മെയിൻസ്ട്രീം ഹിന്ദുത്വ മീഡിയ തോൽക്കുന്നു, യൂട്യൂബേഴ്സിന് മുന്നില്‍

‘‘ഇന്ത്യയിൽ ഏറ്റവും വലിയ പബ്ലിക് പ്ലാറ്റ്ഫോമായി യൂട്യൂബ് മാറിയിട്ടുണ്ട്. ടെലിവിഷന് 50 കോടി കാഴ്ചക്കാരുണ്ടെന്നാണ് കണക്ക്. അതുതന്നെ വർഷാവർഷം കുറഞ്ഞുകൊണ്ടിരിക്കുന്നു, ടി.വിയുടെ സ്‍ക്രീന്‍ ടൈം ഫോണിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കും എന്ന കാര്യം കൂടി പരിഗണിക്കണം. അതേസമയം ഇന്ത്യയിൽ 46 കോടി ആക്ടീവ് യൂട്യൂബ് ഉപഭോക്താക്കളുണ്ട് എന്ന് പറയുന്നത് ഏറെക്കുറെ കൃത്യതയുള്ള കണക്കായിരിക്കും’’ ഓൺലൈൻ വീഡിയോ ജേണലിസം സമാന്തരധാരയിൽനിന്ന് മുഖ്യധാരയിലേക്ക് കുതിക്കുന്നതിനെക്കുറിച്ച് എഴുതുന്നു മുഹമ്മദ് ജദീർ.

2021 ജനുവരി 30.
രാജ്യം കർഷക സമരത്തിന്റെ ചൂടിലാണ്. അവഗണിക്കാനാവാത്തവിധം സമരം അതിനകം വളർന്നു കഴിഞ്ഞതിനാൽ മുഖ്യധാരാ ചാനലുകളും പത്രങ്ങളും സ്ഥലത്തുണ്ട്. വാട്സ്ആപ്പിലും സോഷ്യൽമീഡിയകളിലും സമരമുണ്ട്. റൈറ്റ് വിംഗ് വ്യാജവാർത്തകളും അവഹേളനങ്ങളും നേരത്തെ ആരംഭിച്ചിരുന്നു.

അതിനിടെ, ജനുവരി 30-ന് രാത്രി സിംഗുവിൽ കർഷകരുടെ ടെന്റിന് സമീപം നിൽക്കുകയായിരുന്ന ഒരു യുവാവിന് നേരെ മൂന്ന് പൊലീസുകാർ നടന്നു വരുന്നു. ചെന്നപാടെ ഷർട്ടിൽ പിടിയിട്ട് പൊലീസുകാർ അയാളെ ബാരിക്കേഡിന് സമീപത്തേക്ക് വലിച്ചുകൊണ്ടുവരുന്നു. 'ഇതാണ് മൻദീപ് പൂനിയ'- പൊലീസുകാരൻ മറ്റുള്ളവരോടായി പറഞ്ഞു. അതോടെ ലാത്തി കൊണ്ടുള്ള മർദനവും ആരംഭിച്ചു. മന്ദീപ് പൂനിയ ഒരു യൂട്യൂബ് റിപ്പോർട്ടറായിരുന്നു.

മൻദീപ് പുനിയ / Photo: Mukul Singh Chauhan, The Wire

രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പതിഞ്ഞ ഒരു സമരത്തിനിടെ, ദേശീയ മാധ്യമങ്ങളടക്കം നൂറുകണക്കിന് ചാനലുകളും പത്രങ്ങളും അത് റിപ്പോർട്ട് ചെയ്യുന്നതിനിടെ 'നിനക്കിനിയും റിപ്പോർട്ട് ചെയ്യണോ?' എന്ന് ചോദിച്ച് ഒരു യൂട്യൂബ് ചാനൽ റിപ്പോർട്ടറെ പൊലീസ് തെരഞ്ഞുപിടിച്ച് മർദിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക് വീഡിയോ ക്രിയേറ്റർമാരും സമാന്തരമായി നടത്തുന്ന മീഡിയ പ്രവർത്തനത്തിന് എത്രത്തോളം ഇംപാക്ട് ഉണ്ടാക്കാനാവുന്നുണ്ട് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

