Photo: Karnika Kohli/The Wire

‘ജേണലിസം രാഷ്ട്രീയ സമ്മർദത്തിൽ’- ​പ്രസ് ഫ്രീഡം ഇൻഡക്സ്- 2024

കഴിഞ്ഞ വർഷത്തെക്കാൾ ഇന്ത്യയുടെ സ്ഥാനം രണ്ട് പോയന്റ് ഉയർത്തി, 161-ൽനിന്ന് 159-ലെത്തി. രണ്ട് പോയന്റ് ഉയർന്നെങ്കിലും മാധ്യമസ്വാതന്ത്ര്യം അതീവ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ.

മാധ്യമപ്രവർത്തനം രാഷ്ട്രീയ സമ്മർദത്തിലെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ 2024-ലെ പ്രസ് ഫ്രീഡം ഇൻഡക്സ് അഥവാ മാധ്യമസ്വതന്ത്ര സൂചിക. കഴിഞ്ഞ വർഷത്തെക്കാൾ ഇന്ത്യയുടെ സ്ഥാനം രണ്ട് പോയന്റ് ഉയർത്തി, 161-ൽനിന്ന് 159-ലെത്തി. ഇന്ത്യയുടെ സ്ഥാനം രണ്ട് പോയന്റ് ഉയർന്നെങ്കിലും മാധ്യമസ്വാതന്ത്ര്യം അതീവ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ.

180 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സൂചിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോർവേയാണ് ഇത്തവണയും ആദ്യമെത്തിയിരിക്കുന്നത്. രണ്ടാമതായി ഡെൻമാർക്കും മൂന്നാമതായി സ്വീഡനുമുണ്ട്. ഇന്ത്യയുടെ തൊട്ടു പുറകിലായി 158ാം സ്ഥാനത്ത് തുർക്കിയും, 157-ാം സ്ഥാനത്ത് പലസ്തീനുമുണ്ട്. പാക്കിസ്ഥാൻ പട്ടികയിൽ ഇന്ത്യയെക്കാൾ മുന്നിലാണ്- 152. ശ്രീലങ്ക 150-ാം സ്ഥാനത്തുണ്ട്.
ചൈന- 172, വിയറ്റ്‌നാം- 175, നോർത്ത് കൊറിയ- 175, ബംഗ്ലാദേശ്- 165, ഹോങ്കോംഗ്- 135, കൊളംബിയ- 151, ഫിലിപ്പൈൻസ്- 134 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്ഥാനം.

പ്രസ് ഫ്രീഡം ഇൻഡക്സ് 2024 Photo : Reporters without borders

പൊതുവിൽ ഏഷ്യൻ രാജ്യങ്ങളിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം വലിയ അപകടം നേരിട്ടുകൊണ്ടിരിക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങളും കാനഡയുമെല്ലാമാണ് മുന്നിൽ.

എല്ലാ വർഷവും 180 രാജ്യങ്ങളിലായി നടത്തുന്ന മാധ്യമ സ്വാതന്ത്ര്യ സർവ്വേയിൽ കഴിഞ്ഞ തവണ Journalism threatened by fake content industry എന്ന വിഷയത്തിലൂന്നിയായിരുന്നു press freedom index റിപ്പോർട്ടെങ്കിൽ ഇത്തവണ രാഷ്ട്രീയ സമ്മർദങ്ങൾക്കടിമപ്പെടുന്ന മീഡിയ എന്നാണ് പറയുന്നത്. സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യയും ചൈനയും റഷ്യയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ മാധ്യമസ്വാതന്ത്ര്യം അതീവ ഗുരുതര ഭീഷണി നേരിടുന്ന മേഖലയിൽ പെടുന്ന രാജ്യങ്ങളാണ്.

'With violence against journalist highly concentrated media ownership, and political alignment, press freedom is in crisis, the world's largest democracy. Ruled since 2014 by Prime Minister Narendra Modi, leader of the BJP embodiment of the hindu nationalist right' - എന്നാണ് ഇത്തവണത്തെ മാധ്യമ സ്വാതന്ത്ര്യ സൂചികാ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ചുള്ള അഭിപ്രായം.
2014- നു ശേഷം ഓരോ വർഷവും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ താഴോട്ടാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത വർഷം, 2015-ൽ മാത്രം ഇന്ത്യയിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ കണക്ക്. 2016-ൽ 2, 2017-ൽ 4, 2018-ൽ 6, 2020-ൽ 4, 2021-ൽ 4, 2022-ൽ 2, 2023- ൽ ഒരാൾ വീതമാണ് ഇന്ത്യയിൽ, കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ കണക്ക്. 2017-ൽ ബാംഗ്ലൂരിൽ മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിൽ പ്രതിസ്ഥാനത്ത് സംഘ്പരിവാർ അനുകൂല സംഘമായിരുന്നു.

