ആരിഫ് മുഹമ്മദ് ഖാൻ, നിങ്ങൾ ഏകാധിപതിയല്ല

ഗവർണർ നടത്തുന്ന പത്രസമ്മേളനത്തിൽ പങ്കുചേരാനായി കൈരളി ഇ മെയ്ൽ അയയ്ക്കുകയും ഗവർണറുടെ ഓഫീസ്, അതിന് അനുമതി നൽകി കൈരളിയുടെ പ്രവർത്തകരെ ഉള്ളിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തതിന് ശേഷമാണ് "ഗെറ്റ് ഔട്ട്' എന്നദ്ദേഹം ആക്രോശിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പൊതു പ്രവർത്തകനും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല. മാധ്യമപ്രവർത്തകരെ പുറത്താക്കിയ ഗവർണറുടെ നടപടിയെ കുറിച്ച് ജോൺ ബ്രിട്ടാസ് പ്രതികരിക്കുന്നു

മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, നിങ്ങൾ ഏകാധിപതിയല്ല. ഇന്ത്യൻ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വ്യക്തിയാണ്. ഇതേ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവും ചവിട്ടി മെതിക്കാൻ നിങ്ങൾക്കാരും ലൈസൻസ് തന്നിട്ടില്ല. ഒരുപാട് ഏകാധിപതികൾ കടപുഴകിയ നാടാണ് കേരളം. അത് നിങ്ങൾ ഓർമ്മിച്ചാൽ നന്ന്. ഗവർണറെ നിയമിച്ച കേന്ദ്രസർക്കാരിന്റെ, വാർത്താപ്രക്ഷേപണ വകുപ്പിന്റെ അനുമതിയോടെ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൈരളി. മറ്റെല്ലാ മാധ്യമങ്ങൾക്കും ഉള്ളതുപോലെ കൈരളിക്കും രാഷ്ട്രീയമുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയവയാണ് കൈരളിയുടെ രാഷ്ട്രീയത്തിന്റെ മൂല്യഅടിത്തറ. അതിൽ ഉറച്ചു നിന്നുകൊണ്ട് കൈരളി അതിന്റെ യാത്ര തുടരും.

ഗവർണർക്ക് തന്റെ ഏതെങ്കിലും പരിപാടിയിൽ മാധ്യമങ്ങൾ സംബന്ധിക്കരുത് എന്ന് പറയാനുള്ള അവകാശം ഉണ്ട്, പക്ഷേ മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പങ്കെടുപ്പിക്കാനുള്ള അവകാശം ഇല്ല. ഇനി ഗവർണർക്ക് താൻ പറഞ്ഞതെന്തെങ്കിലും വസ്തുതാവിരുദ്ധമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നു തോന്നിയാൽ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശമുണ്ട്. അങ്ങനെചൂണ്ടിക്കാണിച്ചിട്ടും തിരുത്തൽ നടപടി സ്വീകരിക്കുന്നില്ല എങ്കിൽ നിയമപരമായ വഴി തേടാനും അധികാരമുണ്ട്. എന്നാൽ കൈരളിയുടെ ഏതെങ്കിലും ഒരു റിപ്പോർട്ടർ തെറ്റായി എന്തെങ്കിലും ചെയ്‌തെന്ന് ഗവർണറോ, അദ്ദേഹത്തിന്‌റെ ഓഫീസോ ഇതുവരെ ചൂണ്ടി കാണിച്ചിട്ടില്ല.

ഗവർണർ പുതിയൊരു കീഴ്‌വഴക്കം തന്നെ കേരളത്തിൽ ആരംഭിച്ചിരിക്കുകയാണ്. പത്രസമ്മേളത്തിനു മുൻപ് ഇ-മെയ്ൽ അനുമതി എന്ന നടപടിക്രമം പാലിക്കണമെന്നുള്ളത്. കേരളത്തിൽ ഇത് ആദ്യമാണ്. യാതൊരു പ്രതിഷേധവും രേഖപ്പെടുത്താതെ ഈ നടപടി ക്രമങ്ങളിൽ കേരളത്തിലെ മാധ്യമ പ്രവർത്തകർ പങ്കുചേർന്നു എന്നതാണ് ഏറെ രസകരമായ കാര്യം. ഗവർണർ കൊണ്ടു വന്നൊരു നടപടിയെ ഖണ്ഡിക്കേണ്ടതില്ല എന്നോർത്ത് ഞങ്ങളും അതിൽ പങ്കുചേർന്നു എന്നത് യാഥാർഥ്യമാണ്.

കൈരളി, മീഡിയവൺ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിന് ശേഷം ചോദ്യങ്ങൾ ചോദിക്കുന്ന മറ്റ് മാധ്യമപ്രവർത്തകർ
കൈരളി, മീഡിയവൺ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിന് ശേഷം ചോദ്യങ്ങൾ ചോദിക്കുന്ന മറ്റ് മാധ്യമപ്രവർത്തകർ

ഇന്ന് അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തിൽ പങ്കുചേരാനായി കൈരളി ഇ മെയ്ൽ അയയ്ക്കുകയും ഗവർണറുടെ ഓഫീസ്, അതിന് അനുമതി നൽകി കൈരളിയുടെ പ്രവർത്തകരെ ഉള്ളിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തതിന് ശേഷമാണ് "ഗെറ്റ് ഔട്ട്' എന്നദ്ദേഹം ആക്രോശിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പൊതു പ്രവർത്തകനും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല. ഇവിടെ രണ്ടു കാര്യമുണ്ട്. ഒന്ന്, കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ മലീമസമാക്കാൻ ആരെയും അനുവദിക്കരുത്. രണ്ട് മാധ്യമ സംരംഭങ്ങളും മാധ്യമ പ്രവർത്തകരും ഒറ്റക്കെട്ടോടെ ഈ ഒരു പ്രവണതയെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.


Summary: ഗവർണർ നടത്തുന്ന പത്രസമ്മേളനത്തിൽ പങ്കുചേരാനായി കൈരളി ഇ മെയ്ൽ അയയ്ക്കുകയും ഗവർണറുടെ ഓഫീസ്, അതിന് അനുമതി നൽകി കൈരളിയുടെ പ്രവർത്തകരെ ഉള്ളിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തതിന് ശേഷമാണ് "ഗെറ്റ് ഔട്ട്' എന്നദ്ദേഹം ആക്രോശിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പൊതു പ്രവർത്തകനും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല. മാധ്യമപ്രവർത്തകരെ പുറത്താക്കിയ ഗവർണറുടെ നടപടിയെ കുറിച്ച് ജോൺ ബ്രിട്ടാസ് പ്രതികരിക്കുന്നു


ജോൺ ബ്രിട്ടാസ്

രാജ്യസഭാംഗം, മാധ്യമപ്രവർത്തകൻ. കൈരളി ടി.വി എം.ഡിയും എഡിറ്ററുമാണ്. മറയില്ലാതെ, ചില്ലുജാലകക്കൂട്ടിൽ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments