ഡോ. ജിനേഷ് പി.എസ്

ഇനി വരാൻ പോകുന്നത് വാക്സിൻ വിരുദ്ധർ,

കോവിഡ് വാക്സിൻ ജനസംഖ്യ വർധനവ് തടയുമെന്നും മനുഷ്യരിൽ ജനിതകവ്യതിയാനം സംഭവിക്കുമെന്നും ഈ വാക്സിൻ സ്വീകരിച്ചവരിൽ മൈക്രോചിപ്പ് പ്രവർത്തിക്കുന്നു എന്നൊക്കെയുള്ള മണ്ടത്തരങ്ങൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്

കരുതിയിരിക്കുക

കോവിഡ് എന്ന മഹാമാരി ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തത്ര സങ്കീർണമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ആരോഗ്യപ്രശ്നത്തിലുപരി ഒരു സാമൂഹിക വിപത്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒമ്പതുകോടിയോട് അടുക്കുന്നു, മരണസംഖ്യ 19 ലക്ഷം അടുക്കുന്നു. കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കണക്ക് മാത്രമാണിത്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും എത്രമാത്രം കൃത്യമാണ് ഉറപ്പിക്കാൻ സാധിക്കില്ല. കേസുകളും മരണങ്ങളും ഇങ്ങനെയാണ് അവസ്ഥയെങ്കിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരുടെ സംഖ്യ എത്രയോ ഇരട്ടി ആയിരിക്കും! പല രാജ്യങ്ങളിലും രണ്ടാമത്തെ തരംഗം ആരംഭിച്ചുകഴിഞ്ഞു. ലോക്ക്ഡൗൺ കാലഘട്ടം പല സ്ഥലങ്ങളിലും തിരിച്ചുവരികയാണ്.

ലോകത്തിൽ ഇന്നേവരെ ഏതെങ്കിലും ഒരു അസുഖം സംബന്ധിച്ച് ഇത്രയധികം വ്യാജസന്ദേശങ്ങൾ പടർന്ന ഒരു കാലഘട്ടം വേറെ ഉണ്ടാവില്ല

വ്യാജസന്ദേശങ്ങളുടെ മഹാമാരി

ഇതിനിടയിൽ ഒരു ആശ്വാസം എന്നുപറയാവുന്നത്, വാക്സിൻ വിതരണം പല രാജ്യങ്ങളിലും ആരംഭിച്ചു എന്നതാണ്. ലോകത്താദ്യമായാണ് ഏതെങ്കിലുമൊരു അസുഖത്തിനെതിരെ ഇത്ര കുറഞ്ഞ സമയംകൊണ്ട് വാക്സിൻ കണ്ടെത്തുന്നത്. പക്ഷേ നമ്മുടെ നാട്ടിൽ വാക്സിൻ വിതരണം തുടങ്ങുന്നതിനു മുമ്പുതന്നെ വാക്സിൻ വിരുദ്ധരുടെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എങ്ങനെ വാക്സിൻ എടുക്കുന്നത് തടയാം എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണ്, പ്രധാനമായും വാട്സ്ആപ്പ് ആണ് മാധ്യമം. വാക്സിൻ വിഷയത്തിൽ മാത്രമല്ല, ലോകത്തിൽ ഇന്നേവരെ ഏതെങ്കിലും ഒരു അസുഖം സംബന്ധിച്ച് ഇത്രയധികം വ്യാജസന്ദേശങ്ങൾ പടർന്ന ഒരു കാലഘട്ടം വേറെ ഉണ്ടാവില്ല. വാട്ട്സ്ആപ്പും ഫേസ്ബുക്കും മാത്രമല്ല പ്രധാനപ്പെട്ട മാധ്യമങ്ങളിലൂടെ പോലും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടു.

ഗ്ലൂക്കോസ് ലായനികൊണ്ട് കോവിഡിനെ പ്രതിരോധിക്കാമെന്ന തരത്തിൽ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട്

