വയനാട്ടിലെ മഴയ്ക്ക് അടുത്ത കാലം വരെ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഇടയ്ക്ക് തിമിർത്ത് പെയ്താലും പിന്നീട് പതിയെ നൂല് പോലെ ഭൂമിയിലേക്ക് അരിച്ചിറങ്ങുന്നതായിരുന്നു പതിവ്. പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയേയും ചൂരൽമലയേയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിന് രണ്ട് ദിവസം മുൻപ് തന്നെ മഴയുടെ സ്വഭാവം വല്ലാതെ മാറിയിരുന്നു. പ്രകൃതിക്ക് ഭ്രാന്ത് പിടിച്ചതുപോലൊരു പെയ്ത്തായിരുന്നു. നൂല് പോലെ പെയ്തിരുന്ന മഴ മാറി നിരന്തരം കല്ലെടുത്തെറിയുന്നത് പോലൊരു സ്വഭാവമായിരുന്നു മഴയ്ക്ക്.
വയനാട്ടിലെത്തുന്ന ഏതൊരാളെയും വല്ലാതെ ആകർഷിക്കുന്ന സ്ഥലമാണ് മേപ്പാടിയും പരിസര പ്രദേശങ്ങളും. നല്ല തണുപ്പ്, നല്ല കാഴ്ച്ച, നല്ല മനുഷ്യർ. എല്ലാം കൊണ്ടും ഏറെ മനോഹരം. ഉരുൾപ്പൊട്ടലിൻ്റെ തലേദിവസം ജില്ലയിൽ മൊത്തം കനത്ത മഴയായിരുന്നു. പല സ്ഥലങ്ങളിലും വെള്ളം കയറി. 2018-ലെ പ്രളയത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു മഴപ്പെയ്ത്ത്. മഴ കനത്തതോടെ ഞങ്ങൾ ഒരു കൂട്ടം മാധ്യമപ്രവർത്തകർ ഉച്ചക്ക് മൂന്ന് മണിയോടെ മേപ്പാടിയിലേക്ക് പോവാൻ തീരുമാനിച്ചു. പുന്നപ്പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു. ദൃശ്യങ്ങൾ പകർത്തി മഴയുടെ തീവ്രത പ്രേക്ഷകരിലെത്തിക്കുകയായിരുന്നു ലക്ഷ്യം. മഴയുടെ സ്വഭാവം മാറിയതിനെ തുടർന്ന് ആശങ്കയുണ്ടെന്ന് നാട്ടുകാരിൽ ചിലർ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.
ഞങ്ങൾ ആദ്യമെത്തിയത് ചൂരൽമലയിലാണ്. പോകുന്ന വഴി പുത്തുമലയിൽ അൽപനേരം നിന്നു. ഭയം കൊണ്ടായിരിക്കണം പതിവിൽ നിന്ന് വിഭിന്നമായി പാതയോരങ്ങളിൽ ആളുകൾ നന്നേ കുറവായിരുന്നു. ചൂരൽമലയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചൂരൽമലയേയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലത്തിൽ നിന്ന് പുഴയുടെ ദൃശ്യങ്ങൾ പകർത്തി. കലങ്ങിമറിഞ്ഞ് ശക്തമായിരുന്നു പുഴയുടെ ഒഴുക്ക്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ നാട്ടുകാരിൽ ചിലർ ഞങ്ങളുടെ അടുത്തു വന്നു. പുഴയുടെ താഴ്ഭാഗത്ത് ക്ഷേത്രത്തിന് സമീപം മരം വീണിട്ടുണ്ടെന്നും ആശങ്കയിലാണെന്നും പറഞ്ഞു. രണ്ട് ദിവസമായി രാത്രി ഉറക്കമില്ലെന്നും ഏത് നിമിഷവും വീടുകളിലും പാടികളിലും വെള്ളം കയറുമെന്ന ഭീതിയും നാട്ടുകാർ പങ്കുവെച്ചു.
ശക്തമായിരുന്നു പുഴയിലെ കുത്തൊഴുക്ക്. മാത്രമല്ല, കാല് വെക്കുന്നിടത്തെല്ലാം വെള്ളം. ഭൂമിയിൽ കാലമരുമ്പോൾ മുകളിലേക്ക് വെള്ളം വരുന്നതുപോലാരു അനുഭവം. മുകളിൽ എന്തോ സംഭവിച്ചിട്ടുണ്ട്, അതാണ് പുഴ ഇങ്ങനെ കലങ്ങി ഒഴുകുന്നതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.
മുണ്ടക്കൈ കടന്ന് പുഞ്ചിരിമട്ടത്തെത്തിയതു മുതൽ എല്ലാവരിലും അസാധാരണമായ ഒരു ഭയവും ആശങ്കയും ഉടലെടുത്തിരുന്നു. അത്ര ശക്തമായിരുന്നു പുഴയിലെ കുത്തൊഴുക്ക്. മാത്രമല്ല, കാല് വെക്കുന്നിടത്തെല്ലാം വെള്ളം. ഭൂമിയിൽ കാലമരുമ്പോൾ മുകളിലേക്ക് വെള്ളം വരുന്നതുപോലാരു അനുഭവം. മുകളിൽ എന്തോ സംഭവിച്ചിട്ടുണ്ട്, അതാണ് പുഴ ഇങ്ങനെ കലങ്ങി ഒഴുകുന്നതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. സമീപത്തെ ചില വീട്ടുകാർ ഭീതിമൂലം ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. മുൻപുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്ന റോഡ് ഇതുവരെ നന്നാക്കിയില്ലെന്ന പരാതിയും ചിലർ പങ്കുവെച്ചു. നിങ്ങൾ ഒറ്റയ്ക്ക് പോകരുത് ഞങ്ങൾ കൂടെ വരാമെന്ന് പറഞ്ഞ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിൽ ചിലരെ ഉരുൾപ്പൊട്ടൽ ഉണ്ടായതിന് ശേഷം കണ്ടിട്ടില്ല. ചിലരെ മാത്രമാണ് രക്ഷാപ്രവർത്തകർക്കിടയിൽ കണ്ടത്. പലരും മണ്ണിനടിയിലായി.
പുത്തുമലയിലിറങ്ങി ദൃശ്യങ്ങൾ പകർത്തി 6 മണിയോടെയാണ് ഞങ്ങൾ കൽപ്പറ്റയിലേക്ക് മടങ്ങുന്നത്. പുഞ്ചിരിമട്ടത്ത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കുന്നിറങ്ങുമ്പോൾ ഞങ്ങൾ പരസ്പരം പങ്കുവെച്ചു. രാത്രി 10 മണി വരെ മാധ്യമപ്രവർത്തകരായ ഞങ്ങൾ ചിലർ ഒരുമിച്ചുണ്ടായിരുന്നു. രാത്രി എന്തുണ്ടായാലും അറിയിക്കണമെന്ന് പറയുകയും ചെയ്തു. ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. രാത്രി 2 മണിയോടെ എമർജൻസി ഗ്രൂപ്പുകളിൽ ശബ്ദസന്ദേശങ്ങൾ വരാൻ തുടങ്ങി. പലതും കരച്ചിലുകളായിരുന്നു.
2019-ൽ പുത്തുമലയിലുണ്ടായതുപോലെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഏതാണ്ട് ഉറപ്പായി. ശക്തമായ മഴ, ഇരുട്ട്. ഞങ്ങൾ ഒരുമിച്ച് ചൂരൽമലയിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി മുൻകാലങ്ങളിൽ ഒരിക്കലുമില്ലാത്ത വിധം പൂത്തൂർവയൽ റോഡിൽ അസാധാരണമാം വിധം വെള്ളം കയറിയിരുന്നു. പല വീടുകളും പാതി വെള്ളത്തിനടിയിലായിരുന്നു. ദുരന്തമുണ്ടായ കാര്യം ഇതിനിടയിൽ ഞങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ അറിയിച്ചിരുന്നു. വഴിയിൽ വെച്ച് പിന്നീട് അദ്ദേഹത്തിൻ്റെ വാഹനത്തിന് പിന്നാലെയാണ് ചൂരൽമലയിലേക്ക് യാത്ര തുടർന്നത്. പോകുന്ന വഴികളിൽ മരങ്ങൾ വീണിട്ടുണ്ടായിരുന്നു. വഴി തടസപ്പെടുത്തിയ മരങ്ങൾ ആസമയം കൊണ്ട് തന്നെ രക്ഷാപ്രവർത്തകർ മുറിച്ച് മാറ്റിയിണ്ടുണ്ടായിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഞങ്ങൾ ചൂരൽമലയിലെത്തിയത്. തലേദിവസം കണ്ട കാഴ്ച്ചയായിരുന്നില്ല. റോഡിൽ കാലുറപ്പിക്കാനാവാത്ത വിധം ചളി നിറഞ്ഞിരുന്നു. അന്തരീക്ഷം മൊത്തം പച്ചമരങ്ങളുടെയും ചളിയുടെയും ഗന്ധം. ദൂരെനിന്ന് വലിയ ശബ്ദവും നിലവിളികളും മാത്രം. ചൂരൽമല പാലം തകർന്നതായി രക്ഷാ പ്രവർത്തകരിൽ ചിലർ പറഞ്ഞു. ഞങ്ങൾ മുന്നോട്ട് പോവാൻ തീരുമാനിച്ചു. ആ സമയവും രക്ഷയ്ക്ക് വേണ്ടിയുള്ള സന്ദേശങ്ങൾ ഫോണിൽ എത്തിക്കൊണ്ടിരുന്നു. മുന്നോട്ട് പോകാനൊരുങ്ങുമ്പോഴാണ് രക്ഷാപ്രവർത്തകരിൽ ചിലർ അലറി വിളിച്ച് മുന്നറിയിപ്പ് നൽകിയത്. വീണ്ടും ഉരുൾപ്പൊട്ടിയിട്ടുണ്ട്. ആ ഉരുൾപ്പൊട്ടലിലാണ് പ്രദേശം മൊത്തം നാമാവശേഷമായത്.
സ്ഥലത്തെത്തിയ പലരും ചിതറിയോടി. എന്താണ് സംഭവിക്കുന്നതെന്നറിയാത്ത അവസ്ഥ. ഇതിനിടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. പലരെയും തൊട്ടടുത്ത പള്ളിയിലേക്കും വീടുകളിലേക്കും മാറ്റി. രക്ഷപ്പെട്ട് വന്ന പലരും ഉറ്റവരെ തേടുകയായിരുന്നു. മകനെ, മകളെ, അമ്മയെ, അച്ഛനെ, സഹോദരങ്ങളെ തേടിയുള്ള കരച്ചിൽ. നേരം പുലർന്നപ്പോഴാണ് ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാകുന്നത്. ദുരന്തമുണ്ടായെന്ന് നേരത്തെ മനസ്സിലായിരുന്നു. എന്നാൽ ഒരു പ്രദേശം മൊത്തം ഇല്ലാതായെന്ന സത്യം അപ്പോഴാണ് ബോധ്യപ്പെട്ടത്. വലിയ മരങ്ങളും കല്ലുകളും അടിഞ്ഞ് കൂടി വെള്ളാർമല സ്കൂൾ പാതി തകർന്നിരിക്കുന്നു. ചൂരൽമല പാലത്തിൻ്റെ അവശിഷ്ടങ്ങൾ പോലും കാണാനുണ്ടായിരുന്നില്ല. തലേ ദിവസം കണ്ട പുഴയുടെ സ്ഥാനത്ത് വലിയ കല്ലുകൾ മാത്രം . വീടുകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പ്രദേശത്തെ കുറച്ച് മനുഷ്യരെ മാത്രമാണ് ജീവനോടെ കണ്ടത്. പിന്നീട് കണ്ടതെല്ലാം മൃതദേഹങ്ങളായിരുന്നു…..
ഈ മഴക്കാലത്തിന് കുറച്ച് ദിവസം മുൻപ് ഒരു അവധി ദിവസം മുണ്ടക്കൈയിലെ സീതമ്മക്കുണ്ട് വെള്ളച്ചാട്ടം കാണാൻ ഞങ്ങൾ പോയിരുന്നു. ഒരു പാട് സഞ്ചാരികളും അവിടേക്ക് എത്തിയിരുന്നു. സഞ്ചാരികളെയും ഞങ്ങളെയും സന്തോഷിപ്പിക്കാനാകണം അവിടെയുണ്ടായിരുന്ന പ്രദേശവാസികളായ കുട്ടികൾ വെള്ളത്തിലേക്ക് എടുത്ത് ചാടിക്കൊണ്ടിരുന്നു. അവർ ഞങ്ങളോട് സംസാരിച്ചു. തമാശകൾ പങ്കിട്ടു. വീഡിയോ എടുക്കാൻ വേണ്ടി മെയ് വഴക്കത്തോടെ വെള്ളത്തിലേക്ക് ഊളിയിട്ട് ഉയർന്ന് പൊങ്ങി വന്നു. ആ കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കാനാണിഷ്ടം.