ഹിന്ദി ന്യൂസ് ചാനലുകൾ വാർത്താ റിപ്പോർട്ടുകളിൽ നിന്ന് ഏറെക്കുറെ പിന്മാറുകയും അഭിപ്രായങ്ങളും വാഗ്വാദങ്ങളും സ്ക്രീൻ ടൈം കീഴടക്കുകയും ചെയ്തതോടെ ആ വിടവ് ഇപ്പോൾ നികത്തുന്നത് നിരവധി യൂട്യൂബ് ചാനലുകളാണ്. ചിലതിന് ഏതാനും ആയിരങ്ങൾ മാത്രമാണ് കാഴ്ചക്കാർ. എന്നാൽ ലക്ഷങ്ങളും മില്യണും കാഴ്ചക്കാരുള്ള ചാനലുകളും ഒരുപാടുണ്ട്.

റിപബ്ലിക് ടിവി അവതാരക ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വാർത്താ അവതരണത്തിനിടെ.

വടക്കൻ ഇന്ത്യയിൽ റൈറ്റ് വിംഗ് നിർമിച്ചു വിടുന്ന വ്യാജ വാർത്തകളും പ്രൊപ്പഗാണ്ടകളും സാധാരണക്കാരുടെ പക്ഷത്തുനിന്ന് പൊളിച്ചടുക്കുകയും മെയിൻ സ്ട്രീം മീഡിയ അവഗണിക്കുന്ന ഗ്രൗണ്ട് റിപ്പോർട്ടുകൾ ജന ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നത് ഇത്തരം യൂട്യൂബേഴ്സും ഫേസ്ബുക്ക് വീഡിയോ ക്രേയേറ്റേഴ്സുമാണ്. എല്ലാവരും ഒരേ തരത്തിലല്ല വീഡിയോ നിർമിക്കുന്നത്. ചിലർ ഫാക്ട് ചെക്കുകൾ മാത്രം നടത്തുന്നു, മറ്റു ചില ചാനലുകൾ ഗ്രൗണ്ട് റിപ്പോർട്ടിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. എല്ലാ വിഷയത്തിലും അടിസ്ഥാന വിവരങ്ങൾ വിശദീകരിക്കുന്ന എക്സ്പ്ലൈനർ യൂട്യൂബേഴ്സും സജീവമാണ്.

കാർഷിക പ്രശ്നങ്ങളുടെയും ഗ്രാമീണ വിഷയങ്ങളുടെയും ഗ്രൗണ്ട് റിപ്പോർട്ടിലാണ് മന്ദീപ് പൂനിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുൻപ് കാരവൻ, ദി വയർ പോലുള്ള സ്വതന്ത്ര മാധ്യമങ്ങൾക്ക് വേണ്ടി എഴുതിയിരുന്ന മൻദീപ് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വീഡിയോ ജേണലിസത്തിലേക്ക് തിരിയുന്നത്. 2020 ആഗസ്റ്റ് 9-ന് കർഷക സമരം ആരംഭിച്ച് 2021 ഡിസംബറിൽ അവസാനിക്കുന്നതുവരെ മൻദീപ് തുടർച്ചയായി സമരം ജനങ്ങളിലെത്തിച്ചു. സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് 14 ദിവസം തിഹാർ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന മൻദീപിന്റെ പിറകെ ഇപ്പോഴും ഭരണകൂടമുണ്ട്. ഐ.ടി. ആക്ട് ലംഘിച്ചെന്നാരോപിച്ച് രണ്ട് മാസം മുൻപ് മൻദീപിൻറെ ചാനലായ ഗാവ് സവേരിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.

