ധന്യ രാജേന്ദ്രനെതിരായ വാർത്തകൾ 10 ദിവസത്തിനുള്ളിൽ നീക്കണം; ‘ജനം’ ടിവിയോടും ‘ജൻമഭൂമി’യോടും ഡൽഹി ഹൈക്കോടതി

മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രനെതിരായ വാർത്തകളും വീഡിയോകളും പത്ത് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് ജനം ടിവിയോടും ജൻമഭൂമിയോടും ഡൽഹി ഹൈക്കോടതി. ശതകോടീശ്വരൻ ജോർജ് സോറോസിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങിക്കുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള വാർത്തകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

News Desk

  • ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫായ ധന്യ രാജേന്ദ്രനെതിരെ ജനം ടിവിയും ജന്മഭൂമിയും നൽകിയ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി.

  • ധന്യ രാജേന്ദ്രനെതിരെയും ഡിജിറ്റൽ വാർത്താ പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മയായ ഡിജി പബ്ബിനെതിരെയും നൽകിയ വീഡിയോകളും ലേഖനങ്ങളും പിൻവലിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

  • ധന്യ രാജേന്ദ്രനടക്കമുള്ള മാധ്യമപ്രവർത്തകർ പ്രമുഖ അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ ഏജന്റുമാരാണെന്ന തെറ്റായ വാർത്തകൾക്കെതിരെയാണ് കോടതി നടപടി.

  • ജൂലൈ 15-ന് ജസ്റ്റിസ് വികാസ് മഹാജനാണ് ജനം ടിവിക്കെതിരെയും ജന്മഭൂമിക്കെതിരെയും ഉത്തരവ് പുറപ്പെടുവിച്ചത്.

  • ജന്മഭൂമിയും ജനം ടിവിയും നൽകിയ വാർത്തകൾ ധന്യ രാജേന്ദ്രനെയും ഡിജിറ്റൽ വാർത്താ പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മയായ ഡിജി പബ്ബിനെയും അപകീർത്തിപ്പെടുത്തുന്നതും അവർ നൽകുന്ന വാർത്തകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

  • ധന്യ രാജേന്ദ്രനും മറ്റ് ന്യൂസ് പബ്ലിക്കേഷനുകളും ജോർജ് സോറോസിൽ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്ന വ്യാജ വാർത്തകളും വീഡിയോകളും ജനം ടിവി , ജന്മഭൂമി ദിനപത്രം, കർമ ന്യൂസ് എന്നീ സ്ഥാപനങ്ങൾ പത്ത് ദിവസത്തിനകം നീക്കം ചെയ്യാനാണ് കോടതി നിർദേശിച്ചത്.

  • ഡിജി പബ്ബ് മുഖേന ഇന്ത്യയിലെ മാധ്യമങ്ങൾക്ക് സോറോസ് ഫണ്ട് കൈമാറി എന്ന തരത്തിലായിരുന്നു ധന്യ രാജേന്ദ്രനടക്കമുള്ള സ്വതന്ത്ര മാധ്യമ പ്രവർത്തകർക്കെതിരെ വാർത്തകൾ പ്രചരിച്ചിരുന്നത്.

  • മുതിർന്ന അഭിഭാഷകൻ രാജശേഖർ റാവു ധന്യ രാജേന്ദ്രനും ഡിജി പബ്ബിനും വേണ്ടി കോടതിയിൽ ഹാജരായി.

  • ഡിജി പബ്ബിൻെറ ബാലൻസ് ഷീറ്റ് അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഡിജി പബ്ബിന്റെ വരുമാന സ്രോതസ് മെമ്പർഷിപ് ഫീ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

  • നൂറോളം ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും സ്വതന്ത്ര മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയാണ് ഡിജി പബ്ബ്.

  • ബർഖ ദത്ത്, രവീഷ് കുമാർ തുടങ്ങിയ മാധ്യമപ്രവർത്തകരും ആൾട്ട് ന്യൂസ്, ദ വയർ, ദ ക്വിന്റ്, സ്‌ക്രോൾ, ദ ന്യൂസ് മിനുറ്റ്, ന്യൂസ് ലോണ്ട്രി തുടങ്ങിയ ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമാണ്.

Comments