തെരഞ്ഞെടുപ്പുകാലം മാധ്യമങ്ങള്‍ക്ക് തിരക്കിന്റെ കൂടി കാലമാണ്. ഏത് തിരഞ്ഞെടുപ്പും ഒരേ പ്രാധാന്യത്തോടെ പ്രേക്ഷകർക്കുമുന്നിലെത്തിക്കുകയെന്നത് ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ എക്കാലത്തെയും വെല്ലുവിളിയുമാണ്. ലൈവ് ഷോകളും ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗുമെല്ലാം അനിവാര്യമാകുന്ന സമയം. സാങ്കേതിക സംവിധാനങ്ങളിലുണ്ടായ വളര്‍ച്ച ന്യൂസ് റൂമുകളെയും ന്യൂസ് സ്റ്റുഡിയോകളെയും എങ്ങനെയൊക്കെ മാറ്റിത്തീര്‍ത്തു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പുതിയ കാലത്തെ ചാനലുകളിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍. എറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവരങ്ങള്‍ എത്രമാത്രം കാര്യക്ഷമമായി പ്രേക്ഷകരിലെത്തിക്കാനുള്ള പരിശ്രമം ചാനലുകളില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്.
ഗ്രാഫിക്‌സിന് നിര്‍ണായക സ്ഥാനമാണ് ഓരോ ന്യൂസ് സ്റ്റുഡിയോയിലുമുള്ളത്. ഗ്രാഫിക് ആര്‍ട്ടിസ്റ്റിന്റെ ഭാവനയും രാഷ്ട്രീയവുമെല്ലാം വാര്‍ത്തയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു.
ന്യൂസ് ഡെസ്‌കും ബ്യൂറോകളും തമ്മിലുള്ള ഏകോപനത്തിലൂടെ വാര്‍ത്തകള്‍ സ്റ്റോറി രൂപത്തിലും മറ്റും നേരിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഡെസ്‌കും ബ്യൂറോയുമെല്ലാം ഇന്ന് പുതിയ രീതികള്‍ അവലംബിക്കുകയാണ്. പ്രേക്ഷക അഭിരുചി കൂടി കണക്കിലെടുത്താണ് വാര്‍ത്താപരിപാടികളില്‍, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്തെ പരിപാടികളില്‍, ഇത്തരം സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം എങ്ങനെ വേണമെന്ന് തിരുമാനിക്കുന്നത്. പ്രേക്ഷകരിലേക്ക് വിവരങ്ങളെത്തിക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളെ എറ്റവും ഫലവത്തായി ഉപയോഗിക്കുന്നത് കേരളത്തിലാണെന്ന് തോന്നിയിട്ടുണ്ട്.
ഒരു ദേശീയ വാര്‍ത്താചാനലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയില്‍ മറ്റു ഭാഷകളിലെ വാര്‍ത്താചാനലുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തിലെ ചാനലുകള്‍ എത്രയോ മുന്നിലാണെന്നു പറയാം. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ കേരളത്തിലെ വാര്‍ത്താ ചാനലുകളിലുണ്ടായ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം, സാങ്കേതിക മാറ്റം വളരെ പ്രകടമാണ്. അത് ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ളത് ഗ്രാഫിക്സ് ഡിപാർട്ട്മെന്റിലാണ്. ഗ്രാഫിക്‌സ് ഡിപ്പാര്‍മെന്റുകളാണ് ഇതിലെ പ്രധാന 'റോള്‍' കൈകാര്യം ചെയ്യുന്നത്. ഗ്രാഫിക്‌സിന് നിര്‍ണായക സ്ഥാനമാണ് ഓരോ ന്യൂസ് സ്റ്റുഡിയോയിലുമുള്ളത്. ഗ്രാഫിക് ആര്‍ട്ടിസ്റ്റിന്റെ ഭാവനയും രാഷ്ട്രീയവുമെല്ലാം വാര്‍ത്തയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. ന്യൂസ് ഡെസ്‌ക് പോലെ ഗ്രാഫിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഗ്രാഫിക്‌സ് ഡെസ്‌ക് എന്ന് പറയുന്നതില്‍ പോലും തെറ്റില്ലെന്നാണ് കരുതേണ്ടത്. ഗ്രാഫിക്‌സിന്റെ ഉപയോഗം വാര്‍ത്തകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ അത്രമാത്രം അനിവാര്യമായിരിക്കുന്നു.
