രാജ്യത്തെ സംബന്ധിച്ച വളരെ 'സെൻസിറ്റീവായ' ദേശീയ വിഷയങ്ങളിൽ ഇന്ത്യയിലെ മാധ്യമങ്ങൾ ഭരണകൂട നിലപാടുകളിൽ നിന്ന് വ്യതിരിക്തമായി സ്വതന്ത്രവും വിമതവുമായ സമീപനം അവലംബിക്കാറുണ്ടോ? ഇല്ലെന്നാണ്, ഇന്ത്യൻ രാഷ്ട്രീയത്തെ വളരെ സൂക്ഷ്മമായി നീരിക്ഷിക്കുന്ന ഇടതുപക്ഷ ചിന്തകനായ താരിഖ് അലി പറയുന്നത്. പഹൽഗാമിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ ഉടലെടുത്ത സംഘർഷാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തിലാണ് ഈക്കാര്യം പരാമർശിക്കുന്നത്
ഇടതുപക്ഷ ചിന്തകനായ താരിഖ് അലി, പഹൽഗാമിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുടലെടുത്ത സംഘർഷാവസ്ഥയെക്കുറിച്ചു എഴുതിയ ലേഖനത്തിൽ ‘ദേശീയ’ വിഷയങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ മാധ്യമങ്ങളുടെ സമീപനത്തെക്കുറിച്ചു പരാമർശിച്ച് പറയുന്നത്, ഇസ്രായേലിന് Haaretz പോലെ ഇന്ത്യക്ക് ഒരു വിമത മാധ്യമമില്ലെന്നാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ വായ്ത്താരിയാകാറില്ല ഒരിക്കലും Haaertz. ഇടതുപക്ഷ നിലപാട് പിന്തുടരുന്ന ഈ അച്ചടി മാധ്യമത്തിനു ഇസ്രായേലിലും അന്താരാഷ്ട്ര തലത്തിലും ഗണ്യമായ സ്വാധീനമുണ്ട്.

ഇന്ത്യൻ മാധ്യമങ്ങളും
എഡിറ്റോറിയൽ സ്വാതന്ത്ര്യവും
താരിഖ് അലിയുടെ നീരീക്ഷണം വാസ്തവമാണോ? ഇന്ത്യൻ ഭരണകൂടത്തിന്റെ, അതാതുകാലങ്ങളിലെ സർക്കാരുകളുടെ നയസമീപനങ്ങളെ വിമർശിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളില്ലേ? തീർച്ചയായുമുണ്ട്. ദൃശ്യമാധ്യമങ്ങൾ പൊതുവിൽ വാലാട്ടി സമീപനമാണ് സ്വീകരിക്കാറുള്ളതെങ്കിലും നടുവുയർത്തി ഭരണകൂടത്തിന് നേരെ അഭിപ്രായം രേഖപ്പെടുത്തുന്ന അച്ചടി പ്രസിദ്ധീകരണങ്ങളും ഓൺലൈൻ മാധ്യമങ്ങളുമുണ്ട്. എങ്കിലും, മാധ്യമങ്ങൾ പൊതുവേ രാജ്യത്തെ സംബന്ധിച്ച ‘സെൻസിറ്റീവ്’ വിഷയങ്ങളിൽ സ്വയം കരുതലെടുക്കുന്നു. ‘സ്വയം നിയന്ത്രണം’ എന്ന ഭംഗിവാക്കിൽ ഇതിനെ വിശേഷിപ്പിക്കാം. സ്വയം നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് അല്പമെങ്കിലും നിലനിർത്താനായി സർക്കാരിന്റെ ജിഹ്വയാകാതിരിക്കാതെ എഡിറ്റോറിയൽ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ പരിശ്രമപ്പെടാറുണ്ട്. എഡിറ്റോറിയൽ സ്വാതന്ത്ര്യമാണ് ഓരോ മാധ്യമങ്ങൾക്കും അതിന്റെതായ വ്യത്യസ്തത ഉറപ്പുവരുത്താൻ കാരണമാകുന്നത്.
ദൃശ്യമാധ്യമങ്ങളിലെ വികാരവിക്ഷുബ്ധമായ വാർത്താവതരണം വലതുപക്ഷ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തെ അനുകരിക്കുന്നവിധം ശോചനീയമായി.
സമീപവർഷങ്ങളിൽ ലോക റാങ്കിങ്ങിൽ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം പിറകോട്ടടിക്കുന്നുവെന്ന വസ്തുതയോടൊപ്പം തിരിച്ചറിയേണ്ട ഒരു കാര്യം, മാധ്യമങ്ങളുടെ എഡിറ്റോറിയൽ സ്വാച്ഛന്ദ്യവും ശോഷിക്കുന്നുവെന്ന യാഥാർഥ്യമാണ്. വാർത്താ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ പ്രതിപാദനത്തിലും വ്യത്യസ്‌തയ്‌ക്കും ഭംഗം വരുന്ന തരത്തിൽ ഉള്ളടക്കപരമായ ഏകീകരണം സംഭവിക്കുന്നു. സമീപദിവസങ്ങളിലെ ഇന്ത്യ- പാകിസ്ഥാൻ സംഘർഷാവസ്ഥയുടെ റിപ്പോർട്ടിംഗിൽ ഇത് ഏറ്റവും പ്രകടമായി. ദൃശ്യമാധ്യമങ്ങളിലെ വികാരവിക്ഷുബ്ധമായ വാർത്താവതരണം വലതുപക്ഷ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തെ അനുകരിക്കുന്നവിധം ശോചനീയവുമായി.

