അനീഷ് ബർസോം

വി.എസിനെ ‘വെട്ടിയ’ കൈരളി,
സ്വയം വാർത്തയായ ഇന്ത്യ വിഷൻ

‘‘2005-ലെ മലപ്പുറം സമ്മേളനത്തിനുശേഷം സി പി എമ്മിലെ പിണറായി പക്ഷം കൈരളിയെ പൂർണമായി കൈപ്പിടിയിലാക്കിയ ഘട്ടം. എൻ്റെ സ്റ്റോറി എയറിൽ പോയതിനുപിന്നാലെ കൈരളിയിലെ ഉന്നതൻ നേരിട്ട് പി സി ആറിൽ വന്നിട്ട്, ഇനി ആ സ്റ്റോറി പോകരുതെന്ന് പറഞ്ഞു’’- ന്യൂസ് ഡെസ്കിലെ ഇലക്ഷൻ കാലത്തെക്കുറിച്ചെഴുതുന്നു, ദ ഫോർത്ത് ടി.വിയിൽ ചീഫ് ന്യൂസ് എഡിറ്ററായ അനീഷ് ബർസോം.

‘ആഗോളവത്കരണാനന്തര കേരളീയ പരിസരത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പാഠപുസ്തകമാണ് വിഎസ്’- ഇതായിരുന്നു ആ സ്റ്റോറിയുടെ അവസാന വാചകം.
2006. ഞാൻ കൈരളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കാലം. നിയമസഭാ തിരഞ്ഞെടുപ്പിൽ 98 സീറ്റുമായി, അന്നത്തെ വിഗ്രഹവ്യക്തിത്വമായ വി.എസ്. അച്യുതാനന്ദൻ ഐതിഹാസിക വിജയം നേടി. വി.എസിനെ കുറിച്ചുള്ള പ്രൊഫൈൽ സ്റ്റോറി ഞാനാണ് മുൻകൂർ തയ്യാറാക്കിവച്ചത്. എൽ ഡി എഫ് വിജയം ഉറപ്പിച്ചതിനുപിന്നാലെ സ്റ്റോറി പ്ലേ ചെയ്തു. വി.എസ്. അച്യുതാനന്ദൻ്റെ 12 ശിഷ്യന്മാരും തോറ്റ 2005-ലെ മലപ്പുറം സമ്മേളനത്തിനുശേഷം സി പി എമ്മിലെ പിണറായി പക്ഷം കൈരളിയെ പൂർണമായി കൈപ്പിടിയിലാക്കിയ ഘട്ടമാണത്. എൻ്റെ സ്റ്റോറി എയറിൽ പോയതിനുപിന്നാലെ കൈരളിയിലെ ഉന്നതൻ നേരിട്ട് പി സി ആറിൽ വന്നിട്ട്, ഇനി ആ സ്റ്റോറി പോകരുതെന്ന് പറഞ്ഞു. ചരിത്രത്തിൻ്റെ ഈ വളവിനപ്പുറം വിമലീകരണത്തിന്റെ ദശാസന്ധി കാത്തിരിക്കുന്നു എന്നു വിശ്വസിച്ചിരുന്ന എനിക്ക് അന്നത് വലിയ സങ്കടമായി. പക്ഷേ വർഷങ്ങൾക്കുശേഷം ഒരിക്കൽ മാത്രം പോയ ആ സ്റ്റോറിയുടെ അവസാന വാചകം പറഞ്ഞ് ഒരു മുൻ എസ് എഫ് ഐക്കാരി വന്ന് പരിചയപ്പെട്ടപ്പോൾ, ഇലക്ഷൻ റിപ്പോർട്ടിങ്ങിലെ പ്രചണ്ഡമായ പ്രഹരശേഷി ഞാൻ നേരിട്ടറിഞ്ഞു.

2003-ല്‍ കൈരളിയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച എനിക്ക് ന്യൂസ് ഡെസ്കിൽ നിന്ന് ആദ്യമായി കാണാൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് 2004-ൽ ലോക്സഭയിലേക്ക് നടന്നതാണ്. ട്രെയിനി ആയതിനാൽ കയ്യാളിന്റെ ചുമതലകൾ മാത്രം. ഏവരെയും ഞെട്ടിച്ച് യു പി എ അധികാരത്തിൽ വന്ന ആ തെരഞ്ഞെടുപ്പിൽ, ഒരു ജേണലിസ്റ്റ് എന്ന നിലയിൽ ഞെട്ടിച്ച രണ്ട് സംഭവങ്ങളുണ്ട്.