ഗ്ലൂക്കോസ് ലായനി മൂക്കിലൊഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന കപടസന്ദേശം വന്നത് കേരളത്തിലെ ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ള പത്രങ്ങളിൽ ഒന്നായ മാതൃഭൂമിയിലാണ്. ഇ.എൻ.ടി വിഭാഗത്തിലെ ഒരു ഡോക്ടറുടെ അവകാശവാദത്തിന്റെ ശാസ്ത്രീയതയെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ വാർത്തയാക്കുകയാണുണ്ടായത്. ഇങ്ങനെയൊരു വിഷയം പ്രസ്തുത ഡോക്ടർ പ്രധാനമന്ത്രിയുടെ ഓഫീസിനെയും, ICMR നെയും അറിയിച്ചപ്പോൾ അവർ അഭിനന്ദിച്ചു എന്നുവരെ വാർത്തയിൽ വന്നു. ഏതെങ്കിലും ഒരു രോഗത്തിന്റെ ചികിത്സ- പ്രതിരോധ മാർഗങ്ങൾ ഗുണകരമാണോ എന്ന് തീർപ്പുകൽപ്പിക്കുന്ന ഒന്നല്ല പ്രധാനമന്ത്രിയുടെ ഓഫീസ് എന്നുപോലും ഈ പത്രം ചിന്തിച്ചില്ല. മാത്രമല്ല ഈ ഡോക്ടറുടെ അവകാശവാദങ്ങളൊന്നും ശാസ്ത്രീയവുമായിരുന്നില്ല. പക്ഷേ, പത്രത്തിൽ വാർത്ത വന്നതോടെ മൂക്കിൽ ഗ്ലൂക്കോസ് ലായനി ഒഴിച്ച് കോവിഡിനെ പ്രതിരോധിക്കാൻ നെട്ടോട്ടം ഓടിയ ജനങ്ങളുണ്ടായിരുന്നു. മറ്റൊരു കൂട്ടർ ഈ ഡോക്ടറെ പൊന്നാട അണിയിക്കാൻ ഓടിനടന്നു. പക്ഷേ, അപ്പോഴും കേരളത്തിൽ കേസുകൾ കൂടുകതന്നെയായിരുന്നു.

മാധ്യമങ്ങളും ജനപ്രതിനിധികളും അവരെക്കൊണ്ടായത്...

അസാധാരണമായ അവകാശ വാദങ്ങൾക്ക് അതിശക്തമായ തെളിവുകൾ വേണമെന്നാണ് പൊതുവിലെ ആപ്തവാക്യം. വ്യക്തിഗത നിരീക്ഷണങ്ങൾക്കല്ല ശാസ്ത്രത്തിൽ പ്രാധാന്യം, സുതാര്യവും വസ്തുനിഷ്ഠവുമായ ശാസ്ത്രീയ രീതിയിലെ പഠനങ്ങളിൽ ഉരുത്തിരിയുന്ന കണ്ടെത്തലുകൾക്കാണ്. അത്തരത്തിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടായാൽ ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും, ശാസ്ത്ര സമൂഹത്തിനുള്ളിൽ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുകയുമാണുണ്ടാവുക. പത്രവാർത്തയിലോ പത്രസമ്മേളനത്തിലോ അല്ല അവ ആദ്യമായി അവതരിപ്പിക്കപ്പെടുക. കപട ശാസ്ത്രത്തിന്റെ മുഖമുദ്രയാണ് അത്തരം പ്രവണതകൾ. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കോ, ICMR ലേക്കോ കത്തിടപാടുകൾ നടത്തുന്ന ആർക്കും ലഭിക്കുന്ന ഒരു കറസ്പോണ്ടൻസ് ഒരു അംഗീകാരമായി ചിത്രീകരിച്ചാൽ അത് ഉചിതമല്ല. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉണ്ടാകുമ്പോൾ വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായം ചോദിക്കുകയും വ്യക്തത വരുത്തുകയും ചെയ്യുക എന്ന ജേണലിസത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ മാതൃഭൂമി മറന്നു. ഇത്തരത്തിലുള്ള അബദ്ധ സന്ദേശങ്ങൾക്ക് വിശ്വാസ്യത ലഭിക്കുമ്പോൾ ശാസ്ത്രീയമായ പ്രതിരോധ രീതിയിൽ നിന്ന് സമൂഹം അകലുന്നതിലൂടെ രോഗവ്യാപനം വർധിക്കാനുള്ള സാധ്യതയാണുള്ളത്. പല മാധ്യമങ്ങളിലും ഇതുപോലുള്ള ചില അബദ്ധ സന്ദേശങ്ങൾ വന്നിരുന്നു. അസുഖ വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ വീണ കരിനിഴലുകളാണ് ഇത്തരം സംഭവങ്ങൾ.

ചൂട് കൂടിയാൽ വൈറസ് ചാവുമെന്ന വാദം യഥാർത്ഥത്തിൽ ശരിയാണ്, പക്ഷെ ആ ചൂട് 70 ഡിഗ്രി സെൽഷ്യസിന് മുകളിൽ വേണം എന്നുമാത്രം.