താരിഖ് അലിയുടെ ലേഖനത്തിലെ പരാമർശത്തെ എടുത്തുപറഞ്ഞുകൊണ്ട്, വലതുപക്ഷ രാഷ്ട്രീയ കോളമിസ്റ്റായ സ്വപൻ ദാസ് ഗുപ്ത പറയുന്നത്, ഇസ്രായേലി ഇംഗ്ലീഷ് പത്രമായ ഹാരെറ്റ്‌സ് എപ്പോഴും വിയോജിപ്പുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട് എന്നാണ്. താരിഖ് അലി പറയുന്നത് ഏതാണ്ട് ശരിയാണെന്നും സ്വപൻ ദാസ് ഗുപ്‌ത സമ്മതിക്കുന്നു. എന്നാൽ, (ഇന്ത്യയുടെ കാര്യത്തിൽ), ദേശീയ താൽപ്പര്യമായി കരുതുന്ന കാര്യങ്ങളിൽ, അന്നത്തെ സർക്കാരിന് എല്ലായ്പ്പോഴും വിശാലമായ പിന്തുണ നൽകുന്നു മാധ്യമങ്ങൾ. ബാഹ്യശക്തികൾ ഇന്ത്യയെ ആക്രമിക്കുന്നതായി തോന്നുമ്പോൾ ഇത് കൂടുതൽ സത്യമാണെന്നാണ് സ്വപൻ ദാസ് ഗുപ്ത പറയുന്നത്. സർക്കാർ നിലപാടുകൾക്കനുസൃതമായി വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് ധാർമിക ബാധ്യതയുണ്ടെന്നാണ് വാദം.
വാണിജ്യ യുദ്ധസിനിമയിലെ അതിനായക പരിവേഷമാണ് സ്വയം മാധ്യമ അവതാരകർ അണിഞ്ഞത്.
സ്വപൻ ദാസ് ഗുപ്‌തയുടെ കാഴ്ചപ്പാടിൽ ദേശമാണ് മുഖ്യം. ഇതാണ് ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാട്. Nation First. സർക്കാരും ദേശവും ഒന്നാകുന്നു എന്ന വസ്തുതയും അടിവരയിടേണ്ടതാണ്. അങ്ങനെവരുമ്പോൾ, ഈ നിലപാടിനോട് വിയോജിക്കുന്നവർ, വിമത വീക്ഷണമുള്ളവർ, അഭിപ്രായ വ്യത്യാസമുള്ളവർ ചോദ്യങ്ങൾ ചോദിക്കുന്നവർ രാജ്യത്തിന് പ്രഥമ പരിഗണന നൽകാത്തവരാകുന്നുവെന്നാണ് വ്യഖ്യാനം. ചരിത്രത്തിലെ ഉദാഹരണങ്ങളെടുത്തുകാണിച്ച്, സർക്കാർ സമീപനത്തോടു വിയോജിക്കുന്നവരെയെല്ലാം അഞ്ചാം പത്തികൾ എന്നാണ് സ്വപ്‌ൻ ദാസ് ഗുപ്ത വിശേഷിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരാണ് സ്വപൻ ദാസ് ഗുപ്‌തയുടെ പ്രധാന ലക്ഷ്യം. കാരണം, ഇടതുപക്ഷത്തിൽ നിന്നു മാത്രമേ സ്വാഭാവികമായി വിമർശനം ഉയരൂ എന്നതുതന്നെ. അങ്ങനെ ഉയർന്നില്ല എന്നതു വേറെക്കാര്യം.

ചൈന- ഇന്ത്യ യുദ്ധമാണ് ഉദാഹരിക്കപ്പെടുന്ന ഒരു സന്ദർഭം. ഇ എം എസിന്റെ സു/കു പ്രസിദ്ധമായ സ്റ്റേറ്റ്മെന്റ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. ‘ഇന്ത്യ ഇന്ത്യയുടേയും ചൈന ചൈന ചൈനയുടെയും…’ എന്നാണ് അതിർത്തി തർക്കത്തെക്കുറിച്ചുള്ള ആ വിവാദ പ്രസ്താവന. ഇന്ത്യ- ചൈന യുദ്ധമാണ് ഒരുപക്ഷെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ യുദ്ധം. ഭാഗ്യവശാൽ, 71- നു ശേഷം രാജ്യമൊന്നടങ്കം യുദ്ധാടിയന്തരാവസ്ഥയിലാകുന്ന സാഹചര്യമുണ്ടായിട്ടില്ല. 71- നു ശേഷം ജനിച്ച ഒരു തലമുറയും യുദ്ധഭീതി അനുഭവിച്ചിട്ടുമില്ല. യുദ്ധമോ യുദ്ധസമാന അവസ്ഥയോ ജീവിതവ്യവസ്ഥകളെ അടിമുടി ഉലയ്ക്കുമെന്ന വസ്തുത ഒരുപക്ഷേ പരിഗണനപോലും അർഹിക്കാതെ പോയത് യുദ്ധഭീതിയുടെ അനുഭവം ദൃശ്യമാധ്യമങ്ങളിലെ 71- നുശേഷമുള്ള തലമുറയിൽപ്പെട്ട മാധ്യമ പ്രവർത്തകർക്ക് അറിയാത്തതുകൊണ്ടാകാം. വായനയിൽ നിന്നുള്ള അനുഭവപരിചയമാണെങ്കിൽ അതും ശുഷ്ക്കമാണെന്നു അനുമാനിക്കേണ്ടിവരും.
ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നു ഊറ്റം കൊള്ളുന്നുവെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കാനും സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാനും ഒന്നും തടസ്സമാകേണ്ടതില്ല. ജനാധിപത്യ വ്യവസ്ഥയിൽ രാജ്യപക്ഷമെന്നാൽ സർക്കാർ പക്ഷമല്ല..
