കടക്ക് പുറത്ത് (ഒരു മാധ്യമപ്രവർത്തകന്റെ ആത്മഗതം)

അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർഥി രാജന്റെ മൃതദേഹം എന്തുചെയ്തു എന്ന് ഇന്നും ജീവിച്ചിരിക്കുന്ന പുലിക്കോടൻ നാരായണനെക്കൊണ്ട് പറയിക്കാൻ കഴിയാത്ത, ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാൻ കഴിയാത്ത, പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബും, താഹ ഫസലും കുറ്റക്കാരാണോ അല്ലയോ എന്ന് കൃത്യമായി പറയാനാകാത്ത, ഇതുപോലെ ഒന്നിലും ഒരുറപ്പുമില്ലാത്ത, ചീഞ്ഞ മസ്തിഷ്‌കങ്ങളുടെ നാറ്റം വമിക്കുന്ന ന്യൂസ്‌റൂമുകളോട്, ആത്മനിന്ദയോടെ...

വായനക്കാർ സ്വതവേ ഹ്രസ്വദൃഷ്ടികളായിരിക്കും എന്നൊരു ബോധം അബോധത്തിലുള്ളതുകൊണ്ട് കഴിഞ്ഞുപോയവ ചികഞ്ഞെടുക്കാൻ അവർ മെനക്കെടില്ല എന്നൊരു ധാർഷ്ട്യം പൊതുവെ ഞങ്ങൾക്കുണ്ട്. ആ ഒരു ഇതുവെച്ചാണ് ഞങ്ങളൊഴിച്ചുള്ള പ്രപഞ്ചത്തിലെ എല്ലാവരെയും പരിഹസിക്കുന്ന ആക്ഷേപഹാസ്യം ദിവസവും വിളമ്പുന്നത്. പിണറായി വിജയൻ പണ്ടും ഇപ്പോഴും പറഞ്ഞതും ചെയ്തതും ഒരേ ഫ്രയ്മിൽ വന്നാൽ അത് ഇപ്പോഴത്തെ പിണറായി വിജയനെ റദ്ദാക്കിക്കളയും എന്നൊരു തോന്നലുണ്ട് ഞങ്ങൾക്ക്, അദ്ദേഹം മാത്രമല്ല ഉമ്മൻചാണ്ടി മുതൽ കിം ജോങ് ഉന്നിനെവരെ ഇങ്ങനെ ഇല്ലാതാക്കിക്കളയാനുള്ള ആർക്കൈവ്‌സും പക്കലുണ്ട്. ഒരിക്കലും ഈ ആക്ഷേപഹാസ്യത്തുള്ളലിലെ ഒരു കഥാപാത്രമാകേണ്ടിവരില്ല എന്നൊരു "വിപതിധൈര്യം' ഞങ്ങൾക്ക് സദാ ഉണ്ട്. അതുകൊണ്ടാണ് ഇന്നലെവരെ ഞങ്ങൾ നിന്നുപിഴയ്ക്കുന്നത്.
"ഇന്നലെ ചെയ്‌തോരബദ്ധം ഇന്നത്തെ ആചാരമായി' തീരുന്നതിനെക്കുറിച്ചാണ് ഈ ആമുഖം.
സാമാന്യബോധമുള്ള ഏതൊരു മനുഷ്യനെയും യുക്തിയിലേക്കും പലതരം തിരിച്ചറിവുകളിലേക്കും നയിക്കുന്ന ഒരു പ്രതിസന്ധിയിലാണ് കാലം. അത്തരമൊരു ഉണർവിന്റെ കൊടിപ്പടമേന്തേണ്ട മാധ്യമപ്രവർത്തനം എന്തുകൊണ്ടാണ്, ഏറ്റവും മാരകമായ വൈറസിനേക്കാൾ മാരകമായി മാറുന്നത്?

ഇനിയും ഒരെത്തും പിടുത്തവും കിട്ടാത്ത ചില ദൃഷ്ടാന്തങ്ങൾ(സ്വയം ലജ്ജയോടെ)

ഏപ്രിൽ 20ന് പൊടുന്നനെ പൊട്ടിവീണ ഒരു വാർത്ത: കേരളത്തിലെ കോവിഡ് രോഗികളുടെ ഡാറ്റശേഖരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്പ്രിംക്ലർ എന്ന കമ്പനിക്ക് അന്താരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസറുമായി ബന്ധം. ഇവർ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരം. ഇതിന്റെ തെളിവുകൾ..... പുറത്തുവിട്ടു. ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോൾഡെ 2017ൽ നടത്തിയ അഭിമുഖത്തിൽനിന്ന് ആർക്കും വായിച്ചെടുക്കാവുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തലായി കേരളത്തിലെ ചാനലുകൾ അവതരിപ്പിച്ചത്. സ്പ്രിംക്ലറും ഫൈസറും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കാൻ ഒരുതരത്തിലുള്ള സാഹസികതയും ആവശ്യമില്ല. തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലെ ഉള്ളടക്കം കൈകാര്യം ചെയ്യാൻ സ്പ്രിക്ലറിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പനിയാണ് ഫൈസർ. ഇത് രഹസ്യവുമല്ല. ഈ വാർത്തയിൽനിന്ന് അറിയാനുണ്ടായിരുന്നത് ഇത്രമാത്രം: സ്പ്രിംക്ലർ ചോർത്തിയെന്ന് മാധ്യമങ്ങൾ പറയുന്ന കേരളത്തിലെ കോവിഡ് രോഗികളുടെ വിവരം ഫൈസറിന് കൈമാറിയിട്ടുണ്ടോ? ഉണ്ടെന്നവിധമായിരുന്നുവല്ലോ വാർത്തകൾ. അതുകൊണ്ട്, ഇതിന് തെളിവ് നൽകേണ്ടതും ചാനലുകളായിരുന്നു. കാരണം, ഈ ആരോപണം പുറത്തുള്ള ആരെങ്കിലും ഉന്നയിച്ചതല്ല, ചാനലുകൾ തന്നെ "ബ്രേക്ക്' ചെയ്തതാണ്. തെളിവ് തേടി വായനക്കാർക്ക് നൽകുന്നതിനുപകരം രാത്രി ചർച്ച സംഘടിപ്പിക്കുകയായിരുന്നു ചാനലുകൾ. ആടിനെ പട്ടിയാക്കുന്ന വിദ്യയാണല്ലോ പ്രൈംടൈം ചർച്ച, അവതാരകൻ നാലുപേർക്കൊപ്പമിരുന്ന് അലറിവിളിച്ച് ആ "ബ്രേക്കിങ്' ന്യൂസ് അവസാനിപ്പിച്ചു. സാധാരണ നിലക്ക് തലേന്നത്തെ ചാനൽ ബ്രേക്കുകൾ പിന്നേറ്റ് നൂറ്റൊന്നാവർത്തിക്കാറുള്ള പത്രങ്ങൾ, ബ്രേക്കിട്ട അതേ ചാനലുകളുടെ കടലാസുകളിൽ പോലും തെരഞ്ഞുതോറ്റു, തെളിവുകൾക്കായി. ഒരു വരിപോലും ഇല്ലായിരുന്നു. അപ്പോൾ ഒരു സംശയം. ഈ വാർത്ത ആരുടെ ഉത്തരവാദിത്തമായിരുന്നു?

കോട്ടയത്തെ ഒരു കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വൈകിക്കുന്നു എന്ന ഒരു ബ്രേക്ക് ഏപ്രിൽ 27ന് രാത്രി പ്രത്യക്ഷമായി. ആ വാർത്ത അദ്ദേഹം തന്നെ ചാനലിനോട് നിഷേധിച്ചു: "കുറച്ചു നേരം മുൻപ് സർക്കാർ ആശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത ആണ് അവർ പറഞ്ഞത്. ഏകദേശം പതിനഞ്ച് മിനിറ്റ് മുമ്പ് മെഡിക്കൽ കോളേജിൽ നിന്ന് വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് അയക്കുന്നുണ്ട് എന്നാണവർ പറഞ്ഞത്'.
അദ്ദേഹത്തിന്റെ വീട്ടിൽ ആംബുലൻസ് എത്താനുള്ള സമയം നൽകുന്നതിനുമുമ്പേ ചാനൽ ഉണർന്നുപ്രവർത്തിക്കുകയായിരുന്നു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരു മാസത്തിലേറെയായി നിരന്തരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് പ്രാഥമികമായി അറിയേണ്ട ഒരു കാര്യമാണ്, രോഗം സ്ഥിരീകരിച്ചു എന്നാൽ എന്താണ്, സ്ഥിരീകരിച്ച രോഗിയെയും രോഗത്തെയും എങ്ങനെ കൈകാര്യം ചെയ്യണം എന്നത്.