മൻദീപ് പുനിയ റിപ്പോർട്ടിംഗിനിടെ

ഇത്തരത്തിൽ ഒരു പ്രത്യേക വിഷയമോ പ്രത്യേക പ്രദേശമോ കേന്ദ്രീകരിച്ച് ഗ്രൗണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന കൂടുതൽ യൂട്യൂബ് ചാനലുകൾ ഉണ്ടായി വരുന്നുണ്ട്. മറ്റൊരുദാഹരണം വികാസ് തിവാരിയുടെ ബസ്തർ ടോക്കീസ് ആണ്. മുഖ്യധാരാ മാധ്യമങ്ങൾക്ക് വലിയ തരത്തിൽ ആക്സസ് ഇല്ലാതിരിക്കുകയും പൊലീസും സേനയും നേരിട്ട് തന്നെ പ്രൊപ്പഗാണ്ട നടത്തുകയും ചെയ്യുന്ന സ്ഥലമാണ് ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തർ. പലപ്പോഴും പൊലീസ് / സർക്കാർ വേർഷൻ അത് പോലെ നൽകുകയാണ് മെയിൻസ്ട്രീം മീഡിയ ചെയ്യുന്നത്. ബസ്തർ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടുകളാണ് വികാസ് തിവാരിയുടെ ചാനലിലെ ഉള്ളടക്കം. ചുരുങ്ങിയ സമയത്തിനകം ചാനൽ സബ്സ്ക്രൈബേഴ്സ് 2,20,000 കടന്നിട്ടുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങളിൽ പൊതുവിൽ കേൾക്കുന്ന നരേറ്റീവുകൾക്ക് വിരുദ്ധമായ നിരവധി റിപ്പോർട്ടുകൾതിവാരിയുടെ ചാനലിൽ കാണാം.

വികാസ് തിവാരി

ഒരു പ്രത്യേക വിഷയത്തിൽ ഒതുങ്ങാതെ പൊതുവായ രാഷ്ട്രീയ / സാമൂഹിക ടോപ്പിക്കുകളിൽ സംസാരിക്കുകയും ഫാക്ട് ചെക്ക് നടത്തുകയും ചെയ്യുന്നവരാണ് ധ്രുവ് രഠീ, ആകാശ് ബാനർജി, നിതീഷ് രാജ്പുത് തുടങ്ങിയ എക്സ്പ്ലൈനർ യൂട്യൂബേഴ്സ്. അക്ഷരാർഥത്തിൽ കോടിക്കണക്കിന് കാഴ്ചക്കാർ ഇത്തരം യൂട്യൂബേഴ്സിനുണ്ട്. രാഷ്ട്രീയ വിഷയങ്ങളും വിവാദങ്ങളും പതിനഞ്ചോ ഇരുപതോ മിനിറ്റുകൾക്കകം വിശദീകരിക്കുക എന്നതാണ് രീതി. വ്യത്യസ്ത വീക്ഷണങ്ങളുടെ അഭാവമുണ്ടെങ്കിലും, എങ്ങുമെത്താതെ പോവുന്ന ചാനൽ ചർച്ചകളേക്കാൾ വ്യക്തത ഇത്തരം വീഡിയോകളിലൂടെ ലഭിക്കുന്നുണ്ടെന്ന് ‌വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ആവർത്തിച്ച് വരുന്ന അഭിപ്രായമാണ്.

ധ്രുവ് രഠീ 2014-ൽ ആരംഭിച്ച യൂട്യൂബ് ചാനലാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇത്തരത്തിലെ ആദ്യ സംരംഭം. ആദ്യം ട്രാവൽ വ്ലോഗായി ആരംഭിച്ച ധ്രുവ് പിന്നീട് ഫാക്ട് ചെക്കിംഗിലേക്കും എക്സ്പ്ലൈനർ വീഡിയോകളിലേക്കും തിരിയുകയായിരുന്നു. ടൈം മാഗസിൻ ‘Next Generation Leaders’ പട്ടികയിൽ ഇടം പിടിച്ച് ധ്രുവിന് നിലവിൽ 13.6 മില്ല്യൺ സബ്സ്ക്രൈബേഴ്സുണ്ട്.