വലിയ മൂലധനച്ചെലവുള്ള മേഖല കൂടിയാണിത് എന്നതാണ് മറ്റൊരു കാര്യം. പണച്ചെലവ് എന്ന ഘടകം നിലനില്‍ക്കുമ്പോള്‍ തന്നെ ലഭ്യമായ റിസോഴ്‌സുപയോഗിച്ച് കൈരളി പോലുള്ള ചാനലുകള്‍ ശ്രമിക്കുന്നത്, പ്രേക്ഷകർക്ക് പരമാവധി ഇഷ്ടപ്പെടുംവിധം എങ്ങനെ വാര്‍ത്തകളെത്തിക്കാന്‍ കഴിയുമെന്നാണ്. എ.ആര്‍, വി.ആര്‍ തുടങ്ങിയ പരസ്യവാചകങ്ങള്‍ കൊണ്ടുമാത്രം പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് കാര്യക്ഷമമായി ആളുകളിലേക്കെത്തിക്കാന്‍ കഴിയുമ്പോഴാണ് റിസള്‍ട്ടുണ്ടാവുന്നത്. എന്റര്‍ടെയിന്‍മെന്റ് സിനിമകളുടെ രൂപത്തില്‍ വാര്‍ത്തകള്‍ ചെയ്യുന്നത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. അത്തരം പരീക്ഷണങ്ങള്‍ വളരെ പെട്ടെന്ന് ഔട്ട്‌ഡേറ്റഡ് ആയിട്ടേയുള്ളൂ. അതേസമയം മലയാളം ന്യൂസ് ചാനലുകളുടെ സ്‌ക്രീനില്‍ വീഡിയോ എക്‌സ്‌പ്ലെയിനര്‍ പോലുള്ള, കേള്‍ക്കുന്നതിനൊപ്പം വായിച്ചും മനസ്സിലാക്കാന്‍ കഴിയുന്ന പരിപാടികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരം വീഡിയോ എക്‌സപ്ലെയിനറുകള്‍ക്ക് ഇപ്പോഴും വലിയ മാര്‍ക്കറ്റുണ്ട്.
സോഷ്യല്‍ മീഡിയയുടെ വരവ് വാര്‍ത്താലോകത്തെയും വലിയ തരത്തില്‍ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയയെ കൂടി മുന്നില്‍ കണ്ടാണ് ന്യൂസ് ഡെസ്‌കുകള്‍ ഒരു വാര്‍ത്ത എങ്ങനെ തയ്യാറാക്കണമെന്ന് തിരുമാനിക്കുന്നത്.
ഇലക്ടറല്‍ ബോണ്ട് പോലെ, രാജ്യത്തെ എറ്റവും വലിയ ഒരു തട്ടിപ്പിനെ സെന്‍സിബിള്‍ ആയി ആളുകളിലെത്തിക്കാന്‍ വീഡിയോ എക്‌സ്‌പ്ലെയിനറുകളും സോഷ്യല്‍ മീഡിയാ റീലുകളും മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കായി പണ്ടൊക്കെ ഉപയോഗിച്ചിരുന്നത് വോയ്സ് ഓവറുകള്‍ മാത്രമായിരുന്നു എന്നു കാണാം. അന്നത്തെ കാലത്ത് അത് വലിയ പുതുമയുമായിരുന്നു; പ്രത്യേകിച്ച് ഇലക്ഷന്‍ കാലത്ത്.
ഓരോ ലോക്സഭാ മണ്ഡലത്തെയും അവിടുത്തെ ട്രെന്‍ഡുകളെയും സമഗ്രമായി വിശദീകരിക്കുന്ന, ഇന്നും വാര്‍ത്താചാനലുകള്‍ ചെയ്തുപോരുന്ന പരിപാടികളില്‍ മുമ്പ് ഉപയോഗിച്ചിരുന്നത് വോയ്സ് ഓവറുകള്‍ മാത്രമായിരുന്നു. അന്ന് വോയ്‌സ് ഓവര്‍ സ്‌റ്റോറികള്‍ പ്രേക്ഷകര്‍ക്കും വലിയ കൗതുകമായിരുന്നു. എന്നാല്‍ പിന്നീട്, അനിവാര്യമാണെങ്കില്‍ മാത്രം വോയ്‌സ് ഓവറുകള്‍ ചേര്‍ക്കുന്ന തരത്തിലേക്ക് വാര്‍ത്തകള്‍ മാറി. ബൈറ്റുകളും ഗ്രാഫിക്‌സുകളും മറ്റും മാറി മാറി ഉപയോഗിക്കുന്ന രീതിയാണ് പിന്നീട് വന്നത്. അതായിത് വാര്‍ത്തകളെ ന്യൂസ് റൂമുകള്‍ ട്രീറ്റ് ചെയ്യുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മുമ്പ്, ഒരേ വാര്‍ത്തകള്‍ തന്നെ മൂന്നോ നാലോ ബുള്ളറ്റിനുകളില്‍ കാണിച്ചിരുന്നെങ്കിലും അത് പലപ്പോഴും വേണ്ടത്ര ആളുകളിലേക്ക് എത്താറില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവ് വാര്‍ത്താലോകത്തെയും വലിയ തരത്തില്‍ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയയെ കൂടി മുന്നില്‍ കണ്ടാണ് ന്യൂസ് ഡെസ്‌കുകള്‍ ഒരു വാര്‍ത്ത എങ്ങനെ തയ്യാറാക്കണമെന്ന് തിരുമാനിക്കുന്നത്. നല്ല വാര്‍ത്തകള്‍, ആളുകളിലേക്ക് എത്തേണ്ട വാര്‍ത്തകള്‍, വളരെ സ്ട്രാറ്റജിക്കലായി ചെയ്യാനും ആളുകളിലേക്കെത്തിക്കാനും വേണ്ടത്ര പ്രചാരം കൊടുക്കാനും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്താചാനലുകള്‍ക്ക് കഴിയുന്നുണ്ട്. അതിന് ഗ്രാഫിക് കാര്‍ഡുകളും റീലുകളുമെല്ലാം വലിയ തോതില്‍ ഉപകാരപ്പെട്ടിട്ടുണ്ട്. ആശയവ്യക്തതയോടെ ആളുകളിലേക്ക് കണ്ടന്റ് എത്തിക്കാന്‍ ഇതുമൂലം സാധിച്ചിട്ടുണ്ട്. വോയ്‌സ് ഓവര്‍ സ്‌റ്റോറികളായി മാത്രം ഒതുങ്ങിപ്പോകുമായിരുന്ന പല വാര്‍ത്തകളെയും ഇങ്ങനെ പ്രമോട്ട് ചെയ്യാന്‍ കഴിഞ്ഞത് സമൂഹമാധ്യമങ്ങളുടെ ക്വാളിറ്റി തന്നെയാണ്.
സമൂഹമാധ്യമങ്ങള്‍ക്കുള്ള കണ്ടെന്റ് തയ്യാറാക്കുന്നവരോട് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ചാനല്‍ വാര്‍ത്തകളുടെ സ്വഭാവം സമൂഹ മാധ്യമ കണ്ടെന്റകള്‍ക്ക് വരരുതെന്നാണ്.
ന്യൂസ് സ്‌റ്റോറികളെ പുതിയ രീതിയില്‍ ട്രീറ്റ് ചെയ്യാന്‍തുടങ്ങിയതോടെ ആളുകളുടെ മനസ്സില്‍ അത് തങ്ങിനില്‍ക്കാന്‍ തുടങ്ങി. വീണ്ടും വീണ്ടും ഷെയര്‍ ചെയ്യാന്‍ പാകത്തില്‍ വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരം കൂടെയായപ്പോള്‍ വൈറല്‍ കണ്ടെന്റുകള്‍ സൃഷ്ടിക്കാന്‍ വാര്‍ത്താചാനലുകള്‍ക്കുമായി. ഇത്തരത്തില്‍ വൈറല്‍ കണ്ടെന്റുകളുണ്ടാക്കുന്നതിന് ഈ സാങ്കേതിക മാറ്റങ്ങള്‍ വലിയ തോതില്‍ സഹായകരമായിട്ടുണ്ട്. ഇന്ന് എല്ലാ മാധ്യമങ്ങളും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു.