"ഈ സമയത്ത് മാധ്യമങ്ങൾ ഈ ജാഗ്രത ഉയർത്തേണ്ട കാര്യമുണ്ട്. ഈ കടമയാണ് മാധ്യമങ്ങൾ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്' എന്നു പറയുന്നുണ്ട് ഈ വാർത്ത അവതരിപ്പിച്ച മാധ്യമപ്രവർത്തകൻ. അദ്ദേഹം അവതരിപ്പിക്കുന്ന വാർത്തയുടെ കാര്യത്തിൽ ഇതേ ജാഗ്രത പുലർത്തേണ്ടതല്ലേ? വാർത്തയോട് പുലർത്താത്ത എന്ത് കടമയാണ് അദ്ദേഹത്തിന് സമൂഹത്തോട് നിറവേറ്റാനാകുക?

പ്രാഥമികമായ ആ വിവരം ഇതാണ്: രോഗം സ്ഥിരീകരിച്ചാലും 85% പേരിലും ഗുരുതര പ്രശ്‌നങ്ങളുണ്ടാകില്ല. അവരെ ആശുപത്രിയിലാക്കേണ്ടതില്ല. ഗുരുതരമായാൽ മാത്രം ആശുപത്രി-ഐ.സി.യു-വെന്റിലേറ്റർ സൗകര്യം വേണ്ടിവരും. അല്ലാത്തവർക്ക് വീട്ടിൽ തന്നെ ക്വാറൻൈറനിൽ കഴിയാം. വാർത്തയിലെ നായകൻ തന്നെ പൊളിച്ചടുക്കിയ ഒരു വാർത്തയുടെമേൽ പിന്നെയും ചാനൽ കെട്ടിമറിയുന്ന ലജ്ജാകരമായ കാഴ്ച തുടർന്നു.
"ഈ സമയത്ത് മാധ്യമങ്ങൾ ഈ ജാഗ്രത ഉയർത്തേണ്ട കാര്യമുണ്ട്. ഈ കടമയാണ് മാധ്യമങ്ങൾ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്' എന്നു പറയുന്നുണ്ട് ഈ വാർത്ത അവതരിപ്പിച്ച മാധ്യമപ്രവർത്തകൻ. അദ്ദേഹം അവതരിപ്പിക്കുന്ന വാർത്തയുടെ കാര്യത്തിൽ ഇതേ ജാഗ്രത പുലർത്തേണ്ടതല്ലേ? വാർത്തയോട് പുലർത്താത്ത എന്ത് കടമയാണ് അദ്ദേഹത്തിന് സമൂഹത്തോട് നിറവേറ്റാനാകുക?

