹാ’ കുംഭമേള ഏതാണ്?
കഴിഞ്ഞ മാസം പുറത്തിറക്കിയ 198 രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്യൂ റിസർച്ച് സെന്റർ (Pew Research Centre) പഠനത്തിൽ, രണ്ട് പ്രധാന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം ചർച്ച ചെയ്യപ്പെടേണ്ടതാണ്. മതത്തിനുമേൽ ‘ഉയർന്ന’ സർക്കാർ നിയന്ത്രണമുള്ള (‘high’ degree of government restrictions on religion) കാര്യത്തിലും മതവുമായി ബന്ധപ്പെട്ട ശത്രുതയിലും (religion-related hostility in society) ഇന്ത്യക്ക് മോശം സ്ഥാനമാണ് റിപ്പോർട്ടിലുള്ളത്.
1575-ൽ മുഗൾ ചക്രവർത്തിയായ അക്ബർ ‘അല്ലാഹുവിന്റെ നഗര’മായി (City of Allah) സ്ഥാപിച്ച അലഹബാദിനെ ഹിന്ദുക്കൾ ആരാധിക്കുന്ന ഗംഗ, യമുന, പുരാണ സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമെന്ന നിലയിൽ, അതിന്റെ സ്വത്വത്തിന് മുൻതൂക്കം നൽകുന്നതിനായി പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യാൻ 2018-ൽ ആദിത്യനാഥ് ഉത്തരവിട്ടതായി ബ്ലൂബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (The World’s Largest Pilgrimage Is a Stage for India’s Hindu Right, 10.01.2025) പറയുന്നു. ഇതിനർത്ഥം മഹാ കുംഭമേളയുടെ ആഖ്യാന നിർമ്മിതി പെട്ടെന്ന് പൊട്ടി മുളച്ചതല്ലെന്നാണ്.

കുംഭമേള സ്യഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങൾ, മരണങ്ങൾ എന്നിവ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു?
വിശകലനം ചെയ്ത റിപ്പോർട്ടുകളിൽ വളരെ കുറച്ച് റിപ്പോർട്ടുകളിൽ മാത്രമാണ് കുംഭമേള സ്യഷ്ടിച്ച പരിസ്ഥിതിപ്രശ്നങ്ങളെ പറ്റിയും, തിക്കിലും തിരക്കിലും സംഭവിച്ച മരണങ്ങളെ പറ്റിയും വിവരിക്കുന്നത്. ബിസിനസ് സ്റ്റാന്റേഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Govt claims digital Mahakumbh, but hiding digits of dead: Akhilesh Yadav, 04.02.2025) പ്രയാഗ് രാജിലെ കുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സർക്കാർ മറച്ചുവെക്കുകയാണെന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന ലീഡ് ചെയ്ത റിപ്പോർട്ട് ഉദാഹരണമാണ്. വിശകലനം ചെയ്ത വലിയൊരു ശതമാനം റിപ്പോർട്ടുകളും ഈ വിഷയത്തിൽ ‘സെലക്ടീവ് നിശ്ശബ്ദത’ പുലർത്തിയതായി തോന്നുന്നുണ്ട്.

ജനുവരി 29 ന് അതിരാവിലെ മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന ദ ഹിന്ദു റിപ്പോർട്ടും പൊതു ആഖ്യാനങ്ങളിൽ നിന്നുള്ള വേറിട്ട ശബ്ദമാണ്. ദുരന്തത്തെക്കുറിച്ചും പ്രതികരണത്തെക്കുറിച്ചും ഭൂതകാലത്തിൽ നിന്ന് പാഠം പഠിക്കാത്തതിനെക്കുറിച്ചും മായങ്ക് കുമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട് (At the Kumbh Mela, faith and fatalities, 01.02.25).