ചില ജനപ്രതിനിധികളും കോവിഡ് ഒട്ടും മോശമാക്കിയില്ല. 30 ഡിഗ്രി സെൽഷ്യസിനുമുകളിൽ കോവിഡ് പകരില്ല എന്ന് പറഞ്ഞവരിൽ കെ. മുരളീധരൻ വരെയുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും താപനിലയും കേസുകളുടെ എണ്ണവും ചോദിക്കുന്നില്ല. ചൂട് കൂടിയാൽ വൈറസ് ചാവുമെന്ന വാദം യഥാർത്ഥത്തിൽ ശരിയാണ്, പക്ഷെ ആ ചൂട് 70 ഡിഗ്രി സെൽഷ്യസിന് മുകളിൽ വേണം എന്നുമാത്രം. വൈറസ് സസുഖം വാഴുന്ന മനുഷ്യശരീരത്തിന്റെ താപനില തന്നെ 37 ഡിഗ്രിയാണെന്ന് പോലും മറന്നുകൊണ്ടാണ് ഇത്തരം വാദങ്ങൾ. സമൂഹത്തിന് തന്നെ ശരിയായ വിവരങ്ങൾ പറഞ്ഞു കൊടുക്കേണ്ട ജനപ്രതിനിധികൾ ഇത്തരത്തിൽ പെരുമാറുന്നത് സത്യത്തിൽ ഖേദകരമാണ്. ഗോമൂത്രവും ചാണകവും ശരീരത്തിൽ പൂശുകയും ഭക്ഷിക്കുകയും ചെയ്താൽ കോവിഡിനെ പ്രതിരോധിക്കാം എന്നൊക്കെ പരസ്യമായി പറയാൻ ഇന്ത്യയിൽ ചിലരെങ്കിലും തയ്യാറായി എന്നത് ലജ്ജാകരമാണ്.

വ്യാജങ്ങൾക്കുമുന്നിലെ ആൾക്കൂട്ടങ്ങൾ

ഇന്ത്യയിൽ 12 മണിക്കൂർ ജനതാ കർഫ്യൂ പ്രഖ്യാപിച്ച സമയത്തും ധാരാളം വ്യാജസന്ദേശങ്ങൾ പുറത്തിറങ്ങി. 12 മണിക്കൂർ വീടിനു വെളിയിൽ ഇറങ്ങാതിരുന്നാൽ വൈറസ് നശിക്കും എന്നായിരുന്നു അതിലൊന്ന്. ശരീരത്തിനുവെളിയിൽ അതിജീവിക്കാൻ സാധ്യത കുറവാണെങ്കിലും അപൂർവമായി മൂന്നുദിവസം വരെയൊക്കെ പല പ്രതലങ്ങളിലും അതിജീവിക്കാൻ ഈ വൈറസിന് സാധിക്കും. 1

ജനതാകർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.പിയിലെ പിലിബിറ്റിൽ നടന്ന റാലി. പാത്രങ്ങൾ കൊട്ടിയും മണിമുഴക്കിയും നടന്നുനീങ്ങിയ ആൾക്കൂട്ടത്തെ നയിച്ചത് സീനിയർ പൊലീസ് ഓഫീസറും, ജില്ലാ മജിസ്‌ട്രേറ്റുമായിരുന്നു. മാർച്ച് 22 ഞായറാഴ്ച രാവിലെ എഴുമുതൽ രാത്രി ഒമ്പതുവരെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും കോവിഡ് മുന്നണി പ്രവർത്തകരോടുള്ള ആദരസൂചകമായി വൈകുന്നേരം അഞ്ചുമണിക്ക് വീടിനുമുമ്പിൽ വന്ന് കൈകൊട്ടുകയും മണിമുഴക്കുകയും ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഐക്യപ്പെട്ടുകൊണ്ടായിരുന്നു ഈ പ്രകടനം. പിലിബിറ്റ് പൊലീസ് ഷെയർ ചെയ്ത ഈ ഫോട്ടോ പിന്നീട് ഡിലീറ്റ് ചെയ്തു

2 മണിക്കൂർ കൊണ്ട് വൈറസ് ചാകും എന്ന് ചില സാമൂഹ്യദ്രോഹികൾ നുണപ്രചാരണം നടത്തുന്നു എന്നാണ് ഇതിനെക്കുറിച്ച് കേന്ദ്രമന്ത്രി ഹർഷ് വർദ്ധൻ ട്വീറ്റ് ചെയ്തത്. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ പ്രചരിപ്പിക്കുകയും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ആദ്യ ഘട്ടത്തിൽ പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ആഹ്വാനം ചെയ്ത കാഴ്ചയും കാണേണ്ടിവന്നു. ഇതിലൊക്കെ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന കാഴ്ചയും നമ്മൾ കണ്ടു.

വൈറ്റമിൻ സി കഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാമെന്നും വൈറ്റമിൻ സി കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആകുമെന്നും അത് സുരക്ഷിതത്വം നൽകും എന്നുമൊക്കെ പറഞ്ഞത് നടൻ ശ്രീനിവാസൻ ആയിരുന്നു. അതും പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ അഭിപ്രായമാണ് എന്നുപറഞ്ഞായിരുന്നു പ്രചാരണം. അങ്ങനെ ഒരു തെറ്റായ അഭിപ്രായം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞിട്ടില്ല. നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് സിട്രിക്ക് ആസിഡ് ആണെന്നും അത് ആൽക്കലൈൻ അല്ല എന്നുമുള്ള അടിസ്ഥാനപരമായ രസതന്ത്ര പാഠങ്ങൾ പോലും മറന്നു തുടങ്ങിയതിന്റെ ഫലമാണ് ഇത്തരം പ്രചാരണങ്ങൾ.

