മാധ്യമങ്ങളെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽനിന്ന് ആട്ടിപ്പായിച്ചു, കേരളത്തിലെ മാധ്യമങ്ങൾ അറിയുന്നില്ല

പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസും ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസും കൈയിൽ വെച്ചുകൊണ്ടാണ് ഞാൻ എം.പി.യായത്. ഇന്ന് ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസുള്ളവരാണെങ്കിൽ പോലും മാധ്യമപ്രവർത്തകർക്ക് സെൻട്രൽ ഹാളിൽ പ്രവേശനമില്ല. കേരളത്തിലെ മാധ്യമപ്രവർത്തകർ ഇതൊന്നും അറിയുന്നില്ല. ഈ രീതിയിലേക്ക് ഇന്ത്യൻ പാർലമെന്റ് മാറി- ജോൺ ബ്രിട്ടാസുമായി അഭിമുഖം.

Truecopy Webzine

‘‘പാർലമെന്റിൽ നിന്ന് മാധ്യമങ്ങളെ ആട്ടിപ്പായിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞ് എല്ലാം തുറന്നെങ്കിലും പാർലമെന്റിന്റെ പ്രസ് ഗാലറികൾ പൂർണമായും തുറന്നുകൊടുത്തിട്ടില്ല. നേരത്തെ പാർലമെന്റിൽ പോയിരുന്ന പത്രപ്രവർത്തകരിൽ അഞ്ചുശതമാനം പേർക്ക് മാത്രം ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമോ മാത്രം ഗാലറിയിൽ വന്നിരിക്കാമെന്നാണ് ഇപ്പോൾ. അങ്ങനെ ഫോർത്ത് എസ്റ്റേറ്റിനെ പാർലമെന്റിൽനിന്ന് ആട്ടിപ്പായിച്ചു. പാർലമെന്റിന്റെ ചരിത്രത്തിൽ പ്രധാനന്ത്രിയും മന്ത്രിമാരും എം.പി.മാരും മുതിർന്ന മാധ്യമപ്രവർത്തകരും ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുന്ന സ്ഥലമാണ് പാർലമെന്റിന്റെ സെൻട്രൽ ഹാൾ. ഇപ്പോൾ ഈ സെൻട്രൽ ഹാൾ മാധ്യമങ്ങൾക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്''- പാർലമെന്റ് നടപടികളിൽ ബി.ജെ.പി സർക്കാർ എർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചും അവകാശലംഘനങ്ങളെക്കുറിച്ചും ട്രൂ കോപ്പി വെബ്‌സീനിനോട് സംസാരിക്കുന്നു, ജോൺ ബ്രിട്ടാസ് എം.പി.

‘‘ഞങ്ങളെപ്പോലെയുള്ള മാധ്യമപ്രവർത്തകർ വാർത്തയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു സ്ഥലം പാർലമെന്റിന്റെ സെൻട്രൽ ഹാളാണ്. പത്തുവർഷം തുടർച്ചയായി പാർലമെന്റ് കവർ ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന് കിട്ടുന്ന അംഗീകാരമാണ് പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസ്. ഇരുപതുവർഷം കവർ ചെയ്താൽ ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസ് കിട്ടും. പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസും ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസും കൈയിൽ വെച്ചുകൊണ്ടാണ് ഞാൻ എം.പി.യായത്. ഇന്ന് ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസുള്ളവരാണെങ്കിൽ പോലും മാധ്യമപ്രവർത്തകർക്ക് സെൻട്രൽ ഹാളിൽ പ്രവേശനമില്ല. കേരളത്തിലെ മാധ്യമപ്രവർത്തകർ ഇതൊന്നും അറിയുന്നില്ല. ഈ രീതിയിലേക്ക് ഇന്ത്യൻ പാർലമെൻറ്​ മാറി.''

‘‘നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് അമിതപ്രതീക്ഷയൊന്നും എനിക്കില്ല. കാരണം, ഇന്ന് നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രത്തിനെതിരെയോ ഒരു വിമർശനവും കേരളത്തിൽ മാധ്യമങ്ങൾ നടത്തുന്നില്ല. നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ രാജീവ് ഗാന്ധി ഭരിച്ചപ്പോഴും അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും കേരളത്തിലെ മാധ്യമങ്ങൾക്കുണ്ടായിരുന്ന തന്റേടത്തിന്റെ നൂറിലൊന്ന് ഇന്നില്ല. ആ യാഥാർഥ്യം നമ്മൾ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.''

‘‘കേരളത്തിലെ പത്രങ്ങളും ചാനലുകളുമെടുക്കുക. കേരളത്തിൽ നിന്നുള്ള എം.പിയല്ല വി. മുരളീധരൻ. അദ്ദേഹം ക്യാബിനറ്റ് മന്ത്രിയല്ല. അദ്ദേഹം കേരളത്തിന്റെ സാമൂഹ്യമോ സാമ്പത്തികമോ ആയി ബന്ധപ്പെട്ട നിർണായകമായ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന വ്യക്തിയേയല്ല. കേന്ദ്രത്തിൽ വലിയ വകുപ്പുകൾ കൈകാര്യം ചെയ്ത എ.കെ. ആന്റണിക്കും വയലാർ രവിക്കും നൽകിയതിനേക്കാൾ പതിൻമടങ്ങ് പ്രാധാന്യമാണ് കേരളത്തിലെ ചാനലുകളും പത്രങ്ങളും വി. മുരളീധരന് നൽകുന്നത്. പക്ഷേ കേരളത്തിലെ ഒരാളും ഇത് പറയില്ല. അല്ലെങ്കിൽ അവർക്കത് മനസിലായിട്ടില്ല.''

‘‘എനിക്ക് ഒരു അനുഭവമുണ്ടായി. മുമ്പ്, മുൻ ധനകാര്യ സഹമന്ത്രി ശുക്ല തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു, ശുക്ലയും അരുൺ ജെയ്റ്റ്‌ലിയും കൂടിയാണ് ജി.എസ്.ടി. കൊണ്ടുവന്നതെന്ന്. ജി.എസ്.ടി.യുടെ മഹത്വമൊക്കെ അദ്ദേഹം പറഞ്ഞു. ഞാൻ പ്രസംഗിക്കുമ്പോൾ, ‘പുവർ ഫെലോ ശുക്ലാജി' എന്നുപയോഗിച്ചു. ഉടനെ നിർമല സീതാരമൻ എഴുന്നേറ്റുനിന്നിട്ട് പറഞ്ഞു, ‘പുവർ ഫെലോ' എന്നത് അൺ പാർലമെന്ററിയാണ്. അപ്പോൾ അത്രത്തോളം അവർക്ക് അസഹിഷ്ണുതയാണ്. ഒരു സർക്കാരിന്റെ പ്രവർത്തനത്തെ അല്ലെങ്കിൽ ഒരു ഭരണകൂടത്തെ വിശേഷിപ്പിക്കാൻ കഴിയുന്ന പദങ്ങളാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്. നിരോധിച്ച പദങ്ങൾ മാത്രം ചേർത്തുവച്ചാൽ മോദിക്കെതിരെയുള്ള പ്രതിഷേധമാണ്. നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് ഉപയോഗിക്കേണ്ട പദങ്ങൾ ഏതാണെന്ന് ചോദിച്ചാൽ, ആ ലിസ്റ്റ് എടുത്തുവച്ചാൽ മതി''.

Comments