ധ്രുവ് രഠീ, ആകാശ് ബാനർജീ, നിതിഷ് രാജ്പുത്

2020-ൽ ചാനൽ ആരംഭിച്ച നിതിഷ് രാജ്പുത്തിന് മൂന്ന് വർഷം കൊണ്ട് മുപ്പത് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സിനെ നേടാനായിട്ടുണ്ട്. 40 ലക്ഷമാണ് ഓരോ വീഡിയോയ്ക്കുമുള്ള ശരാശരി കാഴ്ചക്കാർ. ആകാശ് ബാനർജിയുടെ ദി ദേശ് ഭക്ത് ചാനൽ, മോഹക് മംഗളിന്റെ Soch by Mohak Mangal തുടങ്ങിയ നിരവധി എക്സ്പ്ലൈനർ യൂട്യൂബേഴ്സിൽ ഓരോന്നിനും വലിയ ജനപിന്തുണയുണ്ട്.

ഇന്ത്യയിൽ ഏറ്റവും വലിയ പബ്ലിക് പ്ലാറ്റ്ഫോമായി യൂട്യൂബ് മാറിയിട്ടുണ്ട്. ടെലിവിഷന് 50 കോടി കാഴ്ചക്കാരുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റ എന്ന ഡാറ്റാ പ്ലാറ്റ്ഫോമിന്റെ കണക്ക്. അതുതന്നെ വർഷാവർഷം കുറഞ്ഞുകൊണ്ടിരിക്കുന്നു, ടി.വിയുടെ സ്ക്രീൻ ടൈം ഫോണിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കും എന്ന കാര്യം കൂടി പരിഗണിക്കണം. അതേസമയം ഇന്ത്യയിൽ 46 കോടി ആക്ടീവ് യൂട്യൂബ് ഉപഭോക്താക്കളുണ്ട് എന്ന് പറയുന്നത് ഏറെക്കുറെ കൃത്യതയുള്ള കണക്കായിരിക്കുകയും ചെയ്യും. അതായത് ടി.വിയേക്കാൾ പോപ്പുലറായ മീഡിയമായി യൂട്യൂബ് മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾക്ക് മത്സരിക്കാനാവാത്തവിധം വൈവിധ്യങ്ങളുമായി ഒരു സമാന്തര ന്യൂസ് ഇക്കോ സിസ്റ്റം യൂട്യൂബിൽ ഉണ്ടായി വന്നിട്ടുണ്ട്. അഭിസാർ ശർമ, പുണ്യ പ്രസുൺ ബാച്പയ്, ബർക്ക ദത്ത്, രവീഷ് കുമാർ തുടങ്ങി മെയിൻ സ്ട്രീം ചാനലിൽ തിളങ്ങിയവർ യൂട്യൂബിലേക്ക് ചുവടുമാറി. രാഷ്ട്രീയബോധ്യമുള്ള നിരവധി യുവാക്കളും പുതിയ ചാനലുമായി മുന്നോട്ട് വരുന്നു. ചാനലുകളെയും പത്രങ്ങളെയും ഭയപ്പെടുത്തിയും വിലക്കെടുത്തും ഭരണകൂടം പ്രൊപഗാണ്ട പ്രചരിപ്പിച്ചാലും വസ്തുതകൾ ഏത് സാധാരണക്കാരനും ഏതാനും ക്ലിക്കുകൾ കൊണ്ട് ഇന്ന് തിരഞ്ഞെടുക്കാനാവും.

അഭിസാർ ശർമ, പുണ്യ പ്രസുൺ ബാച്പയ്, ബർക്ക ദത്ത്

ഉദാഹരണത്തിന് ഈ അടുത്ത കാലത്ത് കേരളത്തിനെതിരെ നടന്ന ഏറ്റവും വലിയ പ്രൊപ്പഗാണ്ട ആക്രമണമായിരുന്നു കേരള സ്റ്റോറി എന്ന സിനിമ. കേരളത്തിൽ വ്യാപകമായി 'ലൗ ജിഹാദ്' നടത്തുന്നു എന്ന സംഘപരിവാർ പ്രചാരണത്തിനുള്ള മെറ്റീരിയലായിരുന്നു കേരള സ്റ്റോറി. കാസർഗോഡുള്ള നഴ്സിംഗ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെൺകുട്ടികളെ ഒരു സംഘം ബ്രയിൻവാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മത പരിവർത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് സിനിമയുടെ കഥ.