യാഥാർഥ്യബോധ്യം നഷ്ടപ്പെട്ട വിധത്തിലുള്ള വാണിജ്യ യുദ്ധ സിനിമകളിലെ സെറ്റു പോലെയാണ് ടി വി സ്റ്റുഡിയോ അലങ്കരിക്കപ്പെട്ടത്. വാണിജ്യ യുദ്ധ സിനിമയിലെ അതിനായക പരിവേഷമാണ് സ്വയം മാധ്യമ അവതാരകർ അണിഞ്ഞത്. തോക്കിന്റെ പാത്തി കണ്ടാൽ പോലും ബോധം നഷ്ടപ്പെട്ടേക്കാവുന്നവർ യുദ്ധക്കോപ്പുകളുടെ ഗ്രാഫിക്സ് ഉപയോഗിച്ച് സ്ക്രീൻ അളവിൽ അമ്മാനമാടുകയായിരുന്നു. യുദ്ധക്കളിപ്പാട്ടങ്ങൾ കൈയിലേന്തി ഹിംസാടനം പരിശീലിക്കുന്ന കുഞ്ഞുങ്ങളുടെ അപക്വതയാണ് പരിചയസമ്പന്നർ എന്നവകാശപ്പെടുന്ന മുതിർന്ന മാധ്യമ പ്രവർത്തകർ കാട്ടിക്കൂട്ടിക്കൊണ്ടിരുന്നത്.
എല്ലാ യുദ്ധങ്ങളെയും യുദ്ധസാഹചര്യങ്ങളെയും സമീകരിക്കാൻ പറ്റില്ല. കാരണം ഓരോ സംഘർഷാവസ്ഥയും ഉടലെടുക്കുന്നത് സവിശേഷമായ ചരിത്രസാഹചര്യത്തിലാണ്. എങ്കിൽ തന്നെയും, റിപ്പോർട്ടിങ്ങിലും അവതരണത്തിലും മാധ്യമ ധാർമികത സവിശേഷ പ്രധാനമായി കാണുന്ന ഏതൊരു മാധ്യമത്തിന്റെയും അടിസ്ഥാന പ്രേരണ യുദ്ധവിരുദ്ധമായിരിക്കുക എന്നതാണ്. ദേശത്തിന്റെ പരിധികൾക്കകത്തു നിയമാനുസൃതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ ധാർമിക കോഡ് എന്നു പറയുന്നത് 19 (എ) തന്നെയാണ്. അതിനനുബന്ധമായി യുക്തിപരമായ പരിധികൾ ഏർപ്പെടുത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്.

എന്താണ് ആ ബാധ്യതകൾ?
സമുദായങ്ങൾ തമ്മിൽ സ്പർദ്ധയ്ക്ക് ഇടയാക്കുന്ന വാർത്തകൾ നൽകാതിരിക്കുക, വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഉലയ്ക്കുന്ന വാർത്തകൾക്ക് പരിധികൾ ഏർപ്പെടുത്തുക.
പക്ഷെ സംഘർഷാവസ്ഥയിൽ, പാകിസ്ഥാൻ ഈ ഗണത്തിപ്പെടുന്നില്ല എന്നും ശത്രുരാജ്യമായതുകൊണ്ട് വസ്തുതാവിരുദ്ധമായ വാർത്തകൾ നല്കാമെന്നാണോ? മാധ്യമ വാർത്തയുടെ വിശ്വാസ്യതയാണ് മാധ്യമ ധാർമികതയെ നിർണയിക്കുന്ന സുപ്രധാന ഘടകം. അത്തരമൊരു അടിസ്ഥാനത്തിൽനിന്ന് വസ്‌തുതാവിരുദ്ധമായ വാർത്തകൾ, സംഘർഷാവസ്ഥയിൽ ദേശീയ വികാരത്തെ ഊറ്റംകൊള്ളിക്കാനാണെങ്കിലും, നൽകുന്നത് തെറ്റാണ്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നു ഊറ്റം കൊള്ളുന്നുവെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കാനും സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാനും ഒന്നും തടസ്സമാകേണ്ടതില്ല. ജനാധിപത്യ വ്യവസ്ഥയിൽ രാജ്യപക്ഷമെന്നാൽ സർക്കാർ പക്ഷമല്ല.
അസാധാരണ സാഹചര്യങ്ങളിൽ. അധികാരത്തിന്റെ ബലതന്ത്രങ്ങളിലകപ്പെട്ട് നിസ്സഹായമായ മുഖ്യധാരാ മാധ്യമ പ്രവർത്തനത്തിന്റെ ഭാവി ഒരു സങ്കീർണ പ്രശ്നമാണ്.
ഇത്രയും കാര്യങ്ങൾ ജേണലിസത്തിന്റെ ബാലപാഠങ്ങളാണ്. മാധ്യമ ഉടമകൾ മറ്റു വ്യാപാര മേഖലകൾ പോലെ ലാഭേച്ഛ ലക്ഷ്യം വെച്ചാണ് മാധ്യമങ്ങൾ നടത്തുന്നത്, മറ്റു വ്യവസായങ്ങളുടെയോ രാഷ്ട്രീയ പ്രവർത്തനത്തിന്റെയോ അനുബന്ധമായാണ് അവർ മാധ്യമ സംരംഭം നടത്തുന്നത്, ഉടമകളെ സംബന്ധിച്ച് വാണിജ്യ യുക്തി മാത്രമേ ബാധകമാവുന്നുള്ളൂ. എങ്കിലും, മാധ്യമ പ്രവർത്തനം തൊഴിലായി സ്വീകരിച്ചവർക്ക് തീർച്ചയായും സ്വീകരിക്കേണ്ട വഴിയല്ലയത്. മാധ്യമ ഉടമകളുടെ താല്പര്യത്തിനെതിരെ നിൽക്കാനുള്ള നിസ്സഹായവസ്ഥ മാധ്യമ പ്രവർത്തനത്തിന്റെ ദൈനംദിന യാഥാർഥ്യമാണ്, പ്രത്യേകിച്ച് വർത്തമാന ഇന്ത്യയിൽ. അതുകൊണ്ട് ആദർശാത്മകമായ മാധ്യമ പ്രവർത്തനം അസാധ്യമാണ്, പ്രത്യേകിച്ച് അസാധാരണ സാഹചര്യങ്ങളിൽ. അധികാരത്തിന്റെ ബലതന്ത്രങ്ങളിലകപ്പെട്ട് നിസ്സഹായമായ മുഖ്യധാരാ മാധ്യമ പ്രവർത്തനത്തിന്റെ ഭാവി ഒരു സങ്കീർണ പ്രശ്നമാണ്. ഈ യാഥാർഥ്യം പൂർണമായും മനസ്സിലാക്കാമെങ്കിലും എഡിറ്റോറിയൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് മാധ്യമ പ്രവർത്തനത്തിന്റെ അതിജീവനത്തെ തുരങ്കം വെയ്ക്കുന്നതാണെന്നും തിരിച്ചറിയപ്പെടേണ്ടതാണ്.