മാധ്യമപ്രവർത്തകർക്കുമുന്നിൽ, അവർക്ക് പരിചിതമല്ലാത്ത, അറിവില്ലാത്ത ഒരു പുതിയ വിഷയം വരുമ്പോൾ എന്തുചെയ്യും? അതേക്കുറിച്ച് ലഭ്യമായ വിവരങ്ങൾ തേടിപ്പിടിക്കും, ദിവസേനയെന്നാണം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും, ആ മേഖലയിലുള്ളവരുമായി സംസാരിക്കും, മുന്നിലുള്ള കാര്യങ്ങളിൽനിന്ന് യുക്തിപൂർവമായ തെരഞ്ഞെടുപ്പ് നടത്തും, അങ്ങനെ അറിഞ്ഞ കാര്യങ്ങളെത്തന്നെ സ്വയം തിരുത്തി ഒരു കാഴ്ചപ്പാടും നിലപാടും രൂപപ്പെടുത്തിയെടുക്കും. സോഷ്യൽ മെഡിസിൻ, വൈറോളജി, എപ്പിഡമോളജി തുടങ്ങിയവയെക്കുറിച്ച് കഴിഞ്ഞ 30 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ താൻ കഴിഞ്ഞ ഒരു മാസം കൊണ്ട് പഠിച്ചതായി ഈയിടെ ഒരു അഭിമുഖത്തിൽ ഡോ. ബി. ഇക്ബാൽ പറഞ്ഞത് ഓർക്കുന്നു. മാധ്യമപ്രവർത്തകനെ സംബന്ധിച്ചും ഇത് കൃത്യമാണ്. കോവിഡ് എന്ന പുതിയൊരു രോഗത്തെക്കുറിച്ച് പ്രതിഭാശാലിയായ ഒരു ഡോക്ടർ നടത്തുന്ന അന്വേഷണത്തിന്റെ അതേ ശ്രദ്ധ തന്നെ, കോവിഡിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും വേണം. മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു സാഹചര്യമായതിനാൽ, കോവിഡുമായി ബന്ധപ്പെട്ട വാർത്തകളിൽ പിഴവുണ്ടാകുക സ്വഭാവികമാണ്. കാരണം, കോവിഡിനെക്കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും വ്യത്യസ്ത വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്, ലോകാരോഗ്യ സംഘടന തന്നെ ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കിടുന്നു,
വിദഗ്ധരടങ്ങിയ ഔദ്യോഗിക സംവിധാനം തന്നെ പല കാര്യങ്ങളും തിരുത്തിയാണ് മുന്നോട്ടുപോകുന്നത്. ഇതേ ആശയക്കുഴപ്പം മാധ്യമപ്രവർത്തകർക്കുമുണ്ടാകാം.
എന്നാൽ, സ്പ്രിംക്ലർ വിവാദവുമായി ബന്ധപ്പെട്ട വിഷയം ഇതുപോലെ ഒന്നല്ല. ബിഗ് ഡാറ്റ അനാലിസിസ്, ക്ലൗഡ്, Software ad a Service(SAAS) തുടങ്ങി ഇതുമായി ബന്ധപ്പെട്ടതെല്ലാം മാധ്യമപ്രവർത്തകർക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളാണ്. കാരണം, ഒരു സൈബർപരിസരത്താണ് ഇന്ന് മാധ്യമപ്രവർത്തനം.
എന്നാൽ, സംഭവിക്കുന്നത് എന്താണ്? ചർച്ചകൾ പലതുകഴിഞ്ഞു. ഹൈകോടതി വരെ ഇടപെട്ടു. വിവരശേഖരണത്തിന് കമ്പനിയുമായി ഉണ്ടാക്കിയ കരാർ തുടരാൻ കോടതി അനുവദിച്ചു. ഒപ്പം നൽകിയ പ്രധാന നിർദേശങ്ങൾ: കൈമാറുന്ന വിവരങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധം രഹസ്യസ്വഭാവത്തിലുള്ളതാകണം, വിവരം കൈമാറരുത്, ഡേറ്റ സർക്കാറിന് തിരിച്ചുനൽകണം. ഇതെല്ലാം കമ്പനിയുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ കരാറിലുണ്ട്. അതുകൊണ്ട്, അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കരാറിലെ ഇരുകക്ഷികളുടെയും ഉത്തരവാദിത്തം കൂടിയാണ്. അത് ലംഘിക്കപ്പെടുമെന്നതാണല്ലോ, രണ്ടാഴ്ചയായി നമ്മുടെ മാധ്യമങ്ങൾ പങ്കുവെക്കുന്ന ആശങ്ക. പ്രതിപക്ഷനേതാവിന്റെ വാർത്തസമ്മേളനത്തോടെ വാർത്താപ്രാധാന്യം നേടിയ ഈ ആശങ്കയെ പ്രസക്തമാക്കുന്ന ഒരു ഘടകം, വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവങ്ങളാണ്.

സ്വകാര്യതക്കുള്ള അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശത്തിൽ അന്തർലീനമാണെന്നും ഭരണഘടന ഇത് ഉറപ്പുനൽകുന്നുണ്ടെന്നും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത് സമീപകാലത്താണ്. പൗരന്മാരിൽ അനഭിമതരായവരെ അപരന്മാരാക്കുന്ന ഒരു കേന്ദ്ര ഭരണകൂടം നിലനിൽക്കുമ്പോൾ ഇത്തരം ആശങ്കകൾ അനിവാര്യവുമാണ്. എന്നാൽ, വ്യക്തിക്കെതിരായ ഇത്തരമൊരു കടന്നാക്രമണത്തിന്റെ തലത്തിലാണോ സ്പ്രിംക്ലറും സംസ്ഥാന സർക്കാറും തമ്മിലുണ്ടാക്കിയ കരാർ വരുന്നത്. വിഷയത്തെക്കുറിച്ച് ശരിക്കും വിവരമുള്ളവരും വിവരമില്ലാത്തവരുമായി ഈ ചർച്ച വഴിതിരിയുന്നതാണ് മലയാളികൾ കണ്ടത്.
ഇതേക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഈ ആരോപണത്തെ വെറും വിവാദമാക്കാൻ എന്തുകൊണ്ട് മാധ്യമങ്ങൾ തിരക്കുകൂട്ടുന്നു എന്നതിനെക്കുറിച്ചാണ്. കാരണം വ്യക്തമാണ്, ഒരു വസ്തുതയെ അധികകാലം ആരോപണമായി നിലനിർത്താനാകില്ല, അതിന് തെളിവ് നൽകേണ്ടിവരും, ആരോപണം ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ തെളിവ് നൽകാൻ ബാധ്യസ്ഥരാകും, അല്ലെങ്കിൽ, ആ ആരോപണത്തിന്റെയും അത് ഉന്നയിക്കുന്നവരുടെയും വിശ്വാസ്യത തകരും. വിവാദത്തിന്, ഈയൊരു റിസ്‌ക് ഇല്ല, പുകമറക്കുള്ളിൽ അത് എക്കാലവും സുരക്ഷിതമായിരിക്കും, അങ്ങനെത്തന്നെ അതിന് എത്ര കാലം വേണമെങ്കിലും തുടരുകയും ചെയ്യാം. സ്പ്രിംക്ലർ വിഷയത്തിൽ ഈയൊരു തന്ത്രമാണ് നമ്മുടെ മാധ്യമങ്ങൾ പയറ്റുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ ഇത് ഒരു വിവാദമായി ഉന്നയിക്കുന്ന രാഷ്ട്രീയപ്രവർത്തകരോ വിശ്വാസ്യത ഒരു ബാധ്യതയായി അലങ്കരിക്കുന്നവരല്ല. തങ്ങൾക്കും വിശ്വാസ്യത ഇന്ന് ഒരു അലങ്കാരം പോലുമാകേണ്ടതില്ല എന്ന് മാധ്യമങ്ങളും ഉറക്കെ വിളിച്ചുപറയുകയാണ്.

ഈ വിവാദത്തിന്റെ റിപ്പോർട്ടിംഗിൽ പാലിക്കേണ്ട നൈതികത ഇതൊന്നുമല്ല. സ്പ്രിംക്ലർ കമ്പനി ശേഖരിക്കുന്ന കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ മരുന്നുകമ്പനികൾക്കും മറ്റും മറിച്ചുവിൽക്കുമെന്നാണേല്ലാ പ്രധാന ആരോപണം. ഈ ആരോപണത്തിന് ബലം കൂട്ടാൻ അവതരിപ്പിച്ച തിയറികളിൽ പലതിനും വിശ്വസനീയമായ വിശദീകരണം നൽകപ്പെട്ടുകഴിഞ്ഞു. സർക്കാർ ഹൈകോടതിയിൽ നൽകിയ വിശദീകരണം ഇതാണ്: ഡാറ്റ ഇപ്പോഴും സർക്കാർ നിയന്ത്രണത്തിൽ തന്നെയാണ്, ആമസോൺ ക്ലൗഡ് സെർവറിൽ ആണ് ഡാറ്റ ശേഖരിക്കുന്നത്, ഡാറ്റ ചോർച്ചയുണ്ടായാൽ ഇന്ത്യയിൽ കേസ് കൊടുക്കാം, വ്യക്തികളുടെ പേരും വിലാസവും കമ്പനിക്ക് നൽകുന്നില്ല, ഫോൺ നമ്പർ ആണ് ഒരാളുടെ യൂണിക് ഐ.ഡി, അത് മാസ്‌ക് ചെയ്യാൻ കഴിയും, ആ വിവരം കമ്പനിയുടെ പക്കൽ എത്തുന്നില്ല.

ഒരു വസ്തുതയെ അധികകാലം ആരോപണമായി നിലനിർത്താനാകില്ല, അതിന് തെളിവ് നൽകേണ്ടിവരും, ആരോപണം ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ തെളിവ് നൽകാൻ ബാധ്യസ്ഥരാകും, അല്ലെങ്കിൽ, ആ ആരോപണത്തിന്റെയും അത് ഉന്നയിക്കുന്നവരുടെയും വിശ്വാസ്യത തകരും.

ഇത്തരം ചില ഉറപ്പുകളുടെ ധൈര്യത്തിൽ തന്നെയാണ് ഇന്നത്തെ സൈബർ സേവനങ്ങളെല്ലാം പ്രവർത്തിക്കുന്നത് എന്നും ഓരോ വ്യക്തിയും അവയുടെ ഉപഭോക്താകളാകുന്നത് എന്നും ഓർക്കുക. വാദത്തിന് ഇവയെ നിഷേധിക്കുകയും ഉദാഹരണങ്ങളും സാധ്യതകളും നിരത്തുകയും ചെയ്യാം.
അത് വിവാദത്തിന്റെ കാര്യം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട് അപ്പോഴും അവശേഷിക്കുന്ന ചോദ്യം ഇതാണ്: കമ്പനി ഡാറ്റ മറിച്ചുവിൽക്കും എന്ന ആരോപണം സാധൂകരിക്കുന്ന വസ്തുതകൾ എവിടെ? ആരോപണം കൂടുതൽ ദുരൂഹമാക്കാനുള്ള സാഹചര്യവിവരണമല്ലാതെ ഡാറ്റ മറിച്ചുവിൽക്കും എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?
സ്പ്രിംക്ലർ കമ്പനിയുടെ കൈവശം ഇപ്പോൾ തന്നെ കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ എത്തിയിട്ടുണ്ടാകുമല്ലോ. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ആരോപണത്തിന് അടിസ്ഥാനമുണ്ടെങ്കിൽ കമ്പനി ഈ ഡാറ്റ ഏതെങ്കിലും മരുന്നുകമ്പനികൾക്ക് കൈമാറിയിട്ടുണ്ടാകുമല്ലോ. കാരണം, ലോകത്ത് നിരവധി കോർപറേറ്റ് കമ്പനികളാണ് ഇപ്പോൾ കോവിഡ് വാക്‌സിൻ ഗവേഷണത്തിന്റെയും മാർക്കറ്റിംഗിന്റെയും രംഗത്തുള്ളത്. യു.കെയിൽ നടക്കുന്ന ക്ലിനിക്കൽ ട്രയൽ വിജയിച്ചാൽ അടുത്ത ഒക്ടോബറിൽ വാക്‌സിൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. ആ നിലയ്ക്ക് രോഗികളുടെ ഡാറ്റകൾ ഇപ്പോൾ തന്നെ മരുന്നുകമ്പനികളുടെ കൈവശം എത്തിയിരിക്കാൻ സാധ്യതയുണ്ട്. അതില്ലാതെ അവർക്ക് വാക്‌സിന്റെ മാർക്കറ്റിംഗ് നടക്കില്ല.
ആ നിലക്ക് ഒരു അന്വേഷണം കേരളത്തിലെ മാധ്യമങ്ങൾ നടത്താത്ത് എന്തുകൊണ്ടാണ്? മലയാളിയായ ചാനൽ പ്രേക്ഷകർ, പത്രവായനക്കാർ ഇന്ന് പ്രതീക്ഷിക്കുന്ന പ്രധാന വാർത്ത ഇതായിരിക്കും. 'സ്പ്രിംക്ലർ കമ്പനി ഡാറ്റ ചോർത്തി'. ഒരു കമ്പനി ശേഖരിക്കുന്ന ഡാറ്റ മറിച്ചുവിൽക്കാനുള്ള സംവിധാനത്തെക്കുറിച്ച്, സാധ്യതകളെക്കുറിച്ച് ദിനേന ചർച്ച തുടർന്നുകൊണ്ടിരിക്കുന്ന മാധ്യമങ്ങൾ അതിന്റെ സംഭവ്യതയെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? കേരളത്തിലെ ഒരു ജേണലിസ്റ്റിനെങ്കിലും 'അഞ്ചാംപാതിര' എന്ന സിനിമയിലെ ആ കഥാപാത്രമായെങ്കിലും മാറാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് ഇക്കണ്ട ആരോപണങ്ങളെല്ലാം വിഴുങ്ങേണ്ടിവരുന്ന ഒരാൾ സംശയിച്ചാൽ കുറ്റം പറയാനാകുമോ? പണ്ട്, ഐ.എസ്.ആർ.ഒ ചാരക്കേസുണ്ടായപ്പോൾ, മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും ജാതകം തപ്പിപ്പിടിക്കാൻ മാലിയിലേക്ക് വിമാനത്തിലും കപ്പലിലും റിപ്പോർട്ടർമാരെ അയച്ച അതേ മാധ്യമ മാനേജുമെന്റുകളല്ലേ ഇപ്പോഴും കേരളത്തിലുള്ളത്? അവർ കണ്ടെടുത്ത മറിയം റഷീദയുടെ പൂർണകായചിത്രം പോലത്തെ അമൂല്യനിധി തേടി സ്പ്രിംക്ലർ കമ്പനിയുടെ അകത്തളങ്ങളിലേക്ക് ഒരു സൈബർയാത്ര നടത്താൻ എന്തുകൊണ്ട് നമ്മുടെ മാധ്യമപ്രവർത്തകർക്ക് കഴിയുന്നില്ല? ഡാറ്റ പ്രോസസിങ്ങിന്റെയും അനാലിസിന്റെയും അതിന്റെ കൈമാറ്റത്തിന്റെയുമൊക്കെ അതോറിറ്റികളാണ് ഞങ്ങൾ എന്നാണല്ലോ ഐ.ടി സെക്രട്ടറിയുമായൊക്കെ സംസാരിക്കുന്നതുകേട്ടപ്പോൾ തോന്നിയത്? ആ കോട്ടിട്ടുതന്നെ അവർക്ക് തങ്ങൾ പറയുന്നതിനെക്കുറിച്ചുതന്നെ ഒരു അന്വേഷണം നടത്തിക്കൂടേ? തങ്ങൾ പറയുന്നതിനെ സാധൂകരിക്കുന്ന തെളിവുകളുമായി അവർക്ക് പൊങ്ങിവരാമല്ലോ? ദിവസവും ആരോപണ സോഴ്‌സുകളുടെ ഉച്ഛിഷ്ടം കാത്തിരിക്കേണ്ടതുണ്ടോ?

കേരളത്തിന്റെ മാധ്യമപ്രവർത്തനം, ജേണലിസം അടിസ്ഥാനമാകേണ്ട ഇത്തരം വസ്തുനിഷ്ഠതകളിൽ വിശ്വസിക്കാത്തതുകൊണ്ട്, ഇങ്ങനെയൊരു അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകില്ല എന്നുറപ്പാണ്. മുൻകാല മാതൃകകൾ നിരവധിയാണ്. മാധ്യമങ്ങൾ മറന്നിട്ടുണ്ടാകുമെങ്കിലും റിച്ചാർഡ് ഫ്രാങ്കിയെ വായനക്കാർ മറന്നിരിക്കില്ല. ജനകീയാസൂത്രണത്തിന്റെ സമയത്ത്, തൊണ്ണൂറുകളുടെ അവസാനത്തിലായിരുന്നു ഇടതുസർക്കാറിനെ പ്രതിക്കൂട്ടിലാക്കി ആ വിവാദം. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസും ശാസ്ത്രസാഹിത്യ പരിഷത്തും മുഖേന വിദേശഫണ്ട് കേരളത്തിലേക്ക് ഒഴുകിയെന്നായിരുന്നു പ്രധാന ആരോപണം. ഡോ. തോമസ് ഐസക്കും ഫ്രാങ്കിക്കൊപ്പം ആരോപണനായകരായി.

പ്രൊഫ. എം.എൻ. വിജയൻ എഡിറ്ററായ "പാഠം മാസിക' 2001ൽ പരിഷത്തിന്റെയും സി.ഡി.എസ്സിന്റെയും രേഖകൾ ഉദ്ധരിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി. രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് വിദേശ ഫണ്ട് കൂലിയായി കിട്ടുന്നു, ലോകബാങ്ക്, എ.ഡി.ബി തുടങ്ങിയ സാമ്രാജ്യത്വ ഏജൻസികളുടെ ഭരണതല ഇടപെടലിനു വഴിയൊരുക്കുന്നു, ഫ്രാങ്കിയുടെ ചാരശൃംഖലയിലെ സുപ്രധാന കണ്ണികളാണ് ഐസക്കും പരിഷത്തും തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ.
പരിഷത്ത്, എം.എൻ വിജയനും "പാഠ'ത്തിനുമെതിരെ മാനനഷ്ടക്കേസ് കൊടുത്തു. എം.എൻ വിജയനെപ്പോലെ ജനസ്വാധീനമുള്ള ഒരു ഇടതുപക്ഷ ബുദ്ധിജീവി തങ്ങളെ സാമ്രാജ്യത്വ ശക്തികളുടെ ഏജന്റുകളായി ചിത്രീകരിച്ചു എന്നായിരുന്നു ഹരജി. ചാരപ്രവർത്തനവും ഫ്രാങ്കിയുടെയും മറ്റു വിദേശ സംഘടനകളുടെയും ഇടപെടലും മുതലാളിത്തത്തിന്റെ ഭാഗമാണെന്ന് എം.എൻ. വിജയനും 'പാഠ'വും നിലപാടെടുത്തു. സദുദ്ദേശത്തോടെയും പൊതുജനനന്മ ലാക്കാക്കിയും നിലപാടിൽ ഉറച്ചുനിന്നു.
എം.എൻ. വിജയനെയും 'പാഠ'ത്തിലെ പ്രഫ. എസ്. സുധീഷിനെയും വെറുതെവിട്ട കോടതി, അവരുടെ ചില പരാമർശങ്ങളിലും അതിന്റെ ന്യായാന്യായങ്ങളിലുമാണ് ഊന്നിയത്. ആരോപണത്തിന്റെ മർമം അതായിരുന്നില്ലല്ലോ, തോമസ് ഐസക് ഫ്രാങ്കിക്കൊപ്പംചേർന്ന് നടത്തിയ ചാരപ്രവർത്തനം എന്താണ്, എത്ര കോടി രൂപ അങ്ങനെ കേരളത്തിലെത്തി, ജനകീയാസൂത്രണത്തിനുമേലുള്ള വിദേശ ഏജൻസികളുടെ ഇടപെടൽ എന്തായിരുന്നു എന്നീ ചോദ്യങ്ങൾക്ക് രണ്ടു ദശകമായിട്ടും ഉത്തരമായിട്ടില്ല. മറ്റൊരു മറിയം റഷീദയായി റിച്ചാർഡ് ഫ്രാങ്കി മലയാളി വായനക്കാരുടെ ദുഃസ്വപ്നങ്ങളിൽ ഗതികിട്ടാപ്രേതമായി അലഞ്ഞുനടക്കുകയാണ്.

തോമസ് ഐസക്

അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർഥി രാജന്റെ മൃതദേഹം എന്തുചെയ്തു എന്ന് ഇന്നും ജീവിച്ചിരിക്കുന്ന പുലിക്കോടൻ നാരായണനെക്കൊണ്ട് പറയിക്കാൻ കഴിയാത്ത, ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാൻ കഴിയാത്ത, പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബും, താഹ ഫസലും കുറ്റക്കാരാണോ അല്ലയോ എന്ന് കൃത്യമായി പറയാനാകാത്ത, ഇതുപോലെ ഒന്നിലും ഒരുറപ്പുമില്ലാത്ത, ചീഞ്ഞ മസ്തിഷ്‌കങ്ങളുടെ നാറ്റം വമിക്കുന്ന ന്യൂസ്‌റൂമുകളോട്, ആത്മനിന്ദയോടെ...

Comments