ചിത്രം റിലീസ് ചെയ്തതിനെ തുടർന്ന് ദേശീയ മാധ്യമങ്ങൾ വളരെ രൂക്ഷമായതും വസ്തുതാ വിരുദ്ധവുമായ പ്രചാരണങ്ങളാണ് കേരളത്തിനെതിരെ നടത്തിയത്. എ ബി പി ന്യൂസും ടൈംസ് നൗവും തുടരെ തുടരെ സ്പെഷ്യൽ സ്റ്റോറികൾ സംപ്രേക്ഷണം ചെയ്തു. മതം മാറിയ പെൺകുട്ടികളെ 'ലൗ ജിഹാദിന്റെ' ഇരകൾ എന്ന രീതിയിൽ ഇന്റർവ്യൂ ചെയ്ത് അവതരിപ്പിച്ചു. 32,000 പെൺകുട്ടികളെ ഐ.എസിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന സിനിമയിലെ വാദം പലതവണ ഈ ചാനലുകൾ അതേ പോലെ ക്വോട്ട് ചെയ്തു.

അടിമുടി നുണയിലും വിദ്വേഷത്തിലും പൊതിഞ്ഞ ഈ പ്രചാരണങ്ങൾക്കെതിരെ ഹിന്ദി ഭാഷയിൽ ഫാക്ട് ചെക്കുകളും വിശദീകരണങ്ങളും വന്നത് യൂട്യൂബേഴ്സിൽ നിന്നാണ്. സിനിമയുടെ വാദങ്ങളെ പൊളിച്ച് ധ്രുവ് രഠി പോസ്റ്റ് ചെയ്ത വീഡിയോ ഇതു വരെ 1.8 കോടി തവണ കണ്ടു. അതിന്റെ തന്നെ ചെറു ക്ലിപ്പുകളും റീലുകളും അതിലധികം പേർ കണ്ടിട്ടുണ്ടാവണം. 22 മിനിറ്റുള്ള വീഡിയോയിൽ കേരള സ്റ്റോറിയിലെ ഓരോ ആരോപണങ്ങളും ഓരോ നുണകളും പ്രത്യേകം പ്രത്യേകമായെടുത്ത് പൊളിക്കുന്നുണ്ട്. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തെക്കുറിച്ചും സമാധാനാന്തരീക്ഷത്തെക്കുറിച്ചും ധ്രുവ് വീഡിയോയിൽ വിശദീകരിക്കുന്നു.

വിഷയത്തിൽ ഫോളോഅപ് ആയി ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോകൾക്കും ഒരു കോടിക്ക് മുകളിൽ കാഴ്ചക്കാരുണ്ട്. കേരള സ്റ്റോറി വിഷയത്തിൽ നിതീഷ് രാജ്പുത്, ആകാശാ ബാനർജി തുടങ്ങിയ മറ്റു യൂട്യൂബേഴ്സിന്റെ വീഡിയോകളും ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്.

മെയിൻസ്ട്രീം മീഡിയ ചെയ്യേണ്ട ജോലിയായിരുന്നു ഇത്. വിദ്വേഷം കാരണം കേരളത്തെക്കുറിച്ചും മുസ്‍ലിംകളെക്കുറിച്ചും വ്യാജപ്രചാരണം നടത്തുന്ന, അത് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ മാറ്റി നിർത്തിയാൽ, കോടിക്കണക്കിന് സാധാരണക്കാർക്ക് ഈ വിശദീകരണം എത്ര ആശ്വാസം നൽകിയിരിക്കും. കേരളത്തെക്കുറിച്ചുണ്ടായേക്കാമായിരുന്ന എത്ര കോടി മനുഷ്യരുടെ തെറ്റിദ്ധാരണയാണ് മാറിയിട്ടുണ്ടാവുക.