മറ്റൊന്ന് വാര്‍ത്തയുടെ ഭാഷയിലും പാറ്റേണുകളിലും ഉണ്ടായ മാറ്റങ്ങളാണ്. ചാനലുകളില്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളുടെ പാറ്റേണ്‍ അല്ല സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത്. അച്ചടി മാധ്യമത്തിന്റെ സ്വഭാവവും രീതികളും പലപ്പോഴും ദൃശ്യമാധ്യമങ്ങള്‍ക്കും കൈവരാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ, ഇവയിൽനിന്ന് വ്യത്യസ്തമാണ്. സമൂഹമാധ്യമങ്ങള്‍ക്കുള്ള കണ്ടെന്റ് തയ്യാറാക്കുന്നവരോട് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ചാനല്‍ വാര്‍ത്തകളുടെ സ്വഭാവം സമൂഹ മാധ്യമ കണ്ടെന്റകള്‍ക്ക് വരരുതെന്നാണ്. കാരണം ഡിജിറ്റല്‍ വായന മറ്റൊരു ഭാഷയിലാണ് സാധ്യമാകുന്നത്, സാധ്യമാകേണ്ടത്. തലക്കെട്ട് മുതല്‍ തുടങ്ങുന്നുണ്ട് ഈ ട്രീറ്റ്മെന്റ്. എന്നാല്‍ അത് ഗോസിപ്പ് കണ്ടെന്റുകളുടെ രൂപത്തിലേക്ക് പോകാതിരിക്കുകയും വേണം.
വാര്‍ത്താ ചാനലുകള്‍ തങ്ങളുടെ കണ്ടെന്റിന്റെ പ്രചാരണത്തിനും മറ്റുമായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നതുപോലെ സമൂഹമാധ്യമങ്ങളില്‍ നിന്ന് മികച്ച കണ്ടെന്റകള്‍ സ്വീകരിക്കാനും വാര്‍ത്തകളാക്കാനും കഴിയുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. മൊബൈല്‍ ജേണലിസത്തിന്റെ അഥവാ ‘മോജോ’യുടെ സാധ്യതകളും പുതിയ കാലത്ത് മാധ്യമങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും ‘മോജോയിൽ ഇപ്പോഴും ചില പരിമിതികള്‍നിലനില്‍ക്കുന്നുണ്ടെന്നതിനാല്‍ അവ മലായള മാധ്യമരംഗത്ത് അത്ര കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാമാണ് ‘മോജോ’യെ മലയാള മാധ്യമങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സ്‌റ്റോറികള്‍ ചെയ്യാനും മറ്റുമായി ഇന്ന് മലയാള മാധ്യമങ്ങള്‍ ‘മോജോ’ ഉപയോഗത്തില്‍ മുന്നോട്ടു പോയിട്ടുണ്ട്.
മറ്റൊന്ന്, ചാനലുകളുടെ സാങ്കേതിക മേഖലയില്‍ നടക്കുന്ന വലിയ കുത്തകവത്കരണമാണ്. പുതിയ സാങ്കേതിക വിദ്യകള്‍ വലിയ ഗുണം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോള്‍ പോലും സാമ്പത്തികമായി അത്ര മുന്നില്ലല്ലാത്ത ചാനലുകളെ ഇതെല്ലാം പിന്നോട്ടടിക്കുന്നുണ്ട്, അവയ്ക്ക് ചെലവേറുന്നുണ്ട്. ചാനലുകള്‍ കോര്‍പ്പറേറ്റ് മീഡിയകളായി മാറുന്നത് അതുകൊണ്ടുകൂടിയാണ് എന്ന് പറയേണ്ടിവരും. ചെലവ് താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ താരതമ്യേന ചെറിയ മാധ്യമസ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കയ്യില്‍ പെട്ടുപോകുകയാണ്. പിന്നീട് ഈ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇവിടെയാണ് പുതിയ കാലത്ത് ഓണ്‍ലൈന്‍ ബദല്‍മാധ്യമങ്ങള്‍ പ്രസക്തമാകുന്നത്.
പുതിയ ടെക്‌നോളജിയുടെ കാലത്ത്, പ്രത്യേകിച്ച് ഇലക്ഷന്‍ കാലഘട്ടങ്ങളില്‍, ന്യൂസ്‌റൂമുകളില്‍ നടത്തുന്ന തയ്യാറെടുപ്പുകളിലും മുമ്പുള്ളതിനേക്കാള്‍വലിയ മാറ്റം സംഭവിക്കുന്നുണ്ട്. അടിസ്ഥാനപരമായി അന്നും ഇന്നും നടക്കുന്നത് വിവരശേഖരണമാണെങ്കിലും അതിന്റെ രീതികളില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. 20 ലോക്സഭാമണ്ഡലങ്ങളെയും അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയെയും വിശദീകരിക്കുന്ന, ഇന്നും ചാനലുകള്‍ ചെയ്തുപോരുന്ന ഇലക്ഷന്‍ പരിപാടികള്‍ മുമ്പ് ചെയ്യണമങ്കില്‍ 20 മണ്ഡലങ്ങളിലെയും റിപ്പോര്‍ട്ടര്‍മാരെ കണക്ട്‌ചെയ്യാന്‍ പ്രത്യേകം ലാന്‍ഡ് ഫോണുകള്‍ തയ്യാറാക്കിവെക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനായി, മറ്റു കോളുകള്‍ വരാത്ത തരത്തില്‍ ഡെഡിക്കേറ്റഡ് ലാന്‍ഡ് ലൈനുകള്‍ ചാനലുകളില്‍ പ്രത്യേകം ഏര്‍പ്പാട് ചെയ്തിരുന്നു. അതായത് എറണാകുളത്തുനിന്ന് റിപ്പോര്‍ട്ടറെ ബന്ധപ്പെടുമ്പോള്‍ ആ ഫോണിലേക്ക് ആ കോള്‍ മാത്രമേ വരുമായിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് റിസള്‍ട്ട് പ്രഖ്യാപനവേളകളില്‍ ലാന്‍ഡ് ഫോണുകളുടെ ഈ ക്രമീകരണം ചാനലുകളില്‍ വളരെ കൃത്യതയോടെ അന്ന് ചെയ്തിരുന്നു. കോളുകള്‍ അറ്റെന്‍ഡ് ചെയ്യുന്നതിനായി മാത്രം പുറത്തുനിന്ന് ആളുകളെയും ജേണലിസ്റ്റ് ട്രെയിനികളെയും ജോണലിസം വിദ്യാര്‍ത്ഥികളെയും ഒരു ദിവസത്തേക്കായി നിയമിക്കുകപോലും ചെയ്തിരുന്നു.
ഫോണുകള്‍ക്കും കോളുകള്‍ക്കുമപ്പുറത്തേക്ക് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും വാട്സ്ആപ്പ് മെസേജുകളിലേക്കും ന്യൂസ് ഡെസ്‌കുകള്‍ തന്നെ മാറി
എന്നാല്‍ ഇന്ന് അതില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമീഷൻ വെബ്‌സൈറ്റിനെയാണ് റിപ്പോര്‍ട്ടര്‍മാരും ന്യൂസ് ഡെസ്‌കുകളും പ്രധാനമായി ആശ്രയിക്കുന്നത്. അതായത്, ഗവണ്‍മെന്റ് സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമീഷന്‍ തന്നെയും ഡിജിറ്റലിലേക്ക് മാറിയിരിക്കുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ അപഡേറ്റ് ചെയ്യുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമീഷൻ വെബ്‌സൈറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വളരെ ഉപകാരപ്രദവുമാണ്.
മറ്റൊന്ന്, ഫോണുകള്‍ക്കും കോളുകള്‍ക്കുമപ്പുറത്തേക്ക് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും വാട്സ്ആപ്പ് മെസേജുകളിലേക്കും ന്യൂസ് ഡെസ്‌കുകള്‍ തന്നെ മാറി എന്നതാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വളരെ പെട്ടെന്നും അനായാസമായും മെസേജുകള്‍ കൈമാറാന്‍ സാധിക്കുന്നു എന്നത് മറ്റേതൊരു മേഖലയെക്കാളും സ്വാധീനിച്ചിട്ടുള്ളത് വാര്‍ത്താമേഖലയെയാണ്. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനും ഉപയോഗിക്കാനും കഴിയും എന്നായപ്പോള്‍ വിവരശേഖരണത്തില്‍ കുറേക്കൂടി കൃത്യതയും വേഗതയും കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇലക്ഷന്‍ കമീഷൻ വെബ്‌സൈറ്റിലെ ഔദ്യോഗിക വിവരങ്ങള്‍ പോലെ തന്നെ പ്രധാനമാണ് റിപ്പോര്‍ട്ടര്‍മാര്‍ എത്തിക്കുന്ന അനൗദ്യോഗിക വിവരങ്ങളും. തെരഞ്ഞെടുപ്പിന്റെ ആവേശം വര്‍ദ്ധിപ്പിക്കണമെങ്കില്‍പലപ്പോഴും ഇത്തരം അനൗദ്യോഗിക വിവരങ്ങളും സ്വീകരിക്കേണ്ടിവരാറുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ ന്യൂസ് സോഴ്‌സുകളെയാണ് ഇതിനായി പ്രധാനമായി ആശ്രയിക്കുന്നത്. അവരാണ് വാട്ട്‌സാപ്പിലൂടെയും മറ്റും വിവരങ്ങള്‍ പെട്ടെന്ന് എത്തിച്ചുനല്‍കുന്നത്. കാര്യങ്ങളെ കുറേക്കൂടി എളുപ്പമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്, ഈ സംവിധാനങ്ങള്‍ക്കെല്ലാം. സ്‌ക്രീനില്‍ വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യുന്നതിന് മുമ്പേ അവതാരകരിലേക്ക് വാര്‍ത്തകള്‍ എത്താറുണ്ട് എന്നതും വാര്‍ത്തകള്‍ അവതാരകര്‍ തന്നെ ബ്രേക്ക് ചെയ്യാറുണ്ട് എന്നതും സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം കൊണ്ട് സംഭവിച്ചതാണ്.
ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറിയത് വാര്‍ത്താവതരണത്തെയും കൂടുതൽ ഫ്ലെക്സിബിൾ ആക്കിയിട്ടുണ്ട്.
മറ്റൊന്ന്, വാര്‍ത്തകളുടെ അവതരണത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്. പ്രത്യേകിച്ച്, ഇലക്ഷന്‍ കാലത്ത് ഇത്തരം മാറ്റങ്ങള്‍ പ്രകടമാണ്. മലയാള മാധ്യമങ്ങള്‍ ദൂരദര്‍ശന്‍ കാലം മുതല്‍ തുടര്‍ന്നു പോന്നിട്ടുള്ള വാര്‍ത്താവതരണത്തിലെ ചിട്ടകള്‍ക്ക് വലിയ മാറ്റമുണ്ടായി. എങ്കിലും അവതരണരീതിയില്‍മാറ്റം കൊണ്ടുവരാം എന്നല്ലാതെ വിഷയത്തിന്റെ ഗൗരവം മാറ്റമില്ലാതെ തുടരുന്നുണ്ട്.
കുറേ നാളുകള്‍ക്കിടയില്‍ ന്യൂസ് സ്റ്റുഡിയോകളിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. വളരെ പ്രകടമാണ് ഈ മാറ്റം. ആദ്യ കാലങ്ങളില്‍ പൂര്‍ണമായും സെറ്റ് ഇട്ട് ഡിസൈന്‍ ചെയ്ത് ഫ്ലോറിനുള്ളിലായിരുന്നു വാര്‍ത്താവതരണം നടന്നിരുന്നത്. പിന്നീട് കുറേ നാള്‍ ന്യൂസ് സ്റ്റുഡിയോകളില്‍ കണ്ടിരുന്നത് വീഡിയോ വാളുകളായിരുന്നു. വീഡിയോ വാളുകള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ പിന്നീട് ന്യൂസ് സ്റ്റുഡിയോകള്‍ പൂര്‍ണമായും ഗ്രീന്‍ മാറ്റിലേക്ക് മാറി. ആ അര്‍ത്ഥത്തില്‍ സ്റ്റുഡിയോകള്‍ക്കാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുള്ളത്. സ്റ്റുഡിയോ സെറ്റിംഗുകളെ മൊത്തത്തില്‍ ലളിതമാക്കാന്‍ ഗ്രാഫിക്‌സിന് കഴിഞ്ഞിട്ടുമുണ്ട്.
മുമ്പ് വാര്‍ത്താ സ്റ്റുഡിയോകള്‍ ഒരു 'ഐസൊലേറ്റഡ്' ഏരിയയായിരുന്നു. ക്യാമറാമാനും പ്രോംപ്റ്ററും വാര്‍ത്താവതാരകരും മാത്രം. പ്രോംപറ്ററിലേക്ക് വരുന്ന വിവരങ്ങളും പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് വരുന്ന കമാന്‍ഡുകളും മാത്രമാണ് വാര്‍ത്താവതാരകർക്ക് ലഭ്യമായിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറിയത് വാര്‍ത്താവതരണത്തെയും കൂടുതൽ ഫ്ലെക്സിബിൾ ആക്കിയിട്ടുണ്ട്.