കോവിഡ് കാലത്ത് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യം ലഭിച്ചത് മാസ്‌കിന് തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഏറ്റവും ആദ്യം പുറത്തിറങ്ങിയ വ്യാജ സന്ദേശവും മാസ്‌കിനെ കുറിച്ച് തന്നെയായിരുന്നു

സാമൂഹ്യ മാധ്യമങ്ങളിൽ അശാസ്ത്രീയ സന്ദേശങ്ങളുടെ ഘോഷയാത്രയായിരുന്നു. വെളുത്തുള്ളിയും രസവും കുടിച്ചാൽ കോവിഡ് രോഗപ്രതിരോധം ലഭിക്കുമെന്നത് മുതൽ നൂറുകണക്കിന് വ്യാജസന്ദേശങ്ങൾ. 15 സെക്കൻഡ് ശ്വാസം പിടിച്ചു വെക്കാൻ സാധിക്കുന്നവർക്ക് കോവിഡ് രോഗമില്ല, അവർ പരിശോധന നടത്തേണ്ട കാര്യമില്ല എന്നും ഹോക്സുകൾ വന്നു.

ഇങ്ങനെ അല്ലാതെയും ചിലരുണ്ട് എന്നുകൂടി നമ്മൾ അറിയേണ്ടതുണ്ട്. ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പിനോട് കോവിഡ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ലഭിച്ച മറുപടി നമ്മൾ കേട്ടിരിക്കേണ്ടതാണ്: "ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തിൽ, നമ്മുടെ നിലനിൽപിനുതന്നെ ഭീഷണിയായ ഒരു വിഷയത്തിൽ ഒരു ഫുട്ബോൾ ടീം മാനേജറായ എന്നോട് ഈ ചോദ്യം എന്തിന് ചോദിക്കുന്നു എന്ന് മനസ്സിലാവുന്നില്ല. ഞാൻ ഒരു ഫുട്ബോൾ മാനേജർ മാത്രമാണ്. ഈ അസുഖത്തെ കുറിച്ച് ആധികാരികമായി പറയാൻ ഞാനാളല്ല. ഈ വിഷയത്തിൽ ശാസ്ത്രീയമായി അഭിപ്രായം പറയാൻ സാധിക്കുന്നവർ നാട്ടിലുണ്ട്. അവരോടു ചോദിക്കണം.' ഈ മറുപടി നമ്മളോരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

മാസ്‌കിനെക്കുറിച്ചും വ്യാജസന്ദേശങ്ങൾ

കോവിഡ് കാലത്ത് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യം ലഭിച്ചത് മാസ്‌കിന് തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഏറ്റവും ആദ്യം പുറത്തിറങ്ങിയ വ്യാജ സന്ദേശവും മാസ്‌കിനെ കുറിച്ച് തന്നെയായിരുന്നു. രോഗമുള്ളവർ മാസ്‌ക് ധരിക്കുമ്പോൾ വെള്ളനിറമുള്ള ഭാഗം പുറത്ത് വരണമെന്നും അല്ലാത്തവർ തിരിച്ച് ധരിക്കണമെന്നും ആഹ്വാനം ചെയ്ത് ഒരു സന്ദേശം വന്നു. സാധാരണ സർജിക്കൽ മാസ്‌കിന് മൂന്ന് പാളികളാണുള്ളത്. പുറംപാളി ബാഷ്പം കടക്കാത്തതായിരിക്കും (water repellent). പച്ച അല്ലെങ്കിൽ നീല നിറമുള്ള ഭാഗമാണിത്. രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ, സർജറി ചെയ്യുമ്പോൾ തെറിച്ചേക്കാവുന്ന രക്തത്തുള്ളികൾ, ഇവയൊക്കെ സർജിക്കൽ മാസ്‌കിന്റെ പുറംപാളിയിൽ തട്ടിനിൽക്കും, ഉള്ളിലേക്ക് കടക്കില്ല. അകത്തെ പാളി ബാഷ്പത്തെ ആഗിരണം ചെയ്യുവാൻ വേണ്ടി നിർമിച്ചിരിക്കുന്നു. വെള്ള അല്ലെങ്കിൽ മങ്ങിയ നിറമുള്ള ഭാഗം. മാസ്‌ക് ധരിക്കുന്ന ആളുടെ ഉച്ഛ്വാസത്തിൽ അടങ്ങിയിരിക്കുന്ന ബാഷ്പം ഈ പാളിയിൽ ആഗിരണം ചെയ്യപ്പെടുന്നു. ഈ രണ്ടു പാളികൾക്കും ഇടയിൽ ഒരു ഫിൽറ്റർ ഉണ്ട്. ചുരുക്കത്തിൽ ഒരു വ്യക്തി രോഗി ആണെങ്കിലും അല്ലെങ്കിലും വെള്ള നിറമുള്ള ഭാഗം അകത്തും നീലനിറമുള്ള ഭാഗം പുറത്തും വരുന്ന രീതിയിൽ മാസ്‌ക് ധരിക്കണം.

യൂണിസെഫിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ പ്രചരണങ്ങളടങ്ങിയ നോട്ടീസ്‌

ഇതിനിടയിൽ യൂണിസെഫിന്റെ പേരിൽ പോലും ഇത്തരം ഹോക്സുകൾ പുറത്തിറങ്ങി. സൂര്യപ്രകാശത്തിൽ നിന്നാൽ കോവിഡ് വൈറസ് നശിക്കും എന്നതടക്കമുള്ള നിരവധി മണ്ടത്തരങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. യുണിസെഫ് എന്ന തലക്കെട്ടിൽ പ്രചരിച്ച ആ നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണ് എന്ന് അവർക്ക് നിഷേധക്കുറിപ്പ് ഇറക്കേണ്ടി വന്നു.

അണുനാശിനിയും ഉമ്മത്തിൻ കായയും

മാംസാഹാരം കഴിക്കുന്നവർ മൂലമാണ് കോവിഡ് പകരുന്നത് എന്ന് വെറുപ്പിന്റെ ഭാഷയിൽ സംസാരിച്ചവരുമുണ്ട്. മദ്യം കഴിച്ചാൽ വൈറസിനെ പ്രതിരോധിക്കാം എന്ന നുണ പ്രചാരണത്തെ തുടർന്ന് വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലങ്ങൾ പോലുമുണ്ട്. കോവിഡ് വൈറസിന്റെ ആകൃതിയിലുള്ള ഉമ്മത്തിന്റെ കായ കഴിച്ചാൽ അസുഖം തടയാമെന്ന ഒരു വ്യാജ സന്ദേശം വിശ്വസിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ കുട്ടികൾ വരെ ഉണ്ടായിരുന്നു. അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ കാരണം കഴിച്ചാൽ മരണം പോലും സംഭവിക്കാവുന്ന ഒരു ഫലമാണ് ഉമ്മത്തിൻ കായ. ഇത് കഴിച്ചെങ്കിലും ഭാഗ്യം കൊണ്ടുമാത്രം അവരുടെ ജീവൻ രക്ഷപ്പെട്ടു.

യൂണിസെഫിന്റെ പേരിൽ കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ സംഘടന പുറത്തുവിട്ട നിഷേധക്കുറിപ്പ്

ലോകത്തിന്റെ പല ഭാഗത്തും മനുഷ്യരുടെ മേൽ അണുനാശിനി തളിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. മനുഷ്യരുടെ പുറത്ത് അണുനാശിനി തളിക്കുന്നത് കൊണ്ട് വൈറസ് ശരീരത്തിൽ ബാധിച്ച ഒരാളുടെ അവസ്ഥയിൽ ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല. അചേതന വസ്തുക്കൾ അണുവിമുക്തമാക്കാൻ വേണ്ടി ഉപയോഗിക്കുന്ന അണുനാശിനി ജീവനുള്ളവരുടെ ശരീരത്തിൽ തളിക്കാൻ പാടുള്ളതല്ല. അതുകൊണ്ട് പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പോലും ഉണ്ട്. അതുപോലെ, അണുനാശിനി കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കും എന്നു പറഞ്ഞവരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെ ഉൾപ്പെടുന്നു. അണുനാശിനി കുടിക്കുകയാണെങ്കിൽ തീർച്ചയായും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. നമ്മുടെ നാട്ടിലും അതും ഇത്തരത്തിൽ അണുവിമുക്തമാക്കാനുള്ള ടണലുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നിരുന്നു.

ഇമ്യൂണിറ്റി ബൂസ്റ്റർ തട്ടിപ്പുകൾ

ഇതിനിടെ ഇമ്യൂണിറ്റി ബൂസ്റ്റർ തട്ടിപ്പുകളും ധാരാളമുണ്ടായി. രോഗപ്രതിരോധശേഷി അഥവാ ഇമ്യൂണിറ്റി എന്നത് ലളിതമായ വിഷയമല്ല. എന്തെങ്കിലും ആഹാര പദാർത്ഥങ്ങൾ കഴിച്ചു എന്നതുകൊണ്ട് പെട്ടെന്ന് കൂട്ടി എടുക്കാവുന്ന ഒന്നല്ല ഇമ്യൂണിറ്റി. ആരോഗ്യകരമായ ജീവിതശൈലിയാണ് ഇമ്യൂണിറ്റിയിലെ പ്രധാന ഘടകം. സമീകൃതാഹാരം, സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ, പ്രമേഹം പോലുള്ള രോഗങ്ങളെ കൃത്യമായ ചികിത്സ വഴി നിലയ്ക്കുനിർത്തുക തുടങ്ങിയവയൊക്കെ രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുന്നതും നല്ലതുതന്നെ. അതല്ലാതെ എന്തെങ്കിലും പ്രത്യേക ആഹാരപദാർത്ഥങ്ങൾ ഉപയോഗിച്ച് എളുപ്പവഴി ഇല്ല തന്നെ. ഒരു പ്രത്യേക അസുഖത്തിനെതിരെയുള്ള പ്രതിരോധ ശേഷി ആണെങ്കിൽ ഏറ്റവും നല്ല വഴി വാക്സിനേഷൻ തന്നെയാവും. അല്ലെങ്കിൽ രോഗം വന്നശേഷം പ്രതിരോധശേഷി ലഭിക്കുന്നത്. എന്തായാലും ഇപ്പോൾ വാക്സിൻ ചില രാജ്യങ്ങളിൽ എങ്കിലും കൊടുത്തു തുടങ്ങിയിട്ടുണ്ട്. വൈകാതെ നമ്മുടെ നാട്ടിലും വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. അതല്ലാതെ ഈ അസുഖത്തിന് പ്രതിരോധത്തിനായി "മരുന്ന്' എന്നത് അശാസ്ത്രീയമായ അബദ്ധധാരണയാണ്. വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ്, വൈറസിനെക്കുറിച്ചുള്ള കാര്യമായ പഠനങ്ങൾ പോലും ആരംഭിക്കുന്നതിനു മുൻപ് പ്രതിരോധ മരുന്നുണ്ട് എന്ന് അവകാശപ്പെട്ട ആയുഷ് വകുപ്പ് നൽകുന്ന സന്ദേശം തെറ്റാണ്. ഇതൊക്കെ വിശ്വസിച്ച് പ്രതിരോധം ലഭിച്ചുവെന്ന മിഥ്യാധാരണയാൽ ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ അവഗണിച്ചുകൊണ്ട് സമൂഹത്തിൽ ഇടപെടുമ്പോൾ രോഗം പകരാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

ദഹിപ്പിക്കൽ 100% സുരക്ഷിതം

ഇത്തരം അബദ്ധ സന്ദേശങ്ങളും തെറ്റിദ്ധാരണകളും മൂലം പലപ്പോഴും മനുഷ്യത്വത്തിന്റെ സീമകൾ ലംഘിക്കുന്ന അവസ്ഥ വരെ ഉണ്ടായി. പലവിധ തെറ്റിദ്ധാരണകൾക്കടിപ്പെട്ട് കോട്ടയത്ത് ഇലക്ട്രിക് ശ്മശാനത്തിൽ ഒരു മൃതദേഹം സംസ്‌കരിക്കുന്നത് തടയുക വരെ ഉണ്ടായി. മൃതദേഹം കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയിലൂടെയും ചാരത്തിലൂടെയും വൈറസ് പകരുമെന്ന് പറഞ്ഞാണ് തടഞ്ഞത്. വൈറസ് ബാധിച്ച ഒരു വ്യക്തി തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുകണങ്ങൾ മറ്റൊരാളിൽ എത്തുമ്പോഴാണ് രോഗം പകരുന്നത്.

കോവിഡ് ബാധിച്ച മരിച്ച വയോധികന്റെ മൃതദേഹം കോട്ടയത്തെ മുട്ടമ്പലത്തെ മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയവർ

മൃതദേഹം ചുമക്കുകയോ തുമ്മുകയോ ചെയ്യില്ല എന്ന് പോലും പലരും മറക്കുന്നു. ഏതുതരം അണുബാധയും ആയിക്കോട്ടെ, ഏറ്റവും സുരക്ഷിതമായ മൃതദേഹം സംസ്‌കരണ മാർഗമാണ് ദഹിപ്പിക്കുക എന്നത്. ദഹിപ്പിക്കുന്നതിലൂടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ റിസ്‌ക് കൂടാൻ സാധ്യതയുണ്ടെങ്കിൽ ഉള്ള ഒരേയൊരു മരണ രീതിയേ ഉള്ളൂ. റേഡിയോ ആക്ടീവ് വിഷബാധ മൂലമുള്ള മരണം ആണത്. കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ, അല്ലെങ്കിൽ ചാരത്തിൽ ചിലപ്പോൾ റേഡിയോ ആക്ടീവ് അംശങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ആണിത്. എന്നാൽ കോവിഡ് മരണങ്ങളിൽ ദഹിപ്പിക്കൽ 100% സുരക്ഷിതമാണ്.
മൃതശരീരത്തിൽ നിന്നുള്ള സ്രവങ്ങൾ മൂലം രോഗം പകരാൻ സാധ്യത ഇല്ലേ എന്നാണ് ചോദ്യമെങ്കിൽ അപൂർവമായി അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. അത്തരമൊരു അപകട സാധ്യത ഏറ്റവും കൂടുതലുള്ളത് മരിച്ച ഉടൻ ശരീരവുമായി അടുത്ത് ഇടപഴകുന്ന ആരോഗ്യ പ്രവർത്തകർക്കും എയ്റോസോൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രക്രിയായ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന ആരോഗ്യപ്രവർത്തകർക്കും ആണ്.