ദശലക്ഷക്കണക്കിനുള്ള തീർത്ഥാടകരുടെ വരവ് പ്രാദേശിക ജലവിഭവങ്ങളെയും ആവാസവ്യവസ്ഥയെയും ബാധിക്കുകയും ജൈവ വിസർജ്ജ്യമല്ലാത്ത മാലിന്യങ്ങൾ (non-biodegradable materials) ഉൾപ്പെടെ വലിയ അളവിൽ സൃഷ്ടിക്കപ്പെടുകയും മലിനീകരണ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ജർമ്മൻ ഓൺലൈൻ പ്ലാറ്റ്ഫോമായ dw.com പ്രസിദ്ധീകരിച്ച India's Kumbh Mela brings up environmental challenges എന്ന റിപ്പോർട്ടിൽ പറയുന്നു.
https://www.dw.com/en/indias-kumbh-mela-brings-up-environmental-challenges/a-71671784

ഭാവിയിലെ കുംഭമേളകളിൽ കാർബൺ ബഹിർഗമനത്തിന് വ്യക്തമായ പരിധി നിശ്ചയിക്കുന്നതിന് പ്രാഥമിക പഠനം നടത്തണമെന്ന ആഖ്യാനത്തിലുള്ള ഡൗൺ ടു എർത്ത് റിപ്പോർട്ട് മികച്ച സുസ്ഥിര കാഴ്ചപ്പാടിലുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 08.01.25 ന് How Kumbh Mela & global mega events can be decarbonised എന്ന തലക്കെട്ടിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സുസ്ഥിര കാഴ്ച്ചപ്പാടിൽ നടത്തിയ മെഗാ ഇവന്റായ, 2024- ൽ പാരീസിൽ നടന്ന വേനൽക്കാല ഒളിമ്പിക്സിനെ ഉദാഹരണമായി ഇതിൽ പറയുന്നുണ്ട്.
https://www.downtoearth.org.in/environment/how-kumbh-mela-global-mega-events-can-be-decarbonised

മഹാകുംഭമേള പോലുള്ള മതപരമായ സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യത, സാംസ്കാരിക സംവേദനക്ഷമത, സമഗ്രത എന്നിവ തമ്മിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ ആവശ്യമാണ്. സ്റ്റീരിയോടൈപ്പുകൾ, സെൻസേഷണലിസം, രാഷ്ട്രീയ പക്ഷപാതങ്ങൾ എന്നിവ ഒഴിവാക്കി മാധ്യമ വിവരണങ്ങൾ സന്ദർഭ-അവബോധമുള്ളതായിരിക്കണം (context- aware). മതപരമായ സംഭവങ്ങൾ പലപ്പോഴും പ്രബലമായ പ്രത്യയശാസ്ത്രങ്ങളെ ശക്തിപ്പെടുത്തുന്ന വിധത്തിലായിരിക്കും. അതിനാൽ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളിൽ നിന്ന് വിമർശനാത്മക യാഥാർത്ഥ്യങ്ങൾ വേർതിരിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗ് മാധ്യമപ്രവർത്തകർ പരിശീലിക്കണം. മതപരമായ ഒത്തുചേരലുകളെ പിന്നാക്കം- പുരോഗമനപരം അല്ലെങ്കിൽ അന്ധവിശ്വാസം- ശാസ്ത്രീയം എന്നീ ബൈനറികളിലേക്ക് ചേർക്കാതെ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സഹവർത്തിത്വത്തെ എടുത്തുകാണിക്കാനുള്ള അവസരങ്ങളാക്കി എങ്ങനെ മാറ്റാം എന്ന് പരീക്ഷിക്കാവുന്നതാണ്.
മാധ്യമ റിപ്പോർട്ടിങ്ങുകളെ വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് 8 ലേഖനങ്ങള്‍ വായിക്കാം
▮
References:
1. Baudrillard, J. (1994). Simulacra and simulation (S. F. Glaser, Trans.). University of Michigan Press.
2. Berger, P. L., & Luckmann, T. (1966). The social construction of reality: A treatise in the sociology of knowledge. Anchor Books.
3. Bartlett, F. C. (1932). Remembering: A study in experimental and social psychology. Cambridge University Press.
4. Harari, Y. N. (2014). Sapiens: A brief history of humankind. Harper.
5. Johnson, M. K., Hashtroudi, S., & Lindsay, D. S. (1993). Source monitoring. Psychological Bulletin, 114(1), 3–28. https://doi.org/10.1037/0033-2909.114.1.3
6. Loftus, E. F. (1993). The reality of repressed memories. American Psychologist, 48(5), 518–537. https://doi.org/10.1037/0003-066X.48.5.518
7. Roediger, H. L., III, Mead, C., & Bergman, E. T. (2001). Social contagion of memory. Psychonomic Bulletin & Review, 8(2), 365–371. https://doi.org/10.3758/BF03196174