ഒന്ന്; ലഖ്നൗ സാരി ദുരന്തം. സൗജന്യമായി ഒരു സാരി കിട്ടുമെന്നറിഞ്ഞ് ഓടിക്കൂടി തിക്കിലും തിരക്കിലും പെട്ട് വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിൽ കയറി പ്രാണവായു കിട്ടാതെ മരിച്ച 21 ദരിദ്ര സ്ത്രീകൾക്കുമുന്നിൽ, ബി ജെ പിയുടെ ‘ഇന്ത്യ ഷൈനിങ്’ മുദ്രാവാക്യം തൊലിയുരിഞ്ഞുനിന്നു.

രണ്ട്; വൈ എസ് ആർ എന്ന വ്യക്തിത്വം. ആന്ധ്രയിലെ ഗ്രാമങ്ങളുടെ ദുഃഖം തൊട്ടറിഞ്ഞ് 1,400 കിലോമീറ്റർ പദയാത്ര നടത്തി, ചന്ദ്രബാബു നായിഡുവിന്റെ ഹൈ ടെക് വികസന സങ്കൽപ്പങ്ങളെ വൈ എസ് ആർ റദ്ദാക്കി. കേരളത്തിലാകട്ടെ, ആഞ്ഞുവീശിയ ഭരണവിരുദ്ധ വികാരത്തിൽ 20-ൽ 18 സീറ്റും നേടി എൽ ഡി എഫ് ചരിത്രമെഴുതി. ഒരു ന്യൂസ് റൂം ജീവി എന്ന നിലയിൽ അന്നത്തെ തെരഞ്ഞെടുപ്പ് ഒരുപാട് ഉൾക്കാഴ്ചകൾ നൽകുന്നതായി. അന്ന് ഇന്ത്യൻ മനസ് തിരിച്ചറിയുന്നതിൽ മാധ്യമങ്ങളും ദയനീയമായി പരാജയപ്പെട്ടിരുന്നു.

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ൽ 18 സീറ്റും നേടി എൽ ഡി എഫ് ചരിത്രമെഴുതി

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇലക്ഷൻ ഡെസ്കിന്റെ ചുമതലക്കാരിൽ ഒരാളായി ഞാൻ മാറി. കൈരളിയിലെ ശകലിത ബുള്ളറ്റിനുകളിൽനിന്ന് മുഴുനീള വാർത്താചാനലായ പീപ്പിൾ ടി.വിയിലേക്ക് രൂപാന്തരവും സംഭവിച്ചിരുന്നു. അതോടെ രാവിലെ മുതൽ ഗസ്റ്റുകളെ അണിനിരത്തിയുള്ള ചർച്ചകളും പി സി ആറിൽ നിന്ന് ഫുൾ സ്ക്രീൻ ഗ്രാഫിക്സ് ലൈവ് ആയി ഫയർ ചെയ്യുന്ന ഓൺലൈൻ സ്വിച്ചിങ്ങും ശീലിച്ചു. പക്ഷെ ലൈവ് ഗ്രാഫിക്സ് അപ്ഡേഷൻ ഇല്ലാത്തതുകൊണ്ട് 14 ജില്ലാ അടിസ്ഥാനത്തിൽ 140 മണ്ഡലങ്ങളിലെയും ജയിച്ചു /തോറ്റു എന്ന് 280 കാർഡുകൾ തയ്യാറാക്കിവച്ചായിരുന്നു അന്ന് പ്രൊഡക്ഷൻ. ഈ കാർഡുകൾ മാന്വലി പ്ലേ ചെയ്തു. കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി തോറ്റതിന്റെ കാർഡ് മാത്രം സ്വിച്ചറെ മാറ്റിനിർത്തി ഞാൻ തന്നെ അപക്വമായ ആവേശത്തോടെ പ്ലേ ചെയ്തു. അത് ചെയ്യുമ്പോൾ രണ്ട് ദൃശ്യങ്ങളായിരുന്നു മനസ്സിൽ.
ഒന്ന്, 'ഈ നാട്ടിലെ പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ കയ്യാമം വെച്ച് തെരുവിലൂടെ തേരാപ്പാര തേരാപ്പാരാ നടത്തിക്കും' എന്ന വി.എസിന്റെ കുറ്റിപ്പുറം പ്രസംഗത്തിലെ വിഖ്യാതമായ ബൈറ്റ്.
രണ്ട്, മുസ്‍ലിം ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ കെ.ടി. ജലീലിന് വളാഞ്ചേരിയിൽ കിട്ടിയ ആവേശകരമായ സ്വീകരണം.

ഐസ്ക്രീം പാർലർ കേസിൽ സ്വന്തം മേധാവിയായ എം.കെ. മുനീറിന്റെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വാർത്ത നൽകിയതിലൂടെ ലഭിച്ച സത്കീർത്തി, വി.എസ് പക്ഷപാതിത്വത്തിന് ഇന്ത്യാവിഷനെ പ്രാപ്തമാക്കിയിരുന്നു. അങ്ങനെ വാർത്ത നൽകുന്നതിനപ്പുറം സ്വയം വാർത്തയാകാനും സ്വകാര്യ ചാനലിന് കഴിയുമെന്ന് തെളിഞ്ഞു.

വി.എസ്. അച്യുതാനന്ദൻ എന്ന വ്യക്തി കേന്ദ്രപ്രമേയമായ 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ്, വാർത്താചാനലുകൾ രാഷ്ട്രീയശേഷിയുള്ള സാമൂഹിക ശക്തിയാകുന്നതിനും വേദിയായി. വി.എസിന് സ്ഥാനാർഥിത്വം നിഷേധിച്ചതിനുപിന്നാലെ കേരളമെങ്ങും പ്രതിഷേധമുയരുന്നതിലും ആ തീരുമാനം സി പി എം തിരുത്തുന്നതിലും ഇന്ത്യാവിഷൻ എന്ന വാർത്താചാനൽ രാഷ്ട്രീയ പ്രേരണയായി. ഐസ്ക്രീം പാർലർ കേസിൽ സ്വന്തം മേധാവിയായ എം.കെ. മുനീറിന്റെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വാർത്ത നൽകിയതിലൂടെ ലഭിച്ച സത്കീർത്തി, വി.എസ് പക്ഷപാതിത്വത്തിന് ഇന്ത്യാവിഷനെ പ്രാപ്തമാക്കിയിരുന്നു. അങ്ങനെ വാർത്ത നൽകുന്നതിനപ്പുറം സ്വയം വാർത്തയാകാനും സ്വകാര്യ ചാനലിന് കഴിയുമെന്ന് തെളിഞ്ഞു.

ഞാൻ ഇന്ത്യാവിഷനിലേക്ക് വരുന്നത് 2007-ലാണ്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഡസ്കിന്റെ പൂർണ ചുമതല എനിക്കായിരുന്നു. വാർത്താ അവതാരകരുടെ ഷെഡ്യൂളിംഗ് അടക്കം ദുഷ്കരമായ ദൗത്യം. മൂന്നാർ ഓപ്പറേഷൻ, ചെങ്ങറ സമരം, ഭൂമി ഏറ്റെടുക്കൽ, എൻഡോസൾഫാൻ പാക്കേജ് എന്നിവയിലെല്ലാം പ്രത്യക്ഷത്തിൽ വി.എസ് വിരുദ്ധ നിലപാട് ഇന്ത്യാവിഷൻ സ്വീകരിച്ചു. ലാവലിൻ കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ പിണറായി വിജയൻ നടത്തിയ നവ കേരള മാർച്ചിലെ ഓരോ വാർത്താസമ്മേളനവും ഓരോ യുദ്ധമായി മാറിയ ഘട്ടം. ടെലിവിഷൻ ബൈറ്റുകൾ മലയാളി കാണാപ്പാഠം പറയാൻ തുടങ്ങി. പിണറായിയുടെ ശംഖുമുഖത്തെ 'ബക്കറ്റ് ' പ്രസംഗവും വി.എസിന്റെ തൃശ്ശൂരിലെ 'ഗോർബച്ചേവ്' പ്രസംഗവും ഇടതുപക്ഷ രാഷ്ട്രീയത്തെ ലോഹദ്രവം പോലെ തിളപ്പിച്ചു. ആ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതിലൊരു ഘടകമായത്, സി പി എം -പി ഡി പി ബന്ധവും പൊന്നാനിയിൽ ഹുസൈൻ രണ്ടത്താണി പൊതുസ്ഥാനാർഥി ആയതുമാണ്. 'മക്കളുടെ മയ്യത്ത് ഉമ്മമാർക്ക് കാണാൻ പറ്റാത്തവിധമാക്കുന്നതരം തീവ്രവാദം പറയുന്നവരുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് വരുന്നതെങ്കിൽ സി പി എമ്മിനെ ജനം ഇലയും കൂട്ടി വലിച്ചെറിയും’ എന്ന കുഞ്ഞാലിക്കുട്ടിയുടെ ബൈറ്റ് ആ തെരഞ്ഞെടുപ്പിൽ തരംഗമായി. 16-4 ന് എൽ ഡി എഫ് തോറ്റപ്പോൾ മുൻ മുറിയിലെ ഫിഷ് ടാങ്കിന് സമീപത്തുള്ള കസേരയിലിരുന്ന് വി.എസ് ചിരിച്ചത്, കേരളം മറക്കാത്ത ടെലിവിഷൻ വിഷ്വലാണ്.

2009-ലെ ലോക്സഭാ ​തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ എല്‍.ഡി.എഫ്. സ്ഥാനാർത്ഥി ഹുസൈൻ രണ്ടത്താണിയുടെ പ്രചാരണത്തിനിടെ പിണറായി വിജയനും അബ്ദുന്നാസിർ മഅ്ദനിയും

ദാരിദ്ര്യം മൂലം സാങ്കേതികവിദ്യയുടെ കാര്യത്തിൽ പ്രാകൃത സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യാവിഷൻ, ആ തെരഞ്ഞെടുപ്പിലാണ് ഗ്രാഫിക്സിന് വാസ്പ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത്. വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മണി ആയപ്പോൾ സോഫ്റ്റ്‌വെയർ ഹാങ്ങായി എല്ലാ ടേബിളുകളും സ്ക്രീനിൽനിന്ന് വലിക്കേണ്ടിവന്നു. ന്യൂസ് ഡെസ്ക് ശോകമൂകമായി. ആ പ്രതിസന്ധിഘട്ടത്തിലാണ്, ചന്തയിൽ ലേലം വിളിക്കും പോലെ മുഖ്യ അവതാരകൻ എം.വി. നികേഷ് കുമാർ ലീഡു നില വിളിച്ചുപറയുന്ന തന്ത്രം പുറത്തെടുത്തത്. അന്നത്തെ ആ അബദ്ധമാണ് ഇന്നത്തെ ആചാരമായി മാറിയത്.

ആർത്തവ അയിത്തം പാടില്ലെന്ന സുപ്രീംകോടതി വിധിക്കെതിരായ തീവ്രനിലപാട് മാതൃഭൂമി ചാനൽ സ്വീകരിച്ചു. 19 -1 എന്ന തോൽവിയിലേക്ക് എൽ ഡി എഫ് കൂപ്പുകുത്തിയപ്പോൾ യാഥാസ്ഥിതികത്വത്തിന്റെ മുഖത്ത് വലത്തേക്ക് കോണിച്ച ചിരി പടർന്നു.