റഫേൽ കരാർ, കർഷക സമരം, ദൽഹി കലാപം, ജെ.എൻ.യു ആക്രമണം, പൗരത്വ സമരം തുടങ്ങി ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പ്രശ്നങ്ങളിലും രാജ്യത്തെ ഹിന്ദി- ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്ന് ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത വസ്തുകകൾ ജനങ്ങളിലേക്ക് എത്തിച്ചത് ഇത്തരം വീഡിയോ ജേണലിസ്റ്റുകളും ഫാക്ട് ചെക്കേഴ്സുമാണ്.

അതിഭയങ്കരമായ ആക്സസബിലിറ്റിയാണ് യൂട്യൂബ് വീഡിയോകളുടെ പ്രത്യേകത. 2016-ലെ ജിയോ വിപ്ലവം അക്ഷരാർഥത്തിൽ ഇന്ത്യയെ ഒരു ഇന്റർനെറ്റ് രാജ്യമാക്കി മാറ്റി. ഡാറ്റ ഉപയോഗം കുതിച്ചുയർന്നു. 2019-ലെ കോവിഡ് മഹാമാരി ഇന്റർനെറ്റ് ഉപയോഗം വീണ്ടും ത്വരിതപ്പെടുത്തി. ഇന്ന് ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 80 ശതമാനം പേരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. ഇക്കാലത്തിനിടെ വാട്സ്ആപ്പും ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. യൂട്യൂബ്- വാട്സ്ആപ്പ് എന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ കോംബോ ആണ്. വാർത്തകൾ കാണുന്നത് യൂട്യൂബിലാണെങ്കിലും പ്രചരിപ്പിക്കുന്നത് വാട്സ്ആപ്പിലാണ്. ഏത് സാധാരണക്കാർക്കും അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാവുമെന്നതുപോലെതന്നെ ഒരു യൂട്യൂബ് ക്രിയേറ്ററുമുണ്ടാവും. കർഷകരിൽ നിന്ന്, ഓട്ടോ ഡ്രൈവരിൽ നിന്ന്, പെയിന്റു പണിക്കാരിൽ നിന്ന് ഒക്കെ പോപ്പുലർ കണ്ടന്റ് ക്രിയേറ്റർമാരുണ്ട്.

അഭിഷേക് മിശ്ര

സ്വതന്ത്ര വീഡിയോ ജേണലിസ്റ്റുകളുടെയും യൂട്യൂബേഴ്സിന്റെയും സ്വാധീനം സർക്കാരും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് തെളിവാണ് യൂട്യൂബേഴ്സിനെതിരെ തുടരെയുണ്ടാവുന്ന കേസുകളും അറസ്റ്റുകളും. യൂട്യൂബറായ അഭിഷേക് മിശ്രയെ 2019-ൽ ദൽഹി പൊലീസ് മധ്യപ്രദേശിലെത്തി അറസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദിക്ക് വീഴ്ചപറ്റിയെന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് മൻമോഹൻ മിശ്രയെന്ന യൂട്യൂബറെ ചെന്നൈയിൽ നിന്നാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ധ്രുവ് രഠിക്കെതിരെയും മറ്റ് പോപ്പുലർ യൂട്യൂബേഴ്സിനെതിരെയും കേസുകളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആഘോഷം എന്ന് പറയാമെങ്കിലും ഏത് നിമിഷവും സ്വിച്ച് ഇട്ട പോലെ ഭരണകൂടത്തിന് ഓഫ് ചെയ്ത് കളയാവുന്നതും ഭയപ്പെടുത്തി നിർത്താവുന്നതുമായ സംവിധാനമാണ് യൂട്യൂബും എന്നത് മറന്നുകൂട.