എഡിറ്റോറിയൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന നിസ്സഹായതയെ പുറമേക്ക് മൂടിവെയ്ക്കാനുള്ള ഉപായമായി അവതരിപ്പിക്കുന്നതാണ് റേറ്റിങ് എന്ന മുൻവിധി. സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റയാണ് എഡിറ്റോറിയൽ നിലപാടുകളെ നിയന്ത്രിക്കുന്നത് എന്നാണ് ദൃശ്യമാധ്യമ അധികാരികൾ പറയുന്നത്. റേറ്റിങ്ങിന്റെ ശാസ്ത്രീയത പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ദൃശ്യമാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ ഉയർച്ച താഴ്ച്ചയുടെ പ്രമാണമായാണ് ഇത് അംഗീകരിക്കപ്പെടുന്നത്. ദൃശ്യമാധ്യമങ്ങളും പരസ്യദാതാക്കളും തമ്മിൽ ഈക്കാര്യത്തിൽ സമവായവുമുണ്ട്. യുട്യൂബ് വ്യൂവർഷിപ്പും അച്ചടിമാധ്യമങ്ങളുടെ സർക്കുലേഷനും സംബന്ധിച്ച ഡാറ്റ ഏറെക്കുറെ പരിശോധനാപരമായ കണക്കുകളാണ്. റേറ്റിങ്ങ് അർദ്ധ സത്യാത്മകമായ ഡാറ്റയാണ്. വാണിജ്യ അടിസ്ഥാനത്തിൽ തന്നെ നോക്കുകയായെങ്കിൽ ഒരേ സ്വഭാവമുള്ള വാർത്തകളും ഉള്ളടക്കവും നൽകുന്നത് വാസ്തവത്തിൽ ദൃശ്യമാധ്യമങ്ങൾ തമ്മിലുള്ള വ്യത്യസ്തതയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഈയൊരു പ്രശ്നത്തെ പരിഹരിക്കാനായി ദൃശ്യമാധ്യമങ്ങൾ അവലംബിച്ച രീതി, ഉച്ചൈസ്തരം കൂടുതൽ തീവ്രമായി വാർത്തകൾ എങ്ങനെ നൽകാമെന്നാണ്. അതായത്, വസ്തുതകളുടെ അടിസ്ഥാനത്തിൽ വിവരങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് വാർത്തകൾ നൽകാതെ, അതാതു ദിവസങ്ങളിലെ റേറ്റിങ് മത്സരത്തിൽ മുമ്പിലെത്താൻ വാർത്തകളെ പൊലിപ്പിക്കുകയാണ് ചെയ്തത്. വാർത്തകൾ പൊലിപ്പിക്കുകയെന്നാൽ വ്യാജവൃത്താന്തങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നുണകളും പരിശോധിക്കാതെ നൽകുക എന്നാണ്. അസാധാരണമായ യുദ്ധസാഹചര്യത്തിൽ ഇത് അക്ഷന്തവ്യമായ മാധ്യമപരാധമാണ്.
അയൽരാജ്യവുമായി സംഘർഷ സാധ്യത നിലനിൽക്കുമ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട വാർത്തകൾ നൽകുന്നതോടൊപ്പം നിജസ്ഥിതി വ്യക്തമാക്കപ്പെട്ട വാർത്തകൾ മാത്രമേ നൽകാൻ മാധ്യമങ്ങൾക്ക് പ്രഫഷണലായി ബാധ്യതയുള്ളൂ.
ദൃശ്യമാധ്യമ പ്രവർത്തകർ ഇതിനു നൽകുന്ന ന്യായീകരണം പ്രേക്ഷകരുടെ താല്പര്യത്തിനൊത്താണ് വാർത്തകൾ നൽകുന്നത് എന്നാണ്. ദൃശ്യമാധ്യമങ്ങളുടെ ആഭാസകരമായ മാധ്യമ പ്രവർത്തനത്തിന്റെ എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. സാധാരണ സാഹചര്യമല്ല രാജ്യവും അയൽരാജ്യവുമായും നിലനിൽക്കുന്നത്. ഔദ്യോഗികമായി നൽകുന്ന വാർത്തകൾ നൽകാൻ തീർച്ചയായും ബാധ്യതയുണ്ട്. അതിനുപുറമെ സ്വയം അന്വേഷിച്ചു കണ്ടെത്തുന്ന വാർത്തകൾ മാത്രമേ നല്കാൻ പാടുള്ളൂ. അതും വിവരങ്ങൾ പുനഃപരിശോധിക്കപ്പെട്ടതിനുശേഷം മാത്രം നൽകേണ്ട വാർത്തകൾ. ഒരു പ്രേക്ഷകരും പരിശോധിക്കപ്പെടാതെ വ്യാജങ്ങൾ വാർത്തകളായി നല്കണമെന്നാവശ്യപ്പെട്ടിട്ടില്ല. സ്വന്തമായി അന്വേഷിച്ചു നൽകുന്ന വാർത്തകൾ എന്ന നിലയിൽ ഇന്ത്യൻ മാധ്യമങ്ങൾ അൽ ജസീറയെ പോലെ അല്ലെങ്കിൽ ബി ബി സിയെ പോലെ വ്യാപകമായി നിക്ഷേപം നടത്തി ഓരോ സവിശേഷമേഖലയിലും പ്രാവീണ്യമുള്ള മാധ്യമ പ്രവർത്തകരെയല്ല യുദ്ധം പോലെ സങ്കീർണമായ വിഷയം റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്നത്. പൊതുവിൽ എല്ലാ വിഷയങ്ങളും ഒരേ റിപ്പോർട്ടർ തന്നെയാണ് കൈകാര്യം ചെയ്യുക. അങ്ങനെയാണെങ്കിൽ തന്നെ ഓരോ വിഷയവും പ്രത്യേകമായി പഠിച്ചിട്ടുണ്ടോ എന്നത് സംശയകരമായ കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ദൃശ്യമാധ്യമങ്ങൾ അവലംബിക്കുന്ന രീതി എംബഡഡ് (embedded) റിപ്പോർട്ടിംഗാണ്. അത് പിന്തുടരുമ്പോൾ ദൃശ്യമാധ്യമ വാർത്തകൾ സാമാന്യമായി ഒരേ സ്വഭാവമുള്ളതാകും. സ്വന്തം നിലയിൽ റിപ്പോർട്ടിങ്ങിനുള്ള സാധ്യതകൾ മുൻചൊന്ന കാര്യങ്ങൾ കൊണ്ട് അസാധ്യമായിരിക്കെ ദൃശ്യമാധ്യമങ്ങൾ എംബഡഡ് റിപ്പോർട്ടിങ് എന്ന പരിണിതയിലേക്കെത്തുന്നു.