ഗൌരി ലങ്കേഷ്

സമീപകാലത്ത് ഇന്ത്യയിൽ ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കുന്ന മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരെ കടുത്ത ഭരണകൂട ആക്രമണങ്ങളാണ് അരങ്ങേറിയത്. മുഖ്യധാരയായി മാറുന്ന ഓൺലൈൻ വാർത്തകളെയും ന്യൂസ് പോർട്ടലുകളെയും ബി ജെ പിയും ഹിന്ദുത്വയും എത്രമാത്രം ഭയക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു ഡൽഹി ആസ്ഥാനമായ ന്യൂസ് ക്ലിക്കിനെതിരായ നടപടി. കഴിഞ്ഞ ദിവസമാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമായ പ്രബീർ പുർകായസ്തായക്ക് എതിരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ യു എ പി എ വകുപ്പു ചുമത്തി 8000 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചത്. ഭീകരസംഘടനയായ ലഷ്കർ ഇ തൊയിബയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സംഘടിപ്പിച്ചു നൽകി, കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ തുടർന്ന് 2020-ൽ ഡൽഹിയിൽ അരങ്ങേറിയ അക്രമസംഭവങ്ങളെ ആളിക്കത്തിച്ചു, തങ്ങളുടെ റിപ്പോർട്ടർമാർ വഴി ഈ അക്രമികൾക്ക് പണം എത്തിച്ചു നൽകി - ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങളിൽ ചിലത് മാത്രമാണിത്. എന്നാൽ പ്രബീർ പുർകായസ്ത എന്ന ജേണലിസ്റ്റ് ചെയ്ത കുറ്റം യഥാർത്ഥത്തിൽ ഇതൊന്നുമായിരുന്നില്ല, ബി ജെ പിക്കെതിരെ, മോദിക്കെതിരെ എഴുതി എന്നതാണ്, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു എന്നതാണ്.

മുതിർന്ന ചാനൽ ജേണലിസ്റ്റുകളായ ഔനിന്ത്യോ ചക്രബർത്തി, ഊർമ്മിളേഷ്, ഭാഷാ സിംഗ്, അഭിസാർ ശർമ, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരനും ആക്ടിവിസ്റ്റുമായ സോഹയിൽ ഹാഷ്മി, സ്റ്റാൻഡ് അപ് കോമേഡിയൻ സഞ്ചയ് റജൗറ തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടന്നു.

പ്രബീർ പുർകായസ്ത എന്ന ജേണലിസ്റ്റ് ചെയ്ത കുറ്റം ബി ജെ പിക്കെതിരെ, മോദിക്കെതിരെ എഴുതി എന്നതാണ്, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു എന്നതാണ്.

രണ്ടു കോടിയിലധികം ജനങ്ങൾക്ക് ടെലിവിഷൻ സെറ്റുകളുള്ള 900 സ്വകാര്യ ചാനലുകൾ പ്രവർത്തിക്കുന്ന, നിരവധി ദിനപത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ മാധ്യമങ്ങൾക്കുമേൽ ഉടമസ്ഥാധിപത്യം പുലർത്തുന്ന ബിസിനസ് കുടുംബങ്ങളുമായി ബന്ധം സ്ഥാപിച്ചെടുക്കാനും അതുവഴി മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാനും മോദിയും ബി ജെ പിയും നിരന്തരം ശ്രമിച്ചുവരുന്നുണ്ട്. കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാരെങ്കിലും പിന്തുടരുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 70-ലധികം മാധ്യമ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വകാര്യ സുഹൃത്തായ മുകേഷ് അംബാനിയാണ് ഈ സ്ഥാപനങ്ങളുടെ മേധാവി. 2020 അവസാനത്തോടെയാണ് മോദിയുടെ അടുത്ത സുഹൃത്തും വ്യവസായിയുമായ ഗൗതം അദാനി എൻ.ഡി.ടി.വി ചാനൽ ഏറ്റെടുത്തത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിലൂടെ നേടിയ പ്രശസ്തിയും ചാനലിന്റെ നിഷ്പക്ഷ മുഖവും ഇന്ന് ബി ജെ പി പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. വിമർശനാത്മക മാധ്യമപ്രവർത്തനത്തിന്റെ അവസാന തുരുത്തും പിടിച്ചെടുക്കുകയായിരുന്നു എൻ ഡി ടി വിയുടെ ഏറ്റെടുക്കലിലൂടെ സംഭവിച്ചത്.

ലോകം മുഴുവൻ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച മാധ്യമസ്വാതന്ത്രസൂചിക പറയുന്നത്.

സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിലും പൊതുമധ്യത്തിലും അവഹേളിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും സ്ഥിരം സംഭവമാണ്. രാജ്യദ്രോഹം, അപകീർത്തിപ്പെടുത്തൽ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി ബ്രിട്ടീഷ് കാലഘട്ടത്തിലെ ജീർണിച്ച കൊളോണിയൽ നിയമങ്ങളാണ് മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തടയാൻ ഭരണകൂടം ഉപയോഗിക്കുന്നത്. മാധ്യമങ്ങളെ അടക്കി നിർത്താനും നിശ്ശബ്ദരാക്കാനും പോന്ന നിരവധി നിയമങ്ങൾ ഈ കാലയളവിൽ മോദി സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ചെയ്തിട്ടുണ്ട്. 2023-ലെ ടെലി കമ്മ്യൂണിക്കേഷൻസ് ആക്ട്, ബ്രോഡ്കാസ്റ്റിംഗ് സർവീസ് റെഗുലേഷൻ ബിൽ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ഇതിൽ ചിലത് മാത്രം.

ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച മാധ്യമസ്വാതന്ത്രസൂചിക പറയുന്നത്. ഏഷ്യൻ രാജ്യങ്ങളിലാണ് സ്വതന്ത്ര മാധ്യമങ്ങൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, മ്യാന്മർ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മാധ്യമങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയാണ്. ഓൺലൈൻ സംവിധാനങ്ങൾ പുതിയകാല മാധ്യമ പ്രവർത്തനത്തെ കുറെകൂടി അനായാസമാക്കിയിട്ടുണ്ടെന്ന ബോധ്യം ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അസ്വസ്ഥരാക്കുന്നുമുണ്ട്.

Comments