അത്തരം നിയന്ത്രണങ്ങൾക്ക് നിയമപരമായ സാധൂകരണമൊരുക്കാനുള്ള നീക്കങ്ങൾ എപ്പഴേ തുടങ്ങുകയും ചെയ്തിട്ടുണ്ട്. പുതിയ ഐ.ടി. നിയമ ഭേദഗതിപ്രകാരം വാർത്തയോ സമകാലിക സംഭവങ്ങളോ ഉള്ളടക്കമാവുന്ന യൂട്യൂബ് ചാനലുകൾ വിവര വാർത്താ വിനിമയ മന്ത്രാലയത്തിൽ തങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് യൂട്യൂബ് കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ചാനലുകളിലോ ഓൺലൈൻ മാധ്യമത്തിലോ വരുന്ന ഒരു വിവരം വ്യാജമാണെന്നോ, തെറ്റാണെന്നോ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതപരിശോധനാ വിഭാഗമോ, കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തുന്ന വസ്തുതപരിശോധനാ സംവിധാനമോ, പ്രസ്തുത വിവരവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പോ, കണ്ടെത്തിക്കഴിഞ്ഞാൽ ആ വിവരം എടുത്തു മാറ്റേണ്ടി വരും. അതായത്, സർക്കാരിന് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ നിയമപരമായി തന്നെ എടുത്തു മാറ്റേണ്ടി വരും.

കേന്ദ്രസർക്കാർ യൂട്യൂബിൽ നിന്ന് ബ്ലോക്ക് ചെയ്ത India: The Modi Question എന്ന ഡോക്യുമെന്ററി പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുന്നു.

നിലവിലെ നിയമങ്ങൾ ഉപയോഗിച്ചുതന്നെ പരമാവധി സെൻസർഷിപ്പ് നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പുതിയ നിമയങ്ങളുപയോഗിച്ച് മാധ്യമസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുമെന്ന് കണ്ടുതന്നെ അറിയണം. കഴിഞ്ഞ എട്ടു വർഷങ്ങളിൽ ഇന്ത്യയിൽ ബ്ലോക്കു ചെയ്യപ്പെട്ട വെബ്സൈറ്റുകൾ, URL-കൾ, ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ആകെ എണ്ണം 55,580 മാണെന്നാണ് വെബ്സൈറ്റ് ബ്ലോക്കിംഗിനെ പറ്റിയുള്ള "Finding 404' റിപ്പോട്ട് പറയുന്നത്. ഗുജറാത്ത് വംശഹത്യയിൽ, അന്നത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്, രാജ്യസുരക്ഷയുടെ മറവിൽ ഐ.ടി ഭേദഗതി നിയമം ആധാരമാക്കിയാണ്. കേന്ദ്ര സർക്കാരിന്റെ ഭീഷണിയെ തുടർന്ന് ട്വിറ്ററിന് 257 അക്കൗണ്ടുകൾ നീക്കം ചെയ്യേണ്ടി വന്നെന്ന് വെളിപ്പെടുത്തിയത് ട്വിറ്റർ തന്നെയാണ്. കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാൻ ഏക്താ മോർച്ച, ഭാരതീയ കിസാൻ യൂണിയന്റെ ഏക്താ ഉഗ്രഹൻ പ്രതിനിധികൾ, ആം ആദ്മി എം.എൽ.എമാർ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് ട്വിറ്റർ ബ്ലോക്ക് ചെയ്തത്. കമ്പനിയുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു സർക്കാർ ഭീഷണി. കൂടാതെ തുടരെ തുടരെ ഉണ്ടാവുന്ന ഇന്റർനെറ്റ് നിരോധനവും ഇന്ത്യയിലെ ഓൺലൈൻ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്.

ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടങ്ങളിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യു.എന്നിൽ നിന്നുള്ള പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്തയക്കുകയുമുണ്ടായി. പുതിയ ഐ.ടി നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും പുനഃപരിശോധിക്കണമെന്നും യു.എൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ദി സ്ട്രിംഗ് തെലുഗു യൂട്യൂബ് ചാനൽ

ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ഒരു പോപ്പുലർ മീഡിയ എന്നതാണ് ഓൺലൈൻ വീഡിയോ ജേണലിസത്തെ ഇത്ര ആകർഷകമാക്കുന്നത്. അതുകൊണ്ടുതന്നെ ഇതേ സൗകര്യങ്ങളും സംവിധാനങ്ങളും സംഘപരിവാറും കൃത്യമായി ഉപയോഗിക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. മുകളിൽ പറഞ്ഞ യൂട്യൂബ് എക്സ്പ്ലൈനേഴ്സും കണ്ടന്റ് ക്രിയേറ്റേഴ്സും സംഘപരിവാറിന്റെ ഇടയിൽ നിന്നുമുണ്ട്. ഇവരുടെ പ്രധാന വിൽപനച്ചരക്കായ അതിദേശീയതയും മുസ്ലിം വിദ്വേഷവും മുഖ്യധാര ചാനലുകൾ തന്നെ സജീവമായി വിൽക്കുന്നത് കൊണ്ടാവണം റീച്ചിലും വ്യൂവർഷിപ്പിലും താരതമ്യേനെ തൽക്കാലം പിന്നോട്ടാണ്. എങ്കിലും വിവിധ വിഭാഗങ്ങളിലുള്ള കാഴ്ചക്കാരെ ഉദ്ദേശിച്ച് വിവിധ നിലവാരത്തിലുള്ള ചാനലുകൾ സജീവമായി തന്നെ രംഗത്തുണ്ട്.

‘ദി സ്ട്രിംഗ്’, ഷാം ശർമ ഷോ, എഞ്ചിനീയർ എക്സ്പ്ലൈൻ തുടങ്ങിയ സംഘപരിവാർ യൂട്യൂബ് ചാനലുകൾ അതിഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയിലും സ്റ്റൈലിലുമാണ് അവതരണം. പ്രൊവേക്കേറ്റീവ് അല്ലാതെ പതിയെ വിശദീകരിച്ച് പോവുന്ന, നിഷ്പക്ഷതയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് പൊതുവെ പിന്തുടരുന്നത്. സ്ട്രിംഗ് പോലുള്ള ചാനലുകൾക്ക് ഇംഗ്ലീഷിന് പുറമെ, ഹിന്ദി, കന്ന‍ഡ, തമിഴ്, തെലുഗ് തുടങ്ങിയ വിവിധ ഭാഷകളിൽ പ്രത്യേകം ചാനലുകളുണ്ട്. ഒരേ ഉള്ളടക്കം തന്നെ വിവിധ ഒരേ ഹെഡിംഗിൽ വിവിധ ഭാഷകളിൽ ലഭ്യമാക്കുന്നു.

പബ്ലിക് ഒപ്പീനിയൻ ‌വീഡിയോകളെ ഹിന്ദുത്വ രാഷ്ട്രീയം കലർത്തി ഉപയോഗിക്കുന്ന യൂട്യൂബേഴ്സും നിരവധിയാണ്. ദൽഹിയിലും നോർത്ത് ഇന്ത്യൻ ടൗണുകളിലും ക്യാമറയും മൈക്കുമായെത്തി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ചോദിക്കുന്നതാണ് ഇത്തരം ചാനലുകളുടെ രീതി. O News Hindi, The Newspaper തുടങ്ങി എണ്ണമറ്റ ചാനലുകളാണ് ഇത്തരത്തിൽ ഹിന്ദിയിലുള്ളത്. ഒട്ടും തയ്യാറെടുപ്പുകളോ പഠനമോ ആവശ്യമില്ലാതെ പ്രകോപനപരമായ ഒറ്റ ചോദ്യം കൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ മതി എന്നതാണ് ഇത്തരം ചാനലുകളുടെ സൗകര്യം. കിട്ടുന്ന പ്രതികരണങ്ങൾ എത്ര വിദ്വേഷജനകവും വസ്തുതാ വിരുദ്ധവുമായിരുന്നാൽ പോലും അതേ വാചകങ്ങൾ ഉപയോഗിച്ച് പോസ്റ്റർ ഉണ്ടാക്കി പോസ്റ്റു ചെയ്യും. ഒ ന്യൂസ് ഹിന്ദി എന്ന ചാനലിൽ മാത്രം പത്ത് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരുള്ള ഇത്തരം വീഡിയോകൾ അൻപതിനടുത്തുണ്ട്.

Comments