എംബഡഡ് റിപ്പോർട്ടിംഗ് സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്ന മാനദണ്ഡത്തിൽപ്പെടുന്നതല്ല. സർക്കാരിന്റെയോ ഭരണകൂടത്തിന്റെയോ ജിഹ്വയാവുകയല്ല സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാനം. സർക്കാരിന് വാർത്തകൾ നൽകാനും പ്രചരിപ്പിക്കാനും അതിന്റെതായ സംവിധാനമുണ്ട്. പ്രസ്തുത വാർത്തകളുടെ പ്രതിഫലനമോ പരിച്ഛേദമോ ആകേണ്ടതല്ല സ്വതന്ത്ര മാധ്യമപ്രവർത്തനം. അയൽരാജ്യവുമായി സംഘർഷ സാധ്യത നിലനിൽക്കുമ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട വാർത്തകൾ നൽകുന്നതോടൊപ്പം നിജസ്ഥിതി വ്യക്തമാക്കപ്പെട്ട വാർത്തകൾ മാത്രമേ നൽകാൻ മാധ്യമങ്ങൾക്ക് പ്രഫഷണലായി ബാധ്യതയുള്ളൂ. ഒരു രാജ്യത്തിന്റെ പരിധികൾക്കകത്തു നിയമാനുസൃതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് പരിഗണന നൽകേണ്ടതുണ്ട് എന്നത് വസ്തുതയാണ്. ഈ പരിഗണന സർക്കാർ വീക്ഷണം അല്ലെങ്കിൽ ഏതു പാർട്ടിയാണോ അധികാരത്തിലിരിക്കുന്നത് അവരുടെ വീക്ഷണമാകേണ്ടതില്ല. പ്രായോഗികമായും ഇതാണ് പ്രേക്ഷകവിശ്വാസമാർജ്ജിക്കാനുള്ള ശരിയായ മാർഗം.
അപരത്വ നിർമിതിയും അതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര ശത്രുവിനെ വിവേചിക്കുകയും അതിനെ ആധാരമാക്കിയുള്ള ദേശ- രാഷ്ട്ര സങ്കല്പവുമാണ് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്ര സങ്കല്പനം.
മാധ്യമങ്ങളുടെ
തീവ്ര ദേശീയത
എല്ലാ മാധ്യമങ്ങളും ഒരേ ഉള്ളടക്കമുള്ള വാർത്തകൾ നൽകുകയും ശബ്‌ദഘോഷത്തിന്റെയും വൈകാരികതീവ്രതയുടെയും കാര്യത്തിൽ മാത്രം വേറിട്ടു നിൽക്കുകയുമല്ല ചെയ്യുന്നത്. വ്യത്യസ്തത നിലനിർത്താൻ സ്വന്തം നിലയ്ക്കുള്ള, പരിശോധിക്കപ്പട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വാർത്തകൾ നൽകുകയാണ് വേണ്ടത്. വ്യാജ വാർത്തകളെ തുറന്നു കാണിക്കുന്നതും മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണ്. തുറന്നു കാണിക്കൽ അധികാരകേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കാം. പക്ഷെ, ഇത് പ്രേക്ഷകവിശ്വാസം ഉറപ്പിക്കും. പ്രേക്ഷകവിശ്വാസം വാസ്തവത്തിൽ വാണിജ്യത്തിനു സഹായകവുമാണ്. എന്നാൽ ഇതിൽ നിന്ന് വ്യതിരിക്തമായി സംഘർഷാവസ്ഥയെ ആഘോഷിക്കുന്നത് ജനാധിപത്യ സംസ്കാരത്തിനു ഹിതകരമല്ലാത്തതാണ്. ആയതിനാൽ, പ്രേക്ഷകരുടെ താല്പര്യം എന്നത് അടിസ്ഥാനരഹിതമായ ന്യായവും അസംബന്ധവുമാണെന്നും യഥാർത്ഥത്തിൽ തീവ്രദേശീയതയാണ് വികാരപരമായി പ്രചരിപ്പിച്ചത് എന്നതുമാണ് വാസ്തവം. സമൂഹമാധ്യമങ്ങളിലെ വികാരപ്രകടനങ്ങളെ ആധാരമാക്കിയാണ് കറാച്ചി തുറമുഖം ആക്രമിച്ചു എന്നതടക്കമുള്ള യുദ്ധവെറി നിറഞ്ഞ വ്യാജകഥകളും നിരന്തര പ്രകോപനങ്ങളും നടത്തിക്കൊണ്ടിരുന്നത്.