2011-ൽ റിപ്പോർട്ടർ ചാനൽ തുടങ്ങിയപ്പോൾ തന്നെ ഞാൻ അതിലേക്ക് മാറി. വോട്ടെണ്ണൽ ദിവസം ചാനൽ ഓൺ എയർ വേണമെന്ന വാശി കൊണ്ട് ഇന്റഗ്രേഷൻ പൂർത്തിയാകും മുമ്പ് പാതിവേവോടെ സംപ്രേഷണം തുടങ്ങി. ചാനലിന്റെ ഡിസ്ട്രിബ്യൂഷനും പൂർത്തിയായിരുന്നില്ല. കടുത്ത ഭരണവിരുദ്ധവികാരം നേരിട്ടിരുന്നെങ്കിലും കേരളത്തിൽ ആദ്യമായി ഒരു അഴിമതി കേസിൽ രാഷ്ട്രീയക്കാരനെ ജയിലിലാക്കിയ ഇടമലയാർ കേസിലെ വിധിയടക്കം വന്നതോടെ അവസാന മൂന്നുമാസം കൊണ്ട് വി.എസ് കളം പിടിച്ചിരുന്നു. വെറും രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തോടെയാണ് വി.എസിനെ മറികടന്ന് ഉമ്മൻചാണ്ടി അധികാരത്തിലെത്തിയത്. ഒട്ടേറെ ബാലാരിഷ്ടതകളുണ്ടായിരുന്നെങ്കിലും കൂറ്റൻ ഫോണ്ട് സൈസുള്ള ഫുൾസ്ക്രീൻ വൈപ്പ് നൽകുക, സ്റ്റുഡിയോയിൽ സിനിമാറ്റിക് ജിബ് ക്യാമറ ഉപയോഗിക്കുക തുടങ്ങിയ പരിഷ്കാരങ്ങൾ റിപ്പോർട്ടറിനെ വ്യതിരിക്തമാക്കി. റിപ്പോർട്ടർ അന്ന് തുടങ്ങിയ ഓൺലൈൻ ഗ്രാഫിക്സ് ടെമ്പ്ലേറ്റുകൾ ഇന്നും പൊളിക്കപ്പെട്ടിട്ടില്ല.

ഉമ്മൻചാണ്ടി

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർണമായി നരേന്ദ്രമോദി എന്ന കൽപ്പിത ബിംബത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. കേരളത്തിൽ 12- 8 എന്ന നിലയിലേക്ക് എൽ ഡി എഫ് നില മെച്ചപ്പെടുത്തിയ തെരഞ്ഞെടുപ്പ്. എങ്കിലും ഉമ്മൻചാണ്ടി സർക്കാർ നേരിട്ട വിവാദങ്ങളേക്കാൾ, സമരപ്രക്ഷുബ്ധമായ ഇന്ദ്രപ്രസ്ഥവും രക്തമുണങ്ങാത്ത ഗുജറാത്തും സ്പെക്ട്രം വിതരണത്തിലെ ആകാശ അഴിമതിയും കേരളത്തിൽ ചർച്ചയായി. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാനാകാത്ത വിധം റിപ്പോർട്ടർ അപ്പോഴേക്കും കിതക്കാൻ തുടങ്ങിയിരുന്നു.

സാമ്പത്തിക പരാധീനതയിൽ പെട്ട് റിപ്പോർട്ടർ ചാനൽ ശുഷ്ക സാന്നിധ്യമായി മാറിയ ഘട്ടത്തിലാണ് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ചീഫ് എഡിറ്റർ അഴീക്കോട്ട് മത്സരിക്കാനും പോയതോടെ പ്രതീതിനിഷ്പക്ഷത പോലും അഴിഞ്ഞുവീണു. ചീഫ് എഡിറ്റർ മാത്രമല്ല ചാനലും അന്ന് പിന്നിലായി. പക്ഷേ മാതൃഭൂമി ചാനൽ അന്ന് വിപ്ലവകരമായ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു. പിൽക്കാലത്ത് പലരും പിതൃത്വം അവകാശപ്പെട്ട എ ആർ, വി ആർ ഗ്രാഫിക്സ് വിജയകരമായി പരീക്ഷിച്ചു. റിപ്പോർട്ടർമാരെ സെൻട്രൽ സ്റ്റുഡിയോ ബാക്ഗ്രൗണ്ടിൽ കൊണ്ടുവരുന്ന ടെലിപോർട്ടിങ് നടത്തി. അതൊരു സ്ഥിരം സംവിധാനമായി നിലനിർത്തുന്നതിൽ അവർ അലസസമീപനം കാട്ടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.വി. നികേഷ് കുമാർ

ഞാൻ മാതൃഭൂമിയിൽ ചേർന്ന ശേഷമാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വവും ശബരിമല സ്ത്രീ പ്രവേശന വിധിയും അജണ്ട നിശ്ചയിച്ച വോട്ടെടുപ്പ്. ആർത്തവ അയിത്തം പാടില്ലെന്ന സുപ്രീംകോടതി വിധിക്കെതിരായ തീവ്രനിലപാട് മാതൃഭൂമി ചാനൽ സ്വീകരിച്ചു. 19 -1 എന്ന തോൽവിയിലേക്ക് എൽ ഡി എഫ് കൂപ്പുകുത്തിയപ്പോൾ യാഥാസ്ഥിതികത്വത്തിന്റെ മുഖത്ത് വലത്തേക്ക് കോണിച്ച ചിരി പടർന്നു. വിമോചന സമരാനന്തരം 1960-ൽ പട്ടം താണുപിള്ള കേരള മുഖ്യമന്ത്രിയായതിന്റെ ചരിത്രാവർത്തനം പോലെ.