കേരളത്തിൽ പ്രചരിച്ച പല ഹോക്സുകളും മറ്റു ഭാഷകളിൽ നിന്ന് മൊഴിമാറ്റം നടത്തി വന്നതായിരുന്നു. മുൻപ് പ്രചരിച്ചിരുന്ന പരോപകാര കിംവദന്തികൾ ചില പോക്കറ്റുകളിൽ മാത്രം പ്രചരിച്ചിരുന്നവ ആയിരുന്നെങ്കിൽ ഈ കോവിഡ് കാലത്ത് അത് എല്ലാ സീമകളും ലംഘിച്ചു.

എന്നാൽ ആശുപത്രികളിൽ നിന്ന് മൃതശരീരങ്ങൾ കൈമാറുന്നത് അതീവ ശ്രദ്ധയോടെയാണ്. ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബോഡി ബാഗിലാണ് കൈമാറുന്നത്. അതായത് ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തിൽ നിന്ന് വൈറസ് പകരാൻ സാധ്യതയില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അത്രയും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ സംസ്‌കാര സമയത്ത് മൃതദേഹത്തിൽ നിന്നും കോവിഡ് പകരുമെന്ന ആശങ്കയുടെ ആവശ്യമില്ല തന്നെ. എന്നിട്ടും മൃതശരീരം സംസ്‌കരിക്കുന്നത് തടയുകയാണെങ്കിൽ, മനുഷ്യത്വം എന്നത് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം. ഇന്ത്യയിൽ ഏറ്റവും ആദ്യം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച കോട്ടയത്താണ് ഈ സംഭവങ്ങൾ അരങ്ങേറിയത് എന്നത് തലകുനിപ്പിക്കുന്നു.

ഗോമൂത്രം കുടിച്ച് കോവിഡിനെ പ്രതിരോധിക്കാമെന്ന അവകാശവാദത്തോടെ ഡൽഹിയിൽ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗോമൂത്ര പാർട്ടിയിൽ നിന്ന് / Photo: Twitter

സ്‌കൂളിൽ നമ്മൾ പഠിച്ച ശാസ്ത്രതത്വങ്ങൾ മറന്ന് മണ്ടത്തരങ്ങൾ പ്രചരിപ്പിച്ച സംഭവങ്ങൾ ലോകമെമ്പാടും സംഭവിച്ചു. കഴിഞ്ഞ ഒരു വർഷം അവയുടെ ചാകരയായിരുന്നു എന്നുതന്നെ പറയാം. അതിലെ ചിലതുമാത്രമാണ് മുകളിൽ എഴുതിയിരിക്കുന്നത്. കേരളത്തിൽ പ്രചരിച്ച പല ഹോക്സുകളും മറ്റു ഭാഷകളിൽ നിന്ന് മൊഴിമാറ്റം നടത്തി വന്നതായിരുന്നു. മുൻപ് പ്രചരിച്ചിരുന്ന പരോപകാര കിംവദന്തികൾ (ഇതുപോലുള്ള വ്യാജ സന്ദേശങ്ങൾ) ചില പോക്കറ്റുകളിൽ മാത്രം പ്രചരിച്ചിരുന്നവ ആയിരുന്നെങ്കിൽ ഈ കോവിഡ് കാലത്ത് അത് എല്ലാ സീമകളും ലംഘിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികളും അതിപ്രശസ്തരായ നിരവധി വ്യക്തികളും അശാസ്ത്രീയ വാദങ്ങളുടെ പ്രചാരകരായി മാറുന്ന ദയനീയ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. തെറ്റിദ്ധരിപ്പിക്കുന്ന കപട സന്ദേശങ്ങൾ മൂലം ജനങ്ങളുടെ ആരോഗ്യം തുലാസിൽ ആകുന്ന സാഹചര്യം സംജാതമായതിനാൽ ലോകാരോഗ്യ സംഘടനക്ക് വരെ അതിനെതിരായി നിരന്തരം പ്രവർത്തിക്കേണ്ടി വന്നു.

വ്യാജന്റെ അടുത്ത ഇര വാക്സിൻ

ചിലപ്പോൾ നമ്മൾ കണ്ട ഏറ്റവും ശക്തമായ വാക്സിൻ വിരുദ്ധ പ്രവർത്തനം ഇനി ഉണ്ടാവാൻ പോലും സാധ്യതയുണ്ട്. കോവിഡ് വാക്സിൻ ജനസംഖ്യ വർധനവ് തടയുമെന്നും ഈ വാക്സിൻ സ്വീകരിച്ചാൽ മനുഷ്യരിൽ ജനിതകവ്യതിയാനം സംഭവിക്കുമെന്നും ഈ വാക്സിൻ സ്വീകരിച്ചവരിൽ മൈക്രോചിപ്പ് പ്രവർത്തിക്കുന്നു എന്നൊക്കെയുള്ള മണ്ടത്തരങ്ങൾ ഇപ്പോൾ തന്നെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനുള്ള ഡ്രൈ റൺ നടത്തിയപ്പോൾ / Photo: K K Shailaja Teacher, facebook