തീവ്രവലതുപക്ഷം പ്രതിനിധാനം ചെയ്യുന്ന ദേശ -രാഷ്ട്ര സങ്കൽപനത്തെയാണ് തീവ്ര ദേശീയവാദം എന്നു വിശേഷിപ്പിക്കുന്നത്. അപരത്വ നിർമിതിയും അതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര ശത്രുവിനെ വിവേചിക്കുകയും അതിനെ ആധാരമാക്കിയുള്ള ദേശ- രാഷ്ട്ര സങ്കല്പവുമാണ് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്ര സങ്കല്പനം. തീവ്രവലതുപക്ഷത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാണ് യുദ്ധം. യുദ്ധസമാനമായ അവസ്ഥ സ്ഥിരമായ അവസ്ഥയാണ്. പഹൽഗ്രാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ മിസൈലാക്രമണം ഇന്ത്യയുടെ വിജയമായി പരിണമിച്ചിട്ടും ഇന്ത്യ ഭരിക്കുന്ന പാർട്ടി തന്നെ അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലെ ഒരു മന്ത്രി, അയാൾ ഉൾക്കൊണ്ട പ്രത്യയശാസ്ത്രബോധം വെച്ച് ആരെയാണ് ആക്രമിച്ചത് എന്നത് രാജ്യവും ലോകവും കെട്ടതാണ്.
ആക്രമണോൽസുകരായ തീവ്രദേശീയതാവാദികൾ ‘മുസ്ലിം രാജ്യം’ എന്ന നിലയിലാണ് ആക്രമണത്തിനുള്ള ന്യായീകരണം കണ്ടെത്താൻ ശ്രമിച്ചത്.
ഇന്ത്യൻ പട്ടാള ഉദ്യോഗസ്ഥയും സംഘർഷ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ജനത്തെ അറിയിക്കാൻ നിയുക്തയുമായ സോഫിയ ഖുറേഷിക്കെതിരെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നുയർന്ന പ്രതികരണമാണ് കേട്ടത്. ഇതൊരു വ്യക്തിയുടെ ഒറ്റപ്പെട്ട ജല്പനമല്ല. ഈ മന്ത്രിക്കെതിരെ ഉന്നത നീതിപീഠം സ്വീകരിച്ച നിലപാട് എന്തുകൊണ്ട് ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വവും ആർ എസ് എസ് പോലുള്ള സംഘടനകളും സ്വീകരിച്ചില്ല?. മറ്റേതൊരു രാഷ്ട്രീയ പാർട്ടിയുമായിരുന്നെങ്കിൽ തൽക്ഷണം അയാൾക്ക് സ്ഥാനം പോകുമെന്നു മാത്രമല്ല ദേശദ്രോഹപരമായ അഭിപ്രായത്തിന് ബി എൻ എസ് പ്രകാരം കേസ്സെടുക്കുകയും ചെയ്യുമായിരുന്നു. രാജ്യമാണ് പ്രധാനമെങ്കിൽ ഇത്തരത്തിലുള്ള വെറുപ്പിന്റെ പ്രസ്താവന നടത്തുമായിരുന്നില്ല. മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തതുവെന്നത് വാസ്തവമാണ്. പക്ഷെ രാജ്യവിരുദ്ധതയുടെ അളവുകോൽ പരിഗണിച്ചാൽ ഇതിൽപ്പരം രാജ്യവിരുദ്ധമായ പ്രസ്താവനയില്ല. പഹൽഗ്രാമിനു ശേഷം സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയ പ്രതികാരവാഞ്ച അതേനിലയിൽ പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്.

സംഘർഷാവസ്ഥയ്ക്ക് അയവുവരികയും വെടിനിർത്തൽ നിലവിൽവരികയും ചെയ്തുവെന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക തീരുമാനം അറിയിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കുമെതിരെ യുദ്ധവെറിയന്മാർ സമൂഹമാധ്യമങ്ങളിൽ ആക്രമണം അഴിച്ചുവിട്ടപ്പോഴും സർക്കാർ അനുകൂലികൾ മൗനം പാലിച്ചു.
പാകിസ്താൻ പട്ടാളവും ഐ എസ് ഐയും അതിർത്തികടന്നുള്ള ഭീകരതയെ പ്രോത്സാഹപ്പിക്കുന്നുവെന്ന വസ്തുത മുംബൈ താജ് ഹോട്ടൽ ആക്രമണത്തോടെ ലോകം തിരിച്ചറിഞ്ഞതാണ്. ഭീകരസംഘടനകളെ വളർത്തുന്നതിലും പാകിസ്താൻ പട്ടാളത്തിന് പങ്കുണ്ട്. എന്നാൽ, അയൽരാജ്യമായ പാകിസ്താനിലെ ജനങ്ങളെ ഇതിൽ പ്രതിസ്ഥാനത്തു നിർത്തുന്നത് തെറ്റായ നിഗമനമാണ്. ആക്രമണോൽസുകമായ തീവ്രദേശീയതാവാദികൾ ‘മുസ്ലിം രാജ്യം’ എന്ന നിലയിലാണ് ആക്രമണത്തിനുള്ള ന്യായീകരണം കണ്ടെത്താൻ ശ്രമിച്ചത്. രണ്ടു രാജ്യങ്ങളും ആണവശക്തിയാണെന്ന യാഥാർഥ്യം വിസ്മരിച്ചാണ് പ്രകോപനപരമായ ആഖ്യാനങ്ങൾ മാധ്യമങ്ങൾ പടച്ചുവിട്ടുകൊണ്ടിരുന്നത്. കൂടുതൽ നവീകരിക്കപ്പെട്ട ആണവായുധം ഇന്ത്യയുടേതാണെന്നായിരുന്നു ഒരു അവകാശവാദം. ആണവസ്‌ഫോടനം രണ്ടു രാജ്യങ്ങൾക്കും സൃഷ്ടിക്കാവുന്ന കനത്ത ആഘാതം യുദ്ധത്തിന്റെ ആഘോഷതിമിർപ്പിൽ വിജൃംഭിത ദേശീയത മനസ്സിലാക്കാതെ പോയി. സമൂഹമാധ്യമങ്ങളിൽ യുദ്ധവെറി ആഘോഷമാക്കിയവരെ പോലെ തന്നെയാണോ മുഖ്യധാരാ മാധ്യമങ്ങൾ ആണവയുദ്ധസാഹചര്യത്തെ സമീപിക്കേണ്ടത്?. ആണവയുദ്ധത്തിന്റെ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ അത് നിർവീര്യമാക്കാനുതകുന്ന വാർത്തകളും അവലോകനങ്ങളും നല്കുന്നതിനു പകരം കൂടുതൽ പ്രകോപനപരമായ ആഹ്വാനമാണ് നല്കിക്കൊണ്ടിരുന്നത്. ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ യുദ്ധവാർത്ത കൈകാര്യം ചെയ്യുന്ന വിധമല്ല മുഖ്യധാരാ ദൃശ്യമാധ്യമങ്ങൾ സംഘർഷാവസ്ഥയുടെ വാർത്തകൾ പ്രക്ഷേപണം ചെയ്തത്.

ആണവശക്തികൾ എന്ന നിലയിൽ പ്രതിരോധത്തെക്കാൾ പരസ്പരം പ്രകോപനപരമായ അസ്തിത്വമായി രണ്ടു രാജ്യങ്ങൾ മറ്റു മുൻഗണനകൾ മാറ്റിവെച്ച് നിലനിൽക്കുന്നതിനെ കുറിച്ചു പ്രതിപാദിക്കുന്നതാണ് ആനന്ദ് പട് വർദ്ധന്റെ ‘യുദ്ധവും സമാധാനവും’ എന്ന ഡോക്യുമെന്ററി. ദക്ഷിണേഷ്യയിലെ രണ്ടു രാജ്യങ്ങൾ പരസ്പരം ആണവയുധത്തിനായി തയ്യാറെടുക്കുന്നതിന്റെ വിഫലയുക്തി അതാതു രാജ്യങ്ങളിലെ ജനജീവിതം അഭിമുഖീകരിക്കുന്ന അവസ്ഥയുമായി ചേർത്തുവെച്ചാണ്, ആണവ ദേശീയത സൃഷ്‌ടിക്കുന്ന ആഘാതത്തെ ആനന്ദ് പട് വർദ്ധൻ അവതരിപ്പിക്കുന്നത്. 1998 -ൽ പൊഖ്‌റാനിൽ ‘ബുദ്ധൻ വീണ്ടും ചിരിക്കുന്നു’ എന്ന വികലമായ പേരിൽ നടത്തിയ ആണവസ്ഫോടനം രാജ്യങ്ങളെ യുദ്ധസന്നാഹത്തിലേക്ക് എങ്ങനെ നയിക്കുന്നുവെന്നും ഈ ഡോക്യുമെന്ററി കാണിച്ചു തരുന്നു. 2002 -ൽ നടന്ന കാർഗിൽ യുദ്ധം ഇതിന്റെ പരിണിതിയാണ്. ഈ യുദ്ധം ആണവ ബലപരീക്ഷണത്തിൽ പര്യവസാനിക്കാതിരുന്നത് വിവേകപൂർവമായ ഇടപെടലുകൾ മൂലമാണ്. ആനന്ദ് പട് വർദ്ധന്റെ ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നതുപോലെ, കാർഗിൽ യുദ്ധമാണ് യുദ്ധത്തെ ദൃശ്യമാധ്യമങ്ങളിലൂടെ വിരുന്നുമുറിയിലെത്തിച്ച ഇന്ത്യ കണ്ട ആദ്യ യുദ്ധം. തീവ്രദേശീയതവികാരം പ്രോജ്വലിപ്പിക്കാൻ അന്ന് സമൂഹമാധ്യമങ്ങൾ ഉണ്ടായിരുന്നില്ല, ദൃശ്യമാധ്യമങ്ങൾ പ്രകോപനപരമാംവിധം തീവ്രദേശീയത അന്ന് പ്രകടിപ്പിച്ചിരുന്നില്ല. മാധ്യമങ്ങൾ പൂർണമായും ക്രോണി കോർപറേറ്റുകൾ കൈയടക്കിയിരുന്നില്ല. എങ്കിലും കാർഗിൽ യുദ്ധം ആദ്യ ദൃശ്യ മാധ്യമ വാർത്താവതരണത്തിലെ പരീക്ഷണമായിരുന്നു.
പാകിസ്താനുമായുള്ള ബന്ധത്തിൽ പഹൽഗാം സംഭവത്തോടുള്ള ഇന്ത്യയുടെ തിരിച്ചടി ഒരു 'ന്യൂ നോർമൽ’ ആണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളുടെ കാര്യത്തിൽ സൃഷ്ടിക്കപ്പെട്ട ന്യൂ നോർമൽ അത്യന്തം അപകടകരമായതാണ്.
അപകടകരമായ
‘ന്യൂ നോർമൽ’
വ്യാജ വാർത്തകളും വികാരപ്രകടനവും ശത്രുനിഗ്രഹകമായ വാർത്താവതരണവും സമീപ വർഷങ്ങളിലാണ് ദൃശ്യമാധ്യമങ്ങളെ ഗ്രസിച്ചിരിക്കുന്നത്. വ്യത്യസ്തമായി മാറിനിന്നു വാർത്തകൾ നൽകാനുള്ള ദൃശ്യാമാധ്യമങ്ങളുടെ നൈതിക ഇച്ഛാശക്തി ഇത്രമാത്രം നഷ്ടപ്പെട്ടത് സമീപവർഷങ്ങളിലെ പ്രവണതയാണ്. ഒരു തവണ പോലും യുദ്ധമുഖത്തുപോയി സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യാത്ത മാധ്യമ പ്രവർത്തകർ വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെയാണ് ജീവൻ ബലിയർപ്പിക്കേണ്ടിവരുന്ന സൈനികരോടും അതിർത്തി ഗ്രാമങ്ങളിലെ മനുഷ്യരോടും കടുകിട അനുതാപമില്ലാതെ യുദ്ധവാർത്തകൾ കേവലം വി. എഫ്.എക്സായി (VFX) ആഘോഷിച്ചുകൊണ്ടിരുന്നത്. കുറ്റകരമായ മാധ്യമ പ്രവർത്തനമാണ് യുദ്ധ റിപ്പോർട്ടിങ് എന്ന പേരിൽ ദൃശ്യമാധ്യമങ്ങളിൽ നടമാടിക്കൊണ്ടിരുന്നത്.

പാകിസ്താനുമായുള്ള ബന്ധത്തിൽ പഹൽഗാം സംഭവത്തോടുള്ള ഇന്ത്യയുടെ തിരിച്ചടി ഒരു 'ന്യൂ നോർമൽ’ ആണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളുടെ കാര്യത്തിൽ സൃഷ്ടിക്കപ്പെട്ട ന്യൂ നോർമൽ അത്യന്തം അപകടകരമായതാണ്. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടം നൽകാത്ത, വികാരപ്രകടനപരത നിറഞ്ഞ, പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന, വ്യാജങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന വാർത്താവതരണരീതി ജനാധിപത്യത്തെ വിലമതിക്കുന്ന മാധ്യമ പ്രവർത്തനത്തിന്റെ അന്ത്യമാകുന്നു. മാധ്യമങ്ങൾ സ്വീകരിച്ച ന്യൂ നോർമൽ മാനവികബോധ്യമില്ലാത്ത രാജ്യസ്നേഹമാണ്. വെറുപ്പിൽ നിന്ന് ഉയിർക്കൊളളുന്ന ദേശീയത രാജ്യത്തിന് ഗുണകരമല്ല.
ഒരു രാജ്യവും ഒറ്റയ്ക്ക് അതിജീവിച്ചിട്ടില്ല എന്നതാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ജിയോ പോളിറ്റിക്കൽ റിയലിസം. എന്നിട്ടും യുദ്ധങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ കാരണം, യുദ്ധവ്യവസായം സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാകുന്നുവെന്നതുതന്നെ. യുദ്ധത്തിന്റേതും ഭീകരവാദത്തിന്റേതുമല്ല പുതിയ കാലം എന്ന പ്രധാനമന്ത്രിയുടെ നീരീക്ഷണം വളരെ പ്രസക്തമാണ്. സമാധാന പൂർണമായ ജീവിതം ഇരു രാജ്യങ്ങളിലെയും ജനത്തിന് നയിക്കാൻ അവകാശമുണ്ടെന്നാണ് പ്രായോഗികമായി ഇതിന്റെ ഭാഷ്യം.

മാധവിക്കുട്ടിയുടെ മനോഹരവും ദീർഘവീക്ഷണപരവുമായ ഒരു കുറിപ്പുണ്ട്, ‘ഇന്ത്യയും പാകിസ്ഥാനും’ എന്ന തലക്കെട്ടിൽ. 2000 തുടക്കം എഴുതിയ ഈ കുറിപ്പിൽ നിന്നുമൊരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു:
‘‘സമാധാനത്തിന്റെ ഭാഷ മാത്രമേ നാം സംസാരിക്കുകയുള്ളൂ എന്നു പ്രതിജ്ഞ ചെയ്താൽ മൂന്നാം ലോകമഹായുദ്ധത്തെയും നമുക്ക് കുറച്ചുകാലത്തേക്കെങ്കിലും തടഞ്ഞുനിർത്താമെന്ന് എനിക്ക് ബോധ്യമുണ്ട്. പത്രങ്ങൾക്ക് ഉത്തരവാദിത്ത ബോധം നശിച്ചുനശിച്ചുവരുന്നു. അതുകൊണ്ടല്ലേ, യുദ്ധവും ജനിക്കുവാൻ ധൃതികൂട്ടുന്നത്. ദരിദ്ര രാഷ്ട്രങ്ങൾ ഒന്നിച്ചുനിന്നാൽ, വൻശക്തികളുടെ കുതന്ത്രങ്ങൾ ഫലിക്കുകയില്ല. സമാധാനപർവ്വത്തിൽ നമുക്ക് കുറേകൂടി പുരോഗമിക്കുവാൻ സൗകര്യം കിട്ടുകയും ചെയ്യും. എല്ലാ രാഷ്ട്രങ്ങളും പന്തയക്കുതിരകളാണ്. നമ്മുടെ കാലുകൾ അല്പമെങ്കിലും തളർത്തിയാൽ വീണ്ടും നാം വൻശക്തികളുടെ, ആഢ്യന്മാരുടെ, എത്രയോ അധികം പിന്നിലാവുമെന്നു കരുതിയാണല്ലോ യുദ്ധത്തിന്റെ കരുനീക്കങ്ങൾ അവർ രഹസ്യമായി നടത്തുന്നത്. പാകിസ്ഥാനും ഇന്ത്യയും സഹോദരങ്ങളാണെന്ന യാഥാർഥ്യം നാം എന്ന് പൂർണമായും വിസ്മരിക്കുന്നുവോ അന്നു നാം നമ്മുടെ സ്വന്തം ശവപ്പെട്ടിയുടെ ആദ്യത്തെ ആണി അടിച്ചിറക്കും. അന്നു നാം വൻരാഷ്ട്രങ്ങളുടെ ചതിക്കുഴിയിൽ ഒരിക്കലും രക്ഷപ്പെടാൻ വയ്യാത്ത വിധത്തിൽ ചെന്നുവീഴും. അന്ന് മഹാപാപികളായ നാം ഓരോരുത്തരം നമ്മുടെ സ്വാന്തനമക്കളുടെ മരണത്തിന്റെ ദൃക്‌സാക്ഷികളായി തീരും’’ (മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം, പേജ് 1092).