അനിമേഷൻ ഗ്രാഫിക്സും ഓഗ് മെന്റ് ഷോയും അന്ന് സ്ക്രീനിൽ നിറഞ്ഞു. 24 ചാനൽ എ ആർ- വി ആർ ഷോകൾ കൊണ്ട് വിസ്മയം തീർത്തു തുടങ്ങി. അതിവേഗം പ്രേക്ഷകപ്രീതി നേടി ചാനൽ മുന്നേറി. കോവിഡ് കാലത്തെ, വീട്ടിലൊരാൾ എന്ന പ്രതീതിയോടെ ആ പ്രവണത പാരമ്യത്തിലെത്തി.

കോവിഡ് പ്രതിസന്ധിയിലാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ആ പരിമിതി ന്യൂസ് ഡെസ്കുകളെയും ബാധിച്ചിരുന്നു. 99 സീറ്റുമായി അധികാരത്തുടർച്ച ഉറപ്പിച്ച് പിണറായി വിജയൻ ചരിത്രം എഴുതി. മാതൃഭൂമി എം ഡി എം.വി. ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ കോൺഗ്രസിലെ ടി. സിദ്ദിഖിനോട് തോറ്റു. മനുഷ്യമനസ്സിനെ സ്പർശിക്കാത്തതും മനുഷ്യജീവിതത്തെ ബാധിക്കാത്തതുമായ ഒരു അജണ്ടയും തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്ന് ന്യൂസ് ഡെസ്കുകളെ ഈ ഫലം പഠിപ്പിച്ചു. ഇടതുവിരുദ്ധത ബാധിച്ച് സന്നിരോഗികളെ പോലെ സ്റ്റുഡിയോയിൽ വിറ പൂണ്ട ചില അവതാരപുരുഷൻമാർ അന്ന് വിഷാദചിത്തരായി ജനവിധിയോട് പരിതപിച്ചത് വിചിത്രമായ ടെലിവിഷൻ കാഴ്ചയായി. ആ വർഷങ്ങളിലാണ് നിഷ്പക്ഷത എന്നത് അനാവശ്യ ആദർശബാധ്യതയാണ് എന്ന് ചാനലുകളിലെ മാധ്യമപ്രവർത്തകർ നിസങ്കോചം പ്രഖ്യാപിച്ചത്. ആത്മവിനാശത്തിന്റേതായ ആ സാഹസികത, ദൃശ്യമാധ്യമങ്ങളെ അനാകർഷകമായ വാചാടോപമായി അധഃപതിപ്പിച്ചു എന്നതും വസ്തുത. മൂന്ന് മുന്നണികളിലേക്കും ചേരിതിരിഞ്ഞ് മാധ്യമപ്രവർത്തകർ ശണ്ഠ കൂടുമ്പോഴും, ചില ഒറ്റപ്പെട്ട പിതൃശബ്ദങ്ങൾ പ്രതീക്ഷയേകി നിൽക്കുന്നുണ്ട്.

2023 മാർച്ച് 15ന് ഞാൻ ദ ഫോർത്ത് ചാനലിലേക്ക് മാറി. ചാനലിന്റെ ലോഞ്ചിങ്ങിന് ഇനിയും മാസങ്ങൾ എടുക്കും. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ തന്നെയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി അനുവർത്തിക്കുന്ന വാർത്താശീലത്തിൽ നിന്നുള്ള വിച്ഛേദനം. ഒരു കാര്യം ഉറപ്പാണ്, ടെലിവിഷനുകളിലെ ഏകഭാഷണങ്ങൾക്കപ്പുറം സോഷ്യൽ മീഡിയയിലെ ബഹുഭാഷണങ്ങളാകും ഇനി തെരഞ്ഞെടുപ്പുകളിൽ നിർണായക ശബ്ദമാവുക.

Comments