ഭൂമിയിലെ ജനസംഖ്യ പകുതിയാക്കാൻ ബിൽഗേറ്റ്സ് ശ്രമിക്കുന്നതിനാൽ വാക്സിൻ അപകടം ആണ് എന്ന് തർക്കിക്കുന്നവരെയും നമുക്കു ചുറ്റും കാണാം. എന്ത് ലോജിക്കാണ് ഇതിലൊക്കെയുള്ളത് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവില്ല. ജനങ്ങൾ വിശ്വസിക്കില്ല എന്ന് നമ്മൾ കരുതുന്ന ഇത്തരം സന്ദേശങ്ങൾ മൂലം വാക്സിനേഷൻ തന്നെ തകരാറിൽ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഓർക്കുക, ഒരു കാലത്ത് കേരളത്തിൽ കേട്ടുകേൾവി മാത്രമുള്ള അസുഖമായിരുന്നു ഡിഫ്തീരിയ. ഞങ്ങളുടെയൊക്കെ എം.ബി.ബി.എസ് പഠനകാലത്ത് പുസ്തകത്തിൽ മാത്രം വായിച്ച് പരിചയമുള്ള അസുഖം. പക്ഷേ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ഡിഫ്തീരിയ കാണാൻ സാധിക്കുന്നുണ്ട്. വാക്സിൻ വിരുദ്ധതയുടെ ഫലം. വാക്സിൻ വിരുദ്ധരുടെ പ്രചാരണങ്ങൾക്കിരയായി കുട്ടികൾക്ക് വാക്സിൻ നൽകാതെ, അവരെ മരണത്തിലേക്ക് തള്ളിവിടുന്ന സങ്കടകരമായ കാഴ്ച പോലും നമ്മൾ കണ്ടുകഴിഞ്ഞു. അതുകൊണ്ട് വാക്സിൻ വിരുദ്ധതയെ ഒരിക്കലും നിസ്സാരമായി കാണരുത്.

കഴിഞ്ഞ ഒരു വർഷം പ്രചരിച്ച നുണകൾ എത്രമാത്രം എന്ന് നമ്മൾ അളക്കണം. സമൂഹത്തിൽ പ്രചരിച്ച അബദ്ധ സന്ദേശങ്ങൾ മൂലം എന്തൊക്കെ നഷ്ടങ്ങളുണ്ടായി എന്ന് നമ്മൾ തിരിച്ചറിയണം.

ഒപ്പം, പ്രാധാന്യമുള്ള മറ്റൊരു വിഷയം കൂടിയുണ്ട്. വാക്സിൻ ട്രയലുകൾ കൃത്യമായി നടക്കുകയും അത് സംബന്ധിച്ച് നിരീക്ഷണ ഫലങ്ങൾ സുതാര്യമായി ജനങ്ങളെ അറിയിക്കുകയും വേണം. ശാസ്ത്രീയമായ പ്രസിദ്ധീകരണങ്ങളിൽ ഈ പഠനഫലങ്ങൾ വരിക തന്നെ വേണം. വിവരങ്ങൾ സുതാര്യമായി സമൂഹത്തിൽ എത്തിച്ചുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകേണ്ടതുണ്ട്. കഴിഞ്ഞ ഒരുവർഷം ദുരിതങ്ങളുടെ കാലമായിരുന്നു, വരും വർഷം പ്രതീക്ഷയുടെ കാലമാകട്ടെ എന്നാശംസിക്കുന്നു. ശാസ്ത്രത്തിന്റെ കൈപിടിച്ച് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കട്ടെ... കഴിഞ്ഞ ഒരു വർഷത്തെ പാളിച്ചകളിൽ നിന്ന് നമ്മൾ പഠിക്കണം. കഴിഞ്ഞ ഒരു വർഷം പ്രചരിച്ച നുണകൾ എത്രമാത്രം എന്ന് നമ്മൾ അളക്കണം. സമൂഹത്തിൽ പ്രചരിച്ച അബദ്ധ സന്ദേശങ്ങൾ മൂലം എന്തൊക്കെ നഷ്ടങ്ങളുണ്ടായി എന്ന് നമ്മൾ തിരിച്ചറിയണം. ഇനി അതൊന്നും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം. സയൻസും സാമൂഹ്യസുരക്ഷയും ആണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള വഴി എന്ന് തിരിച്ചറിയണം.▮


ഡോ. ജിനേഷ് പി.എസ്

ആരോഗ്യ വിഷയങ്ങളിലെ അശാസ്ത്രീയ പ്രവണതകൾക്കെതിരെ ബോധവൽക്കരണം നടത്തുന്ന സോഷ്യൽ മീഡിയ കൂട്ടായ്മയായ ഇൻഫോ ക്ലിനിക്കിന്റെ അഡ്​മിനും കോ ഫൗണ്